ഗ്ലോസ്റ്റെർഷയർ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൊച്ചി സ്വദേശിയായ ബി. സിദ്ധാര്‍ഥിനു പതിനഞ്ചാം റാങ്ക്. കലൂര്‍ ശ്രീവനിയില്‍ അനിത കേശവദാസിന്റെയും ബാബുകുട്ടന്‍ പിള്ളയുടെയും മകനാണ് സിദ്ധാര്‍ഥ്. ഇലക്ട്രോണിക്സിലും, ബയോമെഡിക്കലിലും ബിടെക് ബിരുദം നേടിയ സഹോദരി ആതിര കൊച്ചിയിലെ ടാറ്റാ കൺസൾട്ടൻസി സർവീസ്സിൽ ജോലി ചെയ്യുന്നു . ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും യുക്മ നാഷണല്‍ എക്സിക്യുട്ടീവ് മെമ്പറുമായ ഡോ. ബിജു പെരിങ്ങത്തറയുടെ ഭാര്യ ഡോ. മായയുടെ അനന്തിരവന്‍ ആണ് സിദ്ധാര്‍ഥ്. നവനിര്‍മാണ്‍ സ്‌കൂള്‍, ഭാവന്‍സ് ആദര്‍ശ വിദ്യാലയം എന്നിവിടങ്ങളിലാണു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എജിനീയറിങ് ഉയര്‍ന്ന മാര്‍ക്കോടെ പാസായ ശേഷമാണ് സിവില്‍ സര്‍വീസില്‍ താല്‍പര്യം ജനിച്ചത്.
ന്യൂഡല്‍ഹിയില്‍ രണ്ടുവര്‍ഷത്തെ പരിശീലനവും പഠനവും പൂര്‍ത്തിയാക്കി രണ്ടാമത്തെ പരിശ്രമത്തിലാണ് ഉയര്‍ന്ന റാങ്കോടെ വിജയം നേടിയത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിക്കാനാണു സിദ്ധാര്‍ഥിനു താല്‍പര്യം. സിവില്‍സര്‍വീസ് പരീക്ഷയിലെ ഉന്നത വിജയവിവരം അറിഞ്ഞ ഉടന്‍ അമ്മയോടും സഹോരിയോടും ഒപ്പം സിദ്ധാര്‍ഥ് പുറത്തു ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ”രണ്ടു വര്‍ഷത്തെ അധ്വാനത്തിന്റെ ഭാരം മോന്‍ താഴെ ഇറക്കിവച്ചത് ഇന്നാണ്. ആദ്യ ശ്രമം വിജയിക്കാതായതോടെ വളരെയധികം സിദ്ധാര്‍ഥ് ബുദ്ധിമുട്ടി.” അമ്മ അനിത പറഞ്ഞു.
അദ്ധ്വാനവും പഠനവും എല്ലാം ഈ പരീക്ഷയ്ക്കു ശ്രമിക്കുന്ന എല്ലാവരും ചെയ്യുന്നതാണ്. ഇത്തവണ ഭാഗ്യം കൂട്ടിനുണ്ടായതു കൊണ്ടാണ് ഉന്നതവിജയം സാധ്യമായതെന്നാണു സിദ്ധാര്‍ഥിന്റെ അഭിപ്രായം. രാജ്യസഭാ ടിവിയില്‍ സ്ഥിരമായി സംപ്രേഷണം ചെയ്യുന്ന ഇന്ത്യന്‍ നയതന്ത്ര വിദഗ്ധരെ കുറിച്ചുള്ള പരിപാടിയാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിനോട് താല്‍പര്യം തോന്നാന്‍ കാരണമെന്നു സിദ്ധാര്‍ഥ് പറഞ്ഞു. പരിപാടിയുടെ അവതാരകനെ നേരില്‍ കണ്ട് അതില്‍ പങ്കെടുത്ത പലരുടേയും ഫോണ്‍ നമ്പറുകള്‍ സിദ്ധാര്‍ഥ് വാങ്ങിയിരുന്നു.
ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിച്ചു. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജനസംഘത്തിന്റെ ഭജനയോടെ ആണ് ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖ മാസാചരണത്തിനു തുടക്കം കുറിച്ചത്. മാധവമാസം എന്നുകൂടി അറിയപ്പെടുന്ന ‘വൈശാഖമാസം മഹാവിഷ്ണുവിനെ ഉപാസിക്കാന്‍ അത്യുത്തമമാണെന്നാണ് വിശ്വാസം. ചാന്ദ്രമാസങ്ങളില്‍ ആദ്യത്തേത് ചൈത്രം, പിന്നെ വൈശാഖം, ഇവ രണ്ടും ചേര്‍ന്നത് വസന്തം. പ്രകൃതി തന്നെ പൂവണിയുന്ന കാലമാണിത്.
സര്‍വ സല്‍ക്കര്‍മ്മങ്ങള്‍ക്കും വസന്തമാണ് ഉത്തമമായി ആചാര്യന്മാര്‍ വിധിക്കുന്നത്. യജ്ഞങ്ങള്‍ വസന്തത്തിലാണ്. ക്ഷേത്രോത്സവങ്ങളും ഈ കാലഘട്ടത്തില്‍ തന്നെ വരും.ഇതിന് അനുസ്മരിപ്പിക്കുംവിധം പുഷ്പാലംകൃതമായ ഗുരുവായൂരപ്പസന്നിധിയില്‍ ആണ് ചടങ്ങുകള്‍ അരങ്ങേറിയത്.ശ്രീ സദാനന്ദന്‍ (Haywards Heath) ഒപ്പം ഭജനയില്‍ ഒഴുവാക്കുവാന്‍ കഴിയാത്ത വാദ്യോപകരണമാണ് ഹാര്‍മോണിയം കഴിഞ്ഞ കുറെ കാലമായി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭാഗമാണ് ശ്രീമതി സ്മിത നായരും ഇരുവരുടെയും നേതൃത്വത്തില്‍ നടന്ന ഭജന ലണ്ടനിലെ ഹൈന്ദവവിശ്വാസികള്‍ക്കു ശ്രീകൃഷ്ണ ഭജനത്തിന്റെ നല്‍വഴികള്‍ ആണ് സമ്മാനിച്ചത്.
പിന്നീട് വേദിയില്‍ അനുഗ്രഹീത കലാകാരിയും നമ്മുടെയെല്ലാം പ്രിയങ്കരിയുമായ അഭിനേത്രി ശ്രീദേവി ഉണ്ണി വേദിയിലെത്തി. ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ എല്ലാപ്രവര്‍ത്തനങ്ങളെയും വിലയിരുത്തുമ്പോള്‍ ഒരുവലിയ കുടുംബസംഗമം തന്നെയാണെന്നു പറഞ്ഞു തുടങ്ങിയ വാക്കുകള്‍ പുതുതലമുറക്ക് നൃത്തത്തിന്റെ അനന്തസാധ്യതകളുടെ ഗുണങ്ങളെ പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ നൃത്തത്തിന്റെ സ്വാധീനവും വളരെവലുതായിരുന്നു എന്നും ശ്രീമതി ശ്രീദേവി ഉണ്ണി പറഞ്ഞു. പിന്നീട് വേദിയില്‍ കണ്ടത് കലയെ ജീവിതസപര്യയായി കണ്ട രണ്ടു അനുഗ്രഹീത കലാകാരികളെ ആണ്. മോനിഷയുടെ ഓര്‍മദിനത്തില്‍ അമ്മ-മകള്‍ ബന്ധത്തിന്റെ വൈകാരികഭാവങ്ങള്‍ അരങ്ങിലെത്തിച്ച് അമ്മ ശ്രീദേവി ഉണ്ണി. സൂര്യാ ഫെസ്റ്റിവലിന്റെ വേദിയെ വേറിട്ടത് എന്നതിലുപരിയായി കലയുടെ വൈകാരികതലമാണ് അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കിയത്.
രാമായണത്തിലെ ഒരുഭാഗത്തില്‍ നിന്നും ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം ആണ് ശ്രീദേവിഉണ്ണി അരങ്ങിലെത്തിച്ചത്. സഹോദരീപുത്രി ഐശ്വര്യാ വാര്യര്‍ക്ക് ഒപ്പമാണ് മാതൃ-പുത്രി ബന്ധഭാവങ്ങള്‍ അരങ്ങിലെത്തിച്ചത്. എന്നാല്‍ ലണ്ടന്‍ മലയാളികള്‍ക്കു മുന്‍പില്‍ കലയുടെ വേരിട്ടനുഭവം സമ്മാനിച്ചത് ഒരേപദത്തിന് ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും അഭിനയമുഹൂര്‍ത്തങ്ങളെ സമ്മാനിച്ചപ്പോള്‍ സഹോദരീപുത്രി ഐശ്വര്യ വാര്യരുടെ സ്ഥാനം നമ്മുടെ മോനിഷ ഉണ്ണിയുടെ കളിക്കൂട്ടുകാരിയും ലണ്ടനിലെ അനുഗ്രഹീത കലാകാരിയുമായ ശ്രീമതി ശാലിനി ശിവശങ്കരോടും (UPAHAR SCHOOL OF DANCE ) ആയിരുന്നു എന്നുമാത്രം.
പിന്നീട് വൈശാഖമാസത്തിന്റെ ആവശ്യകതയും, ഭാഗവതത്തിന്റെ കാലികപ്രസക്തിയെപ്പറ്റിയും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നുനടത്തിയ പ്രഭാഷണം വളരെയധികം പ്രയോജനകരം ആയി അതിനെത്തുടര്‍ന്ന് ഭഗവാന്റെ അവതാരവും സ്വര്‍ഗ്ഗാരോഹണവും വര്‍ണിക്കുന്ന ഭാഗങ്ങള്‍ വേദിയില്‍ പാരായണം ചെയ്യുകയുമുണ്ടായി. ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും. പിന്നീട് അന്നദാനവും നടത്തി. അടുത്തമാസത്തെ സദ്സംഗത്തിനായുള്ള കാത്തിരിപ്പിലാണ് ലണ്ടനിലെ ഓരോ ഹൈന്ദവവിശ്വാസികളും. ഗുരുപൂര്‍ണിമ ആഘോഷമായിട്ടാണ് സത്സംഗം നടത്തപെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.
Suresh Babu 07828137478,
Subhash Sarkara 07519135993
Jayakumar Unnithan 07515918523
Date: 27/05/2017
Venue Details:
West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU Facebook.com/londonhinduaikyavedi
Email:[email protected]
ഇന്ത്യയില്‍ കന്നുകാലികളെ കശാപ്പിനായി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച പുതിയ നിയമത്തിനെതിരെ കനത്ത പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. പല ഭാഗത്തും പ്രതിഷേധക്കാരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും കാരണമായ പ്രതിഷേധം കടല്‍ കടന്ന് യുകെയിലും എത്തി. പശുക്കളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ നിലവില്‍ വന്ന പുതിയ നിയമം ഫലത്തില്‍ ജനങ്ങളുടെ ആഹാര നിയന്ത്രണത്തില്‍ എത്തിച്ചേരും എന്നതിനാലാണ് പ്രതിഷേധങ്ങള്‍ ശക്തി പ്രാപിച്ചത്.
തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ആണ് ഈ നിയമത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തി കേരളത്തിലെ ഇടതു വലതു സംഘടനകള്‍ രംഗത്തുണ്ട്. ചിലയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അതിര് കടക്കുകയും ചെയ്തു. ഗോവധ നിരോധനത്തിന്റെ ഭാഗമായി ബീഫ് കിട്ടതാവുന്നതാണ് ബീഫ് ഇഷ്ട ഭക്ഷണമായ മലയാളികളില്‍ ഭൂരിപക്ഷത്തെയും ഏറ്റവുമധികം ചൊടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധം കൂടുതലും മലയാളികള്‍ ആണ് ഉയര്‍ത്തുന്നതും.
എന്തായാലും പ്രതിഷേധം യുകെ മലയാളികളും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി യുകെയിലെ ഒരു സംഘം ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഒന്ന് ചേര്‍ന്ന് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. യുകെയില്‍ പൂള്‍ എന്ന സ്ഥലത്ത് ആണ് ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരിക്കുന്നത്. ജിബു കൂര്‍പ്പള്ളി, പോളി മഞ്ഞൂരാന്‍, പ്രസാദ് ഒഴാക്കല്‍, നോബിള്‍ മാത്യു, ജിജു നായര്‍, റെജി കുഞ്ഞാപ്പി, ലീന മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ബീഫ് ഫെസ്റ്റ് അരങ്ങേറിയത്. ഇത്തരം കരിനിയമങ്ങള്‍ കൊണ്ട് വരുന്നതില്‍ നിന്നും ഇന്ത്യന്‍ ഗവണ്മെന്റ് പിന്‍വാങ്ങണമെന്ന് ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ വിവിധ കോടതികള്‍ ഈ നിയമത്തെ കുറിച്ച് വ്യത്യസ്തങ്ങളായ വിധി ന്യായങ്ങള്‍ പുറപ്പെടുവിച്ച് കൊണ്ടിരിക്കുക കൂടി ചെയ്യുന്ന അവസ്ഥയില്‍ ഇത്തരം പ്രശ്നങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടതാണെന്നും പൗരന്റെ മൗലികാവകാശങ്ങളിലേക്കുള്ള കടന്ന് കയറ്റം നോക്കി നില്‍ക്കാന്‍ യുകെയിലെ ഇടതു പക്ഷ സഹയാത്രികര്‍ക്ക് കഴിയില്ലെന്നും പ്രതിഷേധക്കാര്‍ വിലയിരുത്തി.
സജീഷ് ടോം, പിആര്‍ഒ യുക്മ
യുകെ മലയാളികളുടെ സാംസ്‌ക്കാരിക ചേതനയുടെ സര്‍ഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക വിഭാഗമാണ് യുക്മ സാംസ്‌ക്കാരികവേദി. യു കെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് കമ്മറ്റി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു.
യുക്മ ദേശീയ പ്രസിഡന്റ് ചെയര്‍മാന്‍ ആയുള്ള സമിതിയുടെ വൈസ് ചെയര്‍മാന്‍ സി എ ജോസഫ് ആണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ യുക്മ സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള സി എ ജോസഫ് യു കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകനാണ്. വോക്കിങ്ങ് മലയാളി അസോസിയേഷന്‍ അംഗമായ അദ്ദേഹം ഗില്‍ഫോഡ് നിവാസിയാണ്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ നിലവിലുള്ള നാഷണല്‍ കമ്മറ്റി അംഗവും, യുക്മ സാംസ്‌ക്കാരികവേദി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന, ലിവര്‍പൂളില്‍നിന്നുള്ള തമ്പി ജോസ് ആണ് സാംസ്‌ക്കാരികവേദി ദേശീയ കോഓര്‍ഡിനേറ്റര്‍. മാഞ്ചസ്റ്ററില്‍ നിന്നുള്ള ഡോക്ടര്‍ സിബി വേകത്താനം , ഡോര്‍സെറ്റില്‍നിന്നുള്ള മനോജ് പിള്ള എന്നിവരാണ് സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍മാര്‍. സാമ്പത്തികശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള സിബി ട്രാഫോര്‍ഡ് കേന്ദ്രമാക്കി കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നാടകസമിതിയുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളാണ്. മനോജ് പിള്ള യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി, സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടുതല്‍ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ആറ് വിഭാഗങ്ങളായി തിരിച്ചാണ് സാംസ്‌ക്കാരികവേദിയുടെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ജ്വാല ഇ മാഗസിന്‍ യുക്മ സാംസ്‌ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തില്‍ത്തന്നെ ‘ജ്വാല’ ഉപസമിതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാമാസവും പ്രസിദ്ധീകരിക്കപ്പെടുന്ന ‘ജ്വാല’യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാടും മാനേജിങ് എഡിറ്ററായി സജീഷ് ടോമും തുടരുന്നു. ജെയ്‌സണ്‍ ജോര്‍ജ്, ബീന റോയി, സി എ ജോസഫ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളായും ‘ജ്വാല’ക്ക് കരുത്തേകും.
ജേക്കബ് കോയിപ്പള്ളി കണ്‍വീനറായുള്ള സാഹിത്യ വിഭാഗത്തിന് ആശാ മാത്യു, കുര്യന്‍ ജോര്‍ജ്, അനസുധിന്‍ അസീസ്, മാത്യു ഡൊമിനിക് എന്നിവര്‍ ആയിരിക്കും നേതൃത്വം നല്‍കുന്നത്. വേദിയുടെ സാംസ്‌ക്കാരിക വിനിമയ പരിപാടികള്‍ക്ക് തോമസ് ജോണ്‍ വരിക്കാട്ട്, ജിജോ മാധവപ്പള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുമ്പോള്‍; ജോബി അയത്തില്‍, വിന്‍സന്റ് ജോസഫ്, സാബു മാടശ്ശേരി, ടോം തോമസ് എന്നിവര്‍ ‘നാടകക്കളരിക്ക്’ അരങ്ങു തീര്‍ക്കും.
