വിവാഹ പിറ്റേന്ന് വധുവിന്റെ സ്വർണാഭരണങ്ങളുമായി വരൻ മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സമൂഹമാധ്യമങ്ങളിലൂടെ വധു ട്രാൻസ്ജെൻഡർ ആണെന്ന് രീതിയിൽ വ്യാപകമായ പ്രചാരണം പല കോണുകളിൽ നിന്നും അഴിച്ചുവിട്ടിരുന്നു.
കടുത്തുരുത്തി സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത ശേഷം വരന്‍ ഇറ്റലിയിലേയ്ക്ക് മുങ്ങിയ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി ട്രാന്‍സ്‌ജെന്റര്‍ എന്ന രീതിയില്‍ വരനും വീട്ടുകാരും നടത്തിയ പ്രചരണങ്ങള്‍ നിഷേധിക്കുകയാണ് സഹോദരന്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് കുടുംബം ഒരുങ്ങുന്നത്.
ട്രാന്‍സ്ജെന്റര്‍ ആരോപണം നിഷേധിക്കാന്‍ ആവശ്യമെങ്കില്‍ ശാസ്ത്രീയമായ തെളിവുകള്‍ കൂടി ഹാജരാക്കാന്‍ തയ്യാറാണെന്നും സഹോദരന്‍ പറഞ്ഞു. കഴി്ഞ്ഞ ജനുവരി 23 നാണ് റാന്നിയില്‍ വച്ച് വിവാഹം നടന്നത്. രാത്രി 11 ന് അത്യാഡംബരത്തോടെയാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയോട് ഒന്നും പറയാതെ സഹോദരിയോടും ഭര്‍ത്താവിനോടും പെണ്‍കുട്ടിയെ പറ്റത്തില്ലായെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ വിവാഹത്തലേന്ന് രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ട് വിട്ടതിന് ശേഷമാണ് വരന്‍ മുങ്ങിയത്. പിതാവിന്റെ ചികിത്സയ്ക്കായി 25 ലക്ഷം ഏര്‍പ്പാടാക്കണമെന്ന് പറഞ്ഞാണ് വരന്‍ അവിടെ നിന്നും പോയത്. പെണ്‍കുട്ടിയെ കടുത്തുരുത്തിയിലുള്ള വീട്ടിലാക്കിയ ശേഷം എറണാകുളത്തേയ്ക്ക് പോകുകയാണെന്നും തിരികെ വരുമ്പോള്‍ കൂട്ടികൊണ്ട് പോകാമെന്നുമാണ് പറഞ്ഞത്. പിന്നീട് ദുബായ് ഏയര്‍പോര്‍ട്ടില്‍ ചെന്ന ശേഷം മൂത്ത സഹോദരിയ്ക്ക് മെസ്സേജ് അയയ്ക്കുകയായിരുന്നു.
താന്‍ ആഗ്രഹിച്ചത് പോലെയുള്ള ശരീര സൗന്ദര്യമല്ല പെണ്‍കുട്ടിയ്‌ക്കെന്നും മെസേജില്‍ പറഞ്ഞു. 12 ാം തീയതിയാണ് പെണ്ണ് കാണല്‍ ചടങ്ങില്‍ ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. സേവ് ദി ഡേറ്റ് ഷൂട്ടിങ് സമയത്തും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. 25 പവനോളം സ്വര്‍ണ്ണവും തിരിച്ചു കിട്ടിയിട്ടില്ലെന്ന്് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കടുത്തുരുത്തി പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ഇത് സബന്ധിച്ച സോഷ്യല്‍ മീഡിയയില്‍ പലവിധത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. വരന്റെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നതായുള്ള ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇത്തരം പ്രചരണം ശക്തമായതോടെയാണ് സഹോദരന്‍ അടക്കം വിശദീകരണവുമായി രംഗത്തുവന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൈ സ്ട്രീറ്റ് ഹോട്ടൽ ശൃംഖലകളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായുള്ള ഒട്ടേറെ പരാതികൾ പോലീസിന് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തെ കുട്ടികളുടെ സുരക്ഷയെ കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്ന വിവരങ്ങൾ ബിബിസി ന്യൂസ് ആണ് പുറത്തുവിട്ടത്. 2023 -ൽ ഹോട്ടലുകളിൽ രേഖപ്പെടുത്തിയ 504 കുറ്റകൃത്യങ്ങളിൽ 464 കേസുകളിലും ഒരു പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഇത് ഹോട്ടലുകളിൽ നടന്ന കുറ്റകൃത്യങ്ങളുടെ 92 ശതമാനം വരും.
പുറത്തുവന്ന കുറ്റകൃത്യങ്ങളിൽ 40 ശതമാനം കേസുകളിലും ലൈംഗിക പീഡനം നടന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ (NPCC) നൽകിയ കണക്കുകൾ പ്രകാരം നിർദ്ദിഷ്ട കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ ഭൂരിഭാഗവും ബജറ്റ് ചെയിൻ ഹോട്ടലുകളായിരുന്നു. 2023 ൽ ഇംഗ്ലണ്ടിലും വെയിൽസിലും കുട്ടികൾക്കെതിരായ മൊത്തം ലൈംഗിക കുറ്റകൃത്യങ്ങളുടെ 1ശതമാനത്തിൽ താഴെയാണ് ഹോട്ടലുകളിലെ കുറ്റകൃത്യങ്ങൾ. എന്നിരുന്നാലും പല കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് പോലീസ് പറയുന്നത് . കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി പോലീസ് സേന ഹോട്ടലുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എൻപിസിസി അറിയിച്ചു.
ഓപ്പറേഷൻ മേക്ക്‌സേഫ് എന്ന പേരിൽ ലൈംഗിക ചൂഷണത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും പോലീസിൽ പ്രശ്‌നങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നതിനും ഹോട്ടൽ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ നടന്നതായി പോലീസ് കണ്ടെത്തിയ ഹോട്ടലുകളിൽ പലതും പ്രധാന നഗരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. റെയിൽവെ സ്റ്റേഷനുകൾ, മോട്ടോർ വേകൾ തുടങ്ങി ഗതാഗത സംവിധാനങ്ങളുടെ സമീപത്തായാണ് പൊതുവെ കുറ്റകൃത്യങ്ങൾ നടക്കുന്ന ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാമൂഹിക വിരുദ്ധർ ഈ ഹോട്ടലുകളിൽ എത്തിച്ചേരാൻ സാധ്യത കൂടുതലാണ് . പല ബജറ്റ് ഹോട്ടലുകളിലും റിസപ്ഷൻ പോലും ഉണ്ടാവില്ല. അതിനുപകരം സ്വയമായി സർവീസ് നടത്തുന്ന സംവിധാനമാണ് ഉള്ളത്. ഇത് കുറ്റവാളികൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതായി പോലീസ് പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട 504 കുറ്റകൃത്യങ്ങളിൽ ഇരകളിൽ 26% പേർ 15 വയസ്സ് പ്രായമുള്ളവരും 18% പേർ 16 വയസ്സ് പ്രായമുള്ളവരും 17% പേർ 17 വയസ്സ് പ്രായമുള്ളവരുമാണ്. മിക്കവാറും എല്ലാ സംശയിക്കപ്പെടുന്നവരും (92%) പുരുഷന്മാരായിരുന്നു എന്ന് മാത്രമല്ല സംശയിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 28 വയസ്സായിരുന്നു. ഇരകൾ ഭൂരിപക്ഷവും (84 %) സ്ത്രീകളാണ് .
കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദര്‍ശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടില്‍ നിന്നും മടങ്ങിയത്.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.
വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എംപി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം.
പ്രിയങ്ക ഗാന്ധികലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്ക പ്രസംഗിക്കും. സന്ദർശനം പൂർത്തിയാക്കി ഇന്നു തന്നെ പ്രിയങ്കാഗാന്ധി ഡൽഹിക്ക് മടങ്ങും.
ഷാരോണ്‍രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ മൂന്ന് വർഷം തടവിനും കോടതി ശിക്ഷിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തേ വെറുതേവിട്ടിരുന്നു. കൊല നടത്താന്‍ ഗ്രീഷ്മയെ സഹായിച്ചുവെന്നായിരുന്നു അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാരനെതിരേയുമുള്ള കുറ്റം.
586 പേജുള്ള വിധിപ്രസ്താവമാണുള്ളത്. ദൃസാക്ഷികൾ ഇല്ലാത്തൊരു കേസിൽ സാഹചര്യതെളിവുകളെ അതിസമർത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് പ്രതി കുറ്റം ചെയ്തതായി തെളിയിക്കാൻ അന്വേഷണസംഘത്തിനായെന്നു പറഞ്ഞ കോടതി, പോലീസിനെ അഭിനന്ദിച്ചു.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ആൺ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.
പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള വിമാന കമ്പനിയുടെ ആദ്യ സര്‍വീസ് ജൂണില്‍ കൊച്ചിയില്‍ നിന്നും പറന്നുയരും. ഇതിനായി അഞ്ച് വിമാനങ്ങള്‍ വാടകയ്ക്കെടുത്ത് സര്‍വീസിനായി ഒരുക്കങ്ങള്‍ ആരംഭിച്ചതായി കമ്പനി ഭാരവാഹികള്‍ അറിയിച്ചു.
രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സര്‍വീസുകളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. സാധാരണക്കാര്‍ക്കും വിമാന യാത്ര സാധ്യമാകുന്ന വിധത്തിലായിരിക്കും ടിക്കറ്റ് നിരക്കുകള്‍.
കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സര്‍വീസായ എയര്‍ കേരളയുടെ പ്രവര്‍ത്തന കേന്ദ്രം കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കുമെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് അറിയിച്ചു.
കിടമത്സരം നടക്കുന്ന വ്യോമയാന മേഖലയിലെ മലയാളി സംരംഭകരുടെ രംഗ പ്രവേശത്തെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. 76 സീറ്റുകള്‍ ഉള്ള വിമാനത്തില്‍ എല്ലാം ഇക്കണോമി ക്ലാസുകള്‍ ആയിരിക്കുമെന്ന് സി.ഇ.ഒ ഹരീഷ് കുട്ടി പറഞ്ഞു.
കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സര്‍വീസുമാണ് എയര്‍ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങള്‍ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഇതിന് നാല് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നതിനാലാണ് ഇപ്പോള്‍ വാടകയ്ക്ക് വിമാനങ്ങള്‍ എടുക്കുന്നത്.
വാടകയ്ക്കെടുക്കുന്ന വിമാനങ്ങള്‍ ഏപ്രിലില്‍ കൊച്ചിയില്‍ എത്തിക്കും. ഇതുസംബന്ധിച്ച് ഐറിഷ് കമ്പനികളുമായി സെറ്റ്ഫ്ലൈ എവിയേഷന്‍സ് ആണ് എയര്‍ കേരള എന്ന പേരില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത്.
വിമാന ജീവനക്കാരില്‍ കൂടുതല്‍ പേരും മലയാളികളായിരിക്കും. രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നാലെ വിദേശ സര്‍വീസുകള്‍ തുടങ്ങാനും കമ്പനി പദ്ധതിയിടുന്നു. ഗള്‍ഫ് മേഖലയിലായിരിക്കും ആദ്യ വിദേശ സര്‍വീസ്.
കുടുംബപ്രശ്നങ്ങള്‍ കാരണമുണ്ടായ വിരോധത്താല്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോയിപ്രം പോലീസ് വിദഗ്ദ്ധമായി കുടുക്കി.
അയിരൂര്‍ വെള്ളിയറ തീയാടിക്കല്‍ കടമാന്‍കുഴി കോളനിയില്‍ മുത്തു എന്ന് വിളിക്കുന്ന രാജീവ് (49) ആണ് നിരന്തര നിരീക്ഷണത്തിനൊടുവില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ചൊവ്വ രാവിലെ ആറരയോടെ തിരുവല്ല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന പോലീസ് സംഘം, കണ്ണൂരില്‍ നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രാമദ്ധ്യേ പ്രതിയെ പിടികൂടുകയായിരുന്നു.
2016 മുതല്‍ ലോങ്ങ് പെന്റിങ് വിഭാഗത്തില്‍ ഉള്‍പ്പെട്ട കേസില്‍ കഴിഞ്ഞ കുറെ മാസങ്ങളായി പ്രതി കോയിപ്രം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, പ്രത്യേകസംഘം ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
രണ്ട് കുട്ടികളുമൊത്ത് താമസിച്ചുവന്ന വീട്ടില്‍ വച്ച് 2010 നവംബര്‍ ഒന്നിനാണ് ഇയാള്‍ ഭാര്യ സിന്ധുവിന്റെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയവേ സിന്ധു മരണപ്പെട്ടു. മൂന്നിന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി. തുടര്‍ന്ന് കോടതി എല്‍ പി വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. നാടുവിട്ട ഇയാള്‍ പലസ്ഥലങ്ങളില്‍ ഹോട്ടലുകളിലും കാന്റീനുകളിലും ജോലി ചെയ്ത് ഒളിവില്‍ താമസിക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതി കണ്ണൂര്‍ എറണാകുളം ജില്ലകളിലെ പല സ്ഥലങ്ങളിലും പിന്നീട് ബംഗളുരുവിലും ഹോട്ടലുകളിലും കാന്റീനുകളിലും സഹായിയായി കഴിഞ്ഞു. രാജേഷ് എന്ന് പേരുമാറ്റി തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയ ഇയാള്‍ കൊട്ടാരക്കരയില്‍ ഒരു സ്ത്രീക്കൊപ്പം താമസമാക്കി. രാജേഷ് കൊട്ടാരക്കര എന്ന പേരില്‍ ഫേസ്ബുക് ഐഡി സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി.
ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലി ചെയ്തു താമസിച്ചവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ആറുമാസം മുമ്പ് കോയിപ്രം പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് ബാംഗ്ലൂരില്‍ പോയിരുന്നു. പക്ഷെ, ഇയാള്‍ പിടിയിലാവാതെ രക്ഷപ്പെട്ടു. അന്നുമുതല്‍ ഇയാള്‍ കോയിപ്രം സ്‌ക്വാഡിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിലെ ഒളിയിടം പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി, കണ്ണൂരിലേക്ക് കടക്കുകയും അവിടെ ഒരു ഹോട്ടലില്‍ ജോലിക്ക് കയറുകയും ചെയ്തു. ഇയാളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസിന്, കൊട്ടാരക്കരയിലുള്ള വിട്ടിലേക്ക് ഇയാള്‍ വരുന്നതായി വിവരം ലഭിച്ചു. യാത്രയ്ക്കിടെയാണ് രാവിലെ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വച്ച് ബസിനുള്ളില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
നാട്ടില്‍ ആരുമായും യാതൊരു ബന്ധവുമില്ലായിരുന്നു രാജിവിന്. ഏകദേശം ഒരു വര്‍ഷം മുമ്പുവരെ പ്രതിയുടെ ലൊക്കേഷനെപ്പറ്റി പോലീസിന് കൃത്യമായ വിവരമേയില്ലായിരുന്നു. എന്നാല്‍ ബംഗളുരുവിലെ ഇയാളുടെ സാന്നിധ്യം അറിയുന്നതിന് മുമ്പുമുതല്‍ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭ്യമായിരുന്നു. പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം സ്‌ക്വാഡിലെ അംഗങ്ങള്‍ തെരഞ്ഞുനടന്നു.
സ്ത്രീകളുമായുള്ള അടുപ്പത്തിന്റെ സൂചനയും ലഭിച്ചിരുന്നു.കൊട്ടാരക്കരയില്‍ ലിവിങ് ടുഗെതര്‍ എന്ന വിധത്തിലാണ് സ്ത്രീക്കൊപ്പം താമസം. കണ്ണൂരുനിന്നും അങ്ങോട്ടേക്കുള്ള യാത്ര സംബന്ധിച്ച രഹസ്യവിവരം കിട്ടിയ കോയിപ്രം സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവല്ല കെ എസ് ആര്‍ റ്റി സി സ്റ്റാന്‍ഡില്‍ കാത്തുനിന്നത് അറിയാതെ രാജീവ് പോലീസ് വിരിച്ച വലയില്‍ ഒടുവില്‍ കുടുങ്ങുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി .സുരേഷ് കുമാര്‍ , എ എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിന്‍ ജോണ്‍ , സി പി ഓമാരായ രതീഷ് , അനു ആന്റപ്പന്‍ എന്നിവരടങ്ങിയ കോയിപ്രം സ്‌ക്വാഡ് ആണ് 14 കൊല്ലമായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ശ്രമകരമായ ദൗത്യത്തില്‍ കണ്ടെത്തി പിടികൂടിയത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സ്‌ക്വാഡിന്റെ നീക്കങ്ങള്‍ വിജയത്തിലെത്തിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം വർഷമായ ആധ്യാത്മിക വർഷാചരണം ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു , 2024 ഡിസംബർ ഒന്നാം തീയതി മുതൽ 2025 നവംബർ 29 വരെ ആചരിക്കുന്ന ആധ്യാത്മിക വർഷാചരണത്തിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികളെ കുറിച്ച് രൂപതാ അംഗങ്ങൾക്കായി മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യേക സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട് .
പൗരസ്ത്യ സുറിയാനി ആദ്ധ്യാത്മിക സമ്പത്തിന്റെ അവകാശികൾ എന്ന നിലയിൽ ദൈവത്തിന് നന്ദി പറയുവാനും തനതായ ആധ്യാത്മിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിൽ നിദാന്ത ജാഗ്രത പുലർത്തുവാനും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു . ഈ കാലയളവിൽ 2024 ഡിസംബർ 18 മുതൽ 2025 നവംബർ 29 വരെയുള്ള കാലയളവിൽ അഖണ്ഡ ബൈബിൾ പാരായണം , എല്ലാ ദിവസവും രൂപത ഒന്നാകെ പങ്കു ചേരാവുന്ന തരത്തിൽ സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിട്ടുള്ള യാമ പ്രാർഥനകളിലുള്ള പങ്കുചേരൽ , കൂദാശകളിലൂടെയുള്ള കൃപാവരം സ്വീകരിക്കൽ , തപസ്സ് ചൈതന്യമുള്ള ആത്മീയ ജീവിതം ശീലിക്കുക , . പൗരസ്ത്യ ആധ്യാത്മികത പഠിക്കുവാനും അറിയുവാനും സഹായിക്കുവാൻ മുൻ വർഷങ്ങളിലേത് പോലെ തന്നെ ഉർഹ ഫാമിലി ക്വിസ് 2025 എന്നിങ്ങനെയുള്ള വിവിധ കർമ്മ പദ്ധതികൾ ആണ് ആധ്യാത്മിക വർഷത്തോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നത് . ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിൽ നടന്ന ആധ്യാത്മിക വർഷത്തിന്റെ ഉത്‌ഘാടനത്തിൽ രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , വികാരി റെവ ഫാ ജെയിംസ് കോഴിമല എന്നിവർ പ്രസംഗിച്ചു.
ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടും ക്രൂരത കാണിച്ച ആയമാര്‍ അറസ്റ്റില്‍. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയില്‍ അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്.
സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യ ഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.
ജനനേന്ദ്രിയ ഭാഗത്ത് നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അജിതയാണ് ഉപദ്രവിച്ചത്. മറ്റ് രണ്ടുപേര്‍ വിവരമറിഞ്ഞിട്ടും മറച്ചു വെച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഷിബു മാത്യൂ, മലയാളം യുകെ ന്യൂസ്.
ക്രിസ്തുമസ്സാഘോഷങ്ങളുടെ ഭാഗമായി യോർക്ഷയറിലെ കീത്തിലി ഏയർഡെൽ NHS ഹോസ്പ്പിറ്റലിലെ വാർഡ് 4 ക്രിസ്തുമസ്സ് ബേയ്ക്ക് സെയിൽ സംഘടിപ്പിക്കുന്നു. വാർഡ് 4 ഡിപ്പാർട്ടുമെൻ്റും ഏയർഡേൽ NHS ചാരിറ്റിയും സംയുക്തമായി ചേർന്ന് നടത്തുന്ന ക്രിസ്തുമസ്സ് ബെയ്ക് സെയിൽ നാളെ പതിനൊന്നു മണിക്ക് ഹോസ്പിറ്റൽ ടോപ് ലാൻ്റിംഗിൽ പ്രത്യേകം ഒരുക്കുന്ന സ്റ്റാളിൽ നടക്കും. വാർഡ് 4 ലെ ജീവനക്കാരാണ് ക്രിസ്തുമസ്സ് ബേയ്ക് സെയിലിനു നേതൃത്വം നൽകുന്നത്. വാർഡ് 4 ലെ ഡിമൻഷ്യാ രോഗികളുടെ പരിചരണത്തിനായിട്ടുള്ള ഉപകരങ്ങൾ വാങ്ങുവാനും വാർഡിൻ്റെ മറ്റു പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയുള്ളതാക്കി തീർക്കുന്നതിനുമായിട്ടാണ് ക്രിസ്തുമസ്സ് ബെയ്ക്ക് സെയിലിൽ നിന്നും ലഭിക്കുന്ന പണം ഉപകരിക്കുന്നത്. ഡിവിഷണൽ ഡയറക്ടറേറ്റ് ഓഫ് നേഴ്സിംഗിൻ്റെയും മറ്റ് മേലുദ്യോഗസ്ഥരുടെയും പിന്തുണയോടുകൂടിയാണ് ക്രിസ്തുമസ്സ് ബെയ്ക്ക് സെയിൽ നടത്തുന്നത്. വാർഡ് 4 ലെ ജീവനക്കാരെ കൂടാതെ ഹോസ്പ്പിറ്റലിലെ നിരവധി ജീവനക്കാരും ക്രിസ്തുമസ്സ് ബെയ്ക് സെയിലിലേയ്ക്കായി വിവിധ തരത്തിലുള്ള കെയ്ക്കുകൾ സ്പോൺസർ ചെയ്ത് പിന്തുണ അറിയിച്ചിട്ടുണ്ട്. വാർഡ് 4നെ കൂടാതെ ഹോസ്പ്പിറ്റലിന് അകത്തും പുറത്തു നിന്നുമുള്ളവർക്ക് കേയ്ക്കുകൾ സ്പോൺസർ ചെയ്യുവാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ വാർഡ് 4 മായി ബന്ധപ്പെടേണ്ടതാണ്.
ക്രിസ്തുമസ്സ് ബെയ്ക് സെയിൽ വിജയകരമാക്കിത്തീർക്കാൻ കീത്തിലി ഏയർഡേൽ NHS ഹോസ്പ്പിറ്റലിലെ എല്ലാ മലയാളി ജീവനക്കാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിദ്യാർഥിനിയെ പീഡിപ്പിച്ച സിനിമ, സീരിയൽ നടനായ അധ്യാപകനെ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി -55) ആണ് അറസ്റ്റിലായത്. വിവിധ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കും.
പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം അടക്കം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധന അടക്കം നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.
സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഉൾപ്പടെ ഇയാൾ വേഷമിട്ടിട്ടുണ്ട്. കൂടാതെ സീരിയലിലും വേഷമിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്.