Uncategorized

മലയാളം യുകെ ന്യൂസ് ടീം.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ നടക്കുന്ന കേരളത്തിലെ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു. സാധാരണക്കാരായ ഒരു പറ്റം യുവതീ യുവാക്കൾ ജീവിക്കാനുള്ള വരുമാനം സ്വരുക്കൂട്ടാൻ ഭരണകൂടത്തിൻറെ കനിവിനായി ജനമനസാക്ഷി ഉണർത്തുവാൻ, അക്ഷീണം നടത്തുന്ന പ്രയത്നങ്ങൾ ജനമനസുകളിൽ പിന്തുണയുടെ സ്വരമായി മാറുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും. സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷായുടെ ശക്തമായ നേതൃപാടവവും ഭാരവാഹികളുടെ ഊർജ്ജസ്വലമായ പ്രവർത്തനവും പൊതുജനത്തിൻറെ ധാർമ്മിക പിന്തുണയും ഈ സമരത്തിൻറെ പ്രത്യേകതയാണ്. തികച്ചും സമാധാനപരമായ മാർഗങ്ങളിലൂടെ, പണിമുടക്കാതെ അധികാര വർഗ്ഗത്തിൻറെ കണ്ണുതുറപ്പിക്കാൻ യാതനകളുടെ ലോകത്തേക്ക് കരുണയുടെ മാലാഖമാർ ഒരുമയോടെ കൈ കോർത്ത് ഇറങ്ങുമ്പോൾ കേരള മണ്ണിൽ ഒരു നിശബ്ദ വിപ്ലവത്തിന് തുടക്കമാവുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും UNA യൂണിറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഹോസ്പിറ്റലുകളിലും യൂണിറ്റുകൾ തുടങ്ങാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നഴ്സസ് അസോസിയേഷൻ. ഇവരെ പിന്തുണയ്ക്കാൻ ബഹുരാഷ്ട്ര കുത്തകകളോ, രാഷ്ട്രീയ പാർട്ടികളോ ഇല്ല. നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്കുന്ന മാദ്ധ്യമങ്ങളും വിരളം. കാരണം സമരത്തിനിറങ്ങിയിരിക്കുന്നവർ സാധാരണക്കാരാണ്. സാമാന്യ വിദ്യാഭ്യാസമുള്ള ഈ പുതുതലമുറയിലെ ഊർജ്ജസ്വലരായ യുവതീയുവാക്കളെ തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കാൻ പറ്റില്ല എന്ന തോന്നലും രാഷ്ട്രീയ പാർട്ടികളെ ഇവരിൽ നിന്ന് അകറ്റിയിട്ടുണ്ട്. സമരം ഒരു തൊഴിലാക്കിയവരല്ല ഈ നഴ്സുമാർ, അതിലുപരി ജീവിക്കാനായി സമര മുഖത്തേയ്ക്ക് എത്താൻ നിർബന്ധിതരായവരാണിവർ.

കഠിനമായ ശിക്ഷണത്തിൻറെയും ശാസനയുടെയും അന്തരീക്ഷത്തിൽ വളർന്ന്, വിദ്യാഭ്യാസം പൂർത്തിയാക്കി ആജ്ഞകൾ ശിരസാവഹിച്ച് ജീവിതകാലം മുഴുവൻ ശബ്ദിക്കാനാവാതെ സംസ്ഥാനത്തെ ഹോസ്പിറ്റലുകളിൽ തുച്ഛമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെ വിമോചന പ്രസ്ഥാനമാണ് സംസ്ഥാനത്ത് എമ്പാടും രൂപം കൊണ്ടിരിക്കുന്നത്.  നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തുവാൻ  യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാധിച്ചു കഴിഞ്ഞു.  നഴ്സുമാരുടെ സമരത്തിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിസീമമായ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിൻറെ ഏതു ഭാഗത്തും, കഠിനാദ്ധ്വാനത്തിൻറെയും ആത്മാർത്ഥതയുടെയും പ്രതീകവും പര്യായവുമായി പേരെടുത്തവരാണ് മലയാളി നഴ്സുമാർ. വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ കേരളത്തിൽ സമരമേഖലയിലുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് പിന്തുണയുമായി എത്തുന്ന കാഴ്ച മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്രിട്ടൻ , ക്യാനഡ, അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ ക്രിയാത്മക പിന്തുണയുമായി സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. തങ്ങൾ പണ്ട് അനുഭവിച്ച സാഹചര്യങ്ങളുടെ ഓർമ്മ പുതുക്കലാണ് നിലവിലെ പ്രതിസന്ധിയ്ക്കും കാരണമെന്ന് തിരിച്ചറിവാണ് നഴ്സിംഗ് സമൂഹത്തെ വൈകാരികമായ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നത്

നഴ്സിങ്ങ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി കാലാകാലങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകളും കമ്മറ്റികളും നല്കിയ റിപ്പോർട്ടുകളും റെക്കമെൻഡേഷനുകളും ഇന്നും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്പോലും മാറ്റിമറിക്കാൻ കെൽപ്പുള്ള മാനേജ്മെൻറുകളുടെ പിടിവാശിക്കു മുന്നിൽ കമ്മീഷനുകളുടെ നിർദ്ദേശങ്ങൾ ഒരു ജലരേഖയായി മാറി. സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ അനുവദിച്ചു കൊടുക്കാനുള്ള ഇച്ഛാശക്തി കാലാകാലങ്ങളിൽ ഭരിച്ച ഭരണകൂടങ്ങൾ കാണിക്കാതിരുന്നത് പ്രശ്നം വഷളാക്കി. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള റിക്രൂട്ട്മെൻറ് കുറഞ്ഞതും സ്വകാര്യ മേഖലയിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ നഴ്സിംഗ് സ്കൂളുകളും  നഴ്സിംഗ് രംഗത്തെ അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടി.

ആതുരസേവന രംഗത്തെ മാലാഖാമാരുടെ സമരത്തിൻറെ അലയൊലികൾ ലോകമെങ്ങും എത്തിക്കഴിഞ്ഞു. കേരളം കണ്ട ഏറ്റവും സമാധാനപരമായ തൊഴിൽ മേഖലയിലെ യുവത്വത്തിൻറെ മുന്നേറ്റം ചരിത്രത്താളുകളിൽ ഇടം തേടും. അനുദിനം പിന്തുണ വർദ്ധിക്കുന്ന നഴ്സുമാരുടെ സമരത്തിന് ലക്ഷ്യം ഒന്നേയുള്ളൂ. രാജ്യത്തെ സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനസർക്കാർ നടപ്പിലാക്കണം എന്നതാണത്. ഒരു മാസം ജോലി ചെയ്താൽ 6,000 രൂപയാണ് ഒരു നഴ്സിന് ഇന്ന് തുടക്കത്തിൽ ലഭിക്കുന്നത്. അത് 20,000 രൂപയായി ഉയർത്തണമെന്ന ന്യായമായ ആവശ്യമാണ് സംസ്ഥാനത്തെ നഴ്സുമാർ മുന്നോട്ട് വയ്ക്കുന്നത്. നഴ്സുമാരെ അടിമകളെപ്പോലെ കാണുന്ന സമ്പ്രദായത്തിന് അറുതി വരുത്തുക, ന്യായമായ  വേതനം ഉറപ്പു വരുത്തുക, തൊഴിൽ മേഖലയിലെ സംഘടിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഗവൺമെന്റ് അടിയന്തിരമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

മാനേജ്മെന്റുകളുടെ മർക്കടമുഷ്ടിയാണ് പല ഹോസ്പിറ്റലുകളിലും ശമ്പള വർദ്ധന നടപ്പാകാതിരിക്കാനുള്ള കാരണം. നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കാൻ പല മാനേജ്മെന്റുകളും തയ്യാറായേൽക്കാമെങ്കിലും അതിന് നിർദ്ദേശം നല്കാൻ ഭരണകൂടവും ഉടൻ നിർദ്ദേശം നല്കേണ്ടിയിരിക്കുന്നു. സമാധാന സന്ദേശവാഹകരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നടത്തുന്ന സാമൂഹിക മുന്നേറ്റത്തിന്റെ പ്രകമ്പനങ്ങൾക്കുനേരെ കേരളത്തിലെ ഒരു  സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റിനും മുഖം തിരിക്കാനാവില്ല. നഴ്സുമാരുടെ ആവശ്യം ആധുനിക സമൂഹത്തിന്റെ സാമൂഹിക നീതി ബോധത്തിന്റെ പ്രതിഫലനമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറുകളും സംസ്ഥാന ഗവൺമെന്റും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. ജൂലൈ 10 ന് നടക്കുന്ന ചർച്ചയിൽ അനുകൂലമായ നിലപാട് ഗവൺമെൻറ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന നഴ്സിംഗ് സമൂഹം.

സ്വന്തം മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലും, ടി.വി.ചാനലിലും പ്രചരിക്കുന്നത് ചിരിച്ചുകൊണ്ട് കണ്ട് നില്‍ക്കുകയായിരുന്നു സാജന്‍. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സ്വന്തം മരണവാര്‍ത്ത സാജന്‍ അറിയുന്നത്. രാവിലെ 6.10 ആയപ്പോള്‍ ആ വാര്‍ത്തയെത്തി. ‘മിമിക്രി താരവും, ചലച്ചിത്ര നടനുമായ സാജന്‍ പള്ളുരുത്തി മരിച്ചു’ വെന്നായിരുന്നു വാര്‍ത്ത. തിരുവല്ലം സ്വദേശിയായ ഒരു ആരാധകനാണ് തന്റെ മരണ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സാജന്‍ പറയുന്നു. ‘അയാളെ പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ഥത്തില്‍ കലാഭവന്‍ സാജനായിരുന്നു മരിച്ചത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്തയാള്‍ക്ക് പക്ഷെ ഒരൊറ്റ സാജനെ മാത്രമെ അറിയൂ. അത് ഞാനാണ്. മിമിക്രി എന്നും സാജനെന്നും കേട്ടപ്പോള്‍ അയാള്‍ എന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു’. വിവരമറിഞ്ഞ ഉടനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് കാര്യം പറഞ്ഞു. വീട്ടില്‍ തന്നെയിരുന്ന് ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചു.

Image result for sajan palluruthy funny talk on his death fak issue

ഷൂട്ടിംഗ് നടന്നിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് തപ്പിയും തടഞ്ഞുമാണ് അയാള്‍ സംസാരിച്ചതത്രേ. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഒടുവില്‍ ഫോണ്‍ എടുത്ത് എല്ലാവരോടും കൃത്യമായി കാര്യം പറയാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ളവര്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ ലോകത്ത് എനിക്കാരൊക്കെയുണ്ടെന്ന് മനസിലായ ദിവസങ്ങളായിരുന്നു അത്. ചിലര്‍ ഫോണില്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് എന്റെ ഹലോ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയായിരുന്നു. ഒട്ടേറെ പേര്‍ എന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ‘ശരി വെറുതെ വിളിച്ചതാ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പണം കൊടുക്കാനുള്ളവര്‍ക്കൊക്കെ കൊടുത്തിട്ടാ പോയത്. കുറച്ചുദിവസമായി മുഖത്ത് സന്തോഷമുണ്ടായിരുന്നു എന്നൊക്കെ നാട്ടിലെ ചായക്കടയിലിരുന്ന് ഒരാള്‍ പറഞ്ഞ കാര്യം പള്ളുരുത്തിയിലെ ഒരു സുഹൃത്താണ് പറഞ്ഞത്. മദ്യപാനം കൂടി മരിച്ചതാണെന്നും ചികിത്സയിലായിരുന്നെന്നും വാര്‍ത്തകള്‍ പരന്നു.

പിറ്റേന്ന് രാവിലെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. ഫോണ്‍ എടുത്ത പാടെ ആരാണെന്നായി ചോദ്യം. എനിക്ക് കാര്യം പിടികിട്ടി. അവന്റെ ഫോണില്‍ നിന്ന് എന്റെ പേര് മായ്ച്ചിരിക്കുന്നു. ഞാന്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ തന്നെ ഫോണില്‍ നിന്ന് എന്റെ പേര് ഡിലീറ്റ് ചെയ്ത നല്ല കൂട്ടുകാരന്‍. ഇനി അവനോട് എന്തു സംസാരിക്കാന്‍. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ചലച്ചിത്ര നടി സുരഭി വിവരമറിഞ്ഞ് എന്നെ വിളിച്ചു. അത് നിങ്ങളാകല്ലേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. എന്നാണ് സുരഭി പറഞ്ഞത്. എന്റെ മരണവാര്‍ത്ത കേട്ട് ആദ്യം വിളിച്ചത് ചില പോലീസുകാരാണ്. ജനമൈത്രി പോലീസിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനാല്‍ അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. കുവൈത്ത്, അമേരിക്ക, ലണ്ടന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നൊക്കെ വിളിയുണ്ടായി. ഇതുവരെ ഞാന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ എന്നെ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടിലെത്തി, വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെയും മറക്കാനാവില്ല’. മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഒരു പരാതിയും കൊടുത്തില്ല. ആരും മനപൂര്‍വ്വം അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് വിശ്വാസം. മരിക്കാതെ മരിച്ച സാജന്‍ പറയുന്നു.

മലയാളം യുകെ ന്യൂസ് ടീം.

സ്വകാര്യ ആശുപത്രിയിലെ നഴ്സിന് ലഭിക്കുന്നത് കേരള സർക്കാർ നല്കുന്നതിൻറെ ആറിലൊന്നു ശമ്പളം മാത്രം. കോട്ടയം എസ്.എച്ച്  ഹോസ്പിറ്റലിൽ 6500 രൂപയാണ് തുടക്കക്കാർക്ക് ലഭിക്കുന്ന ശമ്പളം. പാലായിലെ കാർമ്മൽ ഹോസ്‌പിറ്റൽ, മരിയൻ മെഡിക്കൽ സെൻറർ, ഭരണങ്ങാനം മേരിഗിരി, കോട്ടയം കാരിത്താസ്, ഭാരത്, മാതാ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇടുക്കി കട്ടപ്പന സെൻറ് ജോൺസിലും ഇതേ ശമ്പളം തന്നെ. തൊടുപുഴയിലും നെടുങ്കണ്ടത്തുമുള്ള ഹോസ്പിറ്റലുകളും നല്കുന്നത് തുച്ഛമായ ശമ്പളം മാത്രം. അതായത് ഒരു ദിവസം ജോലി ചെയ്താൽ 250 രൂപ പോലും നഴ്സിന് ലഭിക്കുന്നില്ല. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന നഴ്സിന് 27,000 രൂപ അടിസ്ഥാന ശമ്പളം ഉണ്ട്. അലവൻസുകൾ ഉൾപ്പെടെ 33,000 രൂപയോളം ലഭിക്കും ഇവർക്ക്. അതേ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉള്ള നഴ്സുമാർക്കാണ് അടിമകളെപ്പോലെ പണിയെടുത്തിട്ടും തുച്ഛമായ ശമ്പളം സ്വകാര്യ മേഖലയിൽ ലഭിക്കുന്നത്. കരുണയുടെ മാലാഖാമാർക്ക് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നല്കുന്ന ശമ്പളം സാക്ഷരകേരളത്തിനു നാണക്കേട് വിളിച്ചുവരുത്തുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള സമരം അനുദിനം ശക്തി പ്രാപിക്കുകയാണ്.

കോട്ടയം, ഇടുക്കി ജില്ലകളിൽ നഴ്സുമാരുടെ അസോസിയേഷൻറെ പ്രവർത്തനം ആരംഭ ദിശയിലാണ്. ഇവിടുത്തെ ഹോസ്പിറ്റലുകളിൽ നഴ്സുമാർ യൂണിയൻ ആരംഭിക്കാതിരിക്കാൻ മാനേജ്മെൻറുകൾ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. മെയിൽ നഴ്സുമാരെ ജോലിക്ക് എടുക്കാതിരിക്കുക എന്നതാണ് പ്രധാന തന്ത്രം. ജോലി സ്ഥലത്തെ മാനസിക പീഡനം വഴിയും ഈ നീക്കങ്ങൾ മുളയിലെ നുള്ളുന്നതാണ് മാനേജ്മെൻറ് ശൈലി. തുടങ്ങിക്കഴിഞ്ഞാലോ പിന്നെ പ്രതികാര നടപടികളായി. നഴ്സുമാരെ സ്ഥലം മാറ്റിയും തമ്മിലടിപ്പിച്ചും യൂണിയനുകളെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളും മാനേജ്മെന്റിൻറെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യുണെറ്റഡ് നഴ്സസ് അസോസിയേഷൻ യൂണിറ്റുകൾ ആരംഭിച്ച മിക്ക ഹോസ്പിറ്റലുകളിലും UNA യുടെ ഭാരവാഹികൾക്ക് നേരെ പ്രതികാര നടപടികൾ ഉണ്ടായി. മാനേജ്മെന്റുകളുടെ വെല്ലുവിളിയെ അതിജീവിച്ച് സ്വകാര്യ മേഖലയിലെ നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്താൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് UNA യുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സെബിൻ സി. മാത്യുവും ഇടുക്കി ജില്ലാ പ്രസിഡന്റ് ശ്രീകുമാർ എം. ഡിയും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

രണ്ടു വർഷം വരെ പരിചയമുളള നഴ്സ് പുതിയ ജോലിക്ക് ചേരുമ്പോഴും ട്രെയിനികളായിട്ടാണ് ഇവരെ പരിഗണിക്കുക. ഒരു വർഷത്തെ ട്രെയിനിംഗ് പീരിയഡ് കഴിഞ്ഞാൽ 8700 രൂപയോളം ലഭിക്കും. വർഷം തോറുമുള്ള ശമ്പള വർദ്ധന ലഭിക്കുന്നവർ ചുരുക്കം. കൂട്ടിയാൽ തന്നെ മാസം 100 രൂപ കിട്ടിയാലായി. അസുഖം വന്ന് ജോലിക്കു വരാതിരുന്നാൽ ആ ദിവസങ്ങളിൽ ശമ്പളമേയില്ല. ഒരു വർഷം ലഭിക്കുന്നത് 12 കാഷ്യൽ ലീവാണ്. അത് ഒന്നിച്ച് എടുക്കാമെന്നത് വ്യാമോഹം മാത്രം. ഓരോ മാസവും ഓരോ ലീവ് എടുക്കാനേ പാടുള്ളൂ എന്നത് പല സ്വകാര്യ ആശുപത്രികളിലും അലിഖിത നിയമമാണ്. കേരളത്തിലെ മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

മറ്റേണിറ്റി ലീവ് ഗവൺമെൻറ് നഴ്സിന് ആറുമാസമുള്ളപ്പോൾ സ്വകാര്യ മേഖലയിൽ 60 ദിവസം മാത്രം. പലർക്കും 45 ദിവസത്തിനുള്ളിൽ ജോലിക്കു കയറേണ്ടി വരുന്നു. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്കും ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും അലവൻസുകൾ ഒന്നും തന്നെയില്ല. മിക്കവാറും ഹോസ്പിറ്റലുകൾക്ക് നഴ്സിംഗ് സ്കൂളുമുണ്ട്. ഇവിടെയും സ്റ്റുഡൻറ് നഴ്സുമാർക്ക് ദുരിതം സമ്മാനിക്കുന്ന മാനേജ്മെൻറുകൾ നിരവധിയാണ്. അസുഖം വന്ന സ്റ്റുഡൻറ് നഴ്സിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി ഹോസ്പിറ്റലിൻറെ വരാന്തയിലെ ബെഡിൽ രക്ഷാകർത്താവ് എത്തി ചികിത്സാ ച്ചിലവ് അടയ്ക്കുന്നതു വരെ തിരിഞ്ഞു നോക്കാത്ത സംഭവവും കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉണ്ടായി.

നഴ്സുമാരുടെ ശമ്പള വർദ്ധന പാവപ്പെട്ട രോഗികളുടെ ചികിത്സാഭാരം കൂട്ടുമെന്ന മുട്ടുന്യായമാണ് മാനേജ്മെൻറുകൾ പലതും മുന്നോട്ടു വയ്ക്കുന്നത്.സ്വകാര്യ മേഖലയിലുള്ള മിക്ക ആശുപത്രികൾക്കും വിദേശധന സഹായം ലഭിക്കുന്നുണ്ട്. ബഹുനിലക്കെട്ടിടങ്ങൾ പടുത്തുയർത്തി ബിസിനസ് ദിനംപ്രതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധാലുക്കളായ മാനേജ്മെൻറുകൾ നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കണമെന്ന പൊതുജന വികാരം ഉയർന്നു കഴിഞ്ഞു. നഴ്സുമാർക്ക് ഒപ്പം അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊതുജനങ്ങളും സമര രംഗത്തേയ്ക്ക് എത്തിക്കഴിഞ്ഞു. UNA സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ പൊതു ജന പിന്തുണയോടെ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ട് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഏകീകരിക്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്.

ഒരു കുടുംബത്തിന്റെ അടിസ്ഥാന ചിലവുകൾക്ക് ഉള്ള വരുമാനം നഴ്സിംഗ് ജോലിയിൽ നിന്ന് ലഭിക്കില്ലാ എന്ന ദയനീയ അവസ്ഥയാണ് ഇന്നു നിലവിലുള്ളത്. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം നല്കി അന്യ സംസ്ഥാനങ്ങളിൽ അഡ്മിഷൻ വാങ്ങി മക്കളെ പ്രതീക്ഷയോടെ പഠിക്കാൻ വിട്ട മാതാപിതാക്കൾ ഇന്ന് അങ്കലാപ്പിലാണ്. കേരളത്തിൽ സാമാന്യ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നഴ്സുമാർ ജീവൻ പണയം വച്ചും പല വിദേശ രാജ്യങ്ങളിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ജോലി തേടി പ്പോകുന്നത്. നഴ്സിംഗ് പഠനത്തിനായി വിദ്യാദ്യാസ ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാനാവാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. തൃപ്തികരമായ ശമ്പളം ലഭിക്കാത്തതിനാൽ പലരും നഴ്സിംഗ് മേഖല ഉപേക്ഷിച്ചു പോകുകയാണ്.

Related news… കരുണയുടെ മാലാഖാമാരുടെ സമരം ലോക ശ്രദ്ധ നേടുന്നു.. കേരളത്തിലെ നഴ്സുമാരെ പിഴിയുന്ന മാനേജ്മെൻറുകൾക്ക് മുന്നറിയിപ്പുമായി ജനകീയ കൂട്ടായ്മകൾ.. സമരത്തെ തകർക്കാൻ സംഘടിത ശ്രമം തുടരുന്നു.. കൂടുതൽ കരുത്തോടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നോട്ട്..

Read more.. നഴ്സുമാര്‍ക്ക് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് ജനപിന്തുണയേറുന്നു

 

ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 13-ാമത് ”കായികമേള” ആഷ്ഫോര്‍ഡ് വില്ലെസ്ബൊറോ (Willesborough) ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി രണ്ട് ദിവസങ്ങളിലായി നടന്നു. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക്ക് കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രാജീവ്, ലിന്‍സി അജിത്ത്, ജോജി കോട്ടക്കല്‍, മനോജ് ജോണ്‍സന്‍ എന്നിവരും, കമ്മിറ്റി അംഗങ്ങളും സ്പോര്‍ട്സ് കമ്മിറ്റി അംഗങ്ങളും നൂറ് കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

ആദ്യ ദിവസം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍, പല വേദികളിലായി സംഘാടകര്‍ ഒരുക്കിയിരുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന വോളിബോള്‍ മത്സരം കാണികളെ ഹരം കൊള്ളിച്ചു.

ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ (ആവണി 2017) പ്രസിഡന്റ് സോനു സിറിയക്ക് പ്രകാശനം ചെയ്ത്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് കൈമാറി.

രണ്ടാം ദിവസം ആവേശകരമായ ഫുട്ബോള്‍ മത്സരവും അവസാന പന്ത് വരെ ഉദ്യേഗമുണര്‍ത്തിയ ക്രിക്കറ്റ് മത്സരവും ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു. സ്ത്രീകളുടെ കബഡി കളി കാണികളില്‍ കൗതുകമുണര്‍ത്തി. സ്നേഹവിരുന്നും, സജി കുമാര്‍ തയ്യാറാക്കിയ നാടന്‍ സംഭാരവും മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു. സമാപന ദിവസം ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി രാജീവ് തോമസ് കായികമേള മഹാമേളയാക്കിയ ഏവരോടും നന്ദി പ്രകാശിപ്പിച്ചു.

ആവണി 2017

ഗൃഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. നിറപറയും നിലവിളക്കും സാക്ഷിയാക്കി കെന്റെ കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ചയാണ് ഓണം ആഘോഷിക്കുന്നത്.

സമൃദ്ധമായ ഓണസദ്യക്ക് ശേഷം ‘ആവണി 2017’ നു തിരിതെളിയും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

 

ജി. രാജേഷ്

യു.കെയിലെ പ്രമുഖ ക്ലബ്ബായ കോസ്മോപോളിറ്റന്‍ ക്ലബ്ബിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സ്പോര്‍ട്സ് മത്സരങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ ഗംഭീര തുടക്കം. ഇതോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങളുടെ ഉദ്ഘാടനം ക്ലബ്ബിന്റെ പ്രസിഡന്റ് ആയ ശ്രീ. ജോസ് മാത്യൂ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ലബ്ബ് മെമ്പര്‍ ആയ പ്രേം നായര്‍, യൂസഫ് കുന്നംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്രിസ്റ്റോള്‍ സ്‌റ്റോക്ക്‌വുഡിലെ ക്രോയ്ഡോണ്‍ റോഡ് പാര്‍ക്കിലായിരുന്നു ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ നടന്നത്.

വാശിയേറിയ വടംവലി, ഫുട്ബോള്‍, ക്രിക്കറ്റ്, എഗ് ആന്റ് സ്പൂണ്‍ റേസ്, സീനിയര്‍, ജൂനിയര്‍ മത്സരങ്ങളാണ് അരങ്ങേറിയത്. അതോടൊപ്പം സമ്മര്‍ ബാര്‍ബിക്യൂവും കുടുംബ സംഗമവും നടന്നു. സ്പോര്‍ട്സ് മത്സരവിജയികള്‍ക്ക് സെപ്തംബര്‍ 24-ന് അരങ്ങേറുന്ന ഓണാഘോഷ ചടങ്ങില്‍ വെച്ച് സമ്മാനം നല്‍കും. ഇന്‍ഡോര്‍ മത്സരങ്ങള്‍ ഈ വരുന്ന ജൂലൈ പതിനഞ്ച് മുതല്‍ ആരംഭിക്കും.

ഈ വരുന്ന സെപ്തംബര്‍ 24-ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഓണാഘോഷം. ക്ലബ്ബിന്റെ ഹാളായ ഹെന്‍ഗ്രോവ് കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: :07450604620
ഇ-മെയില്‍: cosmopolitanclub.bristol@ gmail .com

മലയാളം യുകെ ന്യൂസ് ടീം.

ജൂലൈ 3, 2016.. മലയാളം യുകെ ന്യൂസിൽ ഫാ. ബിജു കുന്നയ്ക്കാട്ട് ഇങ്ങനെ എഴുതി.. “ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യുകെയിലേയ്ക്കായിരുന്നു”.. ഞായറാഴ്ചയുടെ സങ്കീർത്തനത്തിൻറെ തുടക്കം കുറിച്ച വരികൾ ഇങ്ങനെയായിരുന്നു.  തുടക്കം ബ്രെക്സിറ്റിൽ.. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൺ ‘തുടരണമോ വേണ്ടയോ’ എന്ന തീരുമാനത്തിൻറെ വിവിധ മാനങ്ങൾ ഫാ.ബിജു ചെറിയ ചിന്തയായി ലോകത്തോടു പങ്കുവെച്ചു.. ഇന്ന് പ്രവാസ ലോകത്തിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഞായറാഴ്ചയുടെ സങ്കീർത്തനം മാറുകയാണ്.. പൂർത്തിയാവുന്നത് ഒരു വർഷം.. ഞായറാഴ്ചയുടെ സങ്കീർത്തനം.. ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമർശനങ്ങൾ.. മുന്നറിയിപ്പുകൾ.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു.. പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാൻ ബഹു. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ജീവനുള്ള ചിന്തകൾക്ക് കളിത്തൊട്ടിലായത് മലയാളം യുകെ ന്യൂസ്.

ഓൺലൈൻ വാർത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങൾക്കു നേരെയുള്ള വിമർശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങൾ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാർമ്മികതയും നന്മയും സ്നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോൾ ‘അരുത്’ എന്നു നമ്മുടെ മനസിൽ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഇത് മാധ്യമ ധർമ്മത്തിലെ വേറിട്ട ഏടുകൾ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.

തൂലികകൾ ചലിക്കുമ്പോൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ബഹു. ഫാദർ ബിജു ജോസഫ് കുന്നയ്ക്കാട്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പബ്ബിക് റിലേഷൻസ് ഓഫീസറാണ്. ധാർമ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവൽക്കാരനായ ബിജു അച്ചൻറെ കരങ്ങളിൽ ഞായറാഴ്ചയുടെ സങ്കീർത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാർ നിസംശയം പ്രഖ്യാപിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം  ഒന്നാം വാർഷികമാഘോഷിക്കുമ്പോൾ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാർ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീർത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.

ഫാ. ബിജു കുന്നക്കാട്ട് മലയാളം യുകെ ന്യൂസിലൂടെ ലോകവുമായി പങ്കുവെച്ച ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ ആദ്യ ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Njayarazhchayude sankeerthanam 1 – July 3rd 2016

ആശംസകളും അഭിനന്ദനങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.

ആധുനിക ലോകത്ത് വളരെയധികം അഭിനന്ദനീയമായ ഒരു മാതൃകയായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഭരമേൽപിക്കപ്പെട്ട ദൗത്യം, ഉദാഹരണങ്ങൾ വഴി സംവദിച്ചുകൊണ്ട് ഓൺലൈൻ മാധ്യമത്തിലൂടെ ജനതയ്ക്കു പ്രകാശമായും വഴികാട്ടിയായും വർത്തിക്കാനുള്ള ഉത്തരവാദിത്വമുള്ള ഒരു നിയോഗമാണ് ഫാ. ബിജു കുന്നയ്ക്കാട്ട് നിർവ്വഹിക്കുന്നത്. നാളെയുടെ തലമുറയ്ക്കായുള്ള നന്മയുടെ ചിന്തകൾ മലയാളം യുകെയിലൂടെ ലോകമെങ്ങും എത്തിച്ചേരട്ടെ. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു വർഷം പൂർത്തിയാക്കുന്ന ഈ ധന്യ നിമിഷത്തിൽ വായനക്കാർക്കും ലേഖകനും മലയാളം യുകെ ടീമിനും എല്ലാ അനുഗ്രഹങ്ങളും ഈ ദൗത്യം അഭംഗുരം തുടർന്നു പോകുവാനുള്ള ഇച്ഛാശക്തിയും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ.ജോൺ മുണ്ടയ്ക്കൽ CST, ജേഴ്സി ഐലൻഡ്.
ഓരോ ആഴ്ചയിലും ലോകത്ത് നടക്കുന്ന സംഭവങ്ങളെ ആത്മീയ തലത്തിൽ നിന്നു കൊണ്ട് വിശകലനം ചെയ്യുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഓൺലൈൻ പത്രത്തിൽ കാണാൻ കഴിയാത്ത പ്രതിഭാസമാണിത്. മലയാളം യുകെയ്ക്ക് ആശംസകൾ.. ഞായറാഴ്ചയുടെ സങ്കീർത്തനം നൽകുന്ന ആകാംഷകൾ ഒരു ഞായറാഴ്‌ചയുടെ പരിശുദ്ധിയെ തുറന്നു കാട്ടുന്നു. യുവതലമുറയിലെ എൻറെ അനുജന് ആശംസകൾ നേരുന്നു.

സിസ്റ്റർ ഇന്നസെൻസ്യാ, സിസ്റ്റേർസ് ഓഫ് ചാരിറ്റി, ന്യൂ കാസിൽ.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… അവിടെ നിന്നാണ് കുന്നയ്ക്കാട്ട് അച്ചന്റെ ലേഖനങ്ങൾ കാണുവാൻ ഇടയായത്. ആത്മീയതയുടെ വഴിയിലൂടെ അച്ചൻ എഴുതുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം ആദ്ധ്യാത്മീക ജീവിതം നയിക്കാത്തവർക്ക് ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. ജീവിതത്തിലെ പല പ്രശ്നങ്ങളേയും വളരെ ലളിതമായാണ് ഞായറാഴ്ചയുടെ സങ്കീർത്തനത്തിൽ വിശദീകരിക്കുന്നത്. ആദ്ധ്യാത്മീക ജീവിതത്തിലെ സങ്കീർത്തനം എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. എല്ലാം ഒത്തുചേരുന്ന ഒരു സങ്കീർത്തനം.

ജി. വേണുഗോപാൽ, പ്രശസ്ത ഗായകൻ
ഞാൻ പലപ്പോഴും വളരെ ആകാംക്ഷയോടെ വായിക്കുന്ന ഒരു ലേഖനമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. പേരിൽ തന്നെ ഒരു സംഗീതമുണ്ട്. കഴിഞ്ഞ തവണ ഞാൻ യുകെയിൽ വന്നപ്പോഴാണ് ആദ്യമായി ഞായറാഴ്ചയുടെ സങ്കീർത്തനം ശ്രദ്ധയിൽ പെട്ടത്. ഒരു വർഷത്തിനു ശേഷവും ആനുകാലിക പ്രശസ്തിയുള്ള വിഷയങ്ങളെ കോർത്തിണക്കി ഞായറാഴ്ചയുടെ സങ്കീർത്തനം തുടരുന്നതിൽ ഒത്തിരി സന്തോഷിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു സംഗീതമായി മലയാളികളുടെ ഇടയിൽ പെയ്തിറങ്ങട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ്, മാക് ഫാസ്റ്റ് തിരുവല്ല.
ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ഞായറാഴ്ചയുടെ സങ്കീർത്തനം തുടർ ദിനങ്ങളിലും നമ്മുടെ ചിന്തകളെ പ്രചോദിപ്പിക്കുന്നു. ചുറ്റുമുള്ള വിഷയങ്ങളിലെ പ്രസാദാത്മകതയിലേയ്ക്ക് ഒരു യോഗിയുടെ അവധാനതയോടെ ഞായറാഴ്ചയുടെ സങ്കീർത്തനം നമ്മെ നയിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയെ അവലംബിച്ച് അച്ചൻ എഴുതിയ ഞായറാഴ്ചയുടെ സങ്കീർത്തനം, കൈകാര്യം ചെയ്യുന്ന വിഷയങ്ങൾക്കും അതിൻറെ സമകാലീനതയ്ക്കും വ്യക്തമായ ഉദാഹരണമാണ്. കൂടുതൽ പ്രകാശം ചൊരിയുന്ന സങ്കീർത്തനങ്ങൾക്കായി കാത്തിരിക്കുന്നു.

ജോമോൻ ജേക്കബ്, പാസഡീന, അമേരിക്ക.

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ” ഇരുപത്തിമൂന്നാം ഞായറാഴ്ചയുടെ സങ്കീർത്തനം. അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്ഥിരമായി സങ്കീർത്തനം വായിക്കുന്ന എൻറെ സുഹൃത്തുമായുള്ള സംസാരത്തിലാണ് സങ്കീർത്തനത്തെക്കുറിച്ചറിയുവാൻ സാധിച്ചത്. കുറവിലങ്ങാടാണ് എൻറെ ദേശം. അത് സങ്കീർത്തനത്തിൽ വിഷയമാകുന്നില്ല. പക്ഷേ, ഇപ്പോൾ സങ്കീർത്തനം ജീവിതത്തിൽ വിഷയമായി തുടങ്ങിയിരിക്കുന്നു. ഭൗതീകതയും ആദ്ധ്യാത്മീകതയും തമ്മിലുള്ള സംഗമം. ” ഞായറാഴ്ചയുടെ സങ്കീർത്തനം ” ഫാ. ബിജു കുന്നയ്ക്കാട്ടിന് ആശംസകൾ

 

 
ബേസില്‍ ജോസഫ്ചേരുവകള്‍

ഏത്തപ്പഴം 7എണ്ണം
തേങ്ങാപ്പാല്‍ 1തേങ്ങയുടെ
ശര്‍ക്കര 500ഗ്രാം
ഏലക്ക 5എണ്ണംപൊടിച്ചത്
ജീരകപ്പൊടി 1 / 2ടീസ്പൂണ്‍
നെയ്യ് 200എംല്‍
മിക്‌സഡ് നട്‌സ്50ഗ്രം

പാചകംചെയ്യുന്നവിധം

ഏത്തപ്പഴം ആവിയില്‍ പുഴുങ്ങി തൊലി കളഞ്ഞു നന്നായി ഉടച്ചെടുക്കുക. ഒരു ഉരുളി അല്ലെങ്കില്‍ ചുവടു കട്ടിയുള്ള ഒരു പാനില്‍ ശര്‍ക്കര ഉരുക്കി ഉടച്ചു വച്ചിരിക്കുന്ന ഏത്തപ്പഴം ചേര്‍ത്ത്നന്നായി മിക്‌സ്ചെയ്യുക. നന്നായി തിളച്ചു ചൂടായി കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. തേങ്ങാപ്പാല്‍ നന്നായി തിളച്ചു കഴിയുമ്പോള്‍ നിര്‍ത്താതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഈ മിശ്രിതം നന്നായി ഡ്രൈ ആയി വരുന്നതു വരെ ഇടയ്ക്കിടെ നെയ്യും ചേര്‍ത്ത്നിര്‍ത്താതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. പാത്രത്തിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ഡ്രൈ ആയി നെയ്യ് വലിഞ്ഞു  തുടങ്ങുമ്പോള്‍ ഏലക്ക, ജീരകപ്പൊടി മിക്സഡ്‌ നട്സ് എന്നിവ ചേര്‍ത്ത്മിക്‌സ്ചെയ്യുക. ഇപ്പോള്‍ നല്ല കട്ടിയുള്ള ഒരു പരുവത്തില്‍ ആകും ഈ മിശ്രിതം. തീ ഓഫ്ചെയ്തു ചൂടോടു കൂടി ഒരു പാത്രത്തിലേക്ക് മാറ്റി ഒരു സ്പാട്യുല കൊണ്ട് പരത്തി ഷേപ്പ്ആക്കി എടുക്കുക. ഉടച്ചനട്‌സ് കൊണ്ട് ഗാര്‍ണിഷ്ചെയ്യുക. അല്പം തണുത്തു കഴിയുമ്പോള്‍ ഒരു ട്രേയിലേയ്ക്ക് മറിച്ചു ചെറിയ കഷണങ്ങള്‍ ആക്കി സെര്‍വ്ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടോം ജോസ് തടിയംപാട്

മുളകുവള്ളിയിലെ ബോയ്‌സ്‌കോ അനാഥമന്ദിരത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 516 പൗണ്ട്. ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ ജൂലൈ 20 വരെ തുടരുന്നു. അന്നുവരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തുവിട്ടു സിസ്റ്റര്‍ ലിസ് മേരിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ബര്‍ത്ത് ഡേ ആഘോഷം മാറ്റിവച്ചു കേക്കിന്റെ പണം ഈ കുട്ടികള്‍ക്ക് നല്‍കിയ വെയില്‍സിലെ ഷിജു ചാക്കോയെ ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. സിസ്റ്റര്‍ ലിന്‍സ് മേരിയുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ ആവശ്യപ്പെട്ടത് ഒരു ടിവി മാത്രമായിരുന്നു. ടിവി പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നീട് എന്തെകിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങിക്കൊടുത്തു കഴിഞ്ഞു.

ഇനി നമുക്ക് ഇവിടുത്തെ 25 കുട്ടികള്‍ക്കും ഓണത്തിന് പുതിയ ഉടുപ്പും രുചികരമായ ഓണസദ്യയും നല്‍കണം. അതിനു വേണ്ടിയാണു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്. ഞാനും സിസ്റ്ററും തമ്മില്‍ സംസാരിച്ച വീഡിയോ ഇതുവരെ 2,66,000 ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തു ഫോണ്‍ വിളികള്‍ സിസ്റ്ററിനു ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ പറഞ്ഞു. കൂടാതെ വിദ്യാര്‍ഥികള്‍ കൂട്ടമായി വന്നു ഭക്ഷണം പാകം ചെയ്തു കുട്ടികള്‍ക്കൊപ്പം കഴിക്കുന്നു അത്തരത്തിലുള്ള വലിയ ബഹുജനപിന്തുണ ഈ സ്ഥാപനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു.

നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക. നിങ്ങളാല്‍ കഴിയുന്നത് സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.. നന്ദി

ACCOUNTe NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

രാജേഷ് ജോസഫ്

ലെസ്റ്റർ: ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ മനസിൽ നിറയ്ക്കുന്ന തിരുവോണത്തെ വരവേൽക്കാൻ ലെസ്റ്റർ കേരളാ കമ്യൂണിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു. തനിമയാർന്ന കേരളശൈലിയിൽ നിറപറയും നിലവിളക്കും സാക്ഷിയാക്കി മിഡ്ലാൻഡിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളി അസോസിയേഷനായ LKC സെപ്റ്റംബർ 9 ശനിയാഴ്ചയാണ് ഗംഭീരമായ പരിപാടികളോടെ ഓണം ആഘോഷിക്കുന്നത്. ജഡ്ജ് മെഡോ കോളജിൽ ഉച്ചയ്ക്ക് 12.30 മുതൽ ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾക്ക് സ്റ്റേജിൽ തിരിതെളിയും.

കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷത്തിൻറെ ഭാഗമായി നടക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചു. ആഗസ്റ്റ് 31 വരെ കൂപ്പണുകൾ ലഭ്യമാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്. ആഘോഷവേദിയിൽ കൂപ്പൺ വില്പന ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് നേരത്തേ തന്നെ വിതരണം നടത്തുന്നത്. ഓഗസ്റ്റ് 26 ശനിയാഴ്ച ഓണത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ നടക്കും. സെൻറ് ആൻസ് കമ്യൂണിറ്റി ഹാളിലാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ബാബു ജോസഫ്

ഷെഫീല്‍ഡ്:കലാകേരളത്തിന്റെ തനത് നടന കലാസാഹിത്യ ഇനങ്ങളില്‍ വീറും വാശിയും നിറഞ്ഞ മത്സരങ്ങളുമായി യുകെയിലെ അറിയപ്പെടുന്ന പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2017-2018 വര്‍ഷത്തെ ‘ആര്‍ട്സ് ഡേ’ വിവിധ പരിപാടികളോടെ ഇന്നു(01/07/17)നടക്കും. രാവിലെ 9 മണിയോടെ സെന്റ് പാട്രിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും ദേവാലയത്തിന്റെ പാരിഷ് ഹാളിലുമായി ഒരേസമയം വിവിധ വേദികളിലായിട്ടാണ് മത്സര ഇനങ്ങള്‍ അരങ്ങേറുക.വിവിധ ഇനങ്ങളില്‍ അതാതുരംഗത്തെ പ്രമുഖവ്യക്തികള്‍ വിധിനിര്‍ണയം നടത്തും.

ഒട്ടേറെ പുതുമകളോടും വന്‍ ജനപങ്കാളിത്തത്തോടും കൂടി നടത്തപ്പെടുന്ന ഇത്തവണത്തെ ആര്‍ട്‌സ് ഡേ പരിപാടിയില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും മിതമായ നിരക്കില്‍ ഷെഫീല്‍ഡിലെ നൂതന മലയാളി സംരഭം നീലഗിരി റസ്റ്റോറന്റിലെ രുചികരമായ ഭക്ഷണവും കമ്മറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു, സെക്രട്ടറി ട്രീസ വിനയ്, ട്രഷറര്‍ ബിബിന്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരവേ മുഴുവനാളുകളെയും അസോസിയേഷന്‍ നേതൃത്വം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ബിജു മാത്യു 07828 283353
ട്രീസ വിനയ് 07906 169262
ബിബിന്‍ ജോസ് 07807 791368

അഡ്രസ്സ്
St patrick Catholic Church
851, Barnsley Road
Sheffield
S5 0 QF.

RECENT POSTS
Copyright © . All rights reserved