ജിജി വിക്ടര്‍ കണ്‍വീനറായുള്ള യുക്മ സാംസ്‌ക്കാരികവേദിയുടെ കലാ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് സുനില്‍ രാജന്‍, പീറ്റി താനൊലില്‍, ജിജോമോന്‍ ജോര്‍ജ് എന്നിവരാണ്. ബിനോ അഗസ്റ്റിന്‍, സിറിയക് കടവില്‍ച്ചിറ, ബിജു അഗസ്റ്റിന്‍, ഹരി പദ്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ‘ഫിലിം ക്ലബ്’ ആണ് മറ്റൊരു പ്രധാന ഉപസമിതി. യു കെ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് യുക്മ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുവാന്‍ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്‌ക്കാരികവേദി നേതൃനിരക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി ആശംസകള്‍ അര്‍പ്പിച്ചു.
യുകെയിലെ മുന്‍നിര അസോസിയേഷനുകളിലൊന്നായ കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ 2017-18 വര്‍ത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേംബ്രിഡ്ജ് ക്യൂന്‍ ഈഡിത്ത് സ്‌കൂളില്‍ വെച്ച് നടത്തപ്പെട്ട ഈസ്റ്റര്‍, വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റായി അഡ്വ. ജോസഫ് ചാക്കോ, വൈസ് പ്രസിഡന്റ് ബിജിലി ജോയി, സെക്രട്ടറി വിവിന്‍ സേവ്യര്‍, ജോയിന്റ് സെക്രട്ടറി റാണി കുര്യന്‍, ട്രഷറര്‍ ഷിബി സിറിയക്, ഭരണസമിതി അംഗങ്ങളായി അനൂപ് ജസ്റ്റിന്‍, അനില്‍ ജോസഫ്, ജോയ് വള്ളോന്‍കോട്, ജോസഫ് ചെറിയാന്‍, സന്തോഷ് മാത്യു, സനല്‍ കുമാര്‍, ടിറ്റി കുര്യാക്കോസ്, വിന്‍സന്റ് കുര്യന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
വിഭവസമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറും ഗാനമേളയുമൊക്കെയായി സികെസിഎയുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു പരിപാടികള്‍ കേംബ്രിഡ്ജ് മലയാളികള്‍ ആഘോഷമാക്കി. പരിപാടികള്‍ക്ക് സികെസിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനൂപ് ജസ്റ്റിന്‍. ടിറ്റി കുര്യാക്കോസ്, ബിജിലി ജോയി, റാണി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേന്ദ്ര കേരള സര്‍ക്കാരുകള്‍, എംബസികള്‍, തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ മലയാളി സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ,കൂടുതല്‍ പ്രയോജനകരമാകും വിധത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സമീക്ഷ മുന്‍കൈ എടുക്കും. ഈ പെറ്റിഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കും ബഹുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. ആവശ്യത്തിന് ബഹുജന പിന്തുണ ലഭിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയെടുക്കാന്‍ ഇന്ത്യയിലെ സിപിഐ എം നേതൃത്വത്തിന്റെയും ഭരണത്തിന്റെയും സഹായം തേടും.
സാംസ്‌കാരിക മേഖലയില്‍ ക്രിയാത്മക മാറ്റങ്ങള്‍ വരുത്താന്‍ ഓരോ ചാപ്റ്ററുകളിലും നടപ്പാക്കാന്‍ ഉതകുന്ന കര്‍മ്മ പദ്ധതികള്‍ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം പ്രയോഗത്തില്‍ വരും.സമീക്ഷയുടെ മാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സബ്കമ്മിറ്റിയെ ചുമതലപെടുത്തിയിട്ടുണ്ട്. ഭാരവാഹികള്‍ക്ക് പുറമെ സഖാക്കള്‍ ജയന്‍, ഷാജിമോന്‍ എന്നിവരാണ് അംഗങ്ങള്‍.
സിനിയോറിട്ടിയും പ്രവര്‍ത്തന പരിചയവും കാണിക്കില്‍ എടുത്താണ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നതിനായി എട്ട് അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചത്.ദൈനം ദിന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതില്‍ ഉപരിയായി ദേശിയ തലത്തില്‍ സംഘടനയ്ക്ക് ദിശാ ബോധം നല്‍കുന്നതിന് വേണ്ടിയാണ് സെക്രട്ടേറിയറ്റ് കൂടുതല്‍ പ്രയോജനപ്പെടുന്നത് എന്ന് സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു. സമീക്ഷ സെക്രട്ടറിയേറ്റിന്റെ പട്ടിക ചുവടെ:
രാജേഷ് ചെറിയാന്‍, ജയപ്രകാശ്.എസ്, എസ് ,സ്വപ്!ന പ്രവീണ്‍ , രാജേഷ് കൃഷ്ണ, ജിബു ജേക്കബ്, ഇന്ദുലാല്‍ സോമന്‍, മുഹമ്മദ് ഹാഷിം, സുഗതന്‍ തെക്കേപ്പുര.
അനീഷ് ജോര്‍ജ്
യുകെ മലയാളികള്‍ക്ക് ആവേശമായ മഴവില്‍ സംഗീതം അതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ തീം സോങ് അവതരിപ്പിക്കുന്നു. ജൂണ്‍ മൂന്ന് ശനിയാഴ്ച്ച ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിന് മനോഹരമായ ഗാനമാണ് തീം സോംഗിനായി രൂപപ്പെടുത്തിയിട്ടുള്ളത്. യുകെയിലെ പ്രശസ്ത കീ ബോര്‍ഡിസ്റ്റ് സന്തോഷ് നമ്പ്യാര്‍ ചിട്ടപ്പെടുത്തിയ ‘മനസ്സിലുണരും രാഗ വര്‍ണങ്ങളായി’ എന്ന ഗാനം ഈ വരുന്ന സംഗീത സായാഹ്നത്തില്‍ എല്ലാ സംഗീത പ്രേമികള്‍ക്കായും സമര്‍പ്പിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ നിസരി ഓര്‍ക്കസ്ട്രയിലെ പ്രധാന കീ ബോര്‍ഡിസ്റ്റ് ആണ് സന്തോഷ് നമ്പ്യാര്‍. ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് .
പ്രശസ്ത നര്‍ത്തകി ജിഷാ സത്യന്‍ മനോഹര നൃത്തച്ചുവടുകളിലൂടെ ദൃശ്യചാരുത പകരുന്ന തീം സോംഗ് സംഗീതാസ്വാദകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. നോര്‍ത്താംപ്ടണിലെ നടനം സ്‌കൂള്‍ ഓഫ് ഡാന്‍സിംഗിലെ പ്രധാനാദ്ധ്യാപികയായ ജിഷ കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീതത്തിലെ നിറ സാന്നിധ്യമായിരുന്നു.
കഴിഞ്ഞ വര്‍ഷം മഴവില്‍ സംഗീതത്തിന്റെ തീം മ്യൂസിക് സംഗീതാസ്വാദകരുടെ മനം കവര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘ മനസ്സില്‍ മധുരം നിറയും മഴപോലെ മഴവില്‍ സംഗീതം’ എന്ന ടൈറ്റില്‍ സോങ്ങിനും സന്തോഷ് ആയിരുന്നു ഈണം നല്‍കിയത് .
കായിക പ്രേമികള്‍ക്കും ക്രിക്കറ്റ് സ്നേഹികള്‍ക്കും ആവേശമായി ബ്രിസ്റ്റോളില്‍ ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും ഫാമിലി ഫണ്‍ ഡേയും ഒരുങ്ങുന്നു. ജൂണ്‍ പതിനൊന്ന് ഞായറാഴ്ചയാണ് ബ്രിസ്റ്റോളില്‍ കുടുംബ സമേതം ആഘോഷിക്കാന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് ഒരുക്കിയിരിക്കുന്നത്. വോക്കിംഗ് മലയാളി അസോസിയേഷനും ബ്രിസ്റ്റോള്‍ വാരിയേഴ്സും സംയുക്തമായാണ് യുകെ മലയാളികള്‍ക്കായി ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.
ബ്രിസ്റ്റോളിലെ പ്രസിദ്ധമായ ബാവ ക്രിക്കറ്റ് ഗ്രൗണ്ട് ആണ് ആവേശോജ്ജ്വലമായ ഈ പ്രോഗ്രാമിന് വേദിയാകുന്നത്. മികച്ച സമ്മാനത്തുകകളാണ് മത്സര വിജയികള്‍ക്ക് ലഭിക്കുക. ഒന്നാം സമ്മാനമായി എഴുനൂറ് പൗണ്ടും രണ്ടാം സമ്മാനമായി നാനൂറ് പൗണ്ടും ആണ് വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ മികച്ച ബാറ്റ്സ്മാന്‍, ബൗളര്‍ എന്നിവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
ക്രിക്കറ്റ് മത്സരം ആസ്വദിക്കാനെത്തുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാന്‍ മറ്റ് വിനോദോപാധികളും ഇവിടെ ഒരുക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ബൗണ്‍സി കാസ്സില്‍, ഫേസ് പെയിന്‍റിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുന്ന സ്റ്റാള്‍ ഇവിടെ ഉണ്ടായിരിക്കും.
ഈ മികച്ച അവസരം പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വര്‍ഗീസ് ജോണ്‍ : 07714160747
ലിജു : 074293325678
സുഷ്മിത് : 07515452574
നല്ല നാടന്‍ ബീഫ് കറി. കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടും, ഇല്ലേ ? എന്നാല്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്ന് നോക്കാം. രുചിയൂറും നാടന്‍ ബീഫ് കറി ഉണ്ടാക്കുന്ന വിധം :
1. എല്ലോട് കൂടിയ ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത് – 1 കിലോ
2. സവാള – വലുത് 3 എണ്ണം
3. വെളുത്തുള്ളി -3 എണ്ണം
4. പച്ചമുളക് – 7 എണ്ണം
5. തക്കാളി- 3 എണ്ണം
5. ഇഞ്ചി – 1 എണ്ണം
6. കറിവേപ്പില – 5 തണ്ട്
7. മുളകുപൊടി, മല്ലിപൊടി, മഞ്ഞള്പൊടി, മീറ്റ് മസാല- -2 ടേബിള്‍ സ്പൂണ്‍ വീതം
8 പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില ആവശ്യത്തിന്
9. ഉപ്പ് – ആവശ്യത്തിന്
10.വെളിച്ചെണ്ണ – 5 ടേബിള്‍ സ്പൂണ്‍
11.വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകിയതിന് ശേഷം വെള്ളം ഊറുന്നത് വരെ വെക്കുക. ആദ്യം തന്നെ ഏഴാമത്തെ ചേരുവകള്‍ ചൂടാക്കി പാത്രത്തില്‍ മാറ്റിവെക്കുക. കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ഇട്ട് ഇളക്കുക. പൊട്ടി തുടങ്ങുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. നന്നായി മൂത്ത് കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ക്കുക.ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ മൂപ്പിച്ചു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഒന്നുകൂടി വഴറ്റി ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്ത്ത് വീണ്ടും വഴറ്റുക. ആവശ്യത്തിന് വെള്ളെ ചേര്‍ത്ത് കുക്കറില്‍ മൂടി വെച്ചതിന് ശേഷം മൂന്ന് വിസില്‍ ഊതിയതിന് ശേഷം അടുപ്പില്‍ നിന്നും ഇറക്കാം, നാടന്‍ ബീഫ് കറി റെഡി!
ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS) ഈ വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രാരംഭ കാലം മുതലുള്ള കമ്മറ്റി മെമ്പറായ പീറ്റര്‍ താണോലി (വെയില്‍സ്) കണ്‍വീനര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ വെയില്‍സ് റീജിയന്‍ പ്രസിഡന്റായും, വെയില്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പീറ്റര്‍ താണോലിയോട് ഒപ്പം നാല് ജോയിന്റ് കണ്‍വീനര്‍മാരെയും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പത്തോളം കമ്മറ്റി മെമ്പേഴ്‌സിനെയും തെരഞ്ഞെടുത്തു.
ജോയിന്റ് കണ്‍വിനര്‍മാരായി ജസ്റ്റിന്‍ എബ്രഹാം (റോതര്‍ഹാം), ബാബു തോമസ് (നോര്‍ത്താംപ്റ്റണ്‍), സാന്റ്റോ ജേക്കബ് (ബര്‍മിംഹ്ഹാം), ജസ്റ്റിന്‍ എബ്രഹാം (റോതര്‍ഹാം), വിന്‍സി വിനോദ് (മാഞ്ചസ്റ്റര്‍), കമ്മറ്റി മെംബര്‍മാരായി റോയി മാത്യു (മാഞ്ചസ്റ്റര്‍), ജിമ്മി ജേക്കബ് (സ്‌കെഗ്‌ന്‌സ്), സിജോ വേലംകുന്നേല്‍ (കോള്‍ചെസ്റ്റര്‍), സൈജു വേലംകുന്നേല്‍ (ലിവര്‍പൂള്‍), ജിമ്മി വെട്ടുകാട്ടില്‍ (സ്റ്റാഫോര്‍ട്), എബിന്‍ പുറവക്കാട്ട് (മാഞ്ചസ്റ്റര്‍), തോമസ് കടുവനായി (സോമര്‍ സെറ്റ്), ബെന്നി മേച്ചേരിമണ്ണില്‍ (നോര്‍ത് വെയില്‍സ്) തോമസ് (കിംഗ്‌സിലിന്‍), ഷിബു വാലുമ്മേല്‍
(അബര്‍ഡീന്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വരും വര്‍ഷത്തെ സംഗമം കൂടുതല്‍ നൂതനമായ രീതിയില്‍ യുകെയില്‍ ഉള്ള മുഴുവന്‍ ഇടുക്കി ജില്ലക്കാരെയും പങ്കെടുപ്പിച്ച് കൂടുതല്‍ ജനോപകാരമായ പ്രവര്‍ത്തനങ്ങള്‍ യുകെയിലും ഇടുക്കിജില്ലയുടെ പല ഭാഗത്തും നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നിര്‍ദേശങ്ങളും എല്ലാ അംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇടുക്കി ജില്ലാ സംഗമത്തിന്റെ കൂടുതല്‍ നല്ലരീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിനും ഇടുക്കിജില്ലക്കാര്‍ തമ്മില്‍ കൂടുതല്‍ വ്യക്തി ബന്ധം സ്ഥാപിച്ച് ഏവര്‍ക്കും നല്ലൊരു മാതൃകാ കൂട്ടായ്മ ആയി മാറുന്നതിനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കണ്‍വീനര്‍ പീറ്റര്‍ താണോലി അഭ്യര്‍ത്ഥിച്ചു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരോവര്‍ഷവും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും, അതോടൊപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ യുകെയിലും നാട്ടിലും ഉള്ള മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഇടുക്കിയുടെ എംപി എന്ന നിലയില്‍ വളരെ അധികം അഭിമാനം ഉണ്ട് എന്ന് 6-ാമത് ഇടുക്കി ജില്ലാ സംഗമത്തിന് യുകെയില്‍ എത്തിച്ചേര്‍ന്ന ജോയിസ് ജോര്‍ജ് എംപി പറഞ്ഞു. ആനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന, ഇടുക്കി ജില്ലാ സംഗമം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെയെന്നും ആശംസിച്ചു.
ഇടുക്കിജില്ലയുടെ പൈതൃകവും, പാരമ്പര്യവും പങ്കുവയ്ക്കുന്നതിനും ജില്ലയുടെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും, കുടുംബവുമായി സൗഹൃദം പങ്കിടുവാനും, ബന്ധങ്ങള്‍ ഊട്ടിവളര്‍ത്താനും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ കലാകായിക കഴിവുകളെ പ്രകടിപ്പിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, അഗീകരിക്കുന്നതിനും ഉള്ള വലുപ്പച്ചെറുപ്പം ഇല്ലാത്ത നല്ല ഒരു കൂട്ടായ്മയാണ് നമ്മുടെ ഇടുക്കിജില്ലാ സംഗമം. വര്‍ഷത്തില്‍ ഒരിക്കല്‍ ഇടുക്കിജില്ലക്കാരായ വ്യക്തികളും, കുടുംബാഗങ്ങളും ഒത്തു ചേര്‍ന്ന് കളിചിരിയും, സൗഹൃദവും പങ്കുവെക്കുന്ന നല്ലൊരു ദിനമാണ് നമ്മുടെ സംഗമം.
നമ്മുടെ ജന്മ നാടിനോടുള്ള സ്നേഹത്തിന്റെയും കൂറിന്റെയും പ്രതീകമായി നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഏതാനും വ്യക്തികളെയും കുടുംബത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ കഴിയുന്നതില്‍ ഈ കൂട്ടായ്മക്ക് അഭിമാനിക്കാം. യുകെയില്‍ പ്രവാസികളായി കഴിയുമ്പോള്‍ ഇടുക്കിജില്ലക്കാരായ വ്യക്തികളുടെയോ കുടുംബത്തിന്റയോ ഏതെങ്കിലും തരത്തിലുള്ള അത്യാവശ്യ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു സഹായത്തിനു കൈത്താങ്ങ് ആയി ഇടുക്കിജില്ലാ സംഗമം ഏപ്പോഴും കൂടെ ഉണ്ടായിരിക്കും.
സ്നേഹത്തിലും വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ നല്ലൊരു കൂട്ടായ്മ നല്ലരീതിയില്‍ ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ ആവേശത്തോടെ മുന്നേറാന്‍ യുകെയില്‍ ഉള്ള എല്ലാ നല്ലവരായ വ്യക്തികളുടെയും സഹകരണം ഉണ്ടാകണം എന്ന് ഇടുക്കിജില്ലാ സംഗമം കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു