Uncategorized

ജിസ് ജോൺ

പച്ചപ്പും നാട്ടിന്‍പുറത്തിന്റെ എല്ലാ വശ്യചാരുതയും നിറഞ്ഞു നില്‍ക്കുന്ന തോപ്രാംകുടിക്ക് സിനിമയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. 80ശതമാനം കര്‍ഷകര്‍ താമസിക്കുന്ന തോപ്രാംകുടി ഒരുകാലത്ത് കുരുമുളകിന്റെ കേന്ദ്രമായിരുന്നു. വീണ്ടും വാര്‍ത്താ പ്രധാന്യമേറിയത് നേന്ത്രപ്പഴം കയറ്റിയയക്കുന്നതിനാലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് സിനിമാക്കാര്‍ക്കും പ്രിയമുള്ള സ്ഥലമായി തോപ്രാംകുടി മാറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ നാട്ടിന്‍പുറം ഷൂട്ട് ചെയ്തത് തോപ്രാംകുടിയിലായിരുന്നു. എന്നാല്‍ സിനിമയില്‍ തോപ്രാംകുടിയെ എല്ലാവരും അറിഞ്ഞത് മമ്മൂട്ടിയുടെ ലൗഡ് സ്പീക്കറിലൂടെയായിരുന്നു. വളരെയധികം അവാര്‍ഡുകള്‍ നേടിയ മഹേഷിന്റെ പ്രതികാരം തോപ്രാംകുടിയിലും പരിസര പ്രദേശത്തുമാണ് ഷൂട്ട് ചെയ്തത്. ഇതില്‍ തോപ്രാംകുടി സെന്റ് മരിയ ഗോരെത്തിസ്‌കൂള്‍ ഒരു പാട്ടില്‍ കാണുമ്പോള്‍ അവിടെ പഠിച്ച എല്ലാവരുടെയും മനസില്‍ പഴയകാല ഓര്‍മ്മകള്‍ വരുന്നു. വീണ്ടും ഒട്ടേറെ സിനിമകള്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയും തോപ്രാംകുടി പേര് എടുത്തു കാണിക്കുന്നു.

തോപ്രാംകുടി എന്ന പേര് ഒരു ഭാഗ്യമായി സിനിമാക്കാര്‍ കരുതുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഒരു തിരക്കഥാകൃത്തും തോപ്രാംകുടിയില്‍ നിന്ന് സാജു തോമസ്. മോഹന്‍ലാലിന്റെ ചിത്രമായ നീരാളിയുടെ തിരക്കഥാകൃത്താണ് സാജു തോമസ്. ജേർണലിസത്തില്‍ തന്റെ കഴിവ് തെളിയിച്ച സാജു തോമസ് ആദ്യമായ തിരക്കഥയെഴുതുന്നത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്.

സൗമ്യനായ ഏഴടിയിലേറെ പൊക്കക്കാരനായ സാജു തോമസ് സിനിമമാത്രം കണ്ട് മാധ്യമപ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ ആ ആഗ്രഹം സഫലമായി. ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നു. വളരെധികം തിരക്കഥകള്‍ ചെയ്തതിന് ശേഷമാണ് വിജയത്തിലെത്തുന്നത്.

നീരാളി ഒരു അതിജീവനത്തിന്റെ കഥയാണ്. നമ്മളെല്ലാം ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തയില്‍ കണ്ടുകൊണ്ടിരിക്കുന്ന തായ്‌ലാന്റിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവവും അവരെ രക്ഷിക്കുന്ന ആ സമയത്ത് തന്നെ നീരാളിയും റിലീസാകുന്നതും അതിശയം തോന്നിപ്പിക്കുന്നതാണ്. മലയാളികള്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത അജോയ് വര്‍മ്മയും സാജു തോമസും ഇത്രയും വലിയ ഒരു പ്രോജെക്ടിന് പിന്നിലെന്നതും അതിശയം തോന്നിപ്പിക്കുന്ന കാര്യം തന്നെ. നീരാളിയുടെ 90 ശതമാനം ഷൂട്ടിംഗും നടന്നത് മുംബൈയിലാണ്. അതുപൊലെ തന്നെ ഈ ചിത്രത്തിന്റെ നാദിയ മോഹന്‍ലാല്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജേർണലിസത്തിലൂടെ ഒട്ടേറെപ്പേര്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കെല്ലാം സാജു തോമസ് ഒരു പ്രചോദനമാകട്ടെ.

മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.

വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.

ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…

അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…

ചിത്രങ്ങള്‍ ഷിബു മാത്യൂ

എ. പി. രാധാകൃഷ്ണന്‍

ക്രോയ്‌ടോന്‍: പുതുമയും പാരമ്പര്യവും ഒത്തിണക്കി ക്രോയ്‌ടോന്‍ ഹിന്ദു സമാജം അണിയിച്ചൊരുക്കിയ ഈ മാസത്തെ സത്സംഗം ഗുരുപൂര്ണിമയുടെ പൂര്‍ണതയില്‍ ഇന്നലെ വൈകീട്ട് നടന്നു. ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളില്‍ വെച്ച് നടന്ന സത്സംഗത്തില്‍ ഭാരതീയ സംസ്‌കാരത്തിന്റെ നന്മകള്‍ ചേര്‍ത്ത് പിടിച്ചു ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങള്‍ പങ്കെടുത്തു. സത്സംഗത്തിന്റെ ഭാഗമായി ഭജന, ഗുരുപൂര്‍ണിമ സന്ദേശം, ഗുരുവന്ദനം തുടങ്ങി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഭക്തി സാന്ദ്രമായ ഭജനയ്ക്ക് ശേഷം യു കെ യിലെ ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയായ നാഷണല്‍ കൌണ്‍സില്‍ കഴിഞ്ഞ മാസം നടത്തിയ സംസ്‌കൃതി 2018 എന്ന പരിപാടിയില്‍ പങ്കെടുത്ത് കുട്ടികളുടെ ഭക്തിഗാന മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഗൗരി എന്ന കൊച്ചു മിടുക്കി അവാര്‍ഡിനര്‍ഹമായ ‘അമ്പാടി തന്നിലൊരുണ്ണി’ എന്ന അതിമനോഹരമായ ഗാനം സദസിനു വേണ്ടി ആലപിച്ചു.

പിന്നീട് അധ്യാപികകൂടിയായ ശ്രീമതി കെ. ജയലക്ഷ്മി ഗുരുവിന്റെയും ഗുരുപൂര്‍ണിമയുടെയും പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. അതിനു ശേഷം കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി യു കെ യിലെ നാടകവേദിയെ സമ്പന്നമാക്കികൊണ്ടിരിക്കുന്ന മഹനീയ വ്യക്തിത്വം ശ്രീ വിജയകുമാറിനെ ക്രോയ്‌ടോന്‍ ഹിന്ദു സമാജം ആദരിച്ചു. എണ്ണിയാല്‍ ഒടുങ്ങാത്ത സംഭാവനകള്‍ നല്‍കി യു കെ യിലെ കല സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീ വിജയകുമാര്‍ പിന്നിട്ട പടവുകള്‍ ഓരോന്നും വിവരിച്ചുകൊണ്ട് അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തിയത് ശ്രീ കെ നാരായണന്‍ ആയിരുന്നു. കേരള ചരിത്രം ആവിഷ്‌കരിച്ച തുടക്കത്തിലേ നാടകം മുതല്‍ ഏറ്റവും ഒടുവില്‍ ചെയ്ത് ഭദ്രാപീഠം അടക്കം അനവധി നിരവധി മുഹൂര്‍ത്തങ്ങള്‍ സദസിനു പരിചയപെടുത്തുന്നതായിരുന്നു ശ്രീ നാരായണന്റെ അവതരണം. നടനായും, നിര്‍മ്മാതാവായും, സംവിധായകനായും, രചയിതാവായും എല്ലാ നിറഞ്ഞു നില്‍ക്കുന്ന ശ്രീ വിജയകുമാറിന്റെ വിശേഷങ്ങള്‍ വാക്കുക്കള്‍ക്കും അപ്പുറം ആന്നെന്നു ശ്രീ നാരായണന്‍ അഭിപ്രായപ്പെട്ടു.

ക്രോയ്‌ടോന്‍ ഹിന്ദു സമാജം പ്രസിഡണ്ട് ശ്രീ കുമാര്‍ സുരേന്ദ്രന്‍ പൊന്നാട അണിയിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉള്ളവരെയും വിശിഷ്യാ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇനിയും ഒരുപാട് നാടകങ്ങള്‍ ചെയ്യാന്‍ താല്പര്യത്തെ ഉണ്ടെന്നു മറുപടി പ്രസംഗത്തില്‍ ശ്രീ വിജയകുമാര്‍ പറഞ്ഞു. ഗുരുപൂരിമയുടെ പുണ്യത്തില്‍ ഇത്തരത്തില്‍ ഒരു ആദരം നല്‍കിയ ക്രോയ്‌ടോന്‍ ഹിന്ദു സമാജം പ്രവര്‍ത്തകരോടുള്ള നന്ദിയും അദ്ദേഹം പ്രകാശിപ്പിച്ചു. എല്ലാവരെയും ഉള്‍കൊണ്ടുകൊണ്ടുള്ള പരിപാടികള്‍ ആയിരിക്കും ക്രോയ്‌ടോന്‍ ഹിന്ദു സമാജം ഇനിയുള്ള മാസങ്ങളില്‍ നടത്തുക എന്ന് പ്രസിഡണ്ട് ശ്രീ കുമാര്‍ സുരേന്ദ്രന്‍ നന്ദി പ്രസംഗത്തില്‍ പ്രസ്താവിച്ചു. മംഗളആരതിക്കു ശേഷം വിപുലമായ അന്നദാനം ഉണ്ടായിരുന്നു. ഇനിയുള്ള എല്ലാ മാസങ്ങളിലും എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും ലണ്ടന്‍ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളില്‍ ക്രോയ്‌ടോന്‍ ഹിന്ദു സമാജം സത്സംഗം ഉണ്ടായിരിക്കും എന്ന് സെക്രട്ടറി ശ്രീ പ്രേംകുമാര്‍ അറിയിച്ചു.

ക്രോയ്‌ടോന്‍ ഹിന്ദു സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Kumar Surendran 07979352084, Ajisen 07889972689, Harsha Kumar 0749737163, Prem Kumar 07551995663 & Sreejith 07427417551

യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം.

തങ്ങളുടെ റിസര്‍വോയറുകളിലെ ജലനിരപ്പ് പതിവിലും താഴെയാണെന്ന് കമ്പനിയുടെ വക്താവ് ഹെലന്‍ ആപ്‌സ് പറഞ്ഞു. ഈ സമയങ്ങളില്‍ കാണപ്പെടുന്ന നിരപ്പിനേക്കാള്‍ കുറവാണ് ഇപ്പോള്‍ കാണുന്നത്. ചൂട് കാലാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. ആവശ്യം വര്‍ദ്ധിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ശരിയായ വിധത്തില്‍ സപ്ലൈ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിക്കയാളുകളും അതിനനുസരിച്ച് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എങ്കിലും ഉപയോഗം ഉയര്‍ന്ന നിരക്കിലാണ് നീങ്ങുന്നത്. അതിനാല്‍ ജനങ്ങള്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന നിര്‍ദേശം തുടര്‍ന്നും നല്‍കി വരികയാണെന്ന് അവര്‍ പറഞ്ഞു. മഴവെള്ള സംഭരണികളില്‍ നിന്നുള്ള വെള്ളവും ബാത്ത്ടടബ്ബുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്ന വെള്ളവും മറ്റും ഉപയോഗിച്ചു കൊണ്ട് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് വാട്ടര്‍ സര്‍വീസ് റെഗുലേഷന്‍ അതോറിറ്റി മേധാവി റേച്ചല്‍ ഫ്‌ളെച്ചറും ആവശ്യപ്പെട്ടു. ഗാര്‍ഡനിംഗിനും കാര്‍ കഴുകാനും മറ്റും ടാപ്പ് വാട്ടര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

മോസ്‌കോ: ഒരൊറ്റ തോല്‍വി മാത്രം വഴങ്ങി ചരിത്ര നേട്ടവുമായി ബെല്‍ജിയം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും കയ്യിലുണ്ടാവും.

ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം മറികടന്നത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും വലിയ നേട്ടമാണിത്. 1986ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.

നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്.  എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.

നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്.

ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യമെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ഗോളെന്നുറച്ചൊരു അവസരം ബെല്‍ജിയം ഡിഫന്‍ഡര്‍ ആല്‍ഡര്‍വയ്‌റല്‍ഡ് ഗോള്‍ ലൈനില്‍ വെച്ച് തട്ടിയകറ്റി. എറിക് ഡീറെടുത്ത കിക്കായിരുന്നു ഗോള്‍കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് ചെന്നത്. എന്നാല്‍ പോസ്റ്റിന്റെ കവാടത്തില്‍ വെച്ചായിരുന്നു കുതിച്ചെത്തിയ ആല്‍ഡര്‍വെയ്‌റല്‍ഡ് തട്ടിമാറ്റിയത്.

ലുക്കാക്കുവിന് ലഭിച്ച തുറന്ന അവസരങ്ങള്‍ മുതലാക്കുകയായിരുന്നെങ്കില്‍ സ്‌കോര്‍ രണ്ടിലൊതുങ്ങുമായിരുന്നില്ല. മൂന്നോളം തുറന്ന അവസരങ്ങളാണ് ലുക്കാക്കുന്റെ കാലില്‍ നിന്ന് അകന്നത്. റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്.

ജയന്‍ എടപ്പാള്‍

സമീക്ഷ പുരോഗമന സാംസ്‌കാരിക വേദിയുടെ 2018ലെ സാംസ്‌കാരിക സമ്മേളനവും വാര്‍ഷിക പൊതുയോഗവും പൂളില്‍ സമാപിച്ചു. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് രാജേഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജയപ്രകാശ് മറയൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സ്വപ്‌ന പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി. സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് ദേശീയ സെക്രട്ടറി ഹര്‍സേവ് ബൈന്‍സ്, ബോണ്‍മൗത്ത് മലയാളി കമ്യൂണിറ്റി മുന്‍ പ്രസിഡന്റും സാംസ്‌കാരിക പ്രവര്‍ത്തകനും ഇടതുപക്ഷ ചിന്തകനുമായ നോബിള്‍ തെക്കേമുറി എന്നിവര്‍ സംസാരിച്ചു.

സമീക്ഷ നടത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു സംസാരിച്ച ശ്രീരാമകൃഷ്ണന്‍ വരും കാലങ്ങളില്‍ സമീക്ഷയുടെ നേതൃത്വത്തില്‍ നടത്തേണ്ട യൂറോപ്പിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ചും സദസിനെ ബോധ്യപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനപ്രിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ലോകകേരള സഭയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ച സ്പീക്കര്‍ വിദേശ മലയാളികളുടെ കേരളത്തിന്റെ വികസനത്തിനുള്ള പങ്കും ഭാവിയില്‍ വിദേശ മലയാളികള്‍ക്ക് ഇടപെടാന്‍ കഴിയുന്ന മേഖലകളും വിശദീകരിച്ചു.

മറ്റു സാംസ്‌കാരിക സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സമീക്ഷ യുകെയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ച ഹര്‍സേവ് ബൈന്‍സ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പു പറയണം എന്ന പരാതിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പു രേഖപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ലണ്ടന്‍, ന്യൂഹാം കൗണ്‍സില്‍ മെംബറും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ആയ സുഗതന്‍ തെക്കേപ്പുരക്കല്‍, ലോക കേരള സഭ അംഗങ്ങളായ മിറാന്‍ഡ, രാജേഷ് കൃഷ്ണ, മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും ആഷിക് നേതൃത്വം കൊടുത്ത ക്വിസ് മത്സരവും സദസിനെ ആവേശഭരിതമാക്കി. പൂളിലെ ഗായകര്‍ ആലപിച്ച മനോഹര ഗാനങ്ങളും ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയുടെ ദൃശ്യാവിഷ്‌കാരവും സാംസ്‌കാരിക സമ്മേളനത്തിന് മാറ്റുകൂട്ടി

സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഇടതുപക്ഷ ചിന്തകരുടെ സന്ദേശങ്ങള്‍ സ്വപ്‌ന പ്രവീണ്‍ വായിച്ചു. കലാമത്സര വിജയികള്‍ക്ക് ശ്രീരാമകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ യുകെയിലെ പതിനഞ്ചോളം ചാപ്റ്ററുകളിസലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത സമ്മേളനം നിലവിലുള്ള കമ്മിറ്റിയിലെ ഒഴിവുകളില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും യൂറോപ്പിന് മൊത്തമായി രൂപീകൃതമാകാന്‍ പോകുന്ന സാംസ്‌കാരിക സംഘടനയുടെ തുടക്കം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 21 അംഗ കേന്ദ്രസമിതിയെയും 9 അംഗ സെക്രട്ടറിയേറ്റിനെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തകര്‍ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

സംഘടനാ മികവും നേതൃത്വപാടവവും വിളിച്ചോതുന്ന പ്രവര്‍ത്തനങ്ങളാണ് പോളി മാഞ്ഞൂരാന്‍, നോബിള്‍ തെക്കേമുറി, ബേബി പ്രസാദ്, റെജി കുഞ്ഞാപ്പി, ഭാസ്‌കര്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നത്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് ആരംഭിച്ച പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയന്‍ എടപ്പാള്‍, സ്വപ്ന പ്രവീണ്‍ എന്നിവരും രംഗ സജ്ജീകരണങ്ങള്‍ക്കും സമ്മേളന ഹാള്‍ ഒരുക്കലിനും ഷാജിമോന്‍, വെള്ളാപ്പള്ളി ദിനേശ് എന്നിവരും നേതൃത്വം നല്‍കി. ഏറെ വൈകി സമാപിച്ച പ്രതിനിധി സമ്മേളനത്തിനു ശേഷം ഭക്ഷണവും ദൂരെ നിന്നെത്തിയവര്‍ക്ക് താമസ സൗകര്യവും പൂളിലെ സമീക്ഷ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

സ. ജിജു നായര്‍ എടുത്ത സമീക്ഷ സമ്മേളനത്തിന്‍റെ കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍ ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സി. ഗ്രേസ്‌മേരി, എസ്.ഡി.എസ്.

ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൊച്ചു മിടുക്കന്മാരും മിടുക്കികളും BARTON CAMPല്‍ ജൂലൈ 20 മുതല്‍ 22 വരെ തീയതികളില്‍ ഒത്തുചേര്‍ന്നു. കരുത്തുറ്റ ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റിജീയണുകളില്‍ എല്ലാ സെന്ററുകളില്‍ നിന്നുള്ള 9ാം ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന കുട്ടികളെയും യുവതീ യുവാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി സീറോ മലബാര്‍ സഭാ യൂത്ത് മൂവ്‌മെന്റ് (SMYM) ബ്രിസ്‌റ്റോള്‍ ആണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഊര്‍ജസ്വലരായ നമ്മുടെ പുതിയ തലമുറയ്ക്ക് തങ്ങളുടെ സര്‍ഗവാനസനകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇത്തരം വേദികള്‍ തികച്ചും പ്രയോജനപ്രദമായിരിക്കും. ഓരോ വ്യക്തിയുടെയും മാനസികവും സാമൂഹികവും ആത്മീയവുമായി ഉന്നമനത്തെ ലക്ഷ്യംവെച്ചു കൊണ്ടുള്ള തികച്ചും ആസ്വാദ്യകരമായ രീതിയില്‍ തന്നെയാണ് കര്‍മ്മ പരിപാടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

21ാം തിയതി ശനിയാഴ്ച്ച RISE Theators എന്ന പേരില്‍ അറിയപ്പെടുന്ന ടീമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂട്ടത്തില്‍ ആശ്യ സമ്പുഷ്ടമായ കളികള്‍, ചര്‍ച്ചകള്‍, ക്ലാസുകള്‍ ഇങ്ങനെ എല്ലാവരുടെയും പങ്കാളിത്വം ഉറപ്പുവരുത്തുന്ന തരത്തിലുള്ള ഒരു ക്യാമ്പാണ് സീറോ മലബാര്‍ സഭ യൂത്ത് മൂവ്‌മെന്റ് ബ്രിസ്‌റ്റോള്‍ ഒരുക്കുന്നത്. നമ്മുടെ വളരുന്ന തലമുറയ്ക്ക് വേണ്ടിയുള്ള ഈ അവസരം ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും കഴിയുന്ന എല്ലാവരും തങ്ങളുടെ സജീവ പങ്കാളിത്വം ഉറ്റപ്പു വരുത്തണമെന്നും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് SMYM BRISTOL കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.

ജോര്‍ജ് തരകന്‍: 07811197278
ജോമോന്‍ സെബാസ്റ്റിയന്‍: 07929468181
ഫിലിപ്പ് കണ്ടോത്ത് (റീജിയണല്‍ ട്രസ്റ്റി)
റോയി സെബാസ്റ്റിയന്‍ (റീജിയണല്‍ ജോയ്ന്റ് ട്രസ്റ്റി)

സണ്ണിമോൻ മത്തായി

വാറ്റ്ഫോഡ്:  ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ ഡെന്നി-ഡാർവിൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേസ് സ്പോർട്സ് സെൻററിൽ വച്ചു നടന്ന ബാഡ്മിൻറൺ ടൂർണമെൻറിൽ വാറ്റ്ഫോഡിൽ നിന്നുളള പ്രഗത്ഭരായ 11ടീമുകൾ അണിനിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. രാവിലെ 11 ന് ആരംഭിച്ച മത്സരത്തിന്റെ ഉദ്ഘാടനം കേരളത്തിലെ പ്രമുഖ ബിൽഡേഴ്സ് ആയ Mumkiz Builder’s Pvt Ltd ഉടമ ഡോട്ടി ദാസ് നിർവഹിച്ചു.

First Runner up

Roy and Sunil Warrier

Second Runner up

Balaji and Benny

3rd Runner up

Charles and Beno.

എബിന്‍ പുറവക്കാട്ട്

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ വി.തോമാശ്ലീഹായുടെയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഭക്തി സാന്ദ്രമായി കൊണ്ടാടി. ഭാരതത്തിനു വിശ്വസ വെളിച്ചം പകര്‍ന്നു നല്കിയ അപ്പസ്‌തോലനായ വി.തോമാശ്ലീഹായുടെയും മലയാളക്കരയുടെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ലോംഗ് സൈറ്റ് സെന്റ്.ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ ക്രൈസ്തവ വിശ്വാസത്തെ പ്രഘോഷിക്കപ്പെടുന്ന വിവിധ തിരുക്കര്‍മ്മങ്ങളോടും കലാപരിപാടികളോടും കൂടെ ആഘോഷിക്കപ്പെട്ടു.

ശനിയാഴ്ച്ച വൈകുന്നേരം സെന്റ്.ജോസഫ് പള്ളി വികാരി ഫാ.ഇയാന്‍ ഫാരലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത് ഫാ.സാജന്‍ നെട്ടപ്പൊങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷപൂര്‍വ്വമായ കുര്‍ബാനയോെടെ ആരംഭിച്ച തിരുക്കള്‍മ്മങ്ങള്‍ ക്രൈസ്തവ മൂല്യങ്ങള്‍ വിളിച്ചറിയിക്കപ്പെടുന്നതും അതുവഴി വിശ്വാസ സമുഹത്തെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കുന്നതും ആയിരുന്നു.
ഞായറാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ആരംഭിക്കുകയും സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്റ്ററില്‍ നിന്നും പ്രദക്ഷിണമായി വിശ്വാസികള്‍ പളളിയിലേക്ക് വരുകയും ചെയ്തു സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മാലാഖമാരെ പ്രതിനിധാനം ചെയ്തു വെള്ളയുടുപ്പുകള്‍ അണിഞ്ഞ് കുഞ്ഞുങ്ങളും കേരള തനിമ വിളിച്ചോതുന്ന പരമ്പാരഗത വേഷങ്ങള്‍ അണിഞ്ഞ ക്രൈസ്തവ സമൂഹം തിരുന്നാള്‍ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളുടെ പ്രതീതി ജനിപ്പിക്കുമാറ് പള്ളിയും പരിസരവും വര്‍ണ്ണശബളമായ മുത്തുക്കുടകളാലും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു.

ഇടവക ജനങ്ങളെ വിശ്വാസത്തില്‍ ഊട്ടിയുറപ്പിക്കാനായി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷ നിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രഘോഷിക്കപ്പെടുന്നതായിരുന്നു.
ബാഹ്യമായ ആഘോഷങ്ങളെക്കാള്‍ ഉപരിയായി വിമര്‍ശനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നമ്മുടെ വിശ്വാസത്തെ പ്രലോഷിപ്പിക്കപ്പെടുന്നവയും വരും തലമുറയ്ക്ക് ആ വിശ്വാസത്തെ പകര്‍ന്നു കൊടുക്കാന്‍ ഉതകുന്നതും ആയിരിക്കണം നമ്മുടെ തിരുനാള്‍ ആഘോഷങ്ങള്‍ എന്ന് അച്ചന്‍ കുര്‍ബാന മധ്യേ പറയുകയുണ്ടായി തിരുനാള്‍ ബലിയെ തുടര്‍ന്ന് അമ്പ് എഴുന്നള്ളിക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു.

ഇടവക തിരുനാളിനോട് അനുബന്ധിച്ച് വുമന്‍സ് ഫോറം അംഗങ്ങള്‍ ഒരുക്കിയ തട്ടുകടയില്‍ നിന്ന് രുചിയൂറുന്ന വിഭവങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു തിരുനാള്‍ ആലോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങളുടെ വിവിധയിനം കലാപരിപാടികളും അതോടൊപ്പം സണ്‍ഡെ സ്‌കൂള്‍ വാര്‍ഷികവും നടത്തപ്പെട്ടു ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരുമായ കലാപ്രതിഭകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പ്രേക്ഷകര്‍ക്ക് ഒരു നല്ല കലാവിരുന്നായി
വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടു കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു
ഫാ.മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോസി ജോസഫ്, ട്രസ്റ്റിമാരായ വര്‍ഗീസ് കോട്ടക്കല്‍ ഹാന്‍സ് ജോസഫ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ ദിവസത്തെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിരുന്നു വളരെ മനോഹരമായ തിരുനാളും സണ്‍ഡെ സ്‌കൂള്‍ വാര്‍ഷിക ആഘോഷവും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായി നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്കും വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി തിരുനാള്‍ സംഘാടക കമ്മറ്റി അറിയിച്ചു.

 

Copyright © . All rights reserved