ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത അമേരിക്കന്‍ ഹാസ്യനടന്‍ ബില്‍ കോസ്ബി കുറ്റക്കാരനെന്നു കോടതി. കോസ്ബിയെ മൂന്ന് തവണയായി പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നത്. മോണ്ട് ഗോമറി കൌണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്.

2004 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരിയായ ആന്‍ഡ്രി കോണ്‍സ്റ്റഡ് എന്ന യുവതിയെ മയക്കുമരുന്ന് നല്‍കി ബില്‍ കോസ്്ബി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ബില്‍ കോസ്ബി കുറ്റക്കാരനാണെന്ന് വ്യക്തമാണെന്നും ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ സാധ്യമല്ലെന്നും കോടതി പറഞ്ഞു.

നിശബ്ദ വിപ്ലവത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും കോസ്ബിക്ക് ജാമ്യം അനുവദിക്കരുതെന്നും വാദിച്ച പ്രോസിക്യൂട്ടര്‍ സ്വകാര്യവാഹനത്തില്‍ പറക്കാനാണ് പലര്‍ക്കും താല്‍പര്യമെന്നും അതിനുകാരണം പരിമിതികളില്ലാത്ത സമ്പത്താണെന്നു പറഞ്ഞു. എന്നാല്‍ സ്വന്തമായി വിമാനമില്ലെന്ന് പരിഹസിച്ചായിരുന്നു കോസ്ബിയുടെ മറുപടി. അതേസമയം, വിധിയില്‍ സന്തോഷമുണ്ടെന്ന് ആന്‍ഡ്രി കോണ്‍സ്റ്റഡ് പറഞ്ഞു. അതിനായി ഒരുപാട് യുദ്ധം ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വിധിയെ സ്വാഗതം ചെയ്ത് നിരവധിപേരാണ് രംഗത്തെത്തിയത്.

സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുവതി കോസ്ബിക്കെതിരെ പരാതി നല്‍കിയത്. പിന്നീട് 50ലധികം വനിതകളും കോസ്ബിക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സ്ത്രീകളുടെ തുറന്നുപറച്ചിലായ മീറ്റൂ ക്യാമ്പയിന്‍ ശ്രദ്ധനേടുമ്പോള്‍ തന്നെ ഇത്തരമൊരു കേസില്‍ ശിക്ഷാവിധിയുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം.