Uncategorized

ലണ്ടൻ: റിഷി സുനക് തന്റെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപണം. റാബിനെതിരായ ഭീഷണിപ്പെടുത്തൽ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന വിവരം. എന്നാൽ ഇതുവരെ റിപ്പോർട്ട്‌ പുറത്ത് വന്നിട്ടില്ല. പ്രതിപക്ഷ പാർട്ടികളിൽ നിന്നുൾപ്പെടെ വലിയ വിമർശനമാണ് ഉയരുന്നത്.

തന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളായ റാബ്, മന്ത്രിമാരുടെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ, പുറത്താക്കണോ അതോ രാജിവെക്കണോ എന്ന് സുനക് അന്തിമമായി തീരുമാനിക്കേണ്ടതുണ്ട്. റിപ്പോർട്ട് ലഭിച്ച അന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാക്കളും അറിയിച്ചിരുന്നു. റിപ്പോർട്ടിന്റെ പൂർണ്ണരൂപം അദ്ദേഹം കണ്ടെങ്കിലും പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

നീതിന്യായ സെക്രട്ടറി കൂടിയായ റാബ്, ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് നിഷേധിക്കുകയും താൻ എല്ലായ്പ്പോഴും പ്രഫഷണലായി മാത്രമേ പെരുമാറിയിട്ടുള്ളെന്നും വ്യക്തമാക്കി. മന്ത്രിയെന്ന നിലയിൽ തന്റെ എട്ട് ഔപചാരിക പരാതികളാണ് അദ്ദേഹം നേരിടുന്നത്. നവംബറിൽ ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന അഭിഭാഷകൻ ആദം ടോളി കെസിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. എന്നാൽ വിഷയത്തിൽ അന്തിമ നടപടി കൈകൊള്ളുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെ ദാരുണമായ ആക്രമണ സംഭവത്തിൽ അന്വേഷണം പ്രഖ്യപ്പിച്ച് എൻ ഐ എ. ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധത്തിനിടെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ദേശീയ പതാക വലിച്ചെറിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ (സിടിസിആർ) വിഭാഗം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കേസ് എൻ ഐ എക്ക് കൈമാറിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ ഏജൻസി ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഡൽഹി പോലീസിൽ നിന്ന് ഏജൻസി കേസ് ഏറ്റെടുത്തു.നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം ഈ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച യുകെയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ എംഎച്ച്എ തീരുമാനിച്ചതെന്ന് വാർത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ഒരു ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ എൻഐഎയുടെ സംഘം വൈകാതെ ലണ്ടൻ സന്ദർശിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാർച്ച്‌ 19 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി അതിക്രമിച്ചു കയറുകയും ചെയ്ത ഒരു സംഘം പ്രതിഷേധക്കാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പതാക കീറിയെറിഞ്ഞു.

തുടർന്ന് ബ്രിട്ടീഷ് പോലീസുകാർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രവേശന കവാടത്തിലേക്ക് കടക്കുന്നത് തടഞ്ഞു. 2019 ഓഗസ്റ്റിൽ കേന്ദ്രം എൻഐഎ നിയമത്തിൽ ഭേദഗതി വരുത്തി, സൈബർ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും കൂടാതെ വിദേശത്തുള്ള ഇന്ത്യക്കാർക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളും ഇന്ത്യൻ താൽപ്പര്യങ്ങളും അന്വേഷിക്കാൻ ഏജൻസിയെ അധികാരപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച നടന്ന അഞ്ചാമത് ഇന്ത്യ-യുകെ ആഭ്യന്തര സംവാദത്തിൽ, ഖാലിസ്ഥാൻ അനുകൂലികൾ യുകെയുടെ പദവി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആശങ്കകൾ ഉന്നയിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷന്റെ സുരക്ഷാ ലംഘനത്തെക്കുറിച്ചുള്ള ആശങ്കയും ഇന്ത്യ ചൂണ്ടിക്കാട്ടിയെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.

മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ആണ് ദേശീയ പദവി നഷ്ടമായത്. ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പദവി നല്‍കി.ഡൽഹിക്കു പുറമേ പഞ്ചാബിലും ഭരണം പിടിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ അക്കൗണ്ട് തുറക്കുകയും ചെയ്ത ആം ആദ്മി പാർട്ടിക്ക് (എഎപി) ദേശീയ പാർട്ടി പദവി നൽകി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. എൻസിപി, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു.

ഇതോടെ രാജ്യത്ത് ദേശീയ പാർട്ടി പദവിയുള്ള പാർട്ടികളുടെ എണ്ണം ആറായി. കോൺഗ്രസ്, ബിജെപി, സിപിഎം, ബിഎസ്പി, എൻപിപി, എഎപി എന്നീ പാർട്ടികൾക്കാണ് നിലവിൽ ദേശീയ പാർട്ടി പദവി ഉള്ളത്.

നാലോ, അതിലധികമോ സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവിയും ലോക്സഭയിൽ രണ്ടു ശതമാനം പ്രാതിനിധ്യവും ലഭിക്കുന്ന പാർട്ടികളെയാണ് ദേശീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുക. എൻസിപി, തൃണമൂൽ കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾക്ക് ഇവ നേടാനാകാതെ വന്നതോടെയാണ് ദേശീയ പാർട്ടി പദവി നഷ്ടമായത്. ഇതോടെ മൂന്നു പാർട്ടികളും ഇനി പ്രാദേശിക പാർട്ടികളായി അറിയപ്പെടും.

ഉത്തർപ്രദേശിലെ രാഷ്ട്രീയ ലോക് ദൾ (ആർഎൽഡി), പശ്ചിമ ബംഗാളിലെ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), മണിപ്പൂരിലെ പീപ്പിൾ ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ), പുതുച്ചേരിയിലെ പട്ടാളി മക്കൾ കക്ഷി (പിഎംകെ), ആന്ധ്രാ പ്രദേശിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), മിസോറാമിലെ മിസോറാം പീപ്പിൾസ് കോൺഫറൻസ് എന്നീ പാർട്ടികൾക്ക് സംസ്ഥാന പാർട്ടി പദവി നഷ്ടമായി.

നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിലെ വോയ്സ് ഓഫ് ദ പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത്ത, നാഗാലാൻഡിലെ എൻസിപി, നാഗാലാൻഡിലെ തൃണമൂൽ കോൺഗ്രസ്, മേഘാലയയിലെ എൻസിപി, മേഘാലയയിലെ തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളെ സംസ്ഥാന പാർട്ടിയായും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.

യുകെയിലെ മലങ്കര കത്തോലിക്കാ സഭയുടെ എട്ടാമത് കൺവെൻഷൻ 2023 ജൂൺ മാസം 23,24,25 തീയതികളിൽ വെയില്സിലുള്ള കഫൻലീ പാർക്കിൽ വെച്ച് നടത്തപ്പെടും. സഭയുടെ പരമാധ്യക്ഷൻ ബസ്സേലിയോസ് കർദ്ദിനാൾ ക്ളീമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കും. കൺവെൻഷൻ നഗറിനു സഭയുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത മോറോൻ മാർ സിറിൾ ബസ്സേലിയോസ് കാതോലിക്ക ബാവായുടെ നാമധേയം ആണ് നൽകിയിരിക്കുന്നത്.
യുകെയിലെ 19 മിഷൻ സെന്ററുകളിൽ നിന്നുള്ള വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കും. സണ്ടേസ്കൂൾ, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകൾ, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം പ്രാർത്ഥനകൾ വിശുദ്ധ കുർബാന എന്നിവയായിരിക്കും നടത്തപ്പെടുക. പ്രഗത്ഭരായ വ്യ്കതികൾ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യും.

ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡൻഷ്യൽ കൺവെൻഷന് യുകെയിലെ സ്പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ നേതൃത്വത്തിലുള്ള മലങ്കര നാഷണൽ കൗൺസിലാണ്‌ ചുക്കാൻ പിടിക്കുക. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ വൈദീകരുടെ ചുമതലയിൽ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ അയൽക്കാരൻ  ഇംഗ്ലീഷുകാരൻ… എന്റെ അമ്മോ ഒരു രക്ഷയും ഇല്ല …

കെട്ടിയോളെ സ്നേഹിക്കണത് കണ്ടാൽ പെറ്റമ്മ സഹിക്കില്ല …
സമ്മർ ടൈം ആണേൽ പിന്നെ നോക്കണ്ട …..

ഗാർഡനിൽ ഇരുന്നു കെട്ടിയോളെ കെട്ടിപിടിച്ചു വയലിൻ വായിക്കുന്നു, കേട്ടിയോൾ അയാളുടെ മടിയിൽ കിടന്ന് ബുക്ക് വായിക്കുന്നു , അവരുടെ സുന്ദരിയായ ഒരു നാലുവയസുകാരി അവർക്കു ചുറ്റും അവളുടെ ചെറിയ എട്ട് വയസുകാരൻ ചേട്ടച്ഛനുമായി ചിരിയും കളിയും തമാശയും എല്ലാമായി ഓടിനടക്കുന്നു… ആ പെൺകുട്ടിയെ തൊട്ടുരുമ്മി തലോടി നടക്കുന്ന ഒരു പൂച്ചകുട്ടിയും ഇവരിലെ ഒരു കഥാപാത്രമാണ് …….

ഇവരെ കാണുമ്പോൾ പലപ്പോഴും ഞാൻ ആലോചിക്കും ഇവരുടെ സന്തോഷ രഹസ്യമൊന്ന് അറിയണമെന്ന് …എന്തൊരു ഭംഗിയാണ് അവരുടെ ജീവിതത്തിന് …..

അങ്ങനെയിരിക്കെ ദിവസങ്ങൾ കഴിയവേ പെട്ടെന്നൊരു ദിവസം ഇവരെ ആരെയും പുറത്തേക്കു കാണാതായി , കളിചിരികൾ കേൾക്കാതെയായി , അവരുടെ അപ്പോളോ എന്ന് വിളിപ്പേരുള്ള പൂച്ചകുട്ടിയെ കാണാതായി …. ഒരു പച്ചമലയാളിയായ എനിക്ക് അവർക്കെന്ത് പറ്റിയെന്നറിയാഞ്ഞിട്ടു ഒരിരിക്കപ്പൊറുതിയുമില്ല .

കുറച്ചുനാളുകൾക്ക് ശേഷം ഒരു ശനിയാഴ്ച യാദൃശ്യകമായി പുറത്തേക്കിറങ്ങിയപ്പോൾ അപ്പുറത്തെ വീട്ടിലെ ആ നാലുവയസുകാരിഒറ്റക്ക് ആ ഗാർഡനിൽ ചുമ്മാ ചുറ്റിത്തിരിഞ്ഞു നടക്കുന്നു ….പൂമ്പാറ്റയെപോലെ പാറിപ്പറന്നു നടന്നിരുന്ന ആ കുഞ്ഞിനിതെന്തു പറ്റിയെന്ന് ഞാൻ ആലോചിച്ചു ….

ഞാൻ ആ കുട്ടിയോട് ചോദിച്ചു ” where is your Apollo?”
ആ കുട്ടി പറഞ്ഞു its with my mummy ….
Where is your mummy എന്ന് ചോദിക്കണം എന്നെനിക്കുണ്ടായിരുന്നു, പക്ഷെ ചോദിയ്ക്കാൻ മനസ് അനുവദിച്ചില്ല .

പിന്നീട് എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമായി ആ കുട്ടിയുടെ വരവ് ….
ആ ആൺകുട്ടിയുടെ വരവ് തന്നെ ഇല്ലാതായി ….
പിന്നീട് വേറൊരു സ്ത്രീയുമായായി ആ പുള്ളിയുടെ വയലിൻ വായന ….

പിന്നീടറിഞ്ഞ കാര്യങ്ങൾ വളരെ സങ്കടകരമായിരുന്നു….
ഇപ്പോൾ ആ പുള്ളിയുടെ കൂടെയുള്ള സ്ത്രീ അയാളുടെ മൂന്നാമത്തെ കാമുകിയാണ് . ആദ്യത്തെ ഭാര്യയിലുള്ള കുട്ടിയാണ് അവിടുണ്ടായിരുന്ന ആൺ കുട്ടി , രണ്ടാമത്തെ ഭാര്യയിൽ ഉണ്ടായതാണ് അവിടുണ്ടായിരുന്ന പെൺ കുട്ടി …രണ്ടാമത്തെ ഭാര്യയുടെ പെറ്റായിരുന്നു അവിടുണ്ടായിരുന്ന പൂച്ചക്കുട്ടി ….

ഈ പുള്ളിക്കുണ്ടായ മൂന്നാമത്തെ ബന്ധത്തെ അറിഞ്ഞ രണ്ടാം ഭാര്യ തന്റെ പെൺകുഞ്ഞും പൂച്ചകുട്ടിയുമായി വീടുപേക്ഷിച്ചു ഇറങ്ങി …
എങ്കിലും എന്നും രാവിലെ ആ സ്ത്രീ തന്റെ പെൺകുട്ടിയ അവളുടെ പപ്പയുടെ അടുത്തയക്കും , ആ പുള്ളി കുട്ടിയെ സ്‌കൂളിൽ കൊണ്ടേ വിടും തിരികെ എടുക്കും , വൈകുന്നേരങ്ങളിൽ അവൾ വന്ന് കുട്ടിയെ കൂട്ടികൊണ്ടു പോകും ….
എല്ലാ ശനി ഞായർ ദിവസങ്ങളിലും ആദ്യ ഭാര്യയിലുള്ള ആൺകുട്ടിയും രണ്ടാം ഭാര്യയിലുള്ള പെൺകുട്ടിയും അയാളുടെ വീട്ടിൽ ചിലവഴിക്കും , പിരിഞ്ഞുപോകും സന്തോഷത്തോടെ തന്നെ …..

ചില ഇടദിവസങ്ങളിൽ അയാളും രണ്ടാം ഭാര്യയും റെസ്റ്റോറന്റുകളിൽ ഒരുമിച്ചിരുന്നു ചായകുടിക്കുന്നതും പതിവ് കാഴ്ചയായി മാറി ….

ഇവരെ ഇങ്ങനോക്കെ കാണുമ്പോളാണ് ജീവിതം ഇങ്ങനെയും ആകാം എന്ന് ഞാൻ മനസിലാക്കിയത് . ജീവിതത്തിൽ എന്തും എപ്പോ വേണമെങ്കിലും സംഭവിക്കാം . നമ്മൾ വിചാരിക്കുന്ന സ്ക്രിപ്റ്റുകൾ പോലെത്തന്നെ നമ്മുടെ ജീവിതം ആകണമെന്ന് വാശിപിടിക്കുന്നിടത്താണ് നമ്മൾ ജീവിക്കാൻ പാടുപെടുന്നത് ….
നമ്മുടെ ജീവിതത്തിലെ സസ്പെൻസ് എൻജോയ് ചെയ്യാൻ നമ്മൾ പഠിക്കേണ്ടതുണ്ട് …

അതെങ്ങനെ ഇന്നലത്തെ എച്ചിൽ കളയാൻ ഒരു നിർവ്വാഹവുമില്ലാതെ പൊതിഞ്ഞു കെട്ടി അടുക്കള മൂലക്ക് സൂക്ഷിച്ചു മണമടിച്ചു പരിചയമുള്ള നമ്മൾ , നമ്മുടെ ജീവിതത്തിലും അത് തുടരുന്നു ….വിട്ടുകൊടുക്കേണ്ടതിനെ വിട്ടുകൊടുക്കാതെ , വാശിയും പകയും വിരോധവുമെല്ലാം എന്നും ചികഞ്ഞു വാരി മണത്തു നോക്കി ദുർഗന്ധം വമിപ്പിച്ചു മറ്റുള്ളവരിലേക്കും എത്തിക്കുന്നു …..

നമ്മുടെ ജീവിത വെയിസ്റ്റ് ബിന്നും എന്നും വൃത്തിയാക്കി വെക്കേണ്ടതുണ്ട് …

ന്യൂസിലാൻഡിൽ മരണമടഞ്ഞ രാജുവിന്റെ കുഞ്ഞിനെ വിട്ടുകൊടുക്കാത്തവരെ മാത്രമേ നമുക്കറിയൂ ….അങ്ങനെ വിട്ടുകൊടുക്കാൻ പാടുള്ള, പരസ്പരം വെറുപ്പും വിരോധവും പകയും കൂടെ കൊണ്ട് നടന്ന് മക്കളെക്കൂടി ആ വിഷപ്പുക ഏൽപ്പിക്കുന്ന ഒട്ടേറെ മനുഷ്യർക്കായിത് സമർപ്പിക്കുന്നു …..

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ബിനോയ് എം. ജെ.

ജിജ്ഞാസ അഥവാ അറിയുവാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. ജിജ്ഞാസയിലൂടെ അറിവ് സംഭവിക്കുന്നു. നമ്മിൽ നല്ലൊരു വിഭാഗവും അറിവ് സമ്പാദിക്കുവാൻ വേണ്ടി മാത്രം ജീവിതം മാറ്റിവച്ചവരാണ്. അത് ശ്രേഷ്ഠതയുടെ ഒരു അടയാളവുമാണ്. മനുഷ്യൻ എന്തുകൊണ്ട് അറിവ് അന്വേഷിക്കുന്നു? ഇതിന്റെ പിറകിൽ അൽപം യുക്തി ഒളിഞ്ഞുകിടപ്പുണ്ട്. മനുഷ്യന് വേണ്ടത് എല്ലാറ്റിനെയും കുറിച്ചുള്ള അറിവാണ്. അതിന് ഒരു സാധ്യത ഉള്ളതുകൊണ്ടാണല്ലോ അവനത് അന്വേഷിക്കുന്നത്. എന്നാൽ അവനത് കിട്ടുന്നുണ്ടോ? ഇല്ല എന്നത് വ്യക്തം. എന്തുകൊണ്ട് മനുഷ്യൻ ഇതിൽ പരാജയപ്പടുന്നു? എങ്കിലും താനതിൽ വിജയിക്കുമെന്നുള്ള പ്രതീക്ഷ അവന്റെ ജീവിതത്തിന് അർത്ഥം കൊടുക്കുന്നു. എന്നാൽ അവനതിൽ വിജയിക്കുന്നുണ്ടോ?

ആഴത്തിൽ പരിശോധിച്ചാൽ അറിവിന് വേണ്ടിയുള്ള ഈ പരിശ്രമം ഒരു പാഴ് വേലയാണെന്ന് കാണാം. കാരണം നമുക്ക് ഇപ്പോൾ തന്നെ എല്ലാമറിയാം. അറിയുവാനും പഠിക്കുവാനുമുള്ള പരിശ്രമത്തിൽ നമ്മിലെ നൈസർഗ്ഗികമായ ഈ അനന്തജ്ഞാനം താത്കാലികമായി നഷ്ടപ്പെടുകയോ മറക്കപ്പെടുകയോ ചെയ്യുന്നു. അത് നഷ്ടപ്പെടുമ്പോൾ അതാർജ്ജിച്ചെടുക്കുവാനായി നാം കൂടുതൽ ശക്തമായി പരിശ്രമിക്കുന്നു. ഇപ്രകാരം നാമൊരു ദൂഷിതവലയത്തിൽ അകപ്പെട്ടു പോകുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.

ഉത്തരം കണ്ടു പിടിക്കേണ്ടത് ചോദ്യങ്ങൾക്കാണ്. പരിഹാരം കണ്ടുപിടിക്കേണ്ടത് പ്രശ്നങ്ങൾക്കുമാണ്. അതായത് ഉത്തരത്തിനും പരിഹാരത്തിനും മുമ്പേ ചോദ്യവും പ്രശ്നവും ജനിക്കേണ്ടിയിരിക്കുന്നു. ഈ ചോദ്യവും പ്രശ്നവും എവിടെ നിന്നും വരുന്നു? മനുഷ്യന് എന്തെങ്കിലും പണി വേണ്ടേ? അവൻ ചോദ്യങ്ങളും പ്രശ്നങ്ങളും കൃത്രിമമായി സൃഷ്ടിക്കുന്നു. കൃത്രിമമായ ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉള്ള ഉത്തരവും പരിഹാരവും കൃത്രിമം തന്നെയാവാനേ വഴിയുള്ളൂ. ഈ വിധത്തിൽ മനുഷ്യന്റെ ജീവിതം അതിന്റെ സ്വാഭാവികമായ നൈസർഗ്ഗികതയിൽ നിന്നും വഴുതിമാറി കപടതയിലേക്കും കൃത്രിമത്തത്തിലേക്കും പ്രവേശിക്കുന്നു. പിന്നീടങ്ങോട്ട് അവന് കഷ്ടപ്പാടുകളും ദുരിതങ്ങളുമേ ലഭിക്കൂ. ഇതാകുന്നു മനുഷ്യന്റെ ദുഃഖങ്ങളുടയും ക്ലേശങ്ങളുടെയും രഹസ്യം.

കൃത്രിമമായി ചോദ്യങ്ങളും പ്രശ്നങ്ങളും ചമച്ച് സ്വയം തൊഴിൽ കണ്ടെത്തുന്ന മനുഷ്യൻ, തന്നെ തന്നെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്നു. ഒരു ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ അടുത്ത ചോദ്യം വരുന്നു; ഒരു പ്രശ്നത്തിന് പരിഹാരം കിട്ടിക്കഴിയുമ്പോൾ അടുത്ത പ്രശ്നം ജനിക്കുന്നു. കാരണം അത് നമ്മുടെ ശീലമായിരിക്കുന്നു. നമുക്കതില്ലാതെ വയ്യ. ചോദ്യങ്ങളും പ്രശ്നങ്ങളും നൈസർഗ്ഗികമായി വരുന്നവയല്ല, മറിച്ച് നാം കൃത്രിമമായി സൃഷ്ടിക്കുന്നവയാണ്. അങ്ങനെയെങ്കിൽ ഈ പ്രക്രിയയ്ക്ക് എന്നെങ്കിലും ഒരു പൂർണ്ണ വിരാമം ഉണ്ടാവുമോ? വേണമെങ്കിൽ ഇതിനൊരു പൂർണ്ണ വിരാമമിടുവാൻ നമുക്ക് കഴിയും. അതിന് മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. കൃത്രിമത്വത്തെ നാം പരിത്യജിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നൈസർഗ്ഗികതയിലേക്ക് നാം കടന്ന് വരേണ്ടിയിരിക്കുന്നു. ആ നൈസർഗ്ഗികതയിൽ നാം ഈശ്വരൻ തന്നെയാകുന്നു. അവിടെ നമുക്കെല്ലാമറിയാം. ജിജ്ഞാസ കൃത്രിമമാണ്. ഈശ്വരന് ജിജ്ഞാസ ഉണ്ടാവുകയോ? ജിജ്ഞാസ ഉണ്ടാവുമ്പോൾ താൻ ഈശ്വരനല്ലെന്നുള്ള ചിന്ത പ്രബലപ്പടുന്നു. ജിജ്ഞാസ തിരോഭവിക്കുമ്പോൾ താനീശ്വരനാണെന്ന ചിന്തയും പ്രബലപ്പെടുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അധിക നികുതി അടയ്ക്കേണ്ടി വരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് യൂണിവേഴ്സൽ ക്രെഡിറ്റിന് അർഹതയുണ്ടെന്ന് പുതിയ റിപ്പോർട്ട്‌. ചാൻസലർ ജെറമി ഹണ്ടിന്റെ മാറ്റങ്ങൾക്ക് കീഴിൽ 45p അധിക നികുതി നൽകുന്നവർക്കാണിത്. പ്രതിവർഷം £125,140 സമ്പാദിക്കുന്നവർക്ക് ഉയർന്ന ഭവന, ശിശു സംരക്ഷണ ചെലവുകൾ കാരണം ഇപ്പോഴും ആനുകൂല്യം ക്ലെയിം ചെയ്യാം. ഒക്ടോബറിലെ പ്രസ്താവനയിൽ ജെറമി ഹണ്ട് പ്രഖ്യാപിച്ച പദ്ധതികൾ പ്രകാരം, 45p അധിക നികുതിയുടെ പരിധി അടുത്ത മാസം 150,000 പൗണ്ടിൽ നിന്ന് £125,140 ആയി കുറയ്ക്കുകയാണ്.

 

125,140 പൗണ്ട് വരുമാനമുള്ള ലണ്ടനിലെ 1,500 കുടുംബങ്ങൾക്ക് യൂണിവേഴ്സൽ ക്രെഡിറ്റിൽ ആയിരക്കണക്കിന് പൗണ്ടിന് അർഹതയുണ്ടെന്നാണ് റിപ്പോർട്ട്‌ പറയുന്നത്. 300,000 വരെ 40p ഉയർന്ന നിരക്ക് നികുതി അടച്ചാൽ ആനുകൂല്യം ക്ലെയിം ചെയ്യാൻ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ചാൻസലറുടെ ബജറ്റിന് മുന്നോടിയായി ബ്രിട്ടന്റെ ആനുകൂല്യങ്ങളും നികുതി സമ്പ്രദായവും പരിഷ്‌ക്കരിക്കണമെന്ന് പോളിസി ഇൻ പ്രാക്ടീസ് ആവശ്യപ്പെട്ടു. യൂണിവേഴ്സൽ ക്രെഡിറ്റിന് കീഴിൽ, ഇടത്തരം വരുമാനക്കാർക്ക് അവരുടെ വരുമാനം വർദ്ധിക്കാനും ഇത് കാരണമാകും. പ്രൊമോഷൻ, പുതിയ ജോലി അല്ലെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യുന്നതിലൂടെ കൂടുതൽ സമ്പാദിക്കുന്നതിന് ഇത് അവർക്ക് പ്രേരണ നൽകുന്നു.

200,000 മുതൽ 300,000 വരെ നികുതിയുടെ 40p ഉയർന്ന നിരക്കിൽ £50,271-ന് മുകളിൽ വരുമാനമുള്ളവർക്കും യൂണിവേഴ്സൽ ക്രെഡിറ്റിന് അർഹതയുണ്ട്. എന്നാൽ, ഏപ്രിൽ മുതൽ 45p നികുതി നിരക്ക് കുറയ്ക്കുന്നത് എങ്ങനെയാണ് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ‘വരാനിരിക്കുന്ന ബജറ്റിൽ ചില തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തണം. 16,000 പൗണ്ടിൽ താഴെ സമ്പാദ്യമുള്ളവർ യൂണിവേഴ്സൽ ക്രെഡിറ്റിന് അർഹരാണോ എന്ന് പരിശോധിക്കണം’-പോളിസി ഇൻ പ്രാക്ടീസ് ഡയറക്ടർ ദേവൻ ഗെലാനി പറഞ്ഞു.

മലയാളിയായ പ്ലസ് വൺ വിദ്യാർഥി അബുദാബിയിൽ മരണമടഞ്ഞു. ചങ്ങനാശ്ശേരി തൃക്കടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് (17) ആണ് മരിച്ചത് .

ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്സായ പ്രിൻസി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ചു കിടന്നുറങ്ങി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണുകിടക്കുകയായിരുന്നു.

പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലും മകൾ സാന്ദ്ര മേരി കുര്യാക്കോസും (‍ഫാഷൻ ഡിസൈനിങ് ഡൽഹി) നാട്ടിലാണ്. സംസ്കാരം ഇന്ന് 3ന് മാലിപ്പാറ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

 

കുവൈറ്റ്‌ MOH ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി (40) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ജസ്റ്റിയും കുടുംബവും അവധിക്ക് നാട്ടിലെത്തിയത് എന്നാണ് അറിയുന്നത്. പരേതക്ക് ജോവാൻ, ജോവാന എന്നീ പിഞ്ചു കുഞ്ഞുങ്ങൾ ആണ് ഉള്ളത്. ഭർത്താവ് ജസ്വിൻ ജോൺ.

കുവൈറ്റിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുമായ ജസ്റ്റി ആൻ്റണി ഇന്ന് വൈകിട്ട് നടന്ന വാഹനാപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.

ഇന്ന് വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. വാഴൂർ റോഡിൽ പൂവത്തുംമൂട് എന്ന സ്ഥലത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ എതിരെ സ്പീഡിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു ഓട്ടോയിലും ഇടിച്ചു.

അപകടത്തിൽ ജസ്റ്റിയുടെ ഭർത്താവ് ജസ്വിൻ ജോൺ, മക്കളായ ജോവാൻ, ജോവാന എന്നിവർക്കും ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചിരുന്നവർക്കും സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.

മുൻപിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ജസ്റ്റിയുടെ സൈഡിൽ അമിതവേഗതയിൽ വന്ന സൂപ്പർ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ്  പുറത്തുവരുന്ന വിവരം.

ജസ്റ്റിയുടെ സഹോദരി പ്രിയമോളും കുവൈറ്റിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആണ്. ജസ്വിനും മക്കൾക്കും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ജസ്റ്റിയുടെ അകാലത്തിലുള്ള ഈ വേർപാട് താങ്ങാനുള്ള മനക്കരുത്തുണ്ടാകട്ടെ പ്രത്യാശിക്കുന്നതോടൊപ്പം പരേതക്ക് മലയാളം യുകെയുടെ ആദരാഞ്ജലികൾ.

 

ബിനോയ് എം. ജെ.

മനസ്സിലൂടെ ഗ്രഹിക്കപ്പെടുന്ന ബാഹ്യലോകം യഥാർത്ഥമായ സത്തയല്ലെന്നും അത് മനസ്സിന്റെ സൃഷ്ടിയും തെറ്റിദ്ധരിക്കപ്പെടുന്ന സത്യവുമാണെന്നും മനോജന്യമായ പ്രസ്തുത പ്രപഞ്ചം യഥാർത്ഥമായ സത്തയെ കാണുന്നതിൽനിന്നും നമ്മെ തടയുന്നുവെന്നും നാം കണ്ടുകഴിഞ്ഞു. ഈ വിഭ്രാന്തിയിൽനിന്നും മോചനം നേടേണ്ടത് മനുഷ്യനായി ജനിച്ച ഏതൊരുവന്റെയും പ്രാഥമികമായ ദൗത്യവും ഉത്തരവാദിത്വവും ആകുന്നു. പക്ഷേ ഭാരിച്ചതും സങ്കീർണ്ണവുമായ ഈ പ്രശ്നത്തിൽനിന്നും എങ്ങനെ കരകയറാം? എങ്ങനെ പരിപൂർണ്ണമായ മാനസികാരോഗ്യം കൈവരിക്കാം? മനസ്സിൽ നിന്നും അത് സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളിൽ നിന്നും എങ്ങനെ മോചനം നേടാം?

വിവേചനശക്തി(power of discrimination) ഈ പ്രശ്നത്തിൽനിന്നും മോചനം നേടുവാൻ നമ്മെ സഹായിക്കുന്നു. എന്താണ് വിവേചനശക്തി? ഇരുട്ടത്ത് കിടക്കുന്ന കയറിനെ പാമ്പായി തെറ്റിദ്ധരിക്കുമ്പോൾ വിഭ്രാന്തി സംഭവിക്കുകയും സ്വാഭാവികമായ ഭയവും അനുബന്ധപ്രശ്നങ്ങളും അനുഭവപ്പെടുകയും ചെയ്യുന്നു. അനന്തവും അനന്താനന്ദദായിനിയുമായ പരബ്രഹ്മത്തെ പരിമിതവും ദുഃഖഹേതുവുമായ ജഗത്തായി(പ്രപഞ്ചമായി) തെറ്റിദ്ധരിക്കുമ്പോൾ മനുഷ്യന്റെ നൈസർഗ്ഗികമായ വിവേചനശക്തി എവിടെയോ നഷ്ടപ്പെട്ടു പോകുന്നു. ആ വിവേചനശക്തിയെ വീണ്ടെടുക്കുവിൻ! ശരിയെയും തെറ്റിനെയും വിവേചിച്ചറിയുവിൻ; സത്യത്തെയും മിഥ്യയെയും തിരിച്ചറിയുവിൻ; ഭാവാത്മകതയെയും നിഷേധാത്മകതയെയും വേർതിരിക്കുവിൻ. കയറിനെയും പാമ്പിനെയും എങ്ങനെയാണ് തിരിച്ചറിയുന്നത്? അതുപോലെ ഭാവാത്മകതയെയും നിഷേധാത്മകതയെയും തിരിച്ചറിയുവിൻ! ‘ഭാവാത്മകത’ സത്യവും ‘നിഷേധാത്മകത’ മിഥ്യയുമാകുന്നു. അത് പോലെതന്നെ ഭാവാത്മകത സുഖവും നിഷേധാത്മകത ദുഃഖവും കൊണ്ടുവന്ന് തരുന്നു. സുഖത്തയും ദുഃഖത്തെയും തിരിച്ചറിയുവാനുള്ള നൈസർഗ്ഗികമായ വാസന മനുഷ്യനുണ്ട്. ഈ വാസനയെ പരിപോഷിപ്പിക്കുവിൻ.

അത്യന്തം ഭാവാത്മകമായ യാഥാർത്ഥ്യം മനസ്സിലൂടെ ഗ്രഹിക്കപ്പെടുമ്പോൾ നിഷേധാത്മകമാവുകയും ദുഃഖം ജനിക്കുകയും ചെയ്യുന്നു. ഈയർത്ഥത്തിൽ മനസ്സ് നിഷേധാത്മകമാണ്. നിഷേധാത്മകമായ മനസ്സിന് നിഷേധാത്മകമായ ഒരു ചരിത്രവും ഉണ്ട്. ആ ചരിത്രത്തെ വർത്തമാനത്തിലേക്ക് കൊണ്ടുവരാതെയിരിക്കുവിൻ. നിങ്ങളുടെ കൺമുന്നിൽ നടക്കുന്ന ഒരു സംഭവത്തിന് മനസ്സ് പൂർവ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ നിഷേധാത്മകമായ ഒരു വ്യാഖ്യാനം കൊടുക്കുവാൻ വെമ്പൽ കൂട്ടുമ്പോൾ “ഇതതല്ല, ഇതതല്ല” എന്ന് പറഞ്ഞുകൊണ്ട് പ്രസ്തുത സംഭവത്തിന് ഭാവാത്മകമായ ഒരു നിറം കൊടുക്കുവാൻ ശ്രമിക്കുമ്പോൾ നിങ്ങളിലെ വിവേചനശക്തി ഉണരുന്നു. എന്നുമാത്രമല്ല, നിങ്ങളുടെ ജീവിതാനുഭവങ്ങൾ നിഷേധാത്മകതയുടെ തനിയാവർത്തനങ്ങളല്ലെന്നും അനിർവ്വചനിയമായ ഭാവാത്മകതയുടെ ഒരു സുഗന്ധം അവയ്ക്കുണ്ടന്നും നിങ്ങൾ മനസ്സിലാക്കിത്തുടങ്ങുമ്പോൾ നിങ്ങളിൽ നിർണ്ണായകമായ ആ രൂപാന്തരീകരണം സംഭവിച്ചുതുടങ്ങുന്നു.

കയറിനെയും പാമ്പിനെയും തിരിച്ചറിയുന്നത് വിവേചനശക്തി ഉപയോഗിച്ചാണ്. ഇതേ വിവേചനശക്തി ഉപയോഗിച്ച് സുഖത്തെയും ദു:ഖത്തെയും നാം തിരിച്ചറിയുന്നു. ഒരുപടികൂടികടന്ന് ഇതേ വിവേചനശക്തി ഉപയോഗിച്ച് നാം ഭാവാത്മകതയെയും നിഷേധാത്മകതയെയും തിരിച്ചറിയുന്നു. ഉദാഹരണത്തിന് ഒരാൾ നിങ്ങളോട് ശണ്ഠകൂടുവാൻ വരുന്നു എന്ന് സങ്കല്പിക്കുക. “അയാൾ എന്നെ വെറുക്കുന്നു” എന്ന് പൂർവ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ നിങ്ങളുടെ മനസ്സ് നിഷേധാത്മകമായ ഒരു വ്യാഖ്യാനം അതിന് കൊടുക്കുവാൻ വെമ്പൽ കൂട്ടുന്നു. അപ്പോൾ “ഇതതല്ല, ഇതതല്ല, ഇത് ഭാവാത്മകമായ മറ്റെന്തോ ആണ്” എന്ന് പറഞ്ഞുകൊണ്ട് ആ നിഷേധാത്മകതയെ നിങ്ങൾ ഭാവാത്മകത കൊണ്ട് ജയിക്കുന്നു. കാലക്രമത്തിൽ നിഷേധാത്മകമായ നിങ്ങളുടെ മനസ്സ് ദുർബലമാവുകയും അവിടെ ഭാവാത്മകത വളർന്നുവരികയും ചെയ്യുന്നു. പരമമായ ആ സത്യം അത്യന്തം ഭാവാത്മകവും ഭാസുരവുമാണെന്നും അവിടെ നിങ്ങളുടെ സങ്കൽപത്തിനുപോലും പറന്നെത്തുവാനാവില്ലെന്നും അവിടെയെത്തിയാൽ നിങ്ങൾ ഈശ്വരതുല്യനും അപരിമിതനും ആകുന്നുവെന്നും നിങ്ങളുടെ ഒരേയൊരു പ്രശ്നം നിങ്ങളുടെ മനസ്സാണെന്നും ആ മനസ്സ് സത്യത്തിൽ നിന്നും വളരെയകന്നതാണെന്നുമുള്ള തിരിച്ചറിവാണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

RECENT POSTS
Copyright © . All rights reserved