Uncategorized

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ അറസ്റ്റിലായി. ഡോക്ടര്‍മാരായ അജിത്ത്, നിള, പ്രിയദര്‍ശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയുണ്ടായത്.

തത്തമംഗലം സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ജൂലൈ മാസം ആദ്യമാണ് . അടുത്തടുത്ത ദിവസങ്ങങളിലായിരുന്നു രണ്ട് മരണവും ഉണ്ടായത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയെന്ന് മെഡിക്കൽ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. കേസ് നിയമ നടപടികളിലേക്ക് നീങ്ങുന്നതോടെ വൻ തുക തങ്കം ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് നൽകേണ്ടി വരും.

25 കാരിയായിരുന്ന ഐശ്വര്യയെ ജൂണ്‍ അവസാന വാരമാണ് തങ്കം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറയുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറയുകയായിരുന്നു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തതോടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. നവജാത ശിശു അടുത്തദിവസവും മരണപ്പെടുകയായിരുന്നു.

ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ചികിത്സാ പിഴവ് മൂലമാണന്ന ആരോപണവുമായി അപ്പോഴേ കുടുംബം രംഗത്തുവന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ആശുപത്രി അധികൃതര്‍ ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. അനുമതി പത്രങ്ങളില്‍ ചികിത്സയുടെ പേര് പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം ഒപ്പിട്ടു വാങ്ങുകയായിരുന്നു. ഗര്‍ഭപാത്രം നീക്കിയത് പോലും ബന്ധുക്കളുടെ അനുമതി വാങ്ങാതെയും അവരെ അറിയിക്കാതെയു മായിരുന്നു. ആശുപത്രി അധികൃതരോട് ബന്ധുക്കൾ അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം പോലും പറയുന്നത്. ഗര്‍ഭപാത്രം നീക്കിയപ്പോള്‍ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രാവം എന്ന് പറയുന്നതെന്നും കുടുംബം ചോദിച്ചിരുന്നു.

ബിബിൻ അബ്രഹാം 

ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലെ ടൺബ്രിഡ്ജ് വെൽസിലെ “സഹൃദയ ദി വെസ്റ്റ്‌ കെന്റ് കേരളൈറ്റ്സ്” ഒക്ടോബർ ഒന്നാം തീയതി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തലേ രാത്രി വരെ കോരിച്ചൊരിയുകയായിരുന്ന മഴ പോലും സഹൃദയയുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയെന്നോണം സൂര്യനെ ഉജ്വലമായി പ്രശോഭിപ്പിച്ചുകൊണ്ട് പൊൻകതിരുകൾ വീശി ബിവൽ വാട്ടർ തടാകത്തെ തങ്കശോഭയിൽ വിരാജിപ്പിച്ചു.

അതെ, മഴ മേഘങ്ങൾ മാറി നിന്നു, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ സൂര്യൻ ജ്വലിച്ചു നിന്നപ്പോൾ കെന്റിലെ ബിവൽ വാട്ടർ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറുകയായിരുന്നു. ആർത്തിരമ്പിയ ആയിരത്തോളം കാണികൾക്കു മുന്നിൽ യു. ക്കെയിൽ ജലരാജാക്കന്മാർ ഏറ്റുമുട്ടിയപ്പോൾ തിങ്ങി നിറഞ്ഞ വള്ളംകളി പ്രേമികൾക്ക് നയന മനോഹരമായ ആവേശ കാഴച്ചയാണ് സഹൃദയ കെന്റ് ജലോത്സവം നൽകിയത്

യു. കെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി കേവലം 160 അംഗങ്ങൾ മാത്രമുള്ള ഒരു മലയാളി അസോസിയേഷൻ -സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് -ഒരു അഖില യു.കെ വള്ളം കളി മത്സരം അതിവിപുലമായി നടത്തി ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. ഏകദ്ദേശം 25000 പൗണ്ട് ചിലവായ ഒരു ബിഗ് ബഡ്ജറ്റ് ജലോത്സവം തികഞ്ഞ അച്ചടക്കത്തോടെയും
അസൂത്രണത്തോടെയും, മാത്യകപരമായും ആണ് അരങ്ങേറിയത്. മത്സര ഇടവേളകളിൽ നൃത്ത നൃത്യങ്ങള്‍, സംഗീതം, തുടങ്ങിയ കലാപരിപാടികൾ കൊണ്ടു സമ്പന്നമായിരുന്ന ഇവന്റിൽ ഒഴുകി എത്തിയ എല്ലാ വള്ളം കളി പ്രേമികൾക്കും കുടുബസമേതം ഒരു ദിനം ചിലവഴിക്കാൻ വേണ്ട എല്ലാ ചേരുവുകളും ഉണ്ടായിരുന്നു.

കെന്റിലെ ബിവൽ വാട്ടറിൽ യു.കെ യിലെ എല്ലാ പ്രമുഖ ജലരാജാക്കന്മാരും പങ്കെടുത്ത ആവേശ പോരാട്ടത്തിൽ ശ്രീ. തോമസ് കുട്ടി ഫ്രാൻസിസ് ക്യാപ്റ്റനായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് സഹൃദയയുടെ പ്രഥമ വള്ളംകളി ട്രോഫിയിൽ മുത്തമിട്ടു. കലാശ പോരാട്ടത്തിൽ ആർത്തിരമ്പിയ ആയിരത്തോളം വരുന്ന കാണികൾക്കു ആവേശം വാരിവിതറിക്കൊണ്ടു, ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ശ്രീ. ബാബു കളപുരയ്ക്കൽ ക്യാപ്റ്റനായ സെവൻ സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ് രണ്ടാം സ്ഥാനം നേടിയപ്പോൾ, ശ്രീ. മോനിച്ചൻ ക്യാപ്റ്റനായ ഫ്രണ്ട്സ് ബോട്ട് ക്ലബ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യു.കെയിലെ എല്ലാ പ്രമുഖ ടീമുകളും പങ്കെടുത്ത കെന്റ് ജലോത്സവത്തിൽ പതിനഞ്ചു ടീമുകൾ ആണ് പരസ്പരം മൂന്നു ഹീറ്റ്‌സുകളിലായി ഏറ്റുമുട്ടിയത്. വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ സഹൃദയയുടെ ടീം റെഡും, യെല്ലോയും ഉജ്വല പോരാട്ടം ആണ് കാഴ്ച്ച വെച്ചത്.

വൈകുന്നേരം ആറു മണിയോടു കൂടി നടന്ന സമാപന യോഗത്തിലും സമ്മാനദാന ചടങ്ങിലും ബ്രാഡ്ലി സ്റ്റോക്ക് കൗൺസിലർ ശ്രീ. ടോം ആദിത്വ, ക്രോയിഡോൺ കൗൺസിൽ കൗൺസിലർ ശ്രീ. നിഖിൽ ഷെറീൻ തമ്പി, പ്രമുഖ മനുഷ്യാ അവകാശ പ്രവർത്തകൻ ശ്രീ ജോൺ സാമുവൽ അടൂർ എന്നിവർ പങ്കെടുത്തു.

കെന്റ് ജലോത്സവത്തിന്റെ ചെയർമാൻ ശ്രീ അജിത്ത് വെൺമണി, ജനറൽ കൺവീനിയർ ശ്രീ ബിബിൻ എബ്രഹാം, കോർഡിനേറ്റർ മാരായ ശ്രീ ജോഷി സിറിയക്ക്, ശ്രീ.വിജു വറുഗീസ്, ശ്രീ മനോജ് കോത്തൂർ, ശ്രീമതി. ലിജി സേവ്യർ, ശ്രീ. ബ്ലസ്സൻ സാബു, തുടങ്ങിയവർ നേതൃത്വം കൊടുത്ത അതിവിപുലമായ ജലോത്സവ കമ്മിറ്റി നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് കെന്റ് ജലോത്സവം ഒരു വൻ വിജയമാക്കി മാറ്റുവാൻ ടീം സഹൃദയയ്ക്കു സാധ്യമായത്.

ഏകദേശം ആയിരത്തോളം പേർ എത്തി ചേർന്ന ജലോത്സവത്തിൽ പ്രധാന സ്പോൺസര്‍ ലോ & ലോയേഴ്സ് സോളിസിറ്റർ, അലൈഡ് മോർഡ്ഗേജ് & ഇൻഷുറൻസ്, പ്രൈം കെയർ തുടങ്ങിയവരായിരുന്നു. സഹൃദയയുടെ പ്രഥമ ജല പോരാട്ടത്തിൽ വിജയിച്ച ലിവർപൂളിന്റെ ചെമ്പട പടകൂറ്റൻ ട്രോഫിയും 1101 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ കവൻട്രി സെവൻ സ്റ്റാർസിന് 601 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും, മൂന്നാം സ്ഥാനം നേടിയ ഫ്രണ്ട്സ് ബോട്ട് ക്ലബിന് 351 പൗണ്ട് ക്യാഷ് അവാർഡും ട്രോഫിയും മെഡലുകളും ലഭിച്ചു.

വാശിയേറിയ പോരാട്ടത്തിൽ മാർട്ടിൻ ക്യാപ്റ്റനായ ലണ്ടൻ ചുണ്ടൻ നാലാം സ്ഥാനത്ത് എത്തിയപ്പോൾ, ശ്രീ മാത്യു പുളിങ്കുന്ന് ചാക്കോ നയിച്ച സാൽഫോർഡ് ബോട്ട് ക്ലബ് അഞ്ചാമതായും, എഡ്വിൻ ക്യാപ്റ്റനായിരുന്ന ഈസ്റ്റ് ബോൺ ചുണ്ടൻ ആറാം സ്ഥാനവും കരസ്ഥമാക്കി.

കെന്റ് ജലോത്സവത്തിന്റ തിളക്കമാർന്ന വിജയത്തോടെ സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് എന്ന മലയാളി അസോസിയേഷന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി ചേർത്തു വെച്ചിരിക്കുകയാണ്. കെന്റ് ജലോത്സവം ഒരു വിജയമാക്കി മാറ്റുവാൻ സഹായിച്ച എല്ലാ ജലോത്സവ പ്രേമികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് വെൺമണി നന്ദി രേഖപ്പെടുത്തി.

തോമസ് പുത്തിരി

ഇംഗ്ലീഷ് എന്ന പരീക്ഷയിൽ കുടുങ്ങി നഴ്സിംഗ് ജോലി ചെയ്യാൻ കഴിയാതെ ബ്രിട്ടനിൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വാതില്‍ തുറന്ന് ബ്രിട്ടന്‍. ബ്രിട്ടനിലുള്ള മലയാളി നേഴ്സ്മാര്‍ക്ക്  ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ അടുത്ത ജനുവരി മുതല്‍  നേഴ്സ് ആയി റെജിസ്റ്റര്‍  ചെയ്യാന്‍ അവസരം.

യു കെ യിലെ  നഴ്സിംഗ് ആന്‍ഡ്‌ മിഡ് വൈഫറി കൗണ്‍സില്‍ (NMC)  സെപ്റ്റംബര്‍ 28 നു ചേര്‍ന്ന യോഗത്തിലാണ്  അടിസ്ഥാനപരായ ഈ നയംമാറ്റ തീരുമാനം എടുത്തത്. ഇതിലൂടെ ഇന്ത്യയിലും   (മറ്റു വിദേശ രാജ്യങ്ങളിലും) നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ വന്നിട്ടും  നഴ്സിംഗ്   റെജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ   കെയറര്‍ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്സിംഗ്  പ്രഫഷനലുകള്‍ക്ക് നേഴ്സ് ആയി ജോലി ചെയ്യാനുള്ള അവസരമായി.

ഇതുവരെ ഉള്ള നിയമപ്രകാരം   അന്താരാഷ്ട്ര  നിലവാരമുള്ള  ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ ബ്രിട്ടനില്‍ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ.  ഉന്നത നിലവാരത്തിലുള്ള ഇത്തരം ഇംഗ്ലീഷ് ടെസ്റ്റുകള്‍ പാസാകാന്‍ കഴിയാത്തത് കൊണ്ട് മാത്രം ആയിരക്കണക്കിന് മലയാളികളടക്കമുള്ള  വിദേശ നേഴ്സ്മാര്‍ ബ്രിട്ടനില്‍ വന്നു  നഴ്സിംഗ് കെയറര്‍ ആയി ജോലി ചെയ്തുവരുന്നുണ്ട്.

നഴ്സിംഗ് പഠനം ഇംഗ്ലീഷിലാണ് എന്നും, കൂടാതെ  തങ്ങള്‍ ഇപ്പോള്‍ ജോലി  ചെയ്യുന്ന ബ്രിട്ടനിലെ  സ്ഥാപനത്തില്‍ നിന്നും നഴ്സിംഗ് പ്രഫഷന്   ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ട് എന്നുള്ള സര്‍ട്ടിഫിക്കറ്റും, അതോടൊപ്പം ബ്രിട്ടനിലെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടിയായാല്‍ ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നേഴ്സ് ആയി  റെജിസ്ട്രേഷന്‍ ചെയ്യാം എന്നാണ് NMC പുതുതായി കൊണ്ടുവന്ന തീരുമാനം.

ഈ തീരുമാനത്തിലൂടെ   ബ്രിട്ടനില്‍ ജോലി ചെയ്യുന്ന വിദേശ  നേഴ്സ്മാര്‍ക്ക്   ഇംഗ്ലീഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നഴ്സിംഗ്  റെജിസ്ട്രേഷന്‍ നടത്താന്‍  കഴിയും. അടുത്ത വര്‍ഷം  ജനുവരി മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും.  കേരളത്തില്‍ നിന്ന് മാത്രം   ഏകദേശം 25000 ല്‍ അധികം നേഴ്സ് മാര്‍   കെയറര്‍  ആയി ബ്രിട്ടനില്‍  ചെയ്തുവരുന്നുണ്ട് എന്നാണു ഔദ്യോദികമല്ലാത്ത ഏകദേശ കണക്ക് .  അവര്‍ക്കെല്ലാം   തങ്ങള്‍ പഠിച്ച മഹത്തായ നഴ്സിംഗ് സേവനം  ചെയ്യാനുള്ള  അവസരം അടുത്ത ജനുവരി   മുതല്‍ ഉണ്ടാകും.

നഴ്സിംഗ് രംഗത്തു വിദേശ  നേഴ്സ്മാര്‍  നേരിടുന്ന വിവേചനത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു വര്‍ഷങ്ങളായി നിരവധി ക്യാമ്പയിനുകള്‍ ബ്രിട്ടനിലെ മലയാളി സമൂഹം നടത്തിവരുന്നുണ്ട്. ബ്രിട്ടനിലെ എം പി മാരുടെയും മുനിസിപല്‍   കൗണ്‍സിലുകളുടെയും ട്രേഡ് യൂണിയനുകളുടെയും  സഹകരണത്തോടെ നിരവധി വര്‍ഷങ്ങളായി   നടത്തിവന്ന   ക്യാമ്പയിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

2015 ല്‍ മലയാളി പ്രതിനിധികള്‍ ബ്രിട്ടീഷ്   പാര്‍ലമെന്റ്  ലോബി ഹാളില്‍  50 ഓളം എം പി മാരെ നേരില്‍ കണ്ടു വിഷയം അവതരിപ്പിച്ചു.  സൌതാല്‍ എം പി വിരേന്ദ്ര ശര്മയോടൊപ്പം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ    ഔദ്യോഗിക  വസതിയില്‍ ചെന്ന് നിവേദനം സമര്‍പ്പിച്ചു.  ഇതേ ആവശ്യം ഉന്നയിച്ചു കൗണ്‍സിലര്‍ ബൈജു തിട്ടാല 2019 മെയ്‌ മാസത്തില്‍    അവതരിപ്പിച്ച  പ്രമേയം കേംബ്രിഡ്ജ് സിറ്റി  കൗണ്‍സില്‍   ഏകകണ്‌ഠമായി  പാസ്സാക്കി. തുടര്‍ന്ന് 30 ജനുവരി 2020 ല്‍  കേംബ്രിഡ്ജ് സിറ്റി കൌണ്‍സില്‍ ലീഡര്‍ ല്യൂവിസ്   ഹെര്‍ബെര്‍ട്ട് ന്റെ നേതൃത്വത്തില്‍  മലയാളി പ്രതിനിധികള്‍ NMC ചീഫ് എക്സക്യൂട്ടീവ് ആണ്ട്രിയ സട്ക്ക്ളിഫ്,  ഡയറക്ടര്‍ ഓഫ്  റെജിസ്ട്രേഷന്‍ എമ ബ്രോഡ്ബെന്റ്  എന്നിവരെ കണ്ടു  വിദേശ നേഴ്സ് മാര്‍ നേരിടുന്ന പ്രശനങ്ങളെ  കുറിച്ചുള്ള  വിശദമായ  സര്‍വ്വേ പഠനം സമര്‍പ്പിച്ചു.

വിദേശ   നേഴ്സ്മാരുടെ ആവശ്യം പരിഗണിച്ചു നടത്തിയ കണ്‍സല്‍ട്ടെഷ നില്‍ NMC ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും,   34000 പേര്‍ ഇതുമായി ബന്ധപ്പെട്ട  അഭിപ്രായന്വേഷണത്തോട് സഹകരിക്കുകയും ചെയ്തുവെന്ന് NMC ചീഫ് ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി ആന്‍ഡ്‌ ഇന്‍സൈറ്റ് പറഞ്ഞു.

എഴുപത് വർഷങ്ങൾക്ക് മുമ്പ് കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ എന്ന നോവൽ എക്കാലത്തെയും മാസ്റ്റർപീസ് ആണ്. കൽക്കി എന്ന തമിഴ് മാസികയിൽ മൂന്നര വർഷങ്ങളായി എല്ലാ ആഴ്ചയും വന്നിരുന്ന ഈ നോവൽ വായിക്കാത്ത തമിഴ് പ്രേമികൾ ചുരുക്കമാണ്. അഞ്ചു ഭാഗങ്ങൾ, ഇരുന്നൂറിൽപരം അദ്ധ്യായങ്ങൾ, തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങൾ.. ഇങ്ങനെ പോകുന്നു നോവലിന്റെ സവിശേഷതകൾ. ഈ നോവൽ സിനിമയാക്കാനുള്ള ഉദ്യമങ്ങൾ അടുത്തിടെ തുടങ്ങിയതല്ല. എം.ജി ആറിന്റെ കാലം മുതൽ അതിനായുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. 1994-ലും 2011-ലും പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ മണിരത്നം ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ തന്റെ ഡ്രീം പ്രൊജക്റ്റ്‌ വിട്ടുകളയാൻ അദ്ദേഹം ഒരുങ്ങിയില്ല. അങ്ങനെ അഭ്രപാളിയിൽ വിസ്മയം തീർക്കാൻ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം എത്തി.

ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവലിന്റെ മലയാളം വിവർത്തനം പ്രീ ബുക്ക്‌ ചെയ്ത് വാങ്ങിയ ആളാണ് ഞാൻ. ആദ്യം നോവൽ വായിക്കണോ സിനിമ കാണണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അങ്ങനെ മടിയനായ ഞാൻ 1200 പേജുകളുള്ള നോവൽ രണ്ടേമുക്കാൽ മണിക്കൂറുള്ള സിനിമ കണ്ടശേഷം വായിക്കാമെന്ന് തീരുമാനിച്ചു!

മറ്റൊരു ബാഹുബലി പ്രതീക്ഷിച്ച് ആരും ചിത്രം കാണാൻ പോകരുത്. കാരണം, അങ്ങനെ കരുതി വന്ന് നെഗറ്റീവ് അടിച്ച് മനസ്സ് മടുപ്പിക്കുന്ന കാണികളായിരുന്നു എനിക്ക് ചുറ്റും. മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങളും ശക്തമായ ഭാഷയുമുള്ള ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഒരു പ്യുവർ പീരിയഡ് ഡ്രാമ. അതിൽ മണിരത്നത്തിന്റെ ക്രാഫ്റ്റ് കൂടി ചേരുന്നതോടെ തൃപ്തികരമായ അനുഭവമായി മാറുന്നു.

ചോള സാമ്രാജ്യത്തിന്റെ അധിപന്‍ സുന്ദര ചോളന്‍ രോഗാതുരനാണ്. ആദിത്യ കരികാല (വിക്രം) നാണ് അടുത്ത കിരീടാവകാശി. എന്നാൽ അദ്ദേഹത്തിന് പട നയിച്ചു പോരാടുന്നതിനോടാണ് താല്പര്യം. സഹോദരനായ അരുൾ മൊഴിവർമൻ അഥവാ പൊന്നിയിൻ സെൽവൻ (ജയം രവി) ലങ്കയിൽ യുദ്ധത്തിലാണ്. ഇവരുടെ സഹോദരിയാണ് കുന്തവൈ ദേവി (തൃഷ). കിരീടം ഇവരിലേക്ക് എത്താതെ മറ്റൊരാളിലേക്ക് എത്താൻ സാമന്തരാജാക്കന്മാർ കൂടി ചേർന്ന് പദ്ധതി ഒരുക്കുന്നു. ഇതാണ് കഥാതന്തു. കഥ സഞ്ചരിക്കുന്നത് ആദിത്യന്റെ വിശ്വസ്തനായ വല്ലവരായൻ വന്ദ്യദേവനിലൂടെയാണ്. അദ്ദേഹത്തിന്റെ സഞ്ചാരത്തോടൊപ്പാണ് കഥ നീങ്ങുന്നത്.

താരങ്ങൾ, മേക്കിങ്, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം തുടങ്ങിയ മേഖലകളിൽ സിനിമ റിച്ച് ആണ്. കാഴ്ചകൾ അത്രമാത്രം സുന്ദരമാണ്. കഥാപാത്ര നിർമിതി അത്രമാത്രം ആഴമേറിയതാണ്. പ്രധാനമായും ആദിത്യ, നന്ദിനി (ഐശ്വര്യ റായ്), പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി) എന്നിവരുടെ കഥാപാത്രങ്ങൾ. സ്ത്രീകഥാപാത്രങ്ങളെ അതിമനോഹരമായി ചിത്രീകരിക്കുന്ന മണിരത്‌നം സ്റ്റൈൽ ഇവിടെയും കാണാം. എ. ആർ റഹ്മാന്റെ സംഗീതത്തിലെ ദൃശ്യങ്ങളും എടുത്തുപറയേണ്ടതാണ്. ആഴ്‌വാർ കടിയാൻ നമ്പി എന്ന ജയറാം കഥാപാത്രവും രസകരം.

ഒട്ടേറെ കഥാപാത്രങ്ങളെ ഒന്നിനുപിറകെ ഒന്നായി അവതരിപ്പിക്കുമ്പോൾ ആദ്യ പകുതിയിൽ കഥപറച്ചിൽ അല്പം പിന്നിലേക്ക് വലിയുന്നുണ്ട്. രണ്ടാം പകുതിയിലാണ് നാം പൊന്നിയിൻ സെൽവനെ കാണുന്നത്. മികച്ച ക്ലൈമാക്സ്‌ സീനോട് കൂടി, പലതും പിന്നീട് പറയാൻ അവശേഷിപ്പിച്ചാണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ളതിനാൽ മനസ്സിൽ ഇടം നേടുന്നവരുടെ എണ്ണം കുറയും. എന്നാൽ റിച്ചായ ചില ഫ്രെയിമുകൾ മനസ്സിൽ പതിയും. ഒപ്പം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും.

ബേസിൽ ജോസഫ് പുളിക്കൽ

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് രൂപതാ ബൈബിൾ കലോത്സവ ഗ്രാൻഡ് ഫിനാലേക്കുള്ള യോഗ്യത തേടിയുള്ള ബ്രിസ്റ്റോൾ – കാര്ഡിഫ് റീജിയൻ ബൈബിൾ കലോത്സവത്തിനായി വെയിൽസിലെ ന്യൂപോർട്ട് ഒരുങ്ങുന്നു. 2022 ഒക്ടോബർ 29 ശനിയാഴ്ച, ന്യൂപോർട്ട് സെയിന്റ് ജോസഫ് പ്രൊപ്പോസ് ഡ് മിഷന്റെ ആതിഥേയത്തിൽ ന്യൂപോർട്ട് സെയിന്റ് ജൂലിയൻ സ്കൂൾ ഹാളിൽ വെച്ചാണ് ഇത്തവണ കലാമത്സരങ്ങൾ നടത്തപ്പെടുന്നത് . രാവിലെ 9 മണിക്ക് നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടെയോടെ കലാ മത്സരൽങ്ങൾക്ക് തുടക്കം കുറിക്കും .തുടർന്ന് വിവിധ സ്റ്റേജുകളിലായി ലോകത്തിലെങ്ങും ക്രിസ്തുവിനു സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്‌വാർത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും നൃത്ത നൃത്യങ്ങളും നർമ്മവും നാടകാവിഷ്‌കാരണവുമൊക്കെയായി റീജിയണിലെ വിവിധ മിഷൻ /പ്രോപോസ്ഡ് മിഷനുകളിൽ നിന്നായി നിരവധി പ്രതിഭകൾ ന്യൂപോർട്ടിലെ മത്സരവേദിയെ കലയുടെ കനക ചിലങ്ക അണിയിക്കും എന്ന് നിസംശയം പറയാം , കൊറോണക്ക് ശേഷമുള്ള ആദ്യത്തെ കലോത്സവം ആയതിനാൽ വ്യക്തികളും മിഷനുകളും ആവേശകരമായ തീ പാറുന്ന മത്സരങ്ങളാവും വേദിയിൽ പുറത്തെടുക്കുക

ദൈവ വചനം കലാരൂപത്തിലൂടെ കാണികളിലേക്കെത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിള്‍ കലോത്സവങ്ങള്‍.മത്സരഇനങ്ങളും നിബന്ധനകളും നിർദേശങ്ങളും മറ്റു വിവരങ്ങളും www.smegbiblekalolsavam.com എന്ന വെബ്സൈറ്റിൽ ല്‍ ലഭ്യമാണ്. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു .കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ തനിനാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി ന്യൂപോർട്ട് സെയിന്റ് ജോസഫ് പ്രൊപ്പോസ് ഡ് മിഷൻ പള്ളികമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .
വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 29 ന് സെയിന്റ് ജൂലിയൻ സ്കൂൾ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ കോർഡിനേറ്റർ റവ . ഫാ .പോൾ വെട്ടിക്കാട് , ന്യൂപോർട്ട് -കാര്ഡിഫ് മിഷൻ ഡയറക്ടർ റവ . ഫാ .ഫാൻസ്വാ പത്തിൽ , റീജിയൺ കലോത്സവ കോർഡിനേറ്റർ സിജി വാദ്ധ്യാനത്ത്(ബ്രിസ്റ്റോൾ), അനീറ്റ (ബ്രിസ്റ്റോൾ), ന്യൂപോർട്ട് പള്ളി ട്രസ്റ്റിമാരായ റെജിമോൻ വെള്ളച്ചാലിൽ ,പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു .കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജോഷി തോമസ്(07888689427 ,ന്യൂപോർട്ട്)തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവച്ച് െകാലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മുദിഗൊണ്ടയിൽ തിങ്കളാഴ്ചയാണു സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബ് (52) ആണ് കൊല്ലപ്പെട്ടത്. ജന്മഗ്രാമമായ ബൊപ്പാറത്തിൽനിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജമാൽ.

തൊപ്പി വച്ച ഒരു യുവാവ് വഴിയിൽ വച്ച് ബൈക്കിനു കൈ കാണിക്കുകയും ലിഫ്റ്റ് അഭ്യർഥിക്കുകയും ചെയ്തു. ജമാൽ യുവാവിനെ ബൈക്കിൽ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം യാത്ര ചെയ്തശേഷം യുവാവ് ജമാലിന്റെ തുടയിൽ വിഷം കുത്തിവച്ചു. വേദന െകാണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു. ഇതിനിടെ യുവാവ് സ്ഥലംവിട്ടു. സ്ഥലത്തുണ്ടായിരുന്ന കർഷകർ ജമാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങളെ െകാല്ലാൻ ഉപയോഗിക്കുന്ന വിഷമാണു കുത്തിവച്ചതെന്നാണു സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഖമ്മം റൂറൽ എസിപി ജി. ബസ്‌വ റെഡ്ഡി പറഞ്ഞു.

തെന്നിന്ത്യന്‍ നടി ദീപയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വിരുഗമ്പാക്കത്തുള്ള സ്വകാര്യ ഫ്ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയോടെ മുറിയില്‍ ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങള്‍ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആന്ധ്രയിലുള്ള ബന്ധുക്കള്‍ ചെന്നൈയിലെത്തിയ ശേഷം ദീപയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ദീപയുടെ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോളിന്‍ ജെസീക്ക എന്നാണ് ദീപയുടെ യഥാര്‍ത്ഥ പേര്. 29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലോഗോയുടെ പ്രകാശനം നടന്നു. മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ. ജോസ് തോമസ് ആണ് സമ്മാനാർഹമായ ലോഗോ പ്രകാശനം ചെയ്തത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടർമാരായ ബിനു മാത്യു, ജിമ്മി മൂലംകുന്നേൽ, എൽ കെ സി സെക്രട്ടറി അജീഷ് കൃഷ്ണൻ  തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ നിരവധി ലോഗോകളിൽ നിന്നും ഏറ്റവും മികച്ച ലോഗോ തെരഞ്ഞെടുത്തത് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട ജൂറിയാണ്. ചിത്രകാരൻ കൂടിയായ യുകെ മലയാളി ഫെർണാണ്ടസ് വർഗീസ് ഡിസൈൻ ചെയ്ത ലോഗോയാണ് ജൂറി ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.

ഒന്നാം സമ്മാനാർഹമായ ലോഗോ

ഒക്ടോബർ എട്ടിന് കീത്തിലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിൽ ഇത് വരെ നിരവധി എൻട്രികൾ ലഭിച്ച് കഴിഞ്ഞു. 1001 പൗണ്ട് ഒന്നാം സമ്മാനമായും 751 പൗണ്ട് രണ്ടാം സമ്മാനമായും 501 പൗണ്ട് മൂന്നാം സമ്മാനമായും പ്രഖ്യാപിച്ചിരിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പ്രായവ്യത്യാസമില്ലാതെ ഏതു ടീമിനും പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിലെ വിജയിക്ക് ബോളിവുഡ് മത്സര വേദിയിൽ വച്ച് സമ്മാനം നൽകും. 101 പൗണ്ട് ആണ് ലോഗോ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത്. ലോഗോ മത്സരത്തിലേക്ക് ലഭിച്ച നിരവധി എൻട്രികളിൽ നിന്നും പന്ത്രണ്ട് വയസ്സുകാരൻ സച്ചിൻ ജോർജ്ജ് ഡാനിയേൽ ഡിസൈൻ ചെയ്ത ലോഗോ പ്രോത്സാഹന സമ്മാനത്തിനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് യോർക്ഷയറിൽ തിരിതെളിയുക. യോർക്ഷയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്. സത്യസന്ധവും സുതാര്യവുമായ വിധിയെഴുത്ത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മലയാളം യുകെ ഉറപ്പു തരുന്നു.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ

യുറോപ്പ് മലയാളികൾ അവതരിപ്പിക്കുന്ന ബോളിവുഡ് മഹാത്ഭുതം ആസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും മലയാളം യുകെ ന്യൂസ് യോർക്ഷയറിലെ കീത്തിലിയിലേയ്ക്ക് ക്ഷണിക്കുകയാണ്.

മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ്  – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

 

ടോം ജോസ് തടിയംപാട്

വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കു പോരാന്‍ തുടങ്ങുമ്പോള്‍ ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് മാനേജരും എഞ്ചിനീയറിങ്ങ് ബിരുദധാരിയുമായ അലന്‍ ഫുള്‍ ഫോൾകെനെർ (Alan Faulkner) ബസ്‌ കഴുകുന്നതുകണ്ട് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു അലന്‍ നീ എന്താണ് ബസ്‌ കഴുകുന്നത് അലന്‍ പറഞ്ഞു സ്‌പെയർ ബസ് ഇല്ലാത്തതുകൊണ്ട് ഈ ബസ്‌ ഇപ്പോള്‍ റോഡില്‍ പോകേണ്ടതുണ്ട് ഈ ബസ് ഇപ്പോൾ സർവീസ് അവസാനിപ്പിച്ച് തിരിച്ചു വന്നതേയുള്ളു ഇതു മുഴുവന്‍ ചെളി ആയതുകൊണ്ട് കഴുകിയെ സുർവീസിന് അയക്കാൻ കഴിയു അതുകൊണ്ടു കഴുകുന്നു എന്ന് പറഞ്ഞു.

സാധരണ ബസ്‌ കഴുകി ഓയിൽ ചെക്കിങ് നടത്തുന്ന ജോലി ചെയ്യുന്നവര്‍ വരുന്നത് രാത്രിയോട്‌ കൂടിയാണു അതിനു മുന്‍പ് ഈ ബസ്‌ പുറത്തു പോകേണ്ടി വന്നത് കൊണ്ട് മാനേജര്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആ ജോലി ചെയ്യുന്നു ഞാന്‍ നിന്‍റെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു നിന്നെ പോലെ ഉള്ള ഒരാളാണ് എന്‍റെ നാട്ടില്‍ ആദ്യമായി ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് തുടങ്ങിയത് അയാളുടെ പേര്‍ ഇ ജി സാള്‍ട്ടര്‍ എന്നായിരുന്നു എന്ന് പറഞ്ഞു. പിന്നെ കേരളത്തിലെ കെ എസ് ആർ ടി സി യുടെ ചരിത്രം അലനു പറഞ്ഞു കൊടുത്തു.

ഞാൻ അലനോട് പറഞ്ഞ ചരിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമയില്‍ വായിച്ചതാണ് തിരുവിതാംകൂറില്‍ സര്‍ക്കാരിന്‍റെ കിഴില്‍ ബസ്‌ സര്‍വിസ് തുടങ്ങാന്‍ 1937 ല്‍ ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവ് തിരുമാനിച്ചു അതിനു വേണ്ടി ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ ജി സാള്‍ട്ടറെ നാട്ടില്‍ വരുത്തി അതിന്‍റെ ചുമതല ഏല്പിച്ചു .ബസ് സർവീസ് ആരംഭിക്കുന്നതിനുവേണ്ടി ഇംഗ്ലണ്ടിൽ നിന്നും അറുപതു കോമറ്റ് ചേസിസ് ഇറക്കുമതി ചെയ്ത . തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. ബോഡി നിര്‍മാണത്തിനും നേതൃത്വം കൊടുത്തതും സാള്‍ട്ടർ തന്നെ ആയിരുന്നു.

1938 ഫെബ്രുവരി 20ന് ശ്രി ചിത്തിരതിരുന്നാള്‍ മഹാ രാജാവ്‌ സംസ്ഥാന മോട്ടോര്‍ സര്‍വീസ് ഉത്ഘാടനം ചെയ്തു ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ് ( T S T D ) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉത്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. മഹാരാജാവ് സഞ്ചരിച്ച ബസും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.

ആദ്യമായി ആരംഭിച്ച സർവീസ് തിരുവന്തപുരം നാഗർകോവിൽ ആയിരുന്നു. ബസ്‌ സര്‍വീസ് ആരംഭിച്ചു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സാള്‍ട്ടര്‍ രാജാവ്‌ മുടക്കിയ പണം തിരികെ കൊടുക്കുകയും ബസ്‌ സര്‍വീസ് ലാഭത്തില്‍ ആക്കുകയും ചെയ്തു എന്നാണ് മനോരമയിൽ വായിച്ചത്.

ഗതാഗതവകുപ്പിന്റെ സുപ്രീണ്ട് ആയി അവരോധിക്കപ്പെട്ട സാള്‍ട്ടര്‍ രാവിലെ ഓഫീസില്‍ എത്തി തന്‍റെ ഓഫിസ് ജോലികള്‍ കഴിഞ്ഞാല്‍ പിന്നെ നേരെ പോകുന്നത് വര്‍ക്ക്‌ ഷോപ്പിലേക്ക് ആയിരുന്നു വർക്ക് ഷോപ്പിലെ വേണ്ടത്ര പരിചയ സമ്പന്നര്‍ അല്ലാത്ത തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശം കൊടുത്ത ശേഷം തന്‍റെ കാറും കൊണ്ട് ബസ്‌ ഓടുന്ന വഴിയിലൂടെ പോയി അവിടുത്തെ യാത്രക്കരെ നേരില്‍ കണ്ടു അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സാള്‍ട്ടര്‍ ശ്രമിച്ചിരുന്നു അതുപോലെ ഒഴിവു സമയം വര്‍ക്ക്‌ഷോപ്പലെ തൊഴിലാളി കളെ പഠിപ്പിക്കുന്നതിന് വേണ്ടി അവരോട് ഒപ്പം ജോലി ചെയ്യുന്ന സാള്‍ട്ടറെ ആണ് ജനം കണ്ടിരുന്നത്‌.പിന്നീട് കേരള സംസ്ഥാനം രൂപം കൊള്ളുകളയും 1965 ൽ ഇന്നു കാണുന്ന കെ എസ് ആർ ടി സിരൂപീകരിക്കുകയും ചെയ്തു

ഇന്നു ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനും ഡീസൽ നിറക്കാനും വിഷമിക്കുന്ന കെ എസ് ആർ ടി സി ക്ക് ഇത്തരം ഒരു തിളക്കമുള്ള ചരിത്രകാലഘട്ടം ഉണ്ടായിരുന്നുവെന്ന് നമ്മൾ അറിയേണ്ടതാണ് ,
ഏതു തൊഴിലിനും മാന്യത നല്‍കുന്ന ഒരു സമൂഹത്തില്‍ ആണെങ്കിലെ ഇത്തരം അലന്‍മാരെയും സാള്‍ട്ടര്‍ മാരെയും നമുക്ക് കാണാന്‍ കഴിയു. ഓഫീസിലെ നിലത്തു കിടക്കുന്ന ഒരു ചെറിയ തുണ്ട് പേപ്പർ എടുക്കാന്‍ പോലും ജന്മിയെ പോലെ പ്യൂണിനെ വിളിക്കുന്ന ഓഫീസര്‍ മാരുള്ള നമ്മുടെ നാട്ടില്‍ പ്യൂണും പേഴ്സ്‌ണല്‍ ഡ്രൈവറും ഇല്ലാതെ ജോലി ചെയ്യുന്ന ഈ നാട്ടിലെ തൊഴില്‍ സംസ്കാരം എന്ന് എത്തിചേരുമോ ആവൊ അങ്ങനെ വന്നാല്‍ നമ്മുടെ പൊതു മേഖല സ്ഥാപനാമായ കെ എസ് ആർ ടി സിയും എന്നേ ലാഭത്തില്‍ എത്തിയേനെ .

മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മീഞ്ചന്തയിൽ ഒളിവിൽ കഴിയുകയായിരുന്ന പർഗന സ്വദേശി രവികുൽ സർദാറാണ് പിടിയിലായത്. ബംഗാളിലെ കാനിംഗ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.

കൃത്യം നടത്തിയ ശേഷം രവികുൽ കോഴിക്കോട്ടേക്ക് ട്രെയിൻ കയറുകയായിരുന്നു. പരിചയക്കാരനായ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചുവരികയായിരുന്ന ഇയാളെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. രവികുൽ സർദാറിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved