വാൽത്സിങ്ങാം: ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങളായ റോം, ജെറുശലേം, സന്ത്യാഗോ തുടങ്ങിയവയോടൊപ്പം മഹനീയ സ്ഥാനം വഹിക്കുന്നതും, ഇംഗ്ലണ്ടിലെ ‘നസ്രത്ത്’ എന്ന് പ്രശസ്തവുമായ, പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമില്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സീറോ മലബാർ സഭയുടെ ഈ മഹാ തീർത്ഥാടനത്തിന് മുഖ്യകാർമ്മികത്വവും, നേതൃത്വവും അരുളുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ എന്ന നിലയിൽ സഭാ സമൂഹത്തിന്റെ ആത്മീയ,അജപാലന,വിശ്വാസ-ക്ഷേമ പരിപാടികൾക്ക് കൂടുതൽ ഊർജ്ജവും, ഭാവവും നൽകി സുവിശേഷ വൽക്കരണത്തിന്റെ പാഥയിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ തൻ്റെ ആല്മീയ കർമ്മ മണ്ഡലത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ശ്രദ്ധേയമായ ചുവടുറപ്പിച്ചു കഴിഞ്ഞു. യു കെ യിലെ പ്രവാസ മണ്ണിൽ വിവിധ മാതൃ പുണ്യ കേന്ദ്രങ്ങളിൽ മരിയൻ വിശ്വാസത്തിനു സാക്ഷ്യമേകുവാനും പ്രാർത്ഥിക്കുവാനും അവസരങ്ങൾ ഒരുക്കി വരുന്ന ജോസഫ് പിതാവ്, ഏറ്റവും വലിയ മരിയൻ തീർത്ഥാടനത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകുമ്പോൾ, മൂന്നാമത് വാൽത്സിങ്ങാം മഹാ തീർത്ഥാടനം മരിയ ഭക്തി സാന്ദ്രമാകും എന്ന് തീർച്ച.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് പരിശുദ്ധ അമ്മക്ക് നൽകപ്പെട്ട മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ് മാതാവിന്റെ ഇംഗിതത്തിൽ ഇംഗ്ലണ്ടിലേക്ക് ‘നസ്രത്ത്’ അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന വാൽത്സിങ്ങാമിൽ ഈ വർഷത്തെ തിരുന്നാളിന് പ്രസുദേന്തിത്വവും, ആതിഥേയത്വവും വഹിക്കുക ഈസ്റ്റ് ആന്ഗ്ലിയായിലെ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുനിട്ടിയാണ്.
റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് വരെ ഹെൻട്രി എട്ടാമന്‍ അടക്കം പല രാജാക്കന്മാരും, പ്രമുഖരും അനേക ലക്ഷം മാതൃ ഭക്തരും നഗ്ന പാദരായിട്ട് പല തവണ തീർത്ഥാടന യാത്ര ചെയ്തു പോന്ന മരിയ പുണ്യ കേന്ദ്രമായ വാൽത്സിങ്ങാം ക്രമേണ കൂടുതൽ വിഖ്യാതമാവുകയും, ആഗോള മാതൃഭക്ത തീർത്ഥാടകർക്കു ആത്മീയ അനുഗ്രഹ അഭയ കേന്ദ്രവുമാവുകയും ആയിരുന്നു. അക്കാലത്ത് പാദ രക്ഷകൾ അഴിച്ചു വെക്കുന്ന ചാപ്പൽ എന്ന നിലക്ക് സ്ലിപ്പർ ചാപ്പല്‍ എന്ന് നാമകരണം ലഭിക്കുകയും ചെയ്ത സ്ലിപ്പർ ചാപ്പൽ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോൾ ഉള്ളത്.
മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി മരിയ ഭക്തര്‍ നടത്തുന്ന തീർത്ഥാടനം ഏവർക്കും അനുഗ്രഹദായകമാകും. ഉദ്ദിഷ്‌ടകാര്യ ഫലസിദ്ധിയും, ഉത്തരവും ലഭിക്കുമെന്നു പരിശുദ്ധ അമ്മ വാഗ്ദാനം നൽകുകയും, അത് അനുഭവേദ്യമാവുകയും ചെയ്തു പോരുന്ന ഈ പുണ്യകേന്ദ്രം മലയാളി മാതൃ ഭക്തര്‍ക്ക് ഒരു മഹാ സംഗമ അനുഗ്രഹ വേദിയായിക്കഴിഞ്ഞു.
ആയിരങ്ങള്‍ മാതാവിന്റെ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും, ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയൻ തീര്‍ത്ഥാടനത്തില്‍ സീറോ മലബാർ സഭയുടെ മുഴുവൻ മക്കളെയും പ്രതീക്ഷിക്കുന്നതായും, ഏവരും മുൻകൂട്ടി അവധി ക്രമീകരിച്ചു മഹാതീർത്ഥാടനത്തിൽ പങ്കാളികളാവണമെന്നും മാർ സ്രാമ്പിക്കൽ പിതാവിനോടൊപ്പം തീർത്ഥാടനത്തിന്റെ ആല്മീയ സഹകാരികളായ ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, പ്രസുദേന്തിമാരായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിക്കുവേണ്ടി ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരും അഭ്യർത്ഥിച്ചു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
ദുബായ് ∙ പെരുന്നാൾ സമ്മാനമായി മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറിനെയാണ് ഭാഗ്യം തലോടിയത്.
ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രതീഷ് കുമാർ കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പൺ വാങ്ങിയത്. ഇന്ന് രാവിലെ 11.15ന് ഓഫിസിലിരിക്കുമ്പോൾ സന്തോഷവാർത്തയുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി.
ആദ്യം കേട്ടപ്പോൾ അത്ര വിശ്വസിക്കാൻ തോന്നിയില്ല. ഭാഗ്യം സമ്മാനിച്ച കൂപ്പണിന്റെ നമ്പർ ഒത്തുവന്നപ്പോൾ ഉറപ്പിച്ചു. പിന്നീട്, സുഹൃത്ത് ഡ്യൂട്ടി ഫ്രീയുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചും നമ്പർ ഉറപ്പുവരുത്തിയതായി രതീഷ് കുമാർ പറഞ്ഞു. 10 വർഷമായി യുഎഇയിലുള്ള രതീഷ് കുമാർ കുടുംബസമേതമാണ് ഇവിടെ താമസം.സമ്മാനക്കാര്യം ഭാര്യ രമ്യയെ വിശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നതായി രതീഷ് പറയുന്നു. കോടിപതിയായെങ്കിലും ഉടനെയൊന്നും പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാം–രതീഷ് കുമാർ പറയുന്നു.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : നാളെ ബെക്കിങ്ഹാം കൊട്ടാരത്തിൽ നടക്കുന്ന ഗാർഡൻ പാർട്ടിയിലേക്ക് ജി എം എ യുടെ പ്രതിനിധികളായി 2018/19ലെ പ്രസിഡന്റ് ആയിരുന്ന ശ്രീ വിനോദ് മാണിക്കും , സെക്രട്ടറി ശ്രീ ജിൽസ് പോളിനും അപ്രതീക്ഷിത ക്ഷണം. 250 തിൽപരം കുടുംബങ്ങളുള്ള ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങൾ. അസോസിയേഷന്റെ തുടർച്ചയായുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും , അതിലേറെ കഴിഞ്ഞ വർഷം കേരളത്തിലെ മഴക്കെടുതിയിൽ പെട്ടവർക്ക് വേണ്ടി £38000 പൗണ്ട് സമാഹരിച്ചു നൽകിയതിനും , കേരളത്തിലെ നിർദ്ധരരായവർക്ക് വീടായും , വീട്ടുപകരണമായും നൽകിയതിനുള്ള അംഗീകാരമായാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. ജി എം എ അഞ്ചു വീടുകളാണ് കേരളത്തിൽ പണി കഴിപ്പിച്ച് നൽകുന്നത് . രണ്ടരലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും കേരളത്തിലെത്തിച്ചിരുന്നു .
ഈയൊരു വലിയ പദ്ധതിക്ക് പ്രെസിഡന്റിനോടും, സെക്രട്ടറിയുടെയും കൂടെ തോളോട് തോളു ചേർന്നു നിന്ന് പ്രവർത്തിച്ചത് ജി എം എ യുടെ ട്രെഷറർ ആയിരുന്ന ശ്രീ വിൻസെന്റ് സ്കറിയ , വൈസ് പ്രെസിഡന്റായിരുന്ന ബാബു തോമസ് , ജോയിന്റ് സെക്രട്ടറി രശ്മി മനോജ് , ജോയിന്റ് ട്രെഷറർ ബിനുമോൻ കുര്യാക്കോസും , കേരള ഫ്ലഡ് കമ്മിറ്റി അംഗങ്ങളായ ശ്രീ ലോറൻസ് പെല്ലിശേരി , ശ്രീ തോമസ് ചാക്കോ , ഡോ : ബിജു പെരിങ്ങത്തറയോടൊപ്പം ജി എം എയുടെ ഓരോ കുടുംബങ്ങളുമാണ്.
ഓരോ വർഷവും കേരളത്തിലെ ജില്ലാ ആശുപത്രികൾക്കുള്ള ധനസഹായവും , അലിഷാ എ ലൈറ്ഹൗസ് ഓഫ് ഹോപ്പിലൂടെ , മെയ്ക് എ വിഷ് ചാരിറ്റി , ഗ്ലോസ്റ്റെർഷെയർ ഹോസ്പിറ്റൽ ചാരിറ്റി , ജി എം എ സ്പോർട്സ് ലീഡറായ ആയ ശ്രീ ജിസോ അബ്രഹാമിലൂടെ ഗ്ലോസ്റ്റെർ ഡ്രാഗൻ ബോട്ട്റേസിൽ , ജോൺ ഹോപ്കിൻസ് , പൈഡ് പൈപ്പർ ചാരിറ്റി എന്നിവയൊക്കെ ജി എം എയുടെ ചാരിറ്റി സംരംഭങ്ങളാണ്. അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളും ജി എം എ യുടെ നെടുംതൂണായ പേട്രൻ ഡോ. തിയോഡോർ ഗബ്രിയേലിന്റെ അനുഗ്രഹാശിസോടെയാണ് തുടങ്ങുന്നതും എന്നുള്ളതും ഈ അസോസിയേഷന്റെ മാത്രം ഒരു പ്രത്യേകതയാണ്.
ജി എം എ അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറുമ്പോളും സമൂഹത്തോടുള്ള പ്രതിബദ്ധത 2002ലെ അസോസിയേഷന്റെ തുടക്കം മുതൽ ചെയ്തിരുന്നു എന്ന ആത്മാഭിമാനത്തോടെയാണ് ബെക്കിങ്ഹാം കൊട്ടാരത്തിന്റെ പടിചവിട്ടുന്നത്. ബ്രിട്ടീഷ് രാഞ്ജിയുടെ ഗാർഡൻ പാർട്ടിയിലേക്ക് ക്ഷണം കിട്ടിയത് എല്ലാ ഗ്ലോസ്റ്റെർ മലയാളികൾക്കുമുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഗാർഡൻ പാർട്ടിയെ പ്രതിനിധാനം ചെയ്യുന്ന ശ്രീ വിനോദ് മാണിയും, ജിൽസ് പോളും അറിയിച്ചു. ജി എം എ യുടെ മുഖമുദ്രയായ ചാരിറ്റിക്ക് ഈ വർഷം അലൈഡ് ഫിനാൻസിൽ ആൻഡ് മോർഗേജ് സ്പോൺസർ ചെയ്‌ത ഉണ്ണി മേനോൻ ഷോയോടെ ചിട്ടയായി തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന് ചുക്കാൻ പിടിച്ചത് 2019/20ലെ പ്രസിഡന്റ് സിബി ജോസഫ് , സെക്രട്ടറി ബിനുമോൻ കുര്യാക്കോസ് , ട്രെഷറർ ജോർജ്ജുകുട്ടിയും ആണെന്നുള്ളത് ജി എം എയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. അതോടൊപ്പം മുൻകാലങ്ങളിലെ ചാരിറ്റി കോർഡിനേറ്റേർസ് ആയ എല്ലാവരുടെയും പ്രവർത്തനങ്ങളും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. ജി എം എ യുടെ കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും , ഐക്യവും , സമൂഹ്യ പ്രതിബദ്ധതയോടെയുള്ള കൂട്ടായ പ്രവർത്തനവും മറ്റുള്ളവർക്കെന്നും മാതൃകയാണ്.
ന്യൂസ് ഡെസ്ക്
നൈജൽ ഫരാജിന്റെ ബ്രെക്സിറ്റ് പാർട്ടി ആദ്യ ഇലക്ഷനിൽ തന്നെ വെന്നിക്കൊടി പാറിച്ചു. യുറോപ്യൻ പാർലമെന്റിലേക്ക് മെയ് 23 നടന്ന ഇലക്ഷനിൽ യുകെയിൽ തകർപ്പൻ വിജയമാണ് പാർട്ടി കരസ്ഥമാക്കിയത്. യുകെയിൽ നിന്നുള്ള 73 എം.ഇ.പി സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബ്രെക്സിറ്റ് പാർട്ടി 29 സീറ്റുകൾ നേടി. ലിബറൽ ഡെമോക്രാറ്റുകൾ 16 സീറ്റുകൾ നേടിയപ്പോൾ ലേബറിന് 10 എണ്ണമാണ് ലഭിച്ചത്. 7 സീറ്റ് നേടിയ ഗ്രീൻ പാർട്ടിയ്ക്കും പിന്നിലായി കൺസർവേറ്റീവ് 5 സീറ്റോടെ ഇലക്ഷനിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.
ബ്രെക്സിറ്റ് ക്രൈസിസിൽ പെട്ടു നട്ടം തിരിയുന്ന ഭരണപക്ഷമായ കൺസർവേറ്റീവിന്റെ 1832 നു ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു യൂറോപ്യൻ ഇലക്ഷനിൽ കണ്ടത്. 9.1 ശതമാനം വോട്ടാണ് കൺസർവേറ്റീവ് നേടിയത്. ബ്രെക്സിറ്റ് പാർട്ടി 31.6 ശതമാനം വോട്ട് കരസ്ഥമാക്കി. ലിബറൽ ഡെമോക്രാറ്റുകൾക്ക് 20.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ ലേബറിന് 14.1 ശതമാനമാണ്.
യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ യുകെയിൽ 37 ശതമാനമായിരുന്നു വോട്ടിംഗ്. ബ്രെക്സിറ്റ് ഹാലോവീനുമുമ്പ് നടപ്പാക്കിയില്ലെങ്കിൽ വരുന്ന ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവിനെ നിലംപരിശാക്കുമെന്ന് ബ്രെക്സിറ്റ് പാർട്ടി ലീഡർ നൈജൽ ഫരാജ് മുന്നറിയിപ്പ് നല്കി. ആറാഴ്ച്ച മുമ്പാണ് നൈജൽ ഫരാജ് ബ്രെക്സിറ്റ് പാർട്ടി രൂപീകരിച്ചത്.
സാം ജോർജ്ജ് തോമസ് യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പി ആർ ഓ
ഹോർഷം : യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 -21 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോമോൻ ചെറിയാന്റെ അദ്ധ്യക്ഷതയിലുള്ള റീജിയണൽ കമ്മറ്റി ഏകീകൃതമായ പ്രവർത്തനങ്ങളിലൂടെ മെയ് 27 ന് റീജിയന്റെ പ്രവർത്തനോൽഘാടനവും 20-20 ക്രിക്കറ്റ് ടൂർണമെന്റും നടത്തുന്നു. ക്രോളിയിലെ ലാങ്‌ലി ഗ്രീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് ഉദഘാടനം നടക്കുന്നത്. അതിനോടനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് നോർത്ത് ഗേറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലും ലാങ്‌ലിഗ്രീൻ ക്രിക്കറ്റ് ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.
ക്രിക്കറ്റ് ടൂർണമെന്റിൽ ടീം രജിസ്റ്റർ ചെയ്യുവാനായി യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ ആണ് ഉത്സുകരായി എത്തിയത്. മത്സര ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ആദ്യം രജിസ്റ്റർ ചെയ്ത 12 ടീമുകളെ മാത്രം ടൂര്ണമെന്റിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളികൾ മാത്രം ഉൾപ്പെടുന്ന ടീമുകൾ മത്സരിക്കുന്ന യുകെയിലെ ആദ്യ ക്രിക്കറ്റ് മാമാങ്കത്തിനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ ആതിഥേയത്വം വഹിക്കുന്നത്. 12 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ച്പ്രാധമിക പാദ മത്സരങ്ങൾ രണ്ട് സ്റ്റേഡിയങ്ങളിലായി നാല് പിച്ചുകളിലായി ആണ് നടത്തപ്പെടുന്നത്.
ആദ്യപാദ മത്സരങ്ങളിലെ ഗ്രൂപ്പ് വിജയികളായിരിക്കും സെമി ഫൈനലിൽ മത്സരിക്കുന്നത്. സസ്സെക്സ് ക്രിക്കറ്റ് ലീഗിലെ രജിസ്റെർഡ് അമ്പയർമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. മത്സരവിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളും. ഒന്നാം സമ്മാനമായി 1000 പൗണ്ടും പ്രൈം കെയർ സ്പോൺസർ ചെയ്യുന്ന എവറോളിങ് ട്രോഫിയും ലഭിക്കുന്നതാണ്. രണ്ടാമത്തെ സമ്മാനമായി 500 പൗണ്ടും ഗർഷോം ടി വി സ്പോൺസർ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും മൂന്നും നാലും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡുകളും നൽകുന്നതാണ്. വ്യക്തിഗത മികവുകളെ ആദരിക്കുന്നതിനായി ബെസ്ററ് ബാറ്റ്സ്മാൻ ബെസ്ററ് ബൗളർ എന്നിവർക്ക് പ്രത്യേക അവാർഡുകളും നൽകുന്നതാണ്.
മത്സരങ്ങളുടെ അവസാനം ചേരുന്ന പൊതു സമ്മേളനത്തിൽ റീജിയന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ശ്രീ ബാബു മങ്കുഴി ഉത്‌ഘാടനം ചെയ്യുന്നതും യുക്മ മുൻ ദേശീയ പ്രേസിടെന്റും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ചെയർമാനും ആയ ശ്രീ ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ മുഖ്യാഥിതിയും ആയിരിക്കും. യുക്മ ദേശീയ നിർവാഹക സമിതിയെ പ്രതിനിധീകരിച്ചു നാഷണൽ ട്രെഷറർ അനീഷ് ജോണും മിഡ്ലാൻഡ്സ് റീജിയണൽ മുൻ നാഷണൽ എക്സിക്യൂറ്റീവ് ശ്രീ സുരേഷ് കുമാറും റീജിയന്റെ പ്രവർത്തനങ്ങൾക്ക് ആശംസ നേരുന്നതുമാണ്. കൂടാതെ റീജിയണിലെ സാംസ്‌കാരിക നേതാക്കന്മാരായ സി എ ജോസഫ് , ജേക്കബ് കോയിപ്പള്ളി , മാത്യു ഡൊമിനിക് എന്നിവരും പൊതു സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും.
ഈ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും യുക്മ സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സൗത്ത് ഈസ്റ്റ് റീജിയനു വേണ്ടി പ്രസിഡന്റ് ജോമോൻ ചെറിയാൻ , സെക്രട്ടറി ജിജോ അരിയത്ത് , ട്രെഷറർ ജോഷി ആനിത്തോട്ടത്തിൽ ദേശീയ നിർവാഹക സമിതി അംഗം ലാലു ആന്റണി എന്നിവർ അറിയിച്ചു.
മത്സരങ്ങൾ നടക്കുന്ന വേദിയുടെ വിലാസങ്ങൾ :
Langley Green Cricket Ground
Cherry Lane
Crawley
RH11 7 NX
South Gate Cricket Ground
Crawley
RH10 6HG
ജോയല്‍ ചെറുപ്ലാക്കില്‍
കവന്‍ട്രി : കഴിഞ്ഞ രണ്ട് സംഗമങ്ങളുടെയും വിജയ നിറവില്‍ അയര്‍ക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള യു.കെ നിവാസികള്‍ സ്‌നേഹ സൗഹൃദങ്ങള്‍ പങ്കു വയ്ക്കുന്നതിനായി ഒത്തുചേരുന്ന മൂന്നാമത് സംഗമം പ്രൗഡോജ്വലമാക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2019 മെയ് 25 ന് കവന്‍ട്രിയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സംഗമവും വന്‍ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തി വരുന്നത്.
സംഗമത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും കമ്മറ്റി അംഗങ്ങളായ ജോമോന്‍ ജേക്കബ്ബിന്റെയും അനില്‍ വറുഗീസ്സീന്റെയും നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന രുചിക്കൂട്ടിലുള്ള വിഭവ സമൃദ്ധമായ നാടന്‍ ഭക്ഷണമാണ് തയ്യാറാക്കി നല്‍കുന്നത് .
അയര്‍ക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും വിവാഹബന്ധമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്നും, ഈ പ്രദേശങ്ങളില്‍ നിന്നും യു.കെയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും സംഘാകര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും മറ്റ് വിനോദപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ഇനിയും പേര് നല്‍കുവാന്‍ ഉള്ളവര്‍ക്കും സംഗമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.
ജോസഫ് വര്‍ക്കി (പ്രസിഡന്റ്) – 07897448282.
ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) – 07480363655
ടോമി ജോസഫ് (ട്രഷറര്‍) – 07737933896.
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്:
സി.എ. ജോസഫ് – 07846747602
പുഷ്പ ജോണ്‍സണ്‍ – 07969797898.
സംഗമവേദിയുടെ വിലാസം
Sacred Heart Catholic Church Hall,
Harefield Road, Coventry, CV2 4BT
Date: 25/05/2019
ജയന്‍ എടപ്പാള്‍
ലണ്ടണ്‍: ബ്രിട്ടനിലെ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ‘സമീക്ഷയുടെ’ മൂന്നാം ദേശീയ സമ്മേളനം സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ലണ്ടന് അടുത്തുള്ള വെംബ്‌ളി യില്‍ വെച്ചു നടത്താന്‍ മെയ് 19 നു, ഞായറാഴ്ച (സ :നായനാര്‍ അനുസ്മരണ ദിനത്തില്‍ ) ലണ്ടനില്‍ ചേര്‍ന്ന ദേശീയ സമിതി തീരുമാനിച്ചു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കല-സാമൂഹിക- സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും പ്രതിനിധി സമ്മേളനവും ഉണ്ടായിരിക്കും.ശ്രീ രാജേഷ് ചെറിയാന്‍ അധ്യക്ഷനായ ദേശീയ സമിതി യോഗത്തില്‍ ശ്രീമതി സ്വപ്ന പ്രവീണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും സമീക്ഷ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേതൃത്വം നല്‍കിയ ദേശീയ സമിതി അംഗങ്ങള്‍ ആ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിക്കുകയും ചെയ്തു . ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബ്രിട്ടനിലെ വിവിധ സമീക്ഷ യൂണിറ്റു സമ്മേളനങ്ങള്‍ ജൂണ്‍ /ജൂലൈ മാസങ്ങളില്‍ നടത്താനുംയൂണിറ്റ് ഭാരവാഹികളെയും ദേശീയ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കാനും തീരുമാനിച്ചു . ദേശീയ സമ്മേളന നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികള്‍ രൂപികരിക്കുകയും താഴെ പറയുന്ന ദേശീയ സമിതി അംഗങ്ങളെ ചുമതല പെടുത്തുകയും ചെയ്തു .
(1)സംഘാടകസമിതി -ശ്രീ രാജേഷ് കൃഷ്ണ
(2) ഫിനാന്‍സ് കമ്മിറ്റി :ശ്രീ ദിനേശ് വെള്ളാപ്പള്ളി ,
(3)പി.ആര്‍ .ഓ (മീഡിയ /പബ്ലിസിറ്റി ):ശ്രീ ജയന്‍ എടപ്പാള്‍.
സമീക്ഷയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ ചിലതായ ലണ്ടനിലെ ‘മനുഷ്യ മതില്‍’ നിര്‍മ്മാണം, അഭിമന്യു ഫണ്ട് കളക്ഷന്‍ , കേരളം നേരിട്ട മഹാ ദുരന്തമായ പ്രളയവുമായി ബന്ധപ്പെട്ടു കൃത്യസമയത്തു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ,സ്ത്രീ സമീക്ഷ, ലോകകേരള സഭ പ്രവര്‍ത്തനങ്ങള്‍ ,ഇന്ത്യയിലെ ലോകസഭാ തിരെഞ്ഞെടുപ്പ് തുടങ്ങിയ പ്രവര്‍ത്തനനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പങ്കാളികള്‍ ആവുകയും ചെയ്ത മുഴുവന്‍ സമീക്ഷ പ്രവര്‍ത്തകരെയും ബ്രിട്ടനിലെ മറ്റു സംഘടനകളായ, ചേതന, ഐ ഡബ്ലിയു എ, എ ഐ സി, എ ഐ ഡബ്ലിയു, ക്രാന്തി, പി ഡബ്ലിയു എ പ്രവര്‍ത്തകരെയും ദേശീയ സമിതി അഭിനന്ദിച്ചു .സെപ്റ്റംബറില്‍ നടക്കുന്ന ദേശീയ സമ്മേളനം വരെ ശ്രീമതി സ്വപ്ന പ്രവീണിനെ ദേശീയ സെക്രട്ടറി ആയും ശ്രീ ദിനേശ് വെള്ളാപ്പള്ളിയെ ജോയിന്റ് സെക്രട്ടറി ആയും ദേശീയ സമിതി ചുമതല ഏല്പിച്ചു… മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം പുരോഗമന
നൂതന ആശയആവിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ‘സമീക്ഷയുടെ’ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവാന്‍ മുഴുവന്‍ മലയാളി സമൂഹത്തോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു .
സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
വൈവിധ്യമാര്‍ന്ന കൂടുതല്‍ പരിപാടികളുമായി കേരള സംസ്ഥാന ടൂറിസം വികസനത്തിന് കരുത്ത് പകരുന്നതിന് യുക്മ സജീവമാകുന്നു. ബ്രിട്ടണിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ ശ്രദ്ധേയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന യുക്മ ജന്മനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നത് ലക്ഷ്യമിട്ടാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൂറിസം ക്ലബ് ആരംഭിച്ചത്. ടൂറിസം ക്ലബുമായി ചേര്‍ന്ന് യുക്മ ആഗോള മലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ രീതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം ‘കേരളാ പൂരം’ എന്ന പേരില്‍ വള്ളംകളിയും തനത് കേരളീയ കലാരൂപങ്ങളുടെ പ്രദര്‍ശനവുമെല്ലാം നടപ്പിലാക്കിയതിലൂടെ ടൂറിസം ക്ലബിന്റെ പ്രസക്തിയേറിയിരിക്കുകയാണ്.
യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബിന്റെ പുതിയ വൈസ് ചെയര്‍മാനായി ഡിക്‌സ് ജോര്‍ജിനെ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള പ്രഖ്യാപിച്ചതായി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് അറിയിച്ചു. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ഡിക്‌സ് യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധേയനായ വ്യക്തിയാണ്. റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടന്ന യുക്മയുടെ പ്രഥമ വള്ളംകളിയും, യുക്മ സ്റ്റാര്‍ സിംഗര്‍ സമാപനത്തോട് അനുബന്ധിച്ച് നടന്ന പ്രമുഖഗായകന്‍ ജി വേണുഗോപാലിന്റെ ‘വേണുഗീതം’ പരിപാടിയും ഉള്‍പ്പെടെ യുക്മ ദേശീയ ഭരണസമിതി മിഡ്ലാന്‍ഡ്സ് റീജിയണില്‍ സംഘടിപ്പിച്ച നിരവധി പരിപാടികളുടെ വിജയം ഡിക്‌സിന്റെ കൂടി സംഘാടക ശേഷിയുടെ തെളിവുകള്‍ ആയിരുന്നു.
യുക്മ ടൂറിസം ക്ലബ് ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ച് വള്ളംകളി ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായുള്ള കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സാധിച്ചത്. നിലവിലുള്ള ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ് ആയിരുന്നു കഴിഞ്ഞ തവണ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ആദ്യനിര്‍വാഹക സമിതി യോഗത്തിലും തുടര്‍ന്ന് നടന്ന നേതൃസംഗമത്തിലും ‘യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ്’ ഈ വര്‍ഷം കൂടുതല്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി തീരുമാനമെടുത്തിരുന്നു.
വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളം സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ കണക്കെടുത്താല്‍ ബ്രിട്ടണ്‍ മുന്‍നിരയില്‍ തന്നെയുള്ള രാജ്യമാണ്. ഈ സാഹചര്യത്തില്‍ ബ്രിട്ടണിലെ ആളുകള്‍ക്കിടയില്‍ കേരളത്തെ പറ്റിയും അവിടുത്തെ വിവിധ വിനോദസഞ്ചാര സാധ്യതകളെപ്പറ്റിയും വിപുലമായ രീതിയില്‍ സന്ദേശമെത്തിക്കുന്നതിന് സാധിച്ചാല്‍ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനു കൂടുതല്‍ സഹായകരമായി മാറും. സംസ്ഥാനത്തിന്റെ ടൂറിസം വികസന സാധ്യതകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുമായ ബ്രിട്ടണിലെ പ്രവാസി മലയാളികള്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതികളാണ് ‘ടൂറിസം ക്ലബ്ബി’ലൂടെ യുക്മ ലക്ഷ്യമിടുന്നത്.
യുക്മയുടെ മറ്റ് പോഷകസംഘടനകള്‍ പോലെ തന്നെ അംഗ അസോസിയേഷനുകള്‍ക്കൊപ്പം മുഴുവന്‍ യു കെ മലയാളികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരു സംരംഭമായിരിക്കും ‘ടൂറിസം ക്ലബ്’. പ്രധാനമായും യു കെ മലയാളികള്‍ക്കിടയിലെ ടൂര്‍ ആന്റ് ട്രാവല്‍, ഹോട്ടല്‍ ബിസ്സിനസ്സ് രംഗത്തുള്ളവരേയും ഹോസ്പിറ്റാലിറ്റി, ടാക്‌സി മേഖലകളില്‍ ജോലി ചെയ്യുന്നവരെയും സഹകരിപ്പിച്ചു വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ് പദ്ധതിയിടുന്നത്. ബ്രിട്ടണിലെ പ്രധാന പട്ടണങ്ങളിലെല്ലാം തന്നെ കേരളത്തെ തദ്ദേശവാസികള്‍ക്ക് പരിചയപ്പെടുത്തുന്ന തരത്തിലുള്ള പ്രമോഷന്‍ പ്രോഗ്രാമുകള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നതായിരിക്കും.
സ്വന്തമായ നിലയില്‍ പ്രമോഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുമെന്നതു കൊണ്ട് ബ്രിട്ടണിലെ കൗണ്‍സിലുകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന കാര്‍ണിവലുകളുമായി ബന്ധപ്പെട്ടായിരിക്കും ഓരോ പ്രദേശത്തും പ്രമോഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. അതാത് പ്രദേശങ്ങളിലെ മലയാളി അസോസിയേഷനുകള്‍ക്കാവും കൗണ്‍സിലുകളുമായി ബന്ധപ്പെട്ടുള്ള അനുമതി വാങ്ങുന്നതിനുള്ള ചുമതല നല്‍കുന്നത്. കേരളത്തിലേയ്ക്കുള്ള ടൂറിസം പാക്കേജുകളെപ്പറ്റി വ്യക്തമാക്കുന്നതിനു വേണ്ടി ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും. എല്ലാ കാര്‍ണിവലുകളിലും തന്നെ കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവങ്ങള്‍ തദ്ദേശീയര്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സേവനവും ലഭ്യമാക്കും.
സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളാവും ഉണ്ടാവുന്നത്. ഓരോ കൗണ്‍സിലിലും നടത്തപ്പെടുന്ന ടൂറിസം പ്രമോഷന്‍ പ്രോഗ്രാമുകള്‍ക്കും സംസ്ഥാന ടൂറിസം വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാക്കും. എന്നാല്‍ സംസ്ഥാന ടൂറിസം വകുപ്പിനു യാതൊരു വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള പദ്ധതിയാവും യുക്മ നടത്തുന്നത്. ബ്രിട്ടണില്‍ നിന്നു തന്നെയുള്ള സ്‌പോണ്‍ഷിപ്പിലൂടെയാവും ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാര്‍ണിവലുകളില്‍ കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യവും കലാരൂപങ്ങളും മറ്റും തദ്ദേശവാസികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനു ആവശ്യമായ സ്റ്റാളുകള്‍ ഒരുക്കും.
സംസ്ഥാനത്തെ വിനോദ സഞ്ചാരത്തിന്റെ വിവിധ മേഖലകളായ പ്രകൃതി ടൂറിസം, പരിസ്ഥിതി, ആരോഗ്യം, ആയുര്‍വേദം, പൈതൃകം, സാഹസിക ടൂറിസം എന്നീ മേഖലകളെപറ്റി വിശദീകരിക്കാനുതകുന്ന തരത്തിലുള്ള ചിത്രങ്ങളും ബുക്ക്ലെറ്റുകളും ബ്രോഷറുകളും മറ്റും ലഭ്യമാക്കും. കാര്‍ണിവലിനോട് അനുബന്ധിച്ച് പലസ്ഥലങ്ങളിലും നടത്തപ്പെടുന്ന കലാസാംസ്‌ക്കാരിക പരിപാടികളില്‍ കേരളീയമായ ഇനങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടി മലയാളികള്‍ക്ക് അവസരമുണ്ടാക്കും. നമ്മുടെ സ്വന്തം കലാരൂപങ്ങളായ തെയ്യം, കഥകളി എന്നിവ കൂടാതെ വിവിധ ക്ലാസ്സിക്കല്‍ നൃത്തങ്ങളും അവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായും.
കൗണ്‍സില്‍ കാര്‍ണിലവുകളില്‍ ‘ടൂറിസം ക്ലബ്ബ്’ ഒരുക്കുന്ന പ്രമോഷന്‍ പ്രോഗ്രാമുകളില്‍ നാട്ടില്‍ നിന്നുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ടൂറിസം പാക്കേജുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുമെല്ലാം വിവിധ സ്ഥലങ്ങളിലായി സ്റ്റാളുകളില്‍ പങ്കെടുക്കുന്നതിനായി അവസരം സൃഷ്ടിക്കുന്നതിനു ശ്രമിക്കും. ആയുര്‍വേദം ഉള്‍പ്പെടെയുള്ള സുഖചികിത്സകളുടെയും യോഗയുടെയും ഗുണങ്ങള്‍ വിശദീകരിക്കുന്നതിനും മറ്റും ശ്രമങ്ങള്‍ ഉണ്ടാവും. ഇതിനായി ബ്രിട്ടണിലെ മലയാളി ട്രാവല്‍ ടൂര്‍ ഓപ്പറേറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹായമാവും തേടുന്നത്. പരമ്പരാഗത കേരള വിഭവങ്ങള്‍ വിളമ്പുന്ന ഫുഡ് കോര്‍ട്ടുകള്‍ നടത്തുന്നതിനു മലയാളി റസ്റ്റോറന്റുകളുടെ സഹായവും തേടും. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തോടൊപ്പം തന്നെ ബ്രിട്ടണിലെ മലയാളികള്‍ക്കും ഏറെ സഹായകരമാകുന്ന ഒരു പദ്ധതിയായി ഇതുമാറുമെന്ന പ്രതീക്ഷയാണ് യുക്മയ്ക്കുള്ളത്. ഓരോ കൗണ്‍സിലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതു വഴി തദ്ദേശീയരുമായുള്ള നമ്മുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ബ്രിട്ടണിലെ സാമൂഹിക രംഗത്ത് മലയാളികളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
‘യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ്’ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുന്നതിന് ബ്രിട്ടണിലെ കുടിയേറ്റ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉപദേശക സമിതിയും പ്രവര്‍ത്തനത്തിനായി പ്രത്യേക കമ്മറ്റിയും രൂപീകരിക്കുന്നതിന് യുക്മ ദേശീയ ഭരണസമിതിയില്‍ ടൂറിസത്തിന്റെ ചുമതലയുള്ള അഡ്വ. എബി സെബാസ്റ്റ്യനും ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്‌സ് ജോര്‍ജിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ദേശീയ പ്രസിഡന്റ് അറിയിച്ചു. യുക്മ കേരളാ ടൂറിസം പ്രൊമോഷന്‍ ക്ലബ്ബുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ഡിക്‌സ് ജോര്‍ജ്ജുമായി ബന്ധപ്പെടേണ്ടതാണ് (ഫോണ്‍ : 07403312250).
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്ക് സഹായം എത്തിക്കുന്നതിന് നാഷണൽ ഹെൽത്ത് സർവീസ് ഹോസ്പിറ്റൽ ഇടുന്ന പദ്ധതി ദശലക്ഷക്കണക്കിന് രോഗികൾക്ക് ഉപയോഗപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമേറ്റഡ് ചാറ്റ് സേവനങ്ങൾ, രോഗനിർണയം ,ഡോക്ടർമാരും നഴ്സുമാരുമായി ഉള്ള വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ചികിത്സതേടാൻ ആഗ്രഹിക്കുന്ന രോഗികൾ ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഓൺലൈൻ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തുടർചികിത്സ അവർക്ക് ആവശ്യമാണോ എന്ന് രോഗികളെ അറിയിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
വീട്ടിലോ ജോലിയിലോ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട് രോഗികൾക്ക് അവരുടെ കൺസൾട്ടൻറ്സുമായി സംസാരിക്കാൻ കഴിയും. നൂറുകണക്കിന് ആളുകൾക്ക് പ്രതിവർഷം ഈ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ ബർമിങ്ഹാം (യുഎച്ച്ബി) ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്
ബിനോയി ജോസഫ്
എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കാലാനുസൃതവും മാനുഷിക പരിഗണനയോടെയുമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈജു വർക്കി തിട്ടാല നടത്തുന്ന നിർണായകമായ നീക്കത്തിന്റെ ആദ്യഘട്ടത്തിന് വിജയത്തുടക്കം. എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കൗൺസിലർ ബൈജു തിട്ടാല ഇന്ന് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കപ്പെടുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ബൈജു വർക്കി തിട്ടാല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഹെൽത്ത് കെയർ സെക്ടറിൽ തുടരുന്ന വിവേചനത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കേംബ്രിഡ്ജ് സിറ്റി കൗൺസിൽ അതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചു മുതൽ 15 വർഷം വരെ യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ പരിചയ സമ്പത്തുള്ള ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോഴും ഐഇഎൽടിഎസ് കടമ്പ പാസാകാതെ കെയറർമാരായി ജോലി ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് യുകെയിലേയ്ക്കുള്ള വിസ തരപ്പെടുത്തി എത്തിയ ഇവർക്ക് ഒരു രജിസ്റ്റേർഡ് നഴ്സ് എന്ന സ്വപ്നം ഇന്നും അതിവിദൂരത്താണ്. നിലവിൽ, ഐഇഎൽ ടിഎസിന് സ്കോർ 7 ലഭിച്ചവർക്കു മാത്രമേ എൻഎംസി രജിസ്ട്രേഷൻ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ പ്രായോഗികതലത്തിലുള്ള തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എൻഎംസിയെ സമീപിക്കുന്നതിനായി ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ യുകെയിലുള്ള നഴ്സുമാരുടെ പിന്തുണയോടെ പ്രവർത്തന പരിപാടികൾ ആരംഭിക്കുകയായിരുന്നു. ഇതിനായി, നിരവധി തവണ ഐഇഎൽടിഎസും ഒ ഇ ടി യും എഴുതിയ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ എൻഎംസിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.
ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച കൗൺസിലർ കാർല മക്യൂൻ, ഓവർസീസ് നഴ്സുമാർ ബ്രിട്ടീഷ് ഹെൽത്ത് സെക്ടറിന് നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. നഴ്സിംഗ് സ്റ്റുഡൻറായി അഡ്മിഷൻ കിട്ടാൻ വേണ്ട ജിസിഎസ്ഇ യോഗ്യത ഐഇഎൽടിഎസ് സ്കോർ 6 ന് തുല്യമാണെന്നിരിക്കേ, വിദേശ നഴ്സുമാർക്ക് അതിലും ഉയർന്ന പ്രാവീണ്യം വേണമെന്ന മാനദണ്ഡം അംഗീകരിക്കാനാവുന്നതല്ലെന്ന് കൗൺസിലർ നിക്കി മെസി പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കാൻ എൻഎംസി അടിയന്തിര ഇടപെടൽ നടത്തണമെന്ന് ലീഡ് കൗൺസിലർ ലൂയിസ് ഹെർബേട്ട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ടപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പൂർണ പിന്തുണ നല്കുകയും ഏകകണ്ഠമായി പാസാകുകയും ചെയ്തു.
ബൈജു വർക്കി തിട്ടാല അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം.
യുകെയിലെ മറ്റു നഗരങ്ങൾക്കൊപ്പം തന്നെ കേംബ്രിഡ്ജിലും എൻഎച്ച്എസിൽ ട്രെയിൻഡ് നഴ്സുമാരെയും നഴ്സിംഗ് സ്റ്റാഫിനെയും, തദ്ദേശീയമായി കെയർ സ്റ്റാഫിനെയും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം അവരുടെ ജോലിയ്ക്ക് ആവശ്യമായതിലും വളരെ ഉയർന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നതുമൂലം റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓവർസീസ് സ്റ്റാഫിനും നിലവിൽ യുകെയിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും നിശ്ചയിച്ചിട്ടുള്ള അപര്യാപ്തമായ ഇംഗ്ലീഷ് സപ്ലിമെന്ററി പരിശീലന പരിപാടിയും കാര്യങ്ങൾ വഷളാക്കുന്നു.
കേംബ്രിഡ്ജ് സിറ്റി കൗൺസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിര വിഷയമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇടപെടാൻ കൗൺസിൽ ലീഡറോട് പ്രമേയം വഴി നിർദ്ദേശിച്ചു.
1. എൻ എം സി നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലീഷ് മാനദണ്ഡമായ ഐഇഎൽടിഎസ് സ്കോർ 7 എന്നത് 6.5 ലേയ്ക്ക് കുറയ്ക്കുന്നതിനായി കൺസൾട്ടേഷൻ പ്രഖ്യാപിക്കുക. യുകെയിൽ സെറ്റിൽ ആയതും യുകെയിലെ ഹെൽത്ത് സെക്ടറിൽ നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ പുതിയ മാനദണ്ഡത്തിന്റെ കീഴിൽ കൊണ്ടുവരിക.
2. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താനും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങൾ മൂലമുള്ള തടസങ്ങൾ മാറ്റിക്കിട്ടാനും എൻഎംസി നടപടിയെടുക്കുക.
3. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഓവർസീസ് റിക്രൂട്ട്മെൻറ് പോളിസി റിവ്യൂ ചെയ്യുകയും ഉയർന്ന ഇംഗ്ലീഷ് നിലവാരം കൈവരിക്കാൻ പ്രാപ്തിയുള്ള സ്റ്റാഫിന് അതിനായി അവസരമൊരുക്കുകയും ചെയ്യുക.
4. എൻഎച്ച്എസിലെയും കേംബ്രിഡ്ജിലെയും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുന്നതിനായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹെൽത്ത്, ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടണം.
കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയം, ഐഇഎൽടിഎസ് സ്കോർ നേടാനാവാത്തതിനാൽ രജിസ്ട്രേഷൻ ലഭിക്കാതെ മറ്റു ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന നഴ്സുമാരുടെ കാര്യത്തിൽ പ്രതികരിക്കാൻ എൻഎംസിയെ നിർബന്ധിതമാക്കും.