ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ
ബോണ്‍മൗത്ത്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിഷന് സെന്ററുകളുടെ ഉദ്ഘാടനങ്ങളില്‍, ഇന്നലെ ബോണ്‍മൗത്തില്‍ ‘സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് മിഷന്’ സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബോണ്‍മൗത്തിലുള്ള ഹോളി ഫാമിലി കാത്തോലിക് ദൈവാലയത്തില്‍ വൈകിട്ട് 5. 30ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പുതിയ മിഷന് ഉദ്ഘാടനം ചെയ്തത്. റവ. ഫാ. ചാക്കോ പനത്തറ സി.എം യെ മിഷന് ഡയറക്ടര്‍ ആയും നിയമിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ചാക്കോ പനത്തറ, റവ. ഫാ. രാജേഷ് ആനത്തില്‍, റവ. ഫാ. ടോമി ചിറക്കല്മണവാളന്, റവ. ഫാ. ഫാന്സുവ പത്തില്‍, കാനന്‍ ജോണ്‍ വെബ്, കാനന്‍ പാറ്റ് ക്രിസ്റ്റല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
മിഷന് ഉദ്ഘാടനത്തിനായി ദൈവാലയത്തിലെത്തിയ പിതാക്കന്മാരെയും വിശിഷ്ടാതിഥികളെയും കുട്ടികള്‍ പൂക്കള്‍ നല്കി സ്വീകരിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ റവ. ഫാ. ടോമി ചിറക്കല്മണവാളന് മിഷന് സ്ഥാപന വിജ്ഞാപനം (ഡിക്രി) വായിച്ചു. മിഷന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വി. സ്നാപകയോഹന്നാന്റെ ചിത്രം അനാച്ഛാദനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു കേക്ക് മുറിച്ചു വിശ്വാസികള്‍ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് സ്നേഹവിരുന്ന് നടന്നു.
ഇന്ന് വൈകിട്ട് 6 മണിക്ക് സെന്റ് സൈമണ്‍ സ്റ്റോക് കത്തോലിക്കാ ദൈവാലയത്തില്‍ (Brookfiled Road, Ashford, TN23 4EU) ‘മാര്‍ സ്ലീവാ മിഷന്’ സെന്ററിന്റെ ഉദ്ഘാടനം നടക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ഹാന്‍സ് പുതിയാകുളങ്ങരയുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവര്‍ക്കും തിരുക്കര്‍മ്മങ്ങളിലേക്കു സ്വാഗതം.
ബ്രെക്സിറ്റിനു ശേഷം അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താനിരിക്കുന്ന കുടിയേറ്റ വിലക്ക് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി. 30,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ താഴേക്ക് വലിക്കുമെന്ന് സിബിഐ മേധാവി കരോളിന് ഫെയര്‍ബ്രെയിന്‍ പറഞ്ഞു. അവിദഗ്ദ്ധ മേഖല എന്ന പേരില്‍ അറിയപ്പെടുന്ന തൊഴിലാളികളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും കാര്യമായ സംഭാവനകള്‍ നല്‍കുന്നത്. ലാബ് ടെക്നീഷ്യന്മാര് മുതല്‍ ഭക്ഷ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റികളിലും പ്രതിവര്‍ഷം 30,000 പൗണ്ട് ശമ്പളത്തില്‍ താഴെ മാത്രം വാങ്ങുന്ന ജീവനക്കാരുണ്ട്. പൊതുവിശ്വാസം ആര്‍ജ്ജിക്കുന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞ ജോലിയാണെന്ന് അറിയാം. എന്നാല്‍ അതിന് മറ്റു മാര്‍ഗ്ഗങ്ങളുണ്ടെന്നും ഗവണ്മെന്റിനോട് സിബിഐ പറയുന്നു. അവിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവു മൂലം ബുദ്ധിമുട്ടുന്ന വ്യവസായങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്കി ആ ഒഴിവുകള്‍ നികത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പ്രതികരണം വന്നിരിക്കുന്നത്.
ബ്രെക്സിറ്റിനു ശേഷം എല്ലാ കുടിയേറ്റക്കാരെയും ഒരേ വിധത്തിലായിരിക്കും പരിഗണിക്കുകയെന്നാണ് ക്യാബിനറ്റ് തീരുമാനം. യൂറോപ്യന്‍ പൗരന്മാര്ക്ക് പ്രത്യേക പരിഗണനയുണ്ടാകില്ല. ഈ നിര്‍ദേശങ്ങളടങ്ങിയ പുതിയ കുടിയേറ്റനയം സംബന്ധിച്ച ധവളപത്രം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കുടിയേറ്റ നയം കടുപ്പിക്കണമെന്നാണ് എംപിമാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേസമയം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് തുടങ്ങിയവര്‍ വ്യവസായ മേഖലയുടെ മുന്നറിയിപ്പ് പരിഗണിക്കണമെന്ന പക്ഷക്കാരാണ്.
ടോം ജോസ് തടിയംപാട്
ഇംഗ്ലണ്ടിലെ ആരോഗ്യരംഗത്ത് ഉണ്ടായ നേട്ടങ്ങള്‍ തന്റെ ജന്മനാട്ടിലെ ആളുകള്‍ക്കും ഉപകരിക്കണമെന്ന് ലണ്ടന്‍ നോര്‍ത്ത് മിടിലെക്സ് യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ജാസ്മിന് മാത്യുവും ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വാര്‍ഡ് മാനേജരായി ജോലി ചെയ്യുന്ന റീഗന് പുതുശേരിയും തീരുമാനിച്ചപ്പോള്‍, ബ്രിട്ടനിലെ നഴ്സിംഗ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെയും, ഇന്ത്യന്‍ ആര്‍മിയുടെയും കര്‍ണാടക സര്‍ക്കാരിന്റെയും നിര്‍ലോഭമായ സഹകരണമാണ് അവര്‍ക്ക് ലഭിച്ചത്. ആയിരത്തി നാനൂറിലധികം നഴ്സുമാരെ ചേര്‍ത്തുകൊണ്ട് ഒരു അന്തര്‍ദേശീയ കോണ്‍ഫറന്‍സാണ് ഇവര്‍ ബാംഗ്ലൂര്‍ ബി എസ് ജിര്‍ജ് ഹാളില്‍ സംഘടിപ്പിച്ചത്, റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് കൗണ്‍സില്‍ ചീഫ് ജാനിസ് സ്മിത്ത്, ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ദീലിപ് കുമാര്‍, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും രണ്ടു മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നഴ്സിംഗ് മേഖലയിലെ ഒട്ടേറെ പ്രമുഖകര്‍ പരിപാടിയില്‍ പങ്കെടുത്തു.
സമ്മേളനം ഉദ്ഘാടനം ചെയ്ത കര്‍ണ്ണാടക വിദ്യഭ്യാസ മന്ത്രി. ബാംഗ്ലൂരില്‍ വിരിഞ്ഞത് ഇന്ത്യന്‍ നഴ്സിംഗ് ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ നഴ്സിംഗ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് ഇത്രയും വിദേശത്തെയും സ്വദേശത്തെയും നഴ്സുമാരെ ചേര്‍ത്ത് ബൃഹത്തായ ഒരു കോണ്‍ഫറന്‍സ് നടക്കുന്നത് എന്ന് കര്‍ണ്ണാടക വിദ്യഭ്യാസ മന്ത്രി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പുറകില്‍ പ്രയത്നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
അമേരിക്ക ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനല്‍കണം എന്ന് ചിന്തിച്ചപ്പോഴാണ് ഞങ്ങളുടെ ഉള്ളില്‍ ഇങ്ങനെ ഒരു ആശയം ഉടലെടുത്തതെന്നു റീഗന് പുതുശേരി പറഞ്ഞു.
ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ന്യൂസ് സ്കോര്‍ (നാഷണല്‍ ഏര്‍ലി വാണിംഗ് സ്കോര്‍) എന്ന ടൂള്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിചിന്തനം ചെയ്യുകയും അതേതുടര്‍ന്നാണ് ഇത്തരം ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ ഉള്ള ആശയം ഉരുവായത്.
ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റല്‍ സൈന്‍സ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച്കൊണ്ട് പുതുതായ ഒരു സമീപനത്തിലൂടെ ഒരു സ്കോറിങ് ടെക്ക്നിക്ക് ഉപയോഗപ്പെടുത്തിയാണ് ഏര്‍ലിവാണിംഗ് സ്കോറിങ് (Earlywarningscore) രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ്സ്കോര്‍ 2012 ഇംഗ്ലണ്ടില്‍ ആരംഭിക്കുകയും പിന്നീട് ഓസ്ട്രേലിയ, അമേരിക്ക പോലെയുള്ള മറ്റു പല രാജ്യങ്ങളും അതിനെ സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഒരു രോഗിയുടെ ശരീര ശാസ്ത്രപരമായ മാറ്റമാണ് ന്യൂസ് സ്കോര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഒരു രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുന്‍പ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം ആവശ്യപെടുവാനും വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് ഇത് ഉപകരിക്കും.
ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികള്‍ ഒഴികെയുള്ള ഒട്ടു മിക്ക ആശുപത്രികളിലും രോഗി, നഴ്സ്, ഡോക്ടര്‍ അനുപാതം വളരെ പരിമിതമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തര ചികിത്സ കിട്ടാതെ രോഗികള്‍ മരണമടയാറുണ്ട്. മിക്കവാറും ഈ രോഗികള്‍ എല്ലാം തന്നെ രോഗലക്ഷണങ്ങള്‍ വളരെ മുന്‍പ് തന്നെ പ്രകടിപ്പിക്കുകയും എന്നാല്‍ അത് കൃതൃ സമയത്ത് കണ്ടെത്താതെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്. നിലവില്‍ ഇന്ത്യയിലെ ആശുപത്രികളില്‍ രോഗികളുടെ വൈറ്റല്‍ സൈന്‍സ് നിരീക്ഷിക്കുന്നുതിലൂടെ അവ ഫലപ്രദമായ രീതിയില്‍ രോഗിയുടെ രോഗാവസ്ഥ മൂര്ധന്യ അവസ്ഥയില്‍ ആവുന്നതിനു മുന്‍പ് തിരിച്ചറിയുന്നതിനായി മുഴുവനായും ഉപയോഗ പെടുത്താറില്ല.
ഈ ആശയം ഇന്ത്യയെ പോലെ ഒരു രാജ്യത്തു പരിചയപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടി ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനായി RCN ഇംഗ്ലണ്ട്നെ സമീപിച്ചപ്പോള്‍ RCN ( Royal College of Nursing , England) ഈ കോണ്‍ഫറന്‍സിനെ വളരെ അധികം സ്വാഗതം ചെയ്യുകയും എല്ലാവിധ സഹായവും ഞങ്ങള്‍ക്കു വാഗ്ദാനം നല്കി. RCN ചീഫ് എക്സിക്യൂട്ടീവ് ഈ കോണ്‍ഫറന്‍സില്‍ നേരിട്ട് വരികയും ചെയ്തുവെന്ന് ജാസ്മിന് പറഞ്ഞു.
ഞങ്ങളുടെ രണ്ടു വര്‍ഷത്തെ കഠിന പരിശ്രമം ആണ് ഈ വിജയത്തിന് പിന്നില്‍. ഞങ്ങളുടെ ഈ പ്രവര്‍ത്തനത്തെ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് Mr Dileep Kumar, കര്‍ണാടക നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് Shrikant Phulari എന്നിവര്‍ അനുമോദിച്ചു.
ഇതില്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളെ പ്രതിധിനിധീകരിച്ചു ആളുകള്‍ വന്നിരുന്നു. ഇതില്‍ ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും ഉള്ള Maj. Gen .kpioe jmln , Maj. Gen. Elizhabeth john ,Former ADGMNS ,Army headquarters New Delhi. എന്നിവര്‍ പങ്കെടുത്തു.
കോണ്‍ഫറന്‍സിനു ശേഷം ന്യൂസ് ചാര്‍ട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യന്‍ ഹോസ്പിറ്റലുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയിലെ നഴ്സുമാര്‍ക്കും മെഡിക്കല്‍ ടീമിനും ട്രെയിനിങ് നല്‍കുക എന്ന വളരെ വലിയ ഒരു വെല്ലുവിളിയാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്പിലുള്ളത്. അതിനായ് വീണ്ടും RCN ന്റെയും റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെയും സഹായം നേടാനുള്ള ശ്രമം ആണ് അടുത്തതെന്നും എന്നും ജാസ്മിന് കൂട്ടിച്ചേര്‍ത്തു.
വിദേശത്ത് നിന്നും പങ്കെടുത്ത ഓരോ നഴ്സുമാരും ഒരു ചാരിറ്റി ആയി സ്വന്തം പണവും സമയവും ചെലവഴിച്ചാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതും പ്രപബന്ധങ്ങള്‍ അവതരിപ്പിച്ചതും. ജാസ്മിനെയും റീഗന് പുതുശേരിയെയും കൂടാതെ ഠhippeswamy (London) Bilahalli,Prashanth (Houston , USA) ,Lydia Sharon (Ireland) രാജീവ് മെട്രി എന്നിവരും ഈ വിജയഗാഥയുടെ പുറകില്‍ പ്രവര്‍ത്തിച്ചു.
ലെസ്റ്ററിലെ ആബെ പാര്‍ക്കിലുള്ള കനാലിലാണ് മൃതദേഹം കിടന്നിരുന്നത്. നവംബര്‍ 10ന് കാണാതായ പരേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. തെരച്ചിലില്‍ സഹായിച്ച എല്ലാ ആളുകള്‍ക്കും പട്ടേലിന്റെ കുടുംബം നന്ദി അറിയിച്ചു. ‘ഞങ്ങളുടെ പ്രിയപ്പെട്ട മകനും, ഭര്‍ത്താവും, പിതാവും, സഹോദരനും, ബന്ധുവും, സുഹൃത്തുമായിരുന്ന പരേഷ് ഞങ്ങളെ വിട്ടകന്നു. ഈ നിമിഷത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി’, സഹോദരന് നിതിന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഭര്‍ത്താവിനോട് വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കല്‍പ്പന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘എല്ലാവരും ആശങ്കയിലാണ്. നമ്മുടെ മക്കള്‍ ചോദിച്ച് കൊണ്ടിരിക്കുന്നു. മെസേജ് അയയ്ക്കാനും വിളിക്കാനും ശ്രമിക്കുന്നു, അമ്മ കരഞ്ഞ് കൊണ്ടിരിക്കുകയാണ്. അവരോടെല്ലാം എന്ത് പറയണമെന്നറിയില്ല’, കല്‍പ്പന പറഞ്ഞു. ‘ഡാഡി വീട്ടിലേക്ക് തിരിച്ചുവരൂ’ എന്ന ബാനറുമായി മക്കളായ കിയാനും (12), ഹര്‍ഷലവും (9) പിതാവിനെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കാളികളായത് ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.
ഇന്ത്യന്‍ വംശജര്‍ ഏറെ പാര്‍ക്കുന്ന ബ്രിട്ടനിലെ നഗരമാണ് ലെസ്റ്റര്‍. ഇവിടുത്തെ സാമ്പത്തിക പുരോഗതിക്കും, സംസ്കാരത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
ഹരികുമാര്‍ ഗോപാലന്
ലിവര്‍പൂള്‍: ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ(ലിമ) ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷം ജനുവരി 5ന് കേന്‍സിങ്ങ്ടോണ്‍ ഐറിഷ് ഹാളില്‍ വെച്ച് ജനുവരി മാസം 5ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. അന്നേദിവസം നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് ലിമയുടെ അടുത്ത വര്‍ഷത്തെക്കുള്ള കമ്മറ്റിയെയും തെരഞ്ഞെടുക്കും.
മെമ്പര്‍ഷിപ്പ് പുതുക്കാത്തവര് ഡിസംബര്‍ മാസം 31 നകം പുതുക്കണമെന്നു അറിയിക്കുന്നു. മെമ്പര്‍ഷിപ്പ് സമയത്ത് പുതുക്കുന്നവര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ വോട്ട് അവകാശമുണ്ടയിരിക്കുവെന്ന് അറിയിക്കുന്നു.
ഫൈസല്‍ നാലകത്ത്
ഡിസംബര്‍ 1ന് ലണ്ടനില്‍ നടന്ന ആവേശകരമായ 10-ാമത് ലണ്ടന്‍ മീലാദ് മഹാസമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. ഉച്ചസമയം 1ന് ആരംഭിച്ച പരിപാടികള്‍ രാത്രി 11 മണിവരെ നീണ്ടുനിന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ദഫ് മുട്ട്, ഓഫ് സ്റ്റേജ് മത്സര പരിപാടികള്‍, വലിയവരുടെ കലാപരിപാടികള്‍, മൗലിദ് സദസ്സ്, മദ് ഹുറസൂല്‍ പ്രഭാഷണങ്ങള്‍, ആത്മീയ മജിലിസ് പ്രാര്‍ത്ഥന സദസ്സുകള്‍ തുടങ്ങിയവയെ കൊണ്ട് സദസ്സ് ധന്യമായി.
തുടര്‍ന്ന് നടന്ന സംസ്കാരിക സമ്മേളനത്തിന് സുപ്രസിദ്ധ വാഗ്മിയും മത പണ്ഡിതനും ഇസ്ലാമിക ചരിത്രഗവേഷകനുമായ ചെറൂര് അബ്ദുല്ല മുസ്ലിയാര് നേതൃത്വം നല്കി. മത ജാതി ഭേദംമേനൃ മാനവകുലത്തിന് സമാധാനവും സ്നേഹവും പ്രധാനം നല്കുന്നതിനു വേണ്ടിയാണ് പ്രവാചകന് നിയോഗിക്കപ്പെട്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സമൂഹത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ മുഖ്യ ഇനമായ ആത്മീയ സദസ്സ് ജനങ്ങള്‍ വളരെ ആവശ്യത്തോടെയാണ് സ്വീകരിച്ചത്. യു.കെയുടെ പല ഭാഗങ്ങളില്‍, ഒരു മാസക്കാലമായി നടന്ന മീലാദ് പരിപാടികള്‍ക്കു ഇതോടെ പരിസപ്തിയായി. കഴിഞ്ഞ പത്തു വര്‍ഷമായി അല്‍-ഇഹ് സാന്‍ നടത്തിവരുന്ന മീലാദ് സമ്മേളനങ്ങള്‍ വളരെ വിജയകരമായാണ് സമാപിക്കാറുള്ളത്. യു.കെയിലെ രജിസ്ട്രേഡ് ചാരിറ്റിയായ അല്‍-ഇഹ് സാന്‍ സംഘടന വിവിധ സേവനങ്ങളാണ് മത ജാതി ഭേദമന്യേ സമൂഹത്തിനു നല്കിക്കൊണ്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കായുള്ള കരിയര്‍ വര്‍ക്ക് ഷോപ്പുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, മലയാളഭാഷയെയും സംസ്കാരത്തെയും വിദ്യാര്‍ത്ഥികളില്‍ പരിചയപ്പെടുത്താനുള്ള മധുര മലയാളം പരിപാടികള്‍, ലൈബ്രറികള്‍ പഠന ക്യാമ്പുകള്‍, കുടുംബസംഗമങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള ആത്മീയ വിദ്യാഭ്യാസം, ഫാമിലി കൗണ്‍സിലിംഗ് പരിപാടികള്‍, സ്പോര്‍ട്സ് ആക്ടിവിറ്റി തുടങ്ങിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
അല്‍ ഇഹ്സാന്റെ കഴിഞ്ഞ 11വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസുകള്‍ ഷാഹുല്‍ ഹമീദ് സദസ്സിന് മുമ്പില്‍ അവതരിപ്പിച്ചു. 200ല്‍പ്പരം കുട്ടികളുടെ കലാപരിപാടികള്‍ സദസ്സിന് പുതിയ അനുഭൂതി നല്കി. ഇനിയും ധാരാളം പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഹകരണത്തോടെ നടത്തുമെന്ന് അല്‍-ഇഹ് സാന്‍ മുഖ്യ കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നെത്തിയ ജന സഞ്ചയം മീലാദ് മഹാസമ്മേളനത്തിനു സാക്ഷിയായി. പരിപാടികളുടെ വിജയത്തിനും സുഖകരമായ നടത്തിപ്പിനും പലവിധത്തിലുളള സഹായസഹകരണങ്ങള്‍ ചെയ്ത എല്ലാവര്ക്കും എല്ലാവിധ നന്ദിയും സന്തോഷവും അറിക്കുന്നതായി പരിപാടിയുടെ കോഡിനേറ്ററായ എ.സി.സി ഗഫൂര്‍ സൗത്താല്‍, പി.ര്‍.ഓ അപ്പഗഫൂര്‍, കണ്‍വീനറായ മുസ്തഫ വി.പി ഹെയ്സ് തുടങ്ങിയവര്‍ അറിയിച്ചു.
