ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ വിന്റർ ഫ്യുവൽ പേയ്‌മെന്റിന് അർഹതയുള്ള സംസ്ഥാന പെൻഷൻകാർക്ക് സന്തോഷ വാർത്ത. 600 പൗണ്ട് വരെ വരുന്ന പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിൽ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിൽ നിന്ന് (DWP) ഇന്നുമുതൽ ലഭിക്കാൻ തുടങ്ങും. സാധാരണ ശൈത്യകാല ഇന്ധന പേയ്‌മെന്റിന് 300 പൗണ്ടാണ് എന്നാൽ വർന്ധിച്ച് വരുന്ന ബില്ലുകളുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റ് ഈ വർഷം 300 പൗണ്ടും കൂടി അധികമായി നൽകുന്നുണ്ട്. വിന്റർ ഫ്യുവൽ പേയ്‌മെന്റിന് യോഗ്യരായവർക്ക് പെൻഷൻകാരുടെ ജീവിത ചിലവ് പേയ്‌മെന്റും ലഭിക്കും. അതിനാൽ ഈ ശൈത്യകാലത്ത് ചില കുടുംബങ്ങൾക്ക് £600 വരെ ലഭിക്കും.
പേയ്‌മെന്റുകൾ നവംബർ 1 മുതൽ ആരംഭിച്ചു. Gov.uk എന്ന വെബ്‌സൈറ്റിൽ, ഇതിന് അർഹതയുള്ളവർക്ക് ഒക്ടോബറിലോ നവംബറിലോ ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്ന് DWP അറിയിച്ചു. നവംബറിലോ ഡിസംബറിലോ ആണ് മിക്ക ആളുകൾക്കും പണം ലഭിക്കുക. വിദേശത്ത് താമസിക്കുന്ന 36,000 പ്രവാസികൾ ഉൾപ്പെടെ 11.4 ദശലക്ഷത്തിലധികം പേയ്‌മെന്റുകൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. സെപ്റ്റംബർ 25 , 1957 -ന് മുൻപ് ജനിച്ചവർക്കാണ് വിന്റർ ഫ്യുവൽ പേയ്‌മെന്റ് ലഭിക്കുക.
പെൻഷൻ ലഭിക്കുന്നതിനായി 2023 സെപ്റ്റംബർ 18 നും സെപ്റ്റംബർ 24 നും ഇടയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും നിങ്ങൾ യുകെയിൽ താമസിച്ചിരിക്കണം. യുകെയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്കും, യുകെയിൽ കുടുംബം ഉള്ളവർക്കും ആണ് പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഇവ ക്ലെയിം ചെയ്യണമെങ്കിൽ ഇവ തപാൽ വഴിയോ ടെലിഫോൺ വഴിയോ ചെയ്യാം. 2023/24 ശൈത്യകാല പെൻഷൻ ക്ലെയിം ചെയ്യാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ആണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ അവാർഡ് നൈറ്റിന് വർണ്ണശബളമായ വേദിയിൽ തുടക്കമായി. ഭാരതീയ പാരമ്പര്യമനുസരിച്ച് വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചാണ് വേദിയിൽ സ്വീകരിച്ചത്. റുഥർഗ്ലെൻ സൗത്ത് വാർഡിലെ കൗൺസിലറായ മാർഗരറ്റ് കോവി , സൗത്ത് ലനാർക്ക്ഷയർ കൗൺസിലിനെ പ്രതിനിധീകരിച്ച് ജോ ഫാഗൻ , നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെൽ , ലേബർ പാർട്ടിയുടെ പ്രതിനിധിയായ ജാക്ക് മക്ജിന്റി എന്നിവരെയാണ് മലയാളം യുകെയുടെയും യുസ്മയുടെയും പ്രതിനിധികൾ പൊന്നാടയും മൊമെന്റോയും നൽകി സ്വീകരിച്ചത് .
ഭാരതത്തിന്റെയും യുകെയുടെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമകൾ സമ്മേളിച്ച ചടങ്ങുകൾക്കാണ് മലയാളം യുകെ അവാർഡ് നൈറ്റിന്റെ വേദി സാക്ഷ്യം വഹിച്ചത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ , മലയാളം യുകെ ഡയറക്ടറും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യു, ഡയറക്ടർ ബോർഡ് മെമ്പേഴ്‌സും അസോസിയേറ്റ് എഡിറ്റർമാരുമായ ജോജി തോമസ്, റോയി ഫ്രാൻസിസ് , ഡയറക്ടർമാരായ ജിമ്മി മൂലംകുന്നം, ബിജു മൂന്നാനപ്പള്ളിൽ, ബിനു മാത്യു, തോമസ് ചാക്കോ എന്നിവരും യുസ്മ പ്രസിഡൻറ് ഡോ സൂസൻ റോമൽ , യുസ്മ വൈസ് പ്രസിഡന്റും നാഷണൽ കലാമേളയുടെ കോർഡിനേറ്ററുമായ ഷിബു സേവ്യർ , സെക്രട്ടറി അനിൽ തോമസ്, ജോയിന്റ് സെക്രട്ടറി ജിമ്മി ജോസഫ് ട്രഷറർ ജെയിംസ് മാത്യു, എക്സിക്യൂട്ടീവ് അഡ്വൈസർ ഡോ രാജ്മോഹൻ പദ്മനാഭൻ, കോ-ഓർഡിനേറ്റർ അബിസൺ ജോസ്, യുസ്മ നാഷണൽ കലാമേള കോ-ഓർഡിനേറ്റർ റീന വർഗീസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മലയാളം യുകെ ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ അവാർഡ് നൈറ്റിന് തിരിതെളിച്ചപ്പോൾ ഒപ്പം വിശിഷ്ടാതിഥികളും പങ്കുചേർന്നു.
മലയാളം യു കെ ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ റോയ് ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് നന്ദി പറയുകയും ചെയ്തു .ഉദ്ഘാടനത്തെ തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സംഘടനകളെയും ആദരിക്കും. ഒപ്പം യുകെ മലയാളികൾക്ക് അഭിമാനമായ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വർണ്ണശബളമായ കലാസന്ധ്യയുമാണ് അവാർഡ് നൈറ്റിൽ അരങ്ങേറുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മകളുടെ രോഗത്തിന് ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കാന്‍ വേണ്ടി യുകെ മാത്രമാണ് നല്ലതെന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ടാണ് ഇല്ലാത്ത പണം മുടക്കി ഏജന്‍സി വഴി കെയറര്‍ വിസ സ്വന്തമാക്കി ജിബുവും കുടുംബവും യുകെയില്‍ എത്തുന്നത്. ബഹ്റൈനില്‍ ജീവിച്ചിരുന്ന ജിബുവിന് മകള്‍ ഡോണയുടെ രോഗ വിവരം അറിഞ്ഞത് മുതല്‍ എങ്ങനെയും കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം ആയിരുന്നു മനസ്സില്‍. ഇതിനായി യുകെയില്‍ എത്താനുള്ള വഴികള്‍ തേടിയ കുടുംബത്തിന് ഒടുവില്‍ ആ ആഗ്രഹം സാധ്യമാകുകയും ചെയ്തു. ബെല്‍ഫാസ്റ്റില്‍ ലണ്ടന്‍ഡറിയില്‍ എത്തിയ കുടുംബം 16കാരിയായ ഡോണയുടെ അസുഖ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാൻ എന്‍എച്ച്എസ് കൂടെ നൽകുകയും ചെയ്തു.
ഇതിന്റെ ഭാഗമായി കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തത് ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. ഇവിടെ സ്റ്റെം സെല്‍ ചികിത്സ അടക്കം നല്‍കിയാണ് ഡോണയെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്. ആറുമാസം മുന്‍പ് ചികിത്സക്ക് ശേഷം പുഞ്ചിരിയോടെ മടങ്ങിയ ഡോണ തുടര്‍ ചികിത്സയുടെ ഭാഗമായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പരിശോധനകള്‍ക്ക് എത്തുമായിരുന്നു. അടുത്തിടെ വരെ നടന്ന എല്ലാ പരിശോധനകളും പൂര്‍ണ വിജയം എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയപ്പോൾ രക്തത്തില്‍ ചില വേരിയേഷനുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് ചികിത്സ വിദഗ്ധര്‍ ഏറ്റെടുക്കുമ്പോഴേക്കും ഡോണയെ ന്യുമോണിയ പിടികൂടിയിരുന്നു. ഒടുവില്‍ അതിവേഗം വ്യാപിച്ച ഇന്‍ഫെക്ഷന്‍ മരുന്നുകള്‍ കൊണ്ട് ചെറുക്കാനാകാതെ വന്നതോടെ കുട്ടിയുടെ മരണം ഇന്നലെ അതീവ വേദനയോടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തേടി എത്തുക ആയിരുന്നു.
കുട്ടിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനാണ് കുടുംബം ശ്രമിക്കുന്നത്. ഇടുക്കി തട്ടാരത്തട്ട സ്വദേശികളാണ് ജിബുവും കുടുംബവും. യുകെയില്‍ എത്തിയിട്ട് ഏറെക്കാലം ആയിട്ടില്ലെങ്കിലും ലണ്ടന്‍ഡെറി മലയാളി സമൂഹം ഒരേ മനസോടെയാണ് ജിബുവിനെയും പത്‌നി ബിനിയെയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഏറെ വേദനകളിലൂടെ കടന്നു പോയ ഒട്ടേറെ വിഷമകരമായ ദിനങ്ങള്‍ക്ക് ശേഷം മകള്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു എന്ന സന്തോഷം ഏതാനും മാസം മാത്രമാണ് ജിബുവിനും ഭാര്യയ്ക്കും ലഭിച്ചത്. ആ വിഷമം ഇന്നലെ ആശ്വസിപ്പിക്കാന്‍ എത്തിയ ഓരോരുത്തരിലും മനസിലേല്‍പിച്ച മുറിവും ഏറെ ആഴത്തില്‍ ഉള്ളതാണ്.
ഡോണ ജിബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിൽ വർണ്ണവിവേചനം നേരിട്ട ജീവനക്കാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ജീവനക്കാരുടെ വിവരണങ്ങളും മറ്റും അടങ്ങുന്ന സ്പ്രെഡ്ഷീറ്റിൽ മോശമായ പേരിൽ അഭിസംബോധന ചെയ്യപ്പെട്ടതിന് പിന്നാലെ ഏകദേശം 60,000 പൗണ്ടാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞയ്ക്ക് നഷ്ടപരിഹാരം ലഭിച്ചത്. തന്റെ കൂടെ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞരിൽ ഒരാൾ തനിക്ക് നേരെ ടെസ്റ്റ് ട്യൂബ് എറിഞ്ഞതിനെക്കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെ ഉബാഹ് ജമയ്ക്ക് ജോലി സ്ഥലത്ത് വിവേചനങ്ങൾ നേരിടേണ്ടി വന്നു.
രണ്ട് ആശുപത്രികളിലുള്ള സഹപ്രവർത്തകർക്ക് കാണാൻ കഴിയുന്ന രീതിയിൽ ഒരു പങ്കിട്ട മൈക്രോസോഫ്റ്റ് എക്സൽ ഡോക്യുമെന്റിൽ ഇവരുടെ പേരിന് പകരം വളരെ മോശമായ പദമാണ് ഉപയോഗിച്ചത്. ഉബാഹ് ജമ ഇതിനെപ്പറ്റി തൻെറ മേധാവിയോട് പരാതിപ്പെട്ടെങ്കിലും യാതൊരു വിധ നടപടിയും എടുത്തിട്ടുണ്ടായിരുന്നില്ല എന്ന് ട്രൈബ്യുണൽ കണ്ടെത്തി. ഈസ്റ്റ് ലണ്ടനിലെ ബാർക്കിംഗ് ഹാവറിംഗ് & റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുന്നതിനിടെ രണ്ട് വർഷത്തിനിടെ നിരവധി വംശീയ വിവേചനങ്ങൾക്ക് താൻ ഇരയായെന്ന് സോമാലിയൻ വംശജയായ ഉബാഹ് ജമ പറഞ്ഞു.
ഉബാഹ് ജമ വർണവിവേചനം നേരിട്ടതായി ട്രൈബ്യുണൽ കണ്ടെത്തിയതിന് പിന്നാലെ നഷ്ടപരിഹാരമായി 58,632 പൗണ്ട് ലഭിച്ചു. 2019 ഫെബ്രുവരി മുതൽ ലണ്ടനിലെ റോംഫോർഡിലെ ക്വീൻസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ബയോകെമിസ്ട്രി വിഭാഗത്തിലെ നാല് മുതിർന്ന ബയോകെമിസ്റ്റുകളിൽ ഒരാളാണ് ജാമ. കഴിഞ്ഞ ഫെബ്രുവരിയിൽ സഹപ്രവർത്തകയായ ടാറ്റിയാന സഡോറോസ്‌നി താനും കറുത്തവർഗക്കാരായ രണ്ട് സഹപ്രവർത്തകരും ഇരിക്കുന്ന ബെഞ്ചിലേക്ക് ദ്രാവക സാമ്പിൾ അടങ്ങിയ ഒരു പ്ലാസ്റ്റിക് ട്യൂബ് എറിഞ്ഞതും അവർ ട്രൈബുണലിൻെറ ശ്രദ്ധയിൽ കൊണ്ടുവന്നു.
ജോജി തോമസ്
സ്കോ ട്ട്‌ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിലെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് പ്രഖ്യാപിച്ചു.
ജേക്കബ് മാത്യുവാണ് അവാർഡിന് അർഹനായത്. ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാന്റിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള യുസ്മയയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അവാർഡ് ദാനം നടത്തപ്പെടും.
ബ്രിട്ടനിൽ കുടിയേറിയ മലയാളികളുടെ പുതുതലമുറയിൽ സ്പോർട്സിൽ അഭിമാന നേട്ടങ്ങൾ സ്വായത്തമാക്കിയതാണ് ജേക്കബ് മാത്യുവിനെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കിയത്. 2 മാസങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 6 – ന് യു .എസ്സിലെ ലൂസിയാനയിൽ വച്ച് നടത്തപ്പെട്ട വേൾഡ് പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രിട്ടനു വേണ്ടി സ്വർണ്ണ മെഡൽ നേടിയതാണ് നേട്ടങ്ങളിൽ അവസാനത്തേത് .
ചാർട്ടേഡ് അക്കൗണ്ടന്റായ ജേക്കബ് ന്യൂകാസ്സിലുള്ള അർബൻ ഫോർസൈറ്റിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശികളായ ജോസ് മാത്യുവും ഡോ. സിസിലിയും ആണ് മാതാപിതാക്കൾ . ഷൈനി മാത്യു ആണ് ജേക്കബ് മാത്യുവിന്റെ ഭാര്യ.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
2005 മുതൽ കുർബ്ബാനയും പിന്നീട് വേദപാഠവും തുടർച്ചയായി നടന്നു വന്നിരുന്ന ക്രൂ വിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് പുതിയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.
ക്രൂ സെന്റ് മേരീസ് മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 24 ഞായറാഴ്ച മൂന്നു മണിക്ക് ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ നിർവഹിക്കും . വികാരി റവ ഫാ ജോർജ്ജ് എട്ടുപറയിൽ, കൈക്കാരൻമാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ് സെക്രട്ടറി ശ്രീമതി ബേബി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
യുകെയിലേക്ക് നേഴ്സിങ്, കെയർ മേഖലകളിലും സ്റ്റുഡൻറ് വിസയിലും എത്തുന്നവർ പല ഭാഗത്തുനിന്നും ചൂഷണങ്ങൾക്ക് വിധേയമാകുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ ജീവിതം കരു പിടിപ്പിക്കാൻ അന്യ നാട്ടിലെത്തി ചെകുത്താനും കടലിനും ഇടയിലാകുന്നവർക്ക് സൗജന്യമായി നിയമപദേശം നൽകുന്നതിനായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രിൻസിപ്പൽ സോളിസിറ്ററും മേരി ഡി ലൂയിസ് സോളിസിറ്റേഴ്സിൻെറ സാരഥിയുമായ ബിജു ആന്റണി നരിമറ്റം. തിങ്കൾ മുതൽ വെള്ളിവരെ സ്റ്റുഡൻസിനും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും സൗജന്യ സേവനങ്ങൾ നൽകുമെന്ന് അദ്ദേഹം മലയാളംയുകെ ന്യൂസിനോട് പറഞ്ഞു. നിയമസഹായം ആവശ്യമുള്ളവർ 02084323076 / 0788 929 7166 എന്നീ നമ്പറുകളിലോ [email protected] എന്ന ഈമെയിലിലോ ആണ് ബന്ധപ്പെടേണ്ടത്.
നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന എല്ലാ മലയാളികളുടെയും സ്വപ്നഭൂമിയാണ് യുകെ . 2000 ത്തിന്റെ ആരംഭം മുതൽ യുകെയിലേയ്ക്ക് ഒട്ടേറെ മലയാളികളാണ് ജോലി സംബന്ധമായി കുടിയേറിയത്. ആദ്യകാലങ്ങളിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് യുകെയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ അടുത്ത തലമുറ സമസ്ത മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ്. ജിസിഎസ്ഇ , എ ലെവൽ പരീക്ഷകളുടെ റിസൾട്ട് വരുമ്പോൾ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തദ്ദേശീയരേക്കാൾ മുൻപന്തിയിലാണ് മിക്ക മലയാളി വിദ്യാർത്ഥികളും .
സ്റ്റുഡൻറ് വിസ നിയമത്തിൽ സർക്കാർ ഉദാരമായ സമീപനം കൈക്കൊണ്ടതോടെ കേരളത്തിൽനിന്ന് യുകെയിലേയ്ക്ക് പഠിക്കാനായി എത്തുന്നവരുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി എന്ന് പറയാം. യുകെയിൽ എത്തി ഉന്നത വിദ്യാഭ്യാസം നേടുക എന്നതിനപ്പുറം ജോലി സംബന്ധിച്ച് പെർമനന്റ് വിസ നേടിയെടുത്ത് ജീവിതം സുരക്ഷിതമാക്കുക എന്നതാണ് യുകെയിലെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലക്ഷ്യം വയ്ക്കുന്നത്.
ലണ്ടൻ : ശസ്ത്രക്രിയയ്ക്കിടെ വനിതാ സർജന്മാർ ലൈംഗികാതിക്രമത്തിനിരയായതായി വെളിപ്പെടുത്തൽ. ശസ്ത്രക്രിയക്കിടെ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്നും ആക്രമിക്കപ്പെടുന്നുവെന്നും ചില സന്ദർഭങ്ങളിൽ സഹപ്രവർത്തകരാൽ പോലും അതിക്രമത്തിനിരയാകുന്നുണ്ടെന്നും വനിതാ ശസ്ത്രക്രിയാ വിദഗ്ധർ വെളിപ്പെടുത്തി. എക്സെറ്റർ സർവകലാശാല, സറേ സർവകലാശാല, വർക്കിംഗ് പാർട്ടി ഓൺ സെക്ഷ്വൽ മിസ്കണ്ടക്ട് ഇൻ സർജറി എന്നിവർ എൻ എച്ച് എസ് ജീവനക്കാരുടെ ഇടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മുതിർന്ന പുരുഷ ശസ്ത്രക്രിയാ വിദഗ്ധർ വനിതാ ട്രെയിനികളെ ദുരുപയോഗം ചെയ്യുന്നതായി പഠനത്തിൽ പറയുന്നു. എൻ എച്ച് എസ് ആശുപത്രികളിൽ സംഭവിക്കുന്നതാണ് ഇത്.
ഈ കണ്ടെത്തലുകൾ ശരിക്കും ഞെട്ടിക്കുന്നതാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രതികരിച്ചു. ഗവേഷകരോട് പ്രതികരിച്ച വനിതാ ശസ്ത്രക്രിയാ വിദഗ്ധരിൽ ഏകദേശം മൂന്നിൽ രണ്ട് പേരും തങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മൂന്നിലൊന്ന് പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഹപ്രവർത്തകരാൽ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറഞ്ഞു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തങ്ങളുടെ കരിയറിനെ നശിപ്പിക്കുമെന്നും ഇതിൽ എൻഎച്ച്എസ് നടപടിയെടുക്കുമെന്ന് തങ്ങൾക്ക് വിശ്വാസമില്ലെന്നും സ്ത്രീകൾ പറയുന്നു.
ഓപ്പറേഷൻ തിയേറ്ററിലെ മുതിർന്ന സഹപ്രവർത്തകരിൽ നിന്നുള്ള പഠനത്തെ ആശ്രയിച്ചാണ് ശസ്ത്രക്രിയാ പരിശീലനം മുന്നോട്ട് പോകുന്നത് എന്നതിനാൽ ദുരനുഭവം നേരിട്ട പല സ്ത്രീകളും ഇത് തുറന്നുപറയാൻ മടിക്കുന്നു. ഗവേഷണത്തിൽ പ്രതികരിച്ച 1,434 പേരിൽ 63% സ്ത്രീകളും സഹപ്രവർത്തകരിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞു. 30% സ്ത്രീകൾക്ക് സഹപ്രവർത്തകനിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു. 11 ബലാത്സംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയ മുറിയിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതരായി ജോലി ചെയ്യാൻ കഴിയുന്നില്ല എന്ന ഭീകരമായ അവസ്ഥ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തൽ.
ഡോ. ജോസഫ് സ്‌കറിയ
കഥകളുടെ കൂമ്പാരമാണ് മലയാളിയുടെ ജീവിതചരിത്രം . കഥകളെ അവയുടെ ഭാവനാംശങ്ങളിൽനിന്നു മോചിപ്പിച്ച് യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ, അതിനു വിശ്വാസത്തിൻറെ കുപ്പായമണിയിക്കാൻ നമുക്കുള്ള സാമർത്ഥ്യം അത്ര ചെറുതല്ല. പരസ്പരവിരുദ്ധമായ ഘടകങ്ങളെപ്പോലും ഏകോപിപ്പിച്ചു നിർത്തുന്ന യുക്തിയാണ് എടുത്തു പറയേണ്ട സംഗതി. ചരിത്രപരമായ സാധുത ഇല്ലെങ്കിൽപോലും അവയ്ക്ക് ചരിത്രപരമായ അടിസ്ഥാനം നിർമ്മിച്ചുകൊടുക്കുന്ന ഏർപ്പാട് നമുക്കു പുതിയതല്ല. മഹാബലി – ഓണം എന്നീ സങ്കൽപ്പനങ്ങളെ ഏതോ ഘട്ടത്തിൽ നാം സമന്വയിപ്പിക്കുകയായിരുന്നു. വാമനൻ – മഹാബലി എന്നിവർ പുരാണ പ്രതിപാദിതമായ കഥാപാത്രങ്ങളാണെന്നു വയ്ക്കാം. മഹാവിഷ്ണുവിന്റെ അവതാരമാണു വാമനൻ എന്ന വേദയുക്തിയെ അങ്ങനെയും സ്വീകരിക്കാം. എന്നാൽ ഇവർക്കിടയിൽ ഒരു ചവിട്ടിത്താഴ്ത്തൽ മിത്തിൽ ഓണം എവിടെനിന്നാണു കയറിവരുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണം മലയാളം കലണ്ടറിൽ ചിങ്ങമാണ്. മലയാളം കലണ്ടർ എന്ന സങ്കല്പംതന്നെ മുൻപു കലണ്ടറിന്റെ തുടർച്ചയാണ്. ആര്യാധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ ‘സിംഹ’ ‘ചിങ്ക’ യും അത് ചിങ്ങവുമായി മാറി. കേരളത്തിൽ ചിങ്ങം ഒന്നാമത്തെ മാസമാണ് . വടക്കൻകേരളത്തിൽ കന്നിയിലായിരുന്നു കൊല്ലവർഷം ആരംഭിച്ചിരുന്നത് എന്നതിനും തെളിവുകളുണ്ട്. ചിങ്ങം എന്ന നക്ഷത്രരാശിയിൽ ഇരുപത്തിരണ്ടാമത്തെ നക്ഷത്രമാണ് തിരുവോണം. സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ സ്ഥാപിതമായ സങ്കര ഭാവനയാണ് മഹാബലിക്കും ഓണത്തിനുമുള്ളിൽ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഓണത്തെ വാമനവത്കരണത്തിനാണോ മഹാബലിവത്കരണത്തിനാണോ ശ്രമിക്കുന്നത്!. സാമാന്യജനത്തിന്റെ വിശ്വാസത്തിൽ രണ്ടും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സാമാന്യജനമാണ് മിത്തുകളുടെ വാഹകർ, അവർതന്നെയാണ് ‘പലമ’കളെ കൂട്ടിക്കലർത്തുന്നതും. ഓണസദ്യയിൽ ചിക്കൻ ഫ്രൈ വേണോ ബീഫ് കറി വേണോ എന്നതും സെറ്റുമുണ്ട് വേണോ ചുരിദാർ വേണോ എന്നതും തൃക്കാക്കര ക്ഷേത്രത്തിൽ പോകണോ ചക്കുളത്തുകാവിൽ പോകണോ എന്നതുമെല്ലാം സമൂഹത്തിൻറെ പൊതുവായ ചിന്തയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധ്യതകളാണ്. തിരുവോണത്തെയും തിരുവാതിരയെയും പൂക്കളത്തെയും പുലികളിയെയും കൂട്ടിച്ചേർക്കും.
സവർണ്ണരൂപങ്ങൾ ഒന്നൊഴിയാതെ ഓണാഘോഷങ്ങളിൽ, ഓണസദ്യയിൽ, ഓണ വേഷങ്ങളിൽ, ഓണവിചാരങ്ങളിലാകെ നിലനിർത്തപ്പെടുന്നു. കീഴാള അവബോധത്തെ സവർണ്ണവത്ക്കരിക്കാനുള്ള സാംസ്കാരികോപാധിയാവുകയാണ് ഓണം. അതിനു സ്വമേധയാ വഴങ്ങി കൊടുക്കുന്ന ഭാഷ കൂടിയാണ് മലയാളം. വാക്കിന്റെ വിവക്ഷകളെ തിരിച്ചറിയാതെ സംവേദനത്തിലേർപ്പെടുന്ന മലയാളി കുഴിയിൽ വീണില്ലെങ്കിലേ അതിശയമുള്ളു. ഓണം മലയാളിയെ ഒന്നിപ്പിക്കുന്നു എന്നു പറയുമ്പോഴേക്കും നമ്മെ ഭിന്നിപ്പിച്ച ഭൂതകാലവും പുരാണകഥാസന്ദർഭവും ഓർമ്മയിൽ തെളിഞ്ഞു വരും. കടന്നുകയറ്റവും കയ്യേറ്റവും ചതിയും സങ്കൽപ്പന മണ്ഡലങ്ങളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്
” കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ”
എന്നു നുണ പാടുന്നത്. വാക്കുണ്ടായാൽ വാക്കിനു മുമ്പ അതിനെ കുറിക്കുന്ന സന്ദർഭമുണ്ടാകും. കള്ളം, ചതി എന്നീ അവസ്ഥകളില്ലാതെ വാക്കുകളുണ്ടാകുമോ?
സഹോദരൻ അയ്യപ്പനു മുമ്പേ ഉണ്ടായിരുന്നു ഈ പാട്ട്. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളിലുണ്ടിത്.
“മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ” എന്നതും കൗതുകം പകരുന്ന പ്രയോഗമാണ്. കേരളത്തിലെ പൂർവ്വകാലജനതയ്ക്കുമേൽ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നമ്പൂതിരിമാർ ഇറക്കിവെച്ച ഭാവനാചരിത്രത്തിൻറെ കാവ്യാവിഷ്കാരമാണിത്. സ്വാതന്ത്ര്യാകാംക്ഷയുള്ളവർ അത് ഏറ്റുപാടി. പാടിപ്പാടി അത് നമ്മുടെ അബോധത്തിൽ ഇടം കൊണ്ടു. ഇപ്പോൾ നമുക്കതു പാടാതിരിക്കാനാവുന്നില്ല. സാമൂഹികതുല്യതയെകുറിച്ച് ഗീർവാണമുയർത്തുന്ന സോഷ്യലിസ്റ്റ് ഭരണകർത്താക്കൾപോലും അർത്ഥശങ്കയില്ലാതെ ഇത് പാടിക്കൊണ്ടിരിക്കുന്നു. ആത്മീയമായി വാമനനെയും ഭൗതികമായി മഹാബലിയെയും വാഴ്ത്തി സ്തുതിക്കുന്ന ആഘോഷ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിഴിയുടെ പുതിയ രൂപമാണ് ഓണക്കിറ്റ് . ജന്മിത്തത്തിന്റെ മാതൃകകളെ ജനാധിപത്യത്തിൽ പറിച്ചു നടുന്ന പുതുകാല യുക്തിയാണിത്. ഓണത്തെ ഗവൺമെൻറ് സ്പോൺസേർഡ് വ്യാപാരോത്സവമാക്കുന്ന പുതുപ്രവണത അത്ര നിഷ്കളങ്കമായ നീക്കമല്ല. ഇടത്തരം കച്ചവടക്കാരെ പട്ടിണിക്കിടുകയും പുതുക്കുടിയാന്മാരെ നിർമ്മിച്ചെടുത്ത് അവരെ രാഷ്ട്രീയമായി നിശബ്ദരാക്കുകയും ചെയ്യുന്ന ലീലയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അടങ്ങുന്ന ഒരു സഞ്ചി വാങ്ങിക്കൊണ്ടു പോകുന്നവൻ മഹാബലി പെട്ടതുപോലെ ചതിയിൽ പെടുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നത് മാനം വിറ്റും ഓണമുണ്ണണം എന്ന നിലയിലേക്ക് മാറിവരുന്നു. പ്രജകളെ / വോട്ടർമാരെ / പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരാക്കി മാറ്റാനാവാത്തതുകൊണ്ടാണ് അവർക്ക് ഭിക്ഷ / സൗജന്യകിറ്റ് നൽകേണ്ടിവരുന്നത്. പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷിക്കേണ്ടുന്ന ഒന്നിനെ സ്ഥിരമാക്കുന്നതിനു പിന്നിൽ ക്ഷേമസങ്കല്പമല്ല എന്ന് തിരിച്ചറിയാൻ മാനിഫെസ്റ്റോ വായിക്കേണ്ടതില്ല.
അങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പിന്റെ നയരേഖ കൂടിയാണ് ഓണം. വിഷ്ണുമൂർത്തിയുടെ അവതാരമായ വാമനനെ ഒരു ദിവസത്തേക്ക് മറച്ചുപിടിച്ച് മഹാബലി എന്ന അസുര ചക്രവർത്തിയെ തോളിലേറ്റുന്ന തിരുവോണനാള്‍ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യദിനവുമാണ്. സത്യത്തിൽ, നമ്പൂതിരിമാരുടെ കേരളാഗമനത്തിനുശേഷമേ മഹാബലിയും കേരളത്തിലെത്തുന്നുള്ളു. മഹാബലിയും ആര്യൻ പാഠത്തിലെ കഥാപാത്രമാണല്ലോ. നർമ്മദയുടെ തീരത്താണ് ജലദാനവും ചവിട്ടിത്താഴ്ത്തലും നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. അപ്പോൾ ഓണവും കേരളത്തിലേക്ക് കുടിയേറി വന്ന ആഘോഷമാകുന്നു . ‘കുടിയേറ്റം ‘ എന്നാൽ പലതും തലയിൽ കയറ്റികൊണ്ടുള്ള യാത്രയാണ് .
ഓണത്തെ മലയാളി പോയിടത്തേക്കൊക്കെ കൊണ്ടുപോയി. പല കാലങ്ങൾകൊണ്ട് ലോകത്തിന്റെ പല കോണുകളിൽനിന്നായി മലയാളി വാരിക്കൂട്ടിയ സംസ്കാരം ഇരുപതാം നൂറ്റാണ്ടു മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സമകാലരൂപമാണ് ലോകമെമ്പാടും ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം.
ഡോ. ജോസഫ് സ്‌കറിയ : ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്. 1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.
1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.
പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.
സരിത ശ്രീജേഷ്
ഓണമാകാൻ കാത്തിരുന്നത് സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യത്തെ അവധിക്ക് വേണ്ടിയാണ് … ഓണപരീക്ഷ കഴിഞ്ഞുള്ള പത്തു ദിവസങ്ങൾ . അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് പറയുന്നത് കൊണ്ട് അത്ത ദിവസം മഴയാണോ എന്നുള്ളതായിരുന്നു അന്നത്തെ വലിയ ടെൻഷൻ . ചാണകം മെഴുകി പൂക്കളമിടുമ്പോൾ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ കഴിയാത്തത് അന്നത്തെ കുട്ടികളുടെ ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല . പാടത്തും പറമ്പിലും ഓടി നടന്ന് കാക്കപ്പൂവും തുമ്പപ്പൂവുമൊക്കെ പറിച്ചെടുത്തു ചെറിയൊരു പൂക്കളം പത്തു ദിവസവും ഏതൊരു വീടിന്റെ മുൻപിലും കാണാമായിരുന്നു . സ്കൂളിൽ പോകുമ്പോൾ പൂക്കളം എണ്ണുന്നതായിരുന്നു ഒരു വിനോദം . തിരുവോണമെത്തുമ്പോഴേക്കും പുത്തനുടുപ്പു കിട്ടുമോ എന്നതായിരുന്നു സമ്പന്നരല്ലാത്ത വീടുകളിലെ കുട്ടികളുടെ ചിന്ത. ഓണാവധി പ്രമാണിച്ചു തറവാടുകളിലേക്ക് മടങ്ങി എത്തുന്ന എല്ലാ കുട്ടികളും ഓണക്കാലത്തെ ഒരാഘോഷമാക്കി മാറ്റിയിരുന്നു . മൊബൈൽ ഫോണുകളും ഇന്റെർനെറ്റും ഇല്ലാതിരുന്ന ടെലിവിഷൻ സമ്പന്നരുടെ വീടുകളിൽ മാത്രമുണ്ടായിരുന്ന നാട്ടിൻപുറങ്ങളിൽ കുട്ടികൾക്ക് കളിക്കാൻ പാടങ്ങളും കുളിക്കാൻ പുഴകളും തോടുകളും ഊഞ്ഞാലിട്ട് ആയത്തിലാടാൻ മാഞ്ചോടുകളും അങ്ങനെ ഓണത്തിനെ വർണാഭമാക്കുന്ന നൂറു കാഴ്ച്ചകൾ . ഉത്രാടപ്പാച്ചിൽ ഒന്നും അന്നില്ലായിരുന്നു. ഒരു വിധം പച്ചക്കറികളൊക്കെ പറമ്പിൽ നിന്നും തന്നെ. ആവശ്യം വരുന്ന സാധനങ്ങൾ തൊട്ടടുത്തുള്ള പീടികയിൽ നിന്നുംവാങ്ങും .തിരുവോണത്തിന് അന്ന് അസുലഭമായി മാത്രം ലഭിക്കുന്ന സദ്യ നോൺ വെജ് വേണമെന്ന് പറഞ്ഞു കരയാത്ത കുട്ടികളും മുതിർന്നവരും … കാരണം ഒന്നിലധികം കറികൾ കഴിക്കാൻ കിട്ടുന്ന ദിവസങ്ങൾ അന്ന് കുറവായിരുന്നു . ഓണ സദ്യ കഴിഞ്ഞു ചുറ്റുവട്ടത്തുള്ള കുട്ടികളും മുതിർന്നവരും ചേർന്നുള്ള ഓണക്കളികളും പാട്ടുകളും. സന്ധ്യ മയങ്ങുമ്പോൾ എല്ലാവരും സ്വന്തം വീടുകളിലേക്ക് മടങ്ങുമ്പോൾ കുട്ടികളായിരുന്ന ഞങ്ങളുടെ മനസ്സിൽ എന്തോ ഒരു സങ്കടമനുഭവപ്പെട്ടിരുന്നു . ഒരു ശൂന്യത.തിരുവോണപ്പിറ്റേന്ന് അവിട്ടത്തിന് കുട്ടികളെല്ലാം വീണ്ടും ഒരുമിക്കും .. നന്മയുടെ നിറമണിഞ്ഞ ഗ്രാമങ്ങളിൽ സന്തോഷത്തിന്റെ മാറ്റൊലി ഉയർത്തിക്കൊണ്ട് ഓണാഘോഷങ്ങൾ തുടരും . അന്നത്തെ ഏറ്റവും വലിയ ആഘോഷം ഗ്രാമത്തിലെ വായനശാലയുടെ നേതൃത്വത്തിലുള്ള ഓണ മത്സരങ്ങളാണ് .കസേരകളിയും ചാക്കിലോട്ടവുമൊക്കെ യുവത്വം ആഘോഷമാക്കിയിരുന്നു .
ഓണത്തിന്റെ ആരവങ്ങൾ കെട്ടടങ്ങുമ്പോൾ വിരുന്നു വന്നവരൊക്കെ തിരികെ പോകുമ്പോൾ ഗ്രാമവും ഓരോ വീടുകളും വീണ്ടും നിശബ്ദമാകും ..അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ കിട്ടാൻ പോകുന്ന പരീക്ഷയുടെ റിസൾട്ടിനേക്കാൾ ഓണവിശേഷങ്ങൾ കൂട്ടുകാരുമായി പങ്കുവയ്ക്കാനായി ഓരോ കുട്ടികളും കാത്തിരിക്കും. പിന്നെ ഒരു കാത്തിരിപ്പാണ് .. അടുത്ത ഓണക്കാലം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്..
സരിത ശ്രീജേഷ്
യുകെയിൽ യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്നു. ബ്രാഡ്ഫോർഡ് NHS ടീച്ചിംഗ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. ഭർത്താവ് ശ്രീജേഷ് സലിംകുമാർ. സഞ്ചയ്, സായന്ത് എന്നിവർ മക്കളാണ്. സ്വദേശം എറണാകുളം ജില്ലയിലെ കാലടിയിലാണ്.