ബാബു മങ്കുഴിയില്‍
പുതുമയാര്‍ന്നതും ഐതിഹാസികവുമായ സ്‌കൈ ഡൈവിംഗിലൂടെ ഇപ്‌സ്വിച്ചിലെ ജെഫിന്‍ കുഞ്ഞുമോന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലായ്‌പ്പോഴും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ അഭിമാനമായ ഈ യുവതാരം നിരവധി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജെഫിന്‍ കുഞ്ഞുമോനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഹോസ്പിറ്റലിലെ നിയോനാറ്റല്‍ വാര്‍ഡിന് സാമ്പത്തിക സഹായം സമാഹരിക്കുന്നതിന് വേണ്ടി 12,000 അടി ഉയരത്തില്‍ നിന്ന് പാരച്യൂട്ട് സ്‌കൈഡൈവിംഗ് നടത്തുകയും തദ്വാര മൂവായിരം പൗണ്ടില്‍ അധികം സമാഹരിക്കുകയും ചെയ്തു.
പത്ത് വര്‍ഷത്തിലേറെയായി ഇബ്‌സ്വിച്ചില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കൈപ്പുഴ സ്വദേശി കുഞ്ഞുമോന്‍ അറക്കലിന്റെയും ജയകുഞ്ഞുമോന്റെയും ഇളയമകനാണ് ഈ അഭിമാനതാരം. നല്ലൊരു അഭിനേതാവും ഗായകനുമായ ജാക്‌സണ്‍ കുഞ്ഞുമോന്‍ സഹോദരനാണ്. പൈതൃകമായി കിട്ടിയിട്ടുളള സംഗീത വാസനയ്‌ക്കൊപ്പം അഭിനയരംഗത്തും ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയിട്ടുളള ഈ 21 വയസുകാരന്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ്.
ജീവന്‍ തൃണവത്ഗണിച്ച് കൊണ്ടുളള ഈ ഐതിഹാസിക പ്രകടനത്തിന് എല്ലാ സഹായ സഹകരണങ്ങളും നല്‍കിയ നോര്‍വിക് എയര്‍ഫീല്‍ഡ് സ്‌കൈലൈന്‍ പാരച്യൂട്ടിങ്ങിനോടും നിര്‍ലോഭമായ സാമ്പത്തിക സഹകരണത്തോടൊപ്പം വൈകാരിക പിന്തുണകളും നല്‍കിയ നല്ലവരായ ബഹുജനങ്ങളോട് ജെഫിന്‍ കുഞ്ഞുമോന്റെയും ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെയും നന്ദി അറിയിച്ച്‌കൊളളുന്നു. കൂടാതെ വരാനിരിക്കുന്ന വൈവിധ്യമാര്‍ന്ന ഭാവി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ച് കൊളളുന്നു.
ഷാജിമോന്‍ കെ.ഡി.
മാഞ്ചസ്റ്ററിലെ മലയാളികള്‍ക്ക് തനി നാടന്‍ കേരള വിഭവങ്ങളുമായി എംഎംഎയുടെ തട്ടുകട എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
നാടന്‍ വിഭവങ്ങളായ സുഖിയന്‍, ബോണ്ട, ഉഴുന്നുവട, പരിപ്പുവട, ഉളളി വട, പപ്‌സ്, തുടങ്ങി നിരവധി കൂട്ടം ആണ് എംഎംഎയുടെ വനിത വിഭാഗം ഒരുക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഡാന്‍സ് സ്‌കൂളിനോട് അനുബന്ധിച്ചാണ് തട്ടുകട പ്രവര്‍ത്തിക്കുന്നത്.മാഞ്ചസ്റ്റര്‍ ലോംഗ്‌സെറ്റ് സെന്റ് ജോസഫ് ചര്‍ച്ച് ഹാള്‍ ( സീറോമലബാര്‍) ലാണ് തട്ടുകട പ്രവര്‍ത്തിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരമുതല്‍ നാലരവരെയാണ് പ്രവര്‍ത്തനസമയം.
