UK

ബ്രെക്‌സിറ്റ് ‘സ്‌കൈപ്പ് കുടുംബങ്ങളെ’ സൃഷ്ടിക്കുമെന്ന് ആശങ്ക. വിദേശ പൗരന്‍മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിക്കുന്ന ആയിരക്കണക്കിനാളുകള്‍ രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റിലൂടെ മാത്രം കാണാന്‍ വിധിക്കപ്പെടുന്ന ഇത്തരം കുടുംബങ്ങളെയാണ് സ്‌കൈപ്പ് ഫാമിലി എന്ന പേരില്‍ വിളിക്കുന്നത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ രണ്ടിടത്താക്കപ്പെടുമോ എന്ന ആശങ്കയും വളരുകയാണ്. സുരീന്ദര്‍ സിങ് റൂട്ട് എന്ന് അറിയപ്പെടുന്ന നിയമ വ്യവസ്ഥയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ പങ്കാളികളെ യുകെയില്‍ കൊണ്ടുവരണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി ബ്രിട്ടീഷ് പൗരന് നിശ്ചിത വരുമാനം ഉണ്ടെന്ന് തെളിയിക്കുകയും വേണം. ഈ കുടിയേറ്റ വ്യവസ്ഥയാണ് സുരീന്ദര്‍ സിങ് റൂട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.

മൊറോക്കോ സ്വദേശിയായ അബ്ദുവിനെ വിവാഹം കഴിച്ച നോര്‍വിച്ച് സ്വദേശിനി ബെക്കി ഡാര്‍മന്‍ ഈ പ്രതിസന്ധിയെ നേരിടുകയാണ്. രണ്ടു വര്‍ഷം മുമ്പ് പ്രണയത്തിലായ ഈ ജോടികള്‍ക്ക് ഇപ്പോള്‍ എട്ടുമാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞ് ഉണ്ട്. പക്ഷേ അബ്ദുവിന് യുകെയില്‍ തന്റെ പങ്കാളിക്കും കുഞ്ഞിനുമൊപ്പം താമസിക്കാന്‍ കഴിയില്ല. കുഞ്ഞായ ആലിയയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവള്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന ദുഃഖം അബ്ദു പങ്കുവെക്കുന്നു. ആലിയയെ പ്രസവിക്കുന്നതിനായാണ് ബെക്കി യുകെയിലേക്ക് മടങ്ങിയത്. പക്ഷേ അബ്ദുവിനെ യുകെയില്‍ എത്തിക്കണമെങ്കില്‍ ബെക്കിക്ക് പ്രതിവര്‍ഷം 18,600 പൗണ്ട് വരുമാനമുണ്ടെന്ന് തെളിയിക്കണം. നിലവില്‍ സിംഗിള്‍ മദറായ ബെക്കിക്ക് ഇത് വന്‍ തുകയാണ്. ഒരുമിച്ചു നില്‍ക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ആലിയ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത് സ്‌കൈപ്പ് ഫാമിലികളിലെ 15,000 കുട്ടികള്‍ക്കൊപ്പമാണ്.

ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പങ്കാളികളുള്ള ബ്രിട്ടീഷുകാര്‍ക്കും യുകെയില്‍ ഒരുമിച്ചു താമസിക്കണമെങ്കില്‍ സുരീന്ദര്‍ സിങ് റൂട്ട് അനുസരിച്ച് വരുമാനം തെളിയിക്കേണ്ടി വരും. ബുധനാഴ്ച പുറത്തുവിട്ട ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്‌കൈപ്പ് ഫാമിലികളുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2012ലാണ് യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ പ്രവേശനം സാധ്യമാകുന്നതിന് കുറഞ്ഞ വരുമാന പരിധി നിര്‍ണ്ണയിച്ചത്. അന്ന് ഹോം സെക്രട്ടറിയായിരുന്ന തെരേസ മേയ് ആയിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് നികുതിദായകര്‍ക്ക് ഭാരമായി മാറാതിരിക്കാനാണ് പദ്ധതിയെന്നായിരുന്നു മേയ് അവകാശപ്പെട്ടത്. ഈ പ്രശ്‌നം മറികടക്കാന്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്ന ബ്രിട്ടീഷുകാര്‍ അയര്‍ലന്‍ഡിലേക്കും മറ്റും ചേക്കേറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യോവ്: യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. യോവിൽ താമസിച്ചിരുന്ന കോട്ടയം കുറവിലങ്ങാട് കാട്ടാർപതിയിൽ ജോർജ്ജ് ജോസഫിന്റെ ഭാര്യ മരിയ ജോർജ്ജ് (ജയാ) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട്  വർഷത്തോളമായി ക്യാൻസർ ചികിത്സയിലായിരുന്നു ജയ. പരേത കോട്ടയം പരിപ്പ് സ്വദേശിനിയാണ്. യോവിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ജയയും കുടുംബവും. ഭർത്താവ് ജോർജ്ജ് (സജി) കുറവിലങ്ങാട് സ്വദേശിയാണ്.

മരണത്തിൽ  മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

Also read… ‘ഞാന്‍ മരിക്കാന്‍ പോവുകയാണ്… താക്കോല്‍ ചവിട്ടിക്കടിയില്‍ വച്ചിട്ടുണ്ട്’, മരണം പുൽകും മുൻപ് ചാച്ചൻ മകനോട് പറഞ്ഞത്…  

തെക്കന്‍ ഗോവയിലെ പാലോളം ബീച്ചില്‍ ബ്രിട്ടീഷ് യുവതി ബലാത്സംഗത്തിന് ഇരയായതായി പൊലീസ്. 42കാരിയാണ് ആക്രമിക്കപ്പെട്ടത്. കാനക്കോണ റെയില്‍വേ സ്റ്റഷനില്‍ നിന്നും പാലോളത്തില്‍ വാടകക്കെടുത്ത താമസ്ഥലത്തേക്ക് പോകവേയാണ് സംഭവമെന്നാണ് യുവതി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഞങ്ങള്‍ക്കു ലഭിച്ച വിവരണത്തിന്റെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ ചിലരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.’ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രഭുദേശി പറഞ്ഞു.

ആക്രമണത്തിന് ഇരയായ യുവതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയെന്നും ഐ.പി.സി സെക്ഷന്‍ 376 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസ്റ്റ് സീസണായ ഇപ്പോള്‍ ഗോവയില്‍ നിരവധി വിദേശികളാണ് എത്തിച്ചേരുന്നത്. മിക്കയാളുകളും സീസണ്‍ അവസാനിക്കുന്ന മാര്‍ച്ചുവരെ ഇവിടെ തങ്ങാറുമുണ്ട്. ഗോവയിലെ സ്ഥിരം സന്ദര്‍ശകയാണ് ആക്രമിക്കപ്പെട്ട യുവതിയെന്നാണ് പൊലീസ് പറയുന്നത്.

യുകെയില്‍ ലണ്ടന്‍ ഹാരോ ഓണ്‍ ദി ഹില്ലില്‍ താമസിക്കുന്ന ജോയല്‍ മാണി ജോര്‍ജ് ഡിസംബര്‍ 15 ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള്‍ട്രാ വൈറ്റ് കോളര്‍ ബോക്‌സിങ്ങില്‍ പങ്കെടുത്ത് ശ്രദ്ധേയനായി. ലണ്ടന്‍ ട്രോക്‌സിയില്‍ ബ്രിട്ടീഷ്‌കാരനായ എതിരാളിയെ സമനിലയില്‍ തളച്ചാണ് ജോയല്‍ തന്റെ ബോക്‌സിങ് കഴിവ് തെളിയിച്ചത്. യുകെയില്‍ ബോക്‌സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടന്‍ നിവാസി ‘ജോയല്‍ ദി യോദ്ധ ജോര്‍ജ് ‘ എന്ന ടൈറ്റിലിലാണ് മത്സരിക്കാനിറങ്ങിയത്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയല്‍ ജയത്തോടടുത്തതായിരുന്നു.

എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ എതിരാളിയായ പോള്‍ റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്. ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാന്‍ നേരത്തെ തന്നെ ഗാലറിയില്‍ എത്തിയിരുന്നു. ലണ്ടനില്‍ 2 മാസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു തനിക്കേറെ താല്‍പര്യമുള്ള ബോക്‌സിങ്ങില്‍ മത്സരിക്കാനായി ജോയല്‍ എത്തിയത്. തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്‌മെന്റ് പൂര്‍ത്തിയാക്കാനായതില്‍ വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും ക്യാന്‍സര്‍ റിസര്‍ച്ച് യുകെയൂടെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള ബോക്‌സിങ് പ്രോഗ്രാമില്‍ പങ്കെടുത്തത് ഒരു വ്യത്യസ്തതയ്ക്കും ബോക്‌സിങ്ങില്‍ ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയല്‍ പറയുകയുണ്ടായി.

ഭാര്യയോടും 2 മക്കളോടും ഒപ്പം ലണ്ടനില്‍ താമസിക്കുന്ന ജോയല്‍ കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്. മോനിപ്പള്ളി സംഗമം യുകെയോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയല്‍ എല്ലാവരെയും ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. യുകെയില്‍ ആദ്യമായി ബോക്‌സിങ് റിങ്ങില്‍ പോരാട്ടത്തിനിറങ്ങിയ മലയാളി എന്നനിലയില്‍ ശക്തമായ പ്രകടനം കാഴ്ചവക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയില്‍ എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.

ഫാ. ഹാപ്പി ജേക്കബ്

അരുളപ്പാടുകള്‍ക്ക് ശേഷം അത്ഭുതങ്ങളുടെ സാക്ഷാത്കാരമാണ് ഇനിയുള്ള നാളുകളില്‍ നാം ദര്‍ശിക്കുന്നത്. കര്‍ത്താവിന് വഴിയൊരുക്കുവാന്‍ വന്ന യോഹന്നാന്റെ ജനനം അതിന് ശേഷം എല്ലാം കണ്ണുകളും ലോകം മുഴുവന്‍ രക്ഷിക്കുവാന്‍ വരുവാനിരിക്കുന്ന രക്ഷകന്റെ ജനനം നോക്കിപ്പാര്‍ത്തിരിക്കുകയാണ്. രാജകൊട്ടാരങ്ങളിലും പ്രഭുക്കന്മാരുടെ മദ്ധ്യത്തിലും രക്ഷകനെ കാത്തിരിക്കുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ നീതിമാനായ യൗസേഫ് തനിക്ക് വിവാഹ നിശ്ചയം ചെയ്തിരിക്കുന്ന പൂര്‍ണ ഗര്‍ഭിണിയായ മറിയത്തോടപ്പം പേര്‍ വഴി ചാര്‍ത്തുവാനായി ദാവീദിന്റെ പട്ടണമായ സേതലഹേമിലേക്ക് യാത്രയായി. അവള്‍ക്ക് പ്രസവിക്കുവാന്‍ സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ തന്റെ മകന് ജന്മം നല്‍കുന്നു.

എളിമയുടെ മകുടമായ ദൈവ പുത്രന് ജനിക്കുവാന്‍ ഒരു സ്ഥലും ഇല്ലയോ? നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം. ദൈവം നല്‍കിയ അുഗ്രഹങ്ങളഉം ദൈവം നടത്തിയിട്ടുള്ള വഴികളും നാം ഓര്‍ത്തിരുന്നെങ്കില്‍ ദൈവ പുത്രന് പിറക്കുവാന്‍ ധാരാളം ഇടങ്ങള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ ഈ ജീവിതത്തില്‍ അതിനുവേണ്ടി ഒരുങ്ങുവാന്‍ നമുക്ക് മനസുണ്ടോ. ഈ സംഭവങ്ങള്‍ അനുസ്മരിക്കുമ്പോള്‍ ഈ ലോകത്തിന്റെ ധനമോഹമോ അധികാരങ്ങളോ അല്ല ജനനവുമായി ബന്ധപ്പെട്ട് നാം മനസിലാക്കേണ്ടത്. പ്രകൃതിയും, മൂക ജന്തുക്കളും, ആട്ടിടയന്മാരുമൊക്കെയാണ് തിരുജനനത്തിന് പ്രത്യേകത മനസിലാക്കുകയും ദൈവ പുത്രനെ കാണുകയും ചെയ്തത്. അതില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കാം എളിമയും ദാരിദ്ര്യവും കുറവുകളും ഒക്കെയുള്ള ജീവിതം ദൈവസാന്നിധ്യം ആഗ്രഹിക്കുകയും അവര്‍ക്ക് ദൈവത്തെ കാണുകയും ചെയ്യുവാന്‍ സാധിക്കും.

ദൂതന്‍ ആട്ടിടയരോട് ”സര്‍വ്വ ജനനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയാളമോ, ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” മാനവകുലം ആശ്ചര്യത്തോടെ ഈ സദ്‌വര്‍ത്തമാനം കേട്ടപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഈ സന്തോഷം അലയടിച്ചു. സ്വര്‍ഗീയ സൈന്യങ്ങള്‍ ദൈവത്തെ മഹത്വപ്പെടുത്തി. ”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”

അനുദിന ജീവിതങ്ങളില്‍ ദൈവസാന്നിധ്യം കൈവിട്ടുപോയാല്‍ നമ്മുടെ മദ്ധ്യേ പിറന്ന ദൈവപുത്രനെ കാണുവാന്‍ നമുക്ക് സാധിക്കാതെ വരും. ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മുടെ ഒരോരുത്തരുടെയും കുറവ് തന്നെയാണിത്. ഭൂമിയിലും സ്വര്‍ഗത്തിലും സന്തോഷം നിത്യമായി അലയടിക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളില്‍ നിന്ന് ഈ സന്തോഷം അന്യമായി നില്‍ക്കുന്നു. എന്തെല്ലാം ഭാതികതകള്‍ നമ്മെ സമ്പന്നരാക്കിയാലും അതില്‍ നിന്നു ലഭിക്കുന്ന സന്തോഷങ്ങള്‍ക്കും അതീതമാണ് ദൈവം തരുന്ന സന്തോഷം.

മറ്റൊരു കാര്യ കൂടി പ്രധാനമായും നാം ഓര്‍ക്കണം. ദൈവപുത്രനെ കണ്ടവരും സ്വീകരിച്ചവരും അത്ഭുതം ദര്‍ശിക്കുക മാത്രമല്ല അവരുടെ ജീവിത യാത്ര തന്നെ മാറ്റപ്പെടുന്നു. സഞ്ചരിച്ച വഴികളല്ല, ഉള്‍കൊണ്ട അധികാരവും അവകാശവുമല്ല യഥാര്‍ത്ഥമായി ദൈവപുത്രനെ കാണുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്. ആയതിനാല്‍ ഒരുക്കത്തോടെയുള്ള ഈ ജനനപെരുന്നാല്‍ യഥാര്‍ത്ഥമായും ക്രിസ്തുവിനോടപ്പമായി തീരുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മുടെ ഒരുക്കങ്ങളെയും ത്യാഗങ്ങളെയും അനുഗ്രഹത്തിനായി നമുക്ക് സമര്‍പ്പിക്കാം.

”അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം”

സ്റ്റോക്ക് ഓൺ ട്രെൻഡ്: ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞ്  പെയ്യുന്ന പുലരികൾ… സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ക്രിസ്മസ്… സ്‌നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്റെ ഓര്‍മ്മക്കായ്…. ലോകമെങ്ങും ആഘോഷതിരികള്‍ തെളിയുന്ന ക്രിസ്‌മസ്‌…  മാലാഖമാരുടെ സംഗീതവും കണ്ണുചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന നാളുകളുമായി ക്രിസ്‌മസ്‌ ആഘോഷങ്ങൾ കടന്നുവരികയായി…ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ കീഴിൽ ഉള്ള സീറോ മലബാർ യൂത്ത്‌ മൂമെന്റ് (SMYM) സംഘടിപ്പിച്ച രണ്ടാമത് കരോൾ ഗാനമത്സരം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതോടൊപ്പം കുട്ടികളുടെ വളർച്ചയിൽ ഏറ്റവും ആവശ്യമായ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പപ്പാ ഡാൻസ് മത്സരവും നടത്തപ്പെട്ടു. സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ്സ്  സെന്റററിലെ മിക്കവാറും യൂണിറ്റുകളിലും വലിയ തോതിലുള്ള പരിശീലന പരിപാടികൾ നടത്തി ഒരേ തരത്തിലുള്ള കളർഫുൾ ആയ സാരികളൾ ഷർട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി മൽസര വേദിയിൽ എത്തിയപ്പോൾ ജഡ്ജുമാർ എല്ലാ മത്സരാത്ഥികളെയും അനുമോദിക്കാൻ പിശുക്ക് കാണിച്ചില്ല എന്നുള്ളതാണ്. അതോടൊപ്പം യുകെയിൽ നടക്കുന്ന ഏതൊരു മത്സരത്തിലും പങ്കെടുക്കുവാൻ തക്ക കഴിവുള്ള പാട്ടുകാരുടെ ഒരു കൂട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ളത് എന്നും ജഡ്ജുമാർ പറയുകയുണ്ടായി.വളരെ വാശിയേറിയ മത്സരത്തിനൊടുവിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ  സെക്രട്ട് ഹാർട്ട് ട്രെന്റ് വെയിൽ യൂണിറ്റ് ഒരിക്കൽ കൂടി ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഒരിക്കൽ കൂടി രണ്ടാം സ്ഥാനം നിലനിർത്തി ഹോളി ഫാമിലി യൂണിറ്റ് ഹാൻഫോർഡ്. സെന്റ് അൽഫോൻസാ യൂണിറ്റ് ഹാൻലീ മൂന്നാം സ്ഥാനം കരസ്ഥമാക്കി.രാവിലെ പത്തുമണിയോട് കൂടി ക്ലയിറ്റൺ ഹാളിൽ  റെജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് പത്തരമണിയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്ന ഫാദർ ജോർജ്ജ് എട്ടുപറയിൽ ചുരുങ്ങിയ വാക്കുകളിൽ ഉള്ള ആമുഖ പ്രസംഗം. ഉത്ഘാടന പരിപാടികൾ എല്ലാം ചെറുപ്പക്കാർക്ക് നൽകി മലയാളികൾക്ക് പരിചയം ഇല്ലാത്ത മാതൃക കാണിച്ച ഇടവക വികാരി എട്ടുപറയിൽ, ജഡ്ജുമാർ എന്നിവർ കാഴ്ചക്കാരായപ്പോൾ എളിമ എന്നത് എങ്ങനെ പ്രാവർത്തികം ആക്കാം എന്ന് മനസിലാക്കി കൊടുക്കുകയായിരുന്നു.സ്റ്റോക്ക് ഓൺ ട്രെൻഡ്  SMYM പ്രസിഡണ്ട് റ്റിജോയി ടോമി പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടകനായപ്പോൾ വൈസ് പ്രസിഡണ്ട് റിച്ച ബിജു, സെക്രട്ടറി മെൽബിൻ ബേബി ജോയിന്റ് സെക്രട്ടറി ക്ലിന്റ ജോണി ട്രെഷറർ അർലിൻ ജോയി എക്സിക്യൂട്ടീവ് മെമ്പർമാരായ ആഷാ പോളി, ജോർജോ ബ്ലെസ്സൺ എന്നിവർ തിരി തെളിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ചെറുപ്പക്കാർ ഒത്തു കൂടിയാൽ ഒന്നും അസാധ്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയുടെ വിജയം തെളിയിക്കുന്നത്. യൂത്ത് മൂവ്മെന്റ് കോഓർഡിനേറ്ററും ട്രസ്റ്റിയും ആയ സുദീപ് എബ്രഹാം കുട്ടികൾക്ക് പ്രചോദനമായി. പരിപാടിയുടെ വിജയത്തിനായി എല്ലാ സഹകരണവുമായി സ്റ്റോക്ക് മിഷന്റെ ട്രസ്റ്റിമാരായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.

SMYM ഭാരവാഹികൾ ആസൂത്രണം ചെയ്‌ത റാഫിൾ വിജയി ആയവർക്ക് വിലയേറിയ സമ്മാനങ്ങൾ, ഫുഡ് സ്റ്റാൾ എന്നിവ ഒരുക്കിയിരുന്നു.

 

    

 

ലണ്ടന്‍: ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അധീനതയിലുള്ള രാജ്യങ്ങളിലേക്ക് ബ്രിട്ടീഷുകാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനാണ് ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം വിസയ്ക്ക് പകരം ഏതാണ്ട് 7 പൗണ്ട് മുടക്കില്‍ മറ്റൊരു രേഖയ്ക്കായി ബ്രിട്ടീഷുകാര്‍ അപേക്ഷിക്കേണ്ടി വരും. ഒരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ഈ രേഖകള്‍ പുതുക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. വിസയ്ക്ക് സമാനമല്ലെങ്കിലും മറ്റൊരു രേഖ ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് ആവശ്യമായി വരും. ബ്രക്‌സിറ്റിന്റെ അനന്തരഫലമാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.

ഇ.ടി.ഐ.എ.എസ്(European Travel Information and Authorization System) എന്നാണ് വിസയ്ക്ക് പകരമായി വരുന്ന രേഖയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതില്ലാതെ ബ്രിട്ടീഷുകാര്‍ക്ക് ഇ.യു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായി സാധിക്കില്ല. അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസയ്ക്ക് സമാനമായ നിയമപ്രശ്‌നങ്ങളൊന്നും ഇ.ടി.ഐ.എ.എസിന് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. 2021 ഓടെ പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

നിലവില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുന്ന ഇ.യു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പരസ്പരം സന്ദര്‍ശിക്കാനോ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനോ വിസയുടെ ആവശ്യമില്ല. ഇവരെ കൂടാതെ സ്‌പെഷ്യല്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 61 രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇളവുകളുണ്ട്. ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ ലിസ്റ്റില്‍പ്പെടുന്നവയാണ്. എന്നാല്‍ കുടിയേറ്റ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണികളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് പുതിയ ഇ.ടി.ഐ.എ.എസ് കൊണ്ടുവന്നിരിക്കുന്നത്. ഇ.ടി.ഐ.എ.എസിനായി വളരെ ചെലവ് കുറഞ്ഞ രീതിയാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍: ഇല്ലാത്ത അസുഖമുണ്ടെന്ന് ഭര്‍ത്താവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ച് ഇന്ത്യന്‍ വംശജയായ യുവതി തട്ടിയെടുത്തത് 250,000 പൗണ്ട്. തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് 36കാരിയായ ജാസ്മിന്‍ മിസ്ട്രി ആദ്യം നുണ പറയുന്നത് ഭര്‍ത്താവ് വിജയ് കട്ടേച്ചിയയോടാണ്. സ്വന്തം ഭാര്യയ്ക്ക് ക്യാന്‍സറാണെന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു ഭര്‍ത്താവ് അനുഭവിക്കേണ്ടി വരുന്ന എല്ലാ മാനസിക സമ്മര്‍ദ്ദത്തിലൂടെയും വിജയ് കടന്നുപോയി. ഏതാണ്ട് നാല് വര്‍ഷത്തോളം അസുഖം സംബന്ധിച്ച് വിജയ് ഭാര്യ പറഞ്ഞ കഥകള്‍ വിശ്വസിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാന്‍ ഇതോടെ ജാസ്മിന് സാധിച്ചു. സുഹൃത്തുക്കളില്‍ ചിലര്‍ വന്‍തുക ചികിത്സാ സഹായമായി നല്‍കി. വിജയുടെ മാതാവ് ഉള്‍പ്പെടെ വലിയ തുക ചികിത്സയ്ക്കായി ഇക്കാലയളവില്‍ ജാസ്മിന് കൈമാറിയിരുന്നു.

ഫെയിസ്ബുക്കിലും ഇതര സോഷ്യല്‍ മീഡിയയിലും തുടങ്ങി നിരവധി ഫെയിക്ക് അക്കൗണ്ടുകള്‍ ജാസ്മിന് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ജാസ്മിന്‍ സ്വന്തം ഡോക്ടറെ വരെ ഉണ്ടാക്കി. പണം നല്‍കിയ സുഹൃത്തുക്കളില്‍ ചിലരോട് താന്‍ മരിച്ചുവെന്ന് ഫെയിക്ക് ഐഡി ഉപയോഗിച്ച് ബോധ്യപ്പെടുത്തി. പ്രോട്ടോണ്‍ ബീം ചികിത്സ നടത്തുന്നതാണ് തനിക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ജാസ്മിന്‍ ആളുകളോട് പറഞ്ഞിരുന്നു. ഇതിനായി അമേരിക്കയിലേക്ക് പോകണമെന്നും ജാസ്മിന്‍ പറഞ്ഞു. വീടിനുള്ളില്‍ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനായി ചില രാത്രികളില്‍ കടുത്ത തലവേദന അഭിനയിക്കുകയും ഛര്‍ദ്ദിക്കുന്നതായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കള്ളകളികള്‍ വിജയ് തന്നെ പിടികൂടുകയായിരുന്നു.

ജാസ്മിന്‍ തന്റേതെന്ന് പറഞ്ഞ് വിജയ്ക്ക് കൈമാറിയ ഒരു സ്‌കാന്‍ റിപ്പോര്‍ട്ടാണ് തട്ടിപ്പ് പുറത്താക്കിയത്. വിജയ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് കാണിച്ചതോടെ കാര്യങ്ങള്‍ വെളിച്ചത്തായി. വിജയ് കാണിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. വഞ്ചന മനസിലായതോടെ വിജയ് നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. ഭാര്യ തനിക്ക് തന്ന ഷോക്കില്‍ നിന്ന് ഒരിക്കലും മോചിതനാകുമെന്ന് കരുതുന്നില്ലെന്ന് വിജയ് കോടതിയില്‍ പറഞ്ഞു. തങ്ങളെപ്പോലെ നിരവധി പേര്‍ ഇനിയും വഞ്ചിക്കപ്പെടുമെന്നും. ജാസ്മിനെപ്പോലുള്ള വ്യക്തികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു. താന്‍ മുന്‍പ് ചെയ്തിരുന്ന ജോലി സംബന്ധിച്ച് വധഭീഷണി നിലനില്‍ക്കുന്നതായും ജാസ്മിന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്നു.

ലണ്ടന്‍: ബ്രിട്ടീഷുകാര്‍ക്ക് ‘ക്രിസ്മസ് ഷോക്കായി’ കൗണ്‍സില്‍ ടാകസ് വര്‍ദ്ധനവ്. 2019-2020 കാലഘട്ടത്തില്‍ കൗണ്‍സില്‍ ടാകസുമായി ബന്ധപ്പെട്ട് മൂന്ന് ശതമാനം വര്‍ധനവുണ്ടാകും. ശരാശരി 107 പൗണ്ട് വരെ വര്‍ധനവുണ്ടാകുമെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നികുതി വര്‍ദ്ധനവ് ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷെയറാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ നികുതിയില്‍ വര്‍ധനവുണ്ടായകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ശരാശരി ബാന്‍ഡ് ഡി ബില്‍ 1,671 ഉള്ളവര്‍ക്ക് മൂന്ന് ശതമാനം വര്‍ധിപ്പിച്ചാല്‍ 50 പൗണ്ട് അധികം നികുതിയായി നല്‍കേണ്ടി വരും. കൂടാതെ കമ്യൂണിറ്റി പോലീസിംഗ് ഫണ്ടിലേക്ക് 1.5 ശതമാനവും സോഷ്യല്‍ കെയറിലേക്ക് 2 ശതമാനവും അധിക നികുതി നല്‍കണം.

മുഴുവന്‍ വര്‍ധനവുകളും ചേര്‍ത്താല്‍ ഏതാണ്ട് 107 പൗണ്ട് ശരാശരി ഹൗസ്‌ഹോള്‍ഡേഴ്‌സ് നല്‍കേണ്ടി വരും. പുതിയ നികുതി നിരക്ക് 2019 ജനുവരി മുതലായിരിക്കും നിലവില്‍ വരിക. അതേസമയം വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലേബര്‍ ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയൈ്വന്‍ രംഗത്ത് വന്നു. നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമിടയിലെ അന്തരം നിലനില്‍ക്കുന്നതിനാല്‍ നികുതി വര്‍ധന ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അധിക ബാധ്യതയായി മാറും. ലോക്കല്‍ അതോറിറ്റികള്‍ വര്‍ധിപ്പിക്കുന്ന വ്യത്യസ്ഥ തുക ഇവര്‍ക്ക് നല്‍കാന്‍ കഴിയണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്ന തുക പത്ത് വര്‍ഷത്തെ പരിഗണിച്ച് പരിശോധിക്കുമ്പോള്‍ 25 ശതമാനം കൂടിയതായി വ്യക്തമാവും. അതേസമയം വര്‍ധനവ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കമ്യൂണിറ്റി സെക്രട്ടറി കോമണ്‍സില്‍ വ്യക്തമാക്കി. പുതിയ ലെവി സംമ്പ്രദായം ലോക്കല്‍ അതോറിറ്റികളെ കൂടുതല്‍ ശക്തിപ്പടുത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലോക്കല്‍ അതോറിറ്റികള്‍ ഇതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ രാജ്യത്തേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ യൂണിയനെ സമീപിച്ച തെരേസ മേയ്ക്ക് അവിടെയും തിരിച്ചടി. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്‌സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് തള്ളി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി മേയ് പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉടമ്പടിയില്‍ കോമണ്‍സ് അംഗീകാരം നേടിയതിനു ശേഷം ബ്രസല്‍സിലേക്ക് തിരികെയെത്താമെന്നായിരുന്നു മേയ് നേരത്തേ അറിയിച്ചിരുന്നത്. പക്ഷേ കോമണ്‍സില്‍ വിധി മറിച്ചായിരുന്നു.

ഐറിഷ് ബാക്ക്‌സ്‌റ്റോപ്പില്‍ ഇളവ് വേണമെന്നാണ് ഈ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനോട് മേയ് പ്രധാനമായും ആവശ്യപ്പെട്ടത്. അയര്‍ലന്‍ഡുമായുണ്ടാകാനിടയുള്ള വ്യാപാര ബന്ധത്തിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വ്യവസ്ഥ ബ്രെക്‌സിറ്റിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണെന്നായിരുന്നു ബ്രെക്‌സിറ്റ് അനുകൂലികള്‍ പറഞ്ഞിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നു പോലും മേയ്ക്ക് എതിരെ നീക്കമുണ്ടായത് ഈ വ്യവസ്ഥയുടെ പേരിലാണ്. ബ്രിട്ടനെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താനേ ബാക്ക്‌സ്റ്റോപ്പ് വ്യവസ്ഥ ഉപകരിക്കൂ എന്ന് എംപിമാര്‍ പറയുന്നു.

ഇത് ഒരു വര്‍ഷമാക്കി ചുരുക്കണമെന്നായിരുന്നു ടസ്‌കിനോട് മേയ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം നിരസിച്ചു. എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ക്കു മുന്നില്‍ മേയ് ഈ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ പര്യടനത്തിനിടയിലാണ് ബ്രസല്‍സിലെത്തി നേതാക്കളുമായി മേയ് കൂടിക്കാഴ്ച നടത്തിയത്. ഉടമ്പടിയില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളെ കാണാനാണ് പര്യടനം. ജര്‍മനി, ഹോളണ്ട് എന്നീ രാജ്യങ്ങൡും മേയ് സന്ദര്‍ശനം നടത്തും.

RECENT POSTS
Copyright © . All rights reserved