എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷം ജനുവരി രണ്ടിന് പോട്ടേഴ്‌സ് ബാറിലെ സെന്റ് ജോണ്‍സ് മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്നു. വൈകുന്നേരം നാല് മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷത്തിന് തുടക്കമായി. റെനി സിജുവിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ എന്‍മ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി നന്തിക്കാട്ട് സ്വാഗതവും ലീലാ സാബൂ എന്‍മയുടെ ചരിത്രവുംവിവരിച്ചു. യുഗ്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പാറ്റിയാലിന്റെ അധ്യക്ഷ പ്രസംഗം ജിജോ ജോസഫ്, ആന്‍സി ജോര്‍ജ് എന്നിവരുടെ ആശംസ പ്രസംഗങ്ങള്‍ക്ക് ശേഷം യുക്മ സാംസ്‌കാരിക വേദി കണ്‍വീനര്‍ സി.എ.ജോസഫ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നടത്തിയ മുഖ്യ പ്രഭാഷണം കാണികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്.
ജിസിഎസ്ഇയ്ക്ക് ഉന്നത വിജയം നേടിയ ടോം എന്‍മയുടെ അച്ചീവ്‌മെന്റ് അവാര്‍ഡ് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയിയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി. ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ കായിക മത്സരത്തില്‍ വിജയികളായവരുടെ സമ്മാനദാനം ആനിജോസഫും നിര്‍വഹിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുളളില്‍ സാരഥികളായിരുന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രഷറര്‍ ടോമി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.
പിന്നീട് നടന്ന കലാ പരിപാടികള്‍ ഉന്നത നിലവാരം പുലര്‍ത്തി. ലിന്നും ഹീരയും സിയയും ആന്‍മേരിയും ചേര്‍ന്നവതരിപ്പിച്ച നൃത്തങ്ങള്‍ വളരെ മനോഹരമായിരുന്നു. ഷെറിനും ഷെഫിനും അവതരിപ്പിച്ച നൃത്തം, എന്‍മയുടെ കുട്ടികളുടെ സ്‌കിറ്റ്, ഈസ്റ്റ് ഹാളില്‍ നിന്നെത്തിയ മരിയ ടോണി അവതരിപ്പിച്ച ഭരതനാട്യം, നിമ്മി ഷാജന്‍, മനീഷ ഷാജന്‍, മരിയ ടോണി എന്നിവര്‍ അവതരിപ്പിച്ച സെമിക്ലാസിക്കല്‍ നൃത്തം തുടങ്ങിയ കലാപരിപാടികള്‍ കാണികളുടെ പ്രശംസക്ക് കാരണമായി.
ആഘോഷത്തെ ആവേശക്കൊടുമുടിയേറ്റിയ ഗംഭീര പ്രകടനമായിരുന്നു സര്‍ഗവേദിയുടെ ലൈവ് ഓര്‍ക്കസ്ട്ര. ഏത് പ്രൊഫഷണല്‍ ട്രൂപ്പിനോടും കിടപിടിക്കുന്ന പ്രകടനം കാഴ്ച വച്ച ലൈവ് ഓര്‍ക്കസ്ട്രയില്‍ അണി നിരന്ന് യുകെയിലെ ഏറ്റവും മികവുറ്റ കലാകാരന്‍മാരാണ്. ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങളാലപിച്ച് കാണികളെ കയ്യിലെടുത്ത സര്‍ഗവേദിയുടെ ഗാനമേള ഒരിക്കലും മറക്കാനാകാത്ത അനുഭവമായി മാറി. കാണികള്‍ നൃത്തച്ചുവടുകളുമായി ആഘോഷ രാവിനെ എന്‍മയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ അഘോഷമാക്കി മാറ്റി.
വാട്‌ഫോഡ്: ഇരു വിഭാഗമായി പ്രവര്‍ത്തിച്ചു വന്ന വാട്‌ഫോഡിലെ സംഘടനകള്‍ ഒന്നായിച്ചേര്‍ന്ന് തുടക്കം കുറിച്ച കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ പ്രഥമ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 10 ഞായറാഴ്ച 3 മണിമുതല്‍ 9 വരെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സംഘടന തുടന്നുള്ള പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം പ്രശസ്ത ചലച്ചിത്ര താരം ഭാമ, പിന്നണിഗായകരും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസ്സക്, ഡെല്‍സി നൈനാന്‍, അബ്ബാസ്, കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിയര്‍ അണിനിരക്കുന്ന വന്‍ താര നിശയാണ് ഒരുക്കിയിരിക്കുന്നത്.
മൂന്നു മണി മുതല്‍ തുടങ്ങുന്ന സ്റ്റാര്‍ നൈറ്റില്‍ സംഗീതത്തിനു പ്രാധാന്യം നല്‍കി അണമുറിയാതെ പെയ്തിറങ്ങുന്ന കലാവിരുന്ന് കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും. ഇനിയും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ ബുക്ക് ചെയ്ത് തങ്ങളുടെ സീറ്റ് ഉറപ്പിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചാള്‍സ് മാണി :07429 522529
അനൂപ് ജോസഫ് :07702 097189
അഡ്രസ്
ഹോളിവെല്‍ കമ്യൂണിറ്റി സെന്റര്‍
ടോള്‍പിട്ട്‌സ് ലെയ്ന്‍
വാട്‌ഫോഡ്
WD18 9QD
സോള്‍: ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി. നാലാമത്തെ തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത്. ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണമാണ് നടത്തിയതെന്ന് കൊറിയ സ്ഥിരീകരിച്ചു. കൊറിയന്‍ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്. പരീക്ഷണം വിജയകരമാണെന്നും ഉത്തരകൊറിയ വിശദീകരിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് എതിരായ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് തങ്ങള്‍ നാലാമത്തെ പരീക്ഷണത്തെ കാണുന്നതെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ വടക്ക് തെക്ക് മേഖലയില്‍ കില്‍ജു നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത്. പരീക്ഷണത്തേത്തുടര്‍ന്ന് മേഖലയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഇതേത്തുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. നേരത്തെ മൂന്നാമത്തെ ആണവപരീക്ഷണം നടത്തിയ സ്ഥലത്ത് നിന്നും 50 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇപ്പോഴുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതിനാല്‍ തന്നെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയത് തന്നെയാണെന്നാണ് ദക്ഷിണകൊറിയയും, ജപ്പാനും, ചൈനയും അടക്കമുളള രാജ്യങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
പിന്നീട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയ വിവരം സ്ഥിരീകരിക്കുകയായിരുന്നു. 2006, 2009,2013 എന്നീ വര്‍ഷങ്ങളിലായിരുന്നു നേരത്തെ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയത്. ആണവ പരീക്ഷണത്തിന്റെ അനന്തരഫലങ്ങള്‍ ഉത്തര കൊറിയ അനുഭവിക്കേണ്ടി വരുംമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. സഖ്യ രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പ7ീക്ഷണത്തെ തങ്ങള്‍ അപലപിക്കുന്നതായും ദക്ഷിണ കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി.
ഉത്തര കൊറിയ തങ്ങളുടെ ആണവ, ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന ഐക്യരാഷ്ട്രസഭാ നിര്‍ദേശം അനുസരിക്കണം. തങ്ങള്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയാണെന്നും ഉത്തര കൊറിയയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ദക്ഷിണ കൊറിയന്‍ സൈനിക വക്താവ് പറഞ്ഞു. അതേ സമയം തങ്ങളുടെ ആണവ ശേഷി വിളിച്ചറിയിച്ച പരീക്ഷണത്തില്‍ ഉത്തര കൊറിയയിലെ ജനങ്ങള്‍ ആവേശ പൂര്‍വമായാണ് പ്രതികരിച്ചതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം St . James Church ഹാളില്‍ വച്ച് നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് ലൈസ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി അഡ്വ. സോണാ സ്‌കറിയ സ്വാഗതം പറയുകയും ഉദ്ഘാടകന്‍ സാബു പോത്തന്‍ ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്തു. രണ്ടുമണിക്ക് ആരംഭിച്ച യോഗത്തില്‍ ഷിജോ സെബാസ്റ്റ്യന്‍, സോണി ജോസഫ്, ബിനോയ് മാത്യു, വര്‍ഗീസ് പാറയില്‍, സ്മിത ഷെരിന്‍, അനില ജോബി, സജിന്‍ തോമസ്, തങ്കച്ചന്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അതിനു ശേഷം ആരംഭിച്ച കുട്ടികളുടെ ദൃശ്യ കലാവിരുന്ന് സദസ്സിലിരുന്ന ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ കലാപരമായ കഴിവ് കണ്ടെത്തി എല്ലാ കുട്ടികളെയും അവരുടെ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്‌നിച്ച എലിന ഷാജുവിനെയും ബിനു ടോമിനെയും ഏവരും അഭിനന്ദനം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.
അസോസിയേഷനു വേണ്ടി കലവറ കേറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നര്‍ എടുത്തു പറയേണ്ടതായിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഭാരവാഹികള്‍ കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി. ട്രഷറര്‍ ബിനോയ് മാത്യുവിന്റെ നന്ദി പ്രകാശനത്തിനു ശേഷം സാമു കുഞ്ഞുകുഞ്ഞ് നേതൃത്വം നല്‍കിയ D . J . യോടു കൂടി രാത്രി 10.00 മണിക്ക് ആഘോഷങ്ങള്‍ അവസാനിച്ചു.
ലണ്ടന്‍: പുതുതായി പുറത്തു വന്ന ഐസിസ് വീഡിയോകളിലെ കൊലയാളി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്ന് സൂചന. സിദ്ധാര്‍ത്ഥ ധര്‍ എന്ന ഇയാള്‍ പതിനഞ്ച് മാസം മുമ്പാണ് ഐസിസില്‍ ചേരാനായി ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്നത്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇത്. ഹിന്ദുമതക്കാരനായ ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷമാണ് തീവ്രവാദസംഘത്തില്‍ ചേര്‍ന്നത്. ഐസിസ് സാമ്രാജ്യത്തെ ഒരു അവധിക്കാല റിസോര്‍ട്ടിനാണ് ഇയാള്‍ പ്രസിദ്ധീകരിച്ച ഒരു ഇ ബുക്കില്‍ ഉപമിച്ചിരിക്കുന്നത്. കഴിഞ്ഞ മെയിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
ഐസിസിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഈ പ്രസിദ്ധീകരണത്തിനു പിന്നിലെന്നും ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുസ്തകത്തിലെ വളരെ പ്രധാനപ്പെട്ട അവസാന ഖണ്ഡിക ആരും ശ്രദ്ധിക്കാതെ പോകുന്നു. ലണ്ടനിലെയും വാഷിംഗ്ടണിലെയും പാരീസിലെയും തെരുവകളിലേക്ക് ഞങ്ങളിറങ്ങുമ്പോള്‍ കടുത്ത കയ്പ്‌നീര്‍ കൂടിക്കേണ്ടി വരുമെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. ഇവിടെ നിങ്ങളുടെ ചോര മാത്രമല്ല ഞങ്ങള്‍ ഒഴുക്കുക, മറിച്ച് നിങ്ങളുടെ പ്രതിമകളും ഞങ്ങള്‍ നശിപ്പിക്കും. നിങ്ങളുടെ ചരിത്രം തന്നെ ഞങ്ങള്‍ മായിച്ച് കളയും. ഇതിലേറ്റവും വേദനാജനകമായ കാര്യം നിങ്ങളുടെ കുട്ടികളെ ഞങ്ങള്‍ മതപരിവര്‍ത്തനം ചെയ്യിക്കും എന്നതാണ്. പിന്നീട് ഞങ്ങളുടെ ഒപ്പം ചേര്‍ക്കുന്ന ഇവര്‍ തങ്ങളുടെ പൂര്‍വ്വികരെ ശപിക്കുമെന്നും അയാള്‍ കുറിച്ചിട്ടുണ്ട്.
