ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ തടയാൻ നിർണായക ചുവടുവെപ്പുമായി യുകെ. ഇതിനായി മൂന്ന് വർഷത്തിനുള്ളിൽ ഫ്രാൻസിന് യുകെ ഏകദേശം 500 മില്യൺ പൗണ്ട് നൽകും. യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ പാരീസിൽ നടന്ന ഉച്ചകോടിയിലാണ് പ്രഖ്യാപനം. 500 അധിക ഓഫീസർമാർക്കും ഫ്രാൻസിലെ ഒരു പുതിയ അഭയാർത്ഥി കേന്ദ്രത്തിനുമായിട്ടാണ് പണം നൽകുന്നത്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഫ്രാൻസിന് ഈ വർഷം 63 മില്യൺ പൗണ്ട് നൽകാനാണ് യുകെ പദ്ധതിയിട്ടിരുന്നത്. 2023-24 കാലയളവിൽ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിരട്ടിയാണ് നിലവിലുള്ളതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

അതേസമയം, നടപടി ശക്തിപ്പെടുത്താൻ ഫ്രാൻസും എൻഫോഴ്‌സ്‌മെന്റിനുള്ള ധനസഹായം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുക എത്രയാണ് എന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. എന്നാൽ ഇതുവെറും പേപ്പർ നടപടി മാത്രമാണെന്നും ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ലേബർ പാർട്ടി നേതാവ് എമിലി തോൺബെറി പറഞ്ഞു. ഋഷി സുനകിന് മുൻപേ ഈ നടപടി ഞങ്ങൾ കൈകൊണ്ടതാണെന്നും, അന്ന് എന്താ സംഭവിച്ചത് എന്നുള്ളത് അനുഭവമുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചെറിയ ബോട്ട് ക്രോസിംഗുകൾ കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്ന യുകെ, ഫ്രഞ്ച് ടീമുകളുടെ സംയുക്ത ശ്രമങ്ങളെ മാക്രോൺ പരസ്യമായി പ്രശംസിച്ചു. കഴിഞ്ഞ വർഷം 30,000 ചെറു ബോട്ട് ക്രോസിംഗുകൾ, സംഘം തടയുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എലിസി പാലസിൽ സുനകിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് മുന്നോട്ട് പോകുന്നതിലൂടെ മറ്റ് ശക്തികളെ തോൽപിക്കാൻ കഴിയുമെന്നും അതിനായി ഇനിയും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഡ്രോണുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിക്കുമെന്നും, 500 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബാർബഡോസ് ദ്വീപിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തതിന് ബ്രിട്ടീഷ് വ്യവസായിക്കെതിരെ കേസെടുത്തു. ബ്രിഡ്ജ്ടൗണിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ നടന്ന വാദത്തിൽ വെച്ചാണ് ഡാനിയേൽ ജോൺസൻ കുറ്റം സമ്മതിച്ചത്. 4,000 പൗണ്ടിന്റെ ജാമ്യം അനുവദിച്ചെങ്കിലും ദ്വീപ് വിട്ടുപോകാൻ കഴിയാത്തതിനാൽ പാസ്‌പോർട്ട് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ ഹാജരാകാനും ഉത്തരവിൽ പറയുന്നു. എൻഡ്‌ലെസ് ഇലക്‌ട്രിക്‌സ് എന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണ് ഇയാൾക്ക്.

കഴിഞ്ഞ ഏഴ് വർഷമായി ബാർബഡോസിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. സംഭവത്തിൽ, ജോൺസനെ യുവതിക്ക് പരിചയമുണ്ടെന്നും അവർ മറ്റ് ബിഎ ക്രൂവിനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നും പോലീസ് പറഞ്ഞു. സ്റ്റോപ്പ് ഓവർ സമയത്ത് 300 പൗണ്ട് നൽകാം എന്ന വ്യാജേനെയാണ് പ്രതി ആക്രമിച്ചതെന്നും അതിജീവിത പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ബാർബഡോസിൽ നിന്ന് ലണ്ടനിലേക്കുള്ള ബിഎ വിമാനത്തിലെ യുവതിയുടെ നാല് സഹപ്രവർത്തകരുടെ മൊഴിയെടുക്കേണ്ടി വന്നതിനാൽ വിമാനം റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് 150 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

പോലീസ് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബ്രിട്ടീഷ് എയർവേയ്‌സ് അവരുടെ സ്വന്തം അന്വേഷകനെയും അയച്ചു. പ്രതിയെ കണ്ടെത്താൻ പോലീസിന് ആദ്യം കഴിഞ്ഞില്ലെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിറ്റക്ടീവിന്റെ ചോദ്യം ചെയ്യൽ മാറ്റിവെക്കേണ്ടി വന്നു. ബ്രിട്ടീഷ് എയർവെയ്‌സിലെ ജീവനക്കാർ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ബാർബഡോസ് പോലീസ് വക്താവ് ഇൻസ്പെക്ടർ റോഡ്‌നി ഇന്നിസ് കൂട്ടിചേർത്തു. വിശദമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
ഫെബ്രുവരി 22ന് ലീഡ്സിൽ ബസ് കാത്തുനിൽക്കവെ കാറിടിച്ചു മരിച്ച മലയാളി വിദ്യാർഥി ആതിരയുടെ (25) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ചേരും . ഞായറാഴ്ച തന്നെ മൃതസംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . മൃതദേഹം കൊണ്ടുപോകുന്നത് ഇന്നു രാവിലെ ലണ്ടനിൽനിന്നും പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിലാണ് .
മസ്കറ്റിൽ ജോലി ചെയ്തിരുന്ന ആതിരയുടെ ഭർത്താവ് രാഹുൽ ശേഖർ നാട്ടിലെത്തിയിട്ടുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു ആതിര. ഒന്നരമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്.
ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ചാണ് മരിച്ചത്. കാറോടിച്ച യുവതിയെ അന്നുതന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കേസന്വേഷണവും പോസ്റ്റ്മോർട്ടം നടപടികളുമെല്ലാം ഒന്നരയാഴ്ചകൊണ്ട് പൂർത്തിയായി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ ബെക്കറ്റ് യൂണിവേഴ്സിറ്റിയാണ് വഹിക്കുന്നത്. ആതിര യൂണിവേഴ്സിറ്റിയിൽ അടച്ച ഫീസ് ഉൾപ്പെടെയുള്ള തുക തിരികെ കിട്ടാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തി വന്നിരുന്ന കുട്ടനാട് സംഗമം ഈ വർഷം ഗ്ലോസ്റ്ററിലൊരുങ്ങുന്നു . പതിനാലാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 24 ശനിയാഴ്ച ഗ്ലോസ്റ്ററിലെ സിൻഡർഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു . സ്വിൻഡനിലെ ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റിയും രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , ജോണി സേവ്യർ , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .
പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായി തോമസ് ചാക്കോയെ യോഗം തെരഞ്ഞെടുത്തു . ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയും തെരഞ്ഞെടുത്തു.

ഗ്ലോസ്റ്ററിലെ സിൻഡർ ഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും, യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , മറ്റ് കലാ വിരുന്നുകളും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും. കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും , ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .
യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പതിനാലാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർ തോമസ് ചാക്കോ അറിയിച്ചു .
സംഗമ വേദിയുടെ അഡ്രസ്സ്
കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .
JOHNY XAVIER 07837003261
THOMAS CHACKO 07872067153
JOSEPHKUTTY DEVASIA 07727242049
ANEESH CHANDY 07455508135
ANTONY KOCHITHARA KAVALAM 07440454478
SONY ANTONY PUTHUKARY 07878256171
JAYESH PUTHUKARY 07440772155
യുകെയിലെത്തുന്ന മലയാളികളിൽ മിക്കവരും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. യുകെയിൽ എത്താൻ വേണ്ടി മാത്രം ഹെൽത്ത് കെയർ വിസയിൽ എത്തിയ മലയാളികളും ഒട്ടനവധിയാണ്. അതുകൊണ്ടുതന്നെ ഹെൽത്ത് കെയർ വിസയിൽ എത്തിയവർക്ക് രണ്ടാമതൊരു ജോലി ചെയ്യാനുള്ള അനുമതി ഒട്ടേറെ യു കെ മലയാളികൾക്ക് പ്രയോജനം ആകും. യുകെയിൽ ഹെൽത്ത് കെയര്‍ വീസയില്‍ എത്തിയ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്കാണ് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകിയത് . ഫെബ്രുവരി 27 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അനുമതി. ഇപ്പോൾ ജോലി ചെയ്യുന്ന അതേ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതിനാണ് ഹോം ഓഫീസ് ഇളവുകൾ നൽകിയിട്ടുള്ളത്.
ആറുമാസം ഇത്തരത്തിൽ ഇളവുകൾക്ക് യോഗ്യത ഉള്ളവർക്ക് സമയ പരിധി ഇല്ലാതെ നിയമപരമായി ജോലി ചെയ്യാം. മുൻപ് 20 മണിക്കൂർ മാത്രമേ രണ്ടാമതൊരു ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നുള്ളു. നിലവില്‍ ആറു മാസത്തേക്കാണ് ഇപ്പോൾ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് കൂടുതല്‍ നാള്‍ തുടരണമോ എന്ന കാര്യത്തിൽ പുനരവലോകനം നടത്തി തീരുമാനമെടുക്കും.
രണ്ടാമതൊരു ജോലി ചെയ്യുന്നതിനുള്ള ഇളവുകൾ ലഭിക്കുന്നതിനായി വിസ അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷിക്കണം. എന്നാൽ, നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയറുടെ കീഴിൽ അധിക ജോലി ചെയ്യുന്നതിന് വീസ അപ്ഡേറ്റ് ചെയ്യേണ്ടതില്ല. എന്നിരുന്നാലും ഹെല്‍ത്ത് കെയര്‍ വിസ ഉടമകള്‍ ഹോം ഓഫീസുമായി ബന്ധപ്പെട്ട് അവരവരുടെ യോഗ്യത ഉറപ്പു വരുത്തണമെന്ന് ഹോം ഓഫീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭിക്കും .
https://www.gov.uk/health-care-worker-visa/taking-a-second-job
ജെഗി ജോസഫ്
ജീവിതം മനോഹരമായി തന്നെ ജീവിച്ചു തീര്‍ത്ത ബിന്ദു… എല്ലാത്തിനേയും സ്‌നേഹത്തോടെ കരുതലോടെ നോക്കി കണ്ട ജീവിതത്തിന്റെ അവസാന നിമിഷം പോലും പതറാതെ നേരിട്ട ബിന്ദുവിന് ഇന്നലെ ഗ്ലോസ്റ്ററിലെ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി. വേദനയുടെ കാലഘട്ടം പോലും ചെറു ചിരിയോടെ നേരിട്ട ബിന്ദു ജീവിതം കൊണ്ട് മാതൃകയായ വ്യക്തിയാണ്. അതിനാല്‍ തന്നെ കുടുംബത്തിനൊപ്പം ഗ്ലോസ്റ്റര്‍ മലയാളി സമൂഹവും ഈ വേര്‍പാടില്‍ തേങ്ങലോടെ നിന്നു.. നൂറുകണക്കിന് പേരാണ് ബിന്ദുവിനെ അവസാനമായി കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും പള്ളിയിലെത്തിയത്. ചടങ്ങുകള്‍ പൂര്‍ത്തിയായപ്പോള്‍ ചെറിയ ചാറ്റല്‍ മഴയിലൂടെ പ്രകൃതി പോലും ബിന്ദുവിന് യാത്രാ മൊഴിയേകി.

ഒരു ജീവിതം മഹത്വരമാകുന്നത് തന്റെ കര്‍മ്മങ്ങളിലെല്ലാം പൂര്‍ണ്ണത കൈവരുമ്പോഴാണ്. അങ്ങനെ നോക്കുമ്പോള്‍ ബിന്ദു ലിജോ തന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും മികവോടെ ജീവിച്ചു. ഒടുവില്‍ ക്യാന്‍സര്‍ രൂപത്തില്‍ വിധി വില്ലനായപ്പോഴും ആത്മവിശ്വാസത്തോടെ നിലകൊണ്ടു. നാലു മക്കളേയും ലിജോയേയും തന്റെ അഭാവത്തിലും ജീവിക്കാന്‍ പ്രാപ്തരാക്കിയെന്ന വിശ്വാസത്തോടെ തന്നെ ഈ മടക്കം. ഫ്യൂണറല്‍ സര്‍വീസ് രാവിലെ എട്ടരയോടെ മൃതദേഹം പള്ളിയിലെത്തിച്ചു. വുമണ്‍സ് ഫോറം അംഗങ്ങള്‍ ശവമഞ്ചം അലങ്കരിച്ചു.ഗ്ലോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ഓടെ പൊതു ദര്‍ശനം ആരംഭിച്ചു. ഉച്ചയ്ക്ക് 1.30ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭയുടെ രൂപതാധ്യക്ഷനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ ജോസ് അഞ്ചാണിക്കല്‍, ഫാ ജോണി വെട്ടിക്കല്‍, ഫാ ടോണി പഴയകുളം, ഫാ ടോണി കട്ടക്കയം, ഫാ മാത്യു കുരിശുംമൂട്ടില്‍, ഫാ സിബി കുര്യന്‍, ഫാ ജിബിന്‍ വാമറ്റത്തില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
ബിന്ദുവിന്റെ മാതാപിതാക്കളും ഭര്‍ത്താവ് ലിജോയും മക്കളായ സാന്‍സിയ ,അലിസിയ, അനിന, റിയോണ്‍ എന്നിവരും അടുത്ത ബന്ധുക്കളും അന്ത്യ ചുംബനം അര്‍പ്പിച്ചു. ബിന്ദുവിന്റെ അങ്കിള്‍ ഫാ സിബി കുര്യനും ഫാ ജിബിന്‍ വാമറ്റത്തിനും ചേര്‍ന്ന് വീട്ടില്‍ നിന്നുള്ള ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ ടോണി പഴയകളം ഒപ്പീസ് നടത്തി.
മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ബിന്ദുവിന്റെ ആഗ്രഹം പോലെ വിവാഹത്തിനുണ്ടായിരുന്നതു പോലെ ഏഴ് അച്ചന്മാരോടുകൂടി ദിവ്യബലി അര്‍പ്പിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളോടെയയിരുന്നു യാത്രയയപ്പ്.

ബിന്ദു ഭാഗ്യവതിയാണെന്ന് സ്രാമ്പിക്കല്‍ പിതാവ് വചന സന്ദേശത്തിലൂടെ വ്യക്തമാക്കി. കുറേയധികം പേരെ ഈശോയിലേക്ക് അടുപ്പിക്കാന്‍. തന്റെ വേദനയും സഹനവും കൊണ്ട് ഗ്ലോസ്റ്റര്‍ സമൂഹത്തെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ബിന്ദുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരുടേയും കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന ചിരിയോടെ ജീവിച്ച വ്യക്തി. മരണത്തിലും അതു തുടര്‍ന്നുവെന്ന് അനുസ്മരണത്തില്‍ പ്രിയപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചു.
ഭര്‍ത്താവിനേയും നാലു കുട്ടികളും ബന്ധുക്കളേയും ആശ്വസിപ്പിച്ച് ഗ്ലോസ്റ്റര്‍ സമൂഹം ഒപ്പം തന്നെയുണ്ടായിരുന്നു. അനുസ്മരണ ചടങ്ങില്‍ കുട്ടികളുടെ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ കരോള്‍ ബാരന്‍ ബിന്ദുവിനെ കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ ബിന്ദുവിനെ അറിയാമെന്നും കുട്ടികളോടുള്ള ബിന്ദുവിന്റെ സ്‌നേഹം അളവറ്റതാണെന്നും ടീച്ചര്‍ പറഞ്ഞു. ഒരു നേഴ്‌സ് എന്ന നിലയില്‍ നല്ല കെയറിങ്ങ് ഉള്ള ആളായിരുന്നു ബിന്ദു. ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ജെസ്മാന്‍ പറഞ്ഞു.കൈന്‍ഡ് ഹാര്‍ട്ടിനുള്ള അവാര്‍ഡ് നേടിയ ബിന്ദു ഏവര്‍ക്കും മാതൃകയായിരുന്നുവെന്നും അനുസ്മരിച്ചു.

ബിന്ദുവിന്റെ കുഞ്ഞ് അങ്കിള്‍ എന്നു വിളിച്ചിരുന്ന ഫാ സിബി കുര്യന്‍ ബിന്ദുവിന്റെ സ്‌നേഹത്തെ പറ്റിയും കെയറിനെ പറ്റിയും സംസാരിച്ചു. ബിന്ദുവിന്റെ അയല്‍വാസിയും കുടുംബസുഹൃത്തും കെ സി എ മുന്‍ പ്രസിഡന്റുമായ ജോണ്‍സണ്‍ ബിന്ദുവിന്റെ വ്യക്തിത്വവും മറ്റുള്ളവരോടുള്ള കരുതലുമെല്ലാം ഓര്‍ത്തെടുത്തു. അവസാനമായി സംസാരിച്ച ബിന്ദുവിന്റെ നാത്തൂന്‍ ജൂബി ബിജോയ് ചടങ്ങിലെത്തിയ ഓരോരുത്തരോടും നന്ദി പറഞ്ഞു. രോഗ പീഡയില്‍ കഷ്ടപ്പെട്ടപ്പോള്‍ മുതല്‍ അതായത് ഒക്ടോബര്‍ മുതല്‍ തങ്ങള്‍ക്കൊപ്പം നിന്നവരെ അനുസ്മരിച്ചു.കുടുംബത്തെ പിന്തുണച്ച് ഒപ്പം നിന്ന് സഹായിച്ച ഏവരോടും നന്ദി പറഞ്ഞു. ചടങ്ങിന്റെ ഭാഗമായ വൈദീകരോടും പങ്കെടുത്ത ഏവരോടും ജൂബി നന്ദി അറിയിച്ചു. ഒന്നരയോടെ മൃതദേഹം കോണി ഹില്‍ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. പ്രാര്‍ത്ഥനയ്ക്ക് ശേഷം സംസ്‌കാരം നടന്നു.

പ്രകൃതി പോലും ഏവരേയും ആശ്വസിപ്പിക്കുന്നതുപോലെ ആ സമയം ഒരുചാറ്റല്‍ മഴ ചാറി.. എല്ലാവരുടേയും മനസിനെ സ്പര്‍ശിച്ച് അതു കടന്നുപോയി. ഗ്ലോസ്റ്ററിലെ ഏവര്‍ക്കും വേണ്ടപ്പെട്ട സുഹൃത്തായിരുന്നുു ബിന്ദു. ക്യാന്‍സര്‍ കാലഘട്ടത്തില്‍ വുമണ്‍സ് ഫോറത്തിന്റെ കോര്‍ഡിനേറ്ററായ ബിന്ദുവിനായി ഏവരും ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. ക്യാന്‍സറിന്റെ നാലാം സ്റ്റേജ് എത്തി മരണം അടുത്ത് എത്തിയെന്നറിഞ്ഞപ്പോഴും തളരാതെ ബിന്ദു നിന്നു.ഗ്ലോസ്റ്റര്‍ സമൂഹം മുഴുവന്‍ ബിന്ദുവിനെ അനുസ്മരിക്കുക ആ സ്‌നേഹത്തിന്റെയും കരുതലിന്റെയും പേരില്‍ തന്നെയാകും…
സൗത്ത് വെയ്ല്‍സില്‍ ഒരു കാറപകടത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. മുന്‍ ക്യൂ പി ആര്‍ ഫുട്‌ബോള്‍ താരത്തിന്റെ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ളവർ അയാളുടെ സുഹൃത്തുക്കൾ ആണ്. മറ്റു രണ്ട് പേര്‍ ഗുരുതര നിലയിലാണ്. എ 48 ല്‍ നിന്നും അല്പം മാറി കാട്ടിനുള്ളില്‍ ആയിരുന്നു ഇന്നലെ അതിരാവിലെ കാര്‍ കണ്ടടുത്തത്. അപകടത്തില്‍പെട്ടവര്‍ 48 മണിക്കൂര്‍ ആയി ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ കിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈവ് സ്മിത്ത് (21), ഡേസി റോസ് (21), റാഫേല്‍ ജീന്‍ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫീ റസണ്‍ (20, ഷെയ്ന്‍ ലോഗ്ലിന്‍ (32) എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന തിരക്കു പിടിച്ച ഹൈവേയില്‍ ഒരു അപകടം നടന്നിട്ട് രണ്ടു ദിവസം ആരും അറിഞ്ഞില്ല എന്നത് തികച്ചും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു . അപകടത്തില്‍ മരണമടഞ്ഞ റാഫേല്‍ ജീന്‍ മുന്‍ കാര്‍ഡിഫ് സിറ്റി ഫുട്‌ബോള്‍ താരം ലിയോണ്‍ ജീനിന്റെ മകനാണ്. 2019-ല്‍ ഇതേ വഴിയിലൂടെ അപകടകരമാം വിധം കാറോടിച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തി കൂടിയാണ് റാഫേല്‍. 2015-ല്‍കൊക്കെയ്ന്‍ വ്യാപാരവുമായി ബന്ധപ്പെട്ട് ലിയോണ്‍ ജീന്‍ കുറച്ചു നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മീസ്ഗ്ലാസിലെ മഫ്‌ളര്‍ ബാറില്‍ ഇവര്‍ പാര്‍ട്ടി പങ്കെടുത്തതായി പറയപ്പെടുന്നു. ശനിയാഴ്ച്ച വെളുപ്പിന് 2 മണിക്കാണ് ഇവരെ അവസാനമായി കാണുന്നത്. മുന്‍പേ പരിചയക്കാരായിരുന്നോ എന്ന കാര്യം ഉറപ്പായിട്ടില്ല. ന്യുപോര്‍ട്ടിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടത് എന്ന ചില വാര്‍ത്തകളും ഉണ്ട്. ശനിയാഴ്ച്ച ഒരു പെട്രോള്‍ സ്റ്റേഷനിലെ സി സി ക്യാമറയിലാണ് ഇവരുടെ അവസാന ദൃശ്യമുള്ളത്. അതിനു തൊട്ടുമുന്‍പായി ഡാന്‍സിയും റാഫേലും ഒരുമിച്ചുള്ള ഒരു സ്‌നാപ്ചാറ്റ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
ഇവരെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവരെ കണ്ടെത്തുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. റോഡില്‍ നിന്നും തെന്നി മാറി ഒരല്‍പം താഴ്ച്ചയുള്ള ഭാഗത്ത് മരക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു കാര്‍ കാണപ്പെട്ടത്. നിയന്ത്രണം വിട്ട് തെന്നി മാറിയതാവാം എന്നാണ് നിഗമനം. അപകടത്തില്‍ പെട്ട കാറിന്റെ അതുവരെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ വിവിധ സി സി ടി വി ക്യാമറകളില്‍ നിന്നായി ശേഖരിക്കുകയാണ് പോലീസ്.
അതിനിടയില്‍ അപകടമുണ്ടായ സ്ഥലത്ത് പ്രശനങ്ങല്‍ സൃഷ്ടിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകട സ്ഥലത്തു നിന്നും മാറി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും പോകാതിരുന്ന തോമസ് ടെയ്‌ലര്‍ എന്ന 47 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ അപകടത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് ടെയ്‌ലര്‍ പറയുന്നത്. തിരക്കു പിടിച്ച നിരത്തില്‍ അപകടം നടന്നിട്ട് രണ്ടു ദിവസക്കാലത്തോളം ആരും അറിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അയാള്‍ പറയുന്നു.
യുകെയിൽ പുതിയ സമയ ക്രമീകരണം. പുതിയ സമയ പുനക്രമീകരണം നടത്തേണ്ടത് മാര്‍ച്ച് 26 ന്. ബ്രിട്ടിഷ് സമ്മര്‍ ടൈം അഥവാ ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന അന്ന് അർധരാത്രി കഴിഞ്ഞ് ഒരു മണിക്ക് ബ്രിട്ടനിലെ ക്ലോക്കുകള്‍ ഒരു മണി എന്നതിന് പകരം രണ്ട് മണി എന്ന സമയം കാണിക്കണം. സായാഹ്നങ്ങളില്‍ പകല്‍ വെളിച്ചം കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നതിനാല്‍ ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും അനുഭവപ്പെടുക.
