മലയാളം യുകെ ന്യൂസ് ഡെസ്ക്
ലണ്ടന്‍ : യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയുമായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ ഷാജന്‍ സ്കറിയയ്ക്ക് വീണ്ടും തിരിച്ചടി. യുകെയിലെ ഉന്നത നീതിപീഠമായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോര്‍ട്ടില്‍ വിചാരണ നടന്ന കേസിലാണ് ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും വിധിയുണ്ടായിരിക്കുന്നത്. 45000 പൗണ്ടും (നാല്‍പ്പത് ലക്ഷത്തിലധികം രൂപ) പരാതിക്കാരന് ഉണ്ടായിരിക്കുന്ന കോടതി ചെലവും നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതി ചെലവ് ഏകദേശം നാല്‍പ്പതിനായിരം പൗണ്ടോളം വരും. ക്രിമിനല്‍ കേസില്‍ നേരത്തെ 35000 പൗണ്ട് പിഴയടച്ചിരുന്നു. ഇതോടെ ഷാജന്‍ സിവില്‍ കേസിലും, ക്രിമിനല്‍ കേസിലും ആയി നല്‍കുന്ന നഷ്ടപരിഹാരം ഒരു കോടി ഇന്ത്യന്‍ രൂപയിലധികമാണ്.
അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം തന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന പോര്‍ട്ടലിന് നല്‍കണമെന്നും ഇതിനായി വന്‍ തുക തനിക്ക് നല്‍കണമെന്നുമുള്ള ഷാജന്‍ സ്കറിയയുടെ ആവശ്യം നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പരസ്യം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഷാജന്‍ സ്കറിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെ കുറിച്ചും അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ കുറിച്ചും വ്യാജവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. നിരന്തരമായി പ്രസിദ്ധീകരിക്കപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അഡ്വ. സുഭാഷ് ജോര്‍ജ്ജ് യുകെയിലെയും ഇന്ത്യയിലെയും കോടതികളില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടികള്‍ സ്വീകരിച്ചു.
നിയമ നടപടികളെ ആദ്യഘട്ടത്തില്‍ പുച്ഛത്തോടെ കണ്ട ഷാജന്‍ സ്കറിയ തന്‍റെ നുണകള്‍ തന്നെ സഹായിക്കുന്ന ബിസിനസ്സുകാരുടെ പണക്കൊഴുപ്പിന്‍റെ സഹായത്തോടെ കോടതിയില്‍ സ്ഥാപിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു . അതുകൊണ്ട് തന്നെ സിവില്‍ , ക്രിമിനല്‍ കോടതികളില്‍ മികച്ച വക്കീലന്മാരെ നിയോഗിച്ച് വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതിലെ പൊള്ളത്തരങ്ങള്‍ കോടതികള്‍ തിരിച്ചറിയുകയായിരുന്നു. ഷാജന് എതിരെ ആദ്യവിധി വന്നത് ഷ്രൂസ്ബറി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നായിരുന്നു. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ 650 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി ചെലവ് നല്‍കാനുമായിരുന്നു ഇവിടെ ഉണ്ടായ വിധി. എന്നാല്‍ തനിക്ക് വേണ്ട വിധത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം തന്നില്ല എന്ന് പറഞ്ഞ് ഈ കേസില്‍ ഷാജന്‍ അപ്പീലിന് അനുമതി തേടി. തുടര്‍ന്ന് സ്റ്റഫോര്‍ഡ് ക്രൌണ്‍ കോടതിയില്‍ നടന്ന അപ്പീല്‍ ഹിയറിംഗില്‍ ഷാജന്‍ സ്കറിയ നേരിട്ട് ഹാജരായി വിവിധ വാദങ്ങളും തെളിവുകളും ഉന്നയിച്ചെങ്കിലും ഇവ കോടതി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസ്സില്‍ പരാതിക്കാരന് 35000 പൗണ്ട് ഷാജന്‍ പിഴയായി നല്‍കുകയും ചെയ്തു.
ഈ സമയത്ത് തന്നെ ഹൈക്കോടതിയില്‍ സിവില്‍ കേസില്‍ വാദം തുടരുന്നുണ്ടായിരുന്നു. ക്രിമിനല്‍ കോടതിയില്‍ വാദമുഖങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സിവില്‍ കേസിലും തോല്‍വി ഉറപ്പിച്ച ഷാജന്‍ സ്കറിയ ഇതിനിടയില്‍ പരാതിക്കാരനെ നേരില്‍ കണ്ട് മാപ്പ് പറയുകയും കോടതി നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ച് കാലു പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ താന്‍ സത്യസന്ധനായ വ്യക്തിയാണ് എന്ന രീതിയില്‍ മാന്യതയുടെ മൂടുപടം അണിയാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇത് ഷാജന്റെ സ്ഥിരം സ്വഭാവമാണെന്ന് മനസ്സിലാക്കിയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കേസ്സിന് കോടതി വഴി തന്നെ തീര്‍പ്പ് ഉണ്ടാകണമെന്ന നിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഇതില്‍ ആണ് ഇപ്പോള്‍ കോടതി 45000 പൗണ്ട് പിഴയടക്കാനും പരാതിക്കാരന് കോടതി നടപടികള്‍ക്കായി ചെലവായ തുക നല്കാനും വിധിച്ചിരിക്കുന്നത്.
ഇതിനിടയില്‍ തെളിവുകള്‍ എല്ലാം തള്ളപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ തോല്‍ക്കുമെന്ന് ഉറപ്പായ ഷാജന്‍ തനിക്ക് കേസ് നടത്താന്‍ പണമില്ല എന്ന സഹതാപം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പണം ലഭിക്കാത്തതിനാല്‍ കേസില്‍ ഹാജരാകുന്നില്ല എന്ന രീതിയില്‍ ഒരു കത്ത് തന്‍റെ സോളിസിറ്ററെ കൊണ്ട് തയ്യാറാക്കി അയപ്പിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് വഴി സാങ്കേതികമായി കേസ് തോറ്റതാണ് എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഷാജന്‍ സ്കറിയയുടെ ഉദ്ദേശ്യം. ഈ രീതിയില്‍ ഇയാള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഫെബ്രുവരി 23 ന് കോടതിയില്‍ നേരിട്ട് ഹാജരായി ഷാജന്‍ സ്കറിയ സമര്‍പ്പിച്ച എല്ലാ വാദങ്ങളും തള്ളിയ കോടതി ഷാജന്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീര്‍പ്പ് അന്ന് തന്നെ പറഞ്ഞിരുന്നു. ഇന്നലെ കോടതിയില്‍ നടന്നത് നഷ്ടപരിഹാരം എത്രയെന്ന തീര്‍പ്പാക്കല്‍ മാത്രമാണ്. എന്നാല്‍ ആ സമയത്ത് ഹാജരാകാതെയും സോളിസിറ്റര്‍ക്ക് ഫീസ് നല്‍കാതെയും നാടകം കളിക്കാന്‍ ആയിരുന്നു ഷാജന്‍ ശ്രമിച്ചത്. ഈ സമയത്ത് ഷാജന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പ്രത്യേക ഗുണം ഒന്നും ഉണ്ടാവില്ലായിരുന്നു എന്ന് ചുരുക്കം. എന്തായാലും ഷാജന് വേണ്ടി കോടതിയില്‍ ഹാജരായി കൊണ്ടിരുന്ന ബാരിസ്റ്റര്‍ ഈ നാടകത്തിന് കൂട്ട് നില്‍ക്കാന്‍ തയ്യാറാകാതെ കോടതിയില്‍ എത്തുകയും തന്‍റെ കക്ഷി നടത്തുന്ന ഇത്തരം നടപടികള്‍ക്ക് ജഡ്ജിയോട് ക്ഷമ ചോദിക്കുകയും ചെയ്തു .
ഇന്ത്യയില്‍ താമസിച്ചുകൊണ്ട് യുകെയിലെ പെര്‍മനന്റ് റെസിഡന്‍സിയുടെ മറവില്‍ യുകെ മലയാളി സമൂഹത്തെ വിവിധ രീതിയില്‍ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ധനികനായി മാറിയ ഷാജന്‍ സ്കറിയക്ക് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്ന വിധികള്‍. ഏകദേശം രണ്ട് വര്‍ഷക്കാലം നീണ്ടു നിന്ന ഈ കോടതി നടപടികള്‍ക്കിടയില്‍ നിരവധി തവണ യുകെയില്‍ വന്ന് പോകുന്നതിനും കേസ് നടത്തിക്കൊണ്ട് പോകുന്നതിനുമായി കോടികള്‍ ആണ് ഷാജന്‍ ചെലവഴിച്ചിരിക്കുന്നത്. യുകെയില്‍ ഒരു ജോലിയും ചെയ്യാത്ത ഷാജന്‍ സ്കറിയ ഇതിനുള്ള പണം കണ്ടെത്തിയത് ഇവിടെയുള്ള മലയാളി ബിസിനസുകാരെ ബ്ലാക്ക് മെയില്‍ ചെയ്തും , വായനക്കാരില്‍ നിന്ന് മറ്റ് കാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചും ആണെന്ന ഗുരുതരമായ ആരോപണവും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യത്തിനായി ഷാജന്‍ സ്കറിയക്ക് സഹായകമായി ഒരു സംഘം തന്നെ ഇവിടെയുള്ളതായും വ്യക്തമായിട്ടുണ്ട്. യുകെയിലെ വിസ നിയമങ്ങളെ കബളിപ്പിച്ചും ഇവിടെ അദ്ധ്വാനിച്ച് ജീവിക്കുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്തും നിലനില്‍ക്കുന്ന ഈ വ്യക്തിയെ വീടുകളില്‍ സ്വീകരിക്കുകയും എഴുന്നള്ളിച്ച് നടക്കുകയും ചെയ്യുന്നവര്‍ ഇയാള്‍ നടത്തുന്ന വന്‍ചൂഷണത്തിലെ കണ്ണികള്‍ തന്നെയാണെന്നും യുകെ മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത് പോലുള്ള വ്യക്തിയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഇവര്‍ വരുംതലമുറയ്ക്ക് തന്നെ ഒരു ദുഷിച്ച മാതൃകയാണ് കാണിക്കുന്നത് എന്നത് ഇവര്‍ മറന്നു പോകുന്നു എന്നത് ദയനീയമാണ്.
നിലവിലെ കേസ് നടപടികള്‍ കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ഷാജന്‍ സ്കറിയയും സംഘവും നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ പറയുന്നു. യുകെ കോടതിയിലെ നടപടിക്രമങ്ങള്‍ അവസാനിച്ചതിനാല്‍ ഇനി ഇന്ത്യയില്‍ നടക്കുന്ന കേസ്സിന്റെ നിയമ നടപടികളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അഡ്വ. സുഭാഷ് മാനുവല്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ വാര്‍ത്തയിലൂടെ പ്രസിദ്ധീകരിച്ചതിനാല്‍ തന്നെ അവ തെളിയിക്കാനാവാതെ കോടതിയെ കബളിപ്പിച്ച് രക്ഷപ്പെടാനാണ് ഷാജന്‍ ഇന്ത്യയിലും ശ്രമിക്കുന്നത്.
സമയത്ത് ഹാജരാകാതെയും , സമയം നീട്ടി ചോദിച്ചും ഒക്കെ കേസ്സുകളില്‍ ഹാജരാകാതെ പിന്‍വാതിലൂടെ ആരെയും അറിയിക്കാതെ , പരാതിക്കാരുടെ കാല് പിടിച്ച് കേസ്സ് ഒതുക്കി തീര്‍ക്കുകയാണ് ഷാജന്‍ സ്കറിയ മറ്റ് പല കേസ്സുകളിലും ചെയ്തിരുന്നത് . എന്നാല്‍ യുകെയിലെ ഈ വ്യാജവാര്‍ത്ത കേസ്സില്‍ മാത്രമാണ് പുറംലോകം അറിയുന്ന രീതിയില്‍ ഷാജന്‍ കുടുങ്ങുന്നതും , ഭാരിച്ച സാമ്പത്തിക നഷ്ടം അനുഭവിച്ച് , സമൂഹമധ്യത്തില്‍ തന്റെ ഇരട്ടമുഖം വെളിവാകുന്ന രീതിയില്‍ നാണംകെട്ട് ദയനീയ പരാജയം ഏറ്റ് വാങ്ങണ്ടി വന്നതും.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ പൊളിയുന്നു. ആന്ധ്രയില്‍ 1.34 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഹൈദരാബാദിലെ സൈബര്‍ സുരക്ഷാ ഗവേഷകനായ കൊഡാലി ശ്രീനിവാസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്താന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചിരുന്നു. പക്ഷേ ആധാര്‍ സംബന്ധിയായ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആധാര്‍നമ്പര്‍, ബാങ്ക് ശാഖ, ഐഎഫ്എസ് കോഡ്, അക്കൗണ്ട് നമ്പര്‍, പിതാവിന്റെ പേര്, വിലാസം, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍, റേഷന്‍കാര്‍ഡ് നമ്പര്‍, ജോലി, മതം, ജാതി, എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നതായും ഈ വിവരങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും ചോര്‍ത്താന്‍ സാധിക്കുമെന്നും കൊഡാലി ശ്രീനിവാസ് എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇതുവഴി സാധിച്ചേക്കും.
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: സെന്റ് അലോഷ്യസ് സ്‌കൂള്‍ & കോളേജ് അലുമിനി അസോസിയേഷന്റെ ദമാം ചാപ്റ്ററിന്റെ (എസ് സാക്ക) 15മത് വാര്‍ഷിക ആഘോഷത്തത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
എടത്വായില്‍ ചങ്ങനാശേരി സമരിറ്റന്‍ മെഡിക്കല്‍ സെന്റ്ററിന്റെയും തകഴി പുതിയാറ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.വി.സാബന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ജെ.ടി.റാംസെ അദ്ധ്യക്ഷത വഹിച്ചു.
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം സമരിറ്റന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ലീലാമ്മ ജോര്‍ജ് പീടിയേക്കല്‍ നിര്‍വഹിച്ചു. എടത്വാ, തകഴി, വീയപുരം, ചമ്പക്കുളം, തലവടി, മുട്ടാര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും നിരവധി രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ജനറല്‍ കോര്‍ഡിനേറ്റര്‍ ജോച്ചന്‍ ജോസഫ്, ജോ. കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, കോര്‍ഡിനേറ്റര്‍ അസ്ഗര്‍ അലി തകഴി, സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ റോയി ചെറ്റക്കാട്, റവ. സിസ്റ്റര്‍ ജെസി എം. ആന്റണി, ചാരിറ്റി കണ്‍വീനര്‍ ഷൈനി തോമസ്, ജോണ്‍സണ്‍ എം.പോള്‍, ബില്‍ബി മാത്യൂ, ജയന്‍ ജോസഫ്, കെ.തങ്കച്ചന്‍, എന്‍.ജെ സജീവ്, നോബിന്‍ പി.ജോണ്‍, സന്തോഷ് ടോം ജി, ടോമി പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഡോ.ജോര്‍ജ് പീടിയേക്കലിന്റെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി. ക്യാമ്പില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സംഘടന ലഭ്യമാക്കുമെന്ന് പ്രസിഡന്റ് തമ്പി പത്തിശ്ശേരില്‍, ജനറല്‍ സെക്രട്ടറി ആന്റണി വി.സി, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് എം.ജെ എന്നിവര്‍ അറിയിച്ചു.
ബോളിവുഡ്, ക്ലാസിക്കല്‍ ഡാന്‍സുകള്‍, കീബോര്‍ഡ്/പിയാനോ പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ ശനിയാഴ്ച ആരംഭിക്കും. എം.എം.എ സപ്ലിമെന്ററി സ്‌കൂളില്‍ ആണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞാണ് പരിശീലനം. എല്ലാ ആളുകള്‍ക്കും പ്രവേശനം ലഭിക്കുന്നതിനുള്ള വിശദ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടാം.
07886526706
ന്യൂസ് ഡെസ്ക്
M62 മോട്ടോർവേയിൽ വൈകുന്നേരം ആറുമണിയോടെ ഉണ്ടായ അപകടത്തെ തുടർന്ന് ജംഗ്ഷൻ 36 ഗൂളിനും 37 ഹൗഡനും ഇടയിൽ ഇരു ദിശകളിലും അടച്ചു. വൻ ട്രാഫിക് ക്യൂ മോട്ടോർവേയിൽ രൂപപ്പെട്ടിട്ടുണ്ട്. ഹള്ളിലേയ്ക്കും തിരിച്ചുമുള്ള ട്രാഫിക് പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. ദീർഘനേരത്തേയ്ക്ക് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹംബർ സൈഡ് പോലീസും ഫയർ സർവീസും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഔസ് ബ്രിഡ്ജിലുണ്ടായ അപകടത്തെ തുടർന്നാണ് മോട്ടോർവേ അടച്ചത്. എത്ര വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് അറിവായിട്ടില്ല. എമർജൻസി സർവീസുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ (CCRB) അതിന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ബിസിനസ് ബാങ്കിംഗ് എക്സ്ചേഞ്ച് (BBX) യുകെയുമായി ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ ഗ്ലോബൽ ലിമിറ്റഡ് പാർട്ട്ണർഷിപ്പ് ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ബിസിനസ് മാർക്കറ്റിനെ നിയന്ത്രിക്കുന്ന BBX മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നതുവഴി 14 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 90,000ലേറെ റീട്ടെയിൽ ബിസിനസുകളിൽ കൂടി ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താൻ കൺസ്യൂമർക്ക് അവസരം ലഭിക്കും. നിലവിൽ 200 ലേറെ രാജ്യങ്ങളിലായി 35,000 ഔട്ട് ലെറ്റുകളിൽ CCRBയ്ക്ക് സ്വീകാര്യത ഉണ്ട്.
BBX ഉം CCRB യും തമ്മിലുള്ള ബിസിനസ് പ്ലാറ്റ്ഫോം ഇന്റഗ്രേഷൻ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാവും. 1993 ൽ സ്ഥാപിതമായ BBX ന് 97,000 കാർഡ് ഹോൾഡർമാർ നിലവിലുണ്ട്. ദൈനംദിന ജീവിതത്തിൽ ആവശ്യമായ വിവിധ നിരക്കിലുള്ള മില്യണിലേറെ പ്രോഡക്ടുകളും സേവനങ്ങളും CCRB ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാൻ കഴിയും. ഒരു ഇൻവെസ്റ്റ്മെൻറായും സാധാരണ ഷോപ്പിംഗിനായും CCRB ഉപയോഗിക്കാം. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.
നേരിട്ടു വാങ്ങിയ്ക്കുന്നത് കൂടാതെ ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് രാജകുടുംബത്തിൽ അഞ്ചാമത്തെ കിരീടാവകാശി പിറന്നു. സെന്റ് ജോർജ് ഡേയിലാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് രാജകുമാരന് ജന്മം നല്കിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് കേറ്റ് രാജകുമാരിയെ സെൻട്രൽ ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് രാജകുമാരൻ ജനിച്ചത്. 8 പൗണ്ടും 7 ഔൺസും തൂക്കമുണ്ട് കുട്ടിക്ക്. 11.01 നാണ് രാജകുമാരൻ ജനിച്ചതെന്ന് കെൻസിംഗ്ടൺ പാലസ് ഔദ്യോഗികമായി അറിയിച്ചു. പ്രിൻസ് വില്യമിന്റെയും പ്രിൻസസ് കേറ്റിന്റെയും മൂന്നാമത്തെ കുട്ടിയാണിത്. പ്രിൻസ് ജോർജിനും പ്രിൻസസ് ഷാർലറ്റിനും ശേഷം കിരീടാവകാശിയായി എത്തിയിരിക്കുന്ന രാജകുമാരൻ പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടും.
രാജകുമാരന്റെ ജനനത്തിൽ ബ്രിട്ടനിൽ ആഘോഷം തുടങ്ങി. ലണ്ടനിൽ സെന്റ് മേരീസ് ഹോസ്പിറ്റലിനു മുന്നിൽ വേൾഡ് മീഡിയ ബ്രിട്ടനിലെ കിരീടാവകാശിയുടെ വരവ് റിപ്പോർട്ട് ചെയ്യാനായി ദിവസങ്ങൾക്കു മുമ്പെ തമ്പടിച്ചിരുന്നു. രാജകുടുംബത്തിന്റെ ആരാധകരായ പലരും ആഴ്ചകൾക്കു മുമ്പെതന്നെ ഇവിടെ താത്ക്കാലിക താമസം തുടങ്ങിയിരുന്നു. സീനിയർ റോയൽ ഡോക്ടർമാരായ കൺസൽട്ടന്റ് ഒബ്സ്റ്റട്രീഷ്യൻ ഗൈ തോർപ്പ് ബോസ്റ്റൺ, കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് അലൻ ഫാർത്തിംഗ് എന്നിവരാണ് രാജ ജനനത്തിന് മേൽനോട്ടം വഹിച്ചത്.
മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്
പരമ്പരാഗതമായി അധോലോകത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം സ്വര്‍ണവും മയക്കുമരുന്നും മറ്റു കള്ളക്കടത്ത് നടത്തി ലഭിക്കുന്ന ലാഭമായിരുന്നു. വിദേശങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണത്തിനുള്ള വിലക്കുറവ് ഇത്തരക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് പ്രിയം മഞ്ഞലോഹത്തോടല്ല മറിച്ച് പെട്രോളിയം ഉല്‍പന്നങ്ങളോടാണ്. കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കള്ളക്കടത്തിലൂടെ ലഭിക്കുന്ന അമിതമായ ലാഭമാണ് കളക്കടത്തുകാരെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനുകാരണമാകുന്നതോടെ പെട്രോളിനും ഡീസലിനും ഇന്ത്യയില്‍ ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് ഈടാക്കുന്ന അമിതമായ വിലയാണ്. ഒരു പക്ഷേ ലോകത്ത് മറ്റു ഭാഗങ്ങളിലെ ജനങ്ങള്‍ അവശ്വസനീയമായി തോന്നുന്ന ഈ കള്ളക്കടത്തിന് കാരണങ്ങള്‍ ചികയുമ്പോള്‍ സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ജനവഞ്ചനയുടെ കഥകള്‍ കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.
ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുലക്ഷം ലിറ്റര്‍ ഡീസല്‍ കഴിഞ്ഞ ദിവസം ചെന്നൈ തുറമുഖത്തുനിന്ന് പിടികൂടിയതോടു കൂടിയാണ് കാലങ്ങളായി നടക്കുന്ന വലിയൊരു കള്ളക്കടത്തിന്റെ വിവരങ്ങള്‍ പൊതുജന ശ്രദ്ധയില്‍പെടുന്നത്. ഡീസല്‍ കടത്തുന്ന സംഘത്തിലെ നാലുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രസ്തുത സംഘം കാലങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തി തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം നടത്തുകയായിരുന്നു. 14 കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ സി.ആര്‍.ഐ പിടിച്ചെടുത്തു. 18 കോടിയോളം രൂപ വിലമതിക്കുന്ന 65 ലക്ഷം ലിറ്റര്‍ ഡീസല്‍ ഇതിനോടകം ഇവര്‍ കള്ളക്കടത്ത് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിനായി ദുബായില്‍ വ്യാജകമ്പനിയുണ്ടാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തിലുള്ള പല സംഘങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം.
പെട്രോളിയം ഉല്‍പന്നങ്ങള്‍ കള്ളക്കടത്തുകാരുടെ പ്രിയ വസ്തുവാകാന്‍ കാരണം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിന്റെ മററുഭാഗങ്ങളില്‍ ഡീസലിനും പെട്രോളിനും വിലയിലുളള വലിയ വ്യത്യാസമാണ്. മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനുശേഷം ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ദിനംപ്രതി വിലയുയര്‍ത്തുന്ന നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ക്രൂഡോയിലിന്റെ വിലയ്ക്ക് ആനുപാതികമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയാത്ത ഏകരാജ്യമാണ് ഇന്ത്യ. ഇതുവഴി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കോര്‍പ്പറേറ്റ് കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയുടെ കൊള്ളലാഭമാണ് ലഭിച്ചത്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് പെട്രോളിനും ഡീസലിനും വില വര്‍ധനവ് ഉണ്ടാകുമ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരും ആലങ്കാരികമായി കാളവണ്ടിയില്‍ യാത്ര ചെയ്തവരും നിശബ്ദമായിരുന്ന സമീപകാല ഇന്ത്യ കണ്ട വന്‍ വഞ്ചനയ്ക്ക് കുടപിടിക്കുന്ന് കാഴ്ചയാണ് കാണുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മൊത്തവില സൂചികയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. സര്‍ക്കാരിന് ജനക്ഷേമത്തിലാണ് താല്‍പര്യമെങ്കില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ മാറ്റിവച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യാന്തര നിലവാരത്തിലെത്തിക്കണം.
സുധി വല്ലച്ചിറ
ലണ്ടന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെ തന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ജൂലായ് 1-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424
ഹാളിന്റെ വിലാസം
Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP2 5SB
തിരുവനന്തപുരം∙ കോവളത്തു കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി സഹോദരി ഇലീസ്. ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുമെന്നും ഇലീസ് പറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു.
വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് ശിരസ്സറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാട്ടിനുള്ളിലാണു ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫൊറിൻസിക് പരിശോധനയിൽ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.
അതേസമയം ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നു സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ അറിയിച്ചു. ഇദ്ദേഹം ഇലീസിനെ സന്ദർശിക്കുകയും ചെയ്തു.
നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ചെലവ്, ലിഗയുടെ ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി റാണി ജോർജിന്റെയും അനുശോചനവും ബാലകിരൺ ഇലീസിനെ അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടർ വി.എസ്.അനിൽ, അസി. പ്ലാനിങ് ഓഫിസർ ജി.ജയകുമാരൻ നായർ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.