സ്വന്തം ലേഖകൻ
കൊച്ചി : ക്രിപ്റ്റോ കറൻസിയും അവ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഒരു യാഥാർഥ്യമാണ് അതിനെ അവഗണിക്കുന്നതിനു പകരം ഒരു ആഗോള ചട്ടക്കൂട് ഉണ്ടാക്കി അവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത് ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി മോദി കഴിഞ്ഞ ശനിയാഴ്ച ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്രിപ്‌റ്റോകറൻസി നിയന്ത്രണത്തെക്കുറിച്ച് സംസാരിച്ചത്.
സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മാറ്റത്തിന്റെ വേഗത ഒരു യാഥാർത്ഥ്യമാണ് – അത് അവഗണിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. പകരം, ദത്തെടുക്കൽ, ജനാധിപത്യവൽക്കരണം , ഏകീകൃത സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഒരു ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും കൊണ്ടുവരിക എന്നതാണ് ഇപ്പോൾ ആവശ്യമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.
അതേസമയം, ഈ നിയമങ്ങളും നിയന്ത്രണങ്ങളും ചട്ടക്കൂടുകളും ഒരു രാജ്യത്തിന്റെയോ ഒരു കൂട്ടം രാജ്യങ്ങളുടെയോ ആയിരിക്കരുത്. അതിനാൽ ക്രിപ്‌റ്റോ മാത്രമല്ല, വളർന്നുവരുന്ന എല്ലാ സാങ്കേതികവിദ്യകൾക്കും ആഗോള ചട്ടക്കൂടും നിയന്ത്രണങ്ങളും ആവശ്യമാന്നെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ G20 അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ, ക്രിപ്റ്റോ കറൻസിയുടെ സാമ്പത്തിക സ്ഥിരത , അതിന്റെ വിശാലമായ മാക്രോ ഇക്കണോമിക് പ്രത്യാഘാതങ്ങൾ , വളർന്നുവരുന്ന വിപണികളെയും , വികസ്വര സമ്പദ്‌വ്യവസ്ഥകളെയും എങ്ങനെ സംരക്ഷിക്കാം തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ G 20 യിൽ സമവായത്തിലെത്തിയെന്നും , അതിനായി സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളെ നയിച്ചുകൊണ്ട് ക്രിപ്‌റ്റോ ആസ്തികളെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്‌ചകൾ സമ്പുഷ്ടമാക്കുന്ന സെമിനാറുകളും ചർച്ചകളും ഞങ്ങളുടെ പ്രസിഡൻസിയിൽ തുടരുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി ഉപസംഹരിച്ചു.
ക്രിപ്‌റ്റോ അസറ്റുകൾക്കായി ഒരു ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് ഈ മാസം ആദ്യം ഇന്ത്യ പ്രസിഡൻസി നോട്ടായി പുറത്തിറക്കിയിരുന്നു. ജൂലൈയിൽ, ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (FSB) ക്രിപ്‌റ്റോ അസറ്റുകൾക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂടിനുള്ള നിർദ്ദേശിത മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ, G20 ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ക്രിപ്‌റ്റോ നിയന്ത്രണം ലോകത്തിന്റെ ഒരു ഭാഗത്ത് പരിമിതപ്പെടുത്താൻ കഴിയില്ലെന്ന് സമ്മതിച്ചുകൊണ്ട് ആഗോള നയം ആവശ്യമാണെന്നും വിലയിരുത്തിയിരുന്നു.
പല രാജ്യങ്ങളും ഡോളറിനെ ഒഴിവാക്കിയുള്ള ബിസ്സിനസ്സ് സാധ്യതകളെ ഉപയോഗപ്പെടുത്തി തുടങ്ങിയതും, ക്രിപ്റ്റോ കറൻസികളെ ഉദ്യോഗിക കറസികളായി അംഗീകരിച്ചു തുടങ്ങിയതും , ഓരോ രാജ്യവും അവരവരുടെ ഡിജിറ്റൽ കറൻസികൾ ഉപയോഗിച്ച് തുടങ്ങിയതും ഒക്കെ ക്രിപ്റ്റോ കറൻസിക്ക് വേണ്ടി ഒരു പൊതു നയം കൊണ്ടുവരേണ്ട സാഹചര്യത്തിലേക്കാണ് ലോക രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്.
ഒരു ആഗോള ചട്ടക്കൂടിൽ അധിഷ്‌ഠിതമായ നിയമങ്ങളും , നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതോട് കൂടി ഒരു രാജ്യത്തിനും നേരിട്ട് നിയന്ത്രണമില്ലാത്ത വികേന്ത്രീകൃത നാണയം എന്ന യാഥാർഥ്യം ലോകത്ത് നിലവിൽ വരുകയും അങ്ങനെ ക്രിപ്റ്റോ കറൻസികൾക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ സ്വീകാര്യതയും , സാധ്യതയും ലഭിക്കുമെന്നാണ് ബിസ്സിനസ് ലോകം വിലയിരുത്തുന്നത്.
യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”
കൂട്ടായ്മയുടെ ആദ്യസംരംഭമായി നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ന്റെ ട്രൈലർ പുറത്തിറങ്ങി.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ. വസ്ത്രാലങ്കാരം ചിപ്പി മോഹൻ.
ട്രൈലർ ലിങ്ക് :
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലൻഡിൽ താമസിക്കുന്ന ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയാന മോൾ മരണമടഞ്ഞു. ഏഴുവയസ്സുകാരിയായ ലിയാന മോൾ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ. ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്.
ലിയാന മോളുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങൾ നടക്കുന്ന വേദിയെന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റിയ സ്റ്റീവനേജിൽ ഈ വർഷത്തെ’സർഗ്ഗം പൊന്നോണം’ സെപ്തംബർ 17 ന് ഞായറാഴ്ച നടത്തപ്പെടും.
മുഖ്യാതിഥിയായെത്തുന്ന കൗൺസിലർ ടോം ആദിത്യ രണ്ടു തവണ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ മേയറായിരുന്നു. ഇന്റർ ഫെയ്ത് കോർഡിനേറ്ററും, കൺസർവേറ്റിവ് പാർട്ടി നേതാവുമായ ടോം വാഗ്മിയും, സാമൂഹ്യ പ്രവർത്തകനും, സംരംഭകനുമാണ്.
സ്റ്റീവനേജ് ബോറോ കൗൺസിൽ മേയർ കൗൺസിലർ മൈല ആർസിനോ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്റ്റീവനേജ് യൂത്ത് ഡെപ്യൂട്ടി മേയറും സർഗ്ഗം മെമ്പറുമായ അനീസ മാത്യു മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
സെപ്തംബർ രണ്ടു മുതൽ രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഇൻഡോർ-ഔട്ഡോർ മത്സരങ്ങളിൽ ഓണപ്പന്ത്, ഫുട്ബോൾ, ക്രിക്കറ്റ്,വടം വലി,ഖോ ഖോ മുതൽ ചെസ്സ്, കാരംസ്, ശീട്ട് അടക്കം നിരവധി ഇനങ്ങളിലുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സെന്റ് നിക്കോളാസ് ഗ്രൗണ്ടിലും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലുമായാണ് മല്‍സരങ്ങൾ നടക്കുക.
ഓണാഘോഷത്തിലെ ഏറ്റവും പ്രമുഖമായ ഓണസദ്യയ്ക്ക് 21 ഇനം വിഭവങ്ങൾ ആണ് ‘കറി വില്ലേജ്’ തൂശനിലയിൽ വിളമ്പുക.
സെപ്തംബർ 17 ന് ബാർക്ലെയ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേൽക്കും. ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക് തിരികൊളുത്തുമ്പോൾ നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും ഗാനമേളയും മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ പ്രഗത്ഭരായ കലാകാരുടെ താര നിരയാണ് അണിനിരക്കുന്നത്.
സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ തിരുവോണത്തെയും, കേരള കലകളേയും വിദേശികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഓഗസ്റ്റ് 31നു ഒരുക്കുന്ന ‘ലൈവ് കേരള- ലവ് കേരള’യിൽ കേരളത്തനിമയുള്ള വിഭവങ്ങളും കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
‘സ്റ്റീവനേജ് ഡേ’യിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
സ്റ്റീവനേജിന്റെ സൗഹൃദവേദിയിൽ കലാവിരുന്നും ഓണസദ്യയും ആസ്വദിക്കുവാൻ ‘സർഗ്ഗം പൊന്നോണം 2023’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.
ആദർശ് പീതാംബരൻ (സെക്രട്ടറി)- 07429178994
Venue:
Barclays Academy, Walkern Road, Stevenage, SG1 3RB
യുകെയിൽ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ടുകൾ അറിയും തോറും മലയാളി വിദ്യാർഥികൾ മികച്ച പ്രകടനവുമായി കളം നിറയുകയാണ്. വെയിൽസിലെ സ്വാൻസിയിൽ നിന്നുമാണ് മറ്റൊരു ഫുൾ എ സ്റ്റാർ വിജയ വാർത്ത വന്നിരിക്കുന്നത്. സ്വാൻസി സെൻറ് ജോസഫ്സ് കാത്തലിക് സ്കൂൾ വിദ്യാർഥിനിയായ എൽസ മരിയ ബിനോജിയാണ് എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി നാടിനും സ്കൂളിനും അഭിമാനമായിരിക്കുന്നത്.
കുട്ടനാട് എടത്വാ പച്ച സ്വദേശികളായ ബിനോജി ആന്റണി (മോൻ വള്ളപ്പുരയ്ക്കൽ) ലൂർദ്ദ് ബിനോജി എന്നിവരാണ് എൽസ മരിയയുടെ മാതാപിതാക്കൾ. സ്വാൻസിയിൽ ‘ബിനോജീസ് കിച്ചൺ’ എന്ന കാറ്ററിംഗ് സ്ഥാപനം നടത്തുകയാണ് ബിനോജി. ലൂർദ്ദ് മോറിസ്റ്റൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. എൽസയുടെ സഹോദരി ലൌബി ബിനോജി സൌത്താംപ്റ്റൻ യൂണിവേഴ്സിറ്റിയിൽ കാർഡിയാക് ഫിസിയോളജി വിദ്യാർഥിനിയും സഹോദരൻ ബ്ലെസൻ ബിനോജി ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫിസിയോ തെറാപ്പി വിദ്യാർഥിയും ആണ്.
മികച്ച വിജയം നേടിയ എൽസ ബിനോജിയ്ക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
ജിസിഎസ്ഇ പരീക്ഷകളിൽ 11 വിഷയങ്ങളിലും എ സ്റ്റാറിന് തുല്യമായ ഗ്രേഡ് 9-ൽ നേടി സായൂജ് മേനോൻ സഞ്ജയ് . ബക്കിംഗ്‌ഹാംഷെയറിലെ അമർഷാമിലുള്ള ഡോ.ചലോണേഴ്‌സ് ഗ്രാമർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് സായൂജ്.
സായൂജിൻെറ മാതാപിതാക്കളായ സഞ്ജയ് മേനോൻ ബാങ്കിലും അമ്മ രശ്മി നായർ ഇൻവെസ്റ്റ്മെന്റ് ഫെമിലും ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് സഞ്ജയ് മേനോൻ. അമ്മ രശ്മി നായർ പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ് . ഭാഷകളെ സ്നേഹിക്കുകയും 5 ലധികം ഭാഷകൾ സംസാരിക്കുകയും ചെയ്യുന്ന സായൂജ്, അമർഷാം മ്യൂസിക് സെന്ററിൽ ക്ലാരിനെറ്റ് വായിക്കുന്നു, അതേ സ്കൂളിൽ ഗണിതം, ബയോളജി, കെമിസ്ട്രി, സ്പാനിഷ് എന്നിവ പഠിക്കുന്നത് തുടരും .
യുകെയിൽ ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ട്കൾ പുറത്ത് വന്നപ്പോൾ അഭിമാന വിജയം നേടിയ കൂടുതൽ മലയാളി കുട്ടികളുടെ വിവരങ്ങളാണ് അറിയുന്നത്. ജിസിഎസ്ഇയിൽ 12 വിഷയങ്ങളിൽ 12 എ സ്റ്റാർ നേടിയാണ് ലാനെല്ലിയിലെ സ്റ്റെഫി സജി സ്കൂളിന്റെ അഭിമാനമാകുന്നത്.
ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്വദേശികളായ സജി സ്കറിയയുടെയും സിനി സജിയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി.സ്റ്റെഫിയുടെ മാതാപിതാക്കൾ പ്രിൻസ് ഫിലിപ്പ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. സ്റ്റെഫി സജിയുടെ ജിസിഎസ്ഇയിൽ ഫുൾ എ* നേടിയത് അവളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്ന് മാതാപിതാക്കൾ പറയുന്നു.
ലാനെല്ലിയിലെ സെന്റ് ജോൺ ലോയ്ഡ് കോംപ്രിഹെൻസീവ് സ്കൂളിലെ സ്റ്റെഫിയുടെ ടീച്ചർമാർ അവളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും, സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗ്രേഡാണിതെന്നും പറഞ്ഞു.
സ്റ്റെഫിയുടെ സഹോദരി പ്ലിമൗത്തിൽ ബിഡിഎസിലും അവളുടെ സഹോദരൻ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. തന്റെ പ്രൈമറി, സെക്കൻഡറി സ്‌കൂളിലെ ഹെഡ് ഗേൾ എന്ന നിലയിൽ സ്റ്റെഫി മറ്റ് വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണ്. ഇപ്പോൾ, തന്റെ അക്കാദമിക് ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ, എ ലെവൽ ബയോളജി, കെമിസ്ട്രി, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ ഗവർ കോളേജ് സ്വാൻസിയിൽ ചേരാൻ ഒരുങ്ങുകയാണ് സ്റ്റെഫി സജി . ഭാവിയിൽ മെഡിസിൻ പഠിക്കാനാണ് സ്റ്റെഫിയുടെ താത്പര്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്വാൻസീ : യുകെയിൽ ഇന്ന് ജിസിഎസ്ഇ പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ പതിവ് പോലെ മികച്ച വിജയം കരസ്ഥമാക്കി മലയാളി കുട്ടികൾ. മുഴുവൻ വിഷയങ്ങൾക്കും എ സ്റ്റാർ നേടി ഉന്നത വിജയം നേടിയവരിൽ വെയിൽസിലെ സ്വാൻസി ബിഷപ്പ് വോൺ കാത്തലിക് സ്കൂളിലെ ആന്റോ ഫ്രാൻസിസും. എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് എ സ്റ്റാർ നേടിയാണ് ആന്റോ ഫ്രാൻസിസ് ഉന്നത വിജയം കരസ്ഥമാക്കിയത്.
ഫ്രാൻസിസ് പോളിൻെറയും ഡയാന ഫ്രാൻസിസിൻെറയും മകനാണ് ആന്റോ ഫ്രാൻസിസ്. മികച്ച വിജയം നേടിയ ആന്റോ ഫ്രാൻസിസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
റോമി കുര്യാക്കോസ്
ലണ്ടൻ: “പൗരാവകാശത്തിന് അർത്ഥവ്യാപ്തി നൽകി ഭരിച്ച മാനവ സ്നേഹിയായിരുന്നു ഉമ്മൻചാണ്ടി” എന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സേവനം ചെയ്യുന്ന വേളയിൽ ‘അവകാശങ്ങളിലും, ആവശ്യങ്ങളിലും നിയമം മാനുഷികവും അർത്ഥവ്യാപ്തിയുള്ളതും ആയിരിക്കണമെന്നും,, സാധാരക്കാരനും പ്രാപ്യമായ തലത്തിലും, തനിക്കെതിരെയുള്ള പരാതിയാണെങ്കിൽ പോലും നിയമം അനുസരിച്ച് അപേക്ഷകന് നീതി നേടിയെടുക്കുവാൻ അവസരം നഷ്‌ടപ്പെടരുതെന്നും ഉമ്മൻചാണ്ടി സാർ പറയുമായിരുന്നു.’ എന്ന് ജസ്റ്റിസ് ജെ ബി കോശി ഓർമ്മിച്ചു. ‘ഓ സി ഒരോർമ്മ’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് (Retd.) ജെ ബി കോശി.
‘സമകാലീന ഇന്ത്യ’ സെമിനാറിൽ മുഖ്യപ്രസംഗം നടത്തിയ ജെ ബി കോശി ‘ഭരണഘടനയുടെ അന്തസത്തയായ ജനാധിപത്യം, മതേതരത്വം, മാനവ സമത്വം എന്നിവയിൽ സമ്പന്നമായ ഭാരതം, ഐക്യത്തിലും, സ്നേഹത്തിലും നിയമത്തിലും സാഹോദര്യം പുൽകുന്ന ഗാന്ധിയൻ സ്വപ്നം നിലനിറുത്തുവാൻ ഓരോ ഇന്ത്യക്കാരന്റെയും ബാദ്ധ്യതയും അവകാശവും കടമയുമാണെന്നു ഓർമ്മിപ്പിച്ചു.
ലണ്ടനിലെ ഹിൻഡ് സ്ട്രീറ്റിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു.
ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ അൽക്ക ആർ തമ്പി ആയിരുന്നു പ്രോഗ്രാo മോഡറേറ്റർ.
ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
‘ക്രൈസ്തവ വിശ്വാസവും, രാഷ്ട്രീയവും, അധികാരവും ഒപ്പം ചേർത്തു പിടിച്ച്, ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും പ്രതിഷ്‌ടിക്കപ്പെടും എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർമാൻ ഫാ.ടോമി എടാട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജീവിത ശൈലി കണ്ടു ജീവിച്ച ചാണ്ടി ഉമ്മൻ ഭാവിയുടെ പ്രതീക്ഷയാണെന്നും ടോമി അച്ചൻ കൂട്ടിച്ചേർത്തു.
‘ഓർത്തഡോക്സ് സഭാംഗമെന്ന നിലയിൽ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുകയും, താൻ ആല്മീയമായി പഠിച്ച പരസ്പര സ്നേഹവും, കരുണയും, ബഹുമാനവും നൽകികൊണ്ടു ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യൻ എക്കാലത്തും സ്മരിക്കപ്പെടും എന്ന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ലൗട്ടൻ മുൻ മേയർ ഫിലിപ്പ് എബ്രാഹം, വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ വി എൽദോ, WELKOM പ്രതിനിധി ജോസ് ചക്കാലക്കൽ, മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ്, കൗൺസിലർ ഇമാം ഹഖ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
സ്വന്തം ലേഖകൻ
ലണ്ടൻ : നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു. ഗ്ലോബൽ പ്രീമിയർ ലീഗും സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്‌തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു. ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ ക്രിക്കറ്റ് പ്രേമികളിലെ കരുത്തുറ്റരായ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.
ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും , ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.
ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി. കോവൻഡ്രി റെഡ്‌സും നോർത്താംപ്ടൺ ഡക്‌സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്‌സിനായിരുന്നു.
ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.
രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.
സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്‍ണൻ ബാലനായിരുന്നു.
ആദ്യ GPL മത്സരം നടന്ന ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ GPL എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്
മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്‌ടമായ ഫുഡും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.