Uncategorized

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹർട്ഫോർഡ്‌ഷെയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതു വർഷത്തിലധികമായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും, മലയാള ഭാഷക്കും,കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുകയും ചെയ്യുന്ന  സംഘടന എന്ന നിലയിൽ, യു കെ യിൽ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ‘സർഗ്ഗം സ്റ്റീവനേജ്’.

സർഗ്ഗം സ്റ്റീവനേജിന്റെ  ക്രിസ്തുമസ്സ് ന്യൂ ഇയർ ആഘോഷത്തിനിടയിൽ നടന്ന  വാർഷീക ജനറൽ ബോഡി യോഗത്തിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബർമാരിൽ നിന്നും മേഴ്സി മാത്യുവിനെ പ്രസിഡണ്ടായും, ജിമ്മി തോമസിനെ സെക്രട്ടറിയായും, സിബി കക്കുഴിയെ ഖജാൻജിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

സർഗം സ്റ്റീവനേജിന്റെ ചരിത്രത്തിൽ വനിത അമരക്കാരിയാകുന്ന പ്രഥമ കമ്മിറ്റിയിൽ, ബിന്ദു ജിസ്‌റ്റിൻ വൈസ് പ്രസിഡണ്ടും, റൊമാരിയോ ജെറോൾഡ്‌ ജോ. സെക്രട്ടറിയും, ഹെൻട്രിൻ ജോ. ട്രഷററും ആയി ചുമതല വഹിക്കും.  പുതിയ ഭരണ സമിതിയിൽ സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ്  എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം,വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഈസ്റ്റർ-വിഷു-ഈദ് ആഘോഷം പ്രൗഢവും, വിപുലമായും സംഘടിപ്പിക്കും. റാമ്പ് വാക്, ഫെസ്റ്റിവൽ തീം സ്കിറ്റ്സ്, ഡിജെ, ഗ്രാൻഡ് ഈസ്റ്റർ ഡിന്നർ, ശിങ്കാരി മേളം കൂടാതെ കലയുടെ വർണ്ണ വസന്തം വിടരുന്ന സംഗീത-നൃത്ത-നടന വിരുന്നും  ആസ്വദിക്കാം ഏപ്രിൽ 12 ന് ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന  ഈസ്റ്റർ , വിഷു ആഘോഷത്തിന്  സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂൾ ഓഡിറ്റോറിയം വേദിയാവും.

മുൻ  കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത  തുടങ്ങിയ പദ്ധതികൾക്കു മുൻ‌തൂക്കം നൽകുവാനും കമ്മിറ്റി യോഗം തീരുമാനിച്ചു. സർഗം സ്റ്റീവനേജിൽ നിലവിൽ അറുന്നൂറോളം മെംബർമാർ ഉണ്ട്.

പ്രതീക്ഷയുടെയും, പ്രത്യാശയുടെയും സന്ദേശമരുളുന്ന ഉയിർപ്പ് തിരുന്നാളും , സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവും, കരുണയുടെയും, ദാന-ധർമ്മാതികളുടെയും  പുണ്യ ദിനമായ ഈദും ഒന്നിക്കുന്ന മഹാ ആഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ  കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

മേഴ്സി മാത്യു :07946 441321
ജിമ്മി തോമസ്: 07460 952027
സിബി കക്കുഴി 07503 884775

Barnwell upper School, Shephall , Stevenage, Hertfordshire, SG2 9SW.

 

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ‘ഹോം വോട്ടിങ്’ സംവിധാനം 140 മണ്ഡലങ്ങളിലായി ആരംഭിച്ചു. 85 വയസ്സ് പിന്നിട്ടവർക്കും 40 ശതമാനത്തിൽ കൂടുതലായി ഭിന്നശേഷിയുള്ളവർക്കുമാണ് വീടുകളിൽ ഇരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യദിനമായ ഇന്നലെ രാത്രി 8 വരെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 85 വയസ്സ് കഴിഞ്ഞ 7,561 പേരും ഭിന്നശേഷിക്കാരായ 3,361 പേരുമുണ്ട്.

