Uncategorized

ഇറ്റാലിയൻ എയർപോർട്ടിൽ കുടുങ്ങി നേഴ്‌സുമാർ അടക്കമുള്ള മലയാളി പ്രവാസികൾ. സംഘത്തിൽ കുട്ടികളും  ഗർഭണികളും അടക്കമുള്ളവരാണ് എന്ന് വിഡിയോയിൽ പറയുന്നു.  എമിറേറ്റ്സ് എയർലൈൻസിനോ ഇറ്റാലിയൻ ഗവൺമെൻറിനോ ട്രാവൽ ചെയ്യുന്നതിൽ പ്രശ്‌നം ഇല്ലെങ്കിലും ഇന്ത്യൻ ഗവൺമെൻറ് അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം എന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ യാത്രക്കാരോട് പറഞ്ഞതായി ഇവർ പറയുന്നു.

കാരണം അവർക്കു ലഭിച്ചിരിക്കുന്ന ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ യാത്ര നിഷേധിച്ചതായി മലയാളികൾ വിഡിയോയിൽ പറയുന്നു. പ്രവാസികളായ ഞങ്ങൾ നാട്ടിലേക്കു അല്ലാതെ എവിടേക്ക് ആണ് പോകേണ്ടത് എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.

ഇപ്പോഴത്തെ അവസ്ഥ നോക്കുകയെങ്കിൽ  എല്ലാവരും ഒരു ഭയപ്പാടിലാണ്. എങ്ങനെ എങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നാണ് ഇറ്റലിയിൽ ഉള്ള മലയാളികൾ നോക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

എയർപോർട്ടിൽ നിന്ന് മലയാളി യാത്രക്കാരുടെ താഴെ കാണുന്ന വീഡിയോ കാണുക

ഇറ്റലിയിൽ പടർന്നു പിടിക്കുന്ന കോവിഡ്-19 അഥവാ കൊറോണ വൈറസ് പേടിയിൽ ആണ് യൂറോപ്പ് ഒട്ടാകെ ഉള്ളത്. ട്രാവൽ നിരോധനം നിൽക്കുമ്പോഴും മരണ നിരക്ക് ഉയരുന്നത് പല തരത്തിലുള്ള ഊഹാപോഹങ്ങൾക്കും വഴിവെക്കുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് ഇറ്റലിയുടെ മരണസംഖ്യ 133 പേർ ഉയർന്ന്‌ 366 ലേക്ക് എത്തിയത് വളരെ ആശങ്കയോടെ ആണ് വീക്ഷിക്കുന്നത്. സ്‌കൂൾ, കോളേജ് എന്നിവ എല്ലാം അടഞ്ഞു കിടക്കുകയാണ്.

യുകെയിൽ ഇതുവരെ 273 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് മരണവും ഉണ്ടായി. സ്റ്റോക്ക് ഓൺ ട്രെൻഡിൽ അഞ്ച് പേർക്കാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരാൾ പുറത്തുനിന്നും ഉള്ള രോഗിയാണ്. അതേസമയം റ്റാംവെർത്തിൽ ഒരു സ്‌കൂൾ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു സ്‌കൂൾ അടച്ചിരിക്കുകയാണ്. ഇതിൽ 16 പേർ നിരീക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളത്.

കാര്യങ്ങൾ ഇത്തരത്തിൽ ആയിരിക്കെ യുകെയിൽ ആവശ്യമില്ലാതെ ആളുകൾ അവശ്യ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നത് യുകെയിലെ സൂപ്പർ മാർക്കെറ്റുകളെ പ്രതിസന്ധിയിൽ ആക്കാനുള്ള സാധ്യതാ പരിഗണിച്ചു ഒരാൾക്ക് മേടിക്കാൻ പറ്റുന്ന ചിലസാധനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എന്നുള്ളതാണ്. അവശ്യസാധനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കാനും വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപയോക്താക്കള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് ഇതുമായി അവർ പ്രതികരിച്ചത്.ആന്റിബാക്ടീരിയല്‍ ജെല്‍, വൈപ്പുകള്‍, സ്‌പ്രേകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പാല്‍പ്പൊടി, ബിസ്‌കറ്റ്, മുട്ട, ധാന്യങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ജനങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണു യുകെയിലെ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിൽ പെടുന്ന ടെസ്‌കോ, മോറിസൺ, അസ്ദ എന്നിവർ നിയന്ത്രണം പ്രഖ്യാപിച്ചത്. ടെസ്കോയിൽ ഹാൻഡ് സാനിറ്റൈസർ അഞ്ചെണ്ണം ലഭിക്കുമ്പോൾ അസ്ദയിൽ രണ്ടു മാത്രമേ ലഭിക്കു. ഇതുവരെ ഇത്തരം നിയന്ത്രണങ്ങൾ സെയിൻസ്ബെറി തുടങ്ങിയിട്ടില്ല. യുകെയിലുള്ള പത്തു പേരിൽ ഒരാൾ എന്ന നിലക്ക് ഇത്തരം വാങ്ങലുകൾ നടത്തുന്നു എന്നാണ് ഇതുമായി നടന്ന സർവ്വേ പറയുന്നത്.

വെയ്റ്റ്‌റോസ്, സൂപ്പര്‍ ഡ്രഗ്, ബൂട്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഹാന്‍ഡ് വാഷ്, ജെല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വാങ്ങല്‍ നിയന്ത്രണം നടപ്പാക്കി. കടകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും നിയന്ത്രണം ബാധകമാണ്. എന്നാൽ കൊറോണ വൈറസ് പ്രശ്നമല്ല തങ്ങളുടെ നിയന്ത്രണത്തിന് കാരണം എന്ന് മോറിസൺ വ്യക്തമാക്കിയിട്ടുണ്ട്.

സാധനങ്ങൾ വാങ്ങികൂട്ടുന്നതിൽ ഒട്ടും പിന്നിൽ അല്ല മലയാളികളും എന്നാണ് മലയാളം യുകെ ക്ക്  ലഭിക്കുന്ന വിവരം. സ്റ്റോക്ക് ഓൺ ട്രെന്റിൽ 10 ചാക്ക് അരിയാണ് വാങ്ങിയതെങ്കിൽ ഒരു പടി കൂടി കടന്ന് ബിർമിങ്ഹാമിലുള്ള മലയാളികൾ വാങ്ങിയത് 15 ചാക്ക് അരി വരെ എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. നാട്ടിലെപ്പോലെ സാധങ്ങൾക്ക് വില കൂട്ടി കൊള്ളലാഭം ഉണ്ടാക്കാൻ യുകെയിലെ സൂപ്പർ മാർക്കറ്റുകൾക്കു സാധിക്കില്ല. കാരണം വില വിവര പട്ടിക സമഗ്രമായി വിലയിരുത്തുന്ന ഒരു കോംപെറ്റിഷൻ കമ്മീഷൻ ഉണ്ട് എന്നുള്ളതാണ്. ഒരുതരത്തിലുള്ള വില വർദ്ധിപ്പിക്കൽ സാധ്യമല്ലെന്നു ഇതിനകം തന്നെ കമ്മീഷൻ സപ്ലൈ ചെയ്‌നുകളെ അറിയിച്ചിട്ടുണ്ട് എന്നാണ് ബിബിസി റിപ്പോർട് ചെയ്തിട്ടുള്ളത്. അനാവശ്യയമായി ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ വ്യക്തമാക്കി.

യുകെയിലെ പൊതു ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നപടികളൊന്നും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ന് ലോക വനിതാ ദിനം. സ്ത്രീജനങ്ങൾക്ക് തുല്യ പരിഗണ അതുമല്ലെങ്കിൽ ജെൻഡർ വേർതിരിവ് ഇല്ലാതാക്കാൻ ഒരു ദിവസം. അതെ ഇന്ന് ലോക വനിതാദിനത്തിൻെറ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ്. ലോകത്തെ കൊറോണ വൈറസ് പിടികൂടിയിരിക്കുന്നു സമയം.. ഏറ്റവും കൂടുതൽ സംസാരവിഷയമായ ഈ രോഗം മനുഷ്യ കുലത്തെ ഒന്നാകെ പേടിപ്പെടുത്തുമ്പോൾ ഇതൊന്നും വകവയ്ക്കാതെ തന്റെ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാർ സ്വയം ത്യാഗമാണ് എന്നത് ആരും അധികം ചിന്തിക്കുന്നില്ല എന്നത് ഒരു വാസ്തമാണ്. നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയുടെ കഥ നാമെല്ലാവരും കണ്ടതാണ് കേട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ വാർത്ത ചാനലുകളിൽ ഒന്നായ ബിബിസി യിൽ പോലും നമ്മുടെ മന്ത്രിയായ ഷൈലജ ടീച്ചറും നേഴ്‌സുമാരും നിറഞ്ഞു നിന്നു എന്നത് വനിതാദിനമായ ഇന്ന് ഓർക്കേണ്ടതാണ്. ഇത്തരുണത്തിൽ മലയാളികൾക്ക് അഭിമാനമായ ഒരു നേഴ്സിന്റെ വിജയങ്ങളുടെ വിശേഷങ്ങളുമായി വനിതാദിനം നിങ്ങൾക്കായി സമർപ്പിക്കുന്നു.

അവാർഡുകൾ ഒരു പുത്തരിയല്ല ഡിനു ജോയിയെ സംബന്ധിച്ചു. എന്നാൽ ഇതൊന്നും ഈ നേഴ്‌സിനെ അഹകാരിയാക്കിയില്ല എന്നതിനുപരിയായി കൂടുതൽ വിനീതയാവുകയാണ് ചെയ്തത്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ജോബി… പഠനത്തിനും കുഞ്ഞു കുട്ടിക്കുമിടയിൽ ഉറക്കം പോലും നഷ്ടപ്പെട്ട സമയങ്ങളിൽ… കട്ടൻ കാപ്പിയും ഉണ്ടാക്കി നൽകുന്ന ഒരു ഭർത്താവ്… എല്ലാ പുരുഷൻമാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന സങ്കൽപ്പം തിരുത്തിയ കേരളത്തിലെ പുരുഷ കേസരി… ഒരു യഥാർത്ഥ കുടുംബ നാഥൻ.. ഡിനു എല്ലാ വേദികളിലും ഉരുവിടുന്ന ഒരു പേര്… തന്റെ പിതാവ് നഷ്ടപ്പെട്ടു എങ്കിലും ജീവിതത്തിൽ തളരാതെ മുൻപോട്ടു നീങ്ങുന്നു… കുട്ടികൾ ഒക്കെയായില്ലേ പഠനം നിർത്തിക്കൂടെ എന്ന് ചോദിച്ചവരോട് ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞ നേഴ്‌സായ ഡിനു.. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് (topic Prevention of sexual abuse among adolescents- The World Health Organization (WHO) defines an adolescent as any person between ages 10 and 19.) നേടാനുള്ള അവസാന ലാപ്പിൽ ആണ് ഡിനു. തന്റെ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ കാണാം. കേരളത്തിലെ പതിനാല് ജില്ലകളിലും ഓടിനടന്ന് പല ക്ലാസ്സുകളും എടുക്കുന്ന ഡിനു മലയാളം യുകെയോട് പറഞ്ഞത് മറ്റൊരു നേഴ്സിന്‌ ഇത് പ്രചോദനമായാൽ സന്തോഷമായി എന്നാണ്…

[ot-video][/ot-video]

പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്. സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്സ്നുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് വിന്നർ ആണ് ഡിനു.

പാലായ്ക്ക് അടുത്തുള്ള ഉരുളി കുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു. രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി. എങ്കിലും കൂടുതൽ പഠിക്കാൻ ഉള്ള താത്പര്യം കാരണം എം എസ് സി എൻട്രൻസ് എഴുതി.രണ്ട് വയസുള്ള കുട്ടി ഉണ്ടായിരിക്കുന്ന സമയത്ത് ദീർഘദൂരം യാത്ര ചെയ്താണ് രണ്ടുവർഷം പഠിച്ചത്. ഒരുപാട് പഠിക്കാനും പേപ്പർ പ്രേസന്റ്റേഷനുകളും  അസൈമെന്റ് കളും ഉണ്ടായിരുന്നു, രാത്രി രണ്ടു മണിക്കൂർ ഒക്കെയാണ് ഉറങ്ങാൻ ലഭിച്ചത്. പഠനത്തിൽ ഗ്യാപ് ഉണ്ടായത് കൊണ്ട് ബുദ്ധിമുട്ട് നേരിട്ടു. കുട്ടിയെയും കുടുംബത്തെയും വീട്ടിൽ നിർത്തി ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ഒരുക്കമായിരുന്നില്ല. ഇത്ര കഷ്ടപ്പെട്ട് പഠിക്കേണ്ട ആവശ്യമില്ല എന്ന് കുടുംബവും സുഹൃത്തുക്കളും ഒരേ ശബ്ദത്തിൽ പറഞ്ഞു. പാസ് ആകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.എം ജി യൂണിവേഴ്സിറ്റിയിലെ റാങ്ക് ഹോൾഡർ ആയിട്ടാണ് പാസായത്. തിരികെ സ്റ്റാഫ് നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു. എം എസ് സി നേഴ്സിങ് കഴിഞ്ഞ 53 പേർ ചേർന്ന അസോസിയേഷൻ ഉണ്ടാക്കി ഉന്നത തലത്തിൽ ശ്രദ്ധയാകർഷിച്ചു.

അങ്ങനെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു. ഇത്തവണ ലഭിച്ച അവാർഡ് പോലും ആശുപത്രികളിൽ ഒതുങ്ങാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലമാണ് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.

ഇന്ന് ലോകവനിതാ ദിനം ആഘോഷിക്കുന്നു. കാലം ഒരുപാട് പുരോഗമിച്ചു എങ്കിലും സ്ത്രീജനകളുടെ ജീവിത നിലവാരത്തിലും സമൂഹത്തിന്റെ ചിന്താഗതികളിലും മാറ്റം ഇപ്പോഴും വിദൂരമാണ്. സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളിൽ ഒരുപാട് അന്തരം ഇപ്പോഴും നിലനിൽക്കുന്നു. ഭരണനിർവഹണവ കാര്യങ്ങളിലും സംഗതി വ്യത്യസ്തമല്ല. എങ്കിലും ചില ആശാവഹമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് ഒരു നല്ല കാര്യമാണ്.

അന്തരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളെ ആദരിക്കാനൊരുങ്ങി കടവന്ത്ര സെന്റ് ജോസഫ്‌സ് ഇടവക സമൂഹം ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വനിതാദിനമായ ഇന്ന് ഇടവകയിലെ വീടുകളില്‍ അടുക്കള ഭരണം പുരുഷന്മാര്‍ ഏറ്റെടുക്കും. സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായ വിശ്രമം. വനിതാദിനം പതിവുപോലെ സെമിനാറും കലാപരിപാടികളുമായി അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്ത വികാരി ഫാ. ജോസഫ് (ബെന്നി) മാരാംപറമ്പില്‍ ആണ് ഈ ആശയം പള്ളിയില്‍ അവതരിപ്പിച്ചത്.

സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭാഗമാണ് കടവന്ത്ര പള്ളി. അറുനൂറിലധികം കുടുംബങ്ങള്‍ ഈ ഇടവകയിലുള്ളത്. വനിതാ ദിനം എങ്ങനെ ആചരിക്കാമെന്ന് കുടുംബ യൂണിറ്റുകളുടെ കേന്ദ്രസമിതിയില്‍ വന്ന ആലോചനയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത്. സ്ത്രീകളെ ആദരിക്കുന്നത് കുടുംബത്തില്‍ നിന്നു തന്നെയാകാമെന്ന് അവര്‍ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച വികാരി ഫാ.ബെന്നി ഇക്കാര്യം വിശ്വാസികളെ അറിയിച്ചു. ഇടവകയിലെ 17 കുടുംബ യൂണിറ്റുകളും ആവേശത്തോടെ തന്നെ ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ഈ ഞായറാഴ്ച അടുക്കളയിലെ പ്രധാന ചുമതലകള്‍ എല്ലാം പുരുഷന്മാര്‍ നടത്തണമെന്നാണ് തീരുമാനമെന്ന് കൈക്കാരന്‍ ഷാജി ആനാംതുരുത്തി പറഞ്ഞു.

ബഹുഭൂരിപക്ഷം കുടുംബനാഥന്മാരും ഈ ആശയത്തോട് അനുകൂലമായി പ്രതികരിച്ചു. അത് നൂറു ശതമാനമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു. ഓരോ കുടുംബയൂണിറ്റിനും കീഴില്‍ 20-40 കുടുംബങ്ങളാണുള്ളത്. ഓരോ യൂണിറ്റിനുമുള്ള അഞ്ച് ഭാരവാഹികള്‍ക്കാണ് പരിപാടിയുടെ മേല്‍നോട്ട ചുമതല. അതുകൊണ്ടുതന്നെ പരിപാടി വിജയകരമായി നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമായി യോഗ ക്ലാസുകള്‍ ഈ പള്ളിയില്‍ നടക്കുന്നുണ്ട്. പെണ്‍കുട്ടികളെ സ്വയം പ്രതിരോധത്തിന് സജ്ജരാക്കാന്‍ ഗുസ്തി ജൂഡോ ക്ലാസുകളും അടുത്തമാസം ആരംഭിക്കും.

ഞായറാഴ്ച കുര്‍ബാനയിലെ ശുശ്രൂഷകളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. കുര്‍ബാന മധ്യേ മുതിര്‍ന്ന സ്ത്രീകളെയും വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കിയ സ്ത്രീകളെയും ആദരിക്കും. പള്ളിയില്‍ മധുരപലഹാര വിതരണവും നടക്കും. വിമെന്‍ വെല്‍ഫയര്‍ സര്‍വീസസ് പ്രസിഡന്റ് മേരി ജോസഫ് പറപ്പിള്ളിയുടെ നേതൃത്വത്തിലാണ് ഇവ നടക്കുക. രാവിലെ ആറുമണിക്കുള്ള കുര്‍ബാനയോട് അനുബന്ധിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

‘ക്രിസ്തുവിന്റെ പീഡനുഭവ യാത്രയിലും കുരിശുമരണ നേരത്തും കല്ലറയ്ക്കു പുറത്തും ഉയിര്‍പ്പിന്റെ പുലരിയിലും കണ്ണിമയ്ക്കാതെ കാത്തിരുന്നത് സ്ത്രീകള്‍ മാത്രമാണെന്ന് വികാരി ഫാ.ബെന്നി മാരാംപറമ്പില്‍ പറഞ്ഞു. കുരിശുമരണത്തെ ക്രിസ്തു ഉപമിച്ചത് ഈറ്റുനോവിനോടാണ്. സ്ത്രീകളുടെ ആ പ്രധാന്യം നാം ഉള്‍ക്കൊള്ളണം വൈദികന്‍ പറഞ്ഞു. നമ്മുടെ സ്ത്രീകളെ നമ്മള്‍ തന്നെ ആദരിക്കണം. അവര്‍ വെളുപ്പിനെ എഴുന്നേറ്റ് പാതിര വരെ കഷ്ടപ്പെടുന്നു. അവര്‍ക്ക് ഒരുദിവസമെങ്കിലും വിശ്രമം നല്‍കിയിട്ട് നിങ്ങള്‍ ചെയ്യുന്നത് വലിയ ജോലിയാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അടുക്കളയില്‍ കയറാത്ത പുരുഷന്മാര്‍ അന്ന് അടുക്കളയില്‍ കയറണം. സ്ത്രീകള്‍ വിശ്രമിക്കട്ടെ. അതായിരിക്കണം അവരോടുള്ള ആദരവ്. സ്ത്രീകള്‍ക്കും അത് വലിയൊരു മതിപ്പാകും. തങ്ങള്‍ ചെയ്യുന്നത് വലിയൊരു ജോലിയാണെന്ന് അവര്‍ക്ക് മനസ്സിലാകും ഫാ. ജോസഫ് (ബെന്നി) പങ്കുവെച്ചു.

ഇന്ന് ലോക വനിതാ ദിനം പ്രമാണിച്ചു സ്ത്രീ ശാക്തീകരണം കുറച്ചു പേർക്കല്ല എല്ലാവര്ക്കും ആണ് എന്ന മുദ്രാവാക്യവുമായി ലണ്ടനിൽ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ലോക വനിതാ ദിനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ് 2020 വർഷം. ലോകത്തിലെ 76 ശതമാനം കെയർ ജോലികളും പ്രതിഫലമില്ലാതെ ചെയ്യുന്നത് സ്ത്രീകളാണ് എന്നാണ് കണക്ക്.

റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മാഹിയിൽ നിന്നുള്ള ഡോക്ടർ സഞ്ജയ് ആണ് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന സഞ്ജയ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. മണിപ്പാലിൽ പഠനം പൂർത്തിയാക്കിയ സഞ്ജയ് പത്തുവർഷമായി യുകെയിൽ ജോലി ചെയ്യുകയായിരുന്നു. അധ്യാപികയായ മീനയാണ് ഭാര്യ. ഒരു മകനുണ്ട്.

തിരുവല്ല : എം ജി സർവകലാശാലാ എം .സി .എ 2017 -2019 ലാറ്ററൽ എൻട്രി പരിക്ഷയിൽ റാങ്കുകളുടെ തിളക്കത്തിൽ മാക്ഫാസ്റ് കോളേജ് .

ഒന്നും,രണ്ടും,നാലും റാങ്കുകൾക് പുറമെ 17 ഡിസ്റ്റിംക്ഷനും 29 ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
ആൻ ആനി റെജിക്ക് ഒന്നാം റാങ്കും ,കൃപ തങ്കച്ചന് രണ്ടാം റാങ്കും , അർച്ചന അരവിന്ദിന് നാലാം റാങ്കും ലഭിച്ചു ..

എം .സി .എ റെഗുലർ 2016 -2019 ബാച്ചിലെ വിദ്യാർഥികൾ തുടർച്ചയായി ഒന്നാം സെമസ്റ്റർ മുതൽ ആറാം സെമസ്റ്റർ വരെ 100 ശതമാനം ചരിത്ര വിജയം നേടിയിരിക്കുന്നു .

2016 -2019 ബാച്ചിലെ വിദ്യാർഥികൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമൊപ്പം

2001 ൽ കോളേജ് ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ എം .ബി.എ , എം .സി .എ, എം.സ്.സി ബയോ സയൻസ് വിഭാഗങ്ങളിലായി 102 റാങ്കുകൾ കരസ്ഥമാക്കി എം.ജി സർവകലാശാലാ റാങ്ക് പട്ടികയിൽ മാക്ഫാസ്റ് ഒന്നാം സ്ഥാനത്താണെന്നു പ്രിൻസിപ്പാൽ  Fr . Dr .ചെറിയാൻ ജെ കോട്ടയിൽ അവകാശപ്പെട്ടു .

2017 -2019 എംസിഎ ലാറ്ററൽ എൻട്രി ബാച്ചിലെ വിദ്യാർഥികൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമൊപ്പം

ഫാ. ഹാപ്പി ജേക്കബ്ബ്
പരിശുദ്ധമായ നോമ്പിന്റെ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങുകയാണ്. കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ രൂപാന്തരഭാഗം ചിന്തയിലൂടെ കടന്നുവരികയും അതനുസരിച്ച് വലിയ നോമ്പ് അനുഗ്രഹമായി നാമോരോരുത്തരുടെയും രൂപാന്തരത്തിന് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആഴ്ച നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങൾ ആണ്.

കർത്താവ് തന്റെ പ്രേക്ഷിത പ്രവർത്തനത്തിലൂടെ ജനങ്ങളുമായി അടുത്ത് പെരുമാറുകയും അവർക്ക് വേണ്ട സ്വർഗ്ഗീയമായ കൃപകൾ സ്വായത്തമാക്കുവാൻ വഴി ഒരുക്കുകയും അതിലേക്കു അവരെ ആഹ്വാനം ചെയ്യുകയും, താൻ തന്നെയാണ് യഥാർത്ഥ വഴി എന്ന് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു . ഇത്തരുണത്തിൽ കർത്താവ് കടന്നു പോകുന്ന വഴിയിൽ കുഷ്ഠ രോഗം ബാധിച്ച ഒരു മനുഷ്യൻ ഇരിക്കുന്നത് അവൻ കാണുകയും രോഗത്തെ അവൻ സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു വേദഭാഗം ആണ് ഇവിടെ ഇവിടെ നാം ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്.

കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് ഉള്ള പരിപൂർണ്ണമായ വിശ്വാസം അതാണ് ഈ ഭാഗത്ത് കാണുന്നത്. കാരണം മറ്റൊന്നുമല്ല, നാം ഒക്കെ സൗഖ്യം എന്നത്, നമ്മുടെ കഴിവ്, പ്രാപ്തി ഒന്നും അല്ല പകരം അവിടുത്തെ കൃപ മാത്രം എന്ന് തിരിച്ചറിയുവാൻ കഴിയണം.

ഇന്ന് നമ്മുടെ ലോകത്ത് ധാരാളം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കാണുകയും ഓരോ ദിനവും പുതിയതും ആധുനികവുമായ പല പല പ്രസ്ഥാനങ്ങളും ഉയർന്നു വരികയും ചെയ്യുന്നുണ്ട്. അത് നമുക്ക് നല്ലവണ്ണം അറിയുകയും അതിലൊക്കെ നാം ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാൽ അതിൽ എവിടെയെങ്കിലും ആരുടെയെങ്കിലും രോഗങ്ങളെ സൗഖ്യം ആക്കുവാൻ ഞാൻ ഉറപ്പുതരുന്നു എന്ന ഒരു ഭാഗം ഇല്ല. നമുക്ക് ബോധ്യം ഇല്ല. കാരണം നാം കാണുന്ന, ഇന്ന് നാം അനുഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് പ്രാധാന്യം ഉള്ളത്. അത് അല്ലാതെ മറ്റുള്ളവരുടെ ചിന്തകൾ, വേദനകൾ ,രോഗങ്ങൾ, നമുക്ക് അൽപ്പനേരത്തെ അനുകമ്പ അല്ലാതെ ഒരു ഭേദം വരുത്തുവാൻ നമുക്ക് കഴിയില്ല എന്ന് നാം മനസ്സിലാക്കണം.

ഇവിടെ ഈ മനുഷ്യൻ മറ്റെല്ലാ മാർഗ്ഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കാതെ വന്നപ്പോൾ ഇനി ഒരേ ഒരു മാർഗ്ഗം മാത്രമേ മുമ്പിൽ ഉള്ളൂ എന്ന് പൂർണ്ണമായി മനസ്സിലാക്കുകയും, കർത്താവ് കടന്നുവന്നപ്പോൾ അവന്റെ മുമ്പാകെ കർത്താവേ അവിടേക്ക് മനസ്സിൽ ഉണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് അവൻ വചിക്കുന്നു. അപ്പോൾ കർത്താവ് അവനോട് എനിക്ക് മനസ്സുണ്ട് നീ സൗഖ്യം ആവുക. അങ്ങനെ അവൻ സൗഖ്യപ്പെടുകയും അവനെ പിൻപറ്റുകയും ചെയ്തു. കർത്താവ് അവനോട് പറഞ്ഞു നീ പോയി നിന്നെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുകയും, മോശ കല്പിച്ചതുപോലെ ഉള്ള പരിഹാരം നടത്തുകയും ചെയ്യുക. അവൻ അപ്രകാരം ചെയ്യുകയും കർത്താവിനെ പിൻപറ്റുകയും ചെയ്തു.

ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കഠിനമായ രോഗങ്ങൾ നമുക്ക് കാണാം. അതിൻപ്രകാരം നാമോരോരുത്തരും രോഗങ്ങൾ ബാധിച്ചവരും ആണ്. പലതും ഈ മനുഷ്യന്റെ കുഷ്ഠരോഗത്തേക്കാൾ കാഠിന്യം ഏറിയതും, അതും സാധാരണ ചികിത്സാരീതികൾ ഫലിക്കാത്ത അവസ്ഥയിലുമാണ് ആണ്. അത് എപ്രകാരം എന്ന് നാം ഒന്ന് ചിന്തിക്കുവാനും ഉള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അത് നമ്മുടെ ബലഹീനതകൾ, നമ്മുടെ ദുഷ് ചിന്തകൾ, നമ്മുടെ സ്വയം ആയ ഭാവങ്ങൾ എല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇവിടെ മാനുഷികമായി ഒരു ചെറിയ പ്രവർത്തനം നമ്മുടെ ഭാഗത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.

നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ശ്രമങ്ങളും കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ തീർച്ചയായും അവൻ നമ്മോടു പറയും മകനേ മകളെ നിന്റെ രോഗം സൗഖ്യം ആക്കാം. അവിടെയും നാം ശ്രദ്ധിക്കേണ്ടത് ദൈവത്തെ കൂടുതൽ അറിയുവാനും കൂടുതൽ അവന്റെ സന്നിധിയിൽ അടുത്തു വരുവാനും ഈ കൃപകൾ കാരണം ആകണം. അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നമുക്ക് നൽകട്ടെ. മനുഷ്യരാൽ ആട്ടി അകറ്റുകയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന വിഷാദഭാവം ഉള്ള മക്കൾ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അവരുടെ രോഗമോ, രോഗലക്ഷണമോ കണ്ടാൽ നാം മനസ്സിലാക്കുകയാണെങ്കിൽ അവരെ ദൈവസന്നിധിയിൽ എത്തിക്കുവാനുള്ള ഉള്ള ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാൽ നാം പ്രാപിച്ചത് പോലും നാം മനസ്സിലാക്കാതെ പോകുമ്പോൾ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ നീയും ഇത് പോലെ രോഗി ആയിരുന്നു . എന്നാൽ ദൈവം നിന്നെ അതിൽനിന്നൊക്കെ വിമുക്തമാക്കി. ഇപ്പോൾ നീ ആയിരിക്കുന്ന അവസ്ഥയിൽ ആക്കിയതിന്റെ ഉദ്ദേശം നീയും രക്ഷയുടെ സന്ദേശം സ്വീകരിക്കുവാനും പകർന്നു കൊടുക്കുവാനും ആയിട്ടാണ്.

ഈ നോമ്പ് നമ്മെ പാപ രോഗങ്ങളിൽനിന്ന് വിമുക്തം ആക്കി അനുഗ്രഹത്തിന്റെ നല്ല ദിനങ്ങൾ നമുക്ക് നൽകട്ടെ. അതോടൊപ്പം തന്നെ കഷ്ടതയിലും, ഭാരത്തിലും, പ്രയാസത്തിലും കഴിയുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുവാൻ സാധ്യമാകണം. അപ്പോൾ മാത്രമാണ് നോമ്പ് പൂർണ്ണമാകുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ കാര്യങ്ങൾ വിസ്മരിക്കുകയും സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് മറന്നു പോവുകയും ചെയ്യുന്നു. ഇന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് കയ്യെത്തി സഹായിക്കുവാൻ നമുക്ക് സാധിച്ചില്ലെങ്കിലും അവരെ ഓർത്ത് പ്രാർത്ഥിക്കുവാനും ഓരോ വിശുദ്ധ ബലിയിലും അവരുടെ പേരുകൾ എത്തിക്കുവാനും നമുക്ക് കഴിയണം. അവരുടെ ജീവിതങ്ങൾ കർത്താവ് കാണുവാൻ നാം കാരണം ആകണം. ഓരോ ദിവസവും നാം ഉപവസിക്കുമ്പോൾ ഭക്ഷണം വർജ്ജിക്കുപോൾ മറ്റുള്ളവരെ ഓർക്കുവാനും , അവരുടെ കഷ്ടങ്ങളിൽ പങ്കുകാരും ആകണം.

നാം അധിവസിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന ഈ രോഗങ്ങൾ നമ്മൾ മൂലമാണോ എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ്. ഈ കുഷ്ഠരോഗിയുടെ സൗഖ്യദാനത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും ദൈവം കൈകൊണ്ട് നമ്മുടെ പാപ രോഗങ്ങളെ സൗഖ്യമാക്കുകയും അനേകർക്ക് അതിലൂടെ ആശ്വാസവും സൗഖ്യവും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അങ്ങനെ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസങ്ങൾ നമുക്ക് ലഭിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നോമ്പിന്റെ അനുഭവത്തിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തൽക്കാലം ഈ ഭാഗം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

ശുദ്ധമുള്ള നോമ്പേ സമാധാനതാലേ വരിക!

സ്നേഹത്തോടെ…

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.

ഒരു മാസത്തെ മാത്രം ആയുസ്സ് … തന്റെ ജീവിത സഖിയായി മിന്നുകെട്ടി കൂടെ കൂടിയ പ്രിയതമയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ സ്‌നിജോ പൊട്ടിക്കരഞ്ഞില്ല… പക്ഷേ, വേദന കടിച്ചമർത്തി  നിർവികാരതയോടെയും മ്ലാനമായ മുഖത്തോടെയും നിറ കണ്ണുകളോടും അനുവിന്റെ സമീപത്തിരുന്നു. കാണുന്ന ഓരോരുത്തരുടെയും മനസ് തകരുന്ന കാഴ്ച്ച. ഒരുമിച്ചുള്ള ഒരുമാസത്തെ ജീവിതത്തിന്റെ ഓര്‍മകള്‍ മിന്നിമറയുന്ന മനസ്സുമായി. പറക്കാൻ തുടങ്ങും മുൻപേ പറന്നകന്ന തന്റെ പാതി.. വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എയ്യാല്‍ സ്വദേശിനി അനുവിനു വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നാട് കണ്ണീരോടെ വിട നല്‍കി. ഞായറാഴ്ച ഖത്തറിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന സ്‌നിജോയെ കാണാനായിരുന്നു അനു ലീവെടുത്ത് ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നു ബസില്‍ നാട്ടിലേക്ക് പുറപ്പെട്ടത്.പ്രിയതമനെ ഒരു നോക്ക് കാണാന്‍ പുറപ്പെട്ട ആ യാത്ര ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത അന്ത്യയാത്രയായി മാറി. അവിനാശിയില്‍ നിന്ന് അനുവിന്റെ മൃതദേഹം വ്യാഴാഴ്ച സന്ധ്യയോടെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം ഭര്‍ത്താവ് വാഴപ്പിള്ളി വീട്ടില്‍ സ്‌നിജോയുടെ വീട്ടിലാണ് ആദ്യമെത്തിച്ചത്. തുടര്‍ന്ന് ഇവിടെ നിന്ന് ഇടവക പള്ളിയായ എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിലേക്കും രാത്രി എയ്യാലിലെ അനുവിന്റെ സ്വന്തം വീട്ടിലും എത്തിച്ചു.

ശ്രൂശ്രൂഷകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍, എരുമപ്പെട്ടി ഫൊറോന വികാരി ഫാ. ജോയ് അടമ്പുകുളം, എയ്യാല്‍ പളളി വികാരി ഫാ. ആന്റണി അമ്മുത്തന്‍ എന്നിവര്‍ കാര്‍മികരായി. മന്ത്രി എ.സി. മൊയ്തീന്‍, രമ്യ ഹരിദാസ് എംപി തുടങ്ങി ഒട്ടേറെ ജനപ്രതിനിധികളും അന്ത്യോപാചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഒരു പിടി മണ്ണും ഇട്ട് ഉടയവർ പിരിയുമ്പോൾ ഇനിയാർക്കും ഇത്തരം അനുഭവം നൽകല്ലേ എന്ന് ഉള്ളുരുകി ഒരുമനസ്സോടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെ കാണുമാറായി..

ആതിര സരാഗ്

“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)

“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും  മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.

കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.

ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ  മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി  ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.

ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു  സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ  കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി  മാറുകയാണ്.

അന്വേഷണമാണ്  ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും  ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി  നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ  ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ  നോക്കിക്കാണുന്നത്.

താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.

വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

 

മീൻ പൊരിക്കുമ്പോൾ ചേർക്കുന്ന മസാലകളിൽ ഒന്ന് ശ്രദ്ധിച്ചാൽ,..ഉണ്ടാക്കുന്ന ഫിഷ് ഫ്രൈ വേറെ ലെവൽ ആകും. അതിനായി നമുക്ക് കുറച്ചു സ്പെഷ്യൽ ഇൻഗ്രീഡിയൻസ് ചേർക്കേണ്ടതുണ്ട്.

അങ്ങനെ സ്വാദേറിയ മീൻ പൊരിച്ചത് തയ്യാറാക്കാൻ നിങ്ങൾക്കിഷ്ടമുള്ള മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.മീൻ 500 ഗ്രാം മതിയാകും. ശേഷം ഒരു മിക്സിയുടെ ജാറിൽ ഒരു ടീസ്പൂൺ പെരിഞ്ചീരകം, മുക്കാൽ ടീസ്പൂൺ അളവിൽ ചെറിയ ജീരകം കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക ഇനി അതിലേക്ക് 7 അല്ലിയോളം വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്,8-10 കറിവേപ്പില,ഒരു ടേബിൾസ്പൂൺ വെള്ളം കൂടി ഒഴിച്ച് വീണ്ടും അരച്ചെടുക്കണം.

അരച്ചെടുക്കുബോൾ നല്ല പേസ്റ് രൂപത്തിൽ ഇത് നമുക്ക് കിട്ടിയില്ലെങ്കിൽ ഒരു സ്പൂൺ ഓയിൽ കൂടി ചേർത്ത് അരക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ നല്ല അടിപൊളി പേസ്റ്റ് ആയ മസാലക്കൂട്ട് ലഭിക്കും.

ഈ അരപ്പ് മീനിലേക്ക് ഒഴിച്ച ശേഷം രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർക്കണം, കാശ്മീരി ചില്ലി പൗഡർ ഇല്ലെങ്കിൽ സാധാരണ മുളകുപൊടി ചേർത്താൽ മതിയാകും പക്ഷേ അത് നിങ്ങളുടെ എരുവിന് അനുസരിച്ച് വേണം ചേർക്കാൻ കാശ്മീരി ചില്ലി പൗഡർ ആയതിനാൽ വലിയ എരിവ് ഒന്നും ഇല്ലാത്തതുകൊണ്ടാണ് രണ്ട് ടേബിൾസ്പൂൺ ചേർക്കുന്നത്.കൂടാതെ അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ അരിപൊടി,ഒരു ടീസ്പൂൺ നാരങ്ങാ നീര്, ഒരു ടീസ്പൂൺ വെള്ളം എന്നിവ ചേർത്ത് മസാല എല്ലാം മീനിൽ പിടിക്കുന്ന വിധം പെരട്ടി എടുക്കണം. ഒരു ടീസ്പൂൺ വെള്ളം മതിയാകില്ല എങ്കിൽ വീണ്ടും ഒരു ടീസ്പൂൺ കൂടി ചേർക്കാം.

ഇങ്ങനെ മസാല പുരട്ടി വച്ചിരിക്കുന്ന മീൻ 30 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക,കൂടുതൽ സമയം വെക്കണമെങ്കിൽ നിങ്ങൾക്ക് വയ്ക്കാം. അതിനുശേഷം മീൻ പൊരിക്കുവാൻ വേണ്ടി ഒരു ഫ്രൈയിംഗ് പാനിൽ ഓയിൽ ഒഴിച്ചു കൊടുത്തു അത് ചൂടാകുമ്പോൾ കുറച്ചു കടുക് ഇട്ടു കൊടുക്കുക എന്നിട്ട് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ എല്ലാം അതിലേക്ക് ഇട്ടുകൊടുത്തു ഓരോ വശവും ഫ്രൈ ചെയ്ത് എടുക്കാം.

കുറച്ച് ഫ്രൈ ആയി വരുന്ന സമയം അൽപം കറിവേപ്പില കൂടി ഇതിൻറെ മേൽ ഇട്ടു കൊടുക്കാവുന്നതാണ്. നല്ലപോലെ മീൻ മൊരിഞ്ഞു വരുമ്പോൾ അതിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്. ഇങ്ങനെയുണ്ടാകുന്നതിലൂടെ നല്ല സ്വാദിഷ്ടമായ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്രിസ്പി ആയ ഫിഷ് ഫ്രൈ തയ്യാറാകുന്നതാണ്.

RECENT POSTS
Copyright © . All rights reserved