UK

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ ആര്‍ ആര്‍. 400 കോടിയിധികം ബജറ്റ് പ്രതീക്ഷിക്കുന്ന സിനിമയില്‍ നിന്നും പിന്മാറുന്നുവെന്നാണ് ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

കുടുംബസാഹചര്യങ്ങള്‍ കാരണമാണ് താന്‍ ഇത്രയും നല്ലൊരു ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്ന് ഡെയ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉജ്ജ്വലമായ തിരക്കഥയില്‍ ഇറങ്ങുന്ന സിനിമയില്‍ വലിയൊരു കഥാപാത്രമായിരുന്നു തന്റേത്. തനിക്ക് ലഭിച്ച സ്വീകാര്യത തനിക്ക് പകരം വരുന്ന നടിക്കും ലഭിക്കട്ടെയെന്ന് ഡെയ്‌സി ആശംസിച്ചു. ആര്‍ ആര്‍ ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടി പിന്മാറിയ കാര്യം അറിയിച്ചിട്ടുണ്ട്. മാഡലും നടിയുമായ ഡെയ്‌സിയുടെ സ്വദേശം ലണ്ടനാണ്. 15 വയസ്സ് മുതല്‍ അഭിനയിക്കുന്ന നടി ടിവി സീരിയലുകളിലൂടെയാണ് ശ്രദ്ധേയമായത്.

2018 നവംബര്‍ 19ന് ആര്‍ ആര്‍ ആറിന്റെ ചിത്രീകരണം ആരംഭിച്ചുവെന്ന് രാജമൗലി ട്വീറ്റ് ചെയ്തിരുന്നു. 2020 ജൂലൈ 30ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടും ചിത്രത്തിലുണ്ടെന്നതാണ് മറ്റൊരു സവിശേഷത.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്‌നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും. ഡിവിവി എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ ലണ്ടനിലെ നിയമ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സിനിമാരംഗത്തെ സംഭാവനകളും അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് സർവകലാശാലയുടെ ആദരം. 350ല്‍ പരം വിദ്യാർഥികളുടെ സാന്നിധ്യത്തില്‍ ഷാരൂഖ് ഡോക്ടറേറ്റ് ഡിഗ്രി ഏറ്റുവാങ്ങി. ബെഡ്പോര്‍ഷൈര്‍ സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവര്‍ നേരത്തേ ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

സ്നേഹവും സഹാനുഭൂതിയും നല്‍കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ഷാരൂഖ് പ്രസംഗത്തിനിടെ പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളാണ് താന്‍ താന്‍ കണ്ട ഏറ്റവും ധീരരായ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു. ഈ അംഗീകാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷാരൂഖ് പ്രതികരിച്ചു. ലോകത്തിലെ പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടനിലെ നിയമ സര്‍വകലാശാലയില്‍ നിന്ന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞു. സർവകലാശാലയിലെ വിദ്യാർഥികളുമായി ഷാരൂഖ് സംവദിച്ചു.

ഈയടുത്ത് ഷാരൂഖിന് ഡോക്ടറേറ്റ് നല്‍കാനുളള ജാമിയ മില്ലിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ജാമിയ മില്ലിയ സര്‍വകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. ജാമിയ മില്ലിയ മാസ് കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ ഹാജര്‍ നില കുറവായിരുന്നതിനാല്‍ അദ്ദേഹം പരീക്ഷ എഴുതിയിരുന്നില്ല.

 

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) എന്ന പൊതുസംഘടനയെ അപമാനിക്കുന്നതിനായി വാസ്തവവിരുദ്ധമായ പ്രചരണം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

യുക്മയുടെ ഭരണഘടന അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത് മാമ്മന്‍ ഫിലിപ്പ് (പ്രസിഡന്റ്) റോജിമോന്‍ വര്‍ഗ്ഗീസ് (ജനറല്‍ സെക്രട്ടറി) ആയ മുന്‍ഭരണസമിതിയാണ്. യുക്മ ദേശീയ ജനറല്‍ ബോഡിയിലും അതിനു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍, മീറ്റ് ദി കാന്‍ഡിഡേറ്റ്, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയിലും ഒരേ അവസരമാണ് മത്സരിക്കാനിറങ്ങിയ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭ്യമായിരുന്നത്. പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ശ്രീ. തമ്പി ജോസ്(ലിവര്‍പൂള്‍) , ശ്രീ. ജിജോ ജോസഫ് (ബാസില്‍ഡണ്‍) എന്നിവരെ വരണാധികാരികളായി നിശ്ചയിച്ചതും. തുടര്‍ന്ന് ഇവരെ സഹായിക്കുന്നതിന് യുക്മ ചാരിറ്റി ട്രഷറര്‍ ബൈജു തോമസ് (വാല്‍സാള്‍)നെയും നിയോഗിക്കുകയുണ്ടായി.

തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ രണ്ട് പാനലിലായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സമ്മതരായ വ്യക്തികള്‍ എന്ന നിലയില്‍ ഇരു വിഭാഗത്തില്‍ നിന്നും പോളിങ് കൗണ്ടിങ് ഏജന്റുമാരായി സുജു ജോസഫ് (സാലിസ്ബറി), ബിനു ജോര്‍ജ് (മെയ്ഡ്‌സ്റ്റോണ്‍) എന്നിവരെയും നിയോഗിക്കുകയുണ്ടായി. വോട്ടെടുപ്പ് യാതൊരു പരാതിയ്ക്കും ഇടയില്ലാതെ സമാധാനപരമായ സാഹചര്യത്തിലാണ് അവസാനിച്ചത്.

വോട്ടെടുപ്പ് നടന്ന ഹാളിന്റെ സ്റ്റേജില്‍ ഹാളിലുണ്ടായിരുന്ന എല്ലാവര്‍ക്കും കാണാനാവുന്ന തരത്തിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം തന്നെ ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 240 ബാലറ്റ് പേപ്പറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് വരണാധികാരികളും ഇരു വിഭാഗത്തിന്റെ ഏജന്റുമാരും ചേര്‍ന്ന് ഹാളില്‍ ഫലമറിയുന്നതിന് വേണ്ടി നിന്നിരുന്ന ആളുകളെ അറിയിക്കുകയുണ്ടായി. തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കുന്നതിനിടെ സ്‌ക്കൂള്‍ അനുവദിച്ചിരിക്കുന്ന സമയം വൈകിയതിനാല്‍ തെരഞ്ഞെടുപ്പ് നടന്ന സ്‌ക്കൂളില്‍ നിന്നും മറ്റൊരു ഹോട്ടലിലേയ്ക്ക് വോട്ടെണ്ണല്‍ മാറ്റുകയുണ്ടായി. എല്ലാവരുടേയും സമ്മതപ്രകാരം മുന്‍പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യുവിന്റെ വാഹനത്തില്‍ വരണാധികാരി ജിജോ ജോസഫിന്റെ നേതൃത്വത്തിലാണ് വോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബോക്‌സ് ഹോട്ടലിലേയ്ക്ക് നീക്കിയത്.

വീണ്ടും ആദ്യം മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചതും 240 ബാലറ്റ് പേപ്പറുകളും കൃത്യത ഉറപ്പാക്കുന്നതിന് മത്സരം നടന്ന ഓരോ സീറ്റിലേയ്ക്കും എണ്ണിയപ്പോള്‍ 8 തവണ 240 വോട്ടുകള്‍ എണ്ണണ്ടതായി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഫലപ്രഖ്യാപനം വൈകുന്നതിന് ഇടയാക്കിയത്. കൃത്യമായി വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് ജോമോന്‍ കുന്നേല്‍ (സ്ലവ്), ഷാജി തോമസ് (ഡോര്‍സെറ്റ്), എം പി പത്മരാജ് (സാലിസ്ബറി), സുരേഷ് കുമാര്‍ (നോര്‍ത്താംപ്ടണ്‍) വരണാധികാരികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കുമൊപ്പം അധികമായി ഉള്‍പ്പെടുത്തിയിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു സീറ്റിലേയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേ വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും വരണാധികാരികള്‍ വിളിപ്പിക്കുകയും രണ്ട് പേരുടേയും സമ്മതപ്രകാരം നറുക്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് കൗണ്ടിങ് ഏജന്റുമാരും വരണാധികാരികളും തെരഞ്ഞെടുപ്പ് ഫലം പരസ്പര സമ്മതപ്രകാരം ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തു. അതിനേ തുടര്‍ന്നാണ് ഔദ്യോഗികമായ ഫലപ്രഖ്യാപനം നടന്നത്. ഫലപ്രഖ്യാപനം ഇരു വിഭാഗവും അംഗീകരിക്കുകയും ചെയ്തു. ഇതിനെല്ലാം മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്ന മുന്‍ യുക്മ ഭാരവാഹികള്‍, സജീവ പ്രവര്‍ത്തകര്‍, ലൈവ് റിപ്പോര്‍ട്ടിങ് നടത്തിയിരുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും സാക്ഷികളുമാണ്.

യുക്മ ഭരണഘടനപ്രകാരം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും വരണാധികാരികള്‍ ഏല്പിക്കുകയുമുണ്ടായി. യുക്മ എന്ന മഹാപ്രസ്ഥാനത്തിനായി വേണ്ടി നിരവധി വര്‍ഷങ്ങളായി അര്‍പ്പണബോധത്തോടെ, തികഞ്ഞ ഉദ്ദേശശുദ്ധിയോടെ പ്രതിഫലേശ്ച കൂടാതെ സേവനമനുഷ്ഠിച്ചു വന്നിട്ടുള്ള വരണാധികാരികളെ കുറ്റക്കാരായിക്കാണുന്ന നിലയിലുള്ള പെരുമാറ്റമാണ് ഫോണിലൂടെയും ഇമെയിലിലൂടെയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. യുക്മ ഭരണഘടന പ്രകാരം മത്സരിച്ചവര്‍ക്കും ഏജന്റുമാര്‍ക്കും യാതൊരു പരാതിയുമില്ലാതിരുന്ന സാഹചര്യത്തില്‍ വോളണ്ടിയറായി ജോലി ചെയ്തിരുന്ന തങ്ങളുടെ ജോലി ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൈമാറിയതോടെ അവസാനിച്ചുവെന്ന് ശ്രീ തമ്പി ജോസ് വെളിപ്പെടുത്തിയതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയേയും യുക്മ എന്ന മഹാപ്രസ്ഥാനത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ചിലരും യുക്മയെ വര്‍ഷങ്ങളായി തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരും കൂട്ടുചേര്‍ന്ന് നടത്തുന്ന കുത്സിതപ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്.

തെരഞ്ഞെടുപ്പിന് ശേഷം ബാലറ്റ് പേപ്പറുകള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചും റീകൗണ്ടിങ് സംബന്ധിച്ചുമൊന്നും യാതൊന്നും യുക്മ ഭരണഘടനയില്‍ സൂചിപ്പിക്കുന്നില്ലാത്തതിനാല്‍ ഇപ്പോള്‍ പുറമേ ഉന്നയിക്കുന്ന ഈ ആവശ്യങ്ങളൊന്നും തന്നെ യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് നടക്കണമെന്ന് ആഗ്രഹമുള്ളതല്ല മറിച്ച് യുക്മയെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും ബാലറ്റ് പേപ്പറുമൊക്കെ സംബന്ധിച്ച് ഏത് വിധത്തിലുള്ള സ്വതന്ത്ര ഏജന്‍സികളുടെ അന്വേഷണവും നിയമനടപടിയും നേരിടാന്‍ സംഘടന സജ്ജമാണെന്നും എന്നാല്‍ പൊതുജനമധ്യത്തില്‍ സംഘടനയെ അവഹേളിക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും അടുത്ത പൊതുയോഗത്തിന് മുന്നില്‍ തുറന്ന് കാട്ടുമെന്നും പ്രസിഡന്റ് മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ നൂറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തുന്ന ആദ്യ റെഫറി എന്ന നേട്ടം കൈവരിച്ച് ഇംഗ്ലിഷ് റഫറി മൈക്ക് ഡീന്. കഴിഞ്ഞ ദിവസം വോള്‍വറാംപ്ടനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നായകന്‍ ആഷ്‌ലി യങ്ങിന് ചുവപ്പുകാര്‍ഡ് കാണിച്ച ഡീന്‍ പുതിയ റെക്കോര്‍ഡിലെത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഡീന്‍ ചരിത്രത്തിലേക്ക് ചുവപ്പുകാര്‍ഡുയര്‍ത്തിയത്. വോള്‍വ്‌സിന്റെ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയെ യങ് ഫൗള്‍ ചെയ്തതിനായിരുന്നു നടപടി. ഇത് ഈ പ്രീമിയര്‍ ലീഗ് സീസണില്‍ ഡീന്‍ ഉയര്‍ത്തുന്ന പത്താം റെഡ് കാര്‍ഡാണ്. ഈ സീസണിലെ കണക്ക് പരിശോധിച്ചാല്‍ ആറ് തവണ ചുവപ്പുകാര്‍ഡുയര്‍ത്തിയ മൈക്കിള്‍ ഒളിവറാണ് ഡീന് പിന്നിലുള്ളത്.

2000-ന്റെ തുടക്കം മുതല്‍ തന്നെ പ്രീമയര്‍ ലീഗില്‍ സജീവമാണ് മൈക്ക് ഡീന്‍. റെഫറിയിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളിലും ഡീന്‍ പെട്ടിട്ടുണ്ട്. 2004-ല്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച ഡീന്‍, യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലും റെഫറിയായിട്ടുണ്ട്.

മലയാളം യുകെ സ്പെഷ്യല്‍ കറസ്പോണ്ടൻറ്

പ്രധാനമന്ത്രി തെരേസ മേയും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും തമ്മിൽ ബ്രെക്സിറ്റ് ഡെഡ് ലോക്ക് ഒഴിവാക്കുന്നതിനായി ആദ്യവട്ട ചർച്ചകൾ നടത്തി. ഇന്ന് നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നെന്നും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചെന്നുമാണ് അറിയുന്നത്. മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത് എന്നുള്ള ഒരു നടപടിക്രമം രണ്ടു നേതാക്കളും അംഗീകരിച്ചു.

കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും സമവായ ചർച്ചകൾക്കായി ഓരോ ടീമുകളെ നിയോഗിച്ചു. അവർ ഇന്ന് രാത്രി ബ്രെക്സിറ്റ് വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ നടത്തും. നാളെ നടക്കുന്ന മുഴുദിന ചർച്ചകൾക്ക് മുന്നോടിയാണിത്. ഇരു പാർട്ടികളും തങ്ങളുടെ സമീപനങ്ങളിൽ അയവു വരുത്തിയതായി നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.

ബ്രെക്സിറ്റിൽ ഒരു തീരുമാനം പാർലമെന്റിൽ എം പിമാർക്ക് എടുക്കാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്താൻ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും യോജിപ്പിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ പുതിയ ബ്രെക്സിറ്റ് പ്ളാൻ പാർലമെന്റിൽ അംഗീകരിച്ച് യൂറോപ്യൻ യൂണിയനു മുന്നിൽ ഏപ്രിൽ 12 ന് മുമ്പ് സമർപ്പിച്ചില്ലെങ്കിൽ ഡീലില്ലാതെ ബ്രിട്ടൺ പുറത്തു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ഇന്നത്തെ ചർച്ചകൾ ബ്രെക്സിറ്റ് ശുഭപര്യവസായി മാറുന്നു എന്ന സൂചനയാണ് നല്കുന്നത്

ജയ്‌സണ്‍ ജോര്‍ജ്

ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ യുഡിഎഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 7 ഞായറാഴ്ച്ച ലണ്ടന്‍ മനോര്‍ പാര്‍ക്കിലുള്ള കേരളാ ഹൗസിലാണ്പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി, കെഎംസിസി, കേരളാ കോണ്‍ഗ്രസ് യുകെ, ആര്‍എസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ യുകെയിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അടുത്ത് നടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതു പാര്‍ലമെന്റ് മണ്ഡലങ്ങളിലും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെയും വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരിക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ യുഡിഎഫിലെ ഇരുപതു സ്ഥാനാര്‍ഥികളെയും പരിചയപ്പെടുത്തിക്കൊണ്ട് പ്രതിനിധികള്‍ സംസാരിക്കും.

യുഡിഎഫ് തിരഞ്ഞെടുപ്പ് നയങ്ങളും ചര്‍ച്ചാ വിഷയമാകും. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും മതേതര ഇന്ത്യ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് വിവിധ നേതാക്കള്‍ സംസാരിക്കും. കേരളത്തില്‍ നിന്നും വിവിധ യുഡിഎഫ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. ഇന്ത്യയില്‍ മതേതരത്വം പുലരാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ആഗ്രഹിക്കുന്ന എല്ലാ ജനാതിപത്യ വിശ്വാസികളെയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

സമ്മേളനം നടക്കുന്ന വേദി : കേരളാഹൗസ്, മാനോര്‍ പാര്‍ക്ക്, ഈസ്റ്റ്ഹാം, ലണ്ടന്‍ E12 5AD തിയതി : ഏപ്രില്‍ 7 ഞായറാഴ്ച സമയം : 5 pm

കൂടുതല്‍ വിവരങ്ങള്‍ക്ക് :T ഹരിദാസ് : 07775 833754 ഷൈമോന്‍ തോട്ടുങ്കല്‍ :07737 171244 സഫീര്‍ N K : 07424800924 ടോണി ചെറിയാന്‍ : 07584 074707 തോമസ് പുളിക്കന്‍ : 07912 318341 കുമാര്‍ സുരേന്ദ്രന്‍ : 07979 352084 കരീം മാസ്റ്റര്‍ : 07717 236544 അല്‍സഹാര്‍ അലി : 07887 992999 സന്തോഷ് ബഞ്ചമിന്‍:07577 862124

ഡോര്‍സെറ്റ്: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് യുക്മയിലുണ്ടായ പ്രതിസന്ധിക്ക് അവസാനമാകുന്നില്ല. തെരഞ്ഞെടുപ്പില്‍ എതിര്‍പാനലിനെ പിന്തുണച്ച സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്‍റ് ജോമോന്‍ കുന്നേലിനെ പുറത്താക്കി ഇപ്പോഴത്തെ നേതൃത്വത്തെ പിന്തുണച്ച ആന്റണി അബ്രഹാമിനെ പ്രസിഡന്റ് ആയി പ്രഖ്യാപിച്ച് നിലവിലെ യുക്മ ഭാരവാഹികള്‍ തങ്ങള്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന് വ്യക്തമാക്കിയതോടെ ആണ് പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല എന്ന് ഉറപ്പായത്. ജോമോന്‍ കുന്നേലിന്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച യുക്മ നേതൃത്വം തെരഞ്ഞെടുപ്പില്‍ ജോമോനോട് പരാജയപ്പെട്ട ആന്റണിയെ റീജിയണല്‍ പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു. എന്നാല്‍ ജോമോന്‍ കുന്നേലിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റ് റീജിയണല്‍ ഭാരവാഹികള്‍ യുക്മ നേതൃത്വത്തിന്‍റെ ഈ നിലപാട് അംഗീകരിക്കില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. നിലവിലെ യുക്മ പ്രസിഡന്‍റ് മനോജ്‌കുമാര്‍ കൂടി ഉള്‍പ്പെടുന്ന റീജിയനാണ് സൗത്ത് ഈസ്റ്റ് റീജിയന്‍. ജോമോന്‍ കുന്നേലിന്റെ നേതൃത്വത്തില്‍ പത്രിക സമര്‍പ്പിച്ച പാനലിനെതിരെ റീജിയണല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് നിലവില്‍ നാഷണല്‍ വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട എബി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള പാനല്‍ ആയിരുന്നു. ഈ പാനല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന നാഷണല്‍ തെരഞ്ഞെടുപ്പില്‍ എബി സെബാസ്റ്റ്യന്‍, മനോജ്‌ കുമാര്‍ പിള്ള എന്നിവര്‍ ഈ റീജിയനില്‍ നിന്നും മത്സരിക്കുകയും നാഷണല്‍ ഭാരവാഹികള്‍ ആവുകയും ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളെ റീജിയണല്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവര്‍ക്ക് എതിരെയുള്ള പ്രതികാര നടപടികള്‍ ആരംഭിച്ചത് എന്ന് ജോമോനെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നു. നാഷണല്‍ ഭാരവാഹികളുടെ തീരുമാനത്തിനെതിരെ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പത്രക്കുറിപ്പിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ജോമോന്‍ കുന്നേല്‍ പ്രസിദ്ധീകരണത്തിന് അയച്ചു തന്ന പത്രക്കുറിപ്പ് താഴെ:

പ്രീയപ്പെട്ടവരേ, യുക്മയുടെ ദേശീയ ,റീജിയണല്‍ ഭരണസമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ആണ് ഈ കുറിപ്പിന് അടിസ്ഥാനം
ജനാധിപത്യവും സുതാര്യതയും ഉറപ്പാക്കി കൊണ്ടുള്ള ഒരു ഭരണ സംവിധാനം ആണ് യുക്മ യുടെ രൂപീകരണ വേളയില്‍ വിഭാവനം ചെയ്തിരുന്നത് ,എന്നാല്‍ സ്ഥാന മോഹികളും രാഷ്ട്രിയ ഭിക്ഷാംദേഹികളുമായ ചിലരുടെ കൈകളില്‍ യുക്മയുടെ ഭരണം എത്തപെടുകയും എന്നും അവരുടെ കൈപ്പിടിയില്‍ തന്നെ നില നിര്‍ത്തുവാനുള്ള ഗൂഢ തന്ത്രങ്ങളും ഹീനമാര്‍ഗ്ഗങ്ങളും കാലാ കാലങ്ങളായി അവര്‍ സ്വീകരിച്ചു പോരുകയും ചെയ്തു വരികയാണ്.

സൗത്ത് ഈസ്റ്റ് പ്രസിഡന്റായി ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ .ജോമോന്‍ കുന്നേലിനെ അയോഗ്യനായി പ്രഖ്യാപിച്ച നടപടി തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, ശ്രീ.ജോമോന്‍ കുന്നേലിനെ അയോഗ്യനാക്കാനായി എടുത്തു പറയുന്നത് ,ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍ പ്രസിഡന്റായുരുന്ന വര്‍ഷം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയാണ്, അന്ന് സെക്രട്ടറി ആയിരുന്ന സജീഷ് ടോമും കൂടാതെ മറ്റു മൂന്നു പേരും ആയിരുന്നു ഭരണഘടനാ ഭേദഗതി കമ്മറ്റിയില്‍ ഉണ്ടായിരുന്നത്
കാലാകാലങ്ങളില്‍ ചിലരുടെ കൈകളില്‍ യുക്മ നേതൃത്വം ഒതുക്കി നിര്‍ത്താതിരിക്കാന്‍ ആയി കൊണ്ടുവന ഭേദഗതിയില്‍ രണ്ടു ടേമില്‍ അധികമായി റീജിയണല്‍ നാഷനല്‍ ഭാരവാഹിത്വം വഹിച്ചവര്‍ മുന്നാം വട്ടം മത്സരാര്‍ത്ഥിയാകാന്‍ പാടുള്ളതല്ല എന്നതായിരുന്നു, ഭാരവാഹികള്‍ എന്നാല്‍ പ്രസിഡന്റ്, സെക്രട്ടറി ,ട്രഷറാര്‍ എന്നിവരും അവരുടെ ജോയിന്റ് പോസ്റ്റുകളായ വൈസ് പ്രസിഡന്റുമാര്‍ ,ജോയിന്റ് സെക്രട്ടറിമാര്‍, ജോയിന്റ് ട്രഷറര്‍ എന്നിവരും അണന്ന് സാമാന്യ ബോധമുള്ള ഏവര്‍ക്കും ബോദ്ധ്യം ഉള്ളതാണ്,

( ഭരണഘടനയുടെ ലിങ്ക് ഈ കുറിപ്പിനൊപ്പം അറ്റാച്ച് ചെയ്യുന്നു, ദയവായി അത് വായിച്ച് വ്യക്തത വരുത്തണം എന്ന് അപേക്ഷിക്കുന്നു, )

എന്നാല്‍ റീജിയണില്‍ നിന്നും ദേശിയ ഭരണസമതിയിലേക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപെടുന്ന ആള്‍ റീജിയണല്‍ ഭാരവാഹിയാണന്ന് ആരോപിച്ചാണ് ശ്രീ ജോമോന് അയോഗ്യത കല്‍പ്പിക്കണം എന്ന ആക്ഷേപവും ആയി പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി മുന്നോട്ടു വന്നത്, റീജിയണല്‍ പൊതു യോഗം ആ ആവശ്യം തള്ളി കളഞ്ഞുവെങ്കിലും തുടര്‍ ചര്‍ച്ചയിലൂടെ നാഷനല്‍ പൊതുയോഗത്തിന്റെ തീരുമാനത്തിനു വിടുകയാണ് ഉണ്ടായത്, നാഷണല്‍ പൊതുയോഗത്തില്‍ വാക് വാദങ്ങള്‍ക്ക് ഒടുവില്‍ മുന്‍ പ്രസിഡന്റായിരുന്ന ശ്രീ ഫ്രാന്‍സിസ് കവളക്കാടില്‍ ഒരു നിര്‍ദ്ദേശം വച്ചത് പൊതു യോഗം കൈയ്യടിച്ചു പാസാക്കുകയാണ് ഉണ്ടായത്, ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ അടുത്ത മിഡ് ടേം പൊതുയോഗത്തില്‍ വ്യക്തമായ ഭേദഗതി കൊണ്ടുവരിക എന്നതായിരുന്നു അത്.
ഈ കഴിഞ്ഞ പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവരും അതിന് സാക്ഷികള്‍ ആണ്, ജനാധിപത്യ ഉന്മൂലനവും വെട്ടിനിരത്തലും പതിവാക്കിയവര്‍ തിരഞ്ഞെടുക്കപെട്ട ശ്രീ ജോമോനെ അയോഗ്യനായി പ്രഖ്യാപിക്കുകയും തോറ്റ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിയ്ക്കുകയും ആണ് ചെയ്തത്. ഇത് തികഞ്ഞ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി കണക്കാക്കണം എന്ന് അഭ്യര്‍ത്ഥിക്കട്ടെ.

അനുബന്ധമായ ചില വിവരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ?

1) സൗത്ത് ഈസ്റ്റില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ജോമോന് അയോഗ്യത കല്‍പ്പിച്ചവര്‍ എന്തുകൊണ്ട് സൗത്ത് വെസ്റ്റില്‍ നിന്നുള്ള വര്‍ഗീസ് ചെറിയാന്റെ തിരഞ്ഞെടുപ്പിന് സാധുത നല്‍കുന്നത് എങ്ങനെ? റീജിയനല്‍ നിന്നുള്ള നാഷനല്‍ കമ്മറ്റി അംഗം റീജീയണല്‍ ഭാരവാഹി ആണങ്കില്‍ വര്‍ഗ്ഗീസ് ചെറിയാനെയും അയോഗ്യനാക്കണ്ടതല്ലേ?. അദ്ദേഹവും ഇതേ രീതിയില്‍ മത്സരത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട് മൂന്നാം പ്രാവശ്യം റീജിയണല്‍ ഭാരവാഹി ആയിട്ടാണ് ഇപ്പോള്‍ നാഷണല്‍ കമ്മറ്റിയില്‍ ഇരിക്കുന്നത്.

2) സൗത്ത് വെസ്റ്റിന്റെ വരണാധികാരിയായിരുന്ന സജീഷ് ടോം ആണ് റീജിയണലില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗം റീജിയണല്‍ ഭാരവാഹി ആണ് എന്ന് തര്‍ക്കിക്കുന്നവരില്‍ പ്രമുഖന്‍, ഈ പ്രമുഖന്‍ വരണാധികാരിയായിരുന്നു കൊണ്ട് വര്‍ഗീസ് ചെറിയാന്റെ നോമിനേഷന്‍ സ്വീകരിച്ചതിന് എന്തു ന്യായം ആണ് പറയുവാന്‍ ഉളളത്?

3) വര്‍ഗീസ് ചെറിയാന്റെ നോമിനേഷന്‍ പത്രിക സ്വീകരിച്ച ശേഷം സൂക്ഷമ പരിശോധനയില്‍ നിര്‍ദ്ദേശകന്റെ പേരോ ഒപ്പോ ഇല്ലാത്തതിനാല്‍ പത്രിക തിരികെ കൊടുത്ത് പൂരിപ്പിച്ചു വാങ്ങിയത് ഏതു നടപടി ക്രമത്തിന്റെ ഭാഗം ആണ് ?

3) യുക്മ പ്രതിനിധി ലിസ്റ്റ് അംഗീകരിക്കണമെങ്കില്‍ പ്രത്യേകം തയാറാക്കിയ ഫോമില്‍ പ്രാദേശിക അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും സാക്ഷ്യപ്പെടുത്തി ഒപ്പിട്ടിരിക്കണം എന്ന് ഇലക്ഷന്‍ വിജ്ഞാപനത്തില്‍ എടുത്തു പറഞ്ഞിട്ടും ഓക്‌സ്മാസ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ മൈക്കിള്‍ കുര്യന്‍ ഒപ്പിടാത്ത ഫാറം എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചത്? ഓക്‌സ്മാസില്‍ നിന്നും വരും വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടില്ല എന്ന അസോസിയേഷന്‍ പ്രസിഡന്റിന്റെ കത്ത് തിരസ്‌കരിച്ചത് എന്തുകൊണ്ട്?
അങ്ങനെ എങ്കില്‍ ടിറ്റോ തോമസ്സിന്റെയും വര്‍ഗീസ് ചെറിയാന്റെയും ഭാരവാഹിത്വം അസാധു ആവേണ്ടതല്ലേ?

4)16/09/2018 കവന്‍ട്രിയില്‍ നടന്ന ദേശീയ കമ്മറ്റിയില്‍ ഐക്യ കണ്‌ഠേന അംഗത്വം കൊടുത്ത ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്റെ അംഗത്വം യുക്തിരഹിതമായ ന്യായം പറഞ്ഞ് റദ്ദാക്കി മുന്‍ സെക്രട്ടറിയെ കൂടി അയോഗ്യനാക്കാനുള്ള ഗൂഡ തന്ത്രത്തെ ചെറുത്തു തോല്‍പ്പിക്കണ്ടതില്ലേ?

യുക്മ എന്നത് അസോസിയേഷനുകളുടെ കൂട്ടംആണ് ,വ്യക്തികളുടെ കൂട്ടം അല്ല, അസോസിയേഷനുകള്‍ പ്രതിനിധികളായി തിരഞ്ഞെടുത്തു വിടുന്നവര്‍ ആകണം സംഘടനെയെ നയിക്കേണ്ടത്,പ്രാദേശിക അസോസിയേഷനും ആയി ഒരു ബന്ധവും ഇല്ലാത്തവരെ വിവിധ പോസ്റ്റുകളിലേക്ക് നോമിനേറ്റു ചെയ്ത് വിധേയന്‍മാര്‍ ഭരണം കൈയ്യടക്കുമ്പോള്‍ യുക്മ ജനങ്ങളില്‍ നിന്നും അകലുകയാണ്, സൂക്ഷമമായി ഒന്നു വിലയിരുത്തുക, അര്‍പ്പണ ബോധവും കഴിവും ഉള്ള ഉത്പതിഷ്ണുക്കളായ പലരും കാലാ കാലങ്ങളില്‍ യുക്മയില്‍ വന്നെങ്കിലും അവരെ ഒക്കെയും പുകച്ചു ചാടിച്ച് കുറെ സ്തുതി പാടകരേയും വിധേയരേയും രണ്ടാം നിരയില്‍ നിര്‍ത്തി ഭരണം കൈയ്യാളുകയാണ് ചിലര്‍,

യുക്മയെ സ്‌നേഹിക്കുന്നവര്‍ മലയാളികള്‍ എല്ലാവരും ഒരു കുടക്കീഴില്‍ നിലകൊള്ളണം എന്ന് ആഗ്രഹിക്കുന്നവര്‍ കൈകോര്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു,

സേവ് യുക്മ,സേവ് ഡെമോക്രസി,

Jomon Kunnel
Regional President

സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ഷയര്‍ പോലീസില്‍ ചേര്‍ന്ന് നിയമനിര്‍വ്വഹണ രംഗത്ത് മികവ് തെളിയിക്കാന്‍ മലയാളികള്‍ക്ക് അവസരം ഒരുക്കി ഡിപ്പാര്‍ട്ട്മെന്റ്. ഇരുനൂറോളം ഒഴിവുകള്‍ നികത്തുക എന്ന ലക്ഷ്യവുമായി ഓപ്പണ്‍ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്‍സില്‍ ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത് മലയാളികളെയും കൂടിയാണ്. ഇതിനായി ലെസ്റ്റര്‍ മലയാളി സമൂഹം മിക്കപ്പോഴും ഒന്നിച്ച് ചേരുന്ന മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളിലാണ് റിക്രൂട്ട്മെന്റ് ഇവന്‍റ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 7 ഞായറാഴ്ച വൈകുന്നേരം 05.30 മുതലാണ്‌ റിക്രൂട്ട്മെന്റ് ഇവന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം ഇവിടെയെത്തുന്നവര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അപേക്ഷിക്കാനും സംശയ നിവാരണങ്ങള്‍ക്കും അവസരം ലഭിക്കുന്നതാണ്.

ഏകദേശം ഇരുനൂറോളം ഒഴിവുകള്‍ ഉണ്ട് എന്നറിയിച്ചിരിക്കുന്ന ലെസ്റ്റര്‍ഷയര്‍ പോലീസ് ഇത്രയധികം പേരെ ഒന്നിച്ച് പോലീസിലേക്ക് എടുക്കുന്നത് ഇതാദ്യമായാണ് എന്ന് പറയുന്നു. പതിനേഴ്‌ വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും പോലീസിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മൂന്നു വര്‍ഷത്തെ ശമ്പളത്തോട് കൂടിയ അപ്രന്റീസ്ഷിപ്പ് ഡിഗ്രി തെരഞ്ഞെടുക്കാനും അവസരം ലഭ്യമാണ്. ഇത് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പോലീസില്‍ സ്ഥിരനിയമനം ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.leics.police.uk

അലക്സ് വർഗീസ്  (യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബർമിംഗ്ഹാമിൽ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.  യുക്മ രൂപീകൃതമായതിന്റെ ദശാബ്‌ദി വർഷത്തിൽ പുത്തൻ കർമ്മ പരിപാടികളുമായി മുന്നോട്ടുപോകുവാൻ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുൻ വർഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും സുശക്‌തമായ ദേശീയ നേതൃത്വവും എന്ന രീതിയിൽ അംഗ അസ്സോസിയേഷനുകളെയും യു കെ മലയാളി പൊതുസമൂഹത്തെയും ഏകോപിപ്പിക്കുന്ന വിധമുള്ള  പ്രവർത്തനങ്ങൾക്ക് ഭരണസമിതി യോഗം വിപുലമായ രൂപരേഖ തയ്യാറാക്കി.

ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ റീജിയണൽ പ്രസിഡന്റുമാരും റീജിയണുകളിൽനിന്നുമുള്ള ദേശീയ കമ്മറ്റി അംഗങ്ങളും മുൻ പ്രസിഡന്റും മുൻ ജനറൽ സെക്രട്ടറിയുമടങ്ങുന്നതാണ് യുക്മ ദേശീയ നിർവാഹക സമിതി. പുതിയ ദേശീയ നേതൃത്വം പ്രവർത്തനം ആരംഭിച്ചതിന്റെ തുടർച്ചയായി യുക്മയുടെ പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ മറ്റു പ്രധാനപ്പെട്ട തസ്തികകളിലും അഴിച്ചുപണികൾ നടന്നു.

അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി സജീഷ് ടോം നിയമിതനായി. യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയായ സജീഷ് ടോം കഴിഞ്ഞ ഭരണസമിതിയിലും പി ആർ ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ജ്വാല ഇ-മാഗസിൻ മാനേജിങ് എഡിറ്റർ, യുക്മന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എന്നീ ചുമതലകളും കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ സജീഷ് ടോം നിർവഹിച്ചിരുന്നു.

യു കെ മലയാളികളുടെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ സജീവ സഹയാത്രികനായ സജീഷ് ടോം, ബ്രിട്ടനിലെ രാഷ്ട്രീയ – തൊഴിലാളി സംഘടനാ രംഗങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ സാന്നിധ്യമാണ്. ലേബർ പാർട്ടിയുടെ ബേസിംഗ്‌സ്‌റ്റോക്ക് പാർലമെന്റ് മണ്ഡലത്തിലെ ന്യൂനപക്ഷ-പിന്നോക്ക വിഭാഗം (ബ്ളാക്ക് ഏഷ്യൻ ആൻഡ് മൈനോറിറ്റി എത്നിക്) ചുമതലയുള്ള ഭാരവാഹിയായി  (BAME Officer) തുടർച്ചയായ മൂന്നാം തവണയും പ്രവർത്തിക്കുന്ന സജീഷ്, 2018 ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി ആയിരുന്നു.

ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിലാളി സംഘടനയായ യൂണിസൺ (UNISON) ന്റെ ബേസിംഗ്‌സ്‌റ്റോക്ക് ഹെൽത്ത് ബ്രാഞ്ച് ചെയർപേഴ്‌സൺ ആയും, ‘യൂണിസൺ-ലേബർലിങ്ക്’ ഓഫീസർ ആയും സജീഷ് ടോം പ്രവർത്തിക്കുന്നു. ഫെബ്രുവരി മാസം ലണ്ടനിൽ നടന്ന യൂണിസൺ സൗത്ത് ഈസ്റ്റ് റീജിയണൽ നിർവാഹക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം കരസ്ഥമാക്കിയ സജീഷ് ടോം സംഘടനയുടെ റീജിയണൽ ഫിനാൻസ് സ്ട്രാറ്റജിക് കമ്മറ്റിയിലും വെൽഫെയർ കമ്മറ്റിയിലും അംഗമാണ്. ബേസിംഗ്‌സ്‌റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.

യു കെ പൊതുസമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്നതോടൊപ്പം തന്നെ, യു കെ മലയാളി സമൂഹത്തിനായും പ്രവർത്തിക്കുവാൻ സമയം കണ്ടെത്തുന്നു എന്നതാണ് സജീഷ് ടോമിനെ വ്യത്യസ്തനാക്കുന്നത്. യുക്മയു ടെ പുതിയ നാഷണൽ പി ആർ ഒ ആൻഡ് മീഡിയ കോർഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിനെ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, മുൻ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് എന്നിവർ അഭിനന്ദിച്ചു. യുക്മയുടെ ഔദ്യോഗീക വാർത്തകൾ നേരിട്ട് കിട്ടാത്ത മാധ്യമങ്ങൾ [email protected]  എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ യുക്മ നാഷണൽ പി ആർ ഒ യുമായി 07706913887 എന്ന നമ്പറിലും വാർത്തകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.

ലണ്ടന്‍: യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരന്മാരെ പരിശോധിക്കാനുള്ള പോലീസിന് അധികാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ സംഘടനകള്‍. കറുത്ത വംശജരായിട്ടുള്ള ആളുകളാണ് കൂടുതല്‍ ഇത്തരത്തില്‍ പരിശോധിക്കപ്പെടുന്നതെന്നും സംശയാസ്പദമായി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇവ ആവര്‍ത്തിക്കുന്നതായും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ വെള്ളക്കാരുമായി താരതമ്യേന 9.30 ശതമാനം കറുത്തവര്‍ഗക്കാരാണ് പോലീസ് പ്രത്യേക അധികാരം ഉപയോഗിച്ച് പരിശോധന നടത്തുന്നത്. തികഞ്ഞ വംശീയതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം രാജ്യത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയിടുന്നതിനാണ് പോലീസിന് ഇത്തരമൊരു പ്രത്യേക അധികാരം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശീകരണം. സമീപകാലത്ത് ലണ്ടന്‍ ഉള്‍പ്പെടെയുള്ള യു.കെയുടെ സിറ്റികളില്‍ കത്തിയാക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടക്കുന്ന ഇത്തരം ആക്രമണ സംഭവങ്ങള്‍ തടയിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പോലീസിന് പ്രത്യേക അധികാരം നല്‍കാന്‍ തീരുമാനിച്ചത്. സംശയാസ്പദമായ ഒന്നും കാണാനില്ലെങ്കിലും ഒരാളെ പരിശോധിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ രീതി. മുന്‍പ് അത്തരത്തില്‍ ഒരാളെ പരിശോധിക്കാന്‍ പോലീസിന് വിലക്കുകളുണ്ടായിരുന്നു.

പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നത് സമൂഹത്തില്‍ അത്രയേറെ അപകടം സൃഷ്ടിക്കുന്ന ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ തടയിടാന്‍ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. അതേസമയം കറുത്ത വംശജര്‍ക്കെതിരെ ഇത്തരം പരിശോധനകള്‍ ശക്തമാക്കുന്നതിനെക്കുറിച്ചൊന്നും പ്രധാനമന്ത്രി പ്രതികരിച്ചില്ല. നേരത്തെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ടായിരുന്നുള്ളു. പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഈ അധികാരത്തിന്റെ ആവശ്യകത ഉണ്ടായിരുന്നുള്ളുവെന്നതാണ് വസ്തുത. എന്നാല്‍ ഹോം സെക്രട്ടറി സാജിദ് ജാവേദ് ഈ നിയമത്തില്‍ ഭേദഗതി വരുത്തി. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് നിലവില്‍ ‘സ്‌റ്റോപ്പ് ആന്റ് സെര്‍ച്ചിന്’ അധികാരം ഉണ്ട്.

RECENT POSTS
Copyright © . All rights reserved