ആകെ 2,07,757 പേരാണ് ഹോം വോട്ടിങിന് അർഹരായിരിക്കുന്നത്. ഇതിൽ 85 വയസ്സ് പിന്നിട്ടവരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുത്തിട്ടുണ്ട്. മുൻകൂട്ടി തപാൽ ബാലറ്റ് അപേക്ഷ നൽകിയവരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അംഗീകരിച്ചവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.

പോളിങ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വീടുകളിലെത്തി വോട്ടറെ നേരിൽ കണ്ട ശേഷം ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുകയും അത് സുരക്ഷിതമായി ശേഖരിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വോട്ടവകാശം എളുപ്പത്തിൽ വിനിയോഗിക്കാനാകുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ദീപ ദീപു

ആത്മപരിശോധനയുടെയും മാനസാന്തരത്തിന്റെയും ഒരു വിശുദ്ധമായ യാത്രയാണ് ഓരോ നോമ്പുകാലവും. ഈ നോമ്പുകാലത്ത് മൂന്ന് വ്യക്തികളുടെ ജീവിതങ്ങളിലൂടെ നമുക്കൊന്ന് യാത്ര ചെയ്യാം. അന്ധനായ ബർതിമേയൂസിന്റെ വിശ്വാസജീവിതത്തിലൂടെയുള്ള യാത്ര, യൂദാസിന്റെ വിശ്വാസ വഞ്ചനയിലൂടെയുള്ള യാത്ര, പത്രോസിന്റെ തള്ളിപ്പറയിലിൻ്റെയും അനുതാപത്തിന്റെയും വഴിയിലൂടെയുള്ള യാത്ര.

വി. മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം 46 – 52 വരെയുള്ള തിരുവചനങ്ങളിലാണ് അന്ധനായ ബർതിമേയൂസിനെ നാം കണ്ടുമുട്ടുന്നത്. യേശു തൻറെ സമീപത്തു കൂടി കടന്നു പോകുന്നു എന്നറിഞ്ഞ ബർതിമേയൂസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ദാവീദിന്റെ പുത്രനായ യേശുവേ എന്നിൽ കനിയണമേ എന്ന് . അവനെ നിശബ്ദനാകാൻ പലരും ശ്രമിച്ചെങ്കിലും അവൻ കൂടുതൽ ഉച്ചത്തിൽ യേശുവിനെ വിളിച്ചു. യേശു ആ വിളി കേട്ട് അവനെ തന്റെ അടുത്തേക്ക് വിളിച്ചു. യേശുവിൻറെ വിളി കേട്ടയുടനെ ബർതിമേയൂസ് ചെയ്ത കാര്യം വളരെ ശ്രദ്ധേയമാണ്. അവൻ തൻ്റെ പുറങ്കുപ്പായം ദൂരെയെറിഞ്ഞ് കുതിച്ചുചാടി യേശുവിൻറെ അടുത്തെത്തി. പുറങ്കുപ്പായം പ്രതീകാത്മകമായ ഒരു പ്രയോഗമാണ്. മനുഷ്യന്റെ അഹങ്കാരത്തിന്റെ, അസൂയയുടെ, നിരാശയുടെ, ദുഃഖങ്ങളുടെ, അശുദ്ധിയുടെ എല്ലാം പ്രതീകമാണ് പുറങ്കുപ്പായം. അത് വലിച്ചെറിഞ്ഞാൽ മാത്രമേ സ്വാതന്ത്ര്യത്തോടെ സ്നേഹത്തോടെ ഈശോയുടെ അടുത്തേക്ക് നമുക്ക് ഓടിയെത്താൻ കഴിയുകയുള്ളൂ. അങ്ങനെ ഈശോയെ സമീപിക്കുമ്പോൾ നാം എന്ത് ചോദിച്ചാലും അവൻ നമുക്കത് സാധിച്ചു തരും. കലർപ്പില്ലാത്ത വിശ്വാസം നമുക്കുണ്ടെങ്കിൽ എല്ലാ തടസ്സങ്ങളുടെ നടുവിലും ആ വിശ്വാസത്തോടെ ദൈവത്തെ നിരന്തരമായി വിളിക്കുന്നവർക്ക് അവിടുന്ന് എപ്പോഴും സമീപസ്ഥനായിരിക്കുമെന്ന് ബർതിമേയൂസിന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

രണ്ടാമത്തെ ചിന്ത സൗഹൃദത്തെ, സ്നേഹത്തെ വില്പന ചരക്കാക്കിയ യൂദാസിന്റെ വഞ്ചനയുടെ കഥയാണ്. മുപ്പത് വെള്ളിക്കാശിന് വേണ്ടി തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ വഞ്ചനയിലൂടെയാണ് യേശുവിൻറെ പീഡാസഹനം ആരംഭിക്കുന്നത്. യേശുവിൻറെ കലർപ്പില്ലാത്ത സ്നേഹത്തിൽ അത്യാഗ്രഹത്തിന്റെ മാലിന്യം യൂദാസ് കലർത്തിയതാണ് അവനെ ഒറ്റുകാരനാക്കിയത് . ബഹുമാനപ്പെട്ട ഫാ. ജിസൺ പോളിന്റെ ഒരു പ്രഭാഷണത്തിൽ നിന്ന് കിട്ടിയ ആശയമാണിത്. യേശുവിൻറെ പീഡാസഹനവും കുരിശു മരണവും അനിവാര്യമായ രക്ഷാകര പദ്ധതിയുടെ ഭാഗമായിരുന്നെങ്കിലും അതിന് കാരണമായത് യേശു ഏറെ സ്നേഹിച്ച തന്റെ ശിഷ്യന്മാരിൽ ഒരുവനായ യൂദാസിന്റെ ചുംബനത്തിലൂടെയുള്ള ഒറ്റിക്കൊടുപ്പിലൂടെയാണ്. നമുക്കും പലപ്പോഴും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലേ. ഏറെ സ്നേഹിച്ചവരിൽ നിന്ന് തീവ്രമായ സഹനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലേ? അപ്പോൾ ഈശോ എത്രമാത്രം ഹൃദയവേദന അനുഭവിച്ചു കാണുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. സ്വന്തം ചങ്കായി കണ്ട് സ്നേഹിച്ചവൻ ചുംബനം കൊണ്ട് ഒറ്റിയപ്പോൾ അവന് സഹിക്കേണ്ടി വന്നത് മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പീഡകളാണ്. അവൻ ശിരസ്സിൽ അണിഞ്ഞ മുൾമുടി , ശരീരത്തിലേറ്റ ചാട്ടവാറടികൾ, തോളിലേറ്റിയ ഭാരമേറിയ കുരിശ്, ഏറ്റുവാങ്ങിയ ശാപവചനങ്ങൾ, അവഹേളനങ്ങൾ , കുരിശുമായി മൂന്നുതവണ നിലത്തു വീണപ്പോൾ അനുഭവിച്ച കഠോരമായ വേദന, വഴിയിൽ വച്ച് തന്റെ അമ്മയെ കണ്ടപ്പോൾ അനുഭവിച്ച ഹൃദയവേദന , ഗാഗുൽത്തായിൽ കുരിശിൽ കിടത്തി കൈകളിലും കാലുകളിലും കാരിരുമ്പാണി അടിച്ചിറക്കിയപ്പോൾ അനുഭവിച്ച പ്രാണൻ പറിഞ്ഞു പോകുന്ന വേദന, കുന്തത്താൽ കുത്തി തുറക്കപ്പെട്ട അവൻറെ ഹൃദയത്തിനേറ്റ വേദന. ഇതെല്ലാം സ്നേഹത്തിൽ വഞ്ചന കലർത്തപ്പെട്ടതിന്റെ പരിണിത ഫലമാണ്. ഈ നോമ്പുകാലത്ത് നമുക്ക് യൂദാസിനെപ്പോലെ നമ്മുടെ അത്യാഗ്രഹങ്ങളാൽ, പാപങ്ങളാൽ നമ്മുടെ നാഥനെ ഒറ്റിക്കൊടുക്കാതിരിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം .

 

മൂന്നാമതായി പത്രോസിന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. യേശുവിൻറെ ഏറ്റവും ശക്തനായ ശിഷ്യനായിരുന്നു പത്രോസ്. യേശുവിനെ ആദ്യമായി കണ്ട ദിവസം, അവന്റെ ഒറ്റ വിളിയിൽ സർവ്വവും ഉപേക്ഷിച്ച് അവനെ അനുഗമിച്ച പത്രോസ് എക്കാലവും തന്റെ വിശ്വാസം ഏറ്റുപറയുവാൻ ചങ്കൂറ്റം കാണിച്ചവനാണ്. യേശു സർവ്വശക്തനായ ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണെന്ന് സധൈര്യം ഏറ്റുപറഞ്ഞ പത്രോസ്, ഗത് സമേൻ തോട്ടത്തിൽ യേശുവിനെ പിടികൂടാൻ വന്ന പടയാളികളോട് പൊരുതി അവരിലൊരുവന്റെ ചെവി ഛേദിച്ചു കളയാൻ ധൈര്യം കാണിച്ച പത്രോസ്. അവൻ തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുമെന്ന് യേശു പ്രവചിച്ചപ്പോൾ നിന്നോടു കൂടി മരിക്കേണ്ടിവന്നാൽ പോലും ഞാൻ നിന്നെ തള്ളി പറയില്ല എന്ന് തറപ്പിച്ചു പറയുന്ന പത്രോസിനെ മർക്കോസിന്റെ സുവിശേഷം 14-ാം അധ്യായം 27 – 31 വരെയുള്ള തിരുവചനങ്ങളിൽ നമ്മൾ കാണുന്നു. എന്നാൽ അധികം താമസിയാതെ 66-ാം വാക്യം മുതൽ കാണുന്നത് യേശുവിൻറെ വിചാരണ സമയത്ത് പുറത്ത് തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസ് ഒരു മനചാഞ്ചല്യവുമില്ലാതെ മൂന്ന് പ്രാവശ്യം തൻറെ ജീവനായിരുന്ന ഗുരുവിനെ തള്ളി പറയുന്നതാണ്. കേവലം നൈമിഷികമായ ഒരു തീയുടെ ചൂട് ലഭിച്ചപ്പോൾ ഒരല്പം സുരക്ഷിതത്വം കിട്ടിയപ്പോൾ ശിഷ്യപ്രമുഖനായ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. എന്നാൽ ഹൃദയവേദനയോടെയുള്ള യേശുവിൻറെ കരുണ നിറഞ്ഞ ഒരു നോട്ടം പത്രോസിന്റെ ഹൃദയത്തിൻറെ ആഴങ്ങളിലാണ് പതിഞ്ഞത്. അവൻ ഹൃദയം നൊന്ത് ഉള്ളുരുകി കരഞ്ഞു എന്നാണ് തിരുവചനം പറയുന്നത്. പത്രോസിന്റെ ആ അനുതാപ കണ്ണുനീർ അവൻറെ മുഖത്തും ഹൃദയത്തിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പിന്നീട് ആ അനുതാപം അവനെ നയിച്ചത് ക്രിസ്തുവിൻറെ സഭയുടെ അടിസ്ഥാനമായ ആദ്യത്തെ മാർപാപ്പ എന്ന പദവിയിലേയ്ക്കാണ്. യേശുവിൻറെ സുവിശേഷം സധൈര്യം പ്രഘോഷിക്കാൻ, അവനുവേണ്ടി രക്തസാക്ഷിത്വം വഹിക്കാൻ ആ മാനസാന്തരം അവനെ പ്രാപ്തനാക്കി.

ഈ നോമ്പുകാലത്ത് ബർതിമേയൂസിനെപ്പോലെ വിശ്വാസം ലഭിക്കാനും യൂദാസിനെ പോലെ ഒറ്റുകാരനാകാതിരിക്കാനും പത്രോസിനെ പോലെ ഹൃദയം നൊന്ത് മനസ് തപിക്കാനുവുമുള്ള കരുണയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.

ദീപ ദീപു

ഫ്ലോറിഡയിൽ നെഫ്രോളജി നഴ്‌സ് പ്രാക്ടീഷണറായ ദീപയുടെ സ്വദേശം കണ്ണൂർ ആണ്. തൊടുപുഴ സ്വദേശിയായ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. കാത്തലിക് സ്റ്റുഡന്റ്സ് മൂവ്‌മെന്റിന്റെയും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെയും സജീവ അംഗമായിരുന്നു. 1997-ൽ ജീസസ് യൂത്ത് ഫുൾടൈമറായി സേവനം ചെയ്തിട്ടുണ്ട്. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ   രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.

 

കൊച്ചി: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ യുകെ മലയാളിയും നിർമ്മാതാവുമായ ജോബി ജോർജിന് നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ട് കേസുകളിലായി കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവും മുളന്തുരുത്തി സ്വദേശികളായ ദമ്പതികളും നൽകിയ പരാതികളിലാണ് നടപടി.

2011ൽ യുകെ വിസ നൽകാമെന്ന് പറഞ്ഞ് രാജേഷ് മാത്യുവിൽ നിന്ന് രണ്ട് തവണയായി 50 ലക്ഷം രൂപ ജോബി ജോർജ് കൈപ്പറ്റി. വാഗ്ദാനം പാലിക്കാതിരുന്നതിനെ തുടർന്ന് 2012ൽ പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അത് മടങ്ങി. തുടർന്ന് രാജേഷ് മാത്യു പരാതി നൽകുകയായിരുന്നു. രാജേഷിനെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസിൽ രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

മറ്റൊരു കേസിൽ മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്, ഭാര്യ ഡാർലി ബിജു എന്നിവരെ യുകെയിൽ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്ത് ജോബി പണം തട്ടിയെന്നാണ് പരാതി. ലണ്ടനിലെ ന്യൂകാസിലിൽ ഒരു ‘ഓഫ് ലൈസൻസ്’ കടയിൽ പങ്കാളിത്തം നൽകാമെന്നും ഡാർലിക്ക് ലണ്ടനിലെ എൽബിഎ കോളേജിൽ ബിസിനസ് ഇൻഫർമേഷൻ ഡിപ്ലോമയ്ക്ക് അഡ്മിഷൻ ഒരുക്കാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. യുകെയിൽ എത്തിയശേഷമാണ് തട്ടിപ്പ് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ദമ്പതികൾ മൊഴി നൽകി. ഈ കേസിലാണ് ജോബിയെ രണ്ട് വർഷം തടവിനും 16.52 ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളെ നടുക്കി മലയാളിയും നാല് മക്കളുടെ പിതാവുമായ റിജോ പോളിന്റെ ആകസ്മിക വേർപാട്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് റിജോ കുഴഞ്ഞു  വീണതും മരണം സംഭവിക്കുന്നതും. പരേതന് 45 വയസ്സാണ് പ്രായം. ഭാര്യ റാണി, മക്കൾ റോസ്മിൻ, റോസ്മോൾ, റോസ് മേരി, റോവൻ. പരേതൻ  ചാലക്കുടി കറുകുറ്റി സ്വദേശി ആണ്.

റിജോ വർക്ക് ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്നവർക്കായി ഒരുക്കിയിരുന്ന ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കവെ ആണ് റിജോ കുഴഞ്ഞുവീണത്. അരമണിക്കൂറോളം CPR കൊടുത്തു ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയം സംഭവിക്കുകയായിരുന്നു. പാരാമെഡിക്കൽ ടീമും സ്ഥലത്തെത്തിയിരുന്നു.

ജീവിതത്തിലെ ദുർഘടനിമിഷങ്ങളെ മനഃസാന്നിധ്യം കൊണ്ടും ഭാര്യയുടെ ആത്മാർത്ഥമായ സഹനം കൊണ്ടും നേരിട്ട് വിജയം നേടിയെടുത്തപ്പോൾ ആണ് ഇത്തരത്തിൽ ഒരു വേർപാട് സംഭവിച്ചിരിക്കുന്നത്.

കോവിഡ് കാലത്തു നാട്ടിലെ എല്ലാ ബിസിനസ്സും നഷ്ടപ്പെട്ടപ്പോൾ ആണ് റിജോയും കുടുംബവും യുകെ ലക്ഷ്യമാക്കിയത്. നാട്ടിലെ ഒരു വിസ ഏജന്റിന് 20 ലക്ഷം കൊടുത്തിട്ടാണ് ലണ്ടന് സമീപത്തായി രണ്ട് വർഷം മുൻപ് റിജോയും കുടുംബവും എത്തുന്നത്. എന്നാൽ പിന്നീട് അവിടെയല്ല മിഡ്‌ലാൻസിലെ ബർട്ടൻ ഓൺ ട്രെന്റിലാണ് ഹോം എന്ന് ഏജന്റ് അറിയിക്കുന്നത്. കോവിഡിൽ എല്ലാം നഷ്ടപ്പെട്ട് ബാക്കി ഉണ്ടായിരുന്ന എല്ലാം വിറ്റു കിട്ടിയ പണമായിരുന്നു ഏജന്റിന് നൽകിയത്. അങ്ങനെ ബർട്ടൻ ഓൺ ട്രെന്റിൽ എത്തിയപ്പോൾ ആണ് റിജോ ഒരു സത്യം മനസ്സിലാക്കിയത്. പറഞ്ഞ ഒരു നഴ്സിംഗ് ഹോം അവിടെ ഇല്ല എന്ന വസ്തുത തിരിച്ചറിയുന്നതും  താൻ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കിയതും.

ചെറിയ നാല് കുട്ടികൾ. ആരെയും പരിചയമില്ല. അങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ റിജോ നാട്ടിലെ ഒരു ധ്യാന സെന്ററിൽ ഉള്ള അറിയുന്ന ഒരു സിസ്റ്ററിനു  ഹൃദയഭേദകമായ ഒരു വോയിസ് മെസ്സേജ് അയക്കുന്നത്. ഈ മെസ്സേജ് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും നാട്ടിൽ തിരിച്ചുപോയ ഒരാൾ കേൾക്കാൻ ഇടവരുകയും ആ വ്യക്തി തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സുഹുത്തുക്കൾ വഴി സ്റ്റോക്ക്  ഓൺ ട്രെന്റിൽ വിസ ഒരുക്കുകയും ചെയ്തത്. അങ്ങനെ ഒരു വിധത്തിൽ ജീവിതം മുൻപോട്ട് നീങ്ങവേ ആണ് മരണം നടന്നിരിക്കുന്നത്.

ഒരു മാസത്തിനുള്ളിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ നടക്കുന്ന മൂന്നാമത്തെ മരണമാണ്. റിജോയുടെ ആകസ്മിക വേർപാടിൽ പരേതന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം  ദുഖാർത്തരായ  ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫിനെക്കാൾ 5.36 ശതമാനം അധിക വോട്ട് നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോൾ എൽഡിഎഫിന് ലഭിച്ചത് 33.45 ശതമാനമാണ്. എൻഡിഎയ്ക്ക് 14.71 ശതമാനം വോട്ടും സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾക്ക് 13.03 ശതമാനം വോട്ടും ലഭിച്ചു.

വോട്ടുകളുടെ ആകെ കണക്കിൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ 11.38 ലക്ഷം വോട്ടുകളുടെ ലീഡുണ്ടായി. യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ടുകളാണ്. എൽഡിഎഫിന് ലഭിച്ചത് 70.99 ലക്ഷം വോട്ടുകളായപ്പോൾ എൻഡിഎ 31.21 ലക്ഷം വോട്ട് നേടി.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഗവർണർക്ക് കൈമാറി. തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് സംബന്ധിച്ച് ഗവർണർ കമ്മീഷണറെ അഭിനന്ദിച്ചു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ‘ഡിറ്റ് വാ’ ( Ditwah ) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. തമിഴ്നാട് – ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ ഡി ‌ആർ ‌എഫ്, എസ്‌ ഡി‌ ആർ ‌എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് നിലവിൽ കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്കാണ് സാധ്യത. നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തെ കേരളത്തിലെ മഴ സാധ്യത പ്രവചനം.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1499 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 123 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ- 0.043307 കി.ഗ്രാം, കഞ്ചാവ് -16.10674- കി.ഗ്രാം, കഞ്ചാവ് ബീഡി 66 -എണ്ണം എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച്‌ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 നവംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച്‌ നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്ബറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നവംബർ 2 ന് കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. ഞായറാഴ്ച്ച വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക്‌ നൈറ്റ്.

പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.

മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880

കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളും മരിച്ചു. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേർ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മൂവരെയും കാണാതായതോടെ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദാരുണമായ അപകടത്തിനാണ് കട്ടപ്പന സാക്ഷിയായത്.

Copyright © . All rights reserved