യാന്ത്രിക ജീവിതത്തില്‍ വീണുകിട്ടുന്ന വാരാന്ത്യത്തില്‍ മലയാളി കൂട്ടായ്മയില്‍ നാടന്‍ രൂചിയും ഒപ്പം നാടന്‍ വര്‍ത്തമാനങ്ങളും പറഞ്ഞ് കേരളീയ ഓര്‍മകള്‍ അയവിറക്കുന്നതോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് തട്ടുകട പ്രവര്‍ത്തിക്കുന്നത്. എല്ലാ മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കും ഇതിലേക്ക് പങ്കാളികളാകാം. എല്ലാവര്‍ക്കും സ്വാഗതം, കൂടുതല്‍ വിവരങ്ങള്‍ക്ക് എംഎംഎ പിആര്‍ഓയുമായി ബന്ധപ്പെടുക. 07886526706
വാര്‍ത്ത അയച്ചത് കെ.ഡി.ഷാജിമോന്‍
ലണ്ടന്‍: മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് പുതിയ പകര്‍ച്ചവ്യാധിയായ സിക വൈറസ്. കൊതുകുകള്‍ പകര്‍ത്തുന്ന ഈ വൈറസ് ബാധിക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് തലച്ചോറിന്റെ വലിപ്പം കുറയുന്ന മൈക്രോസെഫാലി എന്ന രോഗമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ജന്മവൈകല്യവുമായി പിറക്കുന്ന കുട്ടികളുടെ തലയ്ക്ക് വലിപ്പം കുറവായിരിക്കും. തലച്ചോറിന് ഗുരുതരമായ വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ രണ്ടായിരത്തോളം കുട്ടികള്‍ ഈ വൈകല്യവുമായി പിറന്നു വീണു എന്നാണ് കണക്ക്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം പടര്‍ന്നു പിടിച്ചതെങ്കിലും അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രോഗം എത്തിയതായി കഴിഞ്ഞ ദവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ബ്രസീല്‍ കൂടാതെ മറ്റു പതിമൂന്നു രാജ്യങ്ങളിലാണ് പ്രധാനമായും സിക പടര്‍ന്നു പിടിച്ചത്. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭിണികളാകുന്നത് ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവും ഭരണകൂടങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ മൂന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. സിക വൈറസ് ബാധയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?
രോഗലക്ഷണങ്ങള്‍
പനി, ശരീരത്ത് തടിച്ച പാടുകള്‍, സന്ധി വേദന, കണ്ണുകള്‍ക്ക് കടും ചുവപ്പ് നിറം എന്നിവയാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായ അഞ്ചില്‍ ഒരാള്‍ക്കു മാത്രമേ രോഗംമൂലമുള്ള അസ്വസ്ഥതകള്‍ പ്രകടമായി കണ്ടിട്ടുള്ളൂ. ഗര്‍ഭിണികളിലാണ് രോഗം ഏറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ ബാധിക്കുന്ന വൈറസ് കുട്ടികളില്‍ മൈക്രോസെഫാലി എന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഈ രോഗം ബാധിച്ച കുട്ടികളാണ് വലിപ്പം കുറഞ്ഞ തലയുമായി ജനിക്കുന്നത്.
ഗര്‍ഭിണികള്‍ക്ക് രോഗം എങ്ങനെ ഗുരുതരമാകുന്നു
ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം മൈക്രോസെഫാലി ബാധിച്ച 3000ത്തോളം കുട്ടികള്‍ പിറന്നതായാണ് കണക്ക്. 2014ല്‍ ഇത് 200 മാത്രമായിരുന്നു. സിക വൈറസ് മാത്രമാണോ ഈ അവസ്ഥയ്ക്ക് കാരണമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എങ്കിലും സികയും ഇതിനു പിന്നിലുണ്ടെന്ന നിഗമനത്തിലാണ് വിദഗ്ദ്ധര്‍.
രോഗവ്യാപനം
രോഗം പ്രധാനമായും വ്യാപിക്കുന്നതിനു കാരണം കൊതുകുകളാണ്. ഈഡിസ് ഈജിപ്തി വിഭാഗത്തിലുള്ള കൊതുകുകളാണ് രോഗാണു വാഹകര്‍. ഈ കൊതുകുകള്‍ തന്നെയാണ് ഡെങ്കി, മഞ്ഞപ്പനി എന്നീ രോഗങ്ങളും പടര്‍ത്തുന്നത്. രോഗാണു വഹിക്കുന്ന ഒരു കൊതുകിന്റെ കടിയേറ്റാലും രോഗം ബാധിക്കും. രോഗത്തിന് ഇതേവരെ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. ഈ രോഗം പടരാതിരിക്കാന്‍ കൊതുകുകളെ നിയന്ത്രിക്കുക മാത്രമാണ് ഏക മാര്‍ഗം. രോഗം പടര്‍ന്നിട്ടുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
കുട്ടികളുടെ ബുദ്ധിവികാസം അവരുടെ ഭാവിയെയാണ് നിര്‍ണയിക്കുന്നത്. അവരുടെ ധിഷണ, വ്യക്തിത്വം, മാനസികമായ സ്ഥിരത തുടങ്ങിയവയ്ക്ക് ചെറുപ്പത്തിലേ അടിത്തറ പാകണം. ബുദ്ധി വികാസം കുട്ടി ജനിക്കുന്നതിനു മുമ്പു തന്നെ തുടങ്ങുന്നു. അതുകൊണ്ടു തന്നെ ബുദ്ധിമാനായ/ ബുദ്ധിമതിയായ കുട്ടി ജനിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്നു സാരം.
1. ബുദ്ധിവികാസത്തില്‍ മാതാപിതാക്കള്‍ക്കുള്ള സ്വാധീനം
ഗര്‍ഭത്തിലായിരിക്കുമ്പോള്‍ത്തന്നെ കുഞ്ഞിന്റെ തലച്ചോറ് വളരെ വേഗം വളരുന്നുണ്ട്. ഭ്രൂണം മൂന്നാഴ്ച പ്രായം പിന്നിടുമ്പോള്‍ തലച്ചോറിന്റെ പ്രധാനപ്പെട്ട മൂന്നു ഭാഗങ്ങള്‍ രൂപം കൊള്ളുന്നു. അടുത്ത ആഴ്ച മുതല്‍ തലച്ചോറ് പ്രവര്‍ത്തനമാരംഭിക്കും. അതായത് ഒരു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനും ബുദ്ധിവികാസം ആരംഭിക്കാന്‍ തുടങ്ങും. കുട്ടി ജനിച്ച് ആദ്യത്തെ അഞ്ചു വര്‍ഷത്തിലാണ് തലച്ചോറിന്റെ 90 ശതമാനവും വികസിക്കുന്നത്. കുട്ടിയുടെ വളര്‍ച്ചയിലും ബുദ്ധിശക്തി ആര്‍ജ്ജിക്കുന്നതിലും ചുറ്റുപാടുകളും ഏറെ പങ്കു വഹിക്കുന്നുണ്ട്.
2. ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
ശിശുക്കള്‍ ഗര്‍ഭാവസ്ഥയില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കുമെന്ന് ഒരിക്കലും കരുതരുത്. അവരുമായി സംസാരിക്കാനും പുസ്തകങ്ങള്‍ വായിച്ചു കൊടുക്കാനും പാട്ടുകള്‍ കേള്‍പ്പിക്കാനും മറക്കരുത്. ജനനത്തിനു ശേഷമുള്ള വളര്‍ച്ചയിലും ഇക്കാര്യങ്ങള്‍ കുട്ടികളെ ഏറെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കാനുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായ മീനുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മൂന്നു മുതല്‍ ആറുമാസം ഗര്‍ഭാവസ്ഥയിലുള്ള സത്രീകള്‍ ഭക്ഷണത്തില്‍ മത്സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികളിലുണ്ടാകുന്ന മാനസിക വളര്‍ച്ച വേഗത്തിലായിരിക്കുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മുതിരയെണ്ണ, കടുകെണ്ണ എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. വെജിറ്റേറിയന്‍മാര്‍ക്ക് ഇവ ഉപയോഗിക്കാം. മുട്ടയുടെ വെള്ള, കോളിഫഌവര്‍ എന്നിവയും ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് മികച്ചതാണ്.
ഭക്ഷണത്തിന്റെ അളവല്ല, പോഷകാംശമാണ് പ്രധാനം. രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിച്ച് വണ്ണം കൂട്ടുന്നത് വളര്‍ച്ചയെത്താതെയുള്ള പ്രസവത്തിനി കാരണമായേക്കാം. കുട്ടിയുടെ തലയ്ക്കും തലച്ചോറിനും വലിപ്പം കുറയുന്നതിനും അതുമൂലം ബുദ്ധിശക്തി കുറയുന്നതിനു പോലും ഇത് കാരണമായേക്കാം.
പുകവലി, ആല്‍ക്കഹോള്‍, മലിനമായ വായു തുടങ്ങിയവ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. മാലിന്യങ്ങള്‍ പ്ലാസന്റ വഴി കുഞ്ഞിന്റെ ഡിഎന്‍എയിലെത്തുകയും പെരുമാറ്റ വൈകല്യങ്ങള്‍്കു വരെ കാരണമാകുകയും ചെയ്യും. മലിനമായ നഗരാന്തരീക്ഷത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കുക.
3. ജനനം മുതല്‍ മൂന്നു വയസു വരെ
ഈ പ്രായത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. അവരുമായി സംസാരിക്കാനും അവസരം കണ്ടെത്തണം. പങ്കുവയ്ക്കല്‍ പോലയുള്ള സാമൂഹ്യ മര്യാദകളും സ്വഭാവ ഗുണങ്ങളും ഈ പ്രായത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് സ്വായത്തമാക്കുന്നു
4. നാലു വയസു മുതല്‍ ഏഴു വയസു വരെ
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും വളര്‍ത്തിയെടുക്കാന്‍ ഈ പ്രായത്തില്‍ പരിശീലിപ്പിക്കാം. സൈക്കിള്‍ ചവിട്ടാനും ശാരീരികമായി അധ്വാനമുള്ള കളികളില്‍ പങ്കെടുക്കാനും പ്രേരിപ്പിക്കുക. ടിവി, ഡിവിഡി എന്നിവയില്‍ നിന്ന് പരമാവധി അകലം പാലിക്കാനും ഈ സമയത്ത് കുട്ടികളെ പ്രേരിപ്പിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളൂ. മാനസിക വളര്‍ച്ചയില്‍ ശാരീരികാരോഗ്യം കെട്ടിപ്പടുക്കുന്നതും പ്രധാനമാണ്.
ബീജിംഗ്: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ചെക്ക് ഇന്‍ കൗണ്ടറുകളിലെ അക്രമം, സുരക്ഷാ പരിശോധനകളിലെ പെരുമാറ്റം. ബോര്‍ഡിംഗ് ഗേറ്റിലെ പെരുമാറ്റങ്ങള്‍ എന്നിവയടക്കം 10 തരത്തിലുള്ള അപമര്യാദ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കി. വിമാനത്താവളത്തിലും വിമാനത്തിലും അപമര്യാദയായി പെരുമാറുക, കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറുക, വ്യാജ ഭീഷണികള്‍ മുഴക്കുക എന്നിവയും നിയമത്തിന്റെ പരിധിയില്‍പ്പെടും.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിമാനയാത്രക്കാരുടെ വിവരങ്ങള്‍ വിമാന കമ്പനികള്‍ക്ക് കൈമാറും. യാത്രക്കാരുടെ വിവരങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക എന്ന് വ്യക്തത വന്നിട്ടില്ല.
ലണ്ടന്‍: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത നേടിയവരാണെങ്കിലും കറുത്തവര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വെളുത്ത വര്‍ഗക്കാരുമായി വലിയ അന്തരമുള്ളതായി റിപ്പോര്‍ട്ട്. വംശീയ ന്യൂനപക്ഷങ്ങള്‍ തൊഴില്‍രംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ബിരുദധാരികളായ കറുത്തവര്‍ഗക്കാര്‍ക്ക് അവരുടെ വെളുത്ത വര്‍ഗക്കാരായ സമാന തസ്തികയിലുളളവരെക്കാള്‍ 23 ശതമാനം കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നു. എന്നാല്‍ ഈ സര്‍വേ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഠിനാദ്ധ്വാനവും ഉയര്‍ന്ന യോഗ്യതയും കൈമുതലായുളളവര്‍ക്ക് അവരുടെ നിറമോ വംശമോ നോക്കാതെ തൊഴിലില്‍ ഉയര്‍ന്ന വിജയം നേടാന്‍ രാജ്യത്ത് അവസരമുണ്ടെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന വംശീയ വേര്‍തിരിവുകളെ ഇല്ലായ്മ ചെയ്യാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലും വ്യവസായ രംഗത്തും സൈനിക രംഗത്തും കറുത്ത വര്‍ഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യമില്ലാത്തത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്. സൈന്യത്തില്‍ കറുത്തവര്‍ഗക്കാരായ ജനറല്‍മാരില്ല. രാജ്യത്തെ എഫ്ടിഎസ്ഇകളില്‍ വെറും നാല് ശതമാനം മാത്രം എക്‌സിക്യൂട്ടീവുകളാണ് കറുത്ത വര്‍ഗത്തില്‍ നിന്നുളളവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് വംശീയ വിദ്വേഷം കൊണ്ടാണോ അവസരസമത്വമില്ലാത്തത് കൊണ്ടാണോ അതിനേക്കാള്‍ മോശം കാരണങ്ങള്‍ വല്ലതുമാണോ ഇതിന്റെ പിന്നിലെന്നും അദ്ദേഹം ചോദിക്കുന്നു.
കറുത്തവര്‍ക്ക് മണിക്കൂറിന് ലഭിക്കുന്ന വേതനത്തില്‍ വെളളക്കാരുമായി 4.30 പൗണ്ടിന്റെ വ്യത്യാസമുണ്ട്. എ ലെവല്‍ യോഗ്യതയുള്ളവര്‍ ചെയ്യുന്ന ജോലികളില്‍ വേതന വ്യത്യാസം 14.3 ശതമാനമാണ്. അഥവാ മണിക്കൂറിന് 1.65 പൗണ്ടിന്റെ വ്യത്യാസം. ജിസിഎസ്ഇ യോഗ്യതയുളളവരുടെ വേതനത്തില്‍ 11.4 ശതമാനം വ്യത്യാസമുണ്ട്. അതായത് മണിക്കൂറിന് 1.18 പൗണ്ടിന്റെ വ്യത്യാസം. അതേസമയം യോഗ്യതകളില്ലാത്തവര്‍ക്കുളള തൊഴിലില്‍ ഇരുകൂട്ടര്‍ക്കും തുല്യവേതനം ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസതലം മുതല്‍ തന്നെ ഇത് കാണാനാകുമെന്ന് നാഷണല്‍ സ്്റ്റുഡന്റ്‌സ് യൂണിയന്റെ ബ്ലാക് സ്റ്റുഡന്റ്‌സ് ഓഫീസര്‍ മാലിയ ബാവൂട്ടിയ പറയുന്നു.
അധ്യാപകരുടെ കാര്യത്തിലും ഇത് കാണാവുന്നതാണ്. നമുക്ക് നിഷേധിക്കപ്പെട്ടിട്ടുളള ഒരു സ്ഥലത്തേക്ക് കടന്നുകയറിയുകയും പിന്നീട് തൊഴിലിടത്തില്‍ എത്തിപ്പെടുകയും ചെയ്താല്‍ ഉയര്‍ന്ന പദവിയിലേക്ക് കടക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലിടങ്ങളിലെ വംശീയ വേര്‍തിരിവിനെതിരെ ഈ മാസം പത്ത് മുതല്‍ സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് മാലിയ. വെളുത്തവര്‍ഗത്തില്‍ പെട്ടവരാണെങ്കില്‍ തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ കറുത്തവര്‍ഗത്തില്‍ പെട്ടവര്‍ക്ക് ധാരാളം തിരിച്ചടികള്‍ നേരിടേണ്ടി വരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
വംശീയ ന്യൂനപക്ഷങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും വേതന കാര്യത്തില്‍ വലിയ വത്യാസമുണ്ട്. ബിരുദതലത്തില്‍ പെട്ടവര്‍ക്ക് ഇത് 10.3 ശതമാനവും എ ലെവലിലേക്കെത്തുന്നപോള്‍ ഇത് പതിനേഴ് ശതമാനം വരെയും വര്‍ദ്ധിക്കുന്നു. റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഗ്രീന്‍ പാര്‍ക്ക് ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. വംശീയ സമത്വത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു രാഷ്ട്രീയതന്ത്രത്തിന് തന്നെ രൂപം നല്‍കണമെന്നാണ് ടിയുസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ ദുഃഖകരമായ കണ്ടെത്തലുകളാണിതെന്നും ടിയുസി പറയുന്നു. കറുത്തവരും ഏഷ്യാക്കാരും വലിയ വേതന വ്യത്യാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. യോഗ്യത മാത്രമല്ല ഇതിന് കാരണം. വംശീയ ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുളള വിവേചനമാണിതെന്നും ടിയുസി ചൂണ്ടിക്കാട്ടുന്നു.
എല്ലാ മത്സരങ്ങളും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ് എന്നാല്‍ ബ്രിസ്‌റ്റോളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ കലാമേള ഒരു ഉത്സവ പ്രതീതിയാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. രണ്ടു ദിവസങ്ങളിലായിട്ടാണ് ഇക്കുറിയും കലാമത്സരങ്ങള്‍ നടത്തുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഇക്കുറിയും വാശിയേറിയ കലാമത്സരങ്ങല്‍ക്കാണ് ബ്രിസ്റ്റോള്‍ ഒരുങ്ങുന്നത്.
കലാമേളയുടെ ആദ്യ ദിവസമായ ഫെബ്രുവരി ആറാം തീയതി രാവിലെ പത്തു മണി മുതല്‍ 7 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പെയ്ന്റിങ്, കളറിംഗ്, പെന്‍സില്‍ സ്‌കെച്ചിങ്, മെമ്മറി ടെസ്റ്റ്, ഹാന്‍ഡ് റൈറ്റിംഗ്, പ്രസംഗം, പദ്യ പാരായണം, ഇന്‌സ്ട്രുമെന്റല്‍ മ്യൂസിക്, സിംഗിള്‍ സൊങ്ങ്, ഗ്രൂപ്പ് സൊങ്ങ്, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എന്നിവയാണ് ആദ്യദിവസത്തെ മത്സരങ്ങള്‍. ആദ്യ ദിന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ അഞ്ചാം തീയതി അവസാനിയ്ക്കും.
ഫെബ്രുവരി 20ന് നടക്കുന്ന രണ്ടാം ദിവസത്തെ കലാമത്സരങ്ങള്‍ സൌത്ത് മീഡിലെ ഗ്രീന്‍ വേ സെന്റെറില്‍ വെച്ചാണ് നടക്കുന്നത് . ഉച്ചക്ക് ഒരു മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം നടക്കുന്ന ചാരിറ്റി ഈവന്റോടെയാണ് സമാപിക്കുന്നത് . മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍,ഗ്രൂപ്പ് സൊങ്ങ്,വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍,സ്‌മൈലിങ് കൊമ്പറ്റീഷന്‍,പുരുഷ കേസരി ,മലയാളി മങ്ക,തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്‌മൈലിങ് കോമ്പറ്റീഷന്‍ , പുരുഷ കേസരി, മലയാളി മങ്ക എന്നീ മത്സരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളായിരുന്നു.
രണ്ടാം ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17നാണ്.കുട്ടികള്‍ക്ക് അഞ്ചു വിവിധ പ്രായപരിധി കളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത് .ഒരു കുട്ടിക്ക് അഞ്ചു വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നതിന് 5 പൌണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് .
രണ്ടാം ദിവസത്തെ മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ പ്രഥമ ചാരിറ്റി ഇവന്റ് . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതില്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന സര്‍ഗ്ഗവേദി’യുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് ചാരിറ്റി ഇവന്റിന്റെ പ്രധാന ആകര്‍ഷണം. ഈ ഇവന്റില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റിക്കായി വിനിയോഗിക്കാനാണ് ബ്രിസ്‌ക തീരുമാനിച്ചിരിക്കുന്നത്.
ഇക്കുറിയും മത്സരത്തിന്റെ വാശിയും ആവേശവും നിറഞ്ഞ,ഒപ്പം ആഘോഷവുമായി ബ്രിസ്‌ക കലാമേള കൊണ്ടാടാനാണ് ബ്രിസ്റ്റൊളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ശ്രമം.എല്ലാ അംഗ അസോസിയേഷനുകളിലെയും അംഗങ്ങളെ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് തോമസ് ജോസഫും ,സെക്രട്ടറി ജോസ് തോമസും അറിയിക്കുന്നു. എല്ലാവരുടേയും പങ്കാളിത്വം പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രോഗ്രാം കോഡിനെറ്റര്‍ ശെല്‍വരാജ് : 07722543385
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങുന്നു. ഇപ്പോള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപ്പണി തീര്‍ന്നാലും ഡിജിസിഎയുടെ അനുവാദം ഇല്ലാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജ വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. റണ്‍വേ വികസനം പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധ്യത കുറവാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കാതെ റണ്‍വേ വികസനം അസാധ്യമാണ്. സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാനം തന്നെ മനസ് വയ്ക്കണമെന്നും അശോക് ഗജപതി രാജ പറഞ്ഞു. എന്നാല്‍ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ എത്താത്ത സാഹചര്യത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ ചെറുവിമാന സര്‍വീസ് നടത്തുമെന്നാണ് എയര്‍ഇന്ത്യ വ്യത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് അഴ്ചയില്‍ 96 വിമാനങ്ങളാണ് മിഡില്‍ ഈസ്റ്റിലേക്ക് പറക്കുന്നത് ആതില്‍ ഏറ്റവും കൂടുതല്‍ കരിപ്പൂരില്‍ നിന്നാണ്. കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം 44ല്‍ നിന്നും 63 ആക്കാനും ധാരണയിലായിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വ്വീസ് രണ്ടില്‍ നിന്നും നാലാക്കുകയും ചെയ്യും. വലിയ വിമാനങ്ങളുടെ കുറവ് അധിക സര്‍വീസിലൂടെ പരിഹരിക്കാനാണ് അധികൃതരുടെ നീക്കം.
