Uncategorized

മലയാളം യുകെ ന്യൂസ് ഡെസ്ക് 

ഗ്രീക്ക് നൃത്ത സംഗീത ദേവതയായ ടെപ്സികോറിന്റെ നടന സൗകുമാര്യത്താൽ അനുഗൃഹീതമായ കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് വേദിയാകാൻ മിഡ് ലാന്‍ഡ്‌സിന്‍റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറ് ഒരുങ്ങുന്നു.  മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് “ടെപ്സികോർ 2018” ജൂലൈ 14 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നടക്കും. ബിസ്സിനസ് രംഗത്തെ നൂതന ഡിജിറ്റല്‍ കറന്‍സിയായ ക്രിപ്റ്റോ കാര്‍ബണിലൂടെയും , ക്യാഷ്‌ബാക്ക് സ്കീമിലൂടെയും യുകെ നിവാസികള്‍ക്കിടയില്‍ ജനകീയമായ ബീ വണ്‍ ക്യാഷ്ബാക്ക് കമ്പനിയാണ് “ടെപ്സികോർ 2018” സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. യുകെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ആനന്ദ് ടിവി ഇവൻറിൽ മീഡിയ പാര്‍ട്ണര്‍ ആയിരിക്കും. ഡാൻസ് ഫെസ്റ്റിന്റെ സൗന്ദര്യവും ചടുലതയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എത്തിക്കാൻ ആനന്ദ് ടിവി സർവ്വ സജ്ജീകരണങ്ങളും ഒരുക്കും.

ഇന്ത്യൻ സംസ്കാരത്തെയും കലകളെയും ഇഷ്ടപ്പെടുന്ന ഏവർക്കും പങ്കെടുക്കുവാൻ അവസരം നല്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ ഇനങ്ങളില്‍ ആയിരിക്കും മത്സരം നടക്കുക. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുന്നത്. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും.

ഡാൻസ് കോണ്ടസ്റ്റിന്റെ ഗൈഡ് ലൈൻ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതും അതിനുശേഷം മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതുമാണ്. ടെപ്സികോർ 2018 ന്റെ വിജയകരമായ നടത്തിപ്പിനായി കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച് ടെപ്സി കോർ 2018ന്‍റെ ഭാഗമാകാനാഗ്രഹിക്കുന്നവരും, മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും,  സ്പോൺസർഷിപ്പ്, കേറ്ററിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

നേർവഴിയിൽ വായനക്കാരുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട്  സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിന്റെ നാലാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിന്റെ പൂർണ സഹകരണത്തോടെയാണ് ഇവന്റ് സംഘടിപ്പിക്കുന്നത്.

2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിന്റെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു.

യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറിമണിയും നഴ്സുമാരുടെ ലേഖന മത്സരവും  മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകന്റെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിന്റെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിന്റെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിരുന്നു  മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന്റെ വൻവിജയം.

മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിന്റെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും.  സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം  ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്.

കൊച്ചി: കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് പഴയ ചോദ്യപേപ്പര്‍ നല്‍കിയെന്ന പരാതി വ്യാജമാണെന്ന് സിബിഎസ്ഇ. ഇക്കാര്യം കാണിച്ച് സിബിഎസ്ഇ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 28ന് നടന്ന സിബിഎസ്ഇ കണക്ക് പരീക്ഷയ്ക്ക് ലഭിച്ചത് പഴയ ചോദ്യപേപ്പറാണെന്നാണ് കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലെ വിദ്യാര്‍ഥിനിയായ ആമിയ സലീം നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ മാറിനല്‍കിയ സംഭവത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പുനഃപരീക്ഷ നടത്താമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ പഴയ ചോദ്യപേപ്പറെന്ന പേരില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയോടൊപ്പം ചേര്‍ത്തിരിക്കുന്നത് 2016ല്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയെഴുതിയ ജ്യേഷ്ഠ സഹോദരന്റെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറാണെന്നാണ് സിബിഎസ്ഇ പറയുന്നത്. പരാതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പഴയ ചോദ്യപേപ്പറും ആമിയ സലീമിന്റെ ജ്യേഷ്ഠ സഹോദരന് 2016ല്‍ ലഭിച്ചിരിക്കുന്ന ചോദ്യപേപ്പറും സമാന കോഡാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി സിബിഎസ്ഇ വ്യക്തമാക്കുന്നു.

വിഷയത്തില്‍ അന്വേഷണം നടത്തിയതായും അതിന്റെ അടിസ്ഥാനത്തിലാണ് പരാതി വ്യാജമാണെന്ന് മനസിലായതെന്നും സിബിഎസ്ഇ പറയുന്നു. എന്നാല്‍ സിബിഎസ്ഇയുടെ വാദങ്ങള്‍ തെറ്റാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പ്രതികരിച്ചു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്തപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയ കാര്യം മനസിലായതെന്ന് കുട്ടി പറഞ്ഞു.

മെയ് 12 തീയതി ബിര്‍മിങ്ങ്ഹാം വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എഴാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മന്ത്രി എം എം മണി ആശംസകള്‍ നേര്‍ന്നു. ലോകത്ത് എവിടെയും, മലയാളിയുടെ ജീവിത സാന്നിധ്യമുണ്ട്. അവിടെയൊക്കെ അതാത് ദേശത്തിന്റെ കിഴവഴക്കങ്ങളും, പൊതു ആചാര വിശ്വാസ പ്രമാണളോടും ഇഴുകിച്ചേര്‍ന്ന് ജീവിതം നയിക്കുന്നവരാണല്ലോ മലയാളികള്‍. എവിടെ ജീവിച്ചാലും എല്ലാത്തിനുമുപരി മതസൗഹാര്‍ദ്ദത്തിന്റെയും, മതേതരത്വത്തിന്റെയും സന്ദേശ വാഹകരായി ജീവിക്കുവാന്‍ നമ്മുക്ക് കഴിയേണ്ടതാണ്. ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന ഇടുക്കി ജില്ലാക്കാരുടെ സംഗമം എന്നും മാതൃകാപരമാണ്. സാന്ത്വന പരിചരണങ്ങളും, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും കൊണ്ട് സമ്പന്നമാണ് ഇംഗ്ലണ്ടിലെ ഇടുക്കി ജില്ലാ സമൂഹം. മെയ് 12ന് നടക്കുന്ന 7-ാ മത് ഇടുക്കി ജില്ലാ സംഗമത്തിന് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങളും, അതിയായ സന്തോഷവും രേഖപ്പെടുത്തുന്നു.

മെയ് 12ന് നടക്കുന്ന ഇടുക്കി ജില്ലാസംഗമം രജിസ്‌ടേഷന്‍ കൃത്യം 10 മണിക്ക് ആരംഭിക്കുകയും, ക്യാന്‍സര്‍ റിസേര്‍ച് യുകെക്ക് വേണ്ടിയുള്ള തുണി ബാഗുകള്‍ അന്നേ ദിവസം കൈമാറുന്നതുമാണ്. അന്നേ ദിവസം കേരളത്തനിമയുള്ള വിഭവങ്ങള്‍ വച്ചുള്ള ലേലവും, മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ടായിയിരിക്കുന്നതുമാണ്.

മെയ് 12ന് നടക്കുന്ന ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.. കൂടുതല്‍ വിവരങ്ങള്‍ക്ക്,

പീറ്റര്‍: 07713 183350
വിന്‍സി: 07593 953326
സാന്റ്റോ: 07896 301430
ബാബു: ഛ7730 883823
ജസ്റ്റിന്‍: 07985656204

ഇവരുമായോ മറ്റ് കമ്മറ്റിക്കാരെയോ വിളിക്കാവുന്നതാണ്.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്

community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.

ന്യുയോര്‍ക്ക്: കോളനിവാഴ്ച്ചയില്‍ നിന്നു മോചിതരായ രാജ്യങ്ങളില്‍ പലതും പരാജയപ്പെട്ടത് ജനാധിപത്യ അടിത്തറക്കുള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വരുത്തിയ വീഴ്ച കൊണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം. എന്നാല്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ അടിത്തറ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഈ മഹനീയ സ്ഥാപങ്ങള്‍ നിലനില്‍പിനു ഭീഷണി നേരിടുന്നു. അതിനെ നേരിടാന്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത് ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ പ്രവാസി സമൂഹം ആശങ്കാകുലരാണ്. ഇതിനെതിരെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും എ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങളോട് ഏകോപിപ്പിക്കും. അതു പോലെ തന്നെ അമേരിക്കയില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.
മനസാക്ഷി സ്വാതന്ത്യം എല്ലാ സ്വാതന്ത്ര്യങ്ങളിലും ഏറ്റവും പ്രധാനമാണ്. അത് സ്വയാര്‍ജിതവും ദൈവ ദത്തവുമാണ്. അതിനെ പിച്ചിച്ചീന്തന്‍ ആര്‍ക്കും അവകശമില്ല. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഓവര്‍സീസ് കോണ്‍ഗ്രസ് 2001-ല്‍ ന്യുയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തതിനു മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് അദ്ദേഹം നന്ദി പറഞ്ഞു. എ.ഐ.സി.സിയുടെ കീഴില്‍ സ്ഥാപിതമായ ഓവര്‍സീസ് കോണ്‍ഗ്രസ് വിഭാഗം ചെയര്‍മാനായി സാം പിട്രോഡയെ നിയമിച്ചതിനും നന്ദി പറഞ്ഞു. പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഒട്ടേറെ സംഘടനകള്‍ രൂപംകൊണ്ടു വളരെ ഭംഗിയായി മുന്നോട്ടു പോകുന്ന ക്രോയ്‌ഡോനില്‍ ഈ വിഷു ദിനത്തില്‍ മറ്റൊരു പേരുകൂടി ചേര്‍ക്കപ്പെട്ടു, ക്രോയ്‌ഡോന്‍ ഹിന്ദു സമാജം. കഴിഞ്ഞ വിഷു ദിനത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയില്‍ ക്രോയിഡോണില്‍ ഉള്ള സ്വാമി വിവേകാനന്ദ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുന്‍ ക്രോയ്‌ഡോന്‍ മേയറും, കൗണ്‍സിലറുമായ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് ഭദ്രദീപം തെളിയിച്ച് ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ക്രോയ്‌ഡോനിലെയും സമീപ പ്രദേശങ്ങളിലെയും ഹൈന്ദവരെ കൂടാതെ ഈസ്റ്റ് ഹാമില്‍ നിന്നും ഉള്ളവരും പരിപാടിയില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് അസംഖ്യം സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്ന ക്രോയ്‌ഡോനില്‍ ഹൈന്ദവ കൂടായ്മ ലക്ഷ്യമാക്കി വളരെ ലളിതമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഉദ്ദേശിക്കുന്ന ക്രോയ്‌ഡോന്‍ ഹിന്ദു സമാജം എല്ലാവര്‍ക്കും മാതൃക നല്‍കുന്ന ഒന്നാകട്ടെ എന്ന് ആശംസിച്ചു. ചടങ്ങിന് മുന്‍പു നടന്ന ഭജനയില്‍ പാടിയ പുതിയ തലമുറയിലെ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് പറഞ്ഞു. തന്റെ ബാല്യകാല വിഷുദിന ഓര്‍മകള്‍ പങ്കുവെച്ചതിനുശേഷം പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും വിഷുകൈനീട്ടം നല്‍കി. തുടര്‍ന്ന് ചടങ്ങില്‍ സംസാരിച്ച ക്രോയ്‌ഡോന്‍ ഹിന്ദു സമാജം അധ്യക്ഷന്‍ ശ്രീ ഹര്‍ഷകുമാര്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയും ഉള്‍കൊണ്ടുകൊണ്ടും ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം പ്രവര്‍ത്തിക്കുക എന്ന് പ്രസ്താവിച്ചു.

ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുന്ന പരിപാടികള്‍ എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണം കൂടിയായി ആദ്യത്തെ വിഷു സത്സംഗം. പങ്കെടുത്ത എല്ലാവരുടെയും കണ്ടതില്‍ നിന്നും മൂന്ന് പ്രാവശ്യം ഉയര്‍ന്നു കേട്ട ഓംകാരം ധ്വനി ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തെ വ്യത്യസ്തമാക്കി. ഇനിയുള്ള സത്സംഗങ്ങള്‍ ആദ്ധ്യാത്മികവും ശാരീരികവുമായ പദ്ധതികള്‍ ആസൂത്രണം ചെയ്തും ഹൈന്ദവ മൂല്യങ്ങളുടെ ശ്രേഷ്ഠതയെ ജനങ്ങള്‍ക്ക് കൂടുതല്‍ തെളിമയോടെ മനസിലാക്കി കൊടുക്കുവാനും ഉള്ള വേദിയായി മാറ്റുകയാണ് വേണ്ടത് എന്നും അതിനുവേണ്ടിയുള്ള പരിശ്രമമാകും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നടത്തുക എന്നും ശ്രീ ഹര്‍ഷ കുമാര്‍ പറഞ്ഞു.

ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ വിഷു ആഘോഷങ്ങളില്‍ യുകെയിലെ ഹൈന്ദവ വേദികളില്‍ സ്ഥിരസാന്നിധ്യമായി ഭജന ആലപിച്ചു കൊണ്ടിരിക്കുന്ന രാധാകൃഷ്ണനും ജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഭജന ഹൃദ്യമായിരുന്നു. ഭഗവദ്ദര്‍ശനം നല്‍കിയ വിഷുക്കണിയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിപുലമായ വിഷുസദ്യയും കഴിച്ചാണ് ജനങ്ങള്‍ മടങ്ങിയത്.

വരുന്ന മെയ് മാസം ഒഴികെയുള്ള എല്ലാ മാസങ്ങളിലും തുടര്‍ച്ചയായി സത്സംഗം നടത്താനും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം തീരുമാനിച്ചിട്ടുണ്ട്. വളരെ സൗഹാര്‍ദപരമായി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രം ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജം പ്രവര്‍ത്തിക്കുക എന്ന് സമാജം സെക്രട്ടറി പ്രേംകുമാര്‍ പറഞ്ഞു. കൂടാതെ പരസ്പര സഹകരണവും സമൂഹ സഹവര്‍ത്തിത്വവും ആയിരിക്കും ക്രോയ്‌ഡോന്‍ ഹിന്ദു സമാജത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉദ്ദേശം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഹര്‍ഷന്‍: 07469737163 – President
പ്രേംകുമാര്‍: 07551995663 – Secretary
ഇമെയില്‍: [email protected]

ബിനോയി ജോസഫ്

തങ്ങളുടെ ജീവന്റെ ജീവനായ കുഞ്ഞിനെ മരണത്തിനു വിട്ടു നല്കാതിരിക്കാൻ ടോമും കേറ്റും നടത്തിയ അതിതീഷ്ണമായ പോരാട്ടങ്ങൾക്ക് ദു:ഖപര്യവസായിയായ അന്ത്യം കുറിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി. ആധുനിക വൈദ്യശാസ്ത്രവും നീതിപീഠവും  രാഷ്ട്രത്തലവൻമാരും വരെ ആൽഫി എന്ന കുരുന്നു ജീവൻ സംരക്ഷിക്കാൻ നടത്തിയ ചരിത്രപരമായ നീക്കങ്ങളിൽ പങ്കാളികളായി. ആയിരങ്ങളാണ് ആൽഫിയെ ചികിത്സിച്ച ലിവർപൂൾ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുന്നിൽ ആഴ്ചകളോളം ആൽഫിയുടെ മാതാപിതാക്കളായ തോമസ് ഇവാൻസിനും  കേറ്റ് ജെയിംസിനും ധാർമ്മിക പിന്തുണയുമായി തമ്പടിച്ചത്. ആൽഫിയുടെ രോഗവിമുക്തിയ്ക്കായി കാത്തിരുന്ന ലോകത്തിന് ലഭിച്ച വാർത്ത ശുഭകരമായിരുന്നില്ല. മാസങ്ങൾ നീണ്ട നിയമയുദ്ധവും തുണയ്ക്കാതെ വന്നപ്പോൾ ലോകത്തിനു തന്നെ നൊമ്പരമായി ആൽഫി മരണത്തിനു കീഴടങ്ങി.

“ഞങ്ങളുടെ പ്രിയപ്പെട്ട ആൽഫിയ്ക്ക് ചിറകുകൾ ലഭിച്ചിരിക്കുന്നു.. അവൻ പോരാട്ടം അവസാനിപ്പിച്ചു യാത്രയായി.. ഞങ്ങളുടെ ഹൃദയം തകരുന്നു”.. 23 മാസം മാത്രം പ്രായമുള്ള പ്രിയ ആൽഫിയെ നെഞ്ചോടു ചേർത്ത്, ജീവൻ നിലനിർത്താനായി അക്ഷീണ പരിശ്രമം നടത്തിയ ടോമിന്റെയും കേറ്റിന്റെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ ശനിയാഴ്ച രാവിലെ കുറിക്കപ്പെട്ടപ്പോൾ ലോകം തേങ്ങുകയായിരുന്നു.  ആൽഫിയുടെ വേർപാടിൽ താൻ അതീവ ദു:ഖിതാണെന്നും ആൽഫിയുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പോപ്പ് ഫ്രാൻസിസ് സന്ദേശത്തിൽ കുറിച്ചു. ഇറ്റലിയുടെ നിരവധി പതാകകൾ ലിവർപൂളിലെ ഹോസ്പിറ്റലിനു മുമ്പിൽ ആൽഫിയ്ക്ക് ആദരമർപ്പിച്ച് സ്ഥാപിക്കപ്പെട്ടു.

മെഴ്സിസൈഡ് സ്വദേശികളായ ടോമിന്റെയും കേറ്റിന്റെയും മകനായ ആൽഫി ഇവാൻസ് ജനിച്ചത് 2016 മെയ് 9നായിരുന്നു. 2016 ഡിസംബറിലാണ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആദ്യമായി അഡ്മിറ്റ് ചെയ്യപ്പെടുന്നത്. ഡീജനറേറ്റീവ് ന്യൂറോളജിക്കൽ കണ്ടീഷനാണ് ആൽഫിയ്ക്ക്‌ എന്ന് ഡോക്ടർമാർ വിധിയെഴുതി. ആധുനിക വൈദ്യശാസ്ത്രത്തിനു ആൽഫിയെ സുഖപ്പെടുത്താനാവില്ലെന്നും ചികിത്സകൾക്ക് പരിമിതികളുണ്ടെന്നും ഡോക്ടർമാർ ആൽഫിയുടെ മാതാപിതാക്കളെ അറിയിച്ചു.  മാസങ്ങളോളം ആൽഫി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. വിദഗ്ദ ചികിത്സ നല്കാൻ ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോകാനുള്ള അനുമതി ഹോസ്പിറ്റൽ അധികൃതർ നല്കിയില്ല.

ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ഹൈക്കോടതിയെ സമീപിച്ച് ആൽഫിയുടെ വെൻറിലേറ്റർ സംവിധാനം അവസാനിപ്പിക്കാൻ അനുമതിതേടി.  തുടർന്ന് ആൽഫിയുടെ ചികിത്സ ജസ്റ്റിസ് ഹെയ്ഡന്റെ മേൽനോട്ടത്തിനു കീഴിലായി. ബ്രെയിൻ ടിഷ്യൂവിന് കാര്യമായ തകരാറുണ്ടെന്നും കൂടുതൽ ചികിത്സകൾ ഫലപ്രദമാവില്ലെന്നും അത് മനുഷ്യത്വപരമല്ലെന്നും സ്കാൻ റിപ്പോർട്ടുകൾ ഹാജരാക്കി ഹോസ്പിറ്റൽ മാനേജ്മെൻറ് വാദിച്ചു. ഹോസ്പിറ്റലിന്റെ വാദങ്ങളെ തള്ളിയ മാതാപിതാക്കൾ ആൽഫിയെ റോമിലെ ബാംബിനോ ജെസു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാൻ അനുമതിയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ നിരാകരിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ആൽഫിയുടെ ജീവൻ രക്ഷിയ്ക്കാനായി ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോയ ടോമിനും കേറ്റിനും പിന്തുണയുമായി ആൽഫിസ് ആർമി രൂപം കൊണ്ടു. സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായ ആൽഫിയുടെ അതിജീവനത്തിനായുള്ള പോരാട്ടം ലോകമേറ്റെടുത്തു.നൂറു കണക്കിനാളുകളാണ് ആൽഫിയെ അഡ്മിറ്റ് ചെയ്തിരുന്ന ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുമ്പിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിച്ചേർന്നത്. ആൽഫിയെ ഇറ്റലിയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയ ജനങ്ങൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചു. സുരക്ഷാകാരണങ്ങളിൽ ഹോസ്പിറ്റലിന് പോലീസ് വലയം തീർത്തു. ആൽഫി ഇറ്റലിയിലേക്ക് മാറ്റുന്നതിനായി എയർ ആംബുലൻസ് തയ്യാറായി നിന്നു. പക്ഷേ നീതീ പീഠങ്ങൾ കനിഞ്ഞില്ല.

ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടുവരുന്നതിനു സഹായമഭ്യർത്ഥിച്ചുകൊണ്ട് ആൽഫിയുടെ പിതാവ് തോമസ് ഇവാൻസ് റോമിലെത്തി പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചിരുന്നു. റോമിന്റെ പൂർണ സഹകരണം ലഭ്യമായെങ്കിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടും ആൽഫിയ്ക്ക് യാത്രാനുമതി നല്കിയില്ല.  ആൽഫിക്ക് യാത്രാനുമതി ഒരുക്കുന്നതിനായി ഇറ്റാലിയൻ പൗരത്വം നല്കിയെങ്കിലും ആൽഫി ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടീഷ് ഹൈക്കോർട്ടിന്റെ നിയമപരിധിയിലാണെന്നും ജസ്റ്റിസ് ഹെയ്ഡൻ വിധിച്ചു. ഇതിനിടെ ആൽഫിയുടെ ലൈഫ് സപ്പോർട്ട് ലിവർപൂൾ ഹോസ്പിറ്റൽ നീക്കം ചെയ്തു. യന്ത്രസഹായമില്ലാതെ ആൽഫി ശ്വസിക്കാനാരംഭിച്ചെന്നും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആൽഫിയുടെ സോളിസിറ്റർ കോടതിയെ അറിയിച്ചെങ്കിലും ആൽഫിയുടെ കേസുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾക്ക് വിരാമമിടുകയാണെന്ന് നീതിപീഠം വിധി പ്രസ്താവിച്ചു.

ആൽഫിയുടെ ജീവൻ രക്ഷിക്കാൻ ക്വീൻ ഇടപെടണമെന്ന പെറ്റീഷനിൽ ആയിരങ്ങളാണ് ഒപ്പുവച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആൽഫിയ്ക്കു വേണ്ടി ശബ്ദമുയർത്തി. തോമസ് ഇവാൻസിന്റെയും കേറ്റ് ജെയിംസിന്റെയും വേദനയിൽ ലോകജനത പങ്കാളികളായി. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാൻ സ്വന്തം മാതാപിതാക്കൾ നടത്തിയ പോരാട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതിയും ചർച്ചയായി. കുഞ്ഞിന്റെ  ജീവൻ നിലനിർത്തുവാനായി അന്തിമ തീരുമാനം എടുക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കുറിച്ചും കോടതിയുടെ അധികാര പരിധിയും മനുഷ്യത്വപരമായ സമീപനവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും മനുഷ്യ മനസാക്ഷിയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർത്തിക്കൊണ്ട് ആൽഫി ഇവാൻസ് വിടപറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ലിവർപൂളിലെ പാർക്കിൽ ആൽഫിയ്ക്കു സ്നേഹാദരം അർപ്പിച്ചു കൊണ്ട് ശനിയാഴ്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തിയത്. അന്തരീക്ഷത്തിൽ ഒരേ ഒരു ശബ്ദം മാത്രം മുഖരിതമായി… ആൽഫി.. ആൽഫി.. വീ.. ലവ്.. യു.. ആൽഫി ഇവാൻസ് ലോകത്തിന്റെ തന്നെ വേദനയായി മാറി.

തന്റെ ചുമതലയിലുണ്ടായിരുന്ന പ്രാക്ടീസുകളില്‍ നിന്ന് 400,000 പൗണ്ടുമായി കടന്നുകളഞ്ഞ ജിപി കാമുകിയുമൊത്ത് ആത്മമഹത്യ ചെയ്തുവെന്ന് സ്ഥിരീകരണം. ജിപിയായിരുന്ന ടൈറ്റസ് ബ്രാഡ്‌ലി നോയേമി ഗെര്‍ഗ്ലി എന്ന 28കാരിയായ കാമുകിയുമൊത്ത് കേപ്പ് വെര്‍ഡിലുള്ള സാന്റോ അന്റാവോ എന്ന സ്ഥലത്തേക്കാണ് കടന്നത്. ഒരു വര്‍ഷം മുമ്പ് ഇവര്‍ അപ്രത്യക്ഷരായതിനു ശേഷമാണ് ഡോ.ബ്രാഡ്‌ലി ജോലി ചെയ്തിരുന്ന നാല് പ്രാക്ടീസുകളിലെ പെന്‍ഷന്‍ ഫണ്ടുകളും ജീവനക്കാരുടെ ശമ്പളത്തിനായുള്ള പണവും കാണാനില്ലെന്ന് വ്യക്തമായത്. അറ്റ്‌ലാന്റിക് ദ്വീപായ കേപ്പ് വെര്‍ഡിലെ പോലീസ് ഇന്നലെയാണ് ഇവര്‍ രണ്ടു പേരും ഒരു ബുള്ളറ്റില്‍ നിന്നേറ്റ മുറിവിനാലാണ് കൊല്ലപ്പെട്ടതെന്ന് അറിയിച്ചത്.

ഇരുവരും തമ്മിലുണ്ടായ കലഹത്തിനു ശേഷമായിരുന്നു കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് ഇവര്‍ താമസിച്ചിരുന്ന ഡിവിന്‍ ആര്‍ട്ട് ഗസ്റ്റ് ഹൗസിലെ മാനേജര്‍ പറഞ്ഞു. തന്നെ ഡോക്ടര്‍ മര്‍ദ്ദിച്ചതായി നോയേമി ഗസ്റ്റ് ഹൗസ് ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതിനു ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നുവെന്നാണ് മൊഴി. പണം നഷ്ടമായെന്ന് യുകെയില്‍ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമായിരുന്നു ഇവര്‍ ചെക്ക് ഇന്‍ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. 2017 ഏപ്രില്‍ 15നായിരുന്നു ഇത്. രണ്ട് ദിവസത്തിനു ശേഷം ഇരുവരും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. 2012ല്‍ വിവാഹബന്ധം തകര്‍ന്നയാളാണ് ബ്രാഡ്‌ലി. ലണ്ടനില്‍ ഒരു പബ്ലിക് റിലേഷന്‍സ് കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഹംഗേറിയന്‍ വംശജയായ നൊയേമി.

ഇവരുമായി പരിചയപ്പെടുമ്പോള്‍ ഈസ്റ്റ് സസെക്‌സിലെ ഇയാള്‍ക്ക് കീഴിലുള്ള സര്‍ജറികള്‍ ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായിരുന്നു. അസന്‍ഷന്‍ ദ്വീപുകളിലേക്ക് മീന്‍പിടിത്ത ട്രിപ്പിന് പോയ ഇവര്‍ രണ്ടു പേരും മൂന്നാഴ്ച പിന്നിട്ടിട്ടും മടങ്ങിയിരുന്നില്ല. പിന്നീട് തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് പറഞ്ഞ് നോയേമി തിരിച്ചെത്തിയിരുന്നുവെന്ന് സര്‍ജറി വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ പണം നോയേമിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്ന് കണ്ടെത്തിയിരുന്നു. ഈ സര്‍ജറികളില്‍ രണ്ടെണ്ണം ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. രണ്ടെണ്ണം പുതിയ ഉടമസ്ഥരുടെ കീഴിലാണുള്ളത്. ഇവരെ അവസാനമായി കാണാതാകുന്നതിനു മുമ്പായി സര്‍ജറികളിലെ ജീവനക്കാര്‍ക്ക് ശരിയായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും മുന്‍ സ്റ്റാഫ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പണം കാണാതായ സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് സസെക്‌സ് പോലീസ് അറിയിച്ചു.

നടന്‍ ആര്യയ്ക്ക് ജീവിത പങ്കാളിയെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഏറെ കോലാഹലങ്ങള്‍ക്കു ശേഷമാണ് അവസാനിച്ചത്. ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ ഇപ്പോഴും പുകയുകയാണ്. ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ഥികളെയും തള്ളിക്കളഞ്ഞ് ആരെയും വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനം ആര്യ അറിയിച്ചത് ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. പ്രതികരണങ്ങളുമായി ഓരോ മത്സരാര്‍ഥികളും രംഗത്ത് വരുമ്പോഴും ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പരിപാടിയെ കുറിച്ചുള്ള വിശദാംശങ്ങളും ഫൈനലില്‍ ആര്യ എടുത്ത തീരുമാനത്തെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരിക്കുകയാണ് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത. തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നു പറച്ചില്‍.

‘ആര്യ വളരെ രസികനാണ്. പ്രതീക്ഷിക്കാത്ത ഓരോ കാര്യങ്ങളുമായി എന്നും ആര്യ നമ്മുക്ക് സര്‍പ്രൈസ് നല്‍കാറുണ്ട്. ഈ പരിപാടിയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യണം എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസ് ആയിരുന്നു. അത് ഞാന്‍ ചാനല്‍ മാനേജ്‌മെന്റുമായി ഒന്നുകൂടി പരിശോധിച്ചതുമാണ്. അവരും അക്കാര്യം ഉറപ്പു പറഞ്ഞു മാത്രമല്ല ഒരു ഫോര്‍മല്‍ എഗ്രിമെന്റ് ആര്യ ഒപ്പുവച്ചെന്നും പറഞ്ഞു.

പക്ഷേ, ഫൈനലില്‍ അങ്ങനെ ഒരു തീരുമാനമെടുത്തപ്പോള്‍ അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു. അടുത്ത സുഹൃത്ത് എന്ന നിലയ്ക്ക് എന്തുകൊണ്ടാണ് ആര്യ ഇങ്ങനെ ഒരു തീരുമാനം അവന്‍ എടുത്തതെന്ന് എനിക്കറിയാം. ആളുകള്‍ അവന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ടാകാം. മുന്‍പ് പെണ്‍കുട്ടികളെ എലിമിനേറ്റ് ചെയ്തപ്പോഴും ഇതുപോലെ ഒന്നും തോന്നിയിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുന്നുണ്ടായിരിക്കാം. നമുക്ക് പുറത്തു നിന്ന് എന്ത് വേണമെങ്കിലും പറയാം. പക്ഷെ ആര്യയുടെ അതേ സ്ഥാനത്ത് നില്‍ക്കുമ്പോഴേ ആ സമ്മര്‍ദ്ദവും ആ ഒരു മാനസികാവസ്ഥയും മനസിലാക്കാനാകൂ.

പരിപാടി തുടങ്ങി ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ എലിമിനേറ്റായ ഒരു പെണ്‍കുട്ടി ഇപ്പോള്‍ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് ഇതൊന്നും ആദ്യത്തെ എപ്പിസോഡുകളില്‍ എലിമിനേറ്റായ പെണ്‍കുട്ടികളെ വല്ലാതെ മുറിവേല്‍പ്പിച്ചിട്ടില്ല. പരിപാടിയുടെ അവസാന ഘട്ടങ്ങളില്‍ എത്തും തോറും എല്ലാവരും ഒരു കുടുംബമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പിരിയുന്നത് വല്ലാത്ത കഷ്ടവുമായിരുന്നു. അബര്‍ണദിയുടെയും ശ്വേതയുടെയും എലിമിനേഷന്‍ ഞങ്ങളെ എല്ലാവരെയും വല്ലാതെ ബാധിച്ചു. ഇരുവരും വല്ലാത്ത വിഷാദാവസ്ഥയില്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണമായിരുന്നു. അവര്‍ മാത്രമല്ല മുഴുവന്‍ സെറ്റും വല്ലാതെ ഇമോഷണലായിരുന്നു.

എനിക്ക് തോന്നുന്നു അത് ആര്യയേയും വല്ലാതെ ബാധിച്ചിട്ടുണ്ടാകും. അതുകൊണ്ടാകും ഫൈനലില്‍ ആരെയും വിവാഹം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് ആര്യ എത്തിച്ചേര്‍ന്നത്. ആര്യയുടെ തീരുമാനത്തെ ആളുകള്‍ ബഹുമാനിക്കാത്തതെന്തുകൊണ്ടാണ്? അദ്ദേഹം ഷോയില്‍ നിന്നാരെയെങ്കിലും തിരഞ്ഞെടുത്തുവോ? അങ്ങനെ തിരഞ്ഞെടുത്ത് ഷോ അവസാനിച്ചതിന് ശേഷം അവര്‍ പിരിഞ്ഞാല്‍ അത് ഓക്കെ ആകുമോ? ആര്യയ്ക്ക് അതിന് ഉത്തരവാദിത്വമുണ്ട്. അത് കടുത്ത തീരുമാനമാണ്.

അതേസമയം ചാനലിന്റെയും മാനേജ്‌മെന്റിന്റെയും കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ആര്യ എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആര്യയ്‌ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. പക്ഷെ അവര്‍ അങ്ങനെ ഒന്നും തന്നെ ചെയ്യില്ല. അവര്‍ക്ക് ആര്യയുടെ വികാരം മനസിലാകും. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ്.’ സംഗീത പറഞ്ഞു.പരിപാടിയുടെ ഫൈനലിലെത്തിയ മലയാളി പെണ്‍കുട്ടി സീതാലക്ഷ്മിയുടെ പ്രതികരണവും ആര്യയ്ക്ക് അനുകൂലമായിരുന്നു.

ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത അമേരിക്കന്‍ ഹാസ്യനടന്‍ ബില്‍ കോസ്ബി കുറ്റക്കാരനെന്നു കോടതി. കോസ്ബിയെ മൂന്ന് തവണയായി പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നത്. മോണ്ട് ഗോമറി കൌണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്.

2004 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയായ ആന്‍ഡ്രി കോണ്‍സ്റ്റഡ് എന്ന യുവതിയെ മയക്കുമരുന്ന് നല്‍കി ബില്‍ കോസ്്ബി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ബില്‍ കോസ്ബി കുറ്റക്കാരനാണെന്ന് വ്യക്തമാണെന്നും ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ സാധ്യമല്ലെന്നും കോടതി പറഞ്ഞു.

നിശബ്ദ വിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും കോസ്ബിക്ക് ജാമ്യം അനുവദിക്കരുതെന്നും വാദിച്ച പ്രോസിക്യൂട്ടര്‍ സ്വകാര്യവാഹനത്തില്‍ പറക്കാനാണ് പലര്‍ക്കും താല്‍പര്യമെന്നും അതിനുകാരണം പരിമിതികളില്ലാത്ത സമ്പത്താണെന്നു പറഞ്ഞു. എന്നാല്‍ സ്വന്തമായി വിമാനമില്ലെന്ന് പരിഹസിച്ചായിരുന്നു കോസ്ബിയുടെ മറുപടി. അതേസമയം, വിധിയില്‍ സന്തോഷമുണ്ടെന്ന് ആന്‍ഡ്രി കോണ്‍സ്റ്റഡ് പറഞ്ഞു. അതിനായി ഒരുപാട് യുദ്ധം ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയെ സ്വാഗതം ചെയ്ത് നിരവധിപേരാണ് രംഗത്തെത്തിയത്.

സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുവതി കോസ്ബിക്കെതിരെ പരാതി നല്‍കിയത്. പിന്നീട് 50ലധികം വനിതകളും കോസ്ബിക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സ്ത്രീകളുടെ തുറന്നുപറച്ചിലായ മീറ്റൂ ക്യാമ്പയിന്‍ ശ്രദ്ധനേടുമ്പോള്‍ തന്നെ ഇത്തരമൊരു കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം.

സ്പ്രിംഗില്‍ അപ്രതീക്ഷിതമായി ലഭിച്ച വെയിലിന് ശമനമാകുന്നു. താപനിലയില്‍ കുറവുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രണ്ടു ദിവസം ഇടിയോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട താപനിലയില്‍ നിന്ന് 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാമെന്നാണ് നിഗമനം. വീക്കെന്‍ഡിലെ രാത്രി താപനില മൈനസ് രണ്ട് വരെ ചിലയിടങ്ങളില്‍ താഴ്‌ന്നേക്കാം. സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തിലുമാണ് ഇതിന് സാധ്യതയേറെയുള്ളത്.

മഴ മൂന്ന് ദിവസത്തോളം തുടര്‍ന്നേക്കുമെന്നും 1 ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടു തന്നെ പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഹീറ്റ് വേവിനു ശേഷം മഴയ്ക്ക് സാധ്യതയുള്ള അറ്റ്‌ലാന്റിക് കാലാവസ്ഥയാണ് എത്തുന്നത്. വെസ്റ്റില്‍ നിന്ന് എത്തുന്ന ന്യൂനമര്‍ദ്ദം അടുത്തയാഴ്ച സജീവമായിരിക്കുമെന്നും സ്പ്രിംഗിലെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് കാരണമായ ഹൈ പ്രഷര്‍ അവസാനിക്കുകയാണെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

യുകെയിലൊട്ടാകെ ഇടിയോടു കൂടിയ മഴയുണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് മെറ്റീരയോളജിസ്റ്റ് ജോണ്‍ വെസ്റ്റ് പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതേ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വെയില്‍സിലും മറ്റും 1.2 ഇഞ്ച് വരെ മഴ പെയ്‌തേക്കുമെന്നും അടുത്തയാഴ്ച ചൂടുള്ള കാലാവസ്ഥ തിരിച്ചു വരാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved