UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നാല്പതു വയസ് കഴിഞ്ഞവർക്ക് ഇനി വീട്ടിലിരുന്നു തന്നെ ഹെൽത്ത്‌ ടെസ്റ്റ്‌ നടത്താം. ഹൃദ്രോഗവും അമിതവണ്ണവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധന 40 മുതൽ 74 വയസ് വരെ പ്രായമുള്ളവർക്കായി അടുത്ത സ്പ്രിംഗ് മുതൽ ആരംഭിക്കും. ഡിജിറ്റൽ എൻഎച്ച്എസ് ആരോഗ്യ പരിശോധനയിൽ ഒരു ഓൺലൈൻ ആരോഗ്യ ചോദ്യാവലിയും ഉൾപ്പെടുന്നു. ഇതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ പത്തു ലക്ഷം പരിശോധനകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരം പരിശോധനകളിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ-സാമൂഹ്യ സംരക്ഷണ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ വളരെ ലളിതമായി പരിശോധനകൾ നടത്താനും ഡോക്ടർമാരിൽ നിന്ന് ഉപദേശം തേടാനും പുതിയ ഡിജിറ്റൽ ചെക്ക്-അപ്പിലൂടെ സാധിക്കും.

ശരീരഭാരം, ഉയരം, ഭക്ഷണക്രമം, മദ്യപാനം, വ്യായാമത്തിന്റെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ വിലയിരുത്തൽ ഉണ്ടാവും. ആവശ്യമെങ്കിൽ രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും പരിശോധിക്കാൻ ആവശ്യപ്പെടും. ടെസ്റ്റിന്റെ ഫലങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

ഓൺലൈൻ ചോദ്യാവലി ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയാണ് ലഭിക്കുക. ആദ്യ നാല് വർഷത്തിനുള്ളിൽ 400 ഓളം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ പുതിയ ഡിജിറ്റൽ പരിശോധന സഹായിക്കുമെന്ന് സർക്കാർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് ഇന്നലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചത്. അതിൽ പ്രധാനപ്പെട്ടത് തദ്ദേശീയരായ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും അപ്രന്റീസ്ഷിപ്പിലൂടെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളാണ്. 2031 ആകുമ്പോൾ മെഡിക്കൽ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞത്.


സർക്കാർ പ്രഖ്യാപിച്ച രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നേഴ്സുമാർക്കും ഡോക്ടർമാർക്കും എൻഎച്ച്എസിൽ അവസരങ്ങൾ കുറയും. എൻഎച്ച്സിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് കാര്യത്തിൽ സ്വയം പര്യാപ്തതയാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്. യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സ്കിൽഡ് വർക്കർമാരിൽ ഭൂരിഭാഗവും വിദേശ രാജ്യത്ത് നിന്നുള്ളവരാണെന്നതും അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യക്കാരാണെന്നും ഓക്സ്ഫോർഡ് സർവകലാശാലയിൽ നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.


എൻഎച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമായി മൂന്ന് ലക്ഷം ജീവനക്കാരെ കൂടി ഉടനെ റിക്രൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മലയാളി നേഴ്സുമാർക്ക് യുകെയിൽ അവസരങ്ങളുടെ പെരുമഴ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതൊഴിച്ചാൽ എൻഎച്ച്എസ്സിന്റെ പുനർജീവനത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു പദ്ധതികൾ ദീർഘകാലടിസ്ഥാനത്തിൽ ഫലം ചെയ്യുന്നവയാണ്. 5 വർഷത്തെ മെഡിക്കൽ ബിരുദങ്ങൾ ഒരു വർഷം കുറച്ച് നാലുവർഷം ആക്കും എന്നു തുടങ്ങിയ പല പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് എൻ എച്ച്സിലെ ജോലി സാധ്യത കുറയ്ക്കും.

വെസ്റ്റ് യോർക് ഷെയറിലെ വെയക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രഥമ ഫുട്ബോൾ മത്സരത്തിന് വിജയകരമായ സമാപനം. ജൂൺ 24-ാം തീയതി ശനിയാഴ്ച ലീഡ്‌സിലെ മികച്ച ഫുട്ബോൾ ഗ്രൗണ്ടുകളിൽ ഒന്നായ വെസ്റ്റ് റൈഡിങ് ഫുട്ബോൾ ക്ലബ്ബിൻറെ മൈതാനത്താണ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.


പ്രൊഫഷണൽ സമീപനങ്ങൾ കൊണ്ടും, സമയനിഷ്ടത കൊണ്ടും ശ്രദ്ധേയമായ മത്സരത്തിൽ വിവിധ ടീമുകൾ കാൽപന്തുകളിയിൽ വിസ്മയങ്ങൾ തീർത്തു. മുൻ നിശ്ചയപ്രകാരം കൃത്യം പത്തരയോടെ ആരംഭിച്ച മത്സരങ്ങൾ വെയ്ക് ഫീൽഡ് കൗൺസിൽ അംഗമായ സാമൻന്താ ഹാർവെ ഉദ്ഘാടനം ചെയ്തു. കലാശ പോരാട്ടത്തിനായി ഫൈനലിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള നോർത്തേൺ എഫ്സിയും, ഈസ്റ്റ് ഹാമ് എഫ്സിയുമാണ്. പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളുടെ കപ്പ് ഉയർത്തിയത് നോർത്തേൺ എഫ് സി ആണ് .

സെമിഫൈനൽ വരെ എത്തിയ മറ്റ് ടീമുകൾ ബറീഷ് ബേർസ്റ്റും റോസ് പെറ്റൽസും ആണ് . ഫൈനലിൽ വിജയികളായ നോർത്തേൺ എഫ്സിയ്ക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് പ്രസിഡന്റ് ജിമ്മി ദേവസി കുട്ടി അണിയിച്ചു. ലെഫ് ലൈൻ പ്രോഡക്റ്റിന്റെ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ദീപു മാത്യു ക്യാഷ് അവാർഡായ 750 പൗണ്ട് കൈമാറിയപ്പോൾ വെയ്ക്ക്ഫീൽഡ് വാരിയേഴ്സ് ഭാരവാഹി സെനോ മാത്യു മെഡൽ അണിയിച്ച് വിജയികളെ ആദരിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ ഈസ്റ്റ് ഹാമ് എഫ് സിക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് സെക്രട്ടറി അജിത് സുകുമാരൻ സമ്മാനിച്ചപ്പോൾ , ക്യാഷ് അവാർഡ് ട്രഷറർ രാഘവേന്ദ്രൻ നായർ നൽകി. ജെറിൻ ജെയിംസ് വിജയികളെ മെഡൽ അണിയിച്ച് അനുമോദിച്ചു. മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട നോർത്തേൺ എഫ് സി യുടെ ആഷിക് ആൻറണിക്ക് പി.ആർ.ഒ സജേഷ് കെ .എസ് മെഡൽ സമ്മാനിച്ചു. ഏറ്റവും അധികം ഗോളുകൾ നേടിയ റോസ് പേറ്റേഴ്സിന്റെ ജെഫിൻ ജെസീന്തയ്ക്ക് എ എസ് എം പ്ലമ്പേഴ്സിന്റെ ഉടമ അലക്സ് സെബാസ്റ്റ്യനും മികച്ച കളിക്കാരനുള്ള മെഡൽ സാൻറ്റോ മാത്യുവും സമ്മാനിച്ചു. റഫറികൾക്കുള്ള ഉപഹാരം മിനിമോൾ ജോജിയും ലക്ഷ്മി സജേഷും കൈമാറി.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഫേക്ക് ഫേക്ക് ഫേക്ക് …എവിടെ നോക്കിയാലും ഫേക്ക് …
കളർ അടിച്ച മുടി …
ഒട്ടിച്ചു വച്ച കൺ പീലികൾ ….
ടാറ്റു അടിച്ച പിരികങ്ങൾ , ശരീരങ്ങൾ …. മരുന്നുകൾ കുത്തിനിറച്ചു വീർപ്പിച്ച ചുണ്ടുകൾ …പ്ലാസ്റ്റിക് കുത്തിനിറച്ച ശരീര ഭാഗങ്ങൾ …ഫിൽറ്റർ ഇട്ട ഫോട്ടോകൾ …. പെയിന്റടിച്ച മുഖങ്ങൾ …സ്നേഹം നിറച്ചഭിനയിക്കുന്ന ബന്ധങ്ങൾ , ഫേക്ക് ആയ ചിന്തകൾ പടുത്തുയർത്തുന്ന ഫേക്ക് കെട്ടിടസമുച്ഛയങ്ങൾ , ഫേക്ക് ചികിത്സകൾ…ലഹരികളിലുയരുന്ന ഫെയ്ക്കായ സന്തോഷങ്ങൾ അങ്ങനെ ആകെമൊത്തം ഫേക്ക് ആയി മാറിയിരിക്കുന്നു നമ്മുടെ ലോകം …

മരുന്ന് കുത്തിവച്ച ഇറച്ചിമുതൽ ,മരുന്നടിച്ചതും , ലാബിൽ വളർത്തി പാക്കറ്റിലാക്കിയതുമായ ഫേക്ക് ഫുഡടിച്ചു ഫുഡടിച്ചു മത്തുപിടിച്ച നമ്മളിന്ന് ആകെമൊത്തം മുഴുവൻ ഫേക്ക് ആയി മാറിയിരിക്കുന്നു ….

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ സ്വഭാവഗതികൾ മാറ്റാനുള്ള കഴിവുണ്ട് എന്ന് ഞാൻ ആണയിട്ടു പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവർ അറിയണം . വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മൾ കഴിക്കുന്ന ഭക്ഷണം അതെന്തുമായികൊള്ളട്ടെ , അത് നമ്മുടെ ഉള്ളിൽ കടന്നു കഴിയുമ്പോൾ അത് നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറി അത് നമ്മളാകുന്നു . അതുകൊണ്ടാണ് അത്ലറ്റ്സിന് ഇന്ന ഭക്ഷണം, രോഗിക്ക് ഇന്ന ഭക്ഷണം , മോഡലുകൾക്ക് ഇന്ന ഭക്ഷണം എന്ന് നിശ്ചയിച്ചിരിക്കുന്നത് .

ഇതൊക്കെ ഇവിടെ പറയാൻ കാരണം , ഈ ലോകത്തെന്തു നടന്നാലും അതിനി വസ്ത്രമായിക്കൊള്ളട്ടെ , ബിക്കിനി ആയിക്കൊള്ളട്ടെ , ലിവിങ് ടുഗതർ ആയിക്കൊള്ളട്ടെ …എല്ലാം കറങ്ങി തിരിഞ്ഞു അവസാനം വന്നവസാനിക്കുന്നത് നമ്മുടെ നാട്ടിൽ ആയതിനാൽ നമ്മൾ വളരെയധികം ഭയപ്പെടേണ്ടിയിരിക്കുന്നു . പ്രകൃതിയെന്ന ദൈവം മനുഷ്യന് ആസ്വദിച്ചു ഉല്ലസിച്ചു ജീവിക്കാൻ തന്ന പത്തറുപത് വർഷങ്ങൾ നമ്മൾ സ്വാതന്ത്രത്തിലേക്കും സമ്പത്തു നേടുന്നതിലേക്കും മാത്രമായി ഒരുക്കി കളയുന്നു.

ഒന്ന് നോക്കിയാൽ പെണ്ണ് വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുന്നതിൽ കാര്യങ്ങൾ ഇല്ലാതില്ല . കാരണം പെണ്ണിനെ ഏതൊക്കെ രീതിയിൽ മൂല്യച്യുതി ചെയ്യാമോ അങ്ങനെയെല്ലം ചെയ്ത്‌ അറമാതിച്ചാനന്ദിച്ചവരാണ് നമ്മുടെ ആൺ സമൂഹം . ഇന്നും അതിനൊരു കുറവും തെറ്റിയിട്ടില്ല , സ്വന്തം വീട്ടിൽനിന്നും കരുതൽ തേടി വന്നവളെ തലതമ്മിൽ കൂട്ടിയടിപ്പിച്ചു കരയിച്ചു വീട്ടിൽ കയറ്റുന്ന ആചാരം ഇന്നലെയും നടന്നു . മക്കൾക്കായി മാത്രം വിവാഹബന്ധം തുടർന്ന് തല്ലോടലുകൾ ഏറ്റുവാങ്ങുന്ന മാതാപിതാക്കളും മക്കൾക്ക് നൽകുന്ന പാഠങ്ങൾ അത്ര നല്ലതൊന്നുമല്ല . ഇത് കണ്ടു വളരുന്ന മക്കളും പെണ്ണിനെ ശകാരിച്ചു അടക്കിനിർത്തുന്നതാണ് ശരിയെന്ന് കരുതി നാളെ ഇത് തന്നെ ആവർത്തിക്കുന്നു .

എന്നിരുന്നാലും ഈ കൊട്ടിഘോഷിക്കുന്ന അവിവാഹിത ജീവിതം നമ്മളിൽ പലരും കയ്യടിച്ചു പ്രോൽത്സാഹിപ്പിക്കുമ്പോൾ നമ്മൾ മറന്നു പോകുന്ന ചില മാനുഷീക മൂല്യങ്ങൾ ഉണ്ട് . ഇതിൽ പെണ്ണിനെ മാനിക്കാത്ത ഒരു സുഹൃത്തായി കണ്ടു കൂടെനിൽക്കാത്ത ആണുങ്ങളും….
അതുപോലെ തന്നെ ആണിനെ മാനിക്കാത്ത , എന്റെ ജോലി , എന്റെ പദവി, എന്റെ ശരീരം എന്ന് മാത്രം ചിന്തിച്ചു മക്കളെ പ്രസവിക്കാനും പാലൂട്ടിവളർത്താനും , ജോലിയെ ബാധിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ആഗ്രഹിക്കുന്ന സ്ത്രീകളും നമ്മൾ അറിയാതെ നമ്മുടെ ഭാവിയിലേക്കായി വരുത്തി വെക്കുന്ന വിനകൾ ധാരാളമുണ്ട്.

കാരണം മേൽ പറഞ്ഞത് പോലെ ഇനി വരാനിരിക്കുന്നത് ഫേക്ക് കുഞ്ഞുങ്ങളാണ്, കല്യാണം കഴിക്കാത്തവർക്കും, മക്കളെ പ്രസവിക്കാനും പാലൂട്ടി വളർത്താനും , ഭക്ഷണം കൊടുത്തു പരിപാലിക്കാനും നേരമില്ലാത്ത പെണ്ണിനും , പെണ്ണിനെ കിട്ടാത്ത ആണിനുമായി ഇന്റലിജന്റ് ടെക്നോളജി വളർത്തിയെടുക്കുന്ന ഒട്ടനേകം ഫേക്ക് കുഞ്ഞുങ്ങൾ വിവിധ ലാബുകളിൽ വിരിയാൻ നമ്മുടെ ഓർഡർ കാത്തുകിടക്കുന്നുണ്ട് .

റിയാലിറ്റി ഇഷ്ടപ്പെടാത്ത ഫാന്റസിയിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന നമ്മളിനി ഓരോരുത്തരും കുഞ്ഞുങ്ങളെ അവനവനു ഇഷ്ടമുള്ള സ്വഭാവത്തിൽ, ഇഷ്ടമുള്ള രൂപത്തിൽ, ഇഷ്ടമുള്ള സ്വഭാവത്തിൽ നിർമ്മിക്കും. ഇങ്ങനെ നിർമ്മിക്കുന്ന എല്ലാവരും നമ്മളിലെപോലെ ഈശ്വര ചിന്തയും നന്മയും നല്ലതും മാത്രം ചിന്തിക്കുന്നവരായിരിക്കില്ല . ലാബുകളിൽ വളരുന്ന കുഞ്ഞുങ്ങളിൽ പരസ്പരം പോരാടി വിജയിക്കാനുള്ള പലതരം വിഷം കയറ്റി വിടുന്നതിലൂടെ , ഏറ്റവും ഭീകരമാം വിധം മനുഷ്യവംശത്തെ നശിപ്പിക്കാൻ ഉഗ്ര ശേഷിയുള്ള മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ഫേക്ക് കുഞ്ഞുങ്ങൾ ഇനി ഭാവിയിൽ ഓരോ ലാബുകളിലും നമുക്കായി വിരിയും, നമുക്കായി അവർ പരസ്പരം പൊരുതും മനുഷ്യകുലം നശിക്കും ….

അതിനാൽ ഇന്ന് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള നമ്മൾക്ക് പരസ്പരം മേധാവിത്വമോ, പകയോ, വാശിയോ, സമ്പത്ത് നേടാനുള്ള ഓട്ടമോ ആവശ്യമില്ല . നമ്മുടെ പച്ചയായ മനുഷ്യ ചോരയും നീരുമുള്ള കുഞ്ഞുങ്ങൾ നാളെ ജനിക്കണമെങ്കിൽ, അപ്പന്റയും അമ്മയുടെയും കരുതലിൽ ഒന്നിച്ചു വളർന്നു ജീവിക്കുന്ന ഒരു സമൂഹം നമുക്കുണ്ടാകണമെങ്കിൽ നമുക്കിനി അധികം സമയമില്ല ….സ്നേഹിച്ചും സഹകരിച്ചും ജീവിതം ആസ്വദിക്കുക ….

മനുഷ്യ കാൽപ്പാടുകൾ ഇല്ലാതെ വരുന്ന ആ നാരകീയമായ ലോകം വിദൂരമല്ല….

 

സ്റ്റീവനേജ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലത്തൂർ എംപിയും, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-കലാ രംഗങ്ങളിലെ യുവ പ്രതിഭയുമായ രമ്യാ ഹാരിദാസ് എംപി ക്ക് സെന്റ് നിക്കോളാസ് ഹാളിൽ വെച്ച് ഉജ്ജ്വല സ്വീകരണം നൽകി. സ്റ്റീവനേജിൽ എത്തിച്ചേർന്ന രമ്യാ ഹരിദാസ് എംപി യെ സ്വീകരണ വേദിയുടെ കവാടത്തിൽ വെച്ച് പ്രാഗ്രാം കൺവീനർ മനോജ് ജോൺ ബൊക്കെ നൽകിക്കൊണ്ട് സ്വീകരിച്ചു.

മണിപ്പൂരിൽ ബിജെപി ഭരണ കക്ഷിയുടെ ഒത്താശയോടെ നടത്തുന്ന കലാപങ്ങളിലും, വംശീയ നരഹത്യകളിലും ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടും, സമാധാനം വീണ്ടെടുക്കുന്നതിനുമായി മൗന പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ യോഗത്തിലേക്ക് ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്ത ജോയി ഇരിമ്പൻ രമ്യാ ഹരിദാസ് എംപി യെ വേദിക്കു പരിചയപ്പെടുത്തുകയും ചെയ്തു.

ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ പാളയം പ്രദീപ്, സോജി കുരിക്കാട്ടുകുന്നേൽ,സാബു ഡാനിയേൽ, ആദർശ് പീതാംബരൻ, ജിമ്മി പുല്ലോളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിമ്പോസിയത്തിനു രമ്യാ ഹരിദാസ് എംപി നേതൃത്വം നൽകി.

മാതൃ രാഷ്ട്രത്തിന്റെ മനോഹാരിതയും ഒത്തൊരുമയും മഴവില്ലിന് സമാനമാണെന്നും,വ്യത്യസ്തമായ വർണ്ണങ്ങൾ ചേർത്തു നിർത്തുന്ന ആ വർണ്ണ വിന്യാസമാണ് മഴവില്ലിന്റെ മനോഹാരിത എന്നും, വൈവിദ്ധ്യങ്ങളായ മത-സാമുദായിക-ഭാഷ-ഭക്ഷണ-വേഷ സംസ്കാരങ്ങൾ ചേർത്തു നയിക്കുന്നതിലാണ് ഭാരതം അതിന്റെ സമ്പന്നമായ സംസ്ക്കാരവും സ്നേഹവും കെട്ടുറപ്പും ഉറപ്പാക്കുവാൻ കഴിയുകഎന്നും പറഞ്ഞു. അത്തരം ഒരുമയുടെയുടെയും, വികസനത്തിന്റെയും പാതയിൽ കുതിച്ചുയരുവാനും, ഇന്ന് മറ്റു രാജ്യങ്ങൾക്കു മുമ്പിൽ ശിരസ്സുയർത്തി നിൽക്കുവാനും കഴിയുന്നത് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണെന്നും രമ്യ പറഞ്ഞു. രമ്യാ ഹരിദാസ് പ്രസംഗങ്ങൾക്കിടയിൽ നടത്തിയ തന്റെ അനുഗ്രഹീതവും സ്വതസിദ്ധവുമായ ശ്രവണസുന്ദര ഗാനാലാപനത്താൽ വേദി കീഴടക്കി.

സുജു ഡാനിയേൽ നടത്തിയ പ്രസംഗത്തിൽ ‘വർഗ്ഗീയ ധ്രുവീകരണവും,സംഘ പരിവാർ നടത്തുന്ന കലാപങ്ങളും, പൊതു മുതൽ സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തിച്ചു നൽകുന്ന ബിജെപി ഭരണവും, രാജ്യത്തെ നശിപ്പിക്കുമ്പോൾ അതിനെതിരെ പൊരുതുവാനും, ജനങ്ങളെ ഏകോപിച്ചു നയിക്കുവാനും കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ അനിവാര്യതയും പ്രസക്തിയുമാണ് ഭാരത ജോഡോ യാത്രയിലും രാജ്യത്തടുത്തടുത്തു നടന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചതെന്നും പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചകളിൽ സജൻ സെബാസ്റ്റ്യൻ, മെർലി ബാബു, റെജി എബ്രഹാം, സുബിൻ, അനൂപ്, അജി തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു രമ്യാ ഹരിദാസ് എംപി മറുപടി നൽകി.

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ പിണറായി സർക്കാർ കള്ളക്കേസ്സെടുത്തു അറസ്റ്റു ചെയ്തതിൽ ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ പ്രതിഷേധം അറിയിക്കുകയും സുധാകരന് ഐക്യദാർഢ്യം വാഗ്ദാനം ചെയ്തും സംസാരിച്ച അപ്പച്ചൻ കണ്ണഞ്ചിറ നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.

രമ്യ ഹരിദാസിനുള്ള സ്നേഹോപഹാരം മനോജ് ജോൺ സമ്മാനിച്ചു. സാംസൺ ജോസഫ്, മെൽവിൻ അഗസ്റ്റിൻ, തങ്കച്ചൻ ഫിലിപ്പ്, അജിമോൻ സെബാസ്റ്റ്യൻ, ഷിജി കുര്യാക്കോട്, ജിനേഷ് ജോർജ്ജ്, റോയീസ് ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹ വിരുന്നിനു ശേഷം പരിപാടികൾ സമാപിച്ചു.

ക്രോയിഡോൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ‘യുവ 2023’ ആവേശോജ്ജ്വലമായി.യു കെ യുടെ നാനാഭാഗത്തുനിന്നും നൂറു കണക്കിന് യുവജനങ്ങൾ പങ്കെടുത്ത സംഗമത്തിൽ പങ്കുചേർന്നു.

യുവ 2023 യുടെ മുഖ്യാതിഥിയായി എത്തിയ രമ്യാ ഹരിദാസ് എംപി യുവ ജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ‘രാഷ്‌ട്രീയം ജീർണ്ണത പ്രാപിച്ചു രാഷ്ട്രത്തിനു വിനാശം വരുത്തുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ പൊരുതുന്ന ചാലക ശക്തിയാവാനും, രാഷ്ട്ര പുനഃനിർമ്മാണത്തിൽ ദിശാബോധവും സ്നേഹവും കരുണയും ഉള്ള വ്യക്തിത്വങ്ങളായി മാറുവാനും രമ്യാ ഹരിദാസ് എംപി യുവാക്കളെ ഉദ്‌ബോധിപ്പിച്ചു.

‘യുവ 2023’ യിൽ പങ്കെടുത്തു സംസാരിച്ച ബ്രിട്ടീഷ് പാർലിമെന്റ് മെമ്പറും, ഇന്ത്യൻ വംശജനും ആയ വിരേന്ദ്ര ശർമ്മ എംപി, പ്രവാസികളായ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ദിശാ ബോധത്തെ പ്രശംസിക്കുകയും, മാതൃരാഷ്ട്രത്തോടൊപ്പം തന്നെ തങ്ങൾ താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കുകയും, അവരുടെ ഭരണഘടനയെ മാനിക്കുകയും ചെയ്യുന്ന സമീപനം ആദരണീയമാണെന്നും, രാഷ്ട്രീയത്തിന്റെ ഭാഗമാകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിലവിളക്കു കത്തിച്ചു കൊണ്ട് രമ്യ ഹരിദാസ് എംപിയും വീരേന്ദ്ര ശർമ്മ എംപി യും സംയുക്തമായിട്ടാണ് യുവജന സംഗമം ഉദ്ഘാടനം ചെയ്തത്.

ഐഒസി കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ ദേശീയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ഐഒസി യൂത്ത് വിങ് ദേശീയ പ്രസിഡണ്ട് വിക്രം ദുഹാൻ നിർവ്വഹിച്ചു.

എഫ്രേം സാം പ്രസിഡണ്ട് ആയ സമിതിയിൽ അളക ആർ തമ്പി, ആദിത് കിരൺ, ജോൺ പീറ്റർ, മുഹമ്മദ് അജാസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരും, ജനറൽ സെക്രട്ടറിമാരായി നിധീഷ് കടയങ്ങൻ, രോഹിത് പ്രസാദ്, ബിബിൻ ബോബച്ചൻ എന്നിവരെയും ചുമലപ്പെടുത്തി.

വിഷ്ണു ദാസ്, ആൽവിൻ സി റോയി, അർഷാദ് ഇഫ്തിഖാറുദ്ധീൻ, ജിതിൻ വി തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്റ്റീഫൻ റോയി, അഖിൽ ജോസ്, മനീഷ ഷിനി, അഭിരാം സി എം എന്നിവരുൾപ്പെടും.

എഫ്രേം സാം സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യുവജന സംഗമത്തിൽ, ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദെലിവാൽ, വൈസ് പ്രസിഡണ്ട് ഗുമിന്ദർ റാന്തവ, കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ, ക്രോയ്ഡൻ സിവിക് മേയർ ടോണി പിയേർസൺ, വിക്രം ദുഹാൻ, കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, നാഷണൽ സെക്രട്ടറി സുധാകരൻ ഗൗഡ്, ഷൈനു മാത്യൂസ്, ബേബികുട്ടി, തോമസ് ഫിലിപ്പ്, അശ്വതി നായർ, കെഎംസിസി നേതാവ് കരിം, കെപിസിസി മെമ്പർ പാളയം പ്രദീപ്‌, കൗൺസിലർ ഇമാം, ഖലീൽ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം നേടിയ യുവാക്കളെ ആദരിച്ച ചടങ്ങിൽ ദീപേഷ് സ്കറിയ (യുവ സംരംഭകൻ) ഇമാം (യുവ കൗൺസിലർ), ഷംജിത് (യുവ സംരംഭകൻ), ബിബിൻ ബോബച്ചൻ (യൂ ഇ എൽ വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ഉൾപ്പെടുന്നു.

‘യുവ 2023’ കോർഡിനേറ്റേഴ്‌സ് എന്ന നിലയിലെ മികച്ച പ്രവർത്തനത്തിന് റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ് എന്നിവരെയും ആദരിച്ചു. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ മണ്ണിൽ ഈ വർഷം എൽ ജി ആർ പങ്കെടുത്ത അഞ്ചു ടൂർണമെന്റിൽ അഞ്ചിലും ഫൈനൽ കളിച്ച യു.കെ യിലെ ഒരേ ഒരു ടീം എൽ ജി ആർ. ഫൈനൽ കളിക്കുക മാത്രമല്ല നാലെണ്ണത്തിൽ കിരീടം ചൂടുകയും ഒരെണ്ണത്തിൽ റണ്ണേസ് അപ്പ് അവുകയും ചെയ്തു വർഷങ്ങളായി ഒരുമിച്ചു കളിക്കുകയും അതോടൊപ്പം ഒരുമയോടെ മുന്നോട്ടു പോവുകയും ചെയ്യുന്നതാണ് വിജയത്തിന്റെ മുഖ്യകാരണം. പലയിടത്തായി ചിതറിക്കിടന്ന പ്രതിഭകളെ കണ്ടെത്തി അവർക്കു വേണ്ട സഹായങ്ങൾ ചെയ്ത് എൽജി ആറിന്റെ കീഴിൽ അണിനിരത്തിയ ലീഡോ ജോർജ് പ്രത്രേകം അഭിനന്ദനം അർഹിക്കുന്നു. എൽ ജി ആർ കമ്പനിയുടെ ഉടമയായ അദേഹത്തിന്റെ പുതിയ സംരംഭമായ എൽ ജി ആർ അക്കാഡമിയുടെ പേരിലാണ് ടീമിനെ അണിനിരത്തുന്നത് ലീഡോയുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനവേശം ആണ്. ഇങ്ങനെയൊരു ടീമിനെ രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണായകമായത്.

ടീമിനു വേണ്ട എല്ലാ സഹായങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ലോയ്ഡ് ജോർജും കൂടെയുണ്ടെന്നുള്ളത് അഭിനന്ദാർഹമാണ്, അതോടൊപ്പം എൽ ജി ആറിനു വേണ്ടി ടീമിനെ സജ്ജമാക്കുന്നത് നനീട്ടണിൽ ഉള്ള ലിജു ലാസറും കിജിയും നോർത്താപ്പ്ടണിലുള്ള റോസ് ബിൻ രാജനും ബാബു തോമസുമാണ്. നോർത്താപ്ടൻ്റെ നെടും തൂണായ പ്രണവ് പവിത്രൻറെ ക്യാപ്റ്റൻസിലാണ് എൽ ജി ആർ ടീം അണിനിരക്കുന്നത്, സപ്പോർട്ടുമായി ടീം മാനേജ്മെൻ്റു കൂടെയുള്ളതും വിജയത്തിൻ്റെ പ്രധാന ഘടകമാണ് എൽ ജി ആറിനു വേണ്ടി ടീം ഒന്നടങ്കം മികച്ച പ്രകടനം നടത്തുമ്പോൾ എതിരാളികൾ പലപ്പോഴും നിഷ്പ്രഭരായി പോകാറുണ്ട്.

മുൻപ് നടന്ന ഒരു ഫൈനലിൽ യു.കെ.യിലെ മറ്റൊരു ടീമായ ബെക്സ്ഹിൽ സ്ട്രെകേഴ്സ് മൂന്നു നാലു ടീമുകൾ മിക്സ് ചെയ്താണ് ഏറ്റുമുട്ടാൻ വന്നത് അതിൽ വിജയിച്ചപ്പോൾ അവർ പറഞ്ഞത് എൽജി ആറിനെ അട്ടിമറിച്ചു എന്നാണ് ആ ഒരു പ്രയോഗം തന്നെ ടീമിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഇന്നലെ നടന്ന ടൂർണമെൻറിൽ കൊമ്പൻസിനു വേണ്ടി സെയിം ടീമാണ് അണിനിരന്നത് എങ്കിലും .കെൻ്റ് യുണൈറ്റഡിന്റെ മുൻപിൽ ആദ്യ റൗണ്ടിൽ തന്നെ കൊമ്പൻസ് തോറ്റു പുറത്തായി. പിന്നീട് ഇരുപാദങ്ങളിലായി നടന്ന മൽസരത്തിനൊടുവിൽ ഫൈനലിൽ എതിരാളികൾ ആയി വന്നത് കൊമ്പൻസിനെ തറപറ്റിച്ചെത്തിയ കെൻറ് യുണൈറ്റഡ് ആയിരുന്നു.

ടോസ് നേടിയ എൽജി ആർ ക്യാപ്റ്റൻ പ്രണവ് ബാറ്റു ചെയ്യുവാൻ തീരുമാനിച്ചു ഇന്നിഗ്സ് ഓപ്പൺ ചെയ്യുവാൻ ക്രീസിലെത്തിയത് ടീമിന്റെ കുന്തമുനകളായ സിബി ചാക്കോയും ഫ്രെഡിയും ‘ ഫൈനൽ മൽസരങ്ങൾ കാണുവാൻ തടിച്ചു കൂടിയ ആളുകൾക്ക് പിന്നീട് കാണുവാൻ സാധിച്ചത് തൃശൂർ പൂരം വെടിക്കെട്ടു പോലെ തലക്കു തലക്കു മുകളിലൂടെ സിക്സറുകളും ഗ്രൗണ്ടിലൂടെ ഫോറുകളും പറക്കുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിച്ചത്. സിബി ചാക്കോ 34 ബോളിൽ നിന്നും 82 റൺസും ഫ്രെഡി 26ബോളിൽ നിന്നും 44 റൺസും നേടി .ഇരുവരും പുറത്താകാതെ 10 ഓവറിൽ 129 റൺസ് ആണ് നേടിയത് മുറുപടി ബാറ്റിംഗിൽ എൽജി ആറിൻ്റെ സ്റ്റാർ പ്രെളയർ ആയ യു.കെ.യിലെ അറിയപ്പെടുന്ന ക്രിക്കറ്റർ ബാബു വീട്ടിലിന്റെ തീ പാറുന്ന പന്തുകൾക്കു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ എതിരാളികൾ പരാജയം സമ്മതിക്കുക ആയിരുന്നു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുത്തത് എൽ ജി ആറിന്റെ സിബി ചാക്കോയും ബൗളർ ബാബു വീട്ടിലും ആണ്. ചാമ്പ്യൻസ്‌ ട്രോഫിക്കൊപ്പം ടീമിന് ഇരട്ടിമധുരം സമ്മാനിച്ചാണ് കെന്റ് ടൂർണമെന്റിന് സമാപനം കുറിച്ചത് വളരെ മികച്ച രീതിയിൽ ആയിരുന്നു. ടൂർണമെന്റ് സംഘടിപ്പിച്ച സംഘാടകർക്ക് എൽ ജി ആർ ടീം നന്ദി അറിയിക്കുന്നു.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ്‌ കത്തോലിക്കാ ബാവ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.

ഇന്നലെ വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തിയ അഭിവന്ദ്യ കത്തോലിക്കാ ബാവയെ സെൻറ് ചാൾസ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണം നൽകി. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദികരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പിതാവിനെ സ്വീകരിച്ചു.

കെപിസിസി പ്രസിഡണ്ട്‌ ശ്രീ. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി എൽഡിഎഫ് സർക്കാർ അറസ്റ്റ് ചെയ്‍തതിൽ UK യിലും വ്യാപക പ്രതിഷേധം. യുകെയിലെ പ്രതിഷേധങ്ങൾക്ക് IOC (UK) കേരള ചാപ്റ്റർ നേതൃത്വം നൽകി.

ലണ്ടനിലെ ക്രോയ്ഡനിൽ ആലത്തൂർ എംപി രമ്യ ഹരിദാസിനെ പങ്കെടുപ്പിച്ച് IOC (UK) കേരള ചാപ്റ്റർ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ വൻ പ്രതിഷേധം അലയടിച്ചു. യുകെയിലെ വിവിധ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം ശക്തമായ മുദ്രാവാക്യങ്ങളായി മുഴങ്ങി.

കള്ള കേസുകൾ പടച്ചു വിട്ട് കെ സുധാകരനെ ഒതുക്കാമെന്നു പിണറായി വിജയൻ കരുതേണ്ടയെന്നും കോൺഗ്രസ്‌ പാർട്ടിയുടെ കരുത്ത് സുധാകരന്റെ കൈകളിൽ ഭദ്രമാണെന്നും രമ്യ ഹരിദാസ് എംപി പ്രതിഷേധ യോഗത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെ കെട്ടിച്ചച്ച കള്ളക്കേസുകളും അറസ്റ്റും.

ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു IOC (UK) കേരള ഘടകം ആരോപിച്ചു.

IOC കേരള ഘടകം അധ്യക്ഷൻ സുജു ഡാനിയേൽ, കേരള ഘടകം വക്താവ് അജിത് മുതയിൽ, ഭാരവാഹികളായ ബേബികുട്ടി, തോമസ് ഫിലിപ്പ്, റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, ഷൈനു മാത്യൂസ്, അശ്വതി നായർ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ വിവിധ റീജിയൻ, യൂത്ത് കമ്മിറ്റികളെ പ്രതീനിധീകരിച്ച് എഫ്രേം സാം, നിധീഷ്, ജോൺ, അളക, ലിലിയ, ജിതിൻ എന്നിവർ പങ്കെടുത്തു.

വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരണെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ്‌ പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വിടുവേല ചെയ്യുന്നവരായി മാറ്റിയതായും IOC (UK) ഭാരവാഹികൾ പറഞ്ഞു.

ചാവറ കുര്യാക്കോസ് അച്ചൻ ഏവുപ്രേസ്യാമ്മ എന്നിവരാൽ കേരളത്തിലെ പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ നാട്ടിൽ നിന്നും യു കെ യിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മ ജൂലൈ മാസം 7, 8, 9 തീയതികളിൽ ഡെർബിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ജൂലൈ 7 -ന് വൈകിട്ട് 5 മണിയോടെ ഡെർബിയിലെ ഹൈ അഷ്‌ ഫാം ഹൗസിൽ തുടക്കം കുറിക്കും. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബെന്നി പാറക്കൽ +447878587302 (ലണ്ടൻ) സോയു (നോർത്തംപ്റ്റോൺ) +447737035507 സിറോഷ് (ബെർമ്മിഹാം )+447828659934 ഫെലിക്സ് (സ്വാൻസി) +447988978588 എന്നിവരുമായി ബന്ധപ്പെടുക.

RECENT POSTS
Copyright © . All rights reserved