യുകെയിലെ മലയാളി അസോസിയേഷനുകളില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കുന്ന, യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകളിലും സ്പോര്‍ട്സിലും സമ്മാനങ്ങള്‍ വാരിക്കൂട്ടികൊണ്ട് വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ ഏറ്റവും വലിയ അസോസിയേഷനായി പ്രവര്‍ത്തിച്ച് 12ാം വര്‍ഷത്തിലേക്ക് കടക്കുന്ന ബി.സി.എം.സി(ബര്‍മ്മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി)യ്ക്ക് പുതു നേതൃത്വം.
വളര്‍ന്നുവരുന്ന കുട്ടികളുടെ കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ട് പാട്ടിലും നൃത്തത്തിലും സ്പോര്‍ട്സിലും ബി.സി.എം.സി. പ്രത്യേക പരിശീലനം നല്കി വരുന്നു. വളര്‍ന്നുവരുന്ന യുവതീയുവാക്കള്‍ക്ക് അവരുടെ കഴിവുകളെ വളര്‍ത്തി വലുതാക്കുവാനായി എല്ലാവര്‍ഷവും പ്രത്യേക ക്ലാസുകള്‍ നടത്തിവരുന്നു. കുടുംബത്തിന്റെ സ്നേഹബന്ധങ്ങള്‍ അവരെ പറഞ്ഞുമനസ്സിലാക്കി അവരെ ദൈവഭക്തിയിലും ബഹുമാനത്തിലും വളര്‍ത്തിയെടുക്കുവാന്‍ എല്ലാ കുടുംബങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ബി.സി.എം.സിയുടെ മാത്രം പ്രത്യേകതയാണ്. കാലാകാലങ്ങളില്‍ മാറി മാറിവരുന്ന എല്ലാ കമ്മറ്റികളുടേയും ഒത്തൊരുമ മാത്രമാണ് ഈ വിജയത്തിന്റെ രഹസ്യം, എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നു ചേര്‍ന്ന് ഒരു മനസ്സായി പ്രവര്‍ത്തിക്കുന്നു. ഇതിന് സര്‍വ്വപിന്തുണയും നല്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും പുതിയ കമ്മറ്റി പ്രത്യേകം നന്ദി അര്‍പ്പിക്കുന്നു.
ജിബി ജോര്‍ജ്ജിനെ പ്രസിഡന്റായും , ജോയി ആന്റണിയെ വൈസ് പ്രസിഡന്റായും ബിനോയ് മാത്യുവിനെ സെക്രട്ടറിയായും സനല്‍ പണിക്കരെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. മാര്ട്ടിന് പോള്‍, സിനോഷ് ഫ്രാന്‍സീസ് എന്നിവരെ സ്പോര്‍ട്സ് കോഡിനേറ്റര്‍മാരായും ലീന ശ്രീകുമാര്‍, ലിറ്റി ജിജോ എന്നിവരെ വനിതാ പ്രതിനിധികളായും തിരഞ്ഞെടുത്തു.
ജിമ്മി മൂലംങ്കുന്നും, ജിതേഷ് നായര്‍ എന്നിവരെ യുക്മ നാഷണല്‍ കമ്മറ്റി പ്രതിനിധികളായും ബിജു ജോസഫിനെ യുക്മ റീജിയണല്‍ കമ്മറ്റി പ്രതിനിധിയായും തിരഞ്ഞെടുത്തു.
ബിന്‍സു ജോണ്‍
യുകെയിലെ കുടിയേറ്റ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന് (ഗ്രേറ്റ് ബ്രിട്ടന്) ഇന്നലെ വീണ്ടും പാര്‍ലമെന്റ് ലോബിയിംഗ് നടത്തി. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും യുകെയിലേക്ക് കുടിയേറിയെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജന സമൂഹത്തിന് വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന പ്രഖ്യാപനം കൂടിയായി ഐഡബ്ല്യുഎ നിരന്തരമായി നടത്തുന്ന സമര പോരാട്ടം.
നഴ്സിംഗ് രംഗത്ത് ഐഇഎല്‍ടിഎസിന്റെ പേരില്‍ നടക്കുന്ന വിവേചനത്തിനെതിരെ ലോബിയിംഗ് നടത്തി ജനപ്രതിനിധികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു വിവേചനം മുന്‍നിര്‍ത്തി ഇന്നലെ വീണ്ടും ലോബിയിംഗ് നടത്തിയത്. ഇപ്പോഴത്തെ നിയമമനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെ യുകെയിലേക്ക് കൊണ്ട് വരണമെങ്കില്‍ കുറഞ്ഞത് 18600 പൗണ്ട് വാര്‍ഷിക വരുമാനം വേണമെന്ന നിബന്ധനയാണ് ഉള്ളത്. ജീവിത പങ്കാളിക്കൊപ്പം ഒരു കുട്ടി കൂടിയുണ്ടെങ്കില്‍ ഇത് 22600ഉം രണ്ട് കുട്ടികള്‍ ഉണ്ടെങ്കില്‍ 25000ഉം ആണ്. പിന്നീടുള്ള ഓരോ കുട്ടിയ്ക്കും ഇതിനൊപ്പം 2400 പൗണ്ട് വീതം അധിക വരുമാനം ഉണ്ടായിരിക്കണം.
25 വയസ്സിന് മേല്‍ പ്രായമുള്ളവരുടെ കുറഞ്ഞ വേതനം മണിക്കൂറിനു 07.20 പൗണ്ടായി വരുന്ന ഏപ്രില്‍ മുതല്‍ വര്ദ്ധിക്കാനിരിക്കുകയാണ്. ആ നിലയിലേക്ക് എത്തിയാല്‍ കൂടി ഒരു മുഴുവന്‍ സമയ ജോലിക്കാരന്റെ വാര്‍ഷിക വരുമാനം എന്ന് പറയുന്നത് 15000 പൗണ്ടില്‍ താഴെ മാത്രം ആയിരിക്കും. അതായത് തങ്ങളുടെ കുടുംബത്തോടൊപ്പം ഒരു ജീവിതം ഇവര്‍ക്ക് സാദ്ധ്യമല്ല എന്നര്‍ത്ഥം. ബ്രിട്ടനിലെ തൊഴിലാളികളില്‍ 43% 18600 പൗണ്ടില്‍ താഴെ മാത്രം വാര്‍ഷിക വരുമാനം ഉള്ളവര്‍ ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ ഇതിന്റെ ഭീകരത വ്യക്തമാകും. അതായത് സാധാരണക്കാരായ ആളുകള്‍ക്ക് കുടുംബ ജീവിതം നിഷേധിക്കുന്ന തരത്തിലുള്ള ഒരു കരിനിയമം ആണ് ഇപ്പോള്‍ ഉള്ളത് എന്ന് വ്യക്തം. 18000ല്‍ അധികം അപേക്ഷകള്‍ ഓരോ വര്‍ഷവും ഇക്കാരണത്താല്‍ തള്ളിക്കളയുന്നു എന്ന് ഹോം ഓഫീസിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ നിയമം ഉള്‍പ്പെടെയുള്ള പല നിയമങ്ങളും ലക്ഷ്യം വയ്ക്കുന്നത് യൂറോപ്യന്‍ യൂണിയന് വെളിയില്‍ നിന്നുള്ളവരെയാണ് എന്നുള്ളിടത്താണ് വ്യക്തമായ വിവേചനം (discrimination) വരുന്നത്. എല്ലാത്തരം വിവേചനങ്ങള്‍ക്കും എതിരെ വാ തോരാതെ പ്രസംഗിക്കുന്ന ഈ രാജ്യത്ത് തന്നെയാണ് ഇത്തരം വിവേചന പരമായ നിയമങ്ങള്‍ പ്രാബല്യത്തിലുള്ളത് എന്നതും തികച്ചും വിരോധാഭാസം ആണ്. അത് കൊണ്ട് തന്നെയാണ് ഈ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഏകദേശം 90 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന് (ഗ്രേറ്റ് ബ്രിട്ടന്) സമര രംഗത്തുള്ളത്.
കുടുംബ ജീവിതത്തിനും സ്വകാര്യതയ്ക്കും സംരക്ഷണം നല്കുന്ന യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ മനുഷ്യാവകാശ നയത്തിന് എതിരായ ഈ വിവേചനത്തിനെതിരെ സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തുന്നതിനൊപ്പം ആണ് ഐഡബ്ല്യുഎ ഈ വിഷയം പാര്‍ലമെന്റിനു മുന്‍പിലും എത്തിക്കുന്നത്. കീത്ത് വാസ് എം.പി, സീമ മല്‍ഹോത്ര എം.പി, ഡാനിയേല്‍ ഷേയ്സ്നര് എം.പി. തുടങ്ങിയവര്‍ പാര്‍ലമെന്റ് ലോബിയിംഗിനു നേതൃത്വം നല്കി.
പാര്‍ലമെന്റില്‍ നടന്ന ലോബിയിംഗിനു ശേഷം ഐഡബ്ല്യുഎ നേതാക്കളായ ജോഗീന്ദര്‍ ബെയിന്‍സ്, രജീന്ദര്‍ കുമാര്‍, ദയാല്‍ ബാഗ്രി, ഇബ്രാഹിം വക്കുളങ്ങര എന്നിവരടങ്ങിയ സംഘം നമ്പര്‍ 10 ഡൌണിംഗ് സ്ട്രീറ്റിലെത്തി ആയിരകണക്കിന് ആളുകള്‍ ഒപ്പിട്ട നിവേദനവും നല്കി.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന് വെളിയിലുള്ളവരോട് ബ്രിട്ടീഷ് ഗവണ്മെന്റ് കാണിക്കുന്ന ഈ ചിറ്റമ്മ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ലോബിയിംഗില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയെയും ജോലിയും കുടുംബവും നല്കുന്ന തിരക്കുകളെയും ഒന്നും വകവയ്ക്കാതെ നിരവധി മലയാളികളും ഇന്നലെ നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നു. സുഗതന് തെക്കെപ്പുര, രാജേഷ് കൃഷ്ണ, ഇബ്രാഹിം വക്കുളങ്ങര, ജിജി നാട്ടശ്ശേരി, ഹാരിസ് പുന്നടിയില്‍, റസ്സല്‍ ഫൈസല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു മലയാളികള്‍ ഈ സമരത്തിന്റെ ഭാഗമായത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ആളുകളെ ബാധിക്കുന്ന തരത്തിലുള്ള പല വിവേചന നിയമങ്ങളും നിരന്തരം ആവിഷ്കരിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെയും വരും തലമുറയുടെയും സുരക്ഷയെ കരുതി നാം ഉറക്കം വെടിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിന് വേണ്ടി ഐഡബ്ല്യുഎ നടത്തുന്ന ഈ സമരത്തിന് ധാര്‍മ്മികമായും അല്ലാതെയുമുള്ള പിന്തുണ നല്കാന് ഇനിയും നമ്മള് മടിച്ച് നില്‍ക്കരുത്.
നിജോ ജോണ്‍, പൈനാടത്ത്
റ്റെന്‍ബി: വിസ്തൃതി കൊണ്ട് യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന് 2016 വര്‍ഷത്തേക്കുളള ഭാരവാഹികളെ കാര്മാര്ത്തണ് സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുത്തു.
സെല്‍വകുമാര്‍ പ്രസിഡന്റ്, സിബി ജോസഫ് സെക്രട്ടറി, ജിജോ മാനുവല്‍ ജോയിന്റ് സെക്രട്ടറി, ഷിബു തോമസ് വൈസ് പ്രസിഡന്ര്, നിജോ ജോണ്‍ പൈനാടത്ത് ട്രഷറര്‍, ഷിബുമാത്യു, സജി ജോസഫ്, ജോസ് കുര്യാക്കോസ്, ഫില്‍ജി വര്‍ഗീസ്, ജോഷി തോമസ്, രാഹുല്‍ നായര്‍, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ഈ മാസം 20, 21, 22 തീയതികളില്‍ ഫാമിലി ഗെറ്റ് ടുഗെതര്‍, സെപ്റ്റംബര്‍ പത്ത് ശനിയാഴ്ച ഓണാഘോഷം, സമ്മര്‍വെക്കേഷനില്‍ ഏകദിന വിനോദയാത്ര, മുന്‍ വര്‍ഷങ്ങളിലേത് പോലെ ക്രിസ്തുമസ് ആഘോഷം അതാത് സ്ഥലങ്ങളില്‍ നടത്താനും തീരുമാനിച്ചു. കാലാവസ്ഥയും ദൂരവും പരിഗണിച്ച് ക്രിസ്തുമസ് ആഘോഷം നാല് സെന്ററുകളിലായി (പെംബ്രോക്ക് ഷയര്‍, കാര്മാത്തര്, കാര്‍ഡിഗാന്‍, അബ്രീസ് വിത്ത്) നടത്തുകയാണ് പതിവ്.
വാഹനമോടിക്കുമ്പോള്‍ റോഡിന്റെ ഷോള്‍ഡര്‍ ഉപയോഗിക്കുന്നവര്‍ക്കും മഞ്ഞവര മുറിച്ചുകടക്കുന്നവര്‍ക്കും 48 മണിക്കൂര്‍ തടവുശിക്ഷ ലഭിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്കി. ഇത്തരം നിയമ ലംഘനങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി. ഒമാനില്‍ റോഡുകളുടെ വശങ്ങളില് മഞ്ഞവരയില്‍ വേര്‍തിരിച്ചഭാഗം വാഹനങ്ങള്‍ക്ക് അടിയന്തര പാര്‍ക്കിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ആംബുലന്‍സ്, പൊലീസ് വാഹനങ്ങള്‍ക്ക് കടന്നുപോകാനും ഈഭാഗം ഉപയോഗിക്കുന്നു. എന്നാല്‍ ചില വാഹന ഉടമകള്‍ ഗതാഗതക്കുരുക്കില്‍നിന്നും രക്ഷപെട്ട് അതിവേഗം ലക്ഷ്യ സ്ഥാനത്തെത്താനാണ് റോഡിന്റെ പാര്‍ശ്വഭാഗത്തുകൂടി യാത്ര ചെയ്യുന്നത്. എന്നാല്‍ ഇത്തരക്കാര്‍ കരുതിയിരിക്കുക. ഇത്തരം നിയമ ലംഘകരെ 48 മണിക്കൂര്‍ തടവിലാക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇത്തരക്കാര്‍ കൂടുതല്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും പോലീസ് പറയുന്നു.
റോഡുകളിലെ തിരക്ക് മറികടക്കാന്‍ ഷോള്‍ഡര്‍ ഉപയോഗിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശങ്ങള്‍ വന്നിരുന്നു. യാത്ര ചെയ്യുന്ന എല്ലാവരും തിരക്കുള്ളവരാണെന്നും മറ്റുള്ളവരുടെ തിരക്കുകളെ പറ്റിയും ഇത്തരക്കാര്‍ ചിന്തിക്കണമെന്നുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. ഏതായാലും ഒമാന്‍ പൊലീസ് ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്.
ജര്‍മ്മനിയിലെ ബവേരിയില് ട്രെയിനുകള്‍ തമ്മില്‍ മുഖാമുഖം കൂട്ടിയിടിച്ച് നിരവധി പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കുകള്‍ പറ്റിയതായും എട്ട് പേര് മരിച്ചതായും സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് സ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മ്യൂണിക്കില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബാദ് ഐബ്ലിംഗ് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളില്‍ ഒന്ന് പാളത്തില്‍ നിന്നും തെറിച്ച് തല കീഴായി മറിഞ്ഞു.
അപകടത്തില്‍ പെട്ട നിരവധി പേര് ഇപ്പോഴും ട്രെയിനുകളില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് വരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള വനപ്രദേശത്താണ് അപകടം നടന്നത് എന്നത് കാര്യങ്ങള്‍ ദുഷ്കരമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജര്‍മ്മനിയില്‍ സമീപ കാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീവണ്ടി അപകടമാണ് ഇത് എന്ന് അധികൃതര്‍ പറഞ്ഞു. മെറിഡിയന് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള ട്രെയിനുകള്‍ ആണ് കൂട്ടിയിടിച്ചത്. എന്ത് കൊണ്ടാണിത് സംഭവിച്ചത് എന്ന് തങ്ങള്‍ പരിശോധിച്ച് വരികയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും കമ്പനി വക്താവ് അറിയിച്ചു.
സ്കൂള്‍ അവധിക്കാലം ആയതിനാല്‍ ട്രെയിനുകളില്‍ സാധാരണ ഉണ്ടാകാറുള്ള തിരക്ക് ഉണ്ടായിരുന്നില്ല എന്ന് റെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അന്‍പതോളം ഹെലികോപ്റ്ററുകളും അത്രയും തന്നെ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥലത്തുണ്ട്. അപകടം നടന്ന സ്ഥലത്തേയ്ക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററുകളില്‍ എത്തി തൂങ്ങിയിറങ്ങി ആണ് പരിക്കേറ്റവരെ എടുത്ത് ആംബുലന്‍സുകളില്‍ എത്തിക്കുന്നത്.
2011ല്‍ ജര്‍മ്മനിയില്‍ ചരക്ക് ട്രെയിന്‍ യാത്രാ തീവണ്ടിയുമായി കൂടിയിടിച്ച് പത്ത് പേര് മരിച്ചിരുന്നു. 2009ല്‍ നടന്ന അപകടത്തില്‍ ഒന്‍പത് പേരും, 1998ല്‍ 1൦1 പേരും സമാനമായ അപകടങ്ങളില്‍ ജര്‍മനിയില്‍ കൊല്ലപ്പെട്ടിരുന്നു.
വാശിയേറിയ മത്സരങ്ങളോടെ ബ്രിസ്ക കലാമേളയ്ക്ക് തുടക്കമായി. കലാമേളയുടെ ഒന്നാം ദിവസമായ ഇന്നലെ സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന മത്സരങ്ങള്‍ക്ക് നിറഞ്ഞുകവിഞ്ഞ പുരുഷാരം സാക്ഷിയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മത്സരങ്ങളാരംഭിച്ചു. പെയ്ന്റിങ്, കളറിംഗ്, പെന്‍സില്‍ സ്കെച്ചിങ്, മെമ്മറി ടെസ്റ്റ്, ഹാന്‍ഡ് റൈറ്റിംഗ്, പ്രസംഗം, പദ്യ പാരായണം, ഇന്‍സട്രുമെന്റല്‍ മ്യൂസിക്, സിംഗിള്‍ സോങ്ങ്, ഗ്രൂപ്പ് സോങ്ങ്, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. മത്സരങ്ങളുടെ ആവേശം ഒരാഘോഷം പോലെയാണ് കലാമേളയില്‍ കാണാനായത്.
സമ്മര്‍ദങ്ങളില്ലാതെ ആത്മവിശ്വാസത്തോടെ കുട്ടികള്‍ വേദിയില്‍ തിളങ്ങിയപ്പോള്‍ അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ മത്സരങ്ങളാണ് നടന്നത്. മത്സര പങ്കാളിത്തം തന്നെയാണ് കലാമേളയുടെ വിജയവും. ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫിന്റേയും സെക്രട്ടറി ജോസ് തോമസിന്റേയും നേതൃത്വത്തില്‍ ബ്രിസ്ക എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും മറ്റു ഭാരവാഹികളുടേയും നേതൃത്വത്തിലാണ് ഇക്കുറി കലാമേള നടന്നത്.
രണ്ടാം ഘട്ട മത്സരങ്ങള്‍ 20നാണ് നടക്കുക. സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് ചാരിറ്റി ഇവന്റോടെയാണ് സമാപിക്കുക. രണ്ടാം ഘട്ട മത്സരത്തില്‍ മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍, ഗ്രൂപ്പ് സോങ്ങ്, വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, സ്മൈലിങ് കോമ്പറ്റീഷന്, പുരുഷ കേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്. മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്മൈലിങ് കോമ്പറ്റീഷന്, പുരുഷ കേസരി, മലയാളി മങ്ക എന്നീ മത്സരങ്ങള്‍ ഉണ്ടാകും. രണ്ടാംഘട്ട മത്സരത്തിനുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17നാണ്.
ഇടുക്കി ജില്ലയില്‍ ഇടവട്ടി പഞ്ചായത്തില്‍ പള്ളിപ്പാട്ട് ജിബിനാണ് ഇന്ന് നിങ്ങളുടെ മുന്പില് കരുണയ്ക്കായ് കാത്തിരിക്കുന്നത് ഒന്‍പത് മാസം മുന്‍പ് പയ്യന്നൂരില്‍ വച്ച് നടന്ന ഒരു അപകടമാണ് ജിബിന്റെ ജീവിതമാകെ തകടം മറിച്ചത്.നിര്‍ത്തിയിട്ടിരുന്ന ജിബിന്റെ വണ്ടിയില്‍ നിയന്ത്രണം വിട്ടു വന്ന ഒരു ട്രക്ക് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ജിബിന്റെ രണ്ട് കാലുകളും ഒടിയുകയും ഒരു കാല് അറ്റ് പോകുകയും ചെയ്തു. ഇത് വരെ ഏകദേശം 14 ഒപ്പറേഷനുകള്‍ നടത്തി. ഒന്‍പത് ലക്ഷത്തോളം രൂപ ചിലവാകുകയും ചെയ്തു. ജിബിന്‍ എഴുന്നേറ്റു നടക്കണമെങ്കില്‍ ഇനിയും രണ്ടു ഒപ്പറേഷനുകള്‍ കുടി നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ജിബിന്‍ നാട്ടുകാരും പള്ളിക്കാരുമാണ് ഇതുവരെയുള്ള ചികിത്സയ്ക്ക് സഹായം ചെയ്തത്.പരസഹായം കൂടാതെ ജിബിന്‍ കട്ടിലില്‍ നിന്നും എഴുന്നേല്ക്കുവാന് പോലും സാധിക്കില്ല കൂലി പണി ചെയ്തുകൊണ്ടിരുന്ന ഭാര്യക്ക് ജിബിന്റെ അവസ്ഥ മൂലം ജോലിയ്ക്ക് പോകുവാനും സാധിക്കുന്നില്ല . ഏഴും, അഞ്ചും വയസുള്ള രണ്ടു കുട്ടികളുണ്ട് ജിബിന്‍.സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍
സന്മനസുള്ളവര് ഫെബ്രുവരി മാസം 25നു മുന്‍പായി വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: http://www.wokingkarunya.co.uk/
ടോം ശങ്കൂരിക്കല്‍
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ശ്രീമതി ജെസീത്ത ദയാനന്ദന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഡാന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഇത് സ്വപ്ന മുഹൂര്‍ത്തം. യു കെ യിലെ ഡാന്‍സ് എഡ്യുകേഷന് വിഭാഗം അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ നൃത്ത വിഭാഗത്തില്‍ വരുന്നതാണ് ഭരതനാട്യം കഥക് എന്നീ നൃത്ത വിഭാഗങ്ങള്‍. ഇതില്‍ ഭരതനാട്യം വിഭാഗത്തിലാണ് ഈ വിദ്യാര്‍ഥിനികള്‍ പരീക്ഷക്ക് ഒരുങ്ങുന്നത്. ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചിംഗ് ഡാന്‍സ് (ISTD) അതോറിറ്റി ആയിരിക്കും ഗ്രേഡിംഗ് നല്‍കുന്നത്. ലെവല്‍ ഒന്ന് രണ്ടു വിഭാഗത്തിലേക്ക് വേണ്ടിയാണ് ഈ കുട്ടികള്‍ പരീക്ഷയെ നേരിടുന്നത്. തിയറിയും പ്രാക്ടിക്കലും എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പരീക്ഷ ആയിരിക്കും ഇത്.
മൊത്തം ആറു ലെവലുകളാണു ഈ വിഭാഗത്തിലുള്ളത്. ഈ ആറു ലെവലുകളും വിജയിച്ചു കഴിഞ്ഞാല്‍ ഒരു GCSE സബ്ജെക്റ്റ് ആയിട്ടാണ് കണക്കാക്കുന്നത്. ഇതിലെ വിജയ നിലവാരം അനുസരിച്ചുള്ള ഗ്രേഡുകളും അതോടൊപ്പം UCAS (Universities and College Admission Sevice )പോയന്റുകളും ലഭ്യമാകുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു യൂണിവേഴ്സിറ്റിയിലേക്കു പോകുന്ന നമ്മുടെ കുട്ടികള്‍ക്ക് തങ്ങളുടെ ഇഷ്ട വിഭാഗത്തില്‍ അഡ്മിഷന് കിട്ടുവാന്‍ ഈ എക്സ്ട്രാ കരികുലര്‍ വിഭാഗത്തിലുള്ള പൊയന്റുകള്‍ ഒരു വല്യ പങ്കാണ് വഹിക്കുന്നത്. മിക്കവാറും എല്ലാ സബ്ജെറ്റുകളിലും എ+ ഉണ്ടായിരിന്നിട്ടുകൂടി തന്റെ ഇഷ്ട വിഭാഗത്തിലുള്ള അഡ്മിഷന് ഈ ഒരു കാരണം കൊണ്ട് മാത്രം ലഭ്യമാകാതെ പോയ നിരവധി അനുഭവങ്ങള്‍ ഇതിലൂടെ കടന്നു പോയ പലര്‍ക്കും പറയാനുണ്ട്. ഇനി വരുന്ന കുട്ടികള്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകരുത് എന്ന ഈ ഒരു കാരണം കൊണ്ട് തന്നെയാണു ജി എം എ അതിനു പറ്റിയ യോഗ്യതകളുള്ള ഒരു ഡാന്‍സ് അധ്യാപികയെ കണ്ടു പിടിച്ചതും ഈ ഉദ്യമം ധൈര്യമായി എല്പ്പിച്ചതും.
എട്ടു മുതല്‍ അഡള്‍ട്സ് വരെയുള്ള വിഭാഗത്തില്‍ ഏതാണ്ട് നാല്പതോളം വിദ്യാര്‍ഥിനികളാണു നൃത്തം അഭ്യസിക്കുന്നത്. ഇതില്‍ ഇരുപതോളം കുട്ടികളാണ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഇനി മുതല്‍ ഓരോ ആറു മാസത്തിലും പരീക്ഷകള്‍ നടത്തി എല്ലാ ലെവലുകളും കരസ്ഥമാക്കി കൊടുക്കുവാനാണ് ടീച്ചര്‍ ശ്രീമതി ജെസീത്ത ദയാനന്ദന് ഉദ്ധേശിക്കുന്നത്. ജി എം എ യുടെ അഡള്‍ട്സ് വിഭാഗത്തില്‍ നൃത്തം അഭ്യസിക്കുന്നവരാണു ഈ കഴിഞ്ഞ യുക്മ റീജിയണല്‍, നാഷണല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഡാന്‍സിനു പുറമേ ശാസ്ത്രീയ സംഗീതത്തിലും കീ ബോര്‍ഡിലും കൂടെ ജി എം എ യുടെ നേതൃത്വത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് നേത്രുത്വം നല്‍കുന്നുണ്ട്. ഈ വിഭാഗങ്ങളിലും നൃത്തം പോലെ തന്നെ ഗ്രേഡിംഗ് പരീക്ഷ നടത്തി അത് അവരുടെ എക്സ്ട്രാ കരികുലര്‍ പോയന്റ്സ് വിഭാഗത്തില്‍ പെടുത്തി കൂടുതല്‍ അവരുടെ ഭാവിക്ക് ഉതകുന്ന രീതിയിലുള്ള ഒരു പരിശീലനം ആണു ജി എം എ നടത്തുന്നത്.
ലണ്ടന്‍: പാര്‍ലമെന്ററി രംഗത്തെ ഇന്‍ഡ്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ കൊല്ലം പാര്‍ലമെന്റ് അംഗം എന്‍.കെ പ്രേമചന്ദ്രന് ക്രോയ്ടോണില്‍ ഇന്ന് ഓ ഐ സി സി സ്വീകരണം നല്‍കും. കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ ആര്.എസ്.പി യുടെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രന് ഓ ഐ സി സി എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന സ്വീകരണ ചടങ്ങില്‍ ക്രോയ്ഡോന്‍ മുന്‍ മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദ് തുടങ്ങി വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് തുടങ്ങുന്ന യോഗത്തില്‍ എം പി യുമായി ആശയ സംവാദത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പസ്തുത ചടങ്ങില്‍ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അല്‍ സഹാര്‍:07887992999
ബേബിക്കുട്ടി ജോര്‍ജ്ജ്:07961390907
ജവഹര്‍:07426823210
അഡ്രസ്സ്
സെന്റ്.സേവിയെര്സ് ചര്‍ച്ച്
115 സെന്റ്.സേവിയെര്സ് റോഡ്
ക്രോയ്ഡോണ്‍
CR0 2XF
ലണ്ടന്‍: പൊതുമേഖലയിലെ സ്കൂളുകള്‍ മികച്ച നിലവാരം കൈവരിക്കുന്നുവെന്ന് ഗുഡ് സ്കൂള്‍സ് ഗൈഡിന്റെ സ്ഥാപകന്‍ റാല്‍ഫ് ലൂകാസ്. രക്ഷിതാക്കളില്‍ പലരും പൊതുമേഖലയിലുള്ള സ്കൂളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വകാര്യ സ്കൂളുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ സ്കൂളുകളുടെ പരീക്ഷാ ഫലവും സ്വഭാവവും മെച്ചപ്പെട്ടതിനാല്‍ സ്വകാര്യ സ്കൂളുകളിലെ ഫീസ് താങ്ങാനാകുന്ന രക്ഷിതാക്കളും സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നുവെന്നാണ് ലൂകാസ് ചൂണ്ടിക്കാട്ടുന്നത്. പല രക്ഷിതാക്കളും സ്കൂളുകളുടെ വിവരങ്ങള്‍ തേടി തങ്ങളെ സമീപിക്കുന്നുണ്ട്. കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് അയക്കാനാണ് മിക്കവര്‍ക്കും താല്പര്യമെന്നും ലൂകാസ് വ്യക്തമാക്കി.
സ്വകാര്യ സ്കൂളുകള്‍ക്കാണ് ഇത് ഭീഷണി സൃഷ്ടിക്കുന്നത്. ലണ്ടനു പുറത്തുളള പല സ്വതന്ത്ര സ്കൂളുകളും അടച്ച് പൂട്ടുകയാണ്. അതുമല്ലെങ്കില്‍ അവര്‍ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയോ അക്കാഡമികളായി മാറുകയോ ചെയ്യുന്നു. ഈ പ്രവണത തുടരുമെന്ന് തന്നെയാണ് ലൂകാസിന്റെ അഭിപ്രായം. ലൂകാസിന്റെ വീക്ഷണങ്ങള്‍ക്ക് സ്വതന്ത്ര സ്കൂള്‍ പ്രതിനിധികളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സ്വകാര്യ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹെഡ്മാസ്റ്റേഴ്സ് ആന്‍ഡ് ഹെഡ്മിസ്ട്രസ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി വില്യം റിച്ചാര്ഡ്സണ് അവകാശപ്പെടുന്നത്. ലൂകാസിന്റെ പ്രസ്താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്കൂളുകളും മികച്ച നിലവാരം ഉളളവയല്ലെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ രണ്ട് തലമുറകള്‍ കൊണ്ട് രാജ്യത്തെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതീക്ഷ വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മകളെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തിരുന്നു. ആദ്യമായാണ് ഒരു കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി സ്വന്തം കുട്ടിയെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കുന്നത്. ലണ്ടനിലെ ഗ്രേ കോട്ട് ഹോസ്പിറ്റല്‍ സ്കൂളിലാണ് കാമറൂണിന്റെ മകളെ ചേര്‍ത്തത്. കാമറൂണിന്റെ മകനും ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് ഇപ്പോള്‍ പഠിക്കുന്നത്. എന്നാല്‍ ഒരു സ്വകാര്യ സ്കൂളിലേക്ക് മകനെ മാറ്റുന്നതിനെക്കുറിച്ച് കുടുംബം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.