ധറിന്റെ വിഷലിപ്തമായ കാഴ്ചപ്പാടുകളിലേക്കുളള ഒരു എത്തിനോട്ടം മാത്രമാണിത്. കഴിഞ്ഞ ദിവസം അഞ്ച് പേരെ വധിക്കുന്ന ദൃശ്യങ്ങളിലുളളവരില്‍ പ്രധാനി ഇയാളാണെന്നാണ് സൂചന. അറ്റ്‌ലാന്റിക്കിലുളള ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ ശബ്ദം തിരിച്ചറിയാന്‍ ശ്രമിച്ചു വരികയാണ്. ഏതായാലും ഐസിസിന്റെ ഇപ്പോഴത്തെ സുപ്രധാന ആക്രമണകാരി പൊലീസിനും സുരക്ഷാ ജീവനക്കാര്‍ക്കും ഏറെ സുപരിചിതനായ ഈ പഴയ ഹോട്ടല്‍ ജീവനക്കാരന്‍ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ധറിനെ 2014 നവംബര്‍ മുതലാണ് ബ്രിട്ടനില്‍ നിന്ന് കാണാതായത്. ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംശയിച്ച് മറ്റ് എട്ട്‌പേരോടൊപ്പം ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ബിബിസിയും അമേരിക്കയുടെ സിബിഎസും അടക്കമുളള ടെലിവിഷന്‍ ചാനലുകള്‍ അഭിമുഖം നടത്തിയിരുന്നു. പിന്നീട് ഇയാളെയും കൂട്ടരെയും ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പാസ്‌പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ഗര്‍ഭിണിയായിരുന്ന ഭാര്യയും കുട്ടികളുമായി ഇയാള്‍ ബസില്‍ പാരീസിലേക്ക് കടന്നതായാണ് നിഗമനം.
പാരീസില്‍ നിന്നാണ് ഇയാള്‍ സിറിയയിലെത്തിയത്. ഇവിടെയെ
ത്തിയ ശേഷം ഇയാള്‍ ഐസിസ് അനുകൂല പോസ്റ്റുകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇയാളുടെ അഭിമുഖങ്ങളിലെ സംസാരവും ഐസിസിന്റെ വീഡിയോയിലെ അഭിമുഖവും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് ധര്‍ ആണെങ്കില്‍ താന്‍ തന്നെ അവനെ കൊല്ലുമെന്നാണ് ഇയാളുടെ സഹോദരി പ്രതികരിച്ചത്. സ്വന്തം കുഞ്ഞിനെയും ഒരു എകെ 47 തോക്കും ഏന്തി നില്‍ക്കുന്ന ഫോട്ടോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലിറ്റില്‍ഹാംപ്ടണ്‍ മലയാളി അസോസിയേഷന് ( ഫാമിലി എന്‍ഡര്‍മെന്റ്) (LiFE) നവ നേതൃനിരയായി. ഇക്കഴിഞ്ഞ ദിവസം ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളോട് അനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത്. മുന്‍ കോളേജ് യൂണിയന്‍ ഭാരവാഹിയും മികച്ച സംഘാടകനുമായ ജോസഫ് ഗ്രിഗറിയെ പ്രസിഡന്റായും സജി തോമസ് മാമ്പള്ളി സെക്രട്ടറിയായും അലക്‌സാണ്ടര്‍ ഈഴാരത്തിനെ ട്രഷറര്‍ ആയും ജീന എസ്. കടത്തിലിനെ വൈസ് പ്രസിഡന്റായും ഷൈനി മനോജ് നീലിയറയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ഇവരെക്കൂടാതെ ജിത്തു വിക്ടര്‍ ജോര്‍ജ്, ഡൊണാള്‍ഡ് മാര്‍ക്കോസ്, ഡെയ്‌സി ജോസ്, സിന്ധു സോജന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയും തെരഞ്ഞെടുത്തു. പിആര്‍ഓ ആയി ഷിബു എബ്രഹാം, ബിജോ കുഞ്ചെറിയ എന്നിവരെയും യൂത്ത് റെപ്രസന്റേറ്റീവ്‌സ് ആയി ജയ്‌സണ്‍ ജോസ്, ബിഞ്ചു സണ്ണി ആലയ്ക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു. പഴയ ഭരണസമിതി ചെയ്തുവന്ന പ്രവര്‍ത്തികള്‍ കൂടുതല്‍ വിപുലമായി ഒരുപിടി നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുമെന്ന് പ്രസിഡന്റ് ജോസഫ് ഗ്രിഗറി പറഞ്ഞു.
ലണ്ടന്‍: ഡ്രൈ ജനുവരി ആചരണം തങ്ങളുടെ വ്യവസായത്തിന് ഭീഷണിയാകുമെന്ന് പബ്ബുടമകള്‍. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പിന്തുണയോടെ ആരംഭിച്ച ഈ മദ്യവര്‍ജ്ജന ക്യാംപെയ്‌ന് വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. ഒരുമാസം മദ്യം വര്‍ജ്ജിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരിപാടിയില്‍ മദ്യം ഉപയോഗിക്കുന്ന രണ്ട് മില്യനിലേറെ ആളുകള്‍ പങ്കാളികളാകുന്നുണ്ടെന്നാണ് കണക്ക്. ഒരു മാസക്കാലം മദ്യമുപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തവരുടെ എണ്ണം റെക്കോര്‍ഡാണെന്നാണ് വിലയിരുത്തല്‍. ആരോഗ് വിദഗ്ദ്ധരുള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയ പദ്ധതി പക്ഷേ മദ്യ വ്യവസായത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന് ഭീതിയിലാണ് പബ്ബുടമകള്‍. നാലു വര്‍ഷം മുമ്പ് ആല്‍ക്കഹോള്‍ കണ്‍സേണ്‍ എന്ന രജിസ്റ്റേര്‍ഡ് ചാരിറ്റി ആരംഭിച്ച ക്ാംപെയിനാണ് ഇത്.
പ്രധാനമായും ബിയര്‍ മാത്രം വില്‍ക്കുന്ന പബ്ബുകള്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് പബ്ബ് ആന്‍ഡ് ബിയര്‍ അസോസിയേഷന്‍ വക്താവ് പറഞ്ഞു. പല പബ്ബുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പ്രതിദിനം നാല് പബ്ബുകള്‍ക്കെങ്കിലും യുകെയില്‍ താഴ് വീഴുന്നുണ്ട്. 1904നു ശേഷമുണ്ടാകുന്ന ഏറ്റവുമുയര്‍ന്ന അടച്ചുപൂട്ടല്‍ നിരക്കാണ് ഇത്. 1980ല്‍ 69,000 പബ്ബുകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 50,000 ആയി കുറഞ്ഞിട്ടുണ്ട്. 1979ല്‍ മില്യന്‍ പൈന്റ് ബിയര്‍ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വിറ്റത് 10.9 മില്യന്‍ പൈന്റ് മാത്രമാണ്. പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ കനത്ത വാടകയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് നേരിടുന്ന വെല്ലുവിളിയും പബ്ബുകള്‍ അടച്ചു പൂട്ടുന്നതിനുള്ള കാരണങ്ങൡ ചിലതാണ്.
ഈ പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന വ്യവസായത്തിന് ഇരുട്ടടിയാകും ഡ്രൈ ജനുവരിയെന്നാണ് വിലയിരുത്തല്‍. ആല്‍ക്കഹോള്‍ കണ്‍സേണ്‍ എന്ന ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടി തങ്ങളുടെ വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ലൈസന്‍സ്ഡ് വിറ്റെല്ലേഴ്‌സ് പ്രതിനിധി മാര്‍ട്ടിന്‍ കാഫ്രി സണ്‍ഡേ എക്‌സപ്രസിനോട് പറഞ്ഞു. തങ്ങള്‍ക്ക് ഇത് ഒരു പേടിസ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനാളുകള്‍ മദ്യവര്‍ജ്ജനത്തിനായി പ്രതിജ്ഞയെടുത്തതായി ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനത്തേയാണ് പ്രോത്സാഹിപ്പിച്ചു വരുന്നത്. ആല്‍ക്കഹോളിനെ ജനങ്ങള്‍ ആ വിധത്തില്‍ തന്നെയായിരിക്കണം പരിഗണിക്കേണ്ടതെന്നും കാഫ്രി പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയത്തോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഈ വര്‍ഷം ഡ്രൈ ജനുവരി പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരാണ് ചുക്കാന്‍ പിടിക്കുന്നത്. ഒരു മാസം മദ്യം ഉപയോഗിക്കാതിരുന്നാലുള്ള ഗുണവശങ്ങളേക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് റോയല്‍ ഫ്രീ ഹോസ്പിറ്റല്‍ ഇതിനു പിന്നാലെ പുറത്തുവിടും. 1970ന് ശേഷം കരള്‍ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 16,000 പേരാണ് മദ്യപാനം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ക്ക് കീഴടങ്ങുന്നത്.
ബ്രിട്ടീഷുകാര്‍ മദ്യപാനം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഗവണ്‍മെന്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് മുന്നറിയിപ്പ് നല്‍കി. ആഴ്ചയില്‍ രണ്ടു മുതല്‍ മൂന്നു ദിവസമെങ്കിലും മദ്യപാനം ഉപേക്ഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെ
ടുന്നത്. കരളിന് പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാനുള്ള അവകരം നല്‍കാനാണ്ിതെന്നും അവര്‍ വ്യക്തമാക്കി. മദ്യപാനത്തിന് സുരക്ഷിതമായ പരിധിയില്ല. ഏത് കുറഞ്ഞ അളവിലും അത് കാന്‍സറിനും മറ്റ രോഗങ്ങള്‍ക്കു കാരണമാകാം. 1987ലാണ് സുരക്ഷിത മദ്യാപനത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.
ഷിജി ചീരംവേലില്‍
വിയന്ന: ഓസ്ട്രിയയിലെ സ്കൂള്‍ കുട്ടികളില്‍ ഏതാണ്ടു പകുതി മുക്കാലോളം വിദ്യാര്‍ത്ഥികള്‍ ശരീരം വണ്ണംവയ്ക്കുന്നതില്‍ ആശങ്കപ്പെടുന്നവരാണെന്നു റിപ്പോര്‍ട്ട്. അതായത് 16 വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ ഏകദേശം എഴുപതു ശതമാനത്തോളം പേരും സമീകൃതാഹാരം മാത്രം കഴിച്ച് ശരീര ഭംഗി കാത്തുസൂക്ഷിക്കുന്നവരുമാണ്.
സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ച് നടത്തിയ പഠനത്തോടനുബന്ധിച്ചാണു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയത്. 12 നും 17 നുമിടയില്‍ പ്രായമുള്ള 1,329 കുട്ടികളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 737 പേര്‍ പെണ്‍കുട്ടികളും 592 പേര്‍ ആണ്‍കുട്ടികളുമായിരുന്നു.
ഇതനുസരിച്ച് ഓസ്ട്രിയയിലെ പെണ്‍കുട്ടികളില്‍ 75 ശതമാനവും ശരീരവടിവ് ആഗ്രഹിക്കുന്നവരും. മറിച്ച് ആണ്‍കുട്ടികളില്‍ മൂന്നിലൊന്നിന് മാത്രമേ ശരീരവടിവ് ആഗ്രഹമുള്ളൂ. പെണ്‍കുട്ടികളില്‍ 75 ശതമാനവും അമിത വണ്ണത്തെപ്പറ്റി ആശാങ്കാകുലരാകുമ്പോള്‍ ആണ്‍കുട്ടികളില്‍ 14.5 ശതമാനം പേര്‍ക്കേ അത്തരം ആശങ്കയുള്ളൂ. പെണ്‍കുട്ടികളില്‍ 31.5 ശതമാനവും ആണ്‍കുട്ടികളില്‍ 17.5 ശതമാ
നവും ഡയറ്റിംഗ് നോക്കുമ്പോള്‍ 16 വയസുള്ള പെണ്‍കുട്ടികളില്‍ 52.9 ശതമാനവും ഡയറ്റ് പാലിക്കുന്നവരാണ്.
മിഡില്‍ സ്കൂളുകളിലെ കുട്ടികളില്‍ 18.3 ശതമാനം പെണ്‍കുട്ടികളും 27.3 ശതമാനം ആണ്‍കുട്ടികളും അമിതവണ്ണക്കാരാണ്. ശരീര വണ്ണവും ശരീരാകൃതിയുമാണ് സ്കൂള്‍ കുട്ടികളുടെ സൗഹൃദ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാമത്തേത്, രണ്ടാമത്തെ വിഷയമാകട്ടെ കുടുംബത്തിലെ തമ്മില്‍തല്ലും!
കുട്ടികളില്‍ ഭക്ഷണം ക്രമംതെറ്റി കഴിക്കുന്നവര്‍ 29.7 ശതമാനം പെണ്‍കുട്ടികളും 14.6 ശതമാനം ആണ്‍കുട്ടികളും പെടുന്നു. 13 ശതമാനം പെണ്‍കുട്ടികളും വിശപ്പ് കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങള്‍ കഴിഞ്ഞ മൂന്ന് മാസമായി കഴിക്കുന്നവരായിരുന്നു.
തെഹ്‌റാന്‍: ഇറാനിലെ സൗദി അറേബ്യന്‍ എംബസിക്ക് നേരെ വന്‍ പ്രതിഷേധം. ഇറാനിയല്‍ പൊലീസ് പ്രതിഷേധക്കാരെ എംബസിക്കുളളില്‍ നിന്ന് പുറത്താക്കി. ഷെയ്ഖ് നിമര്‍ അല്‍ നിമര്‍ എന്ന ഷിയ പുരോഹിതനെ ശനിയാഴ്ച സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന് തൊട്ടു പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധക്കാരോട് ശാന്തമാകാന്‍ ഇറാനിയിന്‍ പൊലീസ് നിര്‍ദേശിച്ചു. നയതന്ത്ര ബന്ധങ്ങളെ മാനിക്കണമെന്നും അധികൃതര്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
എംബസിക്കകത്ത് നിരവധി പ്രതിഷേധക്കാര്‍ കടന്ന് കയറിയതായുളള ദൃശ്യങ്ങളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തില്‍ തീ കത്തുന്നതായുളള ദൃശ്യങ്ങളും ഇവയിലുണ്ട്. മുഖം മറച്ച പ്രതിഷേധക്കാര്‍ സൗദി അറേബ്യയുടെ പതാക വലിച്ച് കീറുന്നതായുളള ഫോട്ടോകള്‍ ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സോഭന്‍ ഹസന്‍വാന്‍ഡ് പോസ്റ്റ് ചെയ്തു.
ഷെയ്ഖ് നിമര്‍ അല്‍ നിമറിന്റെ വധശിക്ഷയില്‍ ഇറാനിയന്‍ സര്‍ക്കാര്‍ നേരത്തേ പ്രതിഷേധം അറിയിച്ചിരുന്നു. സൗദി സര്‍ക്കാര്‍ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഇത്തരം നയങ്ങള്‍ പിന്തുടരുന്നതിന് സൗദി വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രലായം പറഞ്ഞു.
സൗദി അറേബ്യയിലും സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ലണ്ടനിലെ സൗദി എംബസിക്ക് പുറത്തും ചെറിയതോതിലുള്ള പ്രതിഷേധം അരങ്ങേറി. സൗദി അറേബ്യയുടെ നടപടി അങ്ങേയറ്റം കുറ്റകരമാണെന്നാണ് ഷാഡോ വിദേശകാര്യമന്ത്രി ഹിലരി ബെന്‍ ട്വീറ്റ് ചെയ്തത്. വധശിക്ഷയെ എതിര്‍ക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നിമറിന്റെ വിചാരണയിലും കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
യെമന്‍, പാകിസ്ഥാന്‍, കാശ്മീര്‍ തുടങ്ങിയ മേഖലകളിലും നിമറിന്റെ വധശിക്ഷയെ തുടര്‍ന്ന് പ്രതിഷേധം അരങ്ങേറി. ബഹ്‌റൈനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി.
വധശിക്ഷയെ കൊലപാതകമെന്നാണ് ലെബനിലെ ഭീകരസംഘടനയായ ഹിസ്ബുളള വിലയിരുത്തുന്നത്. ഇത് കൊടും പാതകമാണെന്നും ലെബനനിലെ ഷിയാ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഇറാഖും സംഭവത്തെ അപലപിച്ചിട്ടുണ്ട്.
സൗത്താംപ്ടന്‍: കല ഹാംപ്‌ഷെയറിന്റെ നവവത്സരാഘോഷങ്ങള്‍ വളരെയേറെ പുതുമകളോടെ ആനന്ദകരമായി കൊണ്ടാടി. 31ന് ഒമ്പത് മണി മുതല്‍ ജനുവരി ഒന്നാംതീയതി രാവിലെ രണ്ട് മണി വരെ നീണ്ട പരിപാടികള്‍ എല്ലാവരും നന്നായി ആസ്വദിച്ചു. ബോണ്‍മൗത്തില്‍ നിന്നും ഉല്ലാസ് ശങ്കരനും ശ്രീകാന്തും ബേസിങ്‌സ്‌റ്റോക്കിലെ ശോഭന്‍ ബാബുവും ഹെഡ്ജന്റിലെ ബാബു ജോണ്‍സും ഗാനമേളക്ക് മാറ്റുകൂട്ടി. പ്രസിഡന്റ് സിബി മേപ്രത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടിക്ക് ജിഷ്ണു ജ്യോതി സ്വാഗതവും ജോജി ജോസഫ് നന്ദിയും പറഞ്ഞു.
ഗായകനിരയിലേക്ക് പുതുമുഖങ്ങളായി ജെര്‍മിയും ജെറോമും ഡോറാ റെജിയും ചുവട് വച്ചു. ശോഭന്‍ ബാബുവിന്റെ വ്യത്യസ്തമായ മിമിക്രി സദസിനെ വീണ്ടും ഹാസ്യലോകത്തേക്ക് കൊണ്ടുപോയി. അമ്മ ചാരിറ്റി ഏറ്റെടുത്ത ന്യൂ ഇയര്‍ വിഭവങ്ങള്‍ അത്യന്തം പ്രശംസ പിടിച്ച് പറ്റി. മനു ജനാര്‍ദ്ദനന്‍, ആനന്ദ് വിലാസ്, രാകേഷ് തായിരി, ജോയ്‌സണ്‍ ജോയ്, മാത്യു എന്നിവര്‍ ന്യൂ ഇയര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രെയ്‌സ് മെലഡീസിന്റെ ഗാനമേളയും ശ്രദ്ധേയമായി. അങ്ങനെ കലോപാസകരുടെ പുതുവത്സരാഘോഷങ്ങള്‍ ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന ഓള്‍ഡ് ഇന്ത്യ ഗോള്‍ഡിലേക്കുളള വാതായനം തുറന്ന് വച്ചു.