ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന പ്രളയ ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവെക്കപ്പെട്ട ഓണാഘോഷ പരിപാടികള്‍ ഒരു ചാരിറ്റി ഇവന്റായി നടത്താനൊരുങ്ങി കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ്. പ്രളയത്തിന്റെ മഹാദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന നമ്മുടെ പ്രിയ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങായി, സാന്ത്വനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമായി മാറ്റിവെക്കപ്പെട്ട ഈ ഓണാഘോഷം ഒരു ചാരിറ്റി ഇവന്റായി നടത്തപ്പെടുന്നു.
2018 സെപ്റ്റംബര്‍ 16 ഞായറാഴ്ച 11.30 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്വെല്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ചാണ് പരിപാടി. കെസിഎ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സെക്രട്ടറി അനില്‍ പുതുശേരി സ്വാഗതവും മുഖ്യാതിഥിയായ ഡോ.മനോജ് ഉദ്ഘാടനവും നിര്‍വഹിക്കുന്നു. കെസിഎ ട്രഷറര്‍ ജ്യോതിസ് കൃതജ്ഞത അര്‍പ്പിക്കും. ബിനോയി ചാക്കോ, സാബു ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സ്‌കൂള്‍ ഓഫ് കെസിഎയുടെ ഡാന്‍സ് ടീച്ചര്‍ ആയ കല മനോജിന് സ്‌നേഹോപഹാരം നല്‍കും. 11.30ന് സദ്യയോടെ ആരംഭിക്കുന്ന ചാരിറ്റി ഇവന്റ് പൊതുസമ്മേളനത്തെത്തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ചാരിറ്റി ഇവന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍, ദുരിതമനുഭവിക്കുന്ന ഓരോ സഹോദരങ്ങളുടെയും കണ്ണീരൊപ്പാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുഴുവന്‍ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
Venue
Bradwell Community Centre
Riceyman RD, Newcastle
ടിവിയില്‍ സിനിമയോ ഉദ്വേഗഭരിതമായ ഒരു സീരീസോ കാണുമ്പോള്‍ തീയേറ്ററിനു സമാനമായ ശബ്ദ സംവിധാനമുണ്ടെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാല്‍ വീടുകളില്‍ സ്ഥാപിക്കാവുന്ന സറൗണ്ട് സൗണ്ട് സിസ്റ്റങ്ങള്‍ വന്‍ വില കൊടുത്ത് സ്ഥാപിക്കേണ്ടി വരും എന്ന ന്യൂനത ഈ ആഗ്രഹത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബിബിസി. സ്പീക്കര്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പോലെയുള്ള വീട്ടുപകരണങ്ങളും സ്മാര്‍ട്ട്‌ഫോണും ഐപാഡും എല്ലാം സറൗണ്ട് സൗണ്ട് സിസ്റ്റത്തിന്റെ ഭാഗമാക്കി മാറ്റുന്ന സാങ്കേതികതയ്ക്കാണ് ബിബിസിയുടെ റിസര്‍ച്ച് വിഭാഗം രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമ ഹാളിനുള്ളില്‍ ഇരിക്കുന്ന പ്രതീതി വീട്ടില്‍ സൃഷ്ടിക്കാന്‍ ഈ സംവിധാനത്തിസലൂടെ സാധിക്കും. കുട്ടികള്‍ മുറിയിലുണ്ടെങ്കില്‍ പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍ കുറയ്ക്കുന്ന വിധത്തില്‍ പ്രോഗ്രാം ചെയ്യാനും ഇതിലൂടെ സാധിക്കും.
വീട്ടുപകരണങ്ങളിലെ സ്പീക്കറുകള്‍ ഉപയോഗിച്ച് സറൗണ്ട് സിസ്റ്റത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫ്രിഡ്ജുകള്‍, ഇലക്ട്രോണിക് അസിസ്റ്റന്റ് ആയ അലക്‌സ തുടങ്ങിയവയും ഇതില്‍ ഉപയോഗിക്കപ്പെടും. ഹൊറര്‍ മൂവികളിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ലൈറ്റുകള്‍ ഫ്‌ളിക്കര്‍ ചെയ്യാന്‍ പോലും ഇതിലൂടെ സാധിക്കും. ഈ സാങ്കേതികത ഉപയോഗിക്കുന്ന ആദ്യത്തെ ഓഡിയോ ഡ്രാമ ദി വോസ്‌റ്റോക്-കെ ഇന്‍സിഡന്റ് ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിരുന്നു. ബിബിസി വെബ്‌സൈറ്റില്‍ ഇത് ട്രയല്‍ ചെയ്യാവുന്നതാണ്. 20 ഡിവൈസുകള്‍ വരെ ഇതില്‍ ഉപയോഗിക്കാനാകും.
ഇത് വിജയകരമായാല്‍ ഈ സാങ്കേതികത ഉപയോഗിക്കുന്ന പരിപാടികള്‍ ബിബിസി കൂടുതലായി നിര്‍മിക്കും. പഴയ പ്രോഗ്രാമുകള്‍ ഇവയ്ക്ക് അനുസൃതമായി പുനസൃഷ്ടിക്കും. രണ്ടു വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ് ഈ സാങ്കേതികത ഉരുത്തിരിഞ്ഞതെന്ന് ബിബിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തലവന്‍ ഡോ.ജോണ്‍ ഫ്രാന്‍കോംബ് പറഞ്ഞു. ഇതനുസരിച്ച് കാഴ്ചക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഐപാഡ് തുടങ്ങിയവ ക്യുആര്‍ കോഡ് ഉപയോഗിച്ച് പെയര്‍ ചെയ്യണം. ഇവ എവിടെയൊക്കെ സ്ഥാപിക്കണമെന്ന് ഈ സംവിധാനം നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. വളരെ വ്യത്യസ്തമായ ഒരു ശബ്ദാനുഭവമായിരിക്കും ഇത് പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലായാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കടുത്ത യാത്രാ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. സര്‍ക്കാര്‍ പുറത്തു വിട്ട അഡൈ്വസ് പേപ്പറുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റോഡ്, റെയില്‍, വിമാന യാത്രകളിലെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം എന്നാണ് മുന്നറിയിപ്പ്. ധാരണകളില്ലാത്ത ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സാധുതയില്ലാത്തതായി മാറും. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേക പെര്‍മിറ്റുകള്‍ എടുക്കേണ്ട അവസ്ഥയും ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകും. യൂറോസ്റ്റാര്‍ ട്രെയിന്‍ സര്‍വീസുകളെയും ബ്രിട്ടീഷ് വിമാന സര്‍വീസുകളെയും ബ്രെക്‌സിറ്റ് ബാധിച്ചേക്കാമെന്ന ഫ്രഞ്ച് യൂറോപ്പ് മിനിസ്റ്ററുടെ മുന്നറിയിപ്പ് നിഷേധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
യുകെയില്‍ നിര്‍മിക്കുകയും അംഗീകാരം നേടുകയും ചെയ്യപ്പെടുന്ന വാഹനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍പനയ്ക്ക് യോഗ്യതയില്ലാത്തതായി മാറുമെന്നും നോ ഡീല്‍ ഡോക്യുമെന്റുകള്‍ പറയുന്നു. യുകെ കാര്‍ വ്യവസായ മേഖലയ്ക്ക് ഇത് വന്‍ തിരിച്ചടി സമ്മാനിക്കും. രണ്ടു ദിവസം മുമ്പാണ് ജാഗ്വാര്‍ ലാന്‍ ഡ് റോവര്‍ തലവന്‍ തെരേസ മേയുടെ ബ്രെക്‌സിറ്റ് നയത്തിനെതിരെ രംഗത്തു വന്നത്. പ്രധാനമന്ത്രിയുടെ നയം കാര്‍ വ്യവസായ മേഖലയില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജോലിയെ ബാധിക്കുമെന്ന് ജാഗ്വാര്‍ തലവന്‍ പറഞ്ഞിരുന്നു. 28 ടെക്‌നിക്കല്‍ നോട്ടീസസ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ വ്യാപക വിമര്‍ശനത്തിന് വിധേയമാകുകയാണ്.
നോ ഡീല്‍ വ്യവസായങ്ങള്‍ക്ക് കനത്ത പ്രഹരമായി മാറുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക പോകണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റുകള്‍ തേടേണ്ട അവസ്ഥയിലേക്കാണ് ഡ്രൈവര്‍മാര്‍ നീങ്ങുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറഞ്ഞു. ഹോളിഡേ മേക്കേഴ്‌സിന് ഇത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും എഎ അറിയിക്കുന്നു. പാസ്‌പോര്‍ട്ട് കാലാവധി ആറു മാസം മാത്രമേ ശേഷിക്കുന്നുള്ളുവെങ്കില്‍ ഷെങ്കന്‍ മേഖലയില്‍ പ്രവേശനം ലഭിക്കില്ല, മൊബൈല്‍ റോമിംഗ് ചാര്‍ജുകള്‍ തിരികെ വരും, ഫെറി, കാര്‍ഗോ സര്‍വീസുകളില്‍ പരിശോധനകള്‍, യുകെ കോടതി വിധികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നതിനാല്‍ സിവില്‍, ലീഗല്‍ കേസുകളില്‍ ആശയക്കുഴപ്പം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് ടെക്‌നിക്കല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓവലില്‍ ഇന്ത്യയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ വിട്ടുനിന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവരാണ് ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന അലിസ്റ്റര്‍ കുക്ക് ഉള്‍പ്പെടയുളള താരങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായപ്പോഴാണ് ഇവര്‍ പെട്ടെന്ന് ദൂരേയ്ക്ക് മാറിനിന്നത്. ഇസ്‌ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിന്‍ ആഘോഷങ്ങളില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.
അതേസമയം, ടീമംഗങ്ങള്‍ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍നിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉള്‍പ്പെടെ പരമ്പരാഗത രീതിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആഘോഷിക്കുമ്പോള്‍ മോയിന്‍ അലി അതിന്റെ ഭാഗമായിരുന്നില്ല.
ടീമിന്റെ വിജയാഘോഷങ്ങളില്‍ ഷാംപെയിന്‍ പൊട്ടിക്കുമ്പോള്‍ ആദില്‍ റഷീദും സമാനമായ രീതിയില്‍ മൈതാനം വിടും. ഷാംപെയിന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു കൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ചോദ്യമുയര്‍ന്നപ്പോള്‍ മോയിന്‍ അലി പ്രതികരിച്ചിരുന്നു
ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി വിജയ് മല്യ. രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ് മല്യ.
നേരത്തെ ലണ്ടനില്‍ വച്ച് രാജ്യം വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യ വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
ജയിലിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ലണ്ടനില്‍ തുടരുകയാണ് വിജയ് മല്യ. യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മല്യയെ താമസിപ്പിക്കാന്‍ പോകുന്ന ജയിലില്‍ ഉണ്ടോയെന്ന കാര്യത്തില്‍ കോടതിയില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മല്യ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ലണ്ടന്‍ കോടതിക്ക് മല്യയെ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ ബാരക്ക് 12 ന്റെ സകര്യങ്ങള്‍ സിബിഐ ഫയല്‍ ചെയ്ത വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.
ആഡംബര ജീവിതം കൊണ്ട് ബ്രിട്ടനെ ഒന്നടങ്കം ഞെട്ടിക്കുന്ന ഇന്ത്യന്‍ കോടീശ്വര പുത്രിയെക്കുറിച്ചാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. യുകെയില്‍ ഏറ്റവും ആഡംബരമുള്ള വിദ്യാര്‍ഥി എന്നാണ് ഒറ്റവാക്കില്‍ ലോക പ്രശസ്തമായ ദി സണ്‍ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍ അറിഞ്ഞാല്‍ വിശേഷണം ഒട്ടും കുറവായെന്ന് ആര്‍ക്കും തോന്നില്ല.
ഇന്ത്യന്‍ കോടീശ്വരന്‍റെ മകള്‍ എന്നാണ് മാധ്യമങ്ങള്‍ പെണ്‍കുട്ടിയെക്കുറിച്ച് പറയുന്നത്. ഉന്നത വിദ്യാഭാസത്തിനായി പെണ്‍കുട്ടി യുകെയിലേക്ക് പറന്നപ്പോള്‍ 12 പരിചാരകരാണ് കൂടെ വിമാനം കയറിയത്. സ്കോട്ട് ലന്‍ഡിലെ സെന്‍റ് ആന്‍ഡ്രൂസ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ആഡംബര ജീവിതത്തിലൂടെ ശ്രദ്ധ കൈവരിച്ചിരിക്കുന്നത്.
മറ്റ് കുട്ടികള്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലുകളില്‍ റൂമിനായി തിക്കി തിരക്കുമ്പോള്‍ കൊട്ടാര സമാനമായ അത്യുഗ്രന്‍ ബംഗ്ലാവാണ് മകള്‍ക്ക് അന്തിയുറങ്ങാനായി ഇന്ത്യന്‍ കോടീശ്വരന്‍ വാടകയ്ക്കെടുത്തത്. അതുകൊണ്ടു തന്നെ റൂം പങ്കിടേണ്ട ആവശ്യകത കുട്ടിക്കില്ല. പാരമ്പര്യത്തിന്‍റെ പ്രൗഡിയുള്ള ബംഗ്ലാവില്‍ മനോഹരമായ പൂന്തോട്ടമടക്കമുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്.
12 പേരാണ് പരിചരിക്കാനായി സദാസമയവും കാത്തുനില്‍ക്കുന്നത്. ഒരു പാചകക്കാരന്‍, മൂന്ന് വീതം സ്ത്രീ പുരുഷ വീട്ടുജോലിക്കാര്‍, പൂന്തോട്ട പരിപാലനത്തിന് ഒരാള്‍, വിശേഷ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമായി ഒരാള്‍, ഒരു ഡ്രൈവര്‍, ഇവര്‍ക്കെല്ലാം പുറമെ രണ്ട് പേര്‍ എന്നിങ്ങനെയാണ് ചരിചരണം. കുട്ടിക്ക് പ്രവേശനം ലഭിക്കുന്ന സമയത്താണ് ഇത്രയും പേരെ ഒരു റിക്രൂട്ട് മെന്‍റ് ഏജന്‍സിയില്‍ നിന്ന് ജോലിക്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാള്‍ക്ക് മുപ്പതിനായിരം പൗണ്ട് ഒരു വര്‍ഷം നല്‍കുമെന്നാണ് വ്യവസ്ഥ. കുട്ടിയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കണമെന്നുമാത്രം.
വാതിലുകള്‍ തുറന്ന് കൊടുക്കുന്നതുമുതല്‍ ഭക്ഷണം വിളമ്പുന്നതിന് വരെ പ്രത്യേകം ചുമതലകള്‍ ഓരോരുത്തര്‍ക്കും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ആളുണ്ട്. എന്തായാലും ഇന്ത്യന്‍ കോടീശ്വര പുത്രി ബ്രിട്ടനില്‍ താരമായിട്ടുണ്ട്.
ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ കുടിയേറ്റത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ സമൂഹത്തിന്റെ നന്മ കാംഷിച്ച് പ്രവര്‍ത്തിച്ച, വ്യക്തിപരമായും, സാമൂഹികപരമായും, മതപരമായുമുള്ള ഗ്ലാസ്ഗോ മലയാളിയുടെ അസ്ഥിത്വത്തിന് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയ മാത്തൂര്‍ കുടുംബം ഗ്ലാസ്ഗോയിലെ 15 വര്‍ഷക്കാലം നീണ്ട പ്രവാസത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുന്നു.
2003ല്‍ ഗ്ലാസ്ഗോയിലെത്തിയ ബെന്നി മാത്തൂരും, ജിഷ ബെന്നിയും മക്കളായ ഐറിനും, എവലിനും മറ്റേതൊരു മലയാളിയേക്കാളുപരിയായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിനു വേണ്ടി ആത്മാര്‍പ്പണത്തോടു കൂടി പ്രവര്‍ത്തിച്ചവരാണ്.
ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന് ഊടും പാവും നല്‍കിയതില്‍ ബെന്നിച്ചനുള്ള പങ്കിനെ ആര്‍ക്കും തമസ്‌കരിക്കാനാകില്ല. പിച്ചവെച്ചു തുടങ്ങിയ ഒരു മലായാളി പ്രവാസ സമൂഹത്തിന്റെ ഉന്നമനത്തിനായി ആത്മസമര്‍പ്പണ്ണം ചെയ്തവരാണ് ബെന്നിച്ചനും കുടുംബവും. കാമ്പസ്ലാംഗ് കേന്ദ്രീകൃതമായി ഒരു മലയാളി കൂട്ടായ്മ രൂപപ്പെട്ടു വരുവാനും ഫാ.സെബാസ്റ്റ്യന്‍ കല്ലത്തിന്റെ നേതൃത്വത്തില്‍ സെന്റ് ബ്രൈഡ്‌സ് പള്ളി വികാരി ഫാ.മോര്‍ട്ടന്റെയും, പ്രാദേശികരായ നല്ല ആളുകളുടെയും സഹായത്തോടെ ഒരു ഇന്ത്യന്‍ കമ്യൂണിറ്റി രൂപപ്പെടുത്തിയെടുക്കാന്‍ ബെന്നിച്ചന്‍ നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാലത്തിന് വിസ്മരിക്കാവുന്നതല്ല.
2004 മുതല്‍ കാംബസ്ലാംഗ് കേന്ദ്രീകൃതമായി മാസം തോറും സീറോ മലബാര്‍ കുര്‍ബാന നടത്താനും പിന്നീട് സ്ഥിരമായി ഇവിടെ ഒരു വൈദികനെ കൊണ്ടുവരുമാനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, 2006 നവംബര്‍ മാസത്തില്‍ സ്ഥിരമായി വൈദികനെത്തിയപ്പോള്‍ അച്ചനെ സഹായിക്കേണ്ടവര്‍ പലരും മാറി നിന്നപ്പോള്‍, മദര്‍വെല്‍ രൂപതയില്‍ സീറോ മലബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നവരില്‍ പ്രധാനി ഓര്‍ത്തഡോക്‌സ് സമുദായാഗം ആയ ബെന്നിച്ചനാണ്, പ്രാരംഭദശയിലുള്ള അരക്ഷിതാവസ്ഥയിലും, പ്രതിസന്ധി ഘട്ടത്തിലും കമ്മറ്റിക്കാരാകാന്‍ ആരും തയ്യാറാകാതിരുന്ന കാലഘട്ടങ്ങളില്‍ ദീര്‍ഘകാലം പള്ളികമ്മറ്റി അംഗമായും, ട്രഷററായും സേവനമനുഷ്ഠിച്ചു.
കൂടാതെ കത്തോലിക്കാ കുര്‍ബാനപ്പാട്ടുകള്‍ പാടാനറിയാവുന്നവര്‍ അകലം പാലിച്ചു നിന്നപ്പോള്‍, തനിക്കു പരിചിതമല്ലാത്ത കത്തോലിക്കാ പള്ളി പാട്ടുകള്‍ പഠിച്ച് പാടാന്‍ സന്മനസ്സ് കാണിച്ച ജിഷയും, മലയാളം അത്യാവശ്യത്തിനു മാത്രമറിയാവുന്ന ഐറിന്‍ അള്‍ത്താര ബാലികയായതും ഈ കുടുംബത്തിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന, മതത്തിന്റെ വേലി കെട്ടുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനും, പ്രവര്‍ത്തിക്കാനുമുള്ള ഈ കുടുംബത്തിന്റെ വിശാല മനസ്ഥിതിയാണ്.
മലയാളികള്‍ പരസ്പരാശ്രയത്തിലും, പ്രതിബദ്ധതയിലും, പൗണ്ടിനെ രൂപയും ആയി ഗുണിച്ചു ജീവിച്ചിരുന്ന ആദ്യ നാളുകള്‍ മുതല്‍ 15 വര്‍ഷത്തിനിപ്പറവും. തങ്ങളുടെ സമയവും, സാഹചര്യങ്ങളും മറ്റുള്ളവര്‍ക്കായി മാറ്റിവെച്ചു കൊണ്ട്, സഹായമര്‍ഹിക്കുന്നിടത്ത് ഓടിയെത്തുന്ന ഈ കുടുംബത്തിന് സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.
ഗ്ലാസ്ഗോ മലയാളിയുടെ അതിജീവനത്തിന്റെ ഘട്ടത്തിലും, തുടര്‍ന്നും സാമൂഹ്യ പ്രതിബദ്ധതയോടെ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും, പ്രീണനനയം ഒട്ടും കൈവശമില്ലാത്തതിനാലും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തി കൂടിയാണ് ബെന്നിച്ചന്‍.
കലാകേരളം ഗ്ലാസ്‌ഗോയുടെ മുന്‍ സെക്രട്ടറി, ഉപദേശക സമിതി അംഗം, കലാകേരളം ചെണ്ട ഗ്രൂപ്പിന്റെ തുടക്കക്കാരന്‍, ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍സ് ഓഫ് മദര്‍ മേരി മദര്‍വെല്‍ സ്‌കോട്‌ലാന്‍ഡ് (ICOMS) ട്രഷറര്‍, കമ്മറ്റി അംഗം. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗ്ലാസ്‌ഗോയുടെ തുടക്കകാരനും ട്രസ്റ്റിയും എന്നു വേണ്ട, ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബെന്നിച്ചന്‍ അതു കൊണ്ട് മാത്രമാണ്, വെറും ഒരാഴ്ചകൊണ്ട് കലാകേരളം ഗ്ലാസ് ഗോ സംഘടിപ്പിച്ച യാത്ര അയപ്പില്‍ ഔദ്യോദിഗ ക്ഷണമില്ലാതെ തന്നെ അനേകര്‍ സാന്നിദ്ധ്യമറിയിച്ച് ആശംസകള്‍ നേര്‍ന്നത്.
ബഹു. മോര്‍ട്ടനച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തിലേക്ക് ബെന്നി മാത്തൂര്‍ കുടുംബത്തെ താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. വര്‍ണശബളമായ സമ്മേളന വേദിയില്‍ വെച്ച് കലാകേരളത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാത്തൂര്‍ കുടുംബത്തിനുള്ള സ്‌നേഹോപകാരം ഫാ.പോള്‍ മോര്‍ട്ടനും, പ്രസിഡന്റ് ജോമോന്‍ തോപ്പിലും, സെക്രട്ടറി പോള്‍സണ്‍ ലോനപ്പനും ചേര്‍ന്ന് നല്‍കി. വികാരനിര്‍ഭരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറി.
ബെന്നിച്ചനും, ജിഷയ്ക്കും, ഐറിനും, ഇവിക്കും കലാകേരളം ഗ്ലാസ് ഗോ കുടുംബത്തിന്റെയും, സുഹൃത്തുകളുടെയും പ്രാര്‍ത്ഥാനിര്‍ഭരമായ ശുഭാശംസകള്‍ നേരുന്നതോടൊപ്പം. നിങ്ങള്‍ കാണിച്ച ആര്‍ജ്ജവത്തിനും, ആത്മാര്‍ത്ഥതയ്ക്കും, കപടതയില്ലാത്ത വ്യക്തിതിത്വത്തിനും ഒത്തിരി നന്ദി. സ്‌നേഹാശംസകള്‍.
ലെസ്റ്റര്‍: ലോക പ്രശസ്ത ആയോധന കലയായ കരാട്ടെയുടെ പരമ്പരാഗത ഒക്കിനാവന്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ ക്ലാസ്സുകള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നു. ഷോറിന്‍ റിയു സൈബുക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി യുകെയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് രാജാ തോമസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ലെസ്റ്ററില്‍ പുതിയ പരിശീലന ബാച്ചിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി നിരവധി പ്രതിഭകളെ കരാട്ടെയില്‍ വാര്‍ത്തെടുക്കുന്ന ഷോറിന്‍ റിയു സൈബുക്കാന്‍ അക്കാദമിയുടെ ക്ലാസുകള്‍ ലോകോത്തര നിലവാരത്തില്‍ നടത്തപ്പെടുന്നവയാണ്. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയുടെ പാരിഷ് ഹാളിലാണ് ഇന്ന് വൈകുന്നേരം 05.30 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ അക്കാദമിയ്ക്ക് ഇതോടെ ലെസ്റ്ററില്‍ തന്നെ നാല് ഡോജോകള്‍ (പരിശീലന കളരി) ആണ് പ്രവര്‍ത്തനക്ഷമമാകുന്നത്. യുകെയില്‍ കവന്റ്രി, ബര്‍മിംഗ്ഹാം, വോക്കിംഗ്, നോട്ടിംഗ്ഹാം, ന്യൂപോര്‍ട്ട്, കാര്‍ഡിഫ്, റെഡിച്ച് തുടങ്ങി മറ്റ് പല സ്ഥലങ്ങളിലും നിലവില്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെയുടെ പരിശീലന ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. സെന്‍സായ് അനിത ലക്ഷ്മിയുടെ ശിക്ഷണത്തില്‍ വനിതകള്‍ക്ക് മാത്രമായുള്ള കരാട്ടെ പരിശീലനവും അക്കാദമിയുടെ കീഴില്‍ ലെസ്റ്ററില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് മുതല്‍ എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 05.30 മുതല്‍ ആയിരിക്കും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളില്‍ കരാട്ടെ പരിശീലനം ആരംഭിക്കുന്നത്. വിശാലമായ കാര്‍ പാര്‍ക്കിംഗ് ഏരിയയും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉള്ള മദര്‍ ഓഫ് ഗോഡ് പാരിഷ് ഹാളില്‍ ഒരേ സമയം നൂറോളം പേര്‍ക്ക് പരിശീലനം നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് രാജ തോമസിന് പുറമേ ഇന്‍സ്ട്രക്ടര്‍മാരായി സെന്‍സായ സാഗര്‍ രാത്തോഡ്, സെന്‍സായ് ബിജലി തോമസ്, സെന്‍സായ് സിബു കുരുവിള, സെന്‍സായ് അനിത ലക്ഷ്മി, സെന്‍സായ് മിബിലി മുന്താലി തുടങ്ങിയവരും ഇവിടെ പരിശീലകരായി ഉണ്ടായിരിക്കും. ഒക്കിനാവാന്‍ പാരമ്പര്യ കരാട്ടെയുടെ തനതായ കരുത്തും സൗന്ദര്യവും കാത്ത് സൂക്ഷിച്ച് മുന്‍പോട്ടു പോകുന്ന അപൂര്‍വ്വം കരാട്ടെ അക്കാദമികളില്‍ ഒന്നാണ് ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ അക്കാദമി യുകെ.
കരാട്ടെ പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ അക്കാദമിയില്‍ പ്രവേശനം നേടുന്ന എല്ലാവര്‍ക്കും ആദ്യ ദിനത്തിലെ പരിശീലനം തികച്ചും സൗജന്യമാണ്. ആയോധന വിദ്യ എന്ന നിലയില്‍ മാത്രമല്ല കുട്ടികളില്‍ മനക്കരുത്തും ആത്മ വിശ്വാസവും വളര്‍ത്താനും മുതിര്‍ന്നവരില്‍ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താനും കരാട്ടെ പരിശീലനം വളരെയധികം ഉപകരിക്കും എന്നതിനാല്‍ കരാട്ടെ പരിശീലനം ഏത് പ്രായത്തിലും ആരംഭിക്കാവുന്നതാണ്. ഷോറിന്‍ റിയു സൈബുക്കാന്‍ കരാട്ടെ, ജിന്‍ബുക്കാന്‍ കൊബുഡോ എന്നീ ആയോധന രീതികളിലാണ് ഇവിടെ പരിശീലനം നല്‍കുന്നത്. പരിശീലനം ചിട്ടയായ രീതിയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒക്കിനാവന്‍ കരാട്ടെ അക്കാദമിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ബെല്‍ട്ടുകളും ലഭിക്കുന്നതായിരിക്കും.
ഷോറിന്‍ റിയു സൈബുക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഇന്ന് ആരംഭിക്കുന്ന ക്ലാസ്സിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്കും പരിശീലനത്തിന് എത്തി പങ്കെടുക്കാവുന്നതാണ് എന്ന് ഷോറിന്‍ റിയു സൈബുക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സെന്‍സായ് രാജ തോമസ് : 07766721483
email : [email protected]
website : www.seibukanmartialartsacademyuk.com
യുക്മ സൗത്ത് വെസ്റ്റ് മുന്‍ ജോയിന്റ് സെക്രട്ടറിയും ന്യൂബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രതിനിധിയുമായ മനോജ് രാമചന്ദ്രന്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധമൂലം ഏറെ നാള്‍ റെഡ്ഡിങ്ങിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ മൂന്നാഴ്ചകള്‍ക്ക് മുന്‍പ് മനോജും കുടുംബവും നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലെ ഒരു പാലിയേറ്റിവ് കെയര്‍ ഹോമില്‍ വച്ചായിരുന്നു അന്ത്യം.
ന്യൂബറി മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സജീവാംഗമായ മനോജ് നേരത്തേ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന മനോജ് രാമചന്ദ്രന്‍ യുക്മ കലാമേളകളിലും കായികമേളകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
റീജിയണല്‍ കമ്മിറ്റിക്കൊപ്പം പരിപാടികളുടെ നടത്തിപ്പിലും ബാക്ക് ഓഫീസ് നിയന്ത്രണത്തിലും പ്രമുഖ സ്ഥാനമാണ് മനോജ് വഹിച്ചിട്ടുള്ളത്. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ന്യൂബറിയില്‍ താമസമാക്കിയിരുന്ന മനോജ് ഐടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്.
ജലപ്രളയം കൊണ്ട് പൊറുതിമുട്ടിയ കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി യുകെയിലെ ഏറ്റവും വലിയ അസോസിയേഷനും പരിചയ സമ്പന്നരായ ഒരുകൂട്ടം കമ്മിറ്റി അംഗങ്ങളും. കഴിഞ്ഞ 14 വര്‍ഷംകൊണ്ട് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബിസിഎംസി ജലപ്രളയം കൊണ്ട് തകര്‍ന്നടിഞ്ഞ തങ്ങളുടെ നാടിനെ തങ്ങളുടെ ഓണം പോലും മാറ്റിവെച്ച് 150ല്‍ പരം കുടുംബങ്ങളില്‍ നിന്നും പിരിച്ചെടുത്ത 5 ലക്ഷത്തില്‍പരം രൂപയുടെ സാമ്പത്തിക സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു കുടുംബത്തിന് 5000 രൂപ കൈമാറിക്കൊണ്ട് അര്‍ഹരായ കുടുംബങ്ങളില്‍ എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. വയനാട്, ചാലക്കുടി, അങ്കമാലി, അതുപോലെ കുട്ടനാട്ടിലെ രാമങ്കരി, ചമ്പക്കുളം, കൈനകരി, ചെമ്പ്, പുളിങ്കുന്ന് എന്നിവിടങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ട് നല്ല മാതൃക കാട്ടിയ ബിസിഎംസിയുടെ എല്ലാ കുടുംബങ്ങള്‍ക്കും നന്ദി അര്‍പ്പിക്കുന്നു.