റോമിലെ ഐറിഷ് കോളേജിൽ നടന്നു എന്ന് പറഞ്ഞ് വ്യാജ ലൈംഗിക ആരോപണ വാർത്ത നൽകിയതിന് മുൻ സെമിനാരി വിദ്യാർത്ഥിയോട് മൂന്ന് ഐറിഷ് മാധ്യമങ്ങൾ മാപ്പു പറഞ്ഞു. കൊടുത്ത വാർത്ത തെറ്റായിരുവെന്നും, അത് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞാണ് ഔദ്യോഗികമായി തന്നെ ഐറിഷ് മാധ്യമങ്ങളായ ദി ഐറിഷ് എക്സാമിനറും, ദി ഐറിഷ് ടൈംസും, ദി എക്കോയും മാപ്പു പറഞ്ഞത്.

സ്വവർഗ്ഗ ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട് കോണർ ഗനോൺ എന്ന സെമിനാരി വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി 2018 മെയ് മാസത്തിലാണ് പ്രസ്തുത പത്രങ്ങൾ വാർത്ത നൽകിയത്. സെമിനാരി വിദ്യാർത്ഥി മാധ്യമങ്ങൾക്കെതിരെ പിന്നീട് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അപ്രകാരം ഒരു വാർത്ത നൽകിയതിന് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മാധ്യമങ്ങൾ ഇപ്പോൾ പറയുന്നു. ഹൈക്കോടതി തീരുമാനപ്രകാരം കോണർ ഗനോണിന് നഷ്ടപരിഹാരം മാധ്യമങ്ങൾ നൽകേണ്ടിവരുമെന്ന് കരുതപ്പെടുന്നു.

വാർത്തയ്ക്ക് അടിസ്ഥാനമില്ല എന്ന് മനസ്സിലാക്കി ദി ഐറിഷ് എക്സാമിനറും, ദി എക്കോയും വാർത്ത ഉടനടി തന്നെ നീക്കം ചെയ്തിരുന്നെങ്കിലും ദി ഐറിഷ് ടൈംസ് കഴിഞ്ഞ ദിവസമാണ് വാർത്ത നീക്കം ചെയ്തതെന്ന് ഐറിഷ് കാത്തലിക് റിപ്പോർട്ട് ചെയ്തു. ആരോപണം ഉന്നയിക്കപ്പെട്ട രണ്ടു വ്യക്തികളിൽ ഒരാളുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തി ഐറിഷ് കാത്തലിക്കിനോട് പറഞ്ഞത് ലൈംഗിക ആരോപണം മൂലമല്ല മറിച്ച് സ്വന്തം തീരുമാനപ്രകാരമാണ് താൻ സെമിനാരി പഠനം ഉപേക്ഷിച്ചത് എന്നാണ്.