കഴിഞ്ഞ ദിവസം കോളജ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പുറത്തു പോയി ഭക്ഷണം കഴിച്ചതിനു കോളജ് അധികൃതർ ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്നാണ് പൊലീസ് കേസ്. ഇതേ കേസ് അന്വേഷണത്തിനു കോളജ് അധികൃതരുടെ വാഹനത്തിൽ യാത്ര ചെയ്തതിനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

അതിനിടെ, കോളജ് ചെയർമാൻ സുഭാഷ് വാസുവിനെതിരെ സമരം നടത്താൻ കേരളത്തിലെ പ്രതിപക്ഷ നേതാവിനെയും ബിജെപി നേതാക്കളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ വെല്ലുവിളിച്ചു. കോളജ് മാനേജ്മെന്‍റിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചു. വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന മാനേജ്മെന്‍റ് അധികൃതര്‍ക്കതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രക്ഷോഭം ആരംഭിക്കും. കോളജ് മാനേജ്മെന്‍റ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍റെ പേരുണ്ടെങ്കിലും കോളജുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് നേരിട്ട് ബന്ധമില്ല.

മാനേജ്മെന്‍റ് വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്ന പരാതി നേരത്തേതന്നെ നിലനില്‍ക്കുന്നുണ്ട്. ഇന്‍റേണല്‍ മാര്‍ക്ക് വെട്ടിച്ചുരുക്കിയ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കോളജില്‍ സമരം നടന്നു. ക്യാംപസിനുള്ളില്‍ ഇടിമുറിയുണ്ടെന്നായിരുന്നു സമരക്കാരുടെ പ്രധാന ആരോപണം. തുടര്‍ന്ന് വിഷയം എസ്എഫ്ഐ ഏറ്റെടുക്കുകയായിരുന്നു.