Uncategorized

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: രക്ഷയുടെയും പ്രത്യാശയുടെയും വിശ്വാസ പൂര്‍ണ്ണതയായ ഈസ്റ്ററും, സമ്പദ് സമൃദ്ധിയുടെ നല്‍ശോഭയേകുന്ന വിഷുവും സ്റ്റീവനേജില്‍ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്റ്റീവനേജ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മ്മയായ ‘സര്‍ഗ്ഗം’ വൈവിദ്ധ്യമായ മികവുറ്റ പരിപാടികളോടെയാണ് ഈസ്റ്റര്‍-വിഷു ആഘോഷം കൊണ്ടാടിയത്. സ്റ്റീവനേജ് ബാര്‍ക്ലെയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ആഘോഷ വേദിയില്‍ അലങ്കരിച്ച് ഒരുക്കിയിരുന്ന ഉത്ഥാനം ചെയ്ത യേശുനാഥന്റെ ചിത്രവും, വിഷുക്കണിയും ആഘോഷാത്മകത വിളിച്ചോതുന്നവയായി.

ആതിരാ ഹരിദാസിന്റെ ഈശ്വര ഗാനാലാപത്തോടെ നാന്ദി കുറിച്ച ഈസ്റ്റര്‍-വിഷു ആഘോഷത്തിലേക്ക് ‘സര്‍ഗ്ഗം സ്റ്റീവനേജ്’ പ്രസിഡണ്ട് കുരുവിള അബ്രാഹം ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം അരുളി സന്ദേശം നല്‍കി. ഈസ്റ്റര്‍-വിഷു ആഘോഷങ്ങളുടെ സന്തോഷവും സ്നേഹവും പരസ്പരം കൈമാറുന്ന ചടങ്ങില്‍ അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളായ ജോണി കല്ലടാന്തിയും അപ്പച്ചന്‍ കണ്ണഞ്ചിറയും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ഏവര്‍ക്കും വിഷുക്കണി ദര്‍ശിക്കുന്നതിനും മനസ്സിലാക്കുന്നതിനും സംഘാടക സമിതി അവസരം ഒരുക്കിയിരുന്നു.

പ്രതീക്ഷയുടെയും സമൃദ്ധിയുടെയും അനുസ്മരണമായ ഈസ്റ്റര്‍-വിഷു ആഘോഷ വേളയില്‍ ‘ഉപഹാര്‍ ചാരിറ്റി’യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട സ്റ്റെംസെല്‍ കാമ്പയിനില്‍ ‘സര്‍ഗ്ഗം’ കുടുംബാംഗങ്ങള്‍ സജീവ പങ്കാളിത്തം അര്‍പ്പിച്ചു കൊണ്ട് നന്മചെയ്യുവാന്‍ കിട്ടുന്ന ഓരോ അവസരങ്ങളും ഉപയോഗിക്കുകയായിരുന്നു. മാഞ്ചസ്റ്ററില്‍നിന്നുള്ള ജെയിംസ് ജോസിന്റെ ജീവന്‍ നിലനിറുത്തുന്നതിന്റെ ഭാഗമായി സ്റ്റെംസെല്‍ സ്വാബ് ശേഖരണത്തിലാണ് ‘സര്‍ഗ്ഗം സ്റ്റീവനേജ്’ നിറമനസ്സോടെ തങ്ങളുടെ നിസ്സീമമായ പിന്തുണ നല്‍കിയത്. ‘ഉപഹാര്‍’ വോളണ്ടിയര്‍ ബിനു പീറ്റര്‍ ആഘോഷമദ്ധ്യേ നടത്തിയ ഹ്രസ്വ പ്രസംഗത്തില്‍ അവയവ ദാനത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണവും അനിവാര്യതയും മഹത്വവും എടുത്തു പറയുകയുണ്ടായി.

‘സര്‍ഗ്ഗം സ്റ്റീവനേജി’നു വേണ്ടി പുതുതായി രൂപം കൊടുത്ത വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രസിഡണ്ട് കുരുവിള, സെക്രട്ടറി മനോജ് എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. ഓണം, ഈസ്റ്റര്‍-വിഷു, ക്രിസ്തുമസ്-ന്യു ഇയര്‍ ആഘോഷങ്ങള്‍ക്ക് പുറമെ കുടുംബങ്ങള്‍ക്ക് ഒത്തൊരുമിച്ച് വിനോദവും ആഹ്ളാദവും പങ്കിടുന്നതിനായി ഫാമിലി ടൂര്‍, ഫാമിലി ഫണ്‍ ഡേ അടക്കം കൂടുതല്‍ പരിപാടികള്‍ക്ക് സംഘടനയുടെ നവനേതൃത്വം പദ്ധതിയൊരുക്കിയിട്ടുണ്ട്.

പ്രമുഖ ‘ഡിജെ മ്യൂസിക് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്’ ടീമിന്റെ നേതൃത്വത്തില്‍ വേദിയെ സംഗീതസാന്ദ്രമാക്കിയ ‘റോക്കിങ് മ്യൂസിക്കും, ഡിസ്‌കോയും’ കുട്ടികള്‍ ഏറ്റവും നന്നായി ആസ്വദിക്കുമ്പോഴും, പ്രായ ഭേദമന്യേ ഏവര്‍ക്കും താളലയങ്ങളോടെ ചുവടുകള്‍ വെക്കുവാനും ആഹ്ളാദിക്കുവാനും ഒപ്പം നൃത്ത ലഹരിയില്‍ ലയിക്കുവാനും വേദിയായി. വിവിധ അടിപൊളി കോസ്റ്റ്യൂംസ് നര്‍ത്തകര്‍ക്കു ഹരവും കാണികള്‍ക്കു ദൃശ്യ ഭംഗിയും സമ്മാനിച്ചു.

സര്‍ഗ്ഗം സ്റ്റീവനേജ് സെക്രട്ടറി മനോജ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ഷാജി ഫിലിപ്പ്, ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫന്‍, ഹരിദാസ്, ഉഷ ഷാജി, സുജ സോയിമോന്‍, ലാലു, വര്‍ഗ്ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറും വിഷു മധുരങ്ങളും ഏറെ ആസ്വദിച്ചും ഭാഗ്യവാന്മാര്‍ക്കായി കരുതിവെച്ചിരുന്ന സമ്മാനങ്ങള്‍ നേടിക്കൊണ്ടുമാണ് സര്‍ഗ്ഗത്തിന്റെ അവിസ്മരണീയ ആഘോഷം സമാപിച്ചത്.

ടോം ജോസ് തടിയംപാട്

ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഈസ്റ്റര്‍ ചാരിറ്റിയില്‍ ലഭിച്ച 1025 പൗണ്ടിന്റെ ചെക്ക് ബുധനാഴ്ച രാവിലെ വര്‍ക്കിയുടെ വീട്ടില്‍ എത്തിച്ചു. പെരുംതോട്ടി പള്ളിയിലെ വികാരി ഫാദര്‍ മാത്യു വര്‍ക്കിക്ക് ചെക്ക് കൈമാറി. ചടങ്ങില്‍ ഇടുക്കിയിലെ രാഷ്ട്രീയ സാമൂഹിക രഗത്ത് പ്രവര്‍ത്തിക്കുന്ന മാത്യു മത്തായി തെക്കേമലയില്‍, രാജു തോമസ് പൂവത്തെല്‍, പഞ്ചായത്ത് മെമ്പര്‍ ബിന്‍സി, പാറത്തോട് ആന്റണി, രാജു സേവ്യര്‍, നിസാമുദീന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗം ഇടുക്കി വിമലഗിരി സ്വദേശി ഡിജോ ജോണ്‍ പാറയാനിക്കല്‍ സംബന്ധിച്ചിരുന്നു. ഇതോടൊപ്പം, മലയാറ്റൂരിലെ കിഡ്നി രോഗിയായ ഷാനുമോന്‍ ശശിധരന് വേണ്ടിയും 1025 പൗണ്ട് ശേഖരിച്ചിരുന്നു. അത് അടുത്തദിവസം തന്നെ കൈമാറുമെന്ന് അറിയിക്കുന്നു.

നാട്ടിലെ കഷ്ട്ടപ്പെടുന്ന പാവപെട്ട മനുഷൃരെ സഹായിക്കാന്‍ ഞങ്ങള്‍ നടത്തുള്ള എളിയ ശ്രമത്തെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പണം തന്നും ഒട്ടേറെ പേര്‍ സഹായിച്ചിട്ടുണ്ട്. അവരുടെയെല്ലാം പേരുകള്‍ ഇവിടെ എടുത്തുപറയുന്നില്ല. എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. നാളെകളില്‍ ഞങ്ങള്‍ നടത്തുന്ന ഇത്തരം എളിയ പ്രവര്‍ത്തങ്ങളെ ഇനിയും സഹായിക്കണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു.

ലിവപര്‍പൂളില്‍ നടന്ന ലിംക ബാഡ്മിന്റണ്‍ 2017ല്‍ പ്രിന്‍സ്-സച്ചിന്‍ സഖ്യം നേടി. കഴിഞ്ഞ ശനിയാഴ്ച (29/04/17) ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ സ്പോര്‍ട്സ് ഹാളിലെ ഉത്ഘാടന വേദിയില്‍ ലിംക സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ നോബിള്‍ ജോസ് സ്വാഗതം ചെയ്തപ്പോള്‍ അനേകം കായിക പ്രേമികളെ സാക്ഷിനിര്‍ത്തി ലിംക ചെയര്‍പേഴ്‌സണ്‍ മനോജ് വടക്കേടത്തു ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്യുകയുണ്ടായി.

മേഴ്‌സിസൈഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി മല്ലന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ യുകെയിലെ പ്രശസ്തരായ ടീമുകളെ പുറന്തള്ളികൊണ്ട് ഒന്നാം സമ്മാനമായി ശ്രീ തൊമ്മന്‍ മാത്യു കുഴിപ്പറമ്പില്‍ മെമ്മോറിയല്‍ ട്രോഫിയും ലിവര്‍പൂളിലെ ഏക മലയാളി സോളിസിറ്റേര്‍സ് ആയ ഡൊമിനിക് ആന്‍ഡ് കോ സോളിസിറ്റേര്‍സ് (01517225540, http://www.dominicka.com) സ്പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും പ്രിന്‍സ് – സച്ചിന്‍ സഖ്യം നേടുകയായിരുന്നു. രണ്ടാം സമ്മാനമായി യുകെയിലെ പ്രശസ്ത മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് ഏജന്‍സി ആയ ലൈഫ് ലൈന്‍ പ്രൊട്ടക്ട് (റോബിന്‍ ആന്റണി- 07824669210, http://www.lifelineprotect.co.uk) സ്പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും ഡോണ്‍ – സച്ചിന്‍ സഖ്യം സ്വന്തമാക്കി.

മൂന്നാം സമ്മാനമായി ലിവര്‍പൂളിലെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ സ്റ്റോര്‍ ആയ കേരള മാര്‍ക്കറ്റ് സ്പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും ഷീന്‍ – സാം സഖ്യം സ്വന്തമാക്കി. നാലാം സ്ഥാനക്കാരായ ജോഷി – സാബു സഖ്യം ലിവര്‍പൂളിലെ ഏറ്റവും പുതിയ റെസ്റ്റോറന്റ് ആയ പേപ്പര്‍ വൈന്‍ സ്പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും ട്രോഫിയും നേടി. ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ ലിബി – ജിജോ, ഡൂയി – ഡോ:ജോ, സാബു – സനു, റോയ് – പ്രജീഷ് സഖ്യത്തിനും കറി ചട്ടി ടേക്ക് എവേ ആന്‍ഡ് കാറ്ററേഴ്‌സും ഫ്രഷ് മാര്‍ട്ടും സ്പോണ്‍സര്‍ ചെയ്ത ക്യാഷ് പ്രൈസും മെഡലുകളും ലഭിച്ചു.

പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും സ്പോണ്‍സര്‍മാരായ ഫിലിപ്പ് മാത്യു കുഴിപ്പറമ്പില്‍, ഡൊമിനിക് ആന്‍ഡ് കോ സോളിസിറ്റര്‍സ് (01517225540, http://www.dominicka.com), ലൈഫ് ലൈന്‍ പ്രൊട്ടക്ട് (റോബിന്‍ ആന്റണി- 07824669210, http://www.lifelineprotect.co.uk), കേരള മാര്‍ക്കറ്റ്, പേപ്പര്‍ വൈന്‍, കറി ചട്ടി, ഫ്രഷ് മാര്‍ട്ട് എന്നിവര്‍ക്കും മത്സരങ്ങള്‍ സുഗമമായി നടക്കുവാന്‍ എല്ലാ പിന്തുണയും നല്‍കി സഹായിച്ച വോളന്റീയര്‍മാര്‍ക്കും ലിംക എക്സിക്യൂട്ടീവ് മെമ്പര്‍ ഡൂയി ഫിലിപ്പ് പ്രത്യേകം നന്ദി പറഞ്ഞു.

റോയ് മാത്യു

മെയ് 6-ാം തിയതി ബിര്‍മിങ്ങ്ഹാം വൂള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ആറാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം.എം.മണി ആശംസകള്‍ നേര്‍ന്നു. ഇടുക്കി ജില്ലാ സംഗമം യുകെയിലും നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ തനിക്കും പങ്കു ചേരാനായിട്ടുണ്ട് എന്നും അതില്‍ അതിയായ സന്തോഷം ഉണ്ട് എന്നും എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കി ജില്ലയുടെ തനിമ നിലനിര്‍ത്തുന്ന ഇടുക്കിയുടെ മക്കളുടെ സംഗമം ശക്തിമത്തായി മുന്നേറട്ടെ എന്ന് എം.എം. മണി ആശംസിച്ചു.

മെയ് മാസം ആറാം തീയതി വ്യത്യസ്തമായ കലാപരിപാടികളാലും, വിഭവസമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. ഈ സംഗമത്തിലേയ്ക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.q

ബിബിന്‍ അബ്രഹാം 

ഈ വരുന്ന ജൂൺ 17 , ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ യുകെയിലുള്ള മലയാളി സോഷ്യൽ വർക്കേഴ്‌സിന്റെ -UKMSW (United Kingdom Malayalee Social Workers) ഫോറത്തിന്റെ രണ്ടാം വാർഷിക സമ്മേളനം മിഡിൽസെക്സിലുള്ള ബ്രൂണൽ യൂണിവേഴ്സിറ്റിയിലുള്ള വച്ച് നടത്തുവാൻ തീരുമാനിച്ച വിവരം യു.കെയിലുള്ള എല്ലാ മലയാളി കുടുംബങ്ങളെയും സ്നേഹപൂർവ്വം അറിയിച്ചു കൊള്ളുന്നു.

ഇത്തവണത്തെ വാർഷിക സമ്മേളനത്തിന്റെ പ്രത്യേകത ബ്രൂണൽ യൂണിവേഴ്‌സിറ്റിയും UKMSW ഫോറവും സംയുക്തമായിട്ടാണ് വാർഷികസമ്മേളനം നടത്തുന്നത്. ബ്രൂണൽ യൂണിവേഴ്‌സിറ്റി ഇത് വരെയുള്ള ഫോറത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും വാർഷിക സമ്മേളനത്തിൽ പങ്കാളിയാകുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ എല്ലാ സൗകര്യങ്ങളും ഈ കോൺഫറൻസ് നടത്തിപ്പിനായി സൗജന്യമായി നൽകാമെന്നും ഉറപ്പ് നൽകി.
രണ്ടു സെക്ഷനുകളായി നടത്തപ്പെടുന്ന കോൺഫറൻസിൽ ആദ്യത്തെ സെക്ഷൻ ഇവിടെയുള്ള മലയാളികളുമായി ബന്ധപ്പെട്ടതും എന്നാൽ ഈ രാജ്യത്തിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിഷയവുമായിരിക്കും ശിൽപ്പശാലയിൽ അവതരിക്കപ്പെടുന്നത്. യൂണിവേഴ്‌സിറ്റിയിൽ അവസാന വർഷം പഠിക്കുന്ന സോഷ്യൽ വർക്ക് സ്റ്റുഡന്റ്സും മോർണിംഗ് സെക്ഷനിൽ പങ്കെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. 

യു.കെയിൽ GCSC കഴിഞ്ഞ മലയാളി കുട്ടികൾക്ക് ആർക്കെങ്കിലും സോഷ്യൽ വർക്ക് പ്രൊഫഷനിലേക്ക് കടക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ബന്ധപ്പെടുന്ന 15 കുട്ടികൾക്ക് കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മോർണിംഗ് സെക്ഷനിൽ പങ്കെടുക്കുന്നവർക്ക് അവരുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് സഹായിക്കുന്ന Continous Professional Development (CPD) തെളിവായുള്ള സർട്ടിഫിക്കേറ്റ് കൊടുക്കുന്നതായിരിക്കും.
ഉച്ചക്ക് ശേഷം നടത്തുന്ന സെക്ഷനിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ വർഷത്തേക്കുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതുമായിരിക്കും. ഇത് വരെയുള്ള ഫോറത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ ഒത്തിരി അഭിമാനത്തിന് വകയുണ്ട്. ശക്തമായ ഭരണഘടന, വെബ്സൈറ്റ്, കമ്പനി ആയിട്ടുള്ള രൂപീകരണം, എന്നാൽ ഇതിനേക്കാളേറെ എടുത്തു പറയത്തക്ക നേട്ടം കാഴ്ച വച്ചത് റിസോഴ്‌സ് ടീമിന്റെ പ്രവർത്തനമാണ്. റിസോഴ്സ് ടീമിന്റെ ഇന്റർവ്യൂ പരിശീലനം വഴി 8 മലയാളി സോഷ്യൽ വർക്കേഴ്‌സിന് സ്ഥിരം ജോലി ലഭിച്ചു. അവരുടെ സാക്ഷ്യം വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് നേരിട്ട് കാണുവാൻ സാധിക്കുന്നതാണ്.

ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:

1 യുകെയിലെ പോലെ ഇന്ത്യയിലും സോഷ്യൽ വർക്ക് ഒരു പ്രൊഫഷനായി അംഗീകരിക്കാൻ ഇന്ത്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക.
2 2000ന്മേൽ യുകെയിൽ ജോലി ചെയ്യുന്ന സോഷ്യൽ വർക്കേഴ്‌സിനെ ഈ ഫോറത്തിന്റെ കിഴിൽ കൊണ്ടു വരികയും ജോലി സ്ഥലത്തു അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പറ്റുന്ന വിധത്തിൽ സഹായിക്കുകയും കൂട്ടായ രീതിയിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.
3 യുകെയിൽ Malayalee SW വർക്ക് ചെയ്യുന്ന പ്രധാനപ്പെട്ട മേഖലകളായ Children, Adult, Mental Health ,Hospital , Learning Disabilities , Adoption and Fostering , Paliative Care , Safeguarding and DOLS മേഖലകളാണ്. ഈ തനത് മേഖലകളിൽ നൈപുണ്യം നേടിയവർക്ക് മറ്റ് മേഖലകളിൽ വർക്ക് ചെയ്യുന്നവർക്ക് ഉപകാരപ്രദമായ രീതിയിൽ ശിൽപ്പശാലകൾ ഇടയ്ക്കു സംഘടിപ്പിക്കുക, സ്‌കൈപ്പ് പോലെയുള്ള ഇന്റർനെറ്റ് സാധ്യതകൾ ഉപയോഗിച്ച് കോൺഫറൻസ് സംഘടിപ്പിക്കുക.
4 ഇവിടെയുള്ള മലയാളി കുടുംബങ്ങളെ ബാധിക്കുന്ന നിയമങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുക.
5 ഇവിടെയുള്ള മത സംഘടനകൾ, അസോസിയേഷനുകൾ തുടങ്ങിയ സംഘടനകൾക്ക് Childrens Safeguarding – മായി ബന്ധപ്പെട്ട ക്ളാസുകൾ കൊടുക്കുക.

യു.കെയിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്ന എല്ലാവരെയും ഈ വാർഷിക സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു ഇതുവരെയും ഈ മലയാളി സോഷ്യൽ വർക്ക് ഫോറത്തിൽ അംഗ്വതമെടുക്കാത്തവർ എത്രയും പെട്ടന്ന് വെബ് സൈറ്റ് സന്ദർശിച്ച് മെമ്പര്‍ഷിപ്പ് ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ചു ഈ ഫോറത്തിന്റെ ഭാഗമാകാൻ ശ്രമിക്കുക.

അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് പരിചയമുള്ള HCPC രജിസ്‌ട്രേഷന്‍ ഉള്ള സോഷ്യല്‍വര്‍ക്കേഴ്‌സിനെ ഈ വിവരം അറിയിക്കാന്‍ പരിശ്രമിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി താഴെ പേര് ചേര്‍ത്തിരിക്കുന്ന മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക:

ജെയിംസ്‌കുട്ടി ജോസ് (ചെയര്‍ പേഴ്‌സണ്‍) ഫോണ്‍ ; 07951182979
ടോമി സെബാസ്റ്റിയന്‍ – (റിസോഴ്‌സ് ടീം)- 07766655697
സിബി തോമസ് (മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍) 07988996412

ബിബിന്‍ എബ്രഹാം

വെസ്റ്റ് കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മ ആയ സഹൃദയ ദശവര്‍ഷ വാർഷിക നിറവില്‍. 2007-ൽ കെന്റിലെ sൺ ബ്രിഡ്ജ് വെൽസിൽ തുടക്കം കുറിച്ച അസോസിയേഷൻ ഇന്നു നൂറോളം അംഗങ്ങൾ ഉള്ള, യു.കെയിൽ ആകമാനം അറിയപ്പെടുന്ന കരുത്തുറ്റ ഒരു സംഘടനയായി മാറിയത് പോയ കാലഘട്ടങ്ങളിൽ നടത്തിയ മികച്ച സംഘടന പ്രവർത്തനങ്ങളായ ചാരിറ്റി, സ്റ്റേജ് ഷോകൾ, അഖില യു.കെ വടംവലി മത്സരം, നാഷണൽ ആൻഡ് ഇന്റർനാഷണൽ ടൂർ പ്രോഗ്രാമുകൾ, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധ കലാ-കായിക മത്സരങ്ങൾ, വ്യക്തിത്വ വികസന കരിയർ മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയവയുടെ ഫലമായിട്ടായിരുന്നു.

ഏപ്രിൽ 30 ഞായറാഴ്ച്ച ടൺ ബ്രിഡ്ജ് വെൽസിലെ ഷോഫീൾഡ് ഹാളിൽ വെച്ചു ഈസ്റ്റര്‍ – വിഷു ആഘോഷത്തോടു അനുബന്ധിച്ച് നടന്ന ആനുവൽ ജനറൽ ബോഡി മീറ്റിങ്ങിലാണ് സഹൃദയുടെ 2017- 2018 കാലഘട്ടത്തിലേക്കുള്ള പുതു നേതൃത്വത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
നിലവിലെ പ്രസിഡന്റ് അജിത്ത് വെൺമണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ജനറല്‍ സെക്രട്ടറി ജൂബിൻ ജേക്കബ് സമഗ്രമായ പ്രവർത്തന റിപ്പോര്‍ട്ടും, ട്രഷറർ മജോ ആന്റണി 2016-2017 ലെ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോർട്ടും, കണക്കും, ദേദഗതികളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ മാർഗനിർദേശങ്ങളും അംഗങ്ങൾ ചർച്ച ചെയ്തു പാസാക്കി. തുടർന്നു പ്രസിഡന്റിന്റെ നേതൃത്തിൽ ആറുപേരടങ്ങുന്ന ഓഫീസ് ബേയ്റേഴ്സും രണ്ടു എക്സ് ഒഫിഷ്യൽസും ഏഴു പേരും ഉൾകൊള്ളുന്ന പതിനഞ്ചംഗ കമ്മിറ്റിയെ ജനറൽ ബോഡി അടുത്ത ടേമിലേക്ക് തിരഞ്ഞെടുത്തു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റി ഇപ്രകാരം.
പ്രസിഡന്റ്- സെബാസ്റ്റ്യൻ എബ്രഹാം
വൈസ് പ്രസിഡന്റ്- ബീനാ തോമസ്
സെക്രട്ടറി- ബിബിൻ എബ്രഹാം
ജോയിന്റ് സെക്രട്ടറി – മനോഷ് ദേവസൃ
ട്രഷറർ- ബേസിൽ ജോൺ
പ്രോഗ്രാം കോ ഓർഡിനേറ്റർ – ഷിനോ തുരുത്തിയിൽ

എക്സ് ഒഫീഷോ – അജിത്ത് വെൺമണി, ജൂബിൻ ജേക്കബ്

കമ്മറ്റിയംഗങ്ങൾ

ബിജു ചെറിയാൻ, വിജു വറുഗീസ്, ടോമി വർക്കി, ലൗലി സാബു, സുജിത്ത് മുരളി, സണ്ണി ചാക്കോ, റോജിൻ മാത്യു

സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ ഒമ്പത് വർഷക്കാലം പ്രവര്‍ത്തിച്ച സഹൃദയ എന്ന മലയാളി കൂട്ടായ്മയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യു. കെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളിൽ ഒന്നാക്കി മാറ്റുകയാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ എബ്രഹാം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഒരു വർഷം തനിക്ക് തന്ന എല്ലാ സഹകരണത്തിനും സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് അജിത്ത് വെൺമണി നന്ദി പ്രകാശിപ്പിച്ചു.

ലണ്ടന്‍ : ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ കഴിഞ്ഞ വിഷുആഘോഷങ്ങള്‍ വര്‍ണ്ണാഭമായിരുന്നു. ലണ്ടന്‍ ഹിന്ദുഐക്യവേദി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ആണ് വിഷുക്കണി ഒരുക്കിയത്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപ്പാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കിയത്. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത് പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

അതിനുശേഷം ഗുരുവായൂരപ്പന്റെ അഷ്ടോത്തരാര്‍ച്ചനയോടെ ആയിരുന്നു വിഷു ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഓ0 നമോനാരായണ എന്ന അഷ്ടാക്ഷര മന്ത്രജപത്തില്‍ അന്തരീക്ഷം ഭക്തിസാന്ദ്രമായി. കെന്റ് ഹിന്ദുസമാജവും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജനസംഗവും ചേര്‍ന്നു നടത്തിയ ഭജനയായിരുന്നു പിന്നെ വേദിയില്‍ നടന്നത്. മിഥുന്‍ മോഹന്‍, സന്തോഷ് ക്രോയ്ഡോന്‍, സഞ്ജീവ്, സിന്ധു രാജേഷ്, എന്നിവരുടെ ആലാപനശൈലി വേറിട്ട ഒരു അനുഭവം ആയി. ഭജനയില്‍ തന്റെ തനതായ ശൈലികൊണ്ട് വാദ്യോപകരണങ്ങളില്‍ വിസ്മയംതീര്‍ത്ത മധുസൂദനന്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. പിന്നീട് വിഷുവിന്റെ ഒരുപിടി ഓര്‍മകളുമായി നമ്മുടെ എല്ലാവരുടെയും പ്രിയനടന്‍ ശങ്കര്‍ വേദിയിലെത്തിയപ്പോള്‍ അനുവാചക ഹൃദയങ്ങള്‍ സന്തോഷത്തിലായി. അദ്ദേഹം വിഷുവിന്റെ ഓര്‍മ്മകള്‍ കുട്ടികളുമായി പങ്കുവെച്ചു. കൂടെ നൃത്താവിഷ്‌കാരണത്തില്‍ വേറിട്ട ശൈലി നല്‍കി കലാഹൃദയങ്ങളെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ പ്രിയപത്നിയായ ചിത്രാലക്ഷ്മിയും വിഷു ആശംസകള്‍ അറിയിച്ചു.

പിന്നീട് ഡോ. ശിവകുമാര്‍, ടോം ആദിത്യ (Councillor -Bristol ), മുന്‍ ക്രോയ്ഡോന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവര്‍ അവരുടെ വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. ലണ്ടന്‍ ഹിന്ദുഐക്യവേദി യുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും കൂടെ നില്‍ക്കുന്നവര്‍ ആണ് ശ്രീമതി മഞ്ജുവും, ശ്രീ ടോം ആദിത്യയും, ഡോ.ശിവകുമാറും. അതിലുപരി ഈ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചവര്‍ കൂടിയാണ്.

ഈ ആഘോഷങ്ങള്‍ക്കിടയിലും ഈ വര്‍ഷം ആദ്യം നമ്മളെ വിട്ടുപിരിഞ്ഞു പോയ ശിവപ്രസാദിന്റെ കുടുംബത്തിന് വേണ്ടി ലണ്ടന്‍ ഹിന്ദുഐക്യവേദി സമാഹരിച്ച തുക ശങ്കര്‍ കെന്റ് ഹിന്ദു സമാജം പ്രവര്‍ത്തകന്‍ ആയ വിജയമോഹന് നല്‍കിക്കൊണ്ട് ആ കുടുംബത്തിനോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചു. പിന്നീട് മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും, അതിനു ശേഷം വിഭവ സമൃദ്ധമായ വിഷു സദ്യയും നടന്നു. സുഭാഷ് ശാര്‍ക്കരയുടെ നേതൃത്വത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകരോടൊപ്പം ഡെര്‍ബി ഹിന്ദുസമാജത്തിന്റെ പ്രവര്‍ത്തകനായ ജയകുമാറും ചേര്‍ന്നാണ് വിഷു വിഭവങ്ങള്‍ തയാറാക്കിയത്. തനതായ നാടന്‍ രുചിയിലുള്ള വിഭവങ്ങള്‍ എല്ലാവര്‍ക്കും നാടിന്റെ രുചി അറിയുവാനും കഴിഞ്ഞു.

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ ജാതി മത വര്‍ഗ്ഗ ഭേദമന്യേ വിജയപ്രദമാക്കിത്തീര്‍ത്ത ലണ്ടനിലെ എല്ലാ മലയാളികള്‍ക്കും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ ഭഗവദ് നാമത്തില്‍ നന്ദിയും സ്നേഹവും അറിയിച്ചു. അടുത്ത മാസത്തെ സദ്‌സംഗം വൈശാഖ മാസാചരണം ആയിട്ടാണ് ആഘോഷിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും

07828137478, 07519135993, 07932635935.
Date: 27/05/2017
Venue Details:West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU Email:[email protected] Facebook.com/londonhinduaikyavedi

റജി നന്തികാട്ട് (പി. ആര്‍. ഒ, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍)

ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017- 19 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഏപ്രില്‍ 30ന് കോള്‍ചെസ്റ്റര്‍ നെയ്ലാന്‍ഡ് വില്ലേജ് ഹാളില്‍ നടന്ന യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. യുക്മയുടെ ശക്തി വെളിപ്പെടുത്തി ദേശീയ ഭാരവാഹികള്‍, റീജിയന്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിയിലെയും മറ്റു അസോസിയേഷനുകളിലേയും  കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.  ഉന്നത നിലവാരം പുലര്‍ത്തുന്നതായിരുന്നു കുട്ടികളുടെ കലാപരിപാടികള്‍. ചടങ്ങില്‍ റീജിയനില്‍ നിന്നും ദേശീയ കലാ-കായിക മേളയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

റീജിയന്‍ പ്രസിഡന്റ് രഞ്ജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ സ്വാഗതവും യുക്മ നാഷണല്‍ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ കൃതജ്ഞതയും പറഞ്ഞു.യോഗത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന യുഗ്രാന്റ് ലോട്ടറിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വിതരണോദ്ഘാടനം ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ട്രെഷറര്‍ ഷാനില്‍ അനങ്ങാരത്തിന് നല്‍കി നിര്‍വഹിച്ചു .

കൂടാതെ ജെയിംസ് ജോസിന്റെ ജീവതത്തില്‍ കൈത്താങ്ങായി യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപ ജേക്കബിന്റെ നേതൃത്വത്തില്‍ യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീം ഉപഹാറുമായി ചേര്‍ന്ന് നടത്തിയ സ്റ്റം സെല്‍ സാമ്പിള്‍ ശേഖരണത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. സംഘാടകരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും സാമ്പിള്‍ ശേഖരണത്തിനായി മുന്നോട്ടു വന്നിരുന്നു.

ജനപങ്കാളിത്തത്തിലും അവതരണ മികവിലും മികച്ചുനിന്ന ആഘോഷ പരിപാടികള്‍ക്ക് പിഴവില്ലാത്ത ക്രമീകരണങ്ങള്‍ക്കായി നേതൃത്വം നല്‍കിയ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികളെ ദേശീയ കമ്മറ്റിയും റീജിയന്‍ കമ്മറ്റിയും പ്രത്യേകം അഭിനന്ദിച്ചു. ഉദ്ഘാടന ആഘോഷ പരിപാടികള്‍ ഗംഭീര വിജയമാക്കുന്നതിനായി പ്രവര്‍ത്തിക്കുകയും പങ്കെടുക്കകയും ചെയ്ത എല്ലാ അസോസിയേഷന്‍ അംഗങ്ങളെയും റീജിയന്‍ കമ്മറ്റി പ്രത്യേകം നന്ദി അറിയിച്ചു.

ജോര്‍ജ്ജ് എടത്വ

മലയാളി എന്നും ഗൃഹാതുരത്വത്തോടെ സ്വന്തം മനസ്സിനോട് ചേര്‍ത്തുപിടിക്കുന്ന ഒരുപിടി അനശ്വരഗാനങ്ങള്‍ യുകെയുടെ തുറമുഖനഗരമായ സൗത്താംപ്ടണിലെ മലയാളി സമൂഹത്തിന് മീതെ ഒരു മധുമഴയായ് പെയ്തിറങ്ങി. മലയാളികളുടെ പ്രിയനായിക ഗീത വിജയന്‍, പുതുതലമുറയുടെ സ്വന്തം ഗായകന്‍ കിഷനും കൂടാതെ യുകെ മലയാളികളുടെ പ്രിയ നര്‍ത്തകിമാര്‍ സോനാ ജോസും, വിഷ്ണുപ്രിയയും അപര്‍ണ ലാലും ഒപ്പം മലയാളി അസോസിയേഷന്‍ സൗത്താംപ്ടണിലെ കുരുന്നു താരങ്ങളും കൂടി ഒരുക്കിയ നൃത്ത വിസ്മയങ്ങളും ഒരുമിച്ചപ്പോള്‍ മറക്കാനാവാത്തെ ഒരു നൃത്ത സംഗീതരാവാണ് സംഗീതാസ്വാദകര്‍ക്കായ് കല ഹാംപ്‌ഷെയര്‍ ഒരുക്കിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് സമ്മാനിച്ചത് .

 

ഞായറാഴ്ച വൈകുന്നേരം 6.00 മണിയോട് കൂടി വിശിഷ്ടാതിഥികളായ ഗീതവിജയനും കിഷനും ഒപ്പം കലാ ഹാംപ്‌ഷെയറിന്റെ ഭാരവാഹികളും ഒന്ന് ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആറാമത് ഓള്‍ഡ് ഈസ് ഗോള്‍ഡിന് തുടക്കം കുറിച്ചു. തുടര്‍ന്ന് യുകെയിലെ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ആശംസകളുമായി വേദിയിലേത്തി. കൗണ്‍സിലര്‍ ടോം ആദിത്യയും, മലയാളി അസോസിയേഷന്‍ സൗത്താംപ്ടണിലെ മെര്‍ലിന്‍ ഷിബു, കൈരളി ട്രാക്‌സ് കോഡിനേറ്റര്‍ സുധാകരന്‍ പാലാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മലയാള സിനിമാ ലോകത്തെ കുലപതികളുടെ മാസ്റ്റര്‍ പീസുകള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ നാല്പതിലധികം ഗായികാഗായകന്‍മാര്‍ ആദരവുകളറിയിച്ച് ആലപിച്ചു.

സൂരജ് സുകുമാര്‍ – സ്വര്‍ഗ്ഗ നന്ദിനി പാടി തുടങ്ങിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് കിഷന്‍ പാടിയ ഉത്തരാസ്വയംവരവും, കാതില്‍ തേന്മഴയായ്, വാതില്‍ പഴുതിലൂടെ, സംഗീതമേ അമര സല്ലാപമേ എന്നിവയും കടന്നു അജിത് കുമാറിന്റെ സ്വര്‍ഗ്ഗപുത്രീ നവരാത്രിയും, അജിത് പാലിയത്തിന്റെ താരകരൂപിണിയും, ജോണ്‍സണ്‍ ജോണിന്റെ അനുരാഗ ഗാനപോലെയും, ഉല്ലാസ് ശങ്കരന്റെ ഒറ്റക്കമ്പി നാദവും ആനി പാലിയത്തിന്റെ സൂര്യകാന്തിയും, കുരുന്നു ഗായിക ഹെലന്‍ റോബര്‍ട്ടിന്റെ മൈനാകം കടലില്‍ നിന്നും. അനുപമ ആനന്ദിന്റെ ആയിരം കണ്ണുമായ് കാത്തിരുന്നു, രഞ്ജിത് പിള്ളയുടെ എന്‍സ്വരം പൂവിടും, പീറ്റര്‍ ജോസഫിന്റെ സന്ധ്യമയങ്ങും നേരം, സജി സാമുവേലിന്റെ ഏഴുസ്വരങ്ങളും തഴുകി, സുധാകരന്‍ പാലായുടെ മാനത്തെ കായലില്‍, ഗായകദമ്പതികള്‍ അനീഷും ടെസ്സയും ചേര്‍ന്നാലപിച്ച കോറാ കാഗസ് ഥാ, ജോജോ അബ്രഹാമിന്റെ മാടപ്രാവേ വാ, അനിത ഗിരീഷിന്റെ ചെമ്പരത്തി, ദൗതീഷും റിന്‍സി റോബര്‍ട്ടും ചേര്‍ന്നാലപിച്ച അകലെ അകലെ നീലാകാശവും, ജിലു ഉണ്ണികൃഷ്ണന്റെ കേട്ടില്ലേ കോട്ടയത്തെ മൂത്ത പിള്ളേച്ചന്‍, ഉണ്ണികൃഷ്ണന്റെ കിളി ചിലച്ചു, മാഗി സ്റ്റീഫന്റെ രാജശില്പി, റിന്‍സി റോബര്‍ട്ടിന്റെ സ്വര്‍ണ്ണമുകിലെ, ദൗതീഷിന്റെ ചാഹൂംത മേം തുജേ അങ്ങനെ റെയ്നോള്‍ഡ് വര്‍ഗ്ഗീസിന്റെ ഗാനങ്ങളിലൂടെ രാവിനു കനം വെയ്ക്കുന്നവരെ മലയാളികളുടെ പ്രിയഗാനങ്ങള്‍ പുതു പിറവി എടുത്തുകൊണ്ടിരിന്നു.

ചടങ്ങില്‍ പ്രവാസിപുരസ്‌കാരം നേടിയ ഷൈനു ക്ലയര്‍ മാത്യുവിനെ കല ഹാംപ്‌ഷെയറിന്റെ ആദരവായി പ്രസിഡണ്ട് ഉണ്ണികൃഷ്ണനും, സെക്രട്ടറി ജെയ്‌സണ്‍ ബത്തേരി തുടങ്ങിയവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരിച്ചു .

യുകെയിലെ നിരവധി വേദികളെ നിയ്രന്തിച്ച പരിചയസമ്പത്തുമായി സീമാ സൈമണും പുതമുഖത്തിന്റെ പതര്‍ച്ചയില്ലാതെ ലക്ഷ്മി മേനോനും ആദ്യാവസാനം ചടങ്ങ് നിയ്രന്തിച്ചു. അനുപമമായ ശബ്ദ വെളിച്ച വിന്യാസമൊരുക്കി ഗ്രെയ്സ് മെലഡീസും ഓള്‍ഡ് ഈസ് ഗോള്‍ഡിന് മാറ്റ് കൂട്ടി. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും അവയവദാനത്തിന്റെ മഹത്വം പ്രഘോഷണം ചെയ്യുന്ന മലയാളികളുടെ സംഘടനയായ ഉപഹാറും ചെറിയ കാര്യങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ക്കു ശ്രമിക്കുന്ന ‘അമ്മ ചാരിറ്റിയും കല ഹാംഷയറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളി ആകാനെത്തിയിരുന്നു. സംഗീത വിരുന്നിനൊപ്പം ഇന്ത്യന്‍ ഡിലൈറ്റ് ഒരുക്കിയ സ്വാദിഷ്ടമായ നാടന്‍ ഭക്ഷണവിരുന്നും മലയാളി സമൂഹത്തിനു ഒരു നവ്യാനുഭവം ആയിരുന്നു.

കല ഹാംപ്‌ഷെയര്‍ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍, ജനറല്‍ കണ്‍വീനര്‍ സിബി മേപ്പുറത്ത്, സെക്രട്ടറി ജെയ്‌സണ്‍ ബത്തേരി ,ട്രഷറര്‍ ജോയ്‌സണ്‍ ജോയ്, വൈസ്. പ്രസിഡന്റ് സിജിമോള്‍ ജോര്‍ജ്ജ്, ഇവന്റ് ഡയറക്ടര്‍ മീറ്റോ ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ മനോജ് മാത്രാടന്‍, മനു ജനാര്‍ദ്ദനന്‍, രാകേഷ് തായിരി, ആന്ദവിലാസം, ജോര്‍ജ്ജ് എടത്വാ തുടങ്ങിയവര്‍ വിവിധ കമ്മറ്റികളുടെ നേതൃത്വം വഹിച്ചു.

മലയാളം യുകെ ന്യൂസ് ടീം.

മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ് ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ സംഘാടകർ തീരുമാനിച്ചു കഴിഞ്ഞു. പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് തന്നെ ആരംഭിച്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഓർഡർറിൽ തന്നെ ഓരോ ഇനവും സ്റ്റേജിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.   മെയ് 13ന് ലെസ്റ്ററിലെ മെഹർ സെന്ററിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെയാണ് അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും നടക്കുക. ഇതോടനുബന്ധിച്ചുള്ള മിസ് മലയാളം യുകെ മത്സരത്തിൻറെ ഗ്രൂമിംഗ് സെഷൻ ലെസ്റ്ററിൽ ഏപ്രിൽ 29 ശനിയാഴ്ച നടന്നു. മത്സരങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ്. ഒരുക്കങ്ങൾ ശരിയായ രീതിയിൽ പുരോഗമിക്കുന്നതായി സോണി ജോർജ് പറഞ്ഞു. മൂന്നു റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാവുക.

ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്.

അൻജോ ജോർജ്, ലെസ്റ്റർ

ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ  ഇയർ 12 വിദ്യാർത്ഥിനി. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിൻറെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിൻറെയും മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കുന്ന ഈ അവസരം തൻറെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ടെന്ന് അൻജോ പറയുന്നു.

സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി ഡെർബി

റാമ്പിലെത്തുന്ന സുസൈനും സ്വീനും ഇരട്ടകളാണ്. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസികിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിൻറെയും ഡെർബി റോയൽ എന്‍എച്ച്എസിൽ നഴ്സായ എൽസി തോമസിൻറെയും മക്കളാണ് ഇവർ. ലെസ്റ്ററിലെ മിസ് മലയാളം യുകെയിൽ പങ്കെടുക്കാനുള്ള ഊർജിതമായ തയ്യാറെടുപ്പിലാണ് സ്വീനും സുസൈനും.

ഹെലൻ മരിയ ജയിംസ്, ലെസ്റ്റർ

റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിൻറെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിൻറെയും മകളാണ് ഹെലൻ. ഹെലന് രണ്ടു സഹോദരന്മാർ ഉണ്ട്. ഹാരോൺ ജെയിംസും ഹാരിസ് ജെയിംസും. ആദ്യമായാണ് റാമ്പിൽ ഹെലൻ എത്തുന്നത്.  എങ്കിലും വളരെ ആത്മവിശ്വാസത്തോടെയാണ് ഹെലൻ ഇതിൽ പങ്കെടുക്കുന്നത്. മലയാളം യുകെ ഒരുക്കുന്ന ഇതുപോലെയുള്ള നല്ല അവസരങ്ങൾ എല്ലാവർക്കും പ്രയോജനം ചെയ്യുന്നത് ആണ് എന്ന് ഹെലൻ കരുതുന്നു. ലെസ്റ്ററിൽ നടന്ന ഗ്രൂമിംഗ് സെഷൻ തന്നെ വളരെയധികം ആകർഷിച്ചെന്ന് ഹെലൻ ജയിംസ് പറഞ്ഞു.

സ്നേഹാ സെൻസ്, നനീറ്റൺ

കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ് സ്നേഹാ സെൻസ്.  നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്. ട്രാവലിംഗും രുചികരമായ ഭക്ഷണവും സ്നേഹ ഇഷ്ടപ്പെടുന്നു.  ഒരു സഹോദരിയുണ്ട് സ്നേഹയ്ക്ക്, ഇയർ എട്ടിൽ പഠിക്കുന്ന സോനാ സെൻസ്. കാറ്ററിംഗ് ബിസിനസ് നടത്തുകയാണ് സെൻസ് ജോസ്. ജോർജ് എലിയട്ട് ഹോസ്പിറ്റലിലെ നഴ്സാണ് ബീനാ സെൻസ്. മറ്റു കുട്ടികളോടൊപ്പം റാമ്പിലെത്തുന്നതിന്റെ ത്രില്ലിലാണ് സ്നേഹ. നനീറ്റൺ കേരളാ ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് ഈ മിടുക്കി. മലയാളം യുകെ യുവതലമുറയ്ക്കായി ഒരുക്കുന്ന ഈ സ്റ്റേജ് ഷോ ആദ്യാവസാനം വരെ ആസ്വദിക്കാൻ തയ്യാറെടുക്കുകയാണ് സ്നേഹ സെൻസ്.

മെറിറ്റ ജോസ്, ബെല്ലാ ജോസ് വാറ്റ് ഫോർഡ്.

വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാംസ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറായ റാണി ജോസിൻറെയും മക്കളാണ് ഇവർ. ഇവർക്ക് ഇരട്ട സഹോദരന്മാരുണ്ട്. ആൽബർട്ട് ജോസും ടൈറ്റസ് ജോസും. ആദ്യമായാണ് ഇരുവരും ഫാഷൻ – മോഡലിംഗ് രംഗത്ത് എത്തുന്നത്. മലയാളം യുകെയുടെ വേദിയിൽ ഒരുമിച്ച് സദസിനു മുമ്പിൽ ആത്മവിശ്വാസത്തോടെ എത്താനുള്ള ഒരുക്കത്തിലാണ് മെറിറ്റയും ബെല്ലയും. ഗ്രൂമിംഗ് സെഷനിൽ ഇരുവരും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്.

ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, ഗ്ലോസ്റ്റർ

എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ. എന്‍എച്ച്എസിൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിൻറെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്.  ഒരു സഹോദരിയുണ്ട്, ജിസിഎസ്ഇയ്ക്ക് പഠിക്കുന്ന ലിസാ മരിയ സെബാസ്റ്റ്യൻ. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ മികവ് തെളിയിച്ച ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്. തായ് ലൻഡിൽ നടന്ന വേൾഡ് ചലഞ്ചിലും ഡ്യൂക്ക് ഓഫ് എഡിൻബറോ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. സെൻറ് ജോൺസ് ആംബുലൻസിനായി വോളണ്ടിയറായി പ്രവർത്തിക്കുന്നതോടൊപ്പം ഫസ്റ്റ് എയിഡറായി സേവനം ചെയ്യാറുമുണ്ട് ജൂലിയറ്റ്. കൂടാതെ മെഡിക് മെൻററുമാണ്. യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ ഗ്രൂപ്പിൽ സജീവ മെമ്പറുമാണ്.

മുഖ്യാതിഥി ആയി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും പ്രത്യേക അതിഥിയായി ഇടുക്കി എം.പി ജോയിസ് ജോർജ്ജും ആഘോഷത്തിൽ പങ്കെടുത്ത് സന്ദേശം നല്കും. ചാരിറ്റി അവാർഡുകൾ ഉൾപ്പെടെ 20 എക്സൽ അവാർഡുകൾ സമ്മാനിക്കപ്പെടും. കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ കലാ സന്ധ്യയിൽ പങ്കെടുക്കും. മലയാളം യുകെയുടെ രണ്ടാം പിറന്നാളിനോടനുബന്ധിച്ചാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മാഗ്നാ വിഷൻ ടിവിയും  ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിന്റെ മീഡിയ പാർട്ണർമാരാണ്.    അവാർഡ് നൈറ്റിന് ആതിഥേയത്വമൊരുക്കുന്ന ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെയും മലയാളം യുകെയുടെയും സംയുക്ത യോഗം ഏപ്രിൽ 9നും 23 നും നടന്നിരുന്നു. LKC യെ പ്രതിനിധീകരിച്ച് അജയ് പെരുംപാലത്ത്, രാജേഷ് ജോസഫ്, ടെൽസ് മോൻ തോമസ്, ജോർജ് എടത്വാ, അലൻ മാർട്ടിൻ, ജോസ് തോമസ്‌ മലയാളം യു കെ ഡയറക്ടർമാരായ ബിൻസു ജോൺ, ബിനോയി ജോസഫ്‌, റോയി ഫ്രാൻസിസ്, ജോജി തോമസ്, ഷിബു മാത്യു, ബിനുമോൻ മാത്യു എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.

മെയ് 6 ന് ഇവന്റ് കമ്മറ്റി വീണ്ടും ചേർന്ന് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തും. അവാർഡ് നൈറ്റിനോടനുബന്ധിച്ച് നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്കായി നടത്തിയ മത്സര വിജയികൾക്ക് ചടങ്ങിൽ വച്ച് ട്രോഫികൾ സമ്മാനിക്കും. മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.

 

Also Read:

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

Copyright © . All rights reserved