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (kcam) മലയാളം ക്ലാസുകള്‍ക്ക് വര്‍ണാഭയമായ തുടക്കം. ഇന്നലെ ബാഗൂളി സെന്റെ മാര്‍ട്ടിന്‍സ് പാരിഷ്ഹാളില്‍ ഫ്രൂഷ്ബറി രൂപതാ സീറോ മലമ്പാര്‍ ച്പ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി അസോസിയേഷന്റെ മലയാളം സ്‌കൂള്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ ജെയ്‌സണ്‍ ജോബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഒട്ടേറെ കുരുന്നുകള്‍ മലയാളം ക്ലാസില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നിരുന്നു. കൂട്ടികള്‍ മാതൃഭാഷ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ലോനപ്പന്‍ അച്ചന്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ വിവരിച്ചു. ബോബി അഗസ്റ്റിയന്‍ മലയാളം ക്ലാസുകള്‍ നടത്തുന്ന രീതി ഏവരുമായി പങ്കുവെച്ചു. സെക്രട്ടറി ജിനോ ജേക്കബ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തിയതോടെ പരിപാടികള്‍ സമാപിച്ചു. അസോസിയേഷന്‍ കുടുംബങ്ങള്‍ക്കായി നടത്തുന്ന മലയാളം ക്ലാസുകളിലേക്ക് അഡ്മിഷന്‍ തുടരുന്നതായും താത്പര്യമുളളവര്‍ എത്രയും വേഗം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റെ ജെയ്‌സണ്‍ ജോബ് അറിയിച്ചു.
ജിസ്‌മോന്‍ പോള്‍
മലയാളി കമ്മ്യീണിറ്റി ഓഫ് ഹോര്‍ഷം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോങ്ങള്‍ ശനിയാഴ്ച്ച നിറഞ്ഞ സദസ്സില്‍ വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടി.
കുട്ടികളില്‍ ചാരിറ്റി അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അസ്സോസിയേഷന്‍ നടത്തിയ ചാരിറ്റി കളക്ഷനില്‍ അംഗങ്ങളില്‍ നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിച്ചത്. അനുബന്ധമായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുന്‍ സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ ആഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി എത്തിചേര്‍ന്ന യുക്മാ പ്രസിഡന്റ അഡ്വ. ഫ്രാന്‍സിസ് മാത്യു (അസ്സി ചേട്ടന്‍)നെ സ്വാഗതം ചെയ്യുകയും, എംസിച്ച് പ്രസിഡന്റ ശ്രീ ബിജു യാക്കോബ് അസ്സിചേട്ടന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിനെ മുന്‍നിര്‍ത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും. എംസിച്ച് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ഷാജി ജോസഫ് പൂച്ചെണ്ട് നല്‍കുകയും ചെയ്തു.
തുടര്‍ന്ന് അസ്സിചേട്ടന്‍ ഒരു വ്യക്തിയുടെജീവിതം എന്നാല്‍ പങ്കുവയ്ക്കല്‍ അല്ലെങ്കില്‍ കൊടുക്കല്‍ എന്നാണെന്നും അതിന്റെയും അവയവദാനത്തിന്റെയും മാഹാത്മത്യത്തെക്കുറിച്ചും നടത്തിയ സമഗ്രമായ പ്രഭാക്ഷണം, എംസിഎച്ച് ന്റെ മനുഷ്യപരമായ ക്‌ഴ്ച്ചപ്പാട് ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ സാധിച്ചു.
അതോടൊപ്പം യുകമയിലേക്ക് മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷത്തെ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞ് അസ്സി ചേട്ടന്‍ പ്രഭാക്ഷണം അവസാനിച്ചപ്പോള്‍ സദസ്സ് നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്.
കലാപരിപാടികളോടനുബന്ധിച്ച് നടന്ന വനിതകളുടെ ഒപ്പന, കുട്ടികളുടെ സ്‌കിറ്റുകള്‍, ക്ലാസിക്കല്‍, സിനിമാറ്റിക്ക് ഡാന്‍സുകള്‍, പാട്ടുകള്‍ എന്നിവയെല്ലാം സദസ്സ് സഹര്‍ഷം ഏറ്റുവാങ്ങി.
വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് എല്ലാവരും ആസ്വാദിച്ചുകൊണ്ട് പുത്തന്‍ പ്രതീക്ഷകളോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.