എന്നാല്‍ ബ്രിട്ടന്‍ മാത്രമല്ല ഇത്തരത്തില്‍ സമയ പുന:ക്രമീകരണം നടത്തുന്ന രാജ്യം. 70 ഓളം രാജ്യങ്ങള്‍ ഇത്തരത്തില്‍ എല്ലാ വര്‍ഷവും സമയ പുനഃക്രമീകരണം നടത്താറുണ്ട്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളും ബ്രിട്ടനിലേതിന് സമാനമായി വര്‍ഷത്തില്‍ രണ്ടു തവണ സമയ പുന:ക്രമീകരണം നടത്താറുണ്ട്. യൂറോപ്പിന് പുറത്തുള്ള ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ, അര്‍ജന്റീന, പരാഗ്വേ, ക്യൂബ, ഹൈതി എന്നീ രാജ്യങ്ങളിലും സമയമാറ്റം നടത്താറുണ്ട്.
ക്ലോക്കിലെ സമയം മാറ്റേണ്ടി വരുമ്പോള്‍ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും സമയം ഓട്ടോമാറ്റിക്കായി മാറും. 1907 മുതല്‍ക്കാണ് ബ്രിട്ടനില്‍ സമയം മാറ്റുന്ന സമ്പ്രദായം ആരംഭിച്ചത്. വില്യം വില്ലെറ്റ് എന്ന ഒരു ബില്‍ഡര്‍ ആയിരുന്നു ഇതിനു പിന്നിൽ. വേനല്‍ കാലത്ത് സൂര്യന്‍ ഉദിച്ച ശേഷവും ആളുകള്‍ ഉറങ്ങുകയാണെന്ന് ബോധ്യപ്പെട്ട വില്യം വില്ലെറ്റ് പകല്‍ വെളിച്ചം പാഴാകാതിരിക്കാനാണ് ക്ലോക്കിലെ സമയമാറ്റം നിര്‍ദ്ദേശിച്ചത്. പിന്നീട് എല്ലാ വര്‍ഷവും സമയമാറ്റം ആവര്‍ത്തിച്ചുപോന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് മാത്രമായിരുന്നു സമയമാറ്റം നടപ്പിലാക്കാതിരുന്നത്.
നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.
ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
യുകെയിലെ കാലാവസ്ഥ കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. തണുത്തുറഞ്ഞ കാലാവസ്ഥ മലയാളികൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. കൂടുതല്‍ തണുപ്പേറിയ കാറ്റാണു യുകെയിലേക്കു മഞ്ഞ് പെയ്യിക്കുന്നത്. നോര്‍ത്ത് മേഖലയില്‍ നിന്നുള്ള തണുത്തുറഞ്ഞ കാറ്റ് വരും ദിവസങ്ങളില്‍ രാജ്യത്തെ താപനില -1 സെല്‍ഷ്യസിലേക്കു താഴ്ത്തുമെന്നാണു മെറ്റ് ഓഫിസ് പ്രവചനം.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബ്രിട്ടനിൽ പ്രതീക്ഷിക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയെ ജനങ്ങള്‍ ജാഗ്രതയോടെ നേരിടണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. പ്രായമായവര്‍ക്കും രോഗസാധ്യത ഏറിയ ജനങ്ങള്‍ക്കുമാണ് ശൈത്യകാലം തിരിച്ചെത്തുമ്പോള്‍ സൂക്ഷിക്കണമെന്ന ആരോഗ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുറഞ്ഞ താപനിലയും ശൈത്യകാല മഴയും പെയ്തിറങ്ങുമ്പോള്‍ ബ്രിട്ടനിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫിസും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് 6 പുലര്‍ച്ചെ ഒരു മണി മുതല്‍ മാര്‍ച്ച് 8 അർധരാത്രി വരെയാണു മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. ചൂട് നിലനിര്‍ത്താനും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ശ്രദ്ധിക്കാനും നിര്‍ദ്ദേശത്തില്‍ യുകെഎച്ച്എസ്എ ഉപദേശിക്കുന്നുണ്ട്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രായം 65ന് മുകളിലുള്ളവരും വീടുകളിലെ താപനില 18 ഡിഗ്രി സെല്‍ഷ്യസെങ്കിലും നിലനിര്‍ത്തണമെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി.