UK

 ജോയൽ ചെറുപ്ലാക്കിൽ

വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കോട്ടയത്തിന്റെ പ്രിയംങ്കരനായ എം.പി. ശ്രീ. ജോസ്.കെ.മാണി ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്ത ആദ്യ സംഗമത്തിന്റെ അവിസ്മരണീയമായ വിജയ നിറവിൽ അയർക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു.കെ നിവാസികൾ സ്നേഹ സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നതിനായി വീണ്ടും യു.കെയിൽ ഒത്തുചേരുന്നു. 2018 മെയ് 26-ന് നടത്തുന്ന രണ്ടാമത് സംഗമവുംവൂൾവർ ഹാംപ്ടണിലെ യു. കെ.കെ.സി.എ ഹാളിലാണ് സംഘടിപ്പിക്കുന്നത്. ആദ്യ സംഗമത്തിന്റെ വിജയത്തെതുടർന്ന് താത്പര്യപൂർവം കടന്നു വരുന്ന കൂടുതൽ കുടുംബങ്ങളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായസംഗമം സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പുകളാണ് പ്രസിഡന്റ് ജോസഫ് വർക്കി, സെക്രട്ടറി ജോണിക്കുട്ടി സഖറിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി നടത്തി വരുന്നത്.

അയർക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഈപ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹബന്ധമായി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതംസംഗമത്തിൽ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളിൽ നിന്നും യു.കെയിൽ താമസിക്കുന്ന മുഴുവൻആളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാകർ അറിയിച്ചു. രാവിലെ 10 മണിക്ക്ആരംഭിക്കുന്ന സാംസ്ക്കാരിക സമ്മേളനത്തെ തുടർന്ന് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയുംവൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും. സംഗമ ദിവസം കലാപരിപാടികൾഅവതരിപ്പിക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും താഴെപ്പറയുന്നവരെയോ കമ്മറ്റിഅംഗങ്ങളെയൊ ബന്ധപ്പെടാവുന്നതാണ്.

ജോസഫ് വർക്കി (പ്രസിഡന്റ്) – 07897448282.

ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655

ടോമി ജോസഫ് (ട്രഷറർ) – 07737933896.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്:-

സി.എ. ജോസഫ് – 07846747602 .

പുഷ്പ ജോൺസൺ – 07969797898.

സംഗമവേദിയുടെ വിലാസം

Woodcross Lane
Bilston
Wolverhampton
WV14 9BW

Date: 26/05/2018, Time: 10AM to 6PM

ജോര്‍ജ് ജോസഫ്‌

ജി.എം.എ സംഘടിപ്പിക്കുന്ന ‘സ്‌നേഹാഞ്ജലി 2018’, ഏപ്രില്‍ 28ന് ഗ്ലോസ്റ്റര്‍ഷെയറിലെ സര്‍ തോമസ് റിച്ച് ഗ്രാമര്‍ സ്‌കൂളില്‍ വച്ച് നടത്തുന്നു. കലാ സാംസ്‌കാരിക രംഗത്തോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ ജി.എം.എയുടെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണമാണ് ഈ ഇവന്റിലൂടെ ലക്ഷ്യമാക്കുന്നത്. ജിഎംഎ കുടുംബാംഗങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അകാലചരമമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുന്ന ഒരു ദിനവും കൂടിയാണ് സ്‌നേഹാഞ്ജലി. വിവിധ കലാ പരിപാടികള്‍ക്കൊപ്പം ജിഎംഎ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.

എക്കാലവും വ്യത്യസ്തമായ കലാപരിപാടികള്‍ കൊണ്ട് വരുന്ന ജിഎംഎ ഇത്തവണ നടത്തുന്നത് ‘പുരുഷകേസരി’ സ്റ്റേജ് ഷോ ആണ്. പ്രൊഫഷണലി ഗ്രൂമിങ് കൊടുത്തു കൊണ്ടാണ് പാര്‍ട്ടിസിപ്പന്റ്‌സ് ഇതിനായി അണിനിരക്കുന്നത്. ഇതില്‍ നിന്നും ശേഖരിക്കുന്ന മുഴുവന്‍ തുകയും ജിഎംഎയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. യുകെയില്‍ എന്ന് തന്നെയല്ല, ലോകത്തിലുള്ള മലയാളി അസോസിയേഷനുകള്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് ജിഎംഎ പ്രവര്‍ത്തിക്കുന്നത്. എല്ലാ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക കേരളത്തിലെ ഒരു ജില്ലാ ആശുപത്രിക്കു വേണ്ടിയുള്ള സഹായമാണ് ജിഎംഎ ചെയ്തു കൊടുക്കുന്നത്.

സമൂഹത്തിലെ താഴെത്തട്ടിലുള്ള രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ജില്ലാ ഹോസ്പിറ്റല്‍. ഈ വര്‍ഷം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പത്തനംതിട്ട ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. കേരളത്തില്‍ സ്വകാര്യ ആസ്പത്രിയിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളുടെ ശോചനീയാവസ്ഥക്ക് കഴിയും വിധം ഒരു പരിഹാരമായി മാറുന്നതാണ് ജി.എം.എ യുടെ ഈ രംഗത്തെ പരിശ്രമങ്ങള്‍. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായും ശൈലിയായും മാറ്റിയ ജി.എം.എ അംഗങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണം മാത്രമാണ് കഴിഞ്ഞ എട്ടു വര്‍ഷമായി സുഗമമായി നടന്നു വരുന്ന ഈയൊരു സ്വപ്ന പദ്ധതിയുടെ വിജയ തന്ത്രം.

എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കാന്‍ ജിഎംഎയുടെ ഇപ്പോഴത്തെ പ്രസിഡന്റ് വിനോദ് മാണിയും ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോളും നയിക്കുന്ന കമ്മിറ്റി വളരെ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഒരു ദിനം മനോഹരമാക്കാന്‍, ഒരു നല്ല ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍, ‘സ്‌നേഹാഞ്ജലി 2018’ യിലേക്ക് എല്ലാവരെയും അകമഴിഞ്ഞ് സ്വാഗതം ചെയ്യുന്നു.

സെക്യൂരിറ്റി സര്‍വീസുകള്‍ക്കും പോലീസിനും പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ തീവ്രവാദവിരുദ്ധ നയം. ചില കമ്യൂണിറ്റികളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ തീവ്രവാദത്തിലേക്ക് ചായാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കമ്യൂണികളിലെ ആളുകളെ സംശയമുണ്ടെങ്കില്‍ പിടികൂടാന്‍ ഈ നയം അനുമതി നല്‍കുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അന്തിമ പദ്ധതി തയ്യാറാക്കുന്നതിനു മുമ്പുതന്നെ ഗൂഢാലോചന നടത്തുന്നവരെ പിടികൂടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഈ വിധത്തിലുള്ള ഒരു ചുവടുമാറ്റം അനിവാര്യമാണെന്ന് സെക്യൂരിറ്റി മേധാവിമാര്‍ കരുതുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദത്തിനും തീവ്രവാദ ആശയങ്ങള്‍ക്കും പടരാന്‍ കൂടുതല്‍ സാഹചര്യങ്ങളുള്ള കമ്യൂണിറ്റികളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണ പദ്ധതികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തടയുന്നതിന് എംഐ 5നും ഡിറ്റക്ടീവുകള്‍ക്കും പ്രത്യേക അധികാരങ്ങള്‍ നല്‍കുമെന്നും ഭീകരവിരുദ്ധനയത്തിന്റെ പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. ഈ വിധത്തില്‍ ചില സമൂഹങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഈ നയത്തെ വിവാദത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍, വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

സുരക്ഷാ സര്‍വീസുകളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന 23,000 തീവ്രവാദികളില്‍പ്പെടുന്നവരായിരുന്നു ആക്രമണങ്ങളില്‍ പങ്കെടുത്ത മൂന്ന് പേര്‍. അവരില്‍ ഒരാളുടെ പേരില്‍ മാത്രമായിരുന്നു എംഐ5 അന്വേഷണം നടത്തി വന്നിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് തീവ്രവാദത്തിനുള്ള ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൗണ്‍സിലുകള്‍ക്കും പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തികളേക്കുറിച്ച് പോലീസിനും എംഐ 5നും വിവരങ്ങള്‍ കൈമാറാനും കഴിയും. പുതിയ നയം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞയാഴ്ച ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് വന്‍ പ്രതിഷേധമായിരുന്നു. കത്വയില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസും, ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന മതപരമായ അസഹിഷ്ണുതയും മറ്റുമായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ കാരണം. യുകെയിലെ ഇന്ത്യക്കാരും തദ്ദേശീയരായ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റ് രാജ്യക്കാരും ഒക്കെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങളുടെ മറവില്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതും പതാക വലിച്ച് കീറിയതും യുകെയിലെ ഇന്ത്യക്കാരുടെ ഇടയില്‍ വലിയ എതിര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. മോദിയോടും ബിജെപി ഗവണ്മെന്റിനോടും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യന്‍ ദേശീയതയെ അപമാനിക്കാനുള്ള ശ്രമമായി ഇതിനെ കാണണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളുടെ മറവില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പതാക ഉയര്‍ത്തിയിരുന്ന മൈതാനത്തിലെ ഇന്ത്യന്‍ പതാക വലിച്ച് കീറിയത് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ തന്നെ ആയിരുന്നു എന്ന് ഈ സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാന്‍ അനുകൂലികളും ഖലിസ്ഥാന്‍ വാദികളും ആണ് പതാക കീറാന്‍ മുന്‍കൈയെടുത്തത് എന്നും വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഇന്ത്യന്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ മറവില്‍ ഇന്ത്യന്‍ പതാക വലിച്ച് കീറുന്ന വീഡിയോ താഴെ

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ രൂപീകരിച്ച് മയക്കുമരുന്ന് വില്‍പന സജീവം. രഹസ്യ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഫേസ്ബുക്ക് വഴി അവ പ്രചരിപ്പിക്കുകയും അംഗങ്ങളെ ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പിലൂടെ മയക്കുമരുന്നുകള്‍ക്കായോ ആയുധങ്ങള്‍ക്കും കള്ളനോട്ടുകള്‍ എന്നിവയ്ക്കായോ ഓര്‍ഡറുകള്‍ നല്‍കാന്‍ സാധിക്കും. ലക്ഷക്കണക്കിനാളുകള്‍ സന്ദേശങ്ങള്‍ അയക്കാനും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഉപയോഗിക്കുന്ന ഗ്രൂപ്പുകളുടെ അതേ മാതൃകയിലാണ് ഈ ഗ്രൂപ്പും തയ്യാറാക്കിയിരിക്കുന്നത്.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സുരക്ഷാ ഫീച്ചര്‍ ഉള്ളതിനാല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ പുറത്തേക്ക് പോകില്ല. അതുകൊണ്ടുതന്നെ ക്രിമിനല്‍ സംഘങ്ങള്‍ സന്ദേശങ്ങള്‍ കൈമാറാന്‍ വാട്ട്‌സാപ്പിനെയാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഫേസ്ബുക്കിലൂടെ ലിങ്ക് കൈമാറിയാണ് ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് എന്ന ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തതെന്ന് വ്യക്തമായിട്ടുണ്ട്. തീവ്രവാദാശയങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് ഇപ്പോള്‍ത്തന്നെ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റ് മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്തിയിരുന്നു.

ഡോക്ടേഴ്‌സ് ഓര്‍ഡേഴ്‌സ് ഗ്രൂപ്പില്‍ ചേരുന്നതിന് കര്‍ശന നിബന്ധനകളാണ് നിലവിലുള്ളത്. അംഗങ്ങള്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള ആക്ടിവേഷന്‍ കോഡ് പുതുതായി അംഗത്വം ആഗ്രഹിക്കുന്നവര്‍ നല്‍കണം. യുകെയില്‍ ഉടനീളമുള്ള മയക്കുമരുന്ന് വില്‍പനക്കാരും ഉപഭോക്താക്കളുമുള്ള ശൃംഖലയിലേക്കാണ് ഇതോടെ നിങ്ങള്‍ അംഗമാക്കപ്പെടുന്നത്. നിയമവിരുദ്ധവും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കേണ്ടതുമായ മരുന്നുകളുടെ വിതരണം ഈ ഗ്രൂപ്പിലൂടെ നടക്കുന്നതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിറ്റ്‌കോയിനിലൂടെ പണമടക്കാമെന്ന സൗകര്യവും ഗ്രൂപ്പ് നല്‍കുന്നുണ്ട്.

ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് താരങ്ങള്‍ക്കെതിരെ റഷ്യ വിഷായുധ പ്രയോഗം നടത്തിയേക്കാമെന്ന് സുരക്ഷാ വിദഗ്ദ്ധന്‍. മുന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനും റഷ്യയുമായി ഉരസലുകള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വിദഗ്ദ്ധനായ പ്രൊഫ. ആന്തണി ഗ്ലീസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ഡയറക്ടറാണ് ഇദ്ദേഹം. ക്രെംലിന്‍ അനുവാദത്തോടെ നടത്താന്‍ സാധ്യതയുള്ള ആക്രമണത്തില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരങ്ങള്‍ ലക്ഷ്യമായേക്കാമെന്നാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇംഗ്ലീഷ് ടീമിനെ അപമാനിക്കുന്നതിനായി ഭക്ഷണം കേടുവരുത്തുന്നതുള്‍പ്പെടെ തരംതാണ നടപടികളിലേക്ക് റഷ്യ പോകുമെന്ന് ഇദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന് ലോകകപ്പ് നേടാനുള്ള സാധ്യതകള്‍ വളരെ കുറവാണ്, എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള സാധ്യതയുണ്ടെങ്കില്‍ അതില്ലാതാക്കാന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണെങ്കില്‍ അപ്രകാരം പോലും ചെയ്യാന്‍ റഷ്യ മടിക്കില്ല. ലോകകപ്പിനെ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ആയുധമാക്കി മാറ്റാന്‍ റഷ്യ ശ്രമിക്കുമെന്നത് സാധ്യത മാത്രമായി തള്ളിക്കളയരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സ് അന്താരാഷ്ട്ര രംഗത്ത് ഹിറ്റ്‌ലര്‍ ഉപയോഗിച്ചത് ഏതു വിധത്തിലാണെന്നത് ഏവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലൂടെ താരങ്ങളെ ആക്രമിച്ചെന്ന ആരോപണം 1990ലെ ഇറ്റാലിയ ലോകകപ്പില്‍ ഉയര്‍ന്നതാണ്. അര്‍ജന്റീനയുടെ സ്റ്റാഫ് തനിക്ക് നല്‍കിയ കുടിവെള്ളത്തില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നുവെന്നും കളിക്കിടെ തനിക്ക് ഇതുമൂലം കടുത്ത മന്ദതയുണ്ടായെന്ന് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രാങ്കോ ആരോപിച്ചിരുന്നു. ഇക്കാര്യം അര്‍ജന്റീന നിഷേധിച്ചിരുന്നെങ്കിലും കോച്ചായിരുന്ന കാര്‍ലോസ് ബിലാര്‍ഡോ അപ്രകാരം സംഭവിച്ചിരിക്കാമെന്ന സൂചന വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയിരുന്നു.

പ്രാധാന്യമേറെയുള്ള ക്രിമിനല്‍ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടനെ വിശ്വസിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. അംഗരാജ്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അപ്രതീക്ഷിതമായി ഇങ്ങനെയൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഫൈറ്റിംഗ് ഡേറ്റാബേസിനോടുള്ള ബ്രിട്ടന്റെ അയഞ്ഞ സമീപനം യൂറോപ്യന്‍ ചട്ടങ്ങളോടുള്ള അവഹേളനമാണെന്ന് റിപ്പോര്‍ട്ടില്‍ മൈക്കിള്‍ ബാര്‍ണിയര്‍ പറഞ്ഞു.

ഡേറ്റാബേസ് വിഷയത്തില്‍ പിഴവുകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിനായി 15 മില്യന്‍ പൗണ്ട് നല്‍കാമെന്നും ബ്രിട്ടന്‍ യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് ചുമതലക്കാര്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടന്റെ ‘അയഞ്ഞ സമീപനം’ തെളിയിക്കാനായി ആര്‍ട്ടിക്കിള്‍ 50 വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലും മറ്റ് അംഗരാജ്യങ്ങളുടെ അപേക്ഷകളില്‍ പ്രതികരിക്കുന്നതിലും ബ്രിട്ടന്‍ കടുത്ത വീഴ്ച വരുത്തുന്നുവെന്നാണ് ആരോപണം.

ഷെങ്കന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം 3യുടെ ഭാഗമായി നല്‍കിയ വിവരങ്ങളും പാകപ്പിഴകളുണ്ടായിട്ടുണ്ട്. നിലവാരമില്ലാത്ത ഐടി സിസ്റ്റമാണ് വളരെ പ്രാധാന്യമുള്ള ഈ വിവരങ്ങള്‍ നല്‍കുന്നതിനായി ബ്രിട്ടന്‍ ഉപയോഗിച്ചത് തുടങ്ങിയവയാണ് ആരോപണങ്ങള്‍. യുകെയ്ക്ക് ഇത്തരം വിവരങ്ങള്‍ നല്‍കിയാല്‍ അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന മുന്നറിയിപ്പും ബ്രസല്‍സ് മറ്റ് യൂണിയന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നു.

യുകെയിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃനിര. ഏപ്രില്‍ പതിനാല് ശനിയാഴ്ച പൂളിലെ സെന്റ് എഡ്വേര്‍ഡ്‌സ് സ്‌കൂളില്‍ നടന്ന ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്ത കാലഘട്ടത്തിലേക്ക് ഉള്ള സാരഥികളുടെ തെരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പ് ഉത്ഘാടനം നിര്‍വഹിച്ച പൊതു സമ്മേളനത്തിന് ശേഷം നടന്ന വിഷുക്കണി ദര്‍ശനത്തോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മനോഹരമായ ഈസ്റ്റര്‍ സ്‌കിറ്റ് അവതരിപ്പിച്ചു.

 

അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറുകയുണ്ടായി. കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്ക് നിസ്തുല പങ്ക് വഹിച്ചിട്ടുള്ള മനോജ് കുമാര്‍ പിള്ളയെ ആണ് വീണ്ടും പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തത്. ജോമോന്‍ തോമസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡിജോ ജോണ്‍ ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട് ആയി ക്ഷേമ സോണിയും ജോയിന്റ് സെക്രട്ടറി ആയി സാബു കുരുവിളയും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഷാജി തോമസ്, സ്മിത പോള്‍, ബെന്നി തോമസ്, ഷാജി ജോണ്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. ജിജോ പൊന്നാട്ട് എക്‌സ് ഒഫീഷ്യോ അംഗമായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ ഏഴു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും നിലവില്‍ വന്ന പുതിയ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ലീഡ്‌സ്: ലീഡ്‌സിലെ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വിമ്മിംഗ് പൂളില്‍ മൂന്നു വയസുകാരന്‍ മുങ്ങിമരിച്ചു. ടങ് ലെയിനിലെ ഡേവിഡ് ലോയ്ഡ് ക്ലബിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. അപകടമെന്ന നിലയിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

രാവിലെ 9.30ഓടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്‌പോര്‍ട്‌സ് സെന്ററിലെ ജീവനക്കാര്‍ തന്നെയാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തതും. ഇത്തരം അപകട സന്ധികളില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ക്ലബ് ടീം എമര്‍ജന്‍സി സംഘമെത്തുന്നതിനു മുമ്പ് തന്നെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്ന് ക്ലബ് വക്താവ് അറിയിച്ചു. ഇന്‍ഡോര്‍ പൂളില്‍ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി നീന്തിയിരുന്നതെന്നും ക്ലബ് അറിയിച്ചു.

9.45നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടി മരിച്ചതായി ആശുപത്രി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ സംശയകരമായി യാതൊന്നുമില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് സാക്ഷികളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

ബസ് ലെയിനുകള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വന്‍ തുക പിഴയീടാക്കുന്ന കൗണ്‍സിലുകളെ വിമര്‍ശിച്ച് ക്രിസ് ഗ്രെയിലിംഗ്. 2015നും 2017നുമിടയില്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത് 3.4 മില്യന്‍ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അത്യാഗ്രഹികളായ കൗണ്‍സിലുകള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട്‌ സെക്രട്ടറി കൂടിയായ ഇദ്ദേഹം. പുതുതലമുറ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡ്രൈവര്‍മാരെ കുടുക്കാനുള്ള കൗണ്‍സിലുകളുടെ തന്ത്രത്തിന് തടയിടണമെന്ന് സര്‍ക്കാരിനോട് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഓട്ടോമാറ്റിക് ഫൈനുകള്‍ക്ക് പകരം സംവിധാനമേര്‍പ്പെടുത്തണമെന്നതായിരുന്നു ആവശ്യം.

ഈ ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. നിയന്ത്രണങ്ങളും മറ്റും നടപ്പിലാക്കുമ്പോള്‍ അവ സന്തുലിതവും സുതാര്യവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ എവിടെയൊക്കെയാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ഇക്കാര്യം സെക്രട്ടറി വ്യക്തമാക്കിയത്. ബസ് ലെയിന്‍ ഫൈനുകള്‍ അവതരിപ്പിച്ച ആദ്യ ആഴ്ചയില്‍ത്തന്നെ 1,15,000 പൗണ്ടിന്റെ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളായിരുന്നു പ്രെസ്റ്റണ്‍-ലാന്‍കാഷയര്‍ പ്രദേശത്ത് മാത്രം നല്‍കിയത്. ആദ്യ പിഴവുകള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് കഴിഞ്ഞ 10 വര്‍ഷമായി ഇല്ലായിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു.

പാര്‍ക്കിംഗ് ഫീസിനത്തിലും പിഴകളിലുമായി 2.5 ലക്ഷം പൗണ്ട് കൗണ്‍സിലുകള്‍ ഈടാക്കിയിട്ടുണ്ടെന്നും ആര്‍എസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈനുകളില്‍ നിന്നായി 70 മില്യന്‍ പൗണ്ടാണ് ബ്രിട്ടനിലെ വലിയ നഗരങ്ങള്‍ ഈടാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ മാത്രം 1,72,311 ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്.

Copyright © . All rights reserved