പരിപാടിക്ക് അല്‍-ഇഹ് സാന്‍ പ്രധാന കാര്യദര്‍ശി ഖാരിഹ് അബ്ദുല്‍ അസീസ് സ്വാഗതവും സിറാജ് ഓവണ്‍ നന്ദിയും അറിയിച്ചു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ
ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ ഇന്നലെ നടന്നു. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന ചടങ്ങുകളില്‍ മുഖ്യാഥിതി ആയിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുള്ള പന്ത്രണ്ടുമുതല്‍ പതിനാറു വരെ പ്രായമുള്ള കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.
പന്ത്രണ്ട് വയസ് മുതല്‍ കുട്ടികള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. ഈശോയെ പന്ത്രണ്ടാം വയസില്‍ കാണാതായതുമായി ബന്ധപ്പെട്ട സുവിശേഷഭാഗത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയെ ദേവാലയത്തില്‍ വെച്ച് കാണാതാവുകയായിരുന്നില്ല മറിച്ചു ഈശോ ദേവാലയത്തില്‍ ദൈവപിതാവുമൊന്നിച്ച് ആയിരിക്കുവാന്‍ സ്വയം തീരുമാനിച്ചു തന്റെ വിളി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഈ രൂപതയിലെ കുട്ടികളായ നിങ്ങളെ കാണാനും ഈ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനുമായാണ് പ്രാധാനമായും വന്നിരിക്കുന്നതെന്നും, കുട്ടികളായ നിങ്ങളിലാണ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ഭാവിയെന്നും ആമുഖ സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുട്ടികളോടായി പറഞ്ഞു.
ബെര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്വെന്ഷന് സെന്റര്‍ നിറഞ്ഞു കുട്ടികളും മുതിര്‍ന്നവരും എത്തിയ സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ. ഫാ. സജിമോന്‍ മലയില്പുത്തന്പുരയില് എല്ലാവര്ക്കും സ്വാഗതമാശംസിച്ചു. ഉദ്ഘാടനനത്തിനു ശേഷം നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി.
ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെല്‍സ്, സെബാസ്റ്റ്യന്‍ ബ്രോക് എന്നിവര്‍ നയിച്ച ക്ളാസ്സുകളും നടത്തപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു.
രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ അടുത്തവര്‍ഷമായ യുവജനവര്ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി നിര്‍വഹിച്ചു. രൂപതയുടെ വാര്‍ഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു. ഉച്ചകഴിഞ്ഞു നാല് മുപ്പത്തോടുകൂടി സമ്മേളനം സമാപിച്ചു. രണ്ടാഴ്ചയോളം യുകെയില്‍ അജപാലനസന്ദര്‍ശനം നടത്തുന്ന മാര്‍ ആലഞ്ചേരി രൂപതയുടെ പുതിയ കാല്‍വയ്പ്പായ മിഷന് സെന്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനങ്ങളും വിവിധ സ്ഥലങ്ങളില്‍ നിര്‍വഹിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് നൂറില്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലോകത്തിലെ എല്ലാ കോണുകളിലുമുള്ള മലയാളികളെ ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ആശയത്തോടെ ആരംഭിച്ച ഡബ്ല്യു എം എഫ് കുറഞ്ഞ കാലം കൊണ്ടു തന്നെ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മത രാഷട്രീയ ജാതി വര്‍ണ്ണ വ്യത്യാസമില്ലതെ ഏവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു എം എഫ്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഡബ്ല്യു എം എഫ് യു കെ ചാപ്റ്ററിന്റെ അമരത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ല്യു എം എഫ് യു കെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ബിജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡബ്ല്യു എം എഫ് യുകെ നാഷണല്‍ കൗണ്‍സിലിലേക്ക് റവ.ഡീക്കന്‍.