ന്യുയോര്‍ക്ക്: കോളനിവാഴ്ച്ചയില്‍ നിന്നു മോചിതരായ രാജ്യങ്ങളില്‍ പലതും പരാജയപ്പെട്ടത് ജനാധിപത്യ അടിത്തറക്കുള്ള സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വരുത്തിയ വീഴ്ച കൊണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം. എന്നാല്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇത്തരം സ്ഥാപനങ്ങള്‍ക്ക് വ്യക്തമായ അടിത്തറ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ന് ഈ മഹനീയ സ്ഥാപങ്ങള്‍ നിലനില്‍പിനു ഭീഷണി നേരിടുന്നു. അതിനെ നേരിടാന്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത് ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ പ്രവാസി സമൂഹം ആശങ്കാകുലരാണ്. ഇതിനെതിരെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും എ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങളോട് ഏകോപിപ്പിക്കും. അതു പോലെ തന്നെ അമേരിക്കയില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.
മനസാക്ഷി സ്വാതന്ത്യം എല്ലാ സ്വാതന്ത്ര്യങ്ങളിലും ഏറ്റവും പ്രധാനമാണ്. അത് സ്വയാര്‍ജിതവും ദൈവ ദത്തവുമാണ്. അതിനെ പിച്ചിച്ചീന്തന്‍ ആര്‍ക്കും അവകശമില്ല. വ്യത്യസ്ഥ മതവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഓവര്‍സീസ് കോണ്‍ഗ്രസ് 2001-ല്‍ ന്യുയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തതിനു മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് അദ്ദേഹം നന്ദി പറഞ്ഞു. എ.ഐ.സി.സിയുടെ കീഴില്‍ സ്ഥാപിതമായ ഓവര്‍സീസ് കോണ്‍ഗ്രസ് വിഭാഗം ചെയര്‍മാനായി സാം പിട്രോഡയെ നിയമിച്ചതിനും നന്ദി പറഞ്ഞു. പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ പങ്കെടുത്തു. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് തുടങ്ങിയവര്‍ പങ്കെടുത്തു.