ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ വിന്റർ ഫ്യുവൽ പേയ്‌മെന്റിന് അർഹതയുള്ള സംസ്ഥാന പെൻഷൻകാർക്ക് സന്തോഷ വാർത്ത. 600 പൗണ്ട് വരെ വരുന്ന പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിൽ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിൽ നിന്ന് (DWP) ഇന്നുമുതൽ ലഭിക്കാൻ തുടങ്ങും. സാധാരണ ശൈത്യകാല ഇന്ധന പേയ്‌മെന്റിന് 300 പൗണ്ടാണ് എന്നാൽ വർന്ധിച്ച് വരുന്ന ബില്ലുകളുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റ് ഈ വർഷം 300 പൗണ്ടും കൂടി അധികമായി നൽകുന്നുണ്ട്. വിന്റർ ഫ്യുവൽ പേയ്‌മെന്റിന് യോഗ്യരായവർക്ക് പെൻഷൻകാരുടെ ജീവിത ചിലവ് പേയ്‌മെന്റും ലഭിക്കും. അതിനാൽ ഈ ശൈത്യകാലത്ത് ചില കുടുംബങ്ങൾക്ക് £600 വരെ ലഭിക്കും.

പേയ്‌മെന്റുകൾ നവംബർ 1 മുതൽ ആരംഭിച്ചു. Gov.uk എന്ന വെബ്‌സൈറ്റിൽ, ഇതിന് അർഹതയുള്ളവർക്ക് ഒക്ടോബറിലോ നവംബറിലോ ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്ന് DWP അറിയിച്ചു. നവംബറിലോ ഡിസംബറിലോ ആണ് മിക്ക ആളുകൾക്കും പണം ലഭിക്കുക. വിദേശത്ത് താമസിക്കുന്ന 36,000 പ്രവാസികൾ ഉൾപ്പെടെ 11.4 ദശലക്ഷത്തിലധികം പേയ്‌മെന്റുകൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. സെപ്റ്റംബർ 25 , 1957 -ന് മുൻപ് ജനിച്ചവർക്കാണ് വിന്റർ ഫ്യുവൽ പേയ്‌മെന്റ് ലഭിക്കുക.

പെൻഷൻ ലഭിക്കുന്നതിനായി 2023 സെപ്റ്റംബർ 18 നും സെപ്റ്റംബർ 24 നും ഇടയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും നിങ്ങൾ യുകെയിൽ താമസിച്ചിരിക്കണം. യുകെയിൽ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്കും, യുകെയിൽ കുടുംബം ഉള്ളവർക്കും ആണ് പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാകുക. ഇവ ക്ലെയിം ചെയ്യണമെങ്കിൽ ഇവ തപാൽ വഴിയോ ടെലിഫോൺ വഴിയോ ചെയ്യാം. 2023/24 ശൈത്യകാല പെൻഷൻ ക്ലെയിം ചെയ്യാനുള്ള സമയപരിധി 2024 മാർച്ച് 31 വരെ ആണ്.