UK

ആഷ്‌ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14ാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്‍സ്‌ബോറോ റീജിയണല്‍ ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മോളി ജോളി, ട്രീസാ സുബിന്‍, സുജോ ജെയിംസ്, ജെറി ജോസ് എന്നിവരും കമ്മറ്റി അംഗങ്ങളും നൂറുക്കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ(ഊഞ്ഞാല്‍-2018) പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് പ്രകാശം ചെയ്തു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി. അതിനുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായ ക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍ പല വേദികളിലായി അരങ്ങേറി.

കെന്റെ ഫുട്‌ബോള്‍ ലീഗിലെ വിവിധ ക്ലബുകള്‍ കളിക്കുന്ന ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്‌ബോള്‍ മത്സരത്തോടുകൂടി കായികമേള ആരംഭിച്ചു. പ്രസ്തുത മത്സരം ദര്‍ശിക്കുവാന്‍ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു. സത്രീകളുടെ കബഡി, ഫോട്ട്പുട്ട് എന്നിവ കൗതുകമുണര്‍ത്തി. പുരുഷ വോളിബോള്‍ കാണികളെ ഹരം കൊള്ളിച്ചു. സാംചീരന്‍, ജെറി ജോസ്, തോമസ് ഔസേഫ്, മോളി ജോളി, ടീസാ സുബിന്‍, സിജോ, സജി കുമാര്‍, മനോജ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണവും ജോളി തോമസ് ഒരുക്കിയ നാടന്‍ സംഭാരവും വേറിട്ട അനുഭവം സമ്മാനിച്ചു. അസോസിയേഷന്‍ ഒരുക്കിയ ഫുഡ് സ്റ്റാളിന് മധുസൂധനന്‍, ജോളി കോട്ടക്കല്‍, സോജാ മധു. ഡോ. റിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ജൂലൈ 14ന് ഉച്ചയ്ക്ക് 2മണിക്ക് ക്രിക്കറ്റ്, മുതിര്‍ന്നവരുടെ ഫുട്‌ബോള്‍ എന്നിവ നടക്കും. ചെസ്സ്, ക്യാരംസ്, ചീട്ടുകളി എന്നീ മത്സരങ്ങളുടെ തിയതി പിന്നാലെ അറിയിക്കുന്നതാണെന്ന് സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ മനോഡ് ജോണ്‍സണ്‍ അറിയിച്ചു. കൊടും വെയിലില്‍ കാണികള്‍ക്ക് കായികമേള സൗകര്യപ്രദമായി വീക്ഷിക്കുവാന്‍ വിശ്രമകേന്ദ്രം ജോണി വറീതും ബോസ്സ് വി.ടിയും ചേര്‍ന്ന് ഒരുക്കി.

ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ 14മത് കായികമേള മുന്‍ വര്‍ഷങ്ങളേക്കാള്‍ മികവുറ്റതും ജനകീയവുമാക്കിയ അംഗങ്ങള്‍ക്കും മത്സരങ്ങള്‍ നിയന്ത്രിച്ച ജോണ്‍സണ്‍ തോമസ്, സൗമ്യ ജിബി, ലിന്‍സി അജിത്ത്, രാജീവ് തോമസ്, എന്നിവര്‍ക്കും വിദേശികളായ കാണികള്‍ക്കും അസോസിയേഷന്‍ സെക്രട്ടറി ടീസാ സുബിന്‍ നന്ദി പ്രകാശിപ്പിച്ചു.

ഊഞ്ഞാല്‍-2018

ഗ്രഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 15 തിയതി ശനിയാഴ്ച്ച ഓണം അതിവിപുലമായി ആഘോഷിക്കുന്നു. സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഊഞ്ഞാല്‍-2018 ന് തിരിതെളിയും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, വടംവലി മത്സരം, സാംസ്‌കാരികഘോഷയാത്ര, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.

റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെയുണ്ടായതിനു സമാനമായ നെര്‍വ് ഏജന്റ് ആക്രമണം ബ്രിട്ടനില്‍ വീണ്ടും. വില്‍റ്റ്ഷയറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒരു സ്ത്രീയും പുരുഷനുമാണ് നോവിചോക്ക് ആക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. ചാര്‍ലി റൗളി, ഡോണ്‍ സ്റ്റര്‍ഗസ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വീട്ടിനുള്ളില്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം ഇവര്‍ക്കു നേരെയുണ്ടാകാനുള്ള കാരണങ്ങള്‍ അവ്യക്തമാണെന്ന് മെറ്റ് പോലീസ് അറിയിച്ചു.

സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തിന് ഉപയോഗിച്ച അതേ ബാച്ചിലുള്ള നെര്‍വ് ഏജന്റ് തന്നെയാണ് ഇവരിലും പ്രയോഗിച്ചയതെന്ന് സ്ഥിരീകരിക്കണമെന്നു മെട്രോപോളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു. ഈ സാധ്യതയിലേക്കാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ നിന്ന് നോവിചോക്ക് അംശമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്താനാണ് പോലീസ് പദ്ധതിയിടുന്നത്. എങ്ങനെയാണ് ഇവരില്‍ രാസായുധ പ്രയോഗമുണ്ടായതെന്ന് കണ്ടെത്താനാണ് നീക്കം.

വില്‍റ്റ്ഷയര്‍ പോലീസിനൊപ്പം കൗണ്ടര്‍ ടെററിസം പോലീസിംഗ് നെറ്റ് വര്‍ക്കും അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്. പൊതുജനം പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഈ വിധത്തിലുള്ള ആക്രമണം മറ്റുള്ളവരില്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നും ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവിസ് പറഞ്ഞു.

യുകെ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിനായി കുടിയേറ്റക്കാര്‍ക്ക് ഡിഎന്‍എ ടെസ്റ്റ് ഏര്‍പ്പെടുത്തി ഹോം ഓഫീസ്. കുട്ടികള്‍ ബ്രിട്ടീഷ് പൗരന്‍മാരായ, യുകെ സെറ്റില്‍ഡ് സ്റ്റാറ്റസിന് അപേക്ഷിച്ച കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ച് കത്തയച്ചിരിക്കുകയാണ് ഹോം ഓഫീസ്. എന്നാല്‍ ഇമിഗ്രേഷനില്‍ ഡിഎന്‍എ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നയത്തിന്റെ ലംഘനമാണ് ഹോം ഓഫീസ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിഎന്‍എ വിവരങ്ങള്‍ ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വമേധയാ ആണെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്‌സ് കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് വിവാദമാരംഭിച്ചത്.

നിരവധി പേര്‍ക്ക് കത്തുകള്‍ അയച്ചതായി സമ്മതിച്ച ഹോം ഓഫീസ് ഇപ്പോള്‍ ഈ കത്തുകള്‍ സംബന്ധിച്ച് പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പൗരത്വമുള്ള ഒരു കുട്ടിയുടെ മാതാപിതാക്കളാണെന്ന് തെൡയിക്കാന്‍ ഡിഎന്‍എ തെളിവുകള്‍ ഹാജരാക്കണമെന്ന് കാട്ടി ഒരു സ്റ്റാറ്റസ് അപേക്ഷകന്റെ സോളിസിറ്റര്‍ക്ക് ഹോം ഓഫീസ് കത്തയച്ചിരുന്നു. കുട്ടിക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് സ്വന്തമായുണ്ടെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു നടപടി. ഇത് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ കക്ഷിയുടെ സ്റ്റാറ്റസ് അംഗീകരിക്കാന്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് സാധിക്കില്ലെന്നാണ് കത്ത് വ്യക്തമാക്കുന്നത്.

ഡിഎന്‍എ ടെസ്റ്റ് നിര്‍ബന്ധിതമല്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി പറയുന്നുണ്ടെങ്കിലും അവതരുടെ ഉദ്യോഗസ്ഥര്‍ ഇത് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പറയുകയാണെന്ന് അപേക്ഷകന്റെ സോളിസിറ്ററായ എന്നി ചൗധരി പറയുന്നു. ഇത് നിയമവിരുദ്ധമാണെന്നത് സ്പഷ്ടമാണെന്നിരിക്കെ തന്റെ കക്ഷിയുടെ അപേക്ഷയിന്‍മേലുള്ള തീരുമാനം രണ്ടു വര്‍ഷമായി വൈകിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹോം ഓഫീസ് നടപടിക്കെതിരെ ക്യാംപെയിനര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

ജയന്‍ എടപ്പാള്‍ 

പുരോഗമന ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കും പ്രധ്യാന്യം നല്‍കി യുകെയില്‍ രൂപീകൃതമായ സമീക്ഷയെന്ന സാംസ്‌കാരിക സംഘടനയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെഞ്ഞൈടുപ്പും ജൂലൈ 7 ശനിയാഴ്ച്ച പൂളില്‍ വെച്ച് നടത്തപ്പെടുന്നു. രണ്ട് മണി മുതല്‍ അഞ്ച് മണി വരെയായിരിക്കും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടക്കുക. സാംസ്കാരിക സമ്മേളനത്തിന് ശേഷം ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതായിരിക്കും.

ബഹു. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സമ്മേളനത്തില്‍ യുകെയിലെ വിവിധ ചാപ്റ്ററുകലിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനോടപ്പം ലോക കേരളസഭയില്‍ യുകെയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും യുകെയിലെ പ്രാദേശിക കൗണ്‍സിലുകളിലേക്ക് മത്സരിച്ച് ജയിച്ച മലയാളികളായ പ്രതിനിധികളും യുകെ മിഷന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്നതായിരിക്കും.

യുകെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനും ഭാഷാ വളര്‍ച്ചയ്ക്കും പുരോഗമന ചിന്തകള്‍ക്കും ഊന്നല്‍ നല്‍കി അഞ്ച് വര്‍ഷം മുന്‍പ് രൂപികരിച്ച പ്രൊഗ്രസ്സീവ് മലയാളീ സൊസൈറ്റിയുടെ തുടര്‍ച്ചയാണ് 2016ല്‍ പിറവിയെടുത്ത സമീക്ഷ. കഴിഞ്ഞ കാലങ്ങളിലെ വേറിട്ട പ്രവര്‍ത്തനംകൊണ്ട് യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സമീക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ആശയാവിഷ്‌കാരങ്ങള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും പ്രചോദനം നല്‍കാന്‍ സ്ത്രീ സമീക്ഷയും ഒപ്പം പ്രവര്‍ത്തിക്കുന്നു. ആധുനിക കാലം ആവശ്യപ്പെടുന്ന പൊളിച്ചെഴുത്തുകള്‍ക്ക് ഊര്‍ജം പകരാന്‍ പോരാട്ട സമരം വീര്യംഉള്‍ക്കൊണ്ടു കൊണ്ട് മലയാളി സമൂഹത്തില്‍ പുരോഗമന ആശയങ്ങള്‍ക്ക് നിറം പകരാന്‍ നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

സാംസ്‌കാരിക സമ്മേളനവും പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പും വിജയമാക്കാന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ. പോളീ മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ വിപുലമായ സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നു. സമ്മേളന നടത്തിപ്പിനായി കാലാസാംസ്‌കാരികം, പബ്ലിക് റിലേഷന്‍സ്, പ്രമേയം, ഫുഡ്, താമസം എന്നീ സബ് കമ്മറ്റികളും പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കേരള സാംസ്‌കാരിക തനിമയും ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാപരിപാടികള്‍ക്കൊപ്പം ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ഭാവാഭിനയ വര്‍ക്ക്‌ഷോപ്പും ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകിയുടെ ദൃശ്യാവിഷ്‌കരംവും സമകാലീന പ്രശ്‌നങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന നാടകാവിഷ്‌കാരവും സമ്മേളന നഗരിയില്‍ അവതരിപ്പിക്കും.

കണ്‍വീനര്‍: ശ്രീ. പോളീ മാഞ്ഞൂരാന്‍, 07907677489
ജോയിന്റ് കണ്‍വിനര്‍മാര്‍: ശ്രീ. നോബിള്‍ തെക്കേമുറി, ശ്രീ. റെജി കുഞ്ഞാപ്പി

സബ് കമ്മറ്റികള്‍;

കലാസാംസ്‌ക്കാരികം: ശ്രീ. ഭാസ്‌കര്‍ പുരയില്‍, 07939162592
പബ്ലിക് റിലേഷന്‍: ശ്രീ ജയന്‍ എടപ്പാള്‍
പ്രമേയം: ശ്രീ നോബിള്‍ തെക്കേമുറി
ഭക്ഷണം, താമസം: ശ്രീ ബേബി പ്രസാദ്, 07883293984

വിലാസം
St Dunstan’s Church
Poole Road,
Upton,
BH16 5JA

എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ക്യാംപെയിനിന് തുടക്കമാകുന്നു. വീ ആര്‍ ദി എന്‍എച്ച്എസ് എന്ന പേരില്‍ നടക്കുന്ന ക്യാംപെയിനില്‍ നഴ്‌സുമാരെയും മിഡൈ്വഫുമാരെയുമാണ് നിയമിക്കുന്നത്. യുകെയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് ഈ ഡ്രൈവില്‍ പ്രധാനമായും പരിഗണിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷം വിദേശത്തു നിന്നുള്ളവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാലാണ് ഇപ്രകാരം ചെയ്യുന്നത്. ടിവി, റേഡിയോ പരസ്യങ്ങളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയ ക്യാംപെയിനുകളും ഇതിനായി നടത്തും.

രാജ്യത്ത് ഏറ്റവും ജനപ്രിയമായ സ്ഥാപനമാണ് എന്‍എച്ച്എസ് എന്ന് ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിംഗ് ഓഫീസറായ ജെയ്ന്‍ കുമ്മിംഗ്‌സ് പറഞ്ഞു. അതിന്റെ ജീവനക്കാരുടെ വൈദഗ്ദ്ധ്യം, സമര്‍പ്പണം, കരുണ തുടങ്ങിയ ഗുണങ്ങളാണ് ഇതിന് അടിസ്ഥാനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ ചോയ്‌സുകള്‍ നല്‍കുന്ന 350 കരിയര്‍ അവസരങ്ങളാണ് എന്‍എച്ച്എസില്‍ ഉള്ളത്. നഴ്‌സുമാരും മിഡൈ്വഫുമാരുമാണ് ജീവനക്കാരില്‍ ഭൂരിഭാഗവും. അവര്‍ വിദഗ്ദ്ധമായ കെയറും കരുണയുമാണ് രോഗികള്‍ക്ക് നല്‍കുന്നത്. അങ്ങേയറ്റം പ്രതിഭാധനരായ ഇവരാണ് എന്‍എച്ച്എസിനെ മുന്നോട്ടു നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

യുവ ജനതയെ എന്‍എച്ച്എസ് നല്‍കുന്ന കരിയര്‍ അവസരങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. എന്‍എച്ച്എസ് ജോലികള്‍ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 22,000 ആയി ഉയര്‍ത്താനും നഴ്‌സിംഗ് പ്രാക്ടീസിലേക്ക് തിരിച്ചെത്തുന്ന നഴ്‌സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമാണ് നടപടിയെന്നും എന്‍എച്ച്എസ് നേതൃത്വം പറയുന്നു. 2017 ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ 34,000 നഴ്‌സിംഗ് വേക്കന്‍സികളാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ക്ലീമ്മീസ് നഗറില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണശമ്പളമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിന് ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പൂത്തൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

റാലിയില്‍ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നും ജര്‍മ്മനി, അയര്‍ലണ്ട്, ഇറ്റലി എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ 2 മണിക്ക് ആരംഭിച്ചു. വൈകീട്ട് 8 മണിയോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു.

1500ലധികം സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ഇടവക നേതൃത്വം നല്‍കിയ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇടവക ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു.

സാധാരണ നിലവാരത്തിലുള്ള ജീവിതം നയിക്കുന്നതിന് കുടുംബങ്ങള്‍ക്ക് ആവശ്യമായി വരുന്നത് പ്രതിവര്‍ഷം 40,000 പൗണ്ടിന്റെ വരുമാനം. ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ചൈല്‍ഡ് കെയര്‍ ചെലവുകളും ട്രാന്‍സ്‌പോര്‍ട്ട്, എനര്‍ജി ചെലവുകളും വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ വിലയിരുത്തല്‍ പുറത്തു വന്നിരിക്കുന്നത്. രണ്ടു കുട്ടികളുള്ള, ജോലിക്കാരായ ദമ്പതികള്‍ക്ക് മാന്യമായി ജീവിക്കണമെങ്കില്‍ 20,000 പൗണ്ട് വരുമാനമുണ്ടാകണം. 2008ല്‍ ഇത് 13,900 പൗണ്ട് മാത്രമായിരുന്നു. ഒറ്റക്ക് ജീവിക്കുന്ന വര്‍ക്ക് 18,400 പൗണ്ടാണ് ചെലവാകുക. 13,400ല്‍ നിന്നാണ് പത്ത് വര്‍ഷത്തിനിടക്ക് ഈ നിരക്ക് ഉയര്‍ന്നത്.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കൂടുതല്‍ ചെലവേറിയതായി മാറിയിട്ടുണ്ട്. കുടുംബ ബജറ്റുകളുടെ അഞ്ചിലൊന്ന് ബസ് യാത്രകള്‍ക്ക് മാത്രം ചെലവാകുന്നുണ്ട്. 2008നെ അപേക്ഷിച്ച് 2018ല്‍ ബസ് യാത്രാച്ചെലവ് 65 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഒരാള്‍ക്ക് ഒരാഴ്ച ബസ് യാത്രക്കായി ചെലവാക്കേണ്ടി വരുന്ന തുക 17 പൗണ്ടില്‍ നിന്ന് 37 പൗണ്ടായി ഉയര്‍ന്നു. ഭക്ഷ്യവിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ഒരാഴ്ചയിലെ ഭക്ഷണത്തിന് ചെലവാകുന്ന തുക 29 പൗണ്ടില്‍ നിന്ന് 44 പൗണ്ടായാണ് 10 വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത്. 50 ശതമാനത്തിലേറെയാണ് വര്‍ദ്ധനവിന്റെ നിരക്ക്.

എനര്‍ജി ബില്ലുകള്‍ പത്ത് വര്‍ഷത്തേതിനേക്കാള്‍ 40 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ചൈല്‍ഡ് കെയര്‍ ചെലവുകള്‍ വര്‍ദ്ധിച്ചു. രണ്ട് വയസുകാര്‍ക്ക് വേണ്ടിയുള്ള നഴ്‌സറികളുടെ നിരക്കുകളിലും 50 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആഴ്ചയില്‍ 229 പൗണ്ടാണ് ഇതിനായി ചെലവാകുന്നത്. ജോലി ചെയ്യുന്നവരുടെയും പെന്‍ഷന്‍ കാരുടെയും ജീവിതച്ചെലവുകളിലെ അന്തരം ഇല്ലാതായിട്ടുണ്ടെന്നും സര്‍വേ പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി പെന്‍ഷനര്‍മാരും കൂടുതല്‍ തുക ചെലവാക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഹോസ്പിറ്റലിലെ എട്ട് നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട്  ഹെൽത്ത് കെയർ പ്രഫഷണൽ അറസ്റ്റിലായി. ഇവരെ കൊലപ്പെടുത്തിയതാണ് എന്ന സംശയമുയർന്നതിനാലാണ് അറസ്റ്റ്. മറ്റ് ആറു കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതായും കരുതപ്പെടുന്നു. സാധാരണയിലും ഉയർന്ന നിരക്കിലുള്ള ശിശു മരണ നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തു കൊണ്ടുവന്നത്.

ചെസ്റ്ററിലെ കൗന്റെസ് ഹോസ്പിറ്റലിലാണ് നവജാതശിശുക്കളെ വനിതാ കെയർ വർക്കർ അപായപ്പെടുത്തിയത്. ജൂൺ 2015 നും ജൂൺ 2016നും ഇടയിലാണ് സംഭവം നടന്നത്. ഇതു കൂടാതെ 15 ഓളം ശിശുക്കൾക്ക് ഉണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നു രാവിലെയാണ് ചെസ്റ്റർ പോലീസ് കെയർ വർക്കറെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായിരിക്കുന്നത് ഡോക്ടറോ, നഴ്സോ, മറ്റു കെയർ വർക്കറോ ആണോ എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിലാണ്.

ഈ അറസ്റ്റുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിന് അടുത്തുള്ള ഒരു പ്രോപ്പർട്ടി പോലീസ് സീൽ ചെയ്തിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ അന്വേഷണത്തിന്റെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. വളരെ സങ്കീർണ്ണമായ അന്വേഷണമായ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം മെയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

സിഗററ്റ് പേപ്പറിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ ഇന്ത്യക്കാരനായ ഷോപ്പ് ജീവനക്കാരനെ ഇടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി ചിരിച്ച് കൊണ്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. 16 വയസ്സുള്ള പ്രതിയാണ് കൊലപാതകം ഒരു തമാശയായി ആസ്വദിച്ചത്. 18 വയസ്സില്‍ താഴെ പ്രായമുള്ളതിനാലാണ് പ്രതിക്കും കൂട്ടുകാര്‍ക്കും റിസ്ല പാക്കറ്റ് വില്‍ക്കാന്‍ വിജയ് കുമാര്‍ പട്ടേല്‍ വിസമ്മതിച്ചത്.

എന്നാല്‍ ഇതില്‍ രോഷാകുലരായ പ്രതികള്‍ കടയുടെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് 49-കാരനായ വിജയ് കുമാറിനെ മുഖത്ത് പ്രതി ഇടിച്ചത്. അക്രമം പ്രതീക്ഷിക്കാതിരുന്ന ഇദ്ദേഹം കൈകള്‍ പോക്കറ്റില്‍ ഇട്ട് നില്‍ക്കവെയായിരുന്നു അക്രമം. ഇടിയേറ്റ് പിന്നിലേക്ക് മറിഞ്ഞുവീണ വിജയുടെ തല നടപ്പാതയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

നോര്‍ത്ത് ലണ്ടന്‍ മില്‍ ഹില്ലില്‍ ബോധംകെട്ടുകിടന്ന വിജയ് കുമാറിനെ വഴിയരികില്‍ ഉപേക്ഷിച്ച് 16-കാരനും, രണ്ട് സുഹൃത്തുക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ചിരിച്ച്, തമാശ പറഞ്ഞ് നടന്ന കാര്യങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയാണ് പോയതെന്ന് പ്രോസിക്യൂട്ടര്‍ ലൂയിസ് മാബ്ലി വ്യക്തമാക്കി. തലച്ചോറിന് ഗുരുതരമായ പരുക്കേറ്റ പട്ടേല്‍ അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

ഈ വര്‍ഷം ജനുവരി 6-ന് നടന്ന ക്രൂരമായ കൊലപാതകം സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുഖത്തും, താടിയെല്ലിനുമാണ് ഇടിയില്‍ ഇദ്ദേഹത്തിന് പരുക്കേറ്റത്. റിസ്ല പേപ്പറുകള്‍ വാങ്ങാനെത്തിയ പ്രതികളുടെ ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ ഇവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സിഗററ്റ് പേപ്പര്‍ നല്‍കാന്‍ കഴിയില്ലെന്ന് കടയുടമ വ്യക്തമാക്കി. പുകയില ഉത്പന്നങ്ങള്‍ വാങ്ങാന്‍ കുറഞ്ഞത് പതിനെട്ട് വയസ്സാവണം എന്ന നിയമം ഉള്ളതിനാലാണ് കടയുടമ സിഗരറ്റ് പേപ്പര്‍ നല്‍കാതിരുന്നത്. ഇതോടെ പ്രതി അസഭ്യം പറഞ്ഞ് ഷോപ്പിന്റെ ചില്ലില്‍ ഇടിച്ചു. കുട്ടികളെ പറഞ്ഞുവിടാനാണ് ഷോപ്പ് അസിസ്റ്റന്റായ പട്ടേലിനെ നിയോഗിച്ചത്.

സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്കുകളും പട്ടേലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

 

 

ലണ്ടൻ∙ ആംഗ്ലിക്കൻ സഭയിലെ (ചർച്ച് ഓഫ് ഇംഗ്ലണ്ട്) പ്രഥമ മലയാളി ബിഷപ് റവ. ഡോ. ജോൺ പെരുമ്പലത്തിന്റെ മെത്രാഭിഷേകം ഇന്ന്. ചരിത്രപ്രസിദ്ധമായ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ രാവിലെ 11നാണ് ഫാ. ഡോ. ജോൺ പെരുമ്പലത്ത് മെത്രാനായി അഭിഷിക്തനാകുന്നത്. ഇംഗ്ലണ്ടിലെ ബ്രാഡ്വെൽ ആസ്ഥാനമായുള്ള ചെംസ്ഫോർഡ് രൂപതയുടെ സഹായ മെത്രാനായാണ് മലയാളിയായ ഡോ. ജോണിനെ (52) സഭയുടെ  അധ്യക്ഷയായ എലിസബത്ത് രാജ്ഞി മാർച്ച് ഒൻപതിന് നിയമിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞവർഷം ജൂലൈയിൽ അന്തരിച്ച ബിഷപ് റവ. ഡോ. ജോൺ മൈക്കിൾ റോയുടെ പിൻഗാമിയായാണ് നിയമനം.

ഫാ. ജോണിനൊപ്പം ബ്രിസ്റ്റോൾ രൂപതയുടെ മെത്രാനായി റവ .ഡോ. വിവിയൻ ഫോളും ടൺബ്രിഡ്ജ് രൂപയുടെ ബിഷപ്പായി റ. ഡോ. സൈമൺ ബർട്ടൺ ജോൺസും ഇന്ന്  അഭിഷിക്തരാകും.  സഭയുടെ  ആത്മീയ തലവനായ കാന്റർബറി ആർച്ച്ബിഷപ്പ് റവ. ഡോ. ജസ്റ്റിൻ വെൽബിയുടെ മുഖ്യ കാർമികത്വത്തിലാകും മെത്രാഭിഷേക ചടങ്ങുകൾ.

2002 മുതൽ ആംഗ്ലിക്കൻ സഭയിൽ വൈദികനാണ് വയനാട് മാനന്തവാടി സ്വദേശിയായ ഡോ. ജോൺ പെരുമ്പലത്ത്. പന്തളം പുന്തലയിൽനിന്നും വയനാട്ടിലേക്ക് കുടിയേറിയ പെരുമ്പലത്ത് പി.എം. തോമസിന്റെയും അമ്മിണിയിലുടെയും മകനാണ്.

പൂനെയിലെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽനിന്നും  ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ഫാ. ജോൺ. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ (സി.എൻ.ഐ) വൈദികനായിരുന്നു. 1995 മുതൽ 2001 വരെ കൊൽക്കത്തയിൽ വൈദികനായിരുന്ന അദ്ദേഹം ഉപരിപഠനാർഥം ബ്രിട്ടണിലെത്തിയപ്പോഴാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ അംഗമായത്.

റോച്ചസ്റ്റർ, ബക്കൻഹാം, നോർത്ത് ഫ്ലീറ്റ്, പിയറി സ്ട്രീറ്റ് എന്നിവിടങ്ങളിൽ വൈദികനായി പ്രവർത്തിച്ചു. 2013ൽ ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ് പള്ളിയിൽ ആർച്ച്ഡീക്കനായി നിയമിതനായി.

സഭയുടെ കീഴിലുള്ള വിവിധ സമിതികളിലും പബ്ലിക് അഫയേഴ്സ് കൗൺസിലിലും ജനറൽ സിനഡിലും അംഗമായ ഫാ. ജോൺ ബിഎ, ബി.ഡി, എം.എ, എംത്, പി.എച്ച്.ഡി യോഗ്യതകൾ ഉള്ളയാളാണ്.

ഗണിതശാസ്ത്ര അധ്യാപികയായ ജെസിയാണ് ഭാര്യ. നിലമ്പൂർ പുല്ലഞ്ചേരി തെക്കേതൊണ്ടിയിൽ ടി.വി. യോഹന്നാന്റെയും എലിസബത്തിന്റെയും മകളാണ് ജെസി. ഏകമകൾ അനുഗ്രഹ മെഡിക്കൽ വിദ്യാർഥിയാണ്.

RECENT POSTS
Copyright © . All rights reserved