UK

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ജെയിംസ് ആന്റണിയുടെ പിതാവ്  കെ മാത്യു ആന്റണി (90) നിര്യാതനായി. ഇന്ന് രാവിലെ ഇന്ത്യൻ സമയം പതിനൊന്ന് മണിക്കാണ് മരണം സംഭവിച്ചത്. പരേതയായ മേരിക്കുട്ടി ആന്റണി ഭാര്യ. ആറ് മക്കളാണ് കെ മാത്യുവിന് ഉള്ളത്. (മൂന്ന് ആണും മൂന്ന് പെൺമക്കളുമാണ്). സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജെയിംസ് ആന്റണി ഒഴിച്ച് ബാക്കിയെല്ലാവരും നാട്ടിൽ തന്നെയാണ് ഉള്ളത്.

പൂർണ്ണ ആരോഗ്യവാനായിരുന്നു പരേതനായ മാത്യു. കഴിഞ്ഞ ദിവസം വീണപ്പോൾ ഇടുപ്പിനേറ്റ പരിക്കുമായി ബന്ധപെട്ട് കഴിഞ്ഞ തിങ്കളാഴ്ച ഹിപ് ഓപ്പറേഷനുശേഷം വിശ്രമത്തിലായിരുന്ന മാത്യുവിന് ശ്വാസതടസം അനുഭവപ്പെടുകയും കൃത്രിമ ശ്വാസോച്വാസം നൽകുകയും ചെയ്‌തു എങ്കിലും മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്. മാത്യുവിന് 45 വയസുള്ളപ്പോൾ ഭാര്യ നഷ്ടപ്പെട്ടങ്കിലും മറ്റൊന്നും ആലോചിക്കാതെ മക്കളെയെല്ലാം ഉന്നതനിലയിൽ എത്തിക്കുക എന്ന തീരുമാനത്തിൽ  കഠിനാധ്വാനം ചെയ്‌തു അത് സഫലീകരിക്കുകയും ചെയ്‌ത വ്യക്തിയാണ് മാത്യു ആൻറണി. ചങ്ങനാശ്ശേരി എസ്  ബി കോളേജ് റിട്ടയേർഡ് ലാബ് ടെക്‌നിഷ്യൻ ആയിരുന്നു പരേതനായ മാത്യു ആന്റണി.

ശവസംക്കാരം ചൊവ്വാഴ്ച്ച രാവിലെ പത്തുമണിക്ക് ചങ്ങനാശ്ശേരി കുമ്പനാലം സൈന്റ്റ് ആന്റണീസ്  പള്ളി സെമിത്തേരിയിൽ. ശവസംക്കാര ചടങ്ങിൽ സംബന്ധിക്കാനായി കുടുംബസമേതം ഇന്ന് നാട്ടിലേക്ക് പുറപ്പെടുന്ന ജെയിംസ് ആന്റണി സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിലെ സെന്റ് അൽഫോൻസാ യൂണിറ്റിന്റെ സെക്രട്ടറി കൂടിയാണ്.

 

പ്രിയ കിരൺ

പ്രളയകാലത്തു, പല മാലിന്യങ്ങളും വിഷ ജീവികളും ഓൺലൈനിലൂടെയും ഒഴുകിയെത്തുകയുണ്ടായി. ശബരിമലയിൽ സ്ത്രീകളെ കടത്തണമെന്ന വാദം ശക്തമായിരിക്കെ , അങ്ങനെയിപ്പോൾ ആരെയും കടത്തേണ്ടെന്ന അയ്യപ്പന്റെ തീരുമാനമാവാമെത്രെ പ്രളയം! ബീഫ് കഴിക്കുന്ന മ്ലേച്ചകേരളീയ സമൂഹത്തിനുള്ള പരാശക്തികളുടെ ഒരു താക്കീതുമാവാം! പ്രമുഖ പത്രത്തിൽ ഒന്നാം പേജിൽ തല മൂത്ത തമ്പുരാട്ടിയുമായുള്ള അഭിമുഖത്തിൽ അവരും പറഞ്ഞു കണ്ടു , പ്രളയം ദൈവകോപമല്ലാതെ മറ്റൊന്നല്ലെന്നു !

വരൾച്ച പ്രവചിച്ചു പ്രളയം വരുത്തിയ കാണിപ്പയ്യൂരിനെതിരെ ട്രോളന്മാരുടേതടക്കം ഏതാനും ഒറ്റപ്പെട്ട പ്രതികരണങ്ങളല്ലാതെ , കേരളത്തിൽ കലാലയങ്ങളിൽ, ശാസ്‌ത്രവിഷയങ്ങൾക്ക് പ്രവേശനം കിട്ടാനുള്ളത്ര തള്ളും തിരക്കുമൊന്നും, ഇത്തരം യുക്തിരാഹിത്യങ്ങളെ എതിർക്കുന്നതിൽ പൊതുവിൽ കാണുകയുണ്ടായില്ല. സാക്ഷരതക്കും ശാസ്‌ത്രപഠനത്തിനും അപ്പുറം ശാസ്ത്രമോ യുക്തിചിന്തയോ ഒരു മനോവൃത്തിയായി മാറ്റാൻ നമുക്കിനിയും സാധിക്കാത്തതെന്തു കൊണ്ടാണ്!

എട്ടിന്റെ സ്പാന്നറും എടുത്തു “ദിപ്പോ ശരിയാക്കിത്തരാം ” എന്ന ആത്മഗതത്തോടെ പൈതൃകങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ഇന്നത്തെ ഒരു ട്രെൻഡ് ! കർക്കിടക കഞ്ഞി , പ്രകൃതി ജീവനം , രാമായണ മാസം .. അങ്ങനെ അതിവേഗം ബഹുദൂരത്തേക്കു റിവേഴ്‌സ് ഗിയറിടുമ്പോൾ, പണ്ട് സഹതാരങ്ങളായി പോലും കഥയിൽ ഇല്ലാതിരുന്ന അക്ഷയത്രിതീയ, തൃക്കാർത്തിക തുടങ്ങി ചിലരെക്കൂടി ഇപ്പോൾ മുഖ്യവേഷങ്ങളിൽ കാണാനുമുണ്ട്!

സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസത്തിന്റെയും പതനം രേഖപ്പെട്ട 1980 – കളുടെ അവസാനം വരെയും, അന്ധവിശ്വാസത്തെ യുക്തികൊണ്ടെതിർക്കപ്പെടുന്നത് പ്രോത്സാഹിക്കപ്പെട്ടിരുന്നൊരു സമൂഹമാണ് ഇങ്ങനെ പടവലങ്ങയുടെ വളർച്ചാനിരക്ക് കടമെടുത്തിരിക്കുന്നതെന്നോർക്കണം !

ദേശീയ തലത്തിലാണെങ്കിൽ പൈതൃക, പാരമ്പര്യ സംരക്ഷണവും , യോഗയും ധ്യാനവുമെല്ലാം സർവശക്തിയോടെയും സഭ കയ്യടക്കിയിരിക്കുന്നു. എയ്ൻസ്റ്റീനിന്റെ സിദ്ധാന്തങ്ങളും, റോക്കറ്റ് വിക്ഷേപണ രഹസ്യങ്ങളും വേദത്തിലുണ്ടെന്നും, ഇന്ന് വരെ ഒരു പ്രസവ വാർഡിലും കുരങ്ങൻ മനുഷ്യനെ പ്രസവിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, തെളിവുകളുടെ അഭാവത്തിൽ പരിണാമ സിദ്ധാന്തത്തെ തള്ളിക്കളയുന്നെന്നും , ഭരണനേതൃത്വം “ശാസ്ത്രീയ” ഭേദഗതികൾ നടത്തുമ്പോൾ, മാടമ്പള്ളിയിലെ യഥാർത്ഥ ശാസ്ത്ര /യുക്തിചിന്തകർ മുറിയടച്ചിരുന്നു ദീർഘശ്വാസം വിടുകയല്ലാതെ എന്ത് ചെയ്യാൻ !

ഇത്തരം തിരിച്ചു പോക്കുകളും , വിശ്വാസപ്രമാണങ്ങളുടെ രക്ഷാകർതൃത്വവും പ്രചാരണവും , അവയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലും , ഉദ്ദേശശുദ്ധിയുടെയും സ്വാർത്ഥ താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലും സത്യസന്ധമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പ്രശസ്ത ചിന്തകയും എഴുത്തുകാരിയുമായ മീര നന്ദ പറഞ്ഞത് പോലെ “ പ്രകൃതി മണ്ഡലത്തെ ശാസ്ത്രാധിഷ്ഠിതമായും മതേതരമായും മനസിലാക്കുക എന്നത് , മതേതര ജനാധിപത്യ സമൂഹം ഉയർന്നു വരുന്നതിനുള്ള ഒരു മുന്നുപാധിയാണ്”.

അങ്ങനെയല്ല, ആർഷഭാരതസംസ്കൃതിയുടെയും, വേദോപനിഷത്തുക്കളെയുമുള്ളിൽ സമസ്തപ്രശ്നങ്ങളുടെയും , പരമാനന്ദത്തിന്റെയും രഹസ്യങ്ങളെല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണോ താങ്കൾ ? ഇത്തരം വിചാരധാരയുടെ പ്രഭവകേന്ദ്രം രണ്ടാവാം – ഒന്ന്, ഭൂരിപക്ഷത്തോട് ചേർന്ന് നിന്ന് സ്വന്തം വേരുകളെയും, സംസ്കൃതിയെയും സംരക്ഷിക്കുന്നെന്ന തോന്നലുളവാക്കുന്ന ഒരു മനസുഖം , അത് തരുന്ന മിഥ്യാഭിമാന, സുരക്ഷിത ബോധം . അല്ലെങ്കിൽ യാഥാർത്ഥമായും ധ്യാനം, യോഗ, നിർവാണം തുടങ്ങിയ അതീന്ദ്രിയസങ്കൽപ്പങ്ങളിൽ ഉള്ള വിശ്വാസം.

ഈ കവലയിലേക്കു നമ്മെയെത്തിച്ച വഴി ഇതിൽ ഏതുമാവട്ടെ , ഇവിടെ എത്തിപ്പെട്ടവർ തീർച്ചയായും കേട്ടിരിക്കേണ്ട ഒരാളാണ് കേരളത്തിലെ പരിജ്ഞാനയുക്തിവാദികളിൽ പ്രമുഖനും , യുക്തിമുഖം മാസികയുടെ എഡിറ്ററുമായ , പ്രശസ്ത ഓർത്തോ സർജൻ ഡോക്ടർ സി വിശ്വനാഥൻ . ഹൈന്ദവത, ധ്യാനം , യോഗ , വേദങ്ങൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ശാസ്ത്രീയാടിത്തറയോടെ ഏറെ ഗഹനമായ പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ള ഡോക്ടർ വിശ്വനാഥൻ കേരളപരിജ്ഞാനയുക്തിധാരയുടെ തിങ്ക് ടാങ്ക് എന്നാണ് അറിയപ്പെടുന്നത്. സെപ്തംബര് 21 – നാണു , യുണൈറ്റഡ് റാഷണലിസ്റ്സ് ഓഫ് യു കെ – യുടെ ആഭിമുഖ്യത്തിൽ, ഡോക്ടർ സി വിശ്വനാഥൻ യു കെ മലയാളികളോട് സംവദിക്കാനായി യു കെ യിൽ എത്തുന്നത്.

കേവലം ഒരു നിരീശ്വരവാദി, നാസ്തികൻ എന്നതിനപ്പുറത്തു , നവനാസ്തികതയുടെ ആത്മീയ വിരൽ ചൂണ്ടലിനെയും , ബിംബവൽക്കരണത്തെയും , വർഗീയവിഭജനങ്ങളെയും ,ഗോത്രീയതെയും സരളമായി , സൗമ്യമായി എന്നാൽ യുക്തിയുക്തമായി ഖണ്ഡിക്കുകയും ചെയ്യുന്നു ഇദ്ദേഹം . നവഹിന്ദുത്വത്തിന്റെ ബ്രഹ്മണ്യബോധത്തെ തകർക്കാനും, യുക്തിവാദത്തിൽ ഇന്ത്യൻ ജ്ഞാനോദയത്തിനും ദളിത് സ്ത്രീ മുന്നേറ്റമാണ് ഉത്തരമെന്നു വിശ്വസിക്കുന്ന ഡോക്ടർ വിശ്വനാഥന്റെ സംവരണ, സ്ത്രീപക്ഷനിലപാടുകളും ഇന്ത്യൻ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഏറെ ആശാവഹമാണ് .

“ബോധവും പരിണാമവും “ എന്നതാണ് യു കെ – യിലെ ഡോക്ടർ വിശ്വനാഥന്റെ പ്രഭാഷണവിഷയം എന്നത് വാസ്തവത്തിൽ അത്ഭുതമുണ്ടാക്കിയില്ല . സമാനവിഷയങ്ങളിലെ അദ്ദേഹത്തിന്റെ താല്പര്യവും അറിവും ധ്യാനരഹസ്യവും , ധ്യാന പ്രലോഭനം തുടങ്ങിയ പ്രഭാഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഞാൻ എന്താണ് ? എന്താണ് ധ്യാനം? പരമാനന്ദം ? പരിണാമത്തിന്റെ ഉപോൽപ്പത്തിയാണ് ബോധം , ധ്യാനത്തിന്റെ പരമാനന്ദഅവസ്ഥയെന്നാൽ ഇന്ദ്രിയ സംവേദനങ്ങൾക്കു മേലെ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ പ്രതിപ്രവർത്തനമാണെന്നും തുടങ്ങി , പുരാതന ധാരണകളെയും അവയുടെ പ്രചരണങ്ങളെയും, യുക്തിയുടെയും ശാസ്ത്രീയലോകവീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും അനുചിതമായ പദങ്ങളാൽ ലളിതമനോഹരമായി പുനഃപരിശോധിക്കുന്ന അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ, യുകെ മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുക്കുന്നു യുണൈറ്റഡ് റാഷണലിസ്റ്സ്.

ആൾദൈവങ്ങൾ നിറഞ്ഞാടുന്ന , ചോദ്യം ചെയ്യുന്നവർ രാജ്യദ്രോഹികളാക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഭരണഘടന വിഭാവനം ചെയ്ത സ്വതന്ത്ര, മതേതര, ജനാധിപത്യരാഷ്ട്രം കെട്ടിപ്പടുക്കാൻ, നാം കൂടെ കൂട്ടേണ്ടത് പൗരാണികപ്രതാപകഥകളോ , യുക്തി,ശാസ്ത്രാവബോധമോ എന്ന് ചിന്തിക്കുന്നവർ തീർച്ചയായും എത്തിച്ചേരേണ്ടയിടമാണ് ഡോക്ടർ വിശ്വനാഥന്റെ പ്രഭാഷണ വേദി.

യു.കെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബ്. ബ്രിസ്‌റ്റോള്‍ & ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡിവിഷനില്‍ പത്ത് ടീമുകള്‍ പങ്കെടുത്ത 20 മത്സരങ്ങളില്‍ നിന്ന് 17 ലും വിജയിച്ചാണ് ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബ് ഒന്നാമതായി പ്രമോഷന്‍ നേടിയത്. പൊതുവെ സ്‌പോര്‍ട്‌സില്‍ മലയാളികള്‍ മുന്‍തൂക്കം നല്‍കാതിരിക്കുന്ന ജീവിതരീതിയില്‍ നിന്ന് വ്യത്യസ്ത്ഥമായി ചിന്തിച്ച് ഒരുകൂട്ടം മലയാളികള്‍ മാത്രം കഠിന പ്രയത്‌നം ചെയ്ത് പരസ്പരം സഹകരിച്ചാണ് ഈ വന്‍നേട്ടം നേടിയത്.

അനുഗ്രഹ് ജെയ്‌സണ്‍ നയിച്ച എയ്‌സസ് ടീമില്‍ രണ്ട് സെഞ്ച്വറികളടക്കം ടോം മാത്യൂ 704 റണ്‍ നേടി ടോപ് സ്‌കോററായി. ജോഫിന്‍ റെജി ഒരു സെഞ്ച്വറി അടക്കം 504 റണ്ണും നേടി. 183.33 എന്ന ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റുമായി ദീപേഷ് രാമന്‍ എതിരാളികള്‍ക്ക് പേടി സ്വപ്‌നം ആയിരുന്നു. ആഷിഷ് തങ്കച്ചനും ബെന്‍ ലാലു അലക്‌സും ടോണി മാത്യൂ ഉം ബാറ്റിംഗില്‍ ഉഗ്രന്‍ ഫോമിലായിരുന്നു. തോമസ് കാവൂര്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എയ്‌സസിനായി നേടി. സുഷ്മിത്ത് സതീഷ്, സ്മിത്ത് ജോണ്‍, ആതിഷ് ബെന, ബെന്‍ഞ്ചോസ് ജോര്‍ജ്, ശങ്കര്‍ എന്നിവരും ടീമിനായി ന്നായി പന്തെറിഞ്ഞു. 11.71 എന്ന വിക്കറ്റ് ടെയ്ക്കിംഗ് സ്‌ട്രൈക്ക് റേറ്റില്‍ ജോബിച്ചന്‍ ജോര്‍ജും ഫോമിലായിരുന്നു.

ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബിന് വേണ്ട എല്ലാ നിര്‍ദേശങ്ങളും സഹായങ്ങളും ഉം നല്‍കി ക്ലബ് ചെയര്‍മാന്‍ James Vaipantherayil ക്ലബ് സെക്രട്ടറി ആഷിഷ് ജോര്‍ജും എപ്പോഴും കൂടെയുണ്ടായിരുന്നു. ജെറിന്‍ മാത്യുവാണ് ക്ലബിന്റെ ട്രെഷറര്‍. ഈ വിജയം ഒരു മാതൃകയാക്കി യു.കെയിലുള്ള മലയാളി മക്കള്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് കടന്നുവന്ന് വിജയം നേടണമെന്നും ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബില്‍ കളിച്ച എല്ലാ കളിക്കാരും അഭിപ്രായപ്പെട്ടു. ഫ്രീഡം മോര്‍ട്ടേജ് കവന്‍ഡ്രിയായിരുന്നു ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബിന്റെ 2018ലെ മെയിന്‍ സ്‌പോണ്‍സര്‍.

യുകെയില്‍ ഇനി മുതല്‍ നോ ഫോള്‍ട്ട് വിവാഹ മോചനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ അരങ്ങൊരുങ്ങുന്നു. വിവാഹമോചന നിയമങ്ങളില്‍ വരുത്താനിരിക്കുന്ന സുപ്രധാന മാറ്റത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിവാഹമോചനം ലഭിക്കണമെങ്കില്‍ പങ്കാളിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കണമെന്ന വ്യവസ്ഥ ഇല്ലാതാകും. പരസ്ത്രീ ബന്ധം, അസ്വാഭാവികമായ പെരുമാറ്റം, ഉപേക്ഷിച്ചു പോകല്‍ തുടങ്ങിയ കാരണങ്ങളാണ് സാധാരണ ഗതിയില്‍ വിവാഹമോചനത്തിന് കാരണങ്ങളായി കേസുകളില്‍ ഉന്നയിക്കാറുള്ളത്. ഇവ ഇനി മുതല്‍ തെളിയിക്കപ്പെടേണ്ടതില്ല. നിയമത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ് മാറ്റം വരുത്തിയിട്ടുള്ളത്.

പങ്കാളികള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞില്ലെന്നത് വിവാഹമോചനം തടയുന്നതിന് ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ അഴിച്ചുപണി നടത്താമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചത്. ഫോള്‍ട്ട് ബേസ്ഡ് വിവാഹ മോചന സമ്പ്രദായം തന്നെ നിര്‍ത്തലാക്കാനും ഇക്കാര്യത്തില്‍ ലെജിസ്ലേഷന്‍ പാസാക്കുന്നതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് സെക്രട്ടറി ഡേവിഡ് ഗോക്ക് അറിയിച്ചു. പുതിയ നിയമമനുസരിച്ച് വിവാഹമോചനങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി ആറു മാസത്തെ സമയം ജസ്റ്റിസ് മിനിസ്ട്രി നിശ്ചയിക്കും. ഇക്കാലയളവില്‍ വേറിട്ടു താമസിക്കുന്നത് പോലും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കുന്നതാണ്.

സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളിലും ഇതേ വ്യവസ്ഥകള്‍ ബാധകമായിരിക്കും. നിലവിലുള്ള നിയമം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളും ഇത് മാറ്റാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന ഫാമിലി ജഡ്ജ് സര്‍.ജെയിംസ് മൂണ്‍ബി ഡൈവോഴ്‌സ് നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.

ബിസിനസുകളിലും ജോലികളിലും ഏര്‍പ്പെടുന്നതിനു പകരം സ്ത്രീകള്‍ കുട്ടികളെയും കുടുംബത്തെയും നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ മുതിര്‍ന്ന എന്‍ജിനീയറെ സ്ഥാപനം പുറത്താക്കി. മാന്‍ഗ്ലിന്‍ പില്ലേ എന്ന സൗത്ത് ആഫ്രിക്കന്‍ സിവില്‍ എന്‍ജിനീയറെയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സിവില്‍ എന്‍ജിനീയറിംഗ് (SAICE) പുറത്താക്കിയത്. സിവില്‍ എന്‍ജിനീയറിംഗ് എന്ന പേരിലുള്ള ഇന്‍ ഹൗസ് മാഗസിനിലെ കോളത്തിലാണ് ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയായ പില്ലേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ സയന്റിഫിക് പ്രൊഫഷനുകള്‍ കൂടുതലായി തെരഞ്ഞെടുക്കാത്തതിന് കാരണം അവര്‍ക്ക് കെയറിംഗിനോട് കൂടുതല്‍ താല്‍പര്യമുള്ളതിനാലാണെന്ന് പില്ലേ തന്റെ ലേഖനത്തില്‍ പറഞ്ഞു. പിന്നീട് ഈ പരാമര്‍ശത്തില്‍ ഇദ്ദേഹം ഖേദപ്രകടനം നടത്തിയെങ്കിലും കമ്പനി കോണ്‍ട്രാക്ട് റദ്ദാക്കുകയായിരുന്നു.

സെയ്‌സിന്റെ ഇന്‍ ഹൗസ് മാസികയുടെ വായനക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഇവരില്‍ 5 ശതമാനം സ്ത്രീകളാണ്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയവയില്‍ കരിയര്‍ ആരംഭിക്കാന്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ രംഗത്തെത്തുന്നതിനെക്കുറിച്ചായിരുന്നു ലേഖനം ചര്‍ച്ച ചെയ്തത്. ജോലി ചെയ്യാനുള്ള ത്വരയും ഉയര്‍ന്ന പെര്‍ഫോമന്‍സ് ആവശ്യങ്ങളുമാണ് പുരുഷന്‍മാരെ ഹൈ പ്രൊഫൈല്‍ ജോലികളിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് ലേഖനം അവകാശപ്പെടുന്നത്. ഫാമിലി, സോഷ്യല്‍, ഹോബി സമയങ്ങള്‍ ചെലവഴിക്കാത്തവരാണത്ര ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍.

കുടുംബം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ ജോലികളില്‍ തല്‍പരരായിരിക്കുന്നതിനാലാണ് ഇത്തരം ജോലികളില്‍ സ്ത്രീകള്‍ കാര്യമായി എത്താത്തതെന്നും ലേഖനം വാദിക്കുന്നു. സ്ത്രീവിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട ഈ പരാമര്‍ശങ്ങളുടെ പേരില്‍ പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്തു നിന്ന് ഇയാളെ നീക്കം ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് സൗത്ത് ആഫ്രിക്കയുടൈ ജെന്‍ഡര്‍ ഇക്വാളിറ്റി കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ സയന്‍സ് മന്ത്രി മാമോലോകോ കുബായി എന്‍ഗുബാനേ പില്ലേയുടെ ലേഖനത്തെ അപലപിച്ചു.

കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോക്ടര്‍ സി. വിശ്വനാഥന്‍ അയര്‍ലണ്ടിലെത്തുന്നു. ഈ മാസം 19-ആം തിയതി വൈകുന്നേരം 6 മണി മുതല്‍ താലയില്‍ സ്‌പൈസ് ബസാര്‍ ഹാളില്‍വെച്ച് അദ്ദേഹം ‘സാംസ്‌കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകള്‍’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതാണ്.

എസ്സന്‍സ് അയര്‍ലന്‍ഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. മനുഷ്യന്റെ കുടിയേറ്റങ്ങള്‍ക്കു മനുഷ്യവംശത്തോളം തന്നെ പഴക്കമുള്ളതാണ്. ആഫ്രിക്കയില്‍ നിന്ന് തുടങ്ങി യൂറോപ്പിലൂടെ പൂര്‍വേഷ്യന്‍ ഭാഗങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യന്‍ വീണ്ടും അവന്റെ പ്രവാസം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രവാസികളായി എത്തുന്ന സമൂഹങ്ങള്‍ നേരിടുന്ന സാംസ്‌കാരിക വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംഭാഷണവും ചര്‍ച്ചകളുമാണ് ലക്ഷ്യം വെയ്ക്കുന്നത്.

സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പല ധാരണകളെയും ശാസ്ത്രീയ വീക്ഷണത്തിലൂടെ ഇഴകീറി പരിശോധിച്ച് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുള്ളവയാണ്. വേദങ്ങള്‍, യാഗങ്ങള്‍, യോഗ, ധ്യാനം, ഹോമിയോപ്പതി, എന്നിവയിലെ അശാസ്ത്രീയതകള്‍ തുറന്നുകാട്ടുന്ന പ്രഭാഷണങ്ങള്‍ മലയാളികള്‍ക്ക് വളരെ പരിചിതമാണ്.

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ ആയി ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍ സി വിശ്വനാഥന്‍ ഇപ്പോള്‍ ഒറ്റപ്പാലത്ത് പ്രാക്ടീസ് ചെയ്തു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

0872263917
0879289885
0876521572

സെയിന്‍സ്‌ബെറീസുമായി ലയിക്കാനുള്ള നീക്കത്തിന് മുന്നോടിയായി ‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം നിര്‍ത്തലാക്കുമെന്ന് ആസ്ഡ അധികൃതര്‍. ഇതോടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഉത്പ്പന്നങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. തീരുമാനം ഒക്ടോബറില്‍ നടപ്പാക്കാനാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്റെ നീക്കം. ക്രസ്തുമസ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. മില്യണ്‍ കണക്കിന് രൂപയാണ് ഒരോ ക്രിസ്മസ് സീസണിലും അധിക പര്‍ച്ചേസിനായി ആളുകള്‍ ഉപയോഗിക്കുന്നത്.

‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം 2010 ലാണ് നിലവില്‍ വരുന്നത്. സാധനങ്ങളുടെ വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് വളരെയേറെ ഗുണപ്രദമായിരുന്നു സ്‌കീം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിലയില്‍ കുറവോ അല്ലെങ്കില്‍ തുല്ല്യമോ ആയി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളുടെ പ്രൈസ് നിലനിര്‍ത്തുമെന്ന് സ്‌കീം ഗ്യാരണ്ടി നല്‍കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ യാതൊരു കാരണവശാലും കൂടുതല്‍ പണം ഈടാക്കില്ലെന്നത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ വലിയ ആകര്‍ഷണ ഘടകങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഇത് പൂര്‍ണമായും എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ടെസ്‌കോ ‘മണി സേവിംഗ്’ സ്‌കീം നിര്‍ത്തലാക്കിയിരുന്നു. ടെസ്‌കോ സ്വന്തം ബ്രാന്‍ഡുകളുടെ വിലയുമായി ബന്ധപ്പെുത്തിയായിരുന്നു ഈ സ്‌കീം കൊണ്ടുവന്നത് എന്നാല്‍ എട്ട് ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമെ ഈ സ്‌കീം ഉപയോഗപ്പെടുത്തുന്നുള്ളുവെന്ന് ചൂണ്ടി കാണിച്ച് ഇത് നിര്‍ത്തലാക്കുകയായിരുന്നു. പ്രൈസ് മാച്ച് ഗ്യാരണ്ടി സ്‌കീം പ്രകാരം ആസ്ഡയില്‍ നിന്ന് വാങ്ങിയ ഉത്പ്പന്നങ്ങള്‍ ഇതര സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില കുറച്ച് ലഭിക്കുകയാണെങ്കില്‍ പണം തിരികെ ലഭ്യമാക്കാന്‍ ഉപഭോക്താവിന് കഴിയുമായിരുന്നു. ഏതാണ്ട് 10 ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പെന്‍ഷന്‍ സ്‌കീം മെമ്പര്‍ഷിപ്പ് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും പെന്‍ഷന്‍ സേവിംഗിന് ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ആഘാതമാണെന്ന് വിദഗ്ദ്ധര്‍. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ശരാശരിയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2017ല ആകെ ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ പദ്ധതി മെംബര്‍ഷിപ്പ് 41.1 മില്യന്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍ പെന്‍ഷന്‍ പദ്ധതികള്‍ നോക്കിയാല്‍ ജീവനക്കാര്‍ സേവിംഗ്‌സ് പോട്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശരാശരി കോണ്‍ട്രിബ്യൂഷന്‍ നിരക്ക് 2017ല്‍ 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 4.2 ശതമാനം ആയിരുന്നു.

2012ല്‍ ആരംഭിച്ച വര്‍ക്ക് പ്ലേസ് പെന്‍ഷനിലേക്കുള്ള ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി റിട്ടയര്‍മെന്റ് സേവര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിരുന്നു. 2012ലെ 9.7 ശതമാനത്തില്‍ നിന്ന് സ്വകാര്യ മേഖലയില്‍ നിന്നുള്ള പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് അവിവയുടെ സേവിംഗ്‌സ് ആന്‍ഡ് റിട്ടയര്‍മെന്റ് മേധാവി അലിസ്റ്റര്‍ മക് ക്വീന്‍ പറയുന്നു. ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ പെന്‍ഷന്‍ സേവിംഗ്‌സില്‍ അംഗങ്ങളായ 9 മില്യനിലേറെപ്പേര്‍ക്കായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയെന്നും മക് ക്വീന്‍ പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള രീതിയനുസരിച്ച് ഇത്തരക്കാര്‍ നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കും. മിനിമം വേജിലും കുറഞ്ഞ തുകയായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളതെന്നും വിലയിരുത്തപ്പെടുന്നു.

ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ സ്‌കീമുകളിലെ അംഗത്വം 2016ല്‍ 13.5 മില്യന്‍ ആയിരുന്നെങ്കില്‍ 2017ല്‍ അത് 15.1 മില്യനായി വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ക്ക്‌പ്ലേസ് പെന്‍ഷനിലേക്കുള്ള മിനിമം കോണ്‍ട്രിബ്യൂഷന്‍ നിരക്കിലും വര്‍ഗദ്ധനയുണ്ടായിട്ടുണ്ട്. ജീവനക്കാര്‍ അടയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടായേക്കാം, എന്നാല്‍ അടുത്ത ഏപ്രിലില്‍ നിയമങ്ങള്‍ മാറുന്നതോടെ ഇത് എട്ട് ശതമാനത്തോളം ഉയരുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യു.കെയിലെ എല്ലാ ഭാഗത്തുമുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വരാന്‍ പോകുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം!. പുതിയ വസ്ത്രവും പുസ്തകങ്ങളുമായി ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിലേക്ക് പോകുമ്പോള്‍ മാതാപിതാക്കളായവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെക്കുറിച്ച് ആശങ്കകളുണ്ടാകും. അതേസമയം ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌കൂളിലെത്തുന്ന കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കാന്‍ കഴിയും. പാരന്റിംഗ് സഹായങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ബേബി സെന്റര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ വായിക്കാം.

1) നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.

സമ്മര്‍ ഹോളിഡേ കഴിഞ്ഞാണ് കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെ പോകുന്നത്. വെക്കേഷന്‍ സമയത്തുള്ള നിയന്ത്രണമില്ലാത്ത ദിനചര്യകളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കുട്ടി സാധാരണഗതിയില്‍ കൃത്യ സമയത്ത് ഉറങ്ങുന്നതും കൃത്യതയോടെ ഭക്ഷണം കഴിക്കുന്നതുമെല്ലാം ശ്രദ്ധിക്കണം. നേരത്തെ തന്നെ എഴുന്നേല്‍ക്കാന്‍ പാകത്തിന് അലാറം സെറ്റ് ചെയ്യുന്നത്, അനാവശ്യമായ തിരക്കിടല്‍ പരിപാടികളെ മാറ്റി നിര്‍ത്താന്‍ കുട്ടിയെ സഹായിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം രാവിലെ തയ്യാറാക്കാനും ശ്രദ്ധിക്കണം.

2) വീട്ടില്‍ നല്ല സംസാരശീലം വളര്‍ത്തിയെടുക്കുക

പുതിയ അദ്ധ്യയന വര്‍ഷത്തോടെ കുട്ടികള്‍ എഴുതാനും വായിക്കാനുമെല്ലാം ആരംഭിക്കും. ചിലര്‍ അതില്‍ കുറച്ചുകൂടി ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുകയും ചെയ്യും. മാതാപിതാക്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ സൂക്ഷ്മതയുള്ളതായിരിക്കണം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കുട്ടി വേഗത്തില്‍ മനസില്‍ ഉറപ്പിച്ചേക്കാം. രാത്രി ബെഡ് ടൈം കഥകളും പാട്ടുകളും രസകരമായ സംഭാഷണങ്ങളും നിര്‍ബന്ധമായി ചെയ്യേണ്ട മറ്റു കാര്യങ്ങളാണ്. കുട്ടികളോട് നന്നായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കണം.

3) കണക്കുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്തുക.

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്താനുള്ള ചെറിയ വിദ്യകള്‍ കുട്ടിയെ പരിശീലിപ്പിക്കുന്നത് വലിയ ഗുണം ചെയ്യും. പുറത്ത് പോകുന്ന സമയത്ത് കടകളിലെ കളിപ്പാട്ടങ്ങളുടെ എണ്ണത്തെക്കുറിച്ച് ചോദിക്കുക. നമ്പറുകളുമായി ബന്ധപ്പെട്ട ചെറിയ ജോലികള്‍ നല്‍കുക. നമ്പറുകളെ പരിചയപ്പെടുത്തുക തുടങ്ങിയവ ഗണിതശാസ്ത്രപരമായ താല്‍പ്പര്യങ്ങളെ വളര്‍ത്താന്‍ സഹായിക്കും.

4) കുട്ടികളോട് ഒന്നിച്ച് കളിക്കുക.

ആദ്യമായി വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടിയെ സംബന്ധിച്ച് തികച്ചും അപരിചതമായ സ്ഥലമാണത്. സ്‌കൂളിലെ അപരിചിതത്വവും പഠനത്തിലേക്കുള്ള തയ്യാറെടുപ്പ് അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും കുട്ടിയുമായി സമയം ചെലവിടാനും കളിക്കാനും ശ്രദ്ധിക്കണം.

5) അദ്ധ്യാപകരോട് നിരന്തരം സംസാരിക്കുക

ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരാള്‍ അദ്ധ്യാപകരായിരിക്കും. കുട്ടിയുമായ ഏതുതരത്തിലുള്ള ആശങ്കകളും പങ്കുവെയ്‌ക്കേണ്ടതും അദ്ധ്യാപകരുമായിട്ടാണ്. കുട്ടിയെ അടുത്തറിയാന്‍ അദ്ധ്യാപകന് സാധിക്കുന്നതിനോടപ്പം മാതാപിതാക്കളുടെ ആശങ്കയും മാറാന്‍ ഇത് സഹായിക്കും.

ഈ വര്‍ഷത്തെ ജി.സി.എസ്.ഇ ഫലം പുറത്തുവന്നപ്പോള്‍ മിക്കയിടത്തും മലയാളി കുട്ടികള്‍ നേടിയത് അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്. യു.കെയിലെ മിക്കവാറും സ്‌കൂളുകളില്‍ ഏറ്റവും മികച്ച റിസള്‍ട്ട് ഉണ്ടാക്കിയവരില്‍ മിക്കവരും മലയാളികള്‍ ആണെന്നത് ശ്രദ്ധേയമാണ്. അവരില്‍ ചിലരുടെ നേട്ടം സമാനതകളില്ലാത്തതായിരുന്നു.

അത്തരത്തില്‍ മികച്ച ഒരു നേട്ടത്തിന്റെ കഥയാണ് പൂളില്‍ നിന്നും വന്നിരിക്കുന്നത്. പൂളിലെ പാര്‍ക്ക് സ്റ്റോണ്‍ ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എമി സജി എന്ന മിടുക്കി കുട്ടി കരസ്ഥമാക്കിയത് എഴ് വിഷയങ്ങളില്‍ 9 ഗ്രേഡ് ആണ്. ഒപ്പം മൂന്ന് വിഷയങ്ങളില്‍ 8 ഗ്രേഡും ആണ്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജോഗ്രഫി, ഹിസ്റ്ററി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ 9 ഗ്രേഡും കണക്ക്, ഫ്രഞ്ച്, ഇക്കണോമിക്സ്‌ വിഷയങ്ങളില്‍ 8 ഗ്രേഡും നേടിയാണ്‌ എമി സജി അഭിനന്ദനീയമായ നേട്ടം കൈവരിച്ചത്.

കൊട്ടാരക്കരം ചെങ്ങമനാട് തോട്ടത്തുവിളയില്‍ സജി മാത്യുവിന്റെയും കൊല്ലം കുണ്ടറ കരുവേലില്‍ റീന സജിയുടെയും മകളാണ് എമി സജി. പൂള്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഇയര്‍ 5ല്‍ പഠിക്കുന്ന എബി സജിയാണ് സഹോദരന്‍. ഡോര്‍സെറ്റ് മെയില്‍ സെന്ററിലെ ജീവനക്കാരനായ സജി മാത്യൂവിനും പൂള്‍ എന്‍.എച്ച്.എസ് ഹോസ്പിറ്റലില്‍ ഡെര്‍മറ്റോളജി സെപ്ഷ്യലിസ്റ്റ് നഴ്‌സായ റീന സജീക്കും ഏറെ ആഹ്ലാദം പകരുന്നതായിരുന്നതായി മകള്‍ എമിയുടെ മികച്ച വിജയം.

ഒഴിവുസമയങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്ന എമി സുഹൃത്തുക്കള്‍ക്കൊപ്പം ചെന്നൈ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലൊക്കെ എമിയും സുഹൃത്തുക്കളും സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യഭ്യാസത്തിന്റെ പ്രധ്യാന്യത്തെക്കുറിച്ച് കൂടുതല്‍ അവബോധം നേടാന്‍ ഇത്തരം അവസരങ്ങള്‍ കാരണമായിത്തീര്‍ന്നു എന്ന് പറയുന്ന എമി ഇക്കര്യം പങ്ക് വെയ്ക്കുന്ന നിരവധി പ്രസംഗങ്ങളും മറ്റും സ്‌കൂളില്‍ നടത്തിയിട്ടുണ്ട്.

പഠന പാഠ്യേതര വിഷയങ്ങളില്‍ ഒരുപോലെ മികവ് തെളിയിച്ച എമിയുടെ വിജയം കുടുംബാംഗങ്ങള്‍ക്കൊപ്പം ആവേശപൂര്‍വമാണ് പൂളിലെയും ഡോര്‍സെറ്റിലെയും മലയാളികള്‍ ഏറ്റെടുത്തത്. നിരവധി പേരാണ് എമിക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍ അറിയിച്ചത്.

RECENT POSTS
Copyright © . All rights reserved