ലണ്ടൻ∙ ബ്രിട്ടീഷ് കറൻസിയായ പൗണ്ടിന്റെ ഏറ്റവും മൂല്യം കൂടിയ നോട്ടായ 50 പൗണ്ട് നോട്ടുകൾ റദ്ദാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. നോട്ടുകൾ നിലനിർത്തി ഇവയും പോളിമർ രൂപത്തിലേക്ക് മാറ്റാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം. ഇതോടെ പൗണ്ടിന്റെ അഞ്ച്, പത്ത്, ഇരുപത് നോട്ടുകൾക്കൊപ്പം 50 പൗണ്ടും ഭാവിയിൽ പോളിമർ നോട്ടുകളായി മാറും.
അമ്പതു പൗണ്ട് നോട്ടുകൾ കൂടുതലായും ഉപയോഗിക്കുന്നത് ക്രിമിനലുകളാണെന്നും കുഴൽപ്പണം ഇടപാടുകൾക്കും നികുതിവെട്ടിപ്പിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഇവ റദ്ദുചെയ്യുന്നതിനെക്കുറിച്ച് ബാങ്ക് ഗൗരവമായി ആലോചിച്ചിരുന്നു. എന്നാൽ നോട്ടു നിലനിർത്തി പോളിമർ രൂപത്തിലേക്ക് മാറ്റി കൂടുതൽ സുരക്ഷിതമാക്കാമെന്ന നിഗമനത്തിലാണ് ഇപ്പോൾ അധികൃതർ.
രാജ്യത്താകെ 16.5 ബില്യൺ പൗണ്ട് മൂല്യം വരുന്ന 330 മില്യൺ 50 പൗണ്ട് നോട്ടുകളാണ് വിനിമയത്തിലുള്ളത്.
നേരത്തെ രാജ്യത്തെ മുഴുവൻ അഞ്ചു പൗണ്ട് നോട്ടുകളും പത്തുപൗണ്ട് നോട്ടുകളും പോളിമർ നോട്ടുകളാക്കി മാറ്റിയിരുന്നു. 2020 ൽ നിലവിലെ ഇരുപതു പൗണ്ട് നോട്ടുകളും പിൻവലിച്ച് പോളിമർ രൂപത്തിലാക്കും. അതിനു ശേഷമാകും പുതിയ അമ്പത് പൗണ്ട് നോട്ടുകൾ വിപണിയിലിറക്കുക. പുതിയ നോട്ടിൽ രാജ്ഞിക്കൊപ്പം ആരുടെ ചിത്രമാണ് പ്രിന്റ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഇനി ചർച്ചചെയ്തും ജനഹിതമറിഞ്ഞും തീരുമാനിക്കേണ്ടതുണ്ട്.
സ്റ്റീം എൻജിൻ കണ്ടുപിടിച്ച ജയിംസ് വാട്ടിന്റെയും മാത്യു ബോൾട്ടന്റെയും ചിത്രങ്ങളാണ് നിലവിലെ അമ്പതുപൗണ്ട് നോട്ടിലുള്ളത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിയമിക്കുന്ന കമ്മിറ്റി പബ്ലിക് നോമിനേഷനിലൂടെയാകും ആരുടെ ചിത്രമാണ് ആലേഖനം ചെയ്യേണ്ടത് എന്നു തീരുമാനിക്കുക. 30000 പേർ നോമിനേറ്റു ചെയ്ത 590 പ്രമുഖ ചിത്രകാരന്മാരിൽനിന്നും ജെ.എം.ഡബ്ല്യു ടർണറെയാണ് ഇരുപതു പൗണ്ടിനായി കമ്മിറ്റി കണ്ടെത്തിയത്.
പുതിയ അഞ്ചു പൗണ്ടിൽ വിൻസ്റ്റൺ ചർച്ചിലും പത്തു പൗണ്ടിൽ ജെയ്ൻ ഓസ്റ്റിനുമാണ് എലിസബത്ത് രാജ്ഞിക്കൊപ്പം സ്ഥാനം പിടിച്ചത്.
ഫാ. ബിജു കുന്നക്കാട്ട്
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസങ്ങള്‍ അരികിലെത്തുകയാണ്. ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന കലോത്സവം വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റീജ്യണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ അതാതു റീജിയണല്‍ കോഡിനേറ്റര്‍മാര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകള്‍ ഒക്ടോബര്‍ 21ന് മുന്‍പ് മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയിച്ചവരാണ് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന ബൈബിള്‍ കലോത്സവ വേദിയില്‍ അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നത്. നവംബര്‍ 10ന് ഗ്രീന്‍വേ സെന്ററിലാണ് കലോത്സവം അരങ്ങേറുക. വീറുംവാശിയും പ്രകടനമാക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാകും അന്തിമ മത്സരരാര്‍ത്ഥികളുടെ പട്ടിക തയ്യാറാകുക. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജ്യണുകളില്‍ ഒക്ടോബര്‍ 14ഓടെ മത്സരവിജയികളെ പ്രഖ്യാപിക്കും. മാഞ്ചസ്റ്റര്‍ റീജിയണല്‍ മത്സരങ്ങള്‍ 27നാണ് കലാശക്കൊട്ട് തീര്‍ക്കുക.
ഇതോടെ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിനുള്ള കാഹളം മുഴങ്ങും. അന്തിമപോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് റീജിയണല്‍ മത്സരവിജയികള്‍. മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ ഈ മാസം 21ന് മുന്‍പായി അയക്കേണ്ടതാണ്. വിജയികളുടെ രജിസ്ട്രേഷന്‍ അവസാനിക്കുന്ന തീയതി 21 ആണ്. ഉപന്യാസം (1824, മുതിര്‍ന്നവര്‍), ഷോര്‍ട്ട് ഫിലിം മേക്കേഴ്സ് എന്നിവര്‍ ഇവ 15ാം തീയതിയ്ക്ക് മുന്‍പ് അയക്കണം. മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിലേക്കോ അയക്കണം.
കലോത്സവത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീര്‍ അവസാനഘട്ട പണിപ്പുരയിലാണ്. ഈ ആഴ്ചയോടെ ബൈബിള്‍ കലോത്സവത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുന്ന സുവനീര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാദര്‍ പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030
Kalotsavam Date: 10th November 2018
Venue: Greenway Cetnre, Southmead, Bristol BS10 5PY
www.smegbbiblekalotsavam.com :Email : [email protected]
ലെസ്റ്ററില്‍ മരണമടഞ്ഞ അലന്‍ ജോസഫിന്‍റെ സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 19ന് നടക്കും. ജോസഫ് ലൈബിന്‍റെയും എമറാള്‍ഡ് ജോസഫിന്‍റെയും മകനായ അലന്‍ ജോസഫ് (16 വയസ്സ്) ബ്രെയിന്‍ ഹെമറേജ് മൂലമാണ് മരണമടഞ്ഞത്. ലെസ്റ്റര്‍ സെന്റ് പോള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ആയിരുന്ന അലനെ അസുഖത്തെ തുടര്‍ന്ന് നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് അലനെ മരണം കീഴ്പ്പെടുത്തുകയായിരുന്നു.
ജിസിഎസ്ഇയില്‍ മികച്ച മാര്‍ക്കുകളോടെ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അലന്‍ ജോസഫ് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. പഠനത്തിലും പഠനേതര വിഷയങ്ങളിലും അലന്‍ ഒരുപോലെ മികവ് പുലര്‍ത്തിയിരുന്നു. മികച്ച രീതിയില്‍ കീബോര്‍ഡ് കൈകാര്യം ചെയ്തിരുന്ന അലന്‍ പള്ളിയിലെ ഗായകസംഘത്തിന്റെ ഭാഗവുമായിരുന്നു. സമപ്രായക്കാരായ കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ജീവിതശൈലിക്കുടമയായിരുന്നു അലന്‍ എന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അലന്റെ പെട്ടെന്നുള്ള മരണം തീര്‍ത്തും അവിശ്വസനീയവും മാതാപിതാക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും തീരാ വേദന സമ്മാനിക്കുന്നതും ആയി.
ഒക്ടോബര്‍ 19 വെള്ളിയാഴ്ച കാലത്ത് പത്ത് മണി മുതല്‍ മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുദര്‍ശനത്തിനു ശേഷം 02.00 മണിയ്ക്ക് ഗ്രോബി റോഡിലുള്ള ഗില്‍റോസ് സെമിത്തേരിയില്‍ അലനെ സംസ്കരിക്കും.
പൊതുദര്‍ശനത്തിന് വയ്ക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ
Zion Word Ministries
Carey Hall
159 Harrison Road
Leicester LE4 6NP
സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ അഡ്രസ്സ്
Gilroes Cemetery
Groby Road
Leicester LE3 9QG
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.
Bro Wesley : 07950301715
Bro Kesu : 07957626517
Bro Eddie : 07929386074
അലന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൌണ്ടിലേക്ക് പണം നല്‍കാവുന്നതാണ്. റെഫറന്‍സ് ആയി Allen എന്ന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Account Name : Zion Word Church
Account Number : 41408623
Sort Code : 40-28-03
Bank : HSBC
ലണ്ടന്‍: എം25 ന് ശേഷം യു.കയിലെ ഏറ്റവും വലിയ റോഡ് പദ്ധതി ‘ലോവർ തെംസ് ക്രോസിംഗ’ായിരിക്കുമെന്ന് ഹൈവേയ്‌സ് ഓഫ് ഇംഗ്ലണ്ട്. തെംസ് നദിക്ക് കുറുകെ നടപ്പിലാക്കുന്ന പദ്ധതി കെന്റിനെയും എസെക്‌സിനെയും തമ്മില്‍ ബന്ധിപ്പിക്കും. ഡാര്‍ട്ട്‌ഫോര്‍ഡിലുള്ള നോര്‍ത്ത്ബൗണ്ട് ക്രോസിംഗ് സമയം മാത്രമെ പുതിയ പാത ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ആവശ്യമായി വരികയുള്ളു. പുതിയ റോഡിന് ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകളും ഹൈവേയ്‌സ് ഓഫ് ഇംഗ്ലണ്ട് നടത്തിവരുന്നുണ്ട്. നിലവില്‍ ലോവർ തെംസ് ക്രോസിംഗിന്’ സമാന്തര പാത ഉപയോഗിക്കുന്നവര്‍ക്ക് വലിയ സമയ ലാഭമുണ്ടാക്കാന്‍ പുതിയ പദ്ധതി സഹായകമാകും.
അതേസമയം പുതിയ റോഡ് നിര്‍മ്മാണം വായു മലീനികരണം വര്‍ദ്ധിപ്പിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് എന്‍വിറോണ്‍മെന്റാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം തടയുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായ നീക്കങ്ങളുണ്ടാകണമെന്ന് കഴിഞ്ഞ ദിവസം യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ യു.കെയിലെ ഭരണകൂടം കൂടുതല്‍ റോഡ് നിര്‍മ്മാണങ്ങള്‍ നടത്താനാണ് തീരുമാനിച്ചത്. റോഡ് നിര്‍മ്മിക്കുന്നത് വാഹനങ്ങളുടെ എണ്ണത്തെ വര്‍ദ്ധിപ്പിക്കും. കൂടുതല്‍പ്പേര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ ഇത് പ്രചോദനമാകും. അത് അപകടകരമായ രീതിയില്‍ വായു മലനീകരണം ഉണ്ടാക്കുമെന്നും രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകയായ ജെനി ബെയിറ്റ്‌സ് അഭിപ്രായപ്പെട്ടു.
പുതിയ ക്രോസിംഗ് ഉപയോഗിക്കുന്നതിനായി ജനങ്ങള്‍ പണം നല്‍കേണ്ടി വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ക്രോസിംഗ് ഉപയോഗിക്കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് പണം ഈടാക്കാനാണ് നിലവിലെ തീരുമാനം. എന്നാല്‍ ഇത് വളരെ ആലോചിച്ച ശേഷമെ നടപ്പിലാക്കൂ. ഇതിനായി ആളുകളുടെ അഭിപ്രായം ആരായുമെന്നും പദ്ധതി ഡയറക്ടറായ ടിം ജോണ്‍സ് വ്യക്തമാക്കി. 14.5 മൈല്‍ ദുരമുള്ള ത്രീ-ലൈന്‍ ഇരട്ട ക്യാരേജ് വേ റോച്ചെസ്റ്ററിന് സമീപത്തുള്ള എം2വിനെ ബന്ധിപ്പിക്കും. കൂടാതെ നോര്‍ത്ത്, സൗത്ത് ഒകെന്‍ഡന് ഇടയ്ക്കുള്ള എസകെ്‌സ് എം.25നെയും പുതിയ പാത ബന്ധിപ്പിക്കും. 10 ആഴ്ച്ച നീളുന്ന പബ്ലിക് കണ്‍സള്‍ട്ടേഷന് ശേഷമായിരിക്കും പദ്ധതി ഡിസൈന്‍ സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുക.
ജിമ്മി മൂലക്കുന്നം
ബിർമിങ്ഹാം: വിശ്വാസജീവിതത്തിലൂടെ നന്മയുടെ പാത സ്വീകരിച്ചു നിത്യസൗഭാഗ്യം കൈവരിക്കുവാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വന്‍ഷനിലൂടെയും ധ്യാനങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഒരവസരമാണ് ഇപ്പോൾ കവെൻട്രി റീജിയണനിൽ ഉള്ള വിശ്വാസികൾക്ക് വന്നു ചേർന്നിരിക്കുന്നത്. ഈ വരുന്ന ഇരുപതാം തിയതി ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷൻ ബഹുമാനപ്പെട്ട ഫാദർ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്നു. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചാപ്ലയിന്‍മാരായ ഫാദർ സെബാസ്റ്റ്യൻ നാമത്തിൽ, ഫാദർ ടെറിൻ മുല്ലക്കര, ഫാദർ ജോർജ്ജ് എട്ടുപറയിൽ, ഡോ: മനോ എന്നിവര്‍ക്കൊപ്പം സംഘാടകസമിതിയും ചേർന്ന് കവെൻട്രി റീജിയണൽ തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
‘വിരിയുവാന്‍ വെമ്പുന്ന മുട്ടയുടെ ഉള്ളില്‍ പിറക്കുവാന്‍ കൊതിക്കുന്ന ഒരു ജീവന്‍ ഒളിഞ്ഞു കിടപ്പുണ്ട്’, ‘അഴിയുവാന്‍ തുടങ്ങുന്ന ധാന്യത്തിന്റെ ഉള്ളില്‍ അനേകര്‍ക്ക് തണല്‍ ആകേണ്ട ഒരു മരത്തിന്റെ ആഗ്രഹം മറഞ്ഞു കിടപ്പുണ്ട്’ എന്നപോലെ മനുഷ്യമനസ്സുകളിൽ ഉള്ള നന്മയെ വെളിച്ചത്തേക്കെത്തിക്കുവാൻ, നല്ല ജീവിതത്തിലേക്ക് നയിക്കുവാൻ ഇത്തരം ധ്യാനങ്ങൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. ഈ ലോകത്തിൽ “മാറ്റമില്ലാത്തത് മാറ്റത്തിന്” മാത്രമാണ്. മാറ്റം അത് ഓരോ ജീവിതത്തിലും സംഭവിക്കേണ്ട, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് ഉള്ള പ്രയാണത്തിലാണ് ഓരോ മനുഷ്യ ജീവിതവും. ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, അനിവാര്യമായ മാറ്റമെന്ന പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ ആ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ നമുക്കു സാധിക്കുകയുള്ളു.ഓരോ പ്രവാസജീവിതവും ഒരു പലായനമാണ് അതോടൊപ്പം ഒരു മാറ്റവുമാണ്. എല്ലാം വിട്ടെറിഞ്ഞു പോകുന്ന ദു:ഖകരമായ കാഴ്ച അതിനുണ്ട്. അതിലെ ഭാഷയും ശരീര ചലനവും പശ്ചാത്തലവും അഭയാര്‍ഥികളുമായി തികച്ചും ചേരുന്നുണ്ട്. പ്രവാസ ജീവിതത്തിലെ ശിഥിലമായ തെളിച്ചത്തില്‍ നിന്നും ആശ്വാസത്തിന്റെ ഇളംകാറ്റ് വരുമെന്ന് വിശ്വസിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. ആ വിശ്വാസം നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. അതോടൊപ്പം നമ്മുടെ കുടുംബവും കുട്ടികളും… അവരുടെ നല്ല നാളെക്കായി കഠിനപ്രയഗ്നം നടത്തുന്ന നമ്മൾ മലയാളികൾ… വ്യത്യസ്ഥങ്ങളായ സാമൂഹിക പശ്ചാത്തലത്തിൽ ജീവിക്കുന്ന മക്കളുടെ ജീവിതം നേർ വഴിക്ക് തിരിച്ചുവിടാൻ കൺവെൻഷനുകൾക്ക് സാധിക്കും എന്ന് തിരിച്ചറിയുക…
കേട്ടറിഞ്ഞ ക്രിസ്തുവിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുടെ സാക്ഷ്യം നമുക്കോരോരുത്തര്‍ക്കും പങ്കുവയ്ക്കുവാന്‍ ഉണ്ടാകും. നമ്മുടെ പഴയകാല ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് കടന്നുവന്നിരിക്കുന്ന നമ്മില്‍ ഓരോരുത്തരിലും ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സന്തോഷം എന്നും നിലനിര്‍ത്തുവാന്‍ നമുക്കു കഴിയണം. തന്നെ മൂടിയിരുന്ന മുട്ടത്തോടിനുള്ളിലേക്ക് കോഴിക്കുഞ്ഞിന് വീണ്ടും പ്രവേശിക്കുവാന്‍ കഴിയാത്തതുപോലെ, തന്നെ പൊതിഞ്ഞിരുന്ന ധാന്യമണിയുടെ ഉള്ളില്‍ വീണ്ടും കയറിപ്പറ്റുവാന്‍ വന്‍മരത്തിനു സാധിക്കാത്തതുപോലെ, നമ്മുടെ ആ പഴയ ജീവിതസാഹചര്യങ്ങളിലേക്ക് ഒരിക്കലും തിരികെ പോകുവാന്‍ സാധ്യമല്ല എന്ന യാഥാര്‍ഥ്യത്തെ കെടാതെ ഉള്ളില്‍ സൂക്ഷിക്കുവാന്‍ ധ്യാനങ്ങൾ നമുക്ക് ശക്തി തരും.
ലോകത്തിന്റെ ചിന്തകള്‍ മാടിവിളിക്കുമ്പോള്‍ അവയോടൊക്കെ ‘എനിക്കൊരു ക്രിസ്തു ഉണ്ട്’ എന്ന് ഉറക്കെവിളിച്ചുപറയുവാനുള്ള ആത്മധൈര്യം നേടിയെടുക്കാൻ ഈ മാസം ഇരുപതാം തിയതി ബെഥേൽ കൺവെൻഷൻ സെന്ററിലേക്ക് കടന്നു വരിക. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ചുകൊണ്ട്, അവിടുത്തെ ജീവനുള്ള തിരുവചനത്തില്‍ നിന്നും ശക്തി സംഭരിച്ചുകൊണ്ട് അനേകര്‍ക്ക് താങ്ങാകുവാന്‍, ക്രിസ്തുവിലേക്കുള്ള വഴിവിളക്കാകുവാന്‍ വിളിക്കപ്പെട്ട നമുക്കോരോരുത്തര്‍ക്കും ആ ലക്ഷ്യം സാധിക്കുവാനുള്ള വഴികൾ കണ്ടെത്താൻ ഈ കൺവെൻഷൻ നമ്മളോരുരുത്തരെയും സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ഒന്നോർക്കുക ഇന്ന് വരെ ഒരു ധ്യാനം കൂടി ആരുടേയും ജീവിതം നശിച്ചു പോയിട്ടില്ല…. മറിച്ച് ഒരുപാട് ജീവിതങ്ങൾക്ക് വഴികാട്ടി ആയിത്തീർന്നിട്ടുണ്ട് എന്ന യാഥാർഥ്യം മറക്കരുത്… ചെവിയുള്ളവൻ കേൾക്കട്ടെ…
കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ് ഇരട്ടിയാക്കി. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നെത്തിയ കുടിയേറ്റക്കാര്‍ ഇനി 400 പൗണ്ട് നല്‍കേണ്ടി വരും. യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് ഗുണകരമായ പദ്ധതിയാണ് ഇതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പറഞ്ഞു. ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ദ്ധനയ്ക്ക് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. 2015ലാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് എന്ന ഈ ഫീസ് അവതരിപ്പിച്ചത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കാണ് ഇത് ബാധകമായിട്ടുള്ളത്. ആറു മാസത്തിനു മേല്‍ കാലയളവില്‍ യുകെയില്‍ താമസത്തിനെത്തുന്നവര്‍ ഇത് നല്‍കണമെന്നാണ് നിബന്ധന.
വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് അന്താരാഷ്ട്ര സ്‌കീമുകളില്‍ പഠനത്തിനെത്തിയിരിക്കുന്ന 18 മുതല്‍ 30 വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസ്‌കൗണ്ട് ചെയ്ത നിരക്കായ 300 പൗണ്ട് അടക്കണം. നേരത്തേ ഇത് 150 പൗണ്ടായിരുന്നു. ബ്രിട്ടീഷ് നികുതിദായകരുടെ പണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ആവശ്യങ്ങളില്‍ എപ്പോഴും ഉണ്ടാകുമെന്ന് നോക്ക്‌സ് പറഞ്ഞു. ദീര്‍ഘകാല താമസക്കാരായ കുടിയേറ്റക്കാര്‍ ഈ സേവനം ഉപയോഗിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആരോഗ്യ സര്‍വീസിന്റെ നിലനില്‍പ്പിനായി അവര്‍ അവരുടേതായ സംഭാവന നല്‍കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നോക്ക്‌സ് വ്യക്തമാക്കി.
ഈ ഉദ്ദേശ്യത്തിലാണ് 2015 ഏപ്രിലില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് നടപ്പാക്കിയത്. ഈ പണം അടക്കുന്നവര്‍ക്ക് യുകെ പൗരന്‍മാര്‍ക്ക് ലഭിക്കുന്നതു പോലെ ഏതു സമയത്തും എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകും. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കാലയളവില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പദ്ധതി ഇമിഗ്രന്റ്‌സിന് നല്‍കുന്ന ശിക്ഷയാണെന്നായിരുന്നു എന്‍എച്ച്എ,സ് ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തിയത്. ബ്രിട്ടീഷ് വിസയ്ക്കായി അപേക്ഷിക്കുമ്പോളും പിന്നീട് എല്ലാ വര്‍ഷവും ഈ സര്‍ച്ചാര്‍ജ് അടക്കേണ്ടി വരും.
ഇന്‍കം ടാക്‌സ് പരിധി വര്‍ദ്ധിപ്പിക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനം ഉടനൊന്നും നടപ്പാകാന്‍ സാധ്യതയില്ലെന്ന് സൂചന. യൂണിവേഴ്‌സല്‍ ക്രെഡിറ്റിനു വേണ്ടി കൂടുതല്‍ പണം ആവശ്യമായി വരുന്നതിനാല്‍ വരുമാന നികുതി പരിധി ഉയര്‍ത്താനുള്ള തീരുമാനം എടുത്തു കളയാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പദ്ധതിയിടുന്നതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെനഫിറ്റ് പദ്ധതികള്‍ കാര്യക്ഷമമായി നടത്തണമെങ്കില്‍ 20 ബില്യന്‍ പൗണ്ടിന്റെ അധിക ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് ട്രഷറി. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങുന്നവരില്‍ ചിലര്‍ക്ക് 2400 പൗണ്ട് വരെ കുറവേ ഒരു വര്‍ഷം ലഭിക്കാന്‍ സാധ്യതയുള്ളുവെന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി ക്യാബിനറ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ പോള്‍ ടാക്‌സ് നല്‍കിയതിനു തുല്യമായ പ്രതിസന്ധികളിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീഴുമെന്ന് മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പറഞ്ഞു. 2015ല്‍ ജോര്‍ജ് ഓസ്‌ബോണ്‍ ആണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ നിന്ന് 2 ബില്യന്‍ വെട്ടിക്കുറച്ചത്. ഇത് പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ജോണ്‍ മേജറും യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ ശില്പിയായ ഇയാന്‍ ഡങ്കന്‍ സ്മിത്തും ആവശ്യപ്പെടുന്നു. മുന്‍ ചാന്‍സലര്‍ വരുത്തിവെച്ച മാറ്റങ്ങള്‍ മൂലമുണ്ടായ വീഴ്ചകള്‍ പരിഹരിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടി വരികയെന്നാണ് കരുതുന്നത്.
വിഷയം നിരീക്ഷിച്ചു വരികയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. നിലവില്‍ 11850 പൗണ്ടാണ് ഇന്‍കം ടാക്‌സ് പരിധി. ഇത് 2020 ഓടെ 12500 പൗണ്ടായി ഉയര്‍ത്തുമെന്നായിരുന്നു ടോറി പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ അധിക ഫണ്ട് കണ്ടെത്തേണ്ടി വരുന്നതിനാല്‍ ഈ വാഗ്ദാനം എടുത്തു കളയാനാണ് ഹാമണ്ട് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. എന്‍എച്ച്എസിന് 20 ബില്യന്‍ അധിക ഫണ്ട് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നിറവേറ്റണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന. ഇത് ചാന്‍സലര്‍ക്കു മേല്‍ അധിക സമ്മര്‍ദ്ദമാണെന്നും വിലയിരുത്തപ്പെടുന്നു.
ആഗോള ഓഹരി വിപണികളില്‍ വന്‍ ഇടിവ്. അമേരിക്കന്‍ സ്‌റ്റോക്കുകളില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവ് ആഗോള മാര്‍ക്കറ്റിനെ സാരമായി ബാധിച്ചു. എഫ്ടിഎസ്ഇ 100 സൂചികയില്‍ മാത്രം 26 ബില്യന്‍ പൗണ്ടാണ് നഷ്ടമായത്. 113 പോയിന്റാണ് സൂചികയില്‍ ഇടിവുണ്ടായത്. ടെക് കമ്പനികളിലെ നിക്ഷേപമായ ഗോള്‍ഡന്‍ സ്‌റ്റോക്കുകള്‍ വോള്‍ സ്ട്രീറ്റ് ട്രേഡര്‍മാര്‍ കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ വിറ്റഴിച്ചതോടെ ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയുടെ ഓഹരിമൂല്യം 10 ശതമാനം ഇടിഞ്ഞു. ക്രിപ്‌റ്റോകറന്‍സികളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിറ്റ്‌കോയിന്‍ മൂല്യം 300 ഡോളര്‍ ഇടിഞ്ഞ് 6200 ഡോളറിലെത്തി. എഫ്ടിഎസ്ഇ 100 സൂചിക 138.81 പോയിന്റ് നഷ്ടത്തില്‍ 7006.93നാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതാണ് വിപണിയില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. പക്ഷേ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയുടെ ആഗോള തലത്തിലുള്ള ഒരു കറക്ഷന്‍ നടപടിയാണ് ഈ ഇടിവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവ് ബ്രിട്ടീഷ് വിപണിയെയും ചോരയില്‍ മുക്കി. ഓഹരികള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നത് തുടര്‍ന്നതോടെ എഫ്ടിഎസ്ഇ 100 1.6 ശതമാനം ഇടിഞ്ഞ് ഉച്ചയോടെ 26 ബില്യന്‍ പൗണ്ട് നഷ്ടം രേഖപ്പെടുത്തി. ആഗോള വിപണികളിലെ ഈ ആഘാതം ജപ്പാനിലെ നിക്കി വിപണിയെ നാലു ശതമാനവും ചൈനീസ് വിപണിയെ അഞ്ചു ശതമാനവുമാണ് താഴ്ത്തിയത്.
ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് എന്നിവയ്ക്ക് കനത്ത നഷ്ടത്തിന്റെ ദിവസം കൂടിയായിരുന്നു വെള്ളിയാഴ്ച. ബില്യന്‍ കണക്കിന് ഡോളറുകളാണ് ഇവര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായത്. അമേരിക്കന്‍ ബോണ്ടുകളിന്‍മേലുള്ള ആശങ്കയാണ് നിക്ഷേപകര്‍ ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിക്കാന്‍ കാരണമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴും അവസാനപ്രതീക്ഷയും അസ്തമിച്ചു മരണത്തെ കാത്തുകിടക്കുമ്പോഴും എല്ലാ മനുഷ്യരുടെയും കണ്ണുകളില്‍ തിരയടിക്കുന്നത് ഒരേ വികാരവിചാരങ്ങളാകും. ഇത്തരം മുഖങ്ങള്‍ ഏറ്റവുമധികം കണ്ടിട്ടുണ്ടാവുക ഒരു നഴ്‌സായിരിക്കും. ഒന്നോര്‍ത്തുനോക്കൂ, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നഴ്‌സിന്റെ സഹായം തേടാത്ത, അവരുടെ പരിചരണം ഏറ്റുവാങ്ങാത്ത ആരെങ്കിലും ഉണ്ടാകുമോ? ഉറ്റവരും ഉടയവരും അരികിലില്ലാതെ,ഒറ്റയ്ക്ക് പോരാടേണ്ടി വന്ന ജീവിതസന്ധികളില്‍ ഒരു നഴ്‌സിന്റെ സ്‌നേഹപരിചരണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ലേ?
ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്‌സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഒരു പക്ഷെ ഇത്രയധികം നേഴ്‌സുമാർ ഉള്ള കേരളത്തെ സംബന്ധിച്ചടത്തോളം ഒരു നേഴ്‌സ് എങ്കിലും ഇല്ലാത്ത വീട് വളരെ കുറവാണ് എന്ന് തന്നെ പറയാം. കേരളത്തിന്റെ സാമ്പത്തികം ഒരു പരിധി വരെ പ്രവാസികളായ നഴ്സുമാർ ഉൾപ്പെടുന്ന സമൂഹത്തിന്റെ ആണ് എന്നുള്ളത് ഒരു നഗ്നസത്യം. മറ്റുള്ളവരോടുള്ള അവരുടെ ഇടപെടലും സമീപനവും ശുശ്രൂഷകളുമെല്ലാമാണ് അങ്ങനെയൊരു പേര് അവര്‍ക്ക് ലഭിക്കുന്നതിന് കാരണമായതും. യുകെയിലെ നഴ്‌സുമാരെക്കുറിച്ചു എഴുതിയ ഒരു ലേഖനമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചര്‍ച്ചചെയ്യപ്പെടുന്നതും ശ്രദ്ധേയവുമായിരിക്കുന്നത്.
നഴ്‌സുമാരെ വിവാഹം കഴിക്കുന്ന പുരുഷന്മാരാണ്, മറ്റ് പ്രൊഫഷനുകളില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത് എന്നാണ് ഈ ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. യുകെയിലെ വളരെ പ്രസിദ്ധമായ ഒരു ഓൺലൈൻ മാഗസിനിൽ ആണ് ഈ ലേഖനം വന്നിരിക്കുന്നത്. പല കാരണങ്ങളാണ് ഇതിന് തെളിവായി പറയുന്നത്. ഒരേസമയം കര്‍ക്കശക്കാരും ലോല ഹൃദയരുമാണ് നഴ്‌സുമാര്‍. ഒരു വ്യക്തിയുടെ ഏറ്റവും മോശം അവസ്ഥയില്‍ അവരോടൊപ്പമായിരിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുന്നവരാണ് അവര്‍. പരാതികൾ ക്ഷമയോടെ കേൾക്കുകയും വേദനകളും പരിഹരിക്കുന്നവര്‍ ഈ നേഴ്‌സുമാർ. ഒരാളുടെ മനസികാവസ്ഥക്ക് അനുസരിച്ചു ആവശ്യനേരങ്ങളില്‍ സപ്പോര്‍ട്ട് നല്‍കാന്‍ അവരെ കഴിഞ്ഞേ ആളുള്ളത്രേ.
ജീവിതത്തിലെ പ്രധാനപ്പെട്ടവയെ ആവശ്യമായ ശ്രദ്ധയും കരുതലും നല്‍കി സംരക്ഷിക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. നേഴ്‌സിങ് ജോലിയിൽ ദിവസേന അത്യാഹിതങ്ങള്‍ കാണുന്നതുകൊണ്ട് ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് എപ്പോഴും നന്ദിയും കരുതലും ഉണ്ടാവും. ക്ഷമയുടെ കാര്യം പറയുകയേ വേണ്ട. ജോലിയുടെ ഓരോ നിമിഷത്തിലും അതാണല്ലോ അവര്‍ ശീലിച്ചിരിക്കുന്നത്. കരുണയും സ്‌നേഹവും പങ്കുവയ്ക്കാന്‍ നഴ്‌സുമാര്‍ക്ക് പ്രത്യേക കഴിവുണ്ട്. മികച്ച അമ്മമാരാകാനും അവരാണ് മിടുക്കര്‍. കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.
ജീവിതത്തിലെ അത്യാഹിത സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യുന്നതിലും അവര്‍ വിരുതരാണ്. വീണ്ടു വിചാരമില്ലാതെ എടുത്തുചാടി ഒരു തീരുമാനവും അവര്‍ ജീവിതത്തില്‍ എടുക്കുകയുമില്ല. ഇതുകൊണ്ടൊക്കെയാണത്രേ നഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സന്തോഷവാന്മാരായി കാണപ്പെടുന്നത്, ലേഖനം പറയുന്നു. എന്തായാലും ഈ ലേഖനം നേഴ്‌സുമാരുടെ വിവാഹ ആലോചനകൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.
ജനസംഖ്യയില്‍ 26 ശതമാനം യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നതെന്ന് സര്‍വേ. 3.4 മില്യനിലേറെ യുവജനങ്ങള്‍ക്ക് ഇപ്പോഴും മാതാപിതാക്കളുടെ വീടുകള്‍ തന്നെയാണ് ആശ്രയം. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി വിലയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 20നും 34നുമിടയില്‍ പ്രായമുള്ളവരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. ഉയര്‍ന്ന വാടകയും മോര്‍ട്ട്‌ഗേജ് ഡിപ്പോസിറ്റുകളും പെയ്‌മെന്റുകളും സൃഷ്ടിക്കുന്ന അധൈര്യവും യുവാക്കള്‍ക്ക് സ്വന്തം കൂര തേടാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍.
യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസ വായ്പകളുടെ ഭാരം, പ്രതിഫലമില്ലാത്ത ഇന്റേണ്‍ഷിപ്പുകള്‍, ജോലികളിലെ അനിശ്ചിതത്വം, ഉയരാത്ത ശമ്പള നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ഇവ സ്വന്തമായി പാര്‍പ്പിടം എന്ന സ്വപ്‌നത്തെത്തന്നെയാണ ഇല്ലാതാക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫെയര്‍നസ് എന്ന പ്രഷര്‍ ഗ്രൂപ്പ് കോ ഫൗണ്ടര്‍ ആന്‍ഗസ് ഹാന്റണ്‍ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്.
പത്തു വര്‍ഷത്തിനിടെ 28 ശതമാനവും 15 വര്‍ഷത്തിനിടെ 41 ശതമാനവുമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത്. അനുപാതത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് മുന്നില്‍. മൂന്നിലൊന്നിലേറെപ്പേര്‍ ഇവിടെ ഇത്തരത്തില്‍ കഴിയുന്നുണ്ട്. ഗാര്‍ഹിക പ്രതിസന്ധി ഒരു തമുറയെത്തന്നെ ബാധിക്കുന്ന കാഴ്ചയക്കാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്.