ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടന്ന ഓമ്നിയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി. പ്രസിഡന്റ് കുഞ്ഞുമോന്‍ ഇയോച്ചന്‍ സ്വാഗതമാശംസിച്ച ഓണാഘോഷച്ചടങ്ങ് വില്യം ഹംഫ്രി എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അവതരിപ്പിച്ച തിരുവാതിരയും ചെണ്ടമേളവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പാട്ടുകളും ഒന്നിനൊന്ന് മികവ് പുലര്‍ത്തി. പ്രോഗ്രാം കമ്മറ്റിയും ഫുഡ് കമ്മറ്റിയും ഓണാഘോഷം ഏറ്റവും ആസ്വാദ്യകരമാക്കുന്നതില്‍ വിജയിച്ചു. ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. നാലരയോടെ സമാപിച്ച ഓണാഘോഷച്ചടങ്ങ് വന്‍ വിജയമാക്കുന്നതില്‍ സഹകരിച്ച എല്ലാ അഭ്യുദയ കാംക്ഷികള്‍ക്കും ഓമ്നി നന്ദി രേഖപ്പെടുത്തി.
ഒരു മഹത്തായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെറ്ററിങ്ങും പരിസര പ്രദേശങ്ങളിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്ത് ‘മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്’ (MAK)എന്ന പേരില്‍ രൂപം കൊണ്ട സംഘടന പുത്തന്‍ മാറ്റത്തിന്റെ കാഹളം മുഴക്കി ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുവാന്‍ തയ്യാറാവുന്നു. സംഘടനയ്ക്ക് വളരെ നല്ല പ്രതികരണമാണ് ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കെടാവിളക്കായി മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കെറ്ററിങ്ങിലെ ഈ കൂട്ടായ്മ ഒരു മാറ്റം തന്നെ മലയാള സമൂഹത്തിനു കൊണ്ടുവരും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ വരുന്ന സെപ്റ്റംബര്‍ 16 നു ശനിയാഴ്ച രാവിലെ 10മുതല്‍ കെറ്ററിങ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ്ബ് (KGH)ഹാളില്‍ വെച്ച് ഔപചാരികമായി ഈ സംഘടന ഉദ്ഘാടനം ചെയ്തു ഊര്‍ജ്ജസ്വലരായ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയാണ്. ഉത്ഘാടനത്തിന് പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നതായിരിക്കും . ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാനും ഇതില്‍ ചേരുവാനും, ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനും എല്ലാ സുഹൃത്തുക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
MAKന്റെ പ്രഥമ സാരഥികളെ പരിചയപ്പെടുത്തുന്നു.
പ്രസിഡന്റ് – സുജിത് സ്‌കറിയ, ക്രോയിഡണ്‍ കാത്തലിക്ക് കമ്യൂണിറ്റി, നോര്‍ത്താംപ്റ്റന്‍ ചിലങ്ക അസോസിയേഷന്‍ എന്നിവയില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് – സക്കറിയ പുത്തന്‍കളം, യു കെ യിലെ അറിയപ്പെടുന്ന സ്വതന്ത്ര പത്ര പ്രവര്‍ത്തകന്‍, നിരുപകന്‍, ഗ്രന്ഥകാരന്‍, സ്റ്റേജ് ഷോ സംവിധായകന്‍, അദ്ധ്യാപകന്‍, നിലവില്‍ യു കെ കെ സി എ യുടെ ജോയിന്റ് സെക്രട്ടറി.
ജനറല്‍ സെക്രട്ടറി – ഐറിസ് തോമസ്സ്, കലാസാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രവര്‍ത്തന പരിചയം, അറിയപ്പെടുന്ന ഗായിക
ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ – സിജി ജോയ് , കലാ കായിക വേദികളില്‍ കഴിവ് തെളിയിച്ച് വിജയിച്ച വ്യക്തി.
ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ – ജിജി ഷെബി, മികച്ച സംഘാടക. കെറ്ററിങ് പള്ളി കൊയര്‍ ഗ്രൂപ്പിലെ പ്രധാന ഗായിക.
ട്രഷറര്‍ – ബിജു നാലപ്പാട്ട്, കൊമേഴ്‌സ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ബിജു, ദുബായില്‍ ടി ചോയിത്‌റാം ആന്‍ഡ് സന്‍സ് കമ്പനിയില്‍ ഓഡിറ്റ് അക്കൗണ്ട് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു.
മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ബെന്ധപ്പെടുക :
Sujith kettering 07447613216, Biju Nalpat 07900782351
പരിപാടി നടക്കുന്ന സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ
സണ്ണി മത്തായി
വാറ്റ്ഫോർഡ്: ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോർഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ സുനിരാജ്, ജനാർദ്ദനൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേർസ് സ്പോർട്സ് സെന്ററിൽ വച്ചു നടന്ന ബാഡ്മിന്റൺ ടൂർണമെൻറിൽ വാറ്റ്ഫോർഡിൽ നിന്നുള്ള പ്രഗത്ഭരായ 15 ടീമുകൾ അണി നിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഫസ്റ്റ് റണ്ണേർസ് അപ്പ്: ലെവിൻ ആൻഡ് ചാൾസ്, സെക്കന്റ് റണ്ണേർസ് അപ്പ്: ജോൺസൺ ആൻഡ് ഡെന്നി, തേർഡ് റണ്ണർസ് അപ്പ്: സബീഷ് ആൻഡ് വാരിയർ.
ഓസ്‌ട്രേലിയ : തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മലയാളി യുവാവ് പെര്‍ത്തിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്! അന്തരിച്ചു . തിരുവനന്തപുരം സ്വദേശി സുനീഷ് (സണ്ണി 35) ആണ് മരിച്ചത് .
തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന സുനീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന്! വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ ആര്‍മഡയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെര്‍ത്ത് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി സെവില്ലിഗ്രൂവ് എന്ന സ്ഥലത്താണ് സുനീഷും കുടുംബവും താമസിക്കുന്നത് . ഒരു സ്വകാര്യ നേഴ്‌സിങ് ഹോമിലെ എന്‍ റോള്‍ഡ് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
കോട്ടയം കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ ഭാര്യ നീനു ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം ആര്‍മഡയില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .
മലയാളം യുകെ ന്യൂസ് ടീം.
സമത്വത്തിൻറെയും സമ്പൽ സമൃദ്ധിയുടെയും ഉത്സവമായ ഓണം ഇന്ന് ലോകമെങ്ങും ആഘോഷിക്കുന്നു. മാവേലി നാടു വാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ എന്ന ഈരടികളെ അന്വർത്ഥമാക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ ഇന്ന് ഓണമൊരുക്കും. വർണാഭമായ അത്തപ്പൂക്കളവും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് കേരളത്തിലെ ഓണാഘോഷം. എല്ലാ മതസ്ഥരും ഒരുമയോടെ ഓണമാഘോഷിക്കുമ്പോൾ മതേതര സംസ്കാരത്തിൻറെ വക്താക്കളായി മലയാളികൾ മാറുന്ന കാഴ്ചയാണ് എങ്ങും. പ്രവാസികളായ മലയാളികൾ ഓണാഘോഷത്തിൽ എന്നും ഒരു പടി മുന്നിൽ തന്നെയാണ്. പ്രവാസി മലയാളികൾ ധാരാളമുള്ള ഗൾഫ് രാജ്യങ്ങളിലും യുകെ, അമേരിക്ക, ഓസ്ട്രേലിയ, ക്യാനഡ എന്നീ രാജ്യങ്ങളിലും വമ്പിച്ച ഓണാഘോഷ പരിപാടികളാണ് നടക്കുന്നത്. യുകെയിലെ വിവിധ അസോസിയേഷനുകളും ജനകീയ കൂട്ടായ്മകളും സെപ്റ്റംബർ മാസത്തിൽ ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസി മലയാളികൾക്ക് എന്നും ഗൃഹാതുരത്വത്തിൻറെ ഓർമ്മയാണ് ഓണം. ഊഞ്ഞാലാടിയതും പൂവിറുത്തതും പൂക്കളമിട്ടതും എല്ലാം മനസിൽ നിറയുന്ന ദിനങ്ങൾ. ജോലിത്തിരക്കുകൾക്കിടയിൽ ജന്മനാട്ടിൽ നിന്നും ആയിരക്കണക്കു മൈലുകൾക്കപ്പുറം ആ സന്തോഷത്തിൻറെ ദിനങ്ങളെ സ്മരിക്കുന്ന ദിനം. നിറപറയും നിലവിളക്കും സാക്ഷിയായി തിരുവോണത്തെ വരവേൽക്കുന്ന ലോകമെങ്ങുമുള്ള മലയാളികൾക്ക് മലയാളം യുകെ ന്യൂസിൻറെ തിരുവോണാശംസകൾ..
മാത്യു ബ്ലാക്ക്പൂള്‍
മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കാന്‍ ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റി പൊന്നോണം 2017 സെപ്റ്റംബര്‍ 16-ാം തിയതി ശനിയാഴ്ച വിവിധ കലാകായിക മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയുമായി ആഘോഷിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 6 മണി വരെ ബ്ലാക്ക്പൂള്‍ സെന്റ് കെന്റികന്‍സ് ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. അത്തപ്പൂക്കളമൊരുക്കി ആര്‍പ്പുവിളികളുമായി ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധതരം ഗെയിം മത്സരങ്ങള്‍ നടത്തുന്നതാണ്. തുടര്‍ന്ന് ആവേശകരമായ വടംവലി മത്സരം നടക്കും.
ഉച്ചക്ക് നാടന്‍ വിഭവങ്ങള്‍ ഒരുക്കിയുള്ള വിഭവസമൃദ്ധമായ ഓണസദ്യ നടത്തുന്നു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരുവാതിര, ഡാന്‍സ്, ഓണപ്പാട്ടുകള്‍, കോമഡി, തുടങ്ങിയ വിവിധ കലാപരിപാടികള്‍ക്കിടയില്‍ മാവേലിത്തമ്പുരാന്‍ കടന്നുവന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. തുടര്‍ന്ന് ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനം അര്‍പ്പിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 9-ാം തിയതി കായിക മത്സരങ്ങളും ബാഡ്മിന്റണ്‍ മത്സരവും 10-ാം തിയതി ചീട്ടുകളി മത്സരവും നടത്തുന്നതാണ്. നാട്ടില്‍ അവധിക്കു പോയവര്‍ തിരിച്ചു വരുന്നതോടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു.
ജെഗി ജോസഫ്, പി.ആര്‍.ഒ, ബ്രിസ്‌ക
മലയാളികള്‍ ഓണാഘോഷത്തിന്റെ ആവേശത്തിലാണ്. മലയാളിയുടെ പൊന്നോണത്തിനെയും മാവേലിയെയും വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ബ്രിസ്റ്റോള്‍ മലയാളികളും. ബ്രിസ്‌കയുടെ ആ സുദിനം വന്നെത്താന്‍ ഇനി വെറും ഏഴു നാള്‍ മാത്രം. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറിയും ഓണാഘോഷം ഗംഭീരമാക്കാനുള്ള നെട്ടോട്ടത്തിലാണ് അസോസിയേഷന്‍ ഭാരവാഹികള്‍. ആവേശകരമായ വടംവലി മത്സരത്തിന്റെയും ഓണപ്പൂക്കള മത്സരത്തിന്റെയും രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണാഘോഷ പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ കമ്മറ്റി ചേര്‍ന്ന് വിലയിരുത്തുകയും ചെയ്തു.
നാട്ടിലില്ലെങ്കിലും നാടിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട് ആഘോഷത്തിന്റെ ഭാഗമാകാന്‍ ഓരോ പ്രവാസികളും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും മനോഹരമായി ആ ദിവസം കൊണ്ടാടാനാണ് ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍ ശ്രമിക്കുന്നത്. ഓണപ്പാട്ടും ഓണക്കളിയും ഓണ സദ്യയുമൊക്കെയായി ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ബ്രിസ്‌ക ഭാരവാഹികള്‍. സെപ്തംബര്‍ 9ന് 11 മണി മുതല്‍ ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് ഓണാഘോഷം നടക്കുന്നത്. ഇക്കുറി ബ്രിസ്‌കയുടെ ഓണാഘോഷം നേരത്തെയായതിനാല്‍ ആവേശവും ഏറെയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നത്. രുചികരമായ ഓണസദ്യക്ക് ശേഷം ഏകദേശം രണ്ടര മണിയോടെയാണ് ഓണാഘോഷ മത്സരങ്ങളില്‍ ഏറെ വാശിയേറിയ ഇനമായ വടംവലി മത്സരം ആരംഭിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും മത്സരങ്ങള്‍ സംഘടനകള്‍ തമ്മിലാകുമ്പോള്‍ കടുത്തതായിരിക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ടീമിന് 20 പൗണ്ടും വനിതകളുടെ ടീമിന് 10 പൗണ്ടും ആണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്ട്രേഷനായി ബ്രിസ്‌ക കമ്മറ്റി അംഗങ്ങളുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.
ആവേശകരമായ വടംവലി മത്സരത്തിന് ശേഷം നടക്കുന്ന കലാപരിപാടികള്‍ ഓണാഘോഷത്തെ കൂടുതല്‍ പ്രൗഢ ഗംഭീരമാക്കും. കലാപരിപാടിയുടെ ഏറ്റവും ആകര്‍ഷകമായ ഓപ്പണിങ് ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍.
പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പൂക്കളം സെപ്തംബര്‍ ആദ്യം മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തീയതികളില്‍ ജഡ്ജ്മെന്റ് നടത്തുന്നതായിരിക്കും. ഓണപൂക്കള മത്സരത്തിന് രജിസ്ട്രേഷന്‍ ഫീസില്ല. എന്നാല്‍ ഓണാഘോഷ ദിനമായ സെപ്തംബര്‍ 9ന് മത്സര വിജയികളെ പ്രഖ്യാപിക്കില്ല.
ബ്രിസ്റ്റോളിലെ 13 ഓളം അസോസിയേഷനുകളുടെ കൂട്ടായ്മയാണ് അത് കൊണ്ട് തന്നെ ബ്രിസ്‌ക. എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളുടെയും ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.
ഓണമെന്നത് ഓരോ മലയാളികള്‍ക്കും മറക്കാന്‍ കഴിയാത്ത കുറേ നല്ല നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്. അത്തരത്തില്‍ പുതു തലമുറയ്ക്കും ഓണം ഒരു നല്ല ഓര്‍മ്മയാകാന്‍.. മനസില്‍ മാവേലിയേയും സമ്പദ് സമൃദ്ധമായ കേരളത്തിന്റെ ആ നല്ല നാളുകളേയും ഓര്‍മ്മിപ്പിക്കാന്‍… കേരളത്തിന്റെ ഒത്തൊരുമയുടെ ഉത്സവത്തിലൂടെ കടന്നുപോകാനുള്ള ഒരു അവസരമാണ് ബ്രിസ്‌ക ഒരുക്കുന്നത്…
ബ്രിസ്‌കയുടെ ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിക്കുന്നു.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളില്‍ ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് ലിവര്‍പൂളിലെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഏഷ്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ ലിവര്‍പൂള്‍ (ACAL)ന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഫസാക്കെര്‍ലി റെയില്‍വേ ക്ലബ്ബില്‍ കിടിലന്‍ ഓണാഘോഷപരിപാടികള്‍ നടന്നു. രാവിലെ ആരംഭിച്ച കസേരകളിയോടു കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്, പിന്നീട് ലെമെന്‍ ഓണ്‍ ദി സ്പൂണ്‍, പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും വടംവലി മത്സരം എന്നിവ നടന്നു. തുടര്‍ന്നു വിഭവസമൃദ്ധമായ ഓണ സദ്യ. അതിനു ശേഷം ACALന്റെ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.
സ്വാഗതം ആശംസിച്ച ACALന്റെ പ്രസിഡണ്ട് ജിജിമോന്‍ മാത്യു ഓണം സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഉത്സവമാണ് അതുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അവരുടെ സ്വഭാവ ഭേദങ്ങളാണ് എന്നു കണ്ട് അംഗീകരിക്കാന്‍ നമുക്ക് കഴിയണമെന്ന് രാമന്‍ നടത്തിയ രാവണ വധം ഉദാഹരിച്ചു പറഞ്ഞു.
ആശയ സംപുഷ്ട്ടമായ ഓണസന്ദേശം ഓസ്റ്റിന്‍ ഷേര്‍ഫിന്‍ നല്‍കി. നാനാര്‍ത്ഥത്തില്‍ ഏകത്വം എന്ന മഹത്തായ സന്ദേശം ലോകത്തിനു നല്‍കിയ ഭാരതത്തില്‍ നിന്നും ഇന്നുയരുന്ന അസഹിഷ്ണുതയുടെ ശബ്ദം എന്നെ ഭയപ്പെടുത്തുന്നു എന്ന് ഓസ്റ്റിന്‍ പറഞ്ഞു.
പിന്നീട് കാണികളെ അമ്പരപ്പിക്കുന്ന തകര്‍പ്പന്‍ കലാപരിപാടികളാണ് അരങ്ങേറിയത്. എല്ലാ കലാപരിപാടികളും ഒന്നിനൊന്ന് മെച്ചമായിരുന്നു. വൈകുന്നരം 5 മണിവരെ കലപരിപാടികള്‍ തുടര്‍ന്നു. ജിസിഎസ്‌സിക്ക് ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു. പിന്നീട് കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാന വിതരണവും നടന്നു.
ജിമ്മി ജോസഫ്
കലാകേരളം ഗ്ലാസ്‌ഗോയുടെ ഈ വര്‍ഷത്തെ ഓണാലോഷങ്ങള്‍ സെപ്റ്റംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് ക്ലയര്‍ മൗണ്ട് പാരിഷ് ചര്‍ച്ച് ഹാളില്‍ നടക്കും. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന വേദിയില്‍ യുവതലമുറയുടെ പ്രസരിപ്പും, പഴമയുടെ പരിചയസമ്പന്നതയും ഒത്തുചേരുന്ന ആലോഷങ്ങള്‍ അവിസ്മരണീയമാക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ് കലാകേരളത്തിന്റെ എല്ലാ അംഗങ്ങളും.
വളരെ കുറഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് തന്നെ ശ്രദ്ധേയമായ സ്ഥാനം നേടിയ ഒരു ചെറു സംഘടനയുടെ ഓണാഘോഷ പരിപാടികളുടെ മുഴുവന്‍ സാമ്പത്തിക ചിലവുകളും ഏറ്റെടുക്കാന്‍ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ തയ്യാറായി മുന്‍പോട്ടു വന്നത് കലാകേരളത്തിന്റെ നാള്‍വഴികളില്‍ മറ്റൊരു നേട്ടമായി മാറുന്നു.
സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, മഹനീയ മാതൃക മനുഷ്യകുലത്തിന് നല്‍കിയ മാവേലി മന്നന്റെ ഐതിഹ്യ സ്മരണയാഘോഷിക്കുന്ന തിരുവോണ മഹോല്‍സവത്തിന് അരങ്ങൊരുങ്ങുമ്പോള്‍, താളമേളപ്പെരുമകളുടെയും, വഞ്ചിപ്പാട്ടിന്റെയും, നാദ, സ്വര, താള വാദ്യ, നാട്യങ്ങളുടെയും വിസ്മയ കാഴ്ചകളുടെ ആര്‍പ്പാരവങ്ങളില്‍ പങ്കെടുക്കുവാനും, കലാകേരള കൂട്ടായ്മയുടെ കരുത്തില്‍ തയ്യാറാക്കപ്പെടുന്ന വിഭവസമൃദ്ധമായ ഓണ സദ്യയുടെയും ഭാഗഭാക്കാകാന്‍ കലാകേരളത്തിന്റെ അഭ്യുദയകാംക്ഷികളേയും സുഹൃത്തുക്കളേയും, സുമനസ്സുകളേയും കുടുബസമേതം ക്ഷണിക്കുന്നതായി കലാകേരളം ഭാരവാഹികള്‍ അറിയിക്കുന്നു.
ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നേതൃത്വത്തില്‍ നടക്കുന്ന പൊന്നോണം 2017 നാളെ 11 മുതല്‍ ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടക്കും. ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തിനു ആരംഭിച്ച് മൂന്നിന് അവസാനിക്കും. ഇതോടൊപ്പം കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള ചാരിറ്റിയും ഓമ്നി സംഘടിപ്പിച്ചിട്ടുണ്ട്. 11 ന് ഓണപ്പൂക്കളം, 11.30 നു നോര്‍ത്ത് ബെല്‍ഫാസ്‌റ് എം.എല്‍. എ വില്യം ഹംഫ്രി ഓണാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.
10 രൂപയാണ് ഇത്തവണത്തെ ഫാമിലി ടിക്കറ്റിന്. ചെണ്ടമേളം, സംഗീത വിരുന്ന്,ഫ്രീ ഫാമിലി ഫോട്ടോഷൂട്ട്, ലേലം തുടങ്ങി ഇത്തവണത്തെ ഓണം പൊടി പൊടിക്കും. ഓമ്‌നിയുടെ നേതൃത്വത്തില്‍ നടത്തിയ ഫാമിലി ഫണ്‍ ആന്‍ഡ് സ്‌പോട്‌സ് ഡേയ്ക്ക് മികച്ച സഹകരണമാണ് പൊതു ജനങ്ങളില്‍ നിന്ന് ഉണ്ടായത്. ഷിജി കോമത്ത്,ബാബു ജോസഫ്,ബിനു മാനുവല്‍,കുഞ്ഞുമോന്‍ ഇയൊച്ചന്‍, സണ്ണി പരുന്തുംപ്ലാക്കല്‍, പുഷ്പ ശ്രീകാന്ത്, ജെയ്സണ്‍ പൂവത്തൂര്‍, സന്തോഷ് ജോണ്‍ എന്നിവര്‍ കായിക മേളക്ക് നേതൃത്വം നല്‍കി.