ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക കാല്‍വെപ്പായ മിഷന്‍ സെന്ററുകളുടെ സ്ഥാപനത്തില്‍, ഇന്നലെ രണ്ടു പുതിയ മിഷനുകള്‍ കൂടി ആരംഭിച്ചു. പീറ്റര്‍ബറോയും കേംബ്രിഡ്ജും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷനുകളുടെ സാരഥിയായി റവ. ഫാ. ഫിലിപ് പന്തമാക്കലിനെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ (ഡിക്രി) നിയമിച്ചു. ഇന്നലെ വൈകിട്ട് 7. 15 നു സെന്റ്. ജവശഹശു Howard Catholic Churchല്‍ നടന്ന ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു.

റവ. ഫാ. തോമസ് പാറക്കണ്ടം മിഷന്‍ സ്ഥാപന വിജ്ഞാപന വായനയെത്തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഡിക്രിയുടെ കോപ്പി ഫാ. ഫിലിപ്പ് പന്തമാക്കലിന് നല്‍കി മിഷന്‍ ഡയറക്ടറായി നിയമിച്ചു. കേംബ്രിഡ്ജ് കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം’ മിഷനും പീറ്റര്‍ബറോ കേന്ദ്രമാക്കി ‘ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്’ മിഷനുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. തുടര്‍ന്ന് വിളക്ക് തെളിച്ചു ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി വചനസന്ദേശം പങ്കുവച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി; റവ. ഫാ. ആന്റണി പറങ്കിമാലില്‍ വി. സി, റവ. ഫാ. ജിജി പുതുവീട്ടിക്കളം, റവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ് പന്തമാക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും നല്‍കപ്പെട്ടു.

ഇന്ന് വൈകിട്ട് 6. 30ന് ബെര്‍മിംഗ്ഹാമില്‍ മിഷന്‍ പ്രഖ്യാപനം നടക്കും. Our Lady of the Rosary & St. Therese of Lisieux Church (Parkfield Road, Saltley, Birmingham, B8 3BB) ല്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര ബെര്‍മിംഗ്ഹാം മിഷന്‍ ഡയറക്ടര്‍ ആയി നിയമിതനാകും. തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികരായിരിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മിഷന്‍ കമ്മറ്റി അറിയിച്ചു. ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.