ജോയിസ് പള്ളിക്കമ്യാലില്‍ പ്രസിഡന്റായും, വൈസ് പ്രസിഡന്റുമാരായി ശ്രീ അബ്രാഹം പൊന്നുംപുരയിടവും, ശ്രീ സുജു കെ ഡാനിയലും, സെക്രട്ടറിയായി ഡോ. ബേബി ചെറിയാനും, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ തോമസ് ജോണും, ശ്രീ ജോജി സെബാസ്റ്റ്യനും, ട്രഷററായി ശ്രീ ആന്റണി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. ഇവരോടൊപ്പം നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി ശ്രീ ജോമോന് മാമൂട്ടില്‍ (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), ശ്രീമതി ബിന്നി മനോജ് (വിമന്‍സ് കോര്‍ഡിനേറ്റര്‍), ശ്രീ സുനില്‍ കെ ബേബി (ചാരിറ്റി കോര്‍ഡിനേറ്റര്‍), ശ്രീ ജോര്‍ജ്ജ് വടക്കേക്കുറ്റ് (മീഡിയ കോര്‍ഡിനേറ്റര്‍), ശ്രീ ജോണ്‍ മുളയന്‍കല്‍ (പി ആര് ഒ), ശ്രീ നോബിള്‍ മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍പുരുഷ വിഭാഗം), മിസ്സ് റിനി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍ വനിതാ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.
2018 മാര്‍ച്ച് മാസം ഇരുപ്ത്തി മൂന്നാം തീയതി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് ഡബ്ലിയു എം എഫിന്റെ പ്രവര്‍ത്തനോല്‍ഘാടനം ആരാധ്യനായ ഹൈക്കമ്മീഷണര്‍ ഹിസ് എക്സലന്‍സി വൈ. കെ. സിന്‍ഹ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഡബ്ലിയു എം എഫിന്റെ പ്രഥമ കമ്മിറ്റി നിലവില്‍ വന്നതോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിംഗ്, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കലാസാംസ്കാരിക പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികളോടെ മുന്നോട്ടുപോകുമെന്ന് നാഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ സങ്കീര്ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.
തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ മിഷന് സെന്ററുകളുടെ സ്ഥാപനത്തില്‍, ഇന്നലെ രണ്ടു പുതിയ മിഷനുകള്‍ കൂടി ആരംഭിച്ചു. പീറ്റര്‍ബറോയും കേംബ്രിഡ്ജും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷനുകളുടെ സാരഥിയായി റവ. ഫാ. ഫിലിപ് പന്തമാക്കലിനെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു. ഇന്നലെ വൈകിട്ട് 7. 15 നു സെന്റ്. ജവശഹശു Howard Catholic Churchല്‍ നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാതലവന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു.
റവ. ഫാ. തോമസ് പാറക്കണ്ടം മിഷന് സ്ഥാപന വിജ്ഞാപന വായനയെത്തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ഫിലിപ്പ് പന്തമാക്കലിന് നല്കി മിഷന് ഡയറക്ടറായി നിയമിച്ചു. കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം’ മിഷനും പീറ്റര്‍ബറോ കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്’ മിഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് വിളക്ക് തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്കി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി; റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി. സി, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന് ഡയറക്ടര്‍ റവ. ഫാ. ഫിലിപ് പന്തമാക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും നല്കപ്പെട്ടു.
ഇന്ന് വൈകിട്ട് 6. 30ന് ബെര്‍മിംഗ്ഹാമില്‍ മിഷന് പ്രഖ്യാപനം നടക്കും. Our Lady of the Rosary & St. Therese of Lisieux Church (Parkfield Road, Saltley, Birmingham, B8 3BB) ല്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര ബെര്‍മിംഗ്ഹാം മിഷന് ഡയറക്ടര്‍ ആയി നിയമിതനാകും. തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരായിരിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മിഷന് കമ്മറ്റി അറിയിച്ചു. ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.