ന്യൂസ് ഡെസ്ക്
തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചാലക്കുടിയിൽ വെച്ചാണ് അപകടമുണ്ടായത്. എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു കാർ അനുപമയുടെ കാറിൽ ഇടിക്കുകയായിരുന്നു. അനുപമ ഉൾപ്പെടെ ആർക്കും പരിക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കളക്ടർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
ന്യൂസ് ഡെസ്ക്
ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടായി. കഴിഞ്ഞ രാത്രി അദ്ദേഹം സഞ്ചരിച്ച വാഹനം നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഫാ.സെബാസ്റ്റ്യൻ ശൗര്യാംമാക്കൽ, ഫാ. വിൽസൺ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു.
ന്യൂസ് ഡെസ്ക്
യുഡിഎഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർഥിയുമായ ബെന്നി ബെഹ്നാന്റ ഹൃദയധമനികളിലൊന്ന് 90 ശതമാനവും രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ. മരണം വരെ സംഭവിക്കാമായിരുന്ന അവസ്ഥയിലായിരുന്നു ബെന്നി ബെഹ്നാൻ എന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായത് ഗുണകരമായെന്നും ഡോക്ടർമാർ പറയുന്നു.
കാക്കനാടുള്ള സൺറൈസേഴ്സ് ആശുപത്രിയിലാണ് ബെന്നി ബെഹ്നാനെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് 90 മിനിറ്റുള്ളിൽ ആൻജിയോ പ്ലാസ്റ്റി നടത്തിയതിനാൽ ആരോഗ്യനില പൂർവസ്ഥിതിയിൽ ആക്കാൻ സാധിച്ചുവെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ഡോക്ടർ ബാലകൃഷ്ണൻ, ഡോക്ടർ ബ്ലെസൻ വർഗീസിന്റെയും നേതൃത്വത്തിലാണ് ആൻജിയോ പ്ലാസ്റ്റി നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന ബെന്നി ബെഹ്നാനെ എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്നസെന്റ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കോൺഗ്രസ് നേതാവ് എം.എം ഹസനും ആശുപത്രിയിലെത്തി ബെന്നി ബെഹ്നാന്റെ കുടുംബാംഗങ്ങളെ കണ്ടു.
നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ബെന്നി ബെഹ്നാൻ. വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബെന്നി ബെഹ്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രചാരണ തിരക്കുകൾ കഴിഞ്ഞ് രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതിന് ശേഷമാണ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
പുതുമയേറിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുകെയിലെങ്ങും ശ്രദ്ധ നേടിയ കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ഒരു വര്‍ഷത്തെ ഗംഭീര പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് ചാരിറ്റി ലൈവ് ഗാനമേളയും മാജിക്കും മിമിക്‌സും ഒക്കെയായി കവന്‍ട്രിക്കാരെ ത്രസിപ്പിക്കാനൊരുങ്ങി സികെസി.
കഴിഞ്ഞ ഒരു വര്‍ഷ കാലത്തിനുള്ളില്‍ ഗംഭീര പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെങ്ങും അറിയപ്പെടുന്ന ഒരു അസോസിയേഷനായി മാറിയ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റി ചരിത്രത്തില്‍ ആദ്യമായി നിസരി ഒര്‍ക്കസ്ട്ര ലണ്ടന്‍ നയിക്കുന്ന ചാരിറ്റി ലൈവ് ഗാനമേളയും, മിമിക്‌സും, കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്നതും, യുകെയിലെങ്ങും അറിയപ്പെടുന്നതും, പ്രശസ്ത മജീഷ്യന്‍ മുതുകാടിന്റെ ശിഷ്യനുമായ ബിനോയുടെ മാജിക്ക് ഷോയും ഒക്കെയായി ഒരു ഫാമിലി ഫെസ്റ്റിവല്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്.
കവന്‍ട്രിയിലെ തിരക്കിട്ട ജീവിതത്തില്‍ എല്ലാം മറന്ന് കുടുംബവും കുട്ടികളുമായി ഏതാനം മണിക്കൂര്‍ എല്ലാവരോടും ഒപ്പം ആടാനും, പാടാനും, സല്ലപിക്കാനുമായി സികെസി ഈ വരുന്ന ശനിയാഴ്ച (6/4/19) ഒരു DJ നൈറ്റ് തന്നെയാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്ന് സികെസി സെക്രട്ടറി ഷിന്‍സണ്‍ മാത്യൂ അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ഗംഭീര പ്രവര്‍ത്തനങ്ങളില്‍ ഒന്നായി പ്രവര്‍ത്തിച്ച എല്ലാ മെമ്പേഴ്‌സിനോടും നന്ദി പറയുന്നതിനും എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമാപനമായി ആഘോഷിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സി കെ സി പ്രസിഡന്റ് ശ്രീ ജോര്‍ജ്കുട്ടി വടക്കേക്കുറ്റ് അറിയിച്ചു.
കൃത്യം അഞ്ച് മണിക്ക് തന്നെ പരിപാടികള്‍ വാല്‍സ്‌ഗ്രേവ് സോഷ്യല്‍ ക്‌ളബില്‍ തുടങ്ങി പത്ത് മണിയോടെ സമാപിക്കത്തക്ക രീതിയിലുള്ള ഒരുക്കങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് സികെസി ട്രഷറര്‍ തോമസ്‌കുട്ടി മണിയങ്ങാട്ട് അറിയിച്ചു. കവന്‍ട്രിയില്‍ അറിയപ്പെടുന്ന ജേക്കബ്‌സ് റെസ്റ്റൊറിന്റെ സ്വാദിഷ്ടമായ ഭക്ഷണവും, കുട്ടികളും, മാതാപിതാക്കളും ഒരു പോലെ കുടുംബ സമേതം ആസ്വദിക്കത്തക്ക രീതിയിലുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത് എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഭരണപരമായ ശുശ്രുഷകളില്‍ രൂപാതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാള്‍മാരെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. മുഖ്യവികാരിജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാള്‍മാരായി വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കലും വെരി റെവ. ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ വികാരി ജനറാളായി തുടരും. വികാരി ജനറാള്‍മാരായിരുന്നു റെവ. ഡോ. തോമസ് പറയടിയില്‍ MST, റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍.
പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ വികാരിയായി റെവ. ഫാ. ബാബു പുത്തെന്‍പുരക്കലും ഇന്ന് നിയമിക്കപ്പെട്ടു. രൂപത ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാന്‍സ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങള്‍ക്കായി ഫിനാന്‍സ് സെക്രട്ടറി ശ്രീ. ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്.
നാല് വികാരി ജനറാള്‍മാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളില്‍ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കും (വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മിഡില്‍സ്ബറോ, വെരി റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍ മാഞ്ചസ്റ്റര്‍, വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ ലെസ്റ്റര്‍, വെരി റെവ. ഫാ. ജിനോ അരിക്കാട്ട് ലിവര്‍പൂള്‍). മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വിശാലമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വിശ്വാസികള്‍ക്ക് പൊതുവായ കാര്യങ്ങളില്‍ രൂപതാ നേതൃത്വത്തെ സമീപിക്കാന്‍ ഈ ക്രമീകരണം കൂടുതല്‍ സഹായകരമാകുമെന്ന് രൂപതാധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2023 ഓടുകൂടി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ പദ്ധതിയിടുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇനിയുള്ള വര്ഷങ്ങളിലെ ‘പഞ്ചവത്സര അജപാലന’ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ സീറോ മലബാര്‍ സഭയുടെ നാല് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് നാല് വികാരി ജനറാള്‍മാര്‍ എന്നതും ഈ നിയമനങ്ങളില്‍ ശ്രദ്ധേയമാണ്.
റോമിലെ വിഖ്യാതമായ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ‘കുടുംബവിജ്ഞാനീയ’ത്തില്‍, ഡോക്ടര്‍ ബിരുദം നേടിയിട്ടുള്ള വെരി റെവ. ഡോ. ആന്റണി, ചുണ്ടെലിക്കാട്ട് ചാക്കോ ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്‌നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. റോമിലെ ജോണ്‍ പോള്‍ സെക്കന്റ് ഇന്‌സ്ടിട്യൂട്ടിന്റെ കുടുംബവിജ്ഞാനീയ പഠനങ്ങളുടെ ഏഷ്യന്‍ വിഭാഗം തലവനായിരുന്ന അദ്ദേഹത്തിന് മലയാളത്തിന് പുറമെ ഇംഗ്ലീഷ്, തമിഴ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ചങ്ങനാശ്ശേരിയിലെ കുറിച്ചിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമില്‍ ഉപരിപഠനം നടത്തി. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറുമാണ് അദ്ദേഹം. നിലവില്‍ മിഡില്‍സ്ബറോ രൂപതയിലെ ഇടവക വികാരിയും മിഡില്‍സ്‌ബോറോ സീറോ മലബാര്‍ മിഷന്‍ കോ ഓര്‍ഡിനേറ്ററുമായി സേവനം ചെയ്തുവരികയായിരുന്നു.
2015 ല്‍ സി.ബി.എസ്.സി. യുടെ മികച്ച അധ്യാപകനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ വെരി റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, താമരശ്ശേരി രൂപതയിലെ പുതുപ്പാടി വെള്ളിയാട് ഇടവകഅംഗമാണ്. ചേലക്കല്‍ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ പുത്രനായ ഫാ. ജോര്‍ജ്, തലശ്ശേരി മൈനര്‍ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം ചെയ്ത അദ്ദേഹം വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍ എന്നീ നിലകളിലും ശുശ്രുഷ ചെയ്തു. സോഷിയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും ബി. എഡ്. ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയായി സേവനം ചെയ്യുന്നു.
ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും (MCBS) ഇരിഞ്ഞാലക്കുട സെന്റ് മേരീസ് കരൂര്‍ ഇടവകഅംഗവുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ ‘ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്, ലിതെര്‍ലാന്‍ഡ്, ലിവര്‍പൂള്‍ ദേവാലയത്തിന്റെ വികാരിയാണ്. അരീക്കാട്ട് വര്‍ഗ്ഗീസ് പൗളി ദമ്പതികളുടെ പുത്രനായി ജനിച്ച അദ്ദേഹം അതിരമ്പുഴ ലിസ്യൂ സെമിനാരി, ബാംഗ്‌ളൂര്‍ ജീവാലയ, താമരശ്ശേരി സനാതന മേജര്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദികപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മന്റ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
പുതിയ നിയമനങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്നും രൂപതയുടെ പ്രത്യേകമായ അജപാലന ശുശ്രുഷകള്‍ക്കായി ദൈവം നല്‍കിയിരിക്കുന്ന ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ വിശ്വാസികളും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
മലയാളം യുകെ സ്പെഷ്യല്‍ കറസ്പോണ്ടൻറ്
പ്രധാനമന്ത്രി തെരേസ മേയും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും തമ്മിൽ ബ്രെക്സിറ്റ് ഡെഡ് ലോക്ക് ഒഴിവാക്കുന്നതിനായി ആദ്യവട്ട ചർച്ചകൾ നടത്തി. ഇന്ന് നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നെന്നും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചെന്നുമാണ് അറിയുന്നത്. മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത് എന്നുള്ള ഒരു നടപടിക്രമം രണ്ടു നേതാക്കളും അംഗീകരിച്ചു.
കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും സമവായ ചർച്ചകൾക്കായി ഓരോ ടീമുകളെ നിയോഗിച്ചു. അവർ ഇന്ന് രാത്രി ബ്രെക്സിറ്റ് വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ നടത്തും. നാളെ നടക്കുന്ന മുഴുദിന ചർച്ചകൾക്ക് മുന്നോടിയാണിത്. ഇരു പാർട്ടികളും തങ്ങളുടെ സമീപനങ്ങളിൽ അയവു വരുത്തിയതായി നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.
ബ്രെക്സിറ്റിൽ ഒരു തീരുമാനം പാർലമെന്റിൽ എം പിമാർക്ക് എടുക്കാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്താൻ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും യോജിപ്പിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ പുതിയ ബ്രെക്സിറ്റ് പ്ളാൻ പാർലമെന്റിൽ അംഗീകരിച്ച് യൂറോപ്യൻ യൂണിയനു മുന്നിൽ ഏപ്രിൽ 12 ന് മുമ്പ് സമർപ്പിച്ചില്ലെങ്കിൽ ഡീലില്ലാതെ ബ്രിട്ടൺ പുറത്തു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ഇന്നത്തെ ചർച്ചകൾ ബ്രെക്സിറ്റ് ശുഭപര്യവസായി മാറുന്നു എന്ന സൂചനയാണ് നല്കുന്നത്
ന്യൂസ് ഡെസ്ക്
രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി വയനാട് മാറുന്നു. വയനാട്ടിൽ പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെത്തി. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ട്. പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ രാഹുൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് വിവരം.
കൽപറ്റ
രാത്രി ഉന്നത കോൺഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും.
എസ്.കെ.എം.ജെ. ഹൈസ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങും. അവിടന്ന് റോഡ് ഷോ ആയി നാമനിർദേശ പത്രിക നൽകാൻ കളക്ടറേറ്റിലേക്ക് പോകും. തുടർന്ന് മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ ഏജൻസിയുടെ അനുമതി ലഭിച്ചശേഷമേ വ്യാഴാഴ്ചത്തെ പരിപാടികളിൽ അന്തിമ തീരുമാനമാവുകയുള്ളൂ.
ന്യൂസ് ഡെസ്ക്
മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്.
വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു സൈരാങ്ക്. അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാതെ സൈരാങ്ക് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.
പത്ത് രൂപയേ സൈരാങ്കിന്റെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് സൈരാങ്ക് സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ നിരവധി പേർ പങ്കുവെക്കുന്നുണ്ട്.
60,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ എന്ന് സൈരങ്കിന്റെ കഥ കേട്ടവര്‍ പറയുന്നു.
റോബി മേക്കര
പ്രകൃതി കേരളക്കരയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ഞൊടിയിടകൊണ്ട് 30,000ല്‍ പരം പൗണ്ട് സമാഹരിച്ച് പ്രളയത്തെപ്പോലും തടഞ്ഞു നിര്‍ത്തി കേരളക്കരയില്‍ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ മാറ്റൊലികള്‍ എത്തിച്ചുകൊണ്ട് വിനോദ് മാണി-ജില്‍സ് സംഘം പടിയിറങ്ങുമ്പോള്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് യുകെ മലയാളി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സിബി ജോസഫ്-ബിനു മോന്‍ സഖ്യം അരങ്ങത്തേക്ക്.
യുകെയിലുള്ള പല അസോസിയേഷന്റെയും മുന്നില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നയിക്കാന്‍ ആളെ കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന പച്ചയായ പരമാര്‍ത്ഥം നിലനില്‍ക്കെയാണ് ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന് നാല്‍പതിലധികം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി സിബി ജോസഫ്-ബിനുമോന്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നിരിക്കുന്നത്.
കല, കായിക, സാസ്‌കാരിക മേഖലകളില്‍ എല്ലാം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് യുകെ മലയാളി സമൂഹത്തിനു മുന്നില്‍ വേറിട്ടു നില്‍ക്കുന്ന ജിഎംഎ തങ്ങള്‍ ഏറ്റെടുക്കുന്ന ഏതു പരിപാടിയും സംഘാടന മികവുകൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും യുകെ മലയാളി സമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി കഴിഞ്ഞ 17 വര്‍ഷമായി നിലനില്‍ക്കുന്നു എന്നതാണ് ഓരോ വര്‍ഷവും മുമ്പോട്ടു വരുന്ന ഭരണസമിതിയുടെ മുമ്പിലുള്ള വെല്ലുവിളി.
ഈ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തുകൊണ്ട് പുതിയ കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനൊരുങ്ങുകയാണ് പുതിയ ഭരണ സമിതി. രക്ഷാധികാരി ഡോ.തിയോഡര്‍ ഗബ്രിയേല്‍, പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ്, ട്രഷറര്‍ ജോര്‍ജ് ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു ഇടിക്കുള, ജോ.സെക്രട്ടറി സജി വര്‍ഗ്ഗീസ്, ജോ.ട്രഷറര്‍ ജോസഫ് കോടങ്കണ്ടത്ത് മുതലായവരുടെ നേതൃത്വത്തിലുള്ള ശക്തമായ ഭരണസമിതിയാണ് 2019ല്‍ ജിഎംഎ അസോസിയേഷനെ നയിക്കുവാനായി മുന്നോട്ടു വന്നിരിക്കുന്നത്.
അടുത്ത ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ പ്രോഗ്രാമുകള്‍ക്കും ഇതിനോടകം രൂപരേഖ നല്‍കിക്കഴിയുകയും എല്ലാ മെമ്പേഴ്‌സിനും അയച്ചുകൊടുക്കുകയും ചെയ്തു. ജിഎംഎ ഓരോ വര്‍ഷത്തെയും ആദ്യത്തെ പരിപാടി എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെ മലയാളി സമൂഹത്തിനു മുന്നില്‍ വേറിട്ടതും വ്യത്യസ്തവുമായി അവതരിപ്പിച്ചുകൊണ്ട് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഎംഎ നൈറ്റ് വളരെ വ്യത്യസ്തവും മനോഹരവുമാക്കാന്‍ ഒരുങ്ങുകയാണ് പുതിയ ഭരണസമിതി. