ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്റെ (LUKA) പത്താം വാര്‍ഷിക ആഘോഷവും അസോസിയേഷന്റെ സോവനീര്‍ പ്രകാശനവും ഈ മാസം ശനിയാഴ്ച 14 നു വൈകിട്ട് 5 മണിക്ക് ലൂസി ലൂസി ഫാം ലേര്‍ണിംഗ് സെന്ററില്‍ ആരംഭിക്കും. നയന മനോഹരമായ ഒട്ടേറെ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്.
ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷത്തിന് സദ്യ ഒരുക്കുന്നത് ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷനിലെ അംഗങ്ങളുടെ ഒരു കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ്. വൈവിധ്യങ്ങളായ ഒട്ടേറെ കലാപരിപാടികള്‍ ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ഈ മനോഹരമായ ആഘോഷത്തിന് ല്യൂട്ടനിലുള്ള എല്ലാ മലയാളികളെയും LUKA സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപെടുക:
റാഫേല്‍ ഡി ക്രൂസ്- പ്രസിഡണ്ട് :07828454276
അനില്‍ എബ്രഹാം- സെക്രട്ടറി :07450077856
റെജി നന്തികാട്ട്
ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച നൃത്ത സംഗീത സന്ധ്യ വര്‍ണ്ണനിലാവ് ജനപങ്കാളിത്വത്തിലും അവതരണ മികവിലും ഗംഭീര വിജയം. 2018 ഏപ്രില്‍ 7 ന് വൈകുന്നേരം 5 ന് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതോടെ കലാ സന്ധ്യയ്ക്ക് തുടക്കമായി. റോയി വര്‍ഗീസ് സ്വാഗതവും മനീഷ ഷാജന്‍ പ്രാര്‍ത്ഥന ഗാനവും ആലപിച്ചു. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ ബിബിന്‍രാജ് അവതരിപ്പിച്ച നൃത്തം കാണികളുടെ ശ്രദ്ധ നേടി. തുടര്‍ന്ന് യുക്മ നാഷണല്‍ കലാമേളയടക്കം നിരവധി വേദികളില്‍ സമ്മാനാര്‍ഹയായ ആന്‍ മേരി ജോജോ, യുക്മ റീജിയന്‍ കലാമേളയില്‍ സമ്മാനാര്‍ഹയായ അശ്വിനി അജിത്, ജോവാന പ്രകാശ് എന്നിവര്‍ ഭാരതനാട്യവും ആന്‍ മേരി ജോജോ, അശ്വിനി അജിത്, ലിയാന വില്യംസ്, ഡെബ്ബി ജെയിംസ്, ബിയാട്രീസ് ബിജു തുടങ്ങിയവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും കാണികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി. യുകെയിലെ സംഗീത വേദികളിലെ സ്ഥിരം ഗായകരായ റോയി സെബാസ്റ്റ്യന്‍, വക്കം ജി സുരേഷ്‌കുമാര്‍, ജോമോന്‍ മാമൂട്ടില്‍, അനീഷ് ജോര്‍ജ്, ടെസ്സമോള്‍ ജോര്‍ജ്ജ്, കുട്ടി ഗായകരായ ടെസ്സ സൂസന്‍ ജോണ്‍, ഡെന്ന ആന്‍ ജോമോന്‍, ഇവനാ സോജന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ച് വര്‍ണ്ണനിലാവിനെ സംഗീത സാന്ദ്രമാക്കി. എന്‍ഫീല്‍ഡില്‍ നിന്നെത്തിയ ദീപ്തി മനോജ് വളരെ മനോഹരമായി കവിത ആലപിച്ചു.
ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സാഹിത്യ വേദി പുരസ്‌കാരം ചടങ്ങിനോടനുബന്ധിച്ചു നടന്നു. പ്രമുഖ നാടകനടനും സംവിധായകനുമായ ബോഡ്വിന്‍ സൈമണ് യുകെയിലെ നാടക രംഗത്ത് സുപരിചിതനായ ശശി കുളമടയും ഷോര്‍ട്ട് ഫിലിം രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ ഷാഫി ഷംസുദിന് യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാനും അഭിനേതാവും ആയ സി.എ ജോസഫും പുരസ്‌കാരങ്ങള്‍ നല്‍കി. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി ബീന റോയ് എഴുതിയ ക്രോകസിന്റെ നിയോഗങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം യുക്മ നാഷണല്‍ പ്രസിഡന്റ് മാമന്‍ ഫിലിപ്പ് പ്രമുഖ സാഹിത്യകാരി സിസിലി ജോര്‍ജിന് പുസ്തകത്തിന്റെ ആദ്യ കോപ്പി നല്‍കികൊണ്ട് നിര്‍വഹിച്ചു. പ്രസിദ്ധ എഴുത്തുകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി സംസാരിച്ചു.
ലണ്ടന്‍ മലയാള സാഹിത്യവേദി 2017 ല്‍ നടത്തിയ സാഹിത്യ മത്സരത്തിന്റെ സമ്മാനങ്ങള്‍ ബീന റോയ്, മാത്യു ഡൊമിനിക്,ലിജി സെബി എന്നിവര്‍ സ്വീകരിച്ചു സാഹിത്യകാരിയും പ്രഭാഷകയുമായ കമല മീരയും സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ജേക്കബ് കോയിപ്പള്ളിലും സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാഭാസ രംഗത്തെ പ്രവര്‍ത്തങ്ങളെ മാനിച്ചു ഗ്ലോബല്‍ സ്റ്റഡി ലിങ്ക് എംഡി റെജുലേഷും, സാമൂഹ്യ രംഗത്തെ പ്രവര്‍ത്തങ്ങള്‍ മാനിച്ച് ഷിജു ചാക്കോ, ജിബി ജോര്‍ജ്ജ് എന്നിവരെയും ‘അമ്മ ചാരിറ്റി എന്ന സംഘടനയെയും വേദിയില്‍ ആദരിച്ചു. അഡ്വ.പോള്‍ ജോണ്‍, സുഗതന്‍ തെക്കേപ്പുര, ജോഷി ജോണ്‍, കുര്യാക്കോസ് സാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യുകെയിലെ ഗാന രംഗത്ത് വളരെ സുപരിചിതനായ ഉണ്ണികൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും വര്‍ണ്ണ നിലാവിന്റെ വിജയത്തിന്റെ പ്രധാന ഘടകമായ ശബ്ദ പ്രകാശവും നിയന്ത്രിക്കുന്നതിന്റെ തിരക്കില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ സാധിച്ചില്ല. അതൊരു വേദനയായി. ഗ്രേസ് മെലഡീസ് ആയിരുന്നു വര്‍ണ്ണനിലാവിന്റെ ശബ്ദവും പ്രകാശവും നിയന്ത്രിച്ചത്. വര്‍ണ്ണനിലാവിന്റെ അവതാരകയായി സീന അജീഷ് തിളങ്ങി. ലണ്ടന്‍ മലയള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് കൃതജ്ഞത രേഖപ്പെടുത്തി.
യുകെയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം പരിപാടിയെ പ്രൗഢ ഗംഭീരമാക്കി. അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ നഴ്‌സസ് ഫോറം മുന്‍ പ്രസിഡണ്ടും സോഷ്യല്‍ ആക്ടിവിസ്റ്റുമായി എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ മുരളി മുകുന്ദന്‍, പ്രിയന്‍ പ്രിയവര്‍ധന്‍ അഡ്വ.പോള്‍ ജോണ്‍, സുഗതന്‍ തെക്കേപ്പുര, കേരളത്തില്‍ നിന്നെത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ കുര്യാക്കോസ് സാര്‍, ഫ്രഡിന്‍, സോജന്‍ എരുമേലി, ശ്രീജിത്ത് ശ്രീധരന്‍, ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് പ്രസിഡണ്ട് ജോഷി ജോണ്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
വര്‍ണ്ണനിലാവിന്റെ വന്‍വിജയത്തിനു പിന്നില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി ടോണി ചെറിയാന്റെയും ഷാജന്‍ ജോസഫിന്റെയും നേതൃത്വത്തില്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടനായ ബിജു ഗോപിനാഥ് തന്റെ ബിസിനസ്സിന്റെ പരസ്യം ഒരിക്കല്‍ പോലും പറയരുതെന്ന് പറഞ്ഞു കൊണ്ട് നല്‍കിയ നിര്‍ലോഭമായ സാമ്പത്തിക സംഭാവന, നിരവധി പരിപാടികള്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടും ജനപങ്കാളത്തത്തിനു ഒരു കുറവും വരാതെ നോക്കിയ ടോണി ചെറിയന്റെയും ഷാജന്‍ ജോസഫിന്റെയും പ്രവര്‍ത്തനങ്ങളും നമ്മുടെ നാടിന്റെ കലകള്‍ തങ്ങളുടെ കുട്ടികളും പഠിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും അങ്ങനെ നിരവധി ഘടകങ്ങള്‍ ഉണ്ട്.
പരിപാടിയുടെ വിജയത്തിനായി ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, എബ്രഹാം വര്‍ക്കി വാഴൂര്‍, റോയി വറുഗീസ്, ബിജു തോമസ്, ജോര്‍ജ്ജ് ജോണ്‍, ജിജോയി മാത്യു ,ഡെയ്‌സി ടോണി, ജോസി ഷാജന്‍ എന്നിവര്‍ അടങ്ങിയ കമ്മറ്റി പ്രവര്‍ത്തിച്ചു.
മകന്റെ മാമോദീസാ സര്‍ട്ടിക്കറ്റ് നല്‍കാതെ ഗൃഹനാഥനെ വട്ടംചുറ്റിച്ച് ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി. മണിമല സെന്റ് ബേസില്‍സ് പള്ളി വികാരി ഫാ. ജോണ്‍ വി തടത്തിലിനെതിരെ പരാതിയുമായി ഇടവാകാംഗമായ ബോബി ആന്റണി പടിയറയാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സമീപിച്ചത്.
2015 ഡിസംബര്‍ 24ന് കൂദാശ ചെയ്ത പള്ളിയുടെ നിര്‍മാണത്തിനായി ഇടവകാംഗമായ ബോബിക്ക് ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പള്ളി കമ്മറ്റിക്കാര്‍ ടാര്‍ജറ്റ് നല്‍കിയത്. യു.കെയിലുള്ള ബോബി തന്റെ എറണാകുളത്തുള്ള വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ഈ തുക നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞിരുന്നു. പിന്നീട് പണം നല്‍കാമെന്ന് സമ്മതിക്കുകയും ഇതില്‍ 60000 രൂപ നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ നല്‍കേണ്ട തുക ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി വികാരിയും പള്ളിക്കമ്മറ്റിക്കാരും ചേര്‍ന്ന് ഉയര്‍ത്തി. ഇതിനിടെ വീടു നിര്‍മ്മാണം പൂര്‍ത്തിയായി വെഞ്ചരിച്ച് നല്‍കണമെന്ന അപേക്ഷയുമായി എത്തിയ ബോബിയോട് ബാക്കി തുക നല്‍കാതെ വീട് വെഞ്ചരിക്കില്ലെന്നു നിലപാട് വികാരി ജോണ്‍ വി തടത്തില്‍ സ്വീകരിച്ചു. പള്ളിക്കമ്മറ്റിക്കാര്‍ സമ്മതിക്കില്ല എന്നായിരുന്നു വികാരി അന്നു പറഞ്ഞത്.
വീട് വെഞ്ചരിക്കണമെങ്കില്‍ ബാക്കി തുകയുടെ പോസ്റ്റ് ഡേറ്റ് ചെക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇതു നല്‍കിയ ശേഷമാണ് വീടു വെഞ്ചരിച്ചത്. തുടര്‍ന്ന് ബോബി സാമ്പത്തിക ഞെരുക്കത്തിലായതോടെ ഈ ചെക്ക് മടങ്ങിയിരുന്നു. ഈ സംഭവത്തിനുശേഷം യു,കെയില്‍ ആയിരുന്നു ബോബിയും കുടുംബവും.
യു.കെയിലെ നോട്ടിംങാം രൂപതയിലെ ലിങ്‌ഗോള്‍ഷെയര്‍ സെന്റ് മേരീസ് കത്തോലിക്കാ ഇടവകയില്‍ മകന്റെ ആദ്യകുര്‍ബാന സ്വീകരണത്തിനായി നല്‍കാനായി അവിടുത്തെ വികാരിയച്ചന്‍ കുട്ടിയുടെ മാമോദീസാ സര്‍ട്ടിഫിക്കറ്റ് ബോബിയോട് ആവശ്യപ്പെട്ടു. ഇതിനായി മണിമലയിലെ പള്ളിവികാരി ഫാ. ജോണ്‍വി തടത്തിലിനെ ബന്ധപ്പെട്ടപ്പോള്‍ പള്ളി പണിക്ക് നല്‍കാമെന്നു പറഞ്ഞ പണം മുഴുവന്‍ നല്‍കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നു മറുപടി നല്‍കുകയായിരുന്നു. പിന്നീട് പിറ്റേ ആഴ്ചത്തെ കുര്‍ബാന മധ്യേ ബോബി വണ്ടിച്ചെക്കു നല്‍കി പള്ളിയെ കബളിപ്പിച്ചുനെന്നും വികാരി പ്രസംഗിച്ചതായി കര്‍ദിനാളിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് രണ്ടുതവണ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളിനെ നിയോഗിച്ചുവെന്നാണ് സൂചന.
പക്ഷേ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. മാമോദീസ നടത്തിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടും ഇല്ല. ഇതു അറിഞ്ഞതിനുശേഷമാണ് ഫാ. ജോണ്‍ വി തടത്തില്‍ ബോബിയെയും കുടുംബത്തിനെയും അപമാനിക്കുന്ന തരത്തില്‍ പള്ളിയില്‍ പ്രസംഗം നടത്തിയത്. പള്ളിയില്‍ ഇടവകാംഗങ്ങശുടെ മുന്നില്‍ പരസ്യമായി അപമാനിക്കപ്പെട്ടതിനാല്‍ ഇനിയും ആ പള്ളിയില്‍ പോകാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും പള്ളിയിലേക്ക് തന്റെ ഇടവകാംഗത്വം മാറ്റിത്തരണമെന്നും ബോബി നല്‍കിയ പരാതിയില്‍ കര്‍ദിനാളിനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ബോബി ആന്റണി പടിയറ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകർപ്പ്
It is very sad to let you know that your kind assurances didn’t bring any impact with the the matter I raised and the other side it ended up in losing my morality in the public. It is a matter now is seriously affecting my 70 year old mother who is a widow living on her own, a regular church goer . As a result of the insulting from the father vicar my mother is totally upset mentally and I am really worried that her health . She was unable to go to that church though it is holy thursday after the insulting by Fr. Thadathil during Sunday mass.
At this point I am strongly thinking that I have to admit it is my mistake too to approach the church authorities for a simple certificate. I feel sorry about my faith as a member of syro malabar church. They are challenging my existence……. sorry to say this. If you have some time kindly read the below, and this is the root cause they are haunting me. I am using Malayalam, because it is more helpful to express my feelings in a better way
നേരത്തെ പറഞ്ഞ കാര്യം ഒന്ന് കൂടി സംക്ഷേപിച്ചു പറയാനാണ് ഈ ലെറ്റർ എഴുതുന്നത് . ഇത് വേണ്ട വേണ്ട എന്ന് വിചാരിച്ചിരുന്നത് ആണ് പക്ഷെ ഞങ്ങളുടെ വികാരി Fr ജോൺ വി തടത്തിൽ കുർബാന മദ്ധ്യേ എന്നെയും എന്റെ കുടുംബാംഗങ്ങളെ മുഴുവനെയും അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിക്കുകയുണ്ടായി.വണ്ടിച്ചെക്കു കൊടുത്തു പള്ളിയെ പറ്റിച്ച ഒരു കള്ളനായി എന്നെ ചിത്രീകരിച്ചു.
ഈ പറയുന്ന വണ്ടിച്ചെക്കു കേസിന്റെ ചരിത്രം എന്താണെന്നു വച്ചാൽ ഏതാനും വര്ഷങ്ങള്ക്കു മുൻപ് വളരെയധികം കഷ്ടപ്പെട്ടും കടം വാങ്ങിയും ഒരു വീട് ഞാൻ നിർമിച്ചു. പ്രസ്തുത പള്ളി പണിയും ഏതാണ്ട് ഈ കാലഘട്ടത്തിൽ ആണ് നടക്കുന്നത് . എന്റെ പേരിൽ എന്നോട് ചോദിക്കാതെ അടിച്ചേൽപ്പിച്ചിരുന്ന തലവരി ഒരു ലക്ഷം രൂപ ആയിരുന്നു.മനസ്സില്ല മനസോടു കൂടിയാണെങ്കിലും ഞാൻ അത് സമ്മതിച്ചു. എന്നാൽ പിന്നീടാണ് അറിയുന്നത് ഈ ഒരു ലക്ഷം എന്നത് രണ്ടാക്കിയെന്നും ഞാൻ നിർബന്ധമായും അത് കൊടുക്കണമെന്നും ആവശ്യപ്പെടുന്നത്.
മുൻപ് പറഞ്ഞ ഒരു ലക്ഷത്തിൽ ഏതാണ്ട് അറുപതിനായിരം രൂപ അപ്പോൾ ഞാൻ കൊടുത്തിരുന്നു. എന്നാൽ എന്റെ വീട് ഒന്ന് വെഞ്ചിരിക്കണം എന്ന് പറഞ്ഞപ്പോൾ പള്ളിയിലെ കമ്മിറ്റിക്കാർ സമ്മതിക്കുകയില്ല, വെഞ്ചരിപ്പ് നടത്തണമെങ്കിൽ ബാക്കി മുഴുവൻ തുകയുടെയും പോസ്റ്റ് ഡേറ്റഡ് ചെക്ക് വേണമെന്ന് നിർബന്ധമായും ആവശ്യപ്പെട്ടു . അപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് സാമ്പത്തികമായി ഞാൻ അത്ര നല്ല നിലയിൽ അല്ല ഇപ്പോൾ ഈ ആക്കൗണ്ടിൽ പണം ഒന്നും ഇല്ല എന്ന്. എന്നിട്ടും എന്നോട് ബലമായി ചെക്ക് വാങ്ങിയിട്ടാണ് വീട് വെഞ്ചരിച്ചത് .
അന്നത്തെ വികാരി അച്ഛനെ ഞാൻ കുറ്റം പറയുന്നില്ല കമ്മിറ്റിക്കാരുടെ pressure കാരണം ആണ് അദ്ദേഹം അത് ചെയ്‌തിട്ടു എന്നാണ് ഞാൻ കരുതുന്നത്. ഈ പറയുന്ന ചെക്കുകൾ ആണ് മടങ്ങിയത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഇതിലും പ്രാധാന്യമുള്ള അനേകം കാര്യങ്ങൾ ചെയ്യാറുണ്ടായിരുന്നു .
ഇപ്പോഴത്തെ വിഷയത്തിലേക്കു വരാം, എന്റെ പത്തു വയസായ മകന്റെ ആദ്യ കുർബാന സ്വീകരണവുമായി ബന്ധപ്പെട്ടു എന്റെ UK ലെ ഇടവക പള്ളിയിലെ ഇംഗ്ളീഷ് അച്ഛൻ മാമോദിസ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ മണിമല പ്രസ്തുത എന്റെ ഇടവക പള്ളിയിലെ അച്ഛനെ ബന്ധപ്പെട്ടപ്പോൾ തരാനുള്ള തുക മുഴുവൻ തരാതെ സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന് പറഞ്ഞു.ഈ വിവരം ഞാൻ ഇങ്ങനെ തന്നെ ഇംഗ്ലീഷ് അച്ഛനെ അറിയിച്ചു.
അദ്ദേഹം വളരെ വികാരാധിനനായി കാണപ്പെട്ടു.അദ്ദേഹം പിറുപിറുത്ത വാക്കുകളിൽ എനിക്ക് കേൾക്കാം ഇങ്ങനെയാണ് ഓരോ സഭയുടെയും നാശം തുടങ്ങിയത് എന്ന്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഞാൻ ബഹുമാനപെട്ട കർദിനാൾ തിരുമേനിയുമായി ബന്ധപ്പെടുന്നതും അവിടെനിന്നും ഏറ്റവും ആസ്വാസകരമായ മറുപടികൾ കിട്ടിയതും. പ്രസ്തുത മറുപടികൾ പ്രകാരം എത്രയും പെട്ടെന്ന് എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരാമെന്നും അതിനായി ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞു.
അതിന്റെ ബഹിസ്ഫുരണമായിരിക്കാം എന്നെയും കുടുംബത്തെയും കുർബാന മദ്ധ്യേ അപമാനിക്കുന്നതിൽ വരെ എത്തിയത് എന്ന് വിശ്വസിക്കുന്നു. അതിലുള്ള അതിയായ അമർഷവും ദേഷ്യവും ഇതിനാൽ ഞാൻ രേഖപ്പെടുത്തിക്കൊള്ളുന്നു. എന്നെ ചെക്ക് തട്ടിപ്പുകാരായ ഇടവകക്കാരായി വിശ്വസിക്കുന്ന കുറച്ചെങ്കിലും ഉള്ള പൊതുജനത്തിന്റെ അറിവിലേക്ക് ഇത് എത്തിക്കണം എന്നും ഉദ്ദേശിക്കുന്നു .
ചെറുപ്പ കാലം മുതൽക്കേ വളരെ കഷ്ടപ്പാടു നിറഞ്ഞ സാഹചര്യത്തിൽ വളർന്ന എനിക്ക് പണത്തിന്റെ വില നന്നായി അറിയാം. ഇപ്പോഴും ഞാൻ കടത്തിൽ തന്നെയാണ് ജീവിക്കുന്നത് പക്ഷെ ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം ഉണ്ടോ . അതുകൊണ്ടു അഭിവന്ദ്യ പിതാവിനോട് എനിക്ക് നീതി നടത്തി തരണം എന്ന് ഞാൻ അപേക്ഷിക്കുന്നു . അതോടൊപ്പം അപമാനിക്കപ്പെട്ടതിനാൽ ഇനിയും ആ പള്ളിയിൽ പോകാൻ എനിക്ക് മടിയുള്ളതുകൊണ്ടും,കുട്ടികളുടെ മാനസിക നിലയെ ഓർത്തും ദയവായി മറ്റേതെങ്കിലും പള്ളിയിലേക്ക് എന്റെ ഇടവകാംഗത്വം മാറ്റിത്തരുന്നതിനു കനിവുണ്ടാകണം എന്നും അപേക്ഷിക്കുന്നു .
ഈ പ്രശ്നത്തിന് ശേഷം എന്റെ മാതാവിന്റെ ആരോഗ്യനിലയെപ്പറ്റി ഞാൻ ഉൽക്കണ്ഠകുലനാണ്, ഞങ്ങളെ ഇനിയും മാനസികമായി തകർക്കരുത് എന്നും അങ്ങയെ വിനയപൂർവം അറിയിക്കുന്നു .
ന്യൂസ് ഡെസ്ക്.
ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ ഡീസെൻട്രലൈസ്ഡ് ബിസിനസ് മോഡലിന് സ്വീകാര്യതയേറുന്നു. വിവേകത്തോടെ സമീപിച്ചാൽ വരും കാലങ്ങളിൽ ലോക സാമ്പത്തിക രംഗം നിയന്ത്രിക്കാൻ കഴിയുന്ന വൻ ശക്തിയായി ക്രിപ്റ്റോ കറൻസി മാറുമെന്ന് പുതിയ സംഭവ വികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബിറ്റ്കോയിനിന്റെയും മറ്റു ഡിജിറ്റൽ കറൻസികളുടെയും വിലയിൽ വന്ന വൻ ഏറ്റക്കുറച്ചിലുകൾ ഒരു താത്കാലിക പ്രതിഭാസം മാത്രമെന്ന സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ശരിവച്ചുകൊണ്ടാണ് ലോകം പുതിയ പുതിയ ബിസിനസ് മോഡലിനെ പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്.
യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ ലോകമെമ്പാടും ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.
ഇതിനിടെ ഡിജിറ്റൽ കറൻസി മാർക്കറ്റിൽ വൻ കുതിച്ചു ചാട്ടത്തിന് നാന്ദി കുറിച്ച് 22 യൂറോപ്യൻ രാജ്യങ്ങൾ ബ്ലോക്ക് ചെയിൻ പാർട്ട്ണർഷിപ്പ് രൂപീകരിച്ചു. യൂറോപ്യൻ കമ്മീഷന്റെ “ഹൊറൈസോൺ 2020” എന്ന പ്രോജക്ടിന്റെ ഭാഗമായി 300 മില്യൺ യൂറോയാണ് ബ്ലോക്ക് ചെയിൻ റിസർച്ചിനായി ഉപയോഗിക്കുന്നത്. സാമൂഹിക, സാമ്പത്തിക, ടെക്നിക്കൽ മേഖലകളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിന്റെ പ്രാരംഭ നടപടിയായി 80 മില്യൺ യൂറോ ഈ പ്രോജക്ടിനായി വകയിരുത്തിക്കഴിഞ്ഞു. ബൃഹത്തായ സിംഗിൾ ഡിജിറ്റൽ മാർക്കറ്റ് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് 22 യൂറോപ്യൻ രാജ്യങ്ങളുടെ പാർട്ണർഷിപ്പ് വഴി ശ്രമിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽപ്പെട്ട മാൾട്ട ക്രിപ്റ്റോ കറൻസിയും ബ്ലോക്ക് ചെയിൻ ടെക്നോജിയും വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിനെ മാൾട്ട തങ്ങളുടെ സാമ്പത്തിക മേഖലയിലേയ്ക്ക് ക്ഷണിച്ചു കഴിഞ്ഞു. രാജ്യത്തെ നിയമങ്ങൾ ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തിന് അനുസരണമായ രീതിയിൽ ഭേദഗതി ചെയ്യാനും മാൾട്ട നീക്കം തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുഴുവനായിത്തന്നെ ക്രിപ്റ്റോ കറൻസിയ്ക്കും ബ്ലോക്ക് ചെയിൻ ടെക്നോളജിയ്ക്കും സുതാര്യത വരുത്താനുള്ള കൂട്ടായ പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
യൂറോപ്യൻ നിയമങ്ങൾക്ക് അനുസൃതമായി കൃത്യമായി നിർവ്വചിക്കപ്പെട്ട മാതൃകകളിലൂടെ ബ്ലോക്ക് ചെയിൻ ടെക്നോളജി വഴിയുള്ള സേവനങ്ങൾ യൂറോപ്പിലെങ്ങും ലഭ്യമാകുന്ന അനുകൂലാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് യൂറോപ്യൻ യൂണിയൻ പാർട്ണർഷിപ്പിന്റെ ഉദ്ദേശ്യമെന്ന് വിദഗ്ദർ പറഞ്ഞു. അനന്ത സാധ്യതകളുള്ള, വിശ്വാസ്യതയുള്ളതും വികേന്ദ്രീകൃതമായ, ഉപഭോക്താവിന് പ്രാധാന്യം നല്കുന്ന ബ്ലോക്ക് ചെയിൻ ബിസിനസ് മോഡൽ സാമ്പത്തിക മേഖലയിലും സാമൂഹിക രംഗത്തും ഉത്തേജനം പകരുന്നതാണെന്ന് പാർട്ണർഷിപ്പിന്റെ പ്രസ്താവന പറയുന്നു.
ബിനോയി ജോസഫ്
ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വ്യക്തിത്വവുമായി പ്രസരിപ്പോടെ പാറി നടന്ന ആ മാലാഖ യാത്രയാവുകയാണ്.. സ്വർഗ്ഗീയാരാമത്തിലെ വിശിഷ്ട പുഷ്പമായി വിരാജിക്കുവാൻ.. നോട്ടിംങ്ങാമിലെ സമൂഹത്തെ തീരാ ദു:ഖത്തിലാഴ്ത്തി ഏപ്രിൽ അഞ്ചാം തിയതി വ്യാഴാഴ്ചയാണ് ആൽഫിൻ എലിസബത്ത് എബ്രാഹാം അകാലത്തിൽ വേർപിരിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നോട്ടിംങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൽട്ടന്റായ ഡോ.അബ്രാഹാം നെടുവംകുന്നേലിന്റെയും മേരിയുടെയും മകളാണ് ആൽഫിൻ. നോട്ടിംങ്ങാം ദി ബെക്കറ്റ് സ്കൂൾ സിക്ത് ഫോം വിദ്യാർത്ഥിനിയായ ആൽഫിന് ഒരു സഹോദരനുണ്ട് ആഷ് ലി.
പഠന രംഗത്തും കലാ സാമൂഹ്യ രംഗങ്ങളിലും പ്രതിഭ തെളിയിച്ച ആൽഫിന്റെ വേർപാട് നോട്ടിംങ്ങാം സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി. തങ്ങളോട് കളി പറഞ്ഞും ചിരിച്ചുല്ലസിച്ചും നടന്ന പ്രിയപ്പെട്ടവളായ ആൽഫിന്റെ വേർപാട് അദ്ധ്യാപകർക്കും കൂട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. സംഗീതത്തെ ജീവനോളം സ്നേഹിച്ച ആൽഫിന് പിയാനോയും വയലിനും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കൂട്ടുകാരോടൊപ്പം എന്നും പങ്കെടുത്തിരുന്ന ആൽഫിൻ നോട്ടിംങ്ങാമിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയിലും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.
നോട്ടിംങ്ങാമിലെ സെന്റ് ബർണാബാസ് കത്തീഡ്രലിലെ അൾത്താര സർവീസിലെ ടീമംഗമായിരുന്ന ആൽഫിൻ എലിസബത്ത് എബ്രഹാം, കമ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. താൻ ശുശ്രൂഷ ചെയ്ത ബലിപീഠം സാക്ഷിയാക്കി തന്റെ ഉറ്റവരോടും സ്നേഹിതരോടും ആൽഫിൻ യാത്ര പറയും. ഏപ്രിൽ 14 ശനിയാഴ്ച രണ്ടു മണിക്ക് ആൽഫിന്റെ സംസ്കാര ശുശ്രൂഷകൾ സെന്റ് ബർണാബാസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം ബ്രാംകോട്ട് ക്രെമറ്റോറിയത്തിലേയ്ക്ക് കൊണ്ടു പോകും. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ പുഷ്പങ്ങൾ അർപ്പിക്കേണ്ടതില്ലെന്നും ചാരിറ്റബിൾ ഡൊണേഷനുകൾ AW Lymn ഫ്യൂണറൽ സർവീസിന് കൈമാറാവുന്നതാണെന്നും ആൽഫിന്റെ കുടുംബം അറിയിച്ചു. ആൽഫിന്റെ ഇഷ്ട നിറമായിരുന്ന റെഡ് തീമിലുള്ള വസ്ത്രങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ അണിയുന്നത് അഭികാമ്യമാണെന്നും കുടുംബം പറഞ്ഞു.
ആൽഫിൻ എലിസബത്ത് എബ്രാഹാമിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കുചേരുന്നു.
സംസ്കാര ശുശ്രൂഷ നടക്കുന്ന നോട്ടിങ്ങാം സെന്റ് ബർണാബാസ് കത്തീഡ്രലിന്റെ അഡ്രസ്
Cathedral Church of St. Barnabas, Derby Road, Nottingham, NG1 5AE
ജെഗി ജോസഫ്.
ബ്രിസ്‌ക സര്‍ഗ്ഗോത്സവം ഇക്കുറിയും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമാകും. വിവാഹത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ബ്രിസ്‌ക ആദരിക്കുന്നു. തീര്‍ത്തും വ്യത്യസ്ഥമായ ചടങ്ങാണ് പരിപാടിയുടെ ഭാഗമാകുന്നത്. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി നിമിഷങ്ങളാണ് ബ്രിസ്‌ക സര്‍ഗ്ഗോത്സവം എന്നും സമ്മാനിക്കാറ്.. ഇക്കുറിയും കപ്പിള്‍ ഡാന്‍സ് ഉള്‍പ്പെടെ വേദിയില്‍ വിവിധ മത്സരങ്ങള്‍ മാറ്റുരയ്ക്കപ്പെടും. ഓരോ മത്സരവും ഒരുപിടി പ്രതിഭകളെ സൃഷ്ടിക്കും. മാറ്റുരയ്ക്കുന്നവര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വേദിയില്‍ എത്തിക്കുമ്പോള്‍ അത് ആസ്വാദകര്‍ക്കും മികച്ചൊരു വിരുന്നായിരിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ബ്രിസ്‌ക ബ്രിസ്റ്റോളിലെ പ്രതിഭകള്‍ക്കായുള്ള മത്സങ്ങള്‍ നടത്തുകയാണ്. ഏപ്രില്‍ 21നാണ് മത്സരം. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു വരെ സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍കൂട്ടാകും. വന്‍ തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രോഷന്‍ ആരംഭിച്ചു. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.ബ്രിസ്‌ക സര്‍ഗ്ഗോത്സവം രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. അവസാന നിമിഷത്തെ തിരക്കൊഴിവാക്കാനായി നേരത്തെ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.
കളറിങ്, പെയ്ന്റിങ്, പുഞ്ചിരി മത്സരം, ഉപന്യാസം. മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സര ഇനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്രറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍ട്ട്സ് സെക്രട്രറി സെബാസ്റ്റ്യന്‍ ലോനപ്പന്‍,റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.
അഡ്രസ്
സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ
രാജേഷ് ജോസഫ്
ആലാഹനായനും അൻപൻ മിശിഹായും കാരണവന്മാരും തുണയ്ക്കണേ എന്ന പ്രാർത്ഥനയിൽ ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയോടെ ലെസ്റ്ററിലെ ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾക്കു തുടക്കമായി. സമാധാന ദൂതനായ ഈശോയുടെ സമാധാനം നമ്മുടെ ജീവിതത്തിനു മാതൃക ആകണം എന്ന തിരുവചന സന്ദേശവും ഭക്തി നിർഭരമായ ഗാനങ്ങളും ദിവ്യബലി പ്രാർത്ഥന പൂരിതമാക്കി.
5 മണിയോടെ ആരംഭിച്ച സമ്മേളനവും കലാപരിപാടികളുടെ രാഗതാളലയ വർണ സമന്വയം ആയിരുന്നു. ലെസ്റ്റര്‍ ക്നാനായ കമ്മ്യുണിറ്റിയുടെ 2018-20 ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. ശ്രീ തോമസ് ചേത്തലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി ശ്രി റോബിൻസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയിൽ പുത്തൻപുരയിൽ സമ്മേളനത്തിന് തിരികൊളുത്തിയതോടെ കലാപരിപാടികൾ ആരംഭിച്ചു . KCYL കുട്ടികളുടെ നടവിളികളുടെ ആർപ്പു ആരവങ്ങൾ എല്ലാവരിലും ആവേശം ഉണർത്തി. ചടങ്ങിൽ UKKCA ട്രഷറർ ആയി തിരഞ്ഞെടുത്ത ശ്രീ വിജി ജോസഫിനെ ആദരിക്കുകയുണ്ടായി. കുട്ടികളുടെ കലാപരിപാടികൾ നാട്യ നടന വർണ വിസ്മയ കാഴ്ചകൾ ഏവർക്കും സമ്മാനിച്ചു. കലാ പരിപാടികൾക്ക് ശ്രീ ടോമി കുമ്പുക്കൽ ശ്രി മിനി ജെയിംസ് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങളിലേക്ക്…
തെലുങ്ക് സിനിമ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി നടി ശ്രീ റെഡ്ഡി. ഫേസ്ബുക്കിലൂടെയാണ് പീഡനത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ പോസ്റ്റ് തെലുങ്ക് സിനിമ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. പീഡനം നടത്തിയ വ്യക്തിയെക്കുറിച്ചു സൂചനകള്‍ നല്‍കി കൊണ്ടായിരുന്നു ശ്രീയുടെ പോസ്റ്റ്. ഈ അടുത്തകാലത്ത് കുഞ്ഞുണ്ടായ നടനാണ് എന്ന ശ്രീയുടെ പോസ്റ്റില്‍ പറയുന്നു. നാനിക്കായിരുന്നു ഈ അടുത്ത കാലത്തു കുഞ്ഞു പിറന്നത്.
അല്ലു അര്‍ജുനാണ് എന്നും ചിലര്‍ പറയുന്നു. അല്ലു അര്‍ജുനും കുഞ്ഞ് ജനിച്ചിട്ട് അധിക കാലമായില്ല. മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ രാം ചരണ്‍ എന്നിവരെ കണ്ടു പഠിക്കണം എന്നും താരം തന്റെ പോസ്റ്റില്‍ പറയുന്നു. ഇതോടെ തെലുങ്കു സിനിമ ലോകത്ത് ശ്രീയുടെ പോസ്റ് ചര്‍ച്ചയായി മാറി കഴിഞ്ഞു.
നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും പറയാറുണ്ട്. പക്ഷേ, അതിലൂടെ നീ ആളുകളെ വൈകാരികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ മുന്നില്‍ നീ എപ്പോഴും നന്നായി നാടകം കളിക്കുന്നുണ്ട്.
അച്ഛനപ്പുപ്പന്മാരുടെ പിന്തുണയോടെ സിനിമയില്‍ എത്തിയ വലിയ താരങ്ങള്‍ നിന്റെ മുന്നില്‍ എത്രയോ നല്ലവരാണ്. അവരൊക്കെ മര്യാദക്കാരും നന്നായി പെരുമാറാന്‍ അറിയുന്നവരുമാണ്. നിന്റെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ കണ്ടു പഠിക്കണം. അവര്‍ക്കൊന്നും ഒരു ഈഗോയും ഇല്ല. നിനക്ക് നിന്റെതായ കുറെ രീതികളുണ്ട്.
നിനക്കൊരിക്കലും ചെറിയ സംവിധായകരെ ബഹുമാനിക്കാന്‍ കഴിയില്ല, നീ വിജയിച്ചവനാണെന്ന ധാരണയാണ് നിനക്ക്, അതൊരു തെറ്റായ മനോഭാവമാണ്. അടുത്തിടെ നിനക്കൊരു കുഞ്ഞ് ജനിച്ചു, എന്റെ അഭിനന്ദനങ്ങള്‍. പക്ഷേ, നീ ജീവിതത്തില്‍ കുറെ കരുതിയിരിക്കേണ്ടതുണ്ട്. കാരണം, നീ ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.
നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, നീ ഒന്നോര്‍ക്കണം ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. ഒരുപക്ഷേ ശിക്ഷ വിധിക്കാന്‍ സമയം എടുത്തേക്കാം, എങ്കിലും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും. വാര്‍ത്ത പുറത്തു വന്നതോടെ അല്ലു അര്‍ജുന്റെ ആരാധകരായ മലയാളി ആരാധകരും ആശങ്കയിലാണ്.
ജയ്‌സണ്‍ ജോര്‍ജ്
മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്‌നേഹ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ന്റെ ലണ്ടനിലെ വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ വേണുഗോപാലിനോടൊപ്പം പാടാന്‍ വളര്‍ന്നു വരുന്ന ഗായകര്‍ക്കും അവസരം. ഒട്ടേറെ പുതുമുഖ ഗായകരുടെ അഭ്യര്‍ത്ഥനയെ പരിഗണിച്ചാണ് വേണുഗീതം 2018ന്റെ ലണ്ടന്‍ വേദിയുടെ സംഘാടകര്‍ ഈ അവസരമൊരുക്കുന്നത്. പത്തു വയസ്സിനു മേല്‍ പ്രായമുള്ള ഗായകര്‍ക്കാണ് അവസരം ലഭിക്കുക. യുകെയില്‍ വളര്‍ന്നു വരുന്ന കഴിവുള്ള ഗായകരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് സംഘാടകര്‍ ഈ അവസരമൊരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ജോര്‍ജിനെ ബന്ധപ്പെടുക. ഫോണ്‍:07841613973; email: [email protected]
ശ്രീ ജി വേണുഗോപാലിന്റെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ മുപ്പത്തിയഞ്ചു വര്‍ഷത്തെ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ‘വേണുഗീതം 2018’ യുകെയില്‍ മൂന്നു വേദികളിയായി സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീന യിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലും മാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് (ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്റ്റ്), ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് ടിവി ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു.2018 മെയ് 25ന് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 28ന് ലണ്ടനില്‍ അവസാനിക്കും.
നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാഷോ ‘ വേണുഗീതം-2018’ ആസ്വദിക്കുവാന്‍ യുകെയിലെ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
റജി നന്തികാട്ട്
എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ (ENMA) യുടെ ഈസ്റ്റര്‍ വിഷു ആഘോഷം ഇന്ന് പോട്ടേഴ്‌സ് ബാറിലുള്ള സെന്റ്. ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് വൈകുന്നേരം 5 മണി മുതല്‍ നടക്കുന്നു. ENMA പ്രസിഡണ്ട് ബ്ലെസ്സണ്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മലയാള ഭാഷാ പണ്ഡിതന്‍ ജോബി മാത്യു ഈസ്റ്റര്‍ വിഷു ആശംസാ
പ്രസംഗം ചെയ്യും.
തുടര്‍ന്ന് ENMAയുടെ കുട്ടികളും അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. നിരവധി ദിവസങ്ങളിലെ നിരന്തര പരിശീലനത്തിന് ശേഷം അവതരിപ്പിക്കുന്ന വിവിധ തരം നൃത്തങ്ങള്‍, ഗാനാലാപനങ്ങള്‍, ഹാസ്യാത്മകമായ സ്‌കിറ്റുകള്‍ ആഘോഷത്തെ മികവുറ്റതാക്കും. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രെട്ടറി ആല്‍വിനുമായി (07908081919) ബന്ധപ്പെടാവുന്നതാണ്
Venue address
St. John’s Methodist Church Hall
Baker Street, Potters Bar
Herts, EN6 2DZ