UK

നൃത്തച്ചുവടുകളുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി കെനിയയിൽ എത്തിയപ്പോഴാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരിക്കൽക്കൂടി നൃത്തം ചെയ്ത് കാണികളെ അമ്പരിപ്പിച്ചത്. യുഎന്നിന്റെ നെയ്റോബി ക്യാംപസിലെത്തിയ തെരേസ മേ സ്കൗട്ട്സ് അംഗങ്ങൾക്കൊപ്പമാണ് ചുവടുകൾ വച്ചത്.

ക്യാംപസിലെത്തിയ തെരേസ ‘പ്ലാസ്റ്റിക് ചലഞ്ചി’നും തുടക്കമിട്ടു. അതിനുശേഷം അവിടെനിന്നും പോകാനൊരുങ്ങുമ്പോഴാണ് വോളന്രിയർമാരായ വിദ്യാർത്ഥികൾ നൃത്തം ചെയ്തത്. തെരേസ മേയും അവർക്കൊപ്പം കൂടി നൃത്തം ചെയ്തു. എന്നാൽ തെരേസ മേയുടെ നൃത്തച്ചുവടുകൾ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നേരത്തെ സൗത്ത് ആഫ്രിക്കയിലെ കേപ് ടൗണിലെ സ്കൂളിൽ എത്തിയപ്പോഴും തെരേസ മേ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഡാൻസും ഭാവപ്രകടനവും ട്രോളുകളായും മെം ആയും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്.

റജി നന്തികാട്ട്

യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018ലെ കലാമേള ഒക്ടോബര്‍ 6ന് ബാസില്‍ഡണില്‍ വെച്ചു നടത്തപ്പെടും. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയ്ക്ക് വേദിയാകുന്നത് ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ്. വിപുലമായ സൗകര്യങ്ങള്‍ ഉള്ള സ്‌കൂളിന്റെ പല വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. കലാമേള മുന്‍ വര്‍ഷങ്ങളിലെ പോലെ വന്‍ വിജയമാകുന്നതിന് വേണ്ടി റീജിയന്‍ ഭാരവാഹികളോടൊപ്പം ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും പ്രവര്‍ത്തനം തുടങ്ങിയതായി റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അറിയിച്ചു.

യുക്മ നാഷണല്‍ കമ്മറ്റി പുറത്തിറക്കിയ പരിഷ്‌കരിച്ച കലാമേള ഇ-മാന്വല്‍ അനുസരിച്ചായിരിക്കും മല്‍സരങ്ങള്‍ നടക്കുക. കലാമേള നിബന്ധനകള്‍ അടങ്ങിയ ഇ-മാന്വല്‍ ഇതിനോടകം എല്ലാ അംഗ അസോസിയേഷനുകള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല എന്നിവയും കലാമേളയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

കലാമേളയില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കലാമേള ഒരു വന്‍ വിജയമാക്കുവാന്‍ ഓരോ അംഗ അസോസിയേഷനുകളും ശ്രമിക്കണമെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോജോ തെരുവന്‍ (റീജിയന്‍ സെക്രട്ടറി): 07753329563

ലിയാം, എമ്മ ഇന്‍ഗ്രാം ദമ്പതികള്‍ ചെലവ് ചുരുക്കാനായി സ്വീകരിച്ച ചില മാര്‍ഗങ്ങള്‍ വര്‍ഷത്തില്‍ ഏതാണ്ട് 7000 പൗണ്ടിന്റെ ലാഭമാണ് കുടുംബത്തിന് ഉണ്ടാക്കിയത്. രണ്ട് വര്‍ഷത്തിനിടെ രണ്ട് പ്രസവങ്ങളിലായി നാല് കുട്ടികളുണ്ടായതോടെയാണ് ഷോപ്പിംഗ് സേവിംഗ്‌സിനെക്കുറിച്ച് ഇരുവരും ആലോചിക്കുന്നത്. ഡ്രൈവറായിരുന്ന ലിയാമിനും ഐ.ടി എഞ്ചിനിയറായിരുന്ന എമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു കുടുംബ ചെലവുകള്‍. തുടര്‍ന്ന് ഇരുവരും ബജറ്റ് ചുരുക്കല്‍ നടപടികള്‍ക്കായി ഇരുവരും കണ്ടെത്തിയ മാര്‍ഗങ്ങള്‍ വളരെ ചെറുതാണെങ്കിലും അവ വലിയ ഫലമുണ്ടാക്കി.

1. ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിച്ചു.

രണ്ട് ജോടി ഇരട്ടക്കുട്ടികളുള്ള കുടുംബത്തിന്റെ പ്രധാന ചെലവുകളിലൊന്നാണ് ഡിസ്‌പോസിബിള്‍ വൈപ്‌സ്. അവയുടെ ഉപയോഗം ഇല്ലാതാക്കി, സമാന്തര മാര്‍ഗം കണ്ടെത്തുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞു. അതോടെ ഡിസ്‌പോസിബിള്‍ വൈപ്‌സിന് പകരം സ്‌പ്രേയും തുണികളും ഉപയോഗിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇത് വര്‍ഷം 706.03 പൗണ്ട് ലാഭിക്കാന്‍ കുടുംബത്തെ സഹായിച്ചു.

2. സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍

അഞ്ച് കുട്ടികളുള്ള ഒരു കുടംബത്തിന് എന്തായാലും കളിപ്പാട്ടങ്ങള്‍ വാങ്ങാതിരിക്കാന്‍ കഴിയില്ല. കളിപ്പാട്ടങ്ങള്‍ക്കായി വലിയൊരു തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇത് നിയന്ത്രിക്കാനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കുകയെന്നത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും എത്തിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല സെക്കന്‍ഡ് ഹാന്‍ഡ് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നത് വഴി ഏതാണ്ട് 85 പൗണ്ടോളം ലാഭിക്കാനും ഇരുവര്‍ക്കും കഴിഞ്ഞു.

3. ബഗ്ഗീസ്

രണ്ട് ജോടി ഇരട്ടക്കുട്ടികള്‍ക്കുമായി നാല് കാര്‍ സീറ്റുകള്‍, ബഗ്ഗീസ് കൂടാതെ മറ്റു ഉപകരണങ്ങള്‍ക്കുമായി സാധാരണയായി 5000 പൗണ്ട് ചെലവ് വരും. വലിയ ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകള്‍ ഒഴിവാക്കുന്നത് വലിയൊരു തുക ലാഭിക്കാന്‍ കഴിയുമെന്ന് എമ്മയും ലിയാമും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടു വീഴ്ച്ച ചെയ്യാതെയാണ് ഇവ വാങ്ങിച്ചിരിക്കുന്നത്. വര്‍ഷം ഏതാണ്ട് 891.21 പൗണ്ട് ഇതിലൂടെ ലാഭമുണ്ടായി.

4. നാപ്പി, വൈപ്‌സ് ചെലവുകള്‍

ഏതാണ്ട് 8000 നാപ്പി 40,000 വൈപ്‌സ് എന്നിവ ഒരു കുടുംബം ഉപയോഗിക്കുന്നതായി എമ്മ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇത് കുറച്ച് കൊണ്ടുവരുന്നത് ബജറ്റില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മനസിലായതോടെ ഇരുവരും റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിച്ചു. നാല് കുട്ടികള്‍ക്കുമായി റീ-യൂസ് ചെയ്യാന്‍ കഴിയുന്ന നാപ്പി ഉപയോഗിക്കുക അസാധ്യമാണെന്ന് മനസിലായ എമ്മ നല്ല ക്വാളിറ്റിയുള്ള ലോക്കല്‍ ബ്രാന്‍ഡുകളും വാങ്ങാന്‍ ആരംഭിച്ചു. 1000 പൗണ്ടിന് അടുത്തായി വര്‍ഷം സേവ് ചെയ്യാന്‍ ഇതിലൂടെ കുടുംബത്തിന് സാധിച്ചു.

5. ഹോളിഡേ

കുടുംബങ്ങളെ സംബന്ധിച്ചടത്തോളം ഹോളിഡേ യാത്രകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ഹോളിഡേ ട്രിപ്പുകള്‍ക്കായി കണ്ടെത്തുകയെന്നത് എമ്മയ്ക്കും ലിയാമിനും ശ്രമകരമായ ജോലിയായിരുന്നു. സാധാരണയായി 1,700 പൗണ്ട് ആവശ്യമുള്ള ഹോളിഡേ വില്ലേജിന് പകരം 700 പൗണ്ട് മതിയാകുന്ന ക്യാംപ് സൈറ്റുകള്‍ ഇവര്‍ തെരഞ്ഞെടുത്തു. ഫ്രാന്‍സിലെ ക്യാംപ്‌സൈറ്റ് സന്ദര്‍ശിക്കാനായി വിമാന യാത്രയെക്കാളും ചെലവ് കുറഞ്ഞ മാര്‍ഗമായ ഫെറി തെരെഞ്ഞെടുക്കുകയും ചെയ്തു. ഏതാണ്ട് 1,500 പൗണ്ട് ഹോളിഡേ ചെലവുകളില്‍ ഇതോടെ ലാഭം കിട്ടി.

6. ഫുട്‌ബോള്‍ കിറ്റുകള്‍.

ലിയാം മൂത്തമകന്‍ മെക്കനൈസ് എന്നിവര്‍ ആഴ്‌സണലിന്റെ കടുത്ത ആരാധകരാണ്. ഫുട്‌ബോള്‍ ഉപകരണങ്ങളും ജഴ്‌സികള്‍ക്കുമായി ഇവര്‍ നല്ലൊരു തുക ചെലവാക്കുന്നതായി മനസിലായതോടെ അവ നിയന്ത്രിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഈ ഇനത്തില്‍ മാത്രമായി വര്‍ഷം 600 പൗണ്ടാണ് ലാഭമുണ്ടായത്.

വാക്വം ക്ലീനര്‍, ഹെയര്‍ ഡ്രയര്‍ നിര്‍മാണ കമ്പനിയായ ഡൈസണ്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേക്ക് എത്തുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇക്കാര്യം കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ 200 മില്യന്‍ പൗണ്ട് ചെലവില്‍ വമ്പന്‍ ടെസ്റ്റ് ട്രാക്ക് നിര്‍മിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വിവരം. ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ടെസ്ലയുമായി മത്സരത്തിനാണ് ഡൈസണ്‍ തയ്യാറെടുക്കുന്നത്. പുതുതലമുറ ഹൈടെക് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം തുറക്കുന്നതോടെ അതി വിദഗ്ദ്ധ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ബ്രെക്‌സിറ്റിന് ആത്മവിശ്വാസം പകരുന്ന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.

നിലവില്‍ 400 ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരാണ് ഡൈസണ്‍ അതിന്റെ കാര്‍ നിര്‍മാണ സംരംഭത്തിനായി നിയോഗിച്ചിരിക്കുന്നത്. 300 പേരെക്കൂടി നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കാര്‍ പ്രോജക്ടില്‍ മാത്രം 8000 പേര്‍ ജീവനക്കാരായി ഉണ്ടാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഇലക്ട്രിക് കാറുകള്‍ ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും യുകെയിലാണെങ്കിവും നിര്‍മ്മാണച്ചെലവ് പരിഗണിച്ച് ഫൈനല്‍ അസംബ്ലി സൗത്ത് ഈസ്റ്റ് ഏഷ്യയിലായിരിക്കുമെന്നാണ് കരുതുന്നത്. ഡൈസണ്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിപക്ഷവും ഇവിടെയാണ് നിര്‍മിക്കപ്പെടുന്നത്.

വില്‍റ്റ്ഷയറിലെ രണ്ടാം ലോകമഹായുദ്ധകാലത്തെ റോയല്‍ എയര്‍ഫോഴ്‌സ് ബേസ് ആയിരുന്ന ഹുല്ലാവിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ ടെസ്റ്റ് ട്രാക്കും വാഹനങ്ങളുടെ ടെസ്റ്റിംഗ് ഫെസിലിറ്റിയും സ്ഥാപിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണ് ഡൈസണ്‍. 10 കിലോമീറ്റര്‍ നീളമുള്ള ടെസ്റ്റ് ട്രാക്കാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വികസനത്തില്‍ അടുത്ത ഘട്ടം എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ ബ്രിട്ടന്‍റെ ആൻഡി മുറെ പുറത്തായി. സ്പെയിനിന്‍റെ ഫെർണാണ്ടോ വെർഡാസ്കോയാണ് രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരത്തെ വീഴ്ത്തിയത്. സ്കോർ: 7-5, 2-6, 6-4, 6-4. പരിക്കിനെ തുടർന്ന് ദീർഘനാളത്തെ വിശ്രമത്തിലായിരുന്ന മുറേ യുഎസ് ഓപ്പണോടെയാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്.

ഓസ്ട്രിയയിലെ വിയന്നയില്‍ വച്ച്‌ ഡാന്യൂബ് നദിയിലേക്ക് സ്പീഡ് ബോട്ടില്‍ നിന്ന് വീണ് മരിച്ച ബോള്‍ട്ടണിലെ മലയാളി കുട്ടികളുടെ മൃതദേഹം ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തിക്കും. 15കാരനായ ജേസണ്‍ 19കാരനായ ജോയല്‍ എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ ഡാന്യൂബിന്റെ പ്രമുഖ ടൂറിസം കേന്ദ്രത്തിലാണ് അപകടമുണ്ടായത്.

ബോള്‍ട്ടനിലെ റോയല്‍ ഹോസ്പിറ്റലിലെ നഴ്സ് സഹോദരിമാരായ സൂസന്റെയും സുബിയുടെയും മക്കളാണ് ഇവർ രണ്ടുപേരും. ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍ കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബുവാണ് ജേസണിന്റെ പിതാവ്.

ബന്ധുക്കളെ സന്ദര്‍ശിക്കാനും അവധി ആഘോഷിക്കുന്നതിനുമായാണ് ഇവര്‍ കുടുംബസമേതം വിയന്നയിലെത്തിയത്. ഞായറാഴ്ച തിരിച്ച്‌ വരാനിരിക്കവെയായിരുന്നു അപകടം. ജേസണ്‍ ബോട്ടില്‍ നിന്നും വെള്ളത്തിലിറങ്ങി ബോട്ടിന് സമീപത്ത് തന്നെ നീന്തുന്നതിനിടയിൽ ജലസസ്യത്തില്‍ കാല്‍കുരുങ്ങി മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കാലില്‍ ജലസസ്യം കുരുങ്ങിയതിനെ തുടര്‍ന്ന് താന്‍ മുങ്ങുന്നുവെന്ന് ഇയാള്‍ വിളിച്ച്‌ പറയുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് കണ്ട് ജേസണെ രക്ഷിക്കാന്‍ ജോയല്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുകയും ഇരുവരും മുങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടര്‍ന്ന് ദി ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. തടാകത്തിന്റെ അടിത്തട്ടില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ലീനിയല്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തിരച്ചിൽ ആരംഭിച്ച്‌ മൂന്നര മണിക്കൂറിന് ശേഷമാണ് ജോയലിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ജേസന്റെ മൃതദേഹം വീണ്ടും രണ്ടു മണിക്കൂറിന് ശേഷമാണ്കണ്ടെത്തിയത്. ബുറി കോളജില്‍ പഠിച്ചുകൊണ്ട് ഒരു ഐടി സ്ഥാപനത്തില്‍ രണ്ടാം വര്‍ഷം അപ്രന്റിസ് ആയി ജോലി ചെയ്ത് വരുകയായിരുന്നു ജോയല്‍. സമ്മര്‍ ഹോളിഡേയ്ക്ക് ശേഷം സെന്റ് ജെയിംസ് സ്‌കൂളില്‍ ഇയര്‍ 11ന് ചേരാനിരിക്കുകയായിരുന്നു ജേസണ്‍. ഏതാനും ദിവസം ഓസ്ട്രിയയില്‍ താങ്ങാന്‍ എത്തിയ മലയാളി കുടുംബങ്ങളെ തേടി തീരാ ദുഃഖം എത്തിയ സങ്കടത്തിലാണ് ബോള്‍ട്ടന്‍ മലയാളികള്‍. ശനിയാഴ്ച ഇവരുടെ മൃതദേഹം മാഞ്ചസ്റ്ററില്‍ എത്തിക്കും.

യു.കെയിലെ അറിയപെടുന്ന പാട്ടുകാരനും ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ അമരക്കാരനും ആയ നോബിള്‍ മാത്യുവിന്റെ പിതാവ് മുന്‍ മിലിട്ടറി ഉദ്യോഗസ്ഥന്‍ ശ്രീ എം.ടി മാത്യു(84) നിര്യാതനായി. കഴിഞ്ഞ കുറെ ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 4.30നാണ് മരണം സംഭവിച്ചത്. മൃത സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക് ചെങ്ങരൂര്‍ സെയിന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.

മക്കള്‍ ഷേര്‍ലി, ഡാര്‍ലി, ജോളി, നോബിള്‍. മരുമക്കള്‍ സാബു, ബിജു, ഷിബു, ലീന.

പരീക്ഷയോട് ഒന്നു പുഞ്ചിരിച്ചാലെന്താ… പരീക്ഷയെ ഒരു കൂട്ടുകാരൻ/ കൂട്ടുകാരിയോടെന്നപോലെ പെരുമാറണം. എടോ പരീക്ഷേ, താന്‍ എന്നെ ഒന്നു സഹായിക്കണം. എന്നൊന്നു പറഞ്ഞു നോക്ക്യേ.. തീര്‍ച്ചയായും പരീക്ഷ നിങ്ങളെ സഹായിക്കും. അങ്ങനെ പുഞ്ചിരിയോടെ പരീക്ഷയെഴുതി പരീക്ഷയുടെ ഉറ്റ സുഹൃത്തായി മാറിയ ചെസ്‌റ്ററിലെ മിടുക്കിയാണ് അഞ്ജല ബെൻസൺ. ബെസ്റ്റ് ഫ്രണ്ടിനെ ആരെങ്കിലും പേടിക്കുമോ?.. നമുക്കൊരാപത്തു വന്നാല്‍ നമ്മള്‍ ആദ്യം വിളിക്കുന്നത് ആരെയാ.. ചിലരെങ്കിലും ഏറ്റവും നല്ല സുഹൃത്തിനെ വിളിക്കും. അങ്ങനെയെങ്കില്‍ ആപത്തില്‍ സഹായിക്കുന്നവനാണ് സുഹൃത്ത്. യു.കെയിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ ചെസ്‌റ്ററിലെ അഞ്ജല ബെൻസൺ പരീക്ഷ എന്ന കടമ്പയുടെ ഉറ്റ സുഹൃത്താണ് എന്നാണ് തെളിയിച്ചിരിക്കുന്നത്.

വെസ്ററ് കിർബി ഗ്രാമ്മർ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അഞ്ജല നേടിയത്   ആറ് വിഷയങ്ങളിൽ ഡബിള്‍ എ സ്റ്റാറും മൂന്ന് വിഷയത്തിൽ എ സ്റ്റാര്‍റും, ഒരു വിഷയത്തിൽ എ യും നേടിയാണ് തന്റെ പഠന മികവ് പുറത്തെടുത്തത്. ക്ലാസ്സിക്കൽ നൃത്തത്തിൽ നിപുണയായ അഞ്ജല, സൗണ്ട് എഞ്ചിനീയർ ആയ പിതാവിനൊപ്പം പല വേദികളിലും ആലാപനവും നടത്തുന്ന ഈ കൊച്ചു മിടുക്കി ആത്മീയതയിലും തീക്ഷ്ണത പുലര്‍ത്തുന്നു. കത്തോലിക്കാ ദേവാലയത്തില്‍ അള്‍ത്താര ശുശ്രുഷക്കും സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ കുര്‍ബ്ബാനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പഠനത്തോടൊപ്പം അഞ്ജല സമയം കണ്ടെത്തുന്നുണ്ട്.

ചെസ്‌റ്ററിലെ താരമായി മാറിയ അഞ്ജല ബെൻസൺ യു.കെയില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങള്‍ പിടിച്ചെടുത്ത 732 പേർക്കൊപ്പം തന്നെ സ്ഥാനം നിലനിറുത്തുകയും ചെയ്തിരിക്കുകയാണ്.  ദൈവാനുഗ്രഹം ഒന്ന് മാത്രമാണ് തന്റെ വിജയത്തിനു നിദാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കൊച്ചു മിടുക്കി ആത്മീയ കാര്യങ്ങളിൽ മുന്നിൽ തന്നെ നിലകൊള്ളുന്നു. പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും അതോടൊപ്പം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനങ്ങളും തന്റെ വിജയത്തിളക്കത്തിന് കാരണമെന്ന് ഇവൾ വിശ്വസിക്കുന്നു.

സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവലിലും ഇതുപോലെ മികച്ച വിജയം നേടുക എന്ന സ്വപനം പൂർത്തിയാക്കലാണ് അഞ്ജലയുടെ ഭാവി പദ്ധതി. ചെസ്‌റ്ററിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ ബെൻസൺ ദേവസ്യ – ബീന ബെൻസൺ ദമ്പതികളുടെ മൂത്ത മകളാണ് അഞ്ജല ബെൻസൺ. മാതാവായ ബീന എടത്വ സ്വദേശിയും ചെസ്റ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായും സേവനം അനുഷ്ടിക്കുന്നു. അലീന, അനബെല്ല, അമെയ്‌സ എന്നീ സഹോദരിമാരും അൽഫോൻസ് സഹോദരനുമാണ്.

ടോം ജോസ് തടിയംപാട്

ബി.ബി.സിയില്‍ കേരളത്തില്‍ നടന്ന ദുരന്തം വായിച്ചറിഞ്ഞ ബെര്‍മിംഗമിലെ ഗ്രാമര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ജാസ് എന്ന സിഖുകാരന്‍ അടുത്ത് താമസിക്കുന്ന മലയാളിയുടെ കൈയില്‍ ഏല്‍പിച്ച 50 പൗണ്ട് ഉള്‍പ്പെടെ ചാരിറ്റി ഇന്ന് കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് 2528 പൗണ്ട്. കളക്ഷന്‍ ഇന്ന് അവസാനിപ്പിക്കാന്‍ കാരണം യു.കെയിലെ എല്ലാ സാമൂഹിക സമൂദായിക സംഘടനകളും കളക്ഷന്‍ നടത്തുന്ന സാഹചരൃത്തില്‍ ഞങ്ങള്‍ക്കും അവരോട് സഹകരിക്കേണ്ടതുള്ളതുകൊണ്ടാണ് എന്നറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ ഓണം ചാരിറ്റി നടത്തിയത് മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കും അതോടൊപ്പം രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെകുടുംബത്തെയും വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളി സ്വദേശി ഡെനിഷ് മാത്യുവിന്റെ കുടുംബത്തെയും, വീടില്ലാതെ കഷട്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണ്. ഈ മൂന്ന് കുടുംബങ്ങളെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് അജു എബ്രഹാം, സണ്ണി ഫിലിപ്പ്, വിജയന്‍ കൂറ്റാന്‍തടത്തില്‍ എന്നിവരായിരുന്നു അവരോടുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

ഈ മൂന്ന് പേര്‍ക്കും 50000 രൂപ വീതം നല്‍കും (1675 പൗണ്ട് ). ബാക്കി വരുന്ന 853 പൗണ്ട്. മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഇനിയാരും പണം ചാരിറ്റി അക്കൗണ്ടില്‍ ഇടരുത് എന്ന് അപേക്ഷിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പല രീതിയിലുള്ള പ്രചരണം സംഘടിപ്പിച്ചും ഞങ്ങളോടൊപ്പം സഹകരിച്ച മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ് എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു.

അതോടൊപ്പം ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഈ പാവം കുടുംബങ്ങളെ സഹായിച്ച എല്ലാ യു.കെ മലയാളികളുടെയും മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്തിറങ്ങട്ടെ എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ ഈ ചരിറ്റിയുടെ വിജയത്തെ കാണുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ എന്ന് പറയുന്നത് ജീവിതത്തില്‍ ദാരിദ്രവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാല് വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് 50 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ നിങ്ങളുടെ സഹായം കൊണ്ട് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, അതിനു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.

‘ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’

ന്യുസ് ഡെസ്ക്

ഗ്ലോസ്റ്റര്‍ : വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി  ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് അടുക്കുന്നു . വെറും പത്ത് ദിവസം കൊണ്ട് 20000 പൌണ്ടാണ്  ജി എം എ യുടെ  ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ്‌ 15 ന് ആരംഭിച്ച ചാരിറ്റി അപ്പീലിന് ഒരിക്കലും ലഭിക്കാത്ത ജനപിന്തുണയാണ് ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന്  അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത് . യുകെയിലെ മറ്റൊരു മലയാളി അസ്സോസ്സിയേഷനുകള്‍ക്കും കഴിയാത്ത നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്  ജി എം എ നേടിയെടുത്തത്.

ഏറ്റെടുക്കുന്ന ഏത് പദ്ധതികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് വിജയിപ്പിക്കുന്ന ജി എം എ നടത്തുന്ന ഈ ധനസമാഹരണ യജ്ഞം യുകെയിലെ മറ്റ് എല്ലാ അസോസിയേഷനുകള്‍ക്ക് കൂടി മാതൃകയാവുകയാണ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25000 പൌണ്ട് അയയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ ചാരിറ്റി അപ്പീല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടി വന്‍ വിജയത്തിലെത്തുമെന്ന് ഇതിനകം  ഉറപ്പായി കഴിഞ്ഞു .  പതിവുപോലെ  ജി എം എ അംഗങ്ങളും , ഗ്ലോസ്റ്റര്‍ഷെയറിലെ പൊതുസമൂഹവും മനസ്സറിഞ്ഞ് സഹായിച്ചപ്പോള്‍ പത്ത്  ദിവസങ്ങള്‍ കൊണ്ട് ഇരുപതിനായിരത്തോളം പൌണ്ടാണ് ജി എം എ കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളി സഹോദരങ്ങള്‍ക്കായി സമാഹരിച്ചത്.ഈ വര്‍ഷത്തെ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് പ്രസിഡന്റ് വിനോദ് മാണി , സെക്രട്ടറി ജില്‍സ് പോള്‍ , ട്രഷറര്‍ വിന്‍സെന്റ് സ്കറിയ , വൈസ് പ്രസിഡന്റ് ബാബു ജോസഫ്‌ , ജോയിന്റ് സെക്രട്ടറി രെശ്മി മനോജ്‌ , ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി , അജിമോന്‍ ഇടക്കര , സുനില്‍ കാസിം , മനോജ്‌ വേണുഗോപാല്‍ , ഡോ ; ബിജു പെരിങ്ങത്തറ , തോമസ്‌ ചാക്കോ  തുടങ്ങിയവര്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കി . ജി എം എ യുടെ ചരിത്രത്തിലെ ഏറ്റവും നല്ല തിരുവോണാഘോഷത്തിനാണ് ഇന്നലെ ഗ്ലോസ്റ്റര്‍ഷെയര്‍ സാക്ഷ്യം വഹിച്ചത് . രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണിവരെ ഗ്ലോസ്റ്ററിലെ തെരുവുകളില്‍ ഇറങ്ങി ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസമാഹരണം നടത്തിക്കൊണ്ടായിരുന്നു ജി എം എ അംഗങ്ങള്‍ ഇന്നലെ ഓണം ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ നഗരത്തില്‍ ആറു സ്ഥലങ്ങളിലായി നിലയുറപ്പിച്ച ജി എം എ യുടെ മക്കള്‍  വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കണേ എന്ന് ഉച്ചത്തില്‍ അപേക്ഷിച്ചുകൊണ്ടേയിരുന്നു . 11 വയസ്സിന് മുകളില്‍ പ്രായമായ ജി എം എയിലെ യുവതലമുറയാണ് ഇന്നലെയും ഇന്നും മാതാപിതാക്കള്‍ക്കും കുഞ്ഞ് സഹോദരങ്ങള്‍ക്കുമൊപ്പം സഹായ അഭ്യര്‍ത്ഥനയുമായി ഗ്ലോസ്റ്റര്‍ നഗരത്തെ കീഴടക്കിയത് . കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച വലിയ ബാനറുകളും , സേവ് കേരള എന്നെഴുതിയ പോസ്റ്ററുകളും , ബക്കറ്റുകളുമായി തെരുവിലിറങ്ങിയ ജി എം എ യുടെ യുവജനങ്ങള്‍ അനായാസം ഇംഗ്ലീഷ് ജനതയുടെ മനം കവര്‍ന്നു . ഒറ്റദിവസം കൊണ്ട് തന്നെ 2067 പൌണ്ടാണ് ഗ്ലോസ്റ്റര്‍ഷെയറിലെ തെരുവുകളില്‍ എത്തിയ വെള്ളക്കാരില്‍ നിന്നും‍ വിദേശികളില്‍ നിന്നും ജി എം എയുടെ ചുണക്കുട്ടന്മാര്‍ കേരളത്തിനായി പിരിച്ചെടുത്തത് .ഇന്നലെ സ്വന്തം വീടുകളില്‍ പോലും ഓണം ആഘോഷിക്കാതെ ഗ്ലോസ്റ്ററിലെ തെരിവുകളിലിറങ്ങി ദുരിത ബാധിതര്‍ക്കായി കൈനീട്ടിയ ജി എം എയുടെ അംഗങ്ങള്‍ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് തിരുവോണനാളില്‍ മലയാളി സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയത് .  അതോടൊപ്പം ലെസ്റ്ററില്‍ യുക്മ നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിലേയ്ക്ക് ഒരു വണ്ടി നിറയെ ഉടുപ്പുകള്‍, പുതപ്പുകള്‍ , മരുന്നുകള്‍  തുടങ്ങിയവ എത്തിച്ചു കൊടുത്തുകൊണ്ടാണ് ജി എം എ അംഗങ്ങള്‍ ഇപ്രാവശ്യത്തെ ഓണ ദിവസത്തെ ഒരു കാരുണ്യ ദിനമായി ആഘോഷിച്ചത്.ഗ്ലോസ്റ്റര്‍ഷെയറിലെ മുസ്ലിം – ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നും , ഹോസ്പിറ്റലുകളില്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും , ഫേസ്ബുക്ക് ഡോണേഷന്‍ ക്യാമ്പെയിനിംഗില്‍ നിന്നും നൂറുകണക്കിന് പൌണ്ടാണ് ജി എം എ അംഗങ്ങള്‍ ഇതിനോടകം സമാഹരിച്ചത് .  ബക്രീദ് ദിനത്തില്‍ യുവാക്കളോടൊപ്പം ജി എം എ അംഗങ്ങളായ സുനില്‍ കാസിമിന്റെയും , ഷറഫുദിന്റെയും , ഷംസുദ്ദീന്റെയും നേതൃത്വത്തില്‍ ഗ്ലോസ്റ്ററിലെ മുസ്ലീം സഹോദരങ്ങളില്‍ നിന്നും 4127 പൌണ്ടാണ് ഇതുവരെ സമാഹരിച്ചത് .  ഗ്ലോസ്റ്ററിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് 2087 പൌണ്ടാണ്  ജി എം എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കണ്ടെത്തിയത്.

വരും ദിനങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും മറ്റ് പല ബിസ്സിനസ് സ്ഥാപനങ്ങളുടെ സഹായത്തോടെയും കൂടുതല്‍ തുകകള്‍ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് ജി എം എ അംഗങ്ങള്‍ . സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തില്‍ നടന്ന ഈ മഹാദുരന്തത്തെപ്പറ്റി മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചത് ധനസമാഹരണത്തെ വളരെയധികം സഹായിച്ചെന്ന് തുടക്കം മുതല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജി എം എയുടെ ചാരിറ്റി കോഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി അറിയിച്ചു.ജന്മനാട്ടില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുണ്ടായ തകര്‍ച്ചയില്‍ താങ്ങാവാനും , അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുവാനും ജി എം എ പോലെയുള്ള സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ് . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുക മാത്രമല്ല ഒരു സാംസ്ക്കാരിക സംഘടനയുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ന് തങ്ങളുടെ സഹജീവികള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ ദുരന്തത്തെ  അവര്‍ക്കൊപ്പം നിന്നുകൊണ്ട് നേരിടാന്‍ തങ്ങളുമുണ്ട് എന്ന മഹത്തായ സന്ദേശമാണ് ഈ വലിയ ദുരിതാശ്വാസപ്രവര്‍ത്തങ്ങളിലൂടെ ജി എം എ തെളിയിക്കുന്നത്.

RECENT POSTS
Copyright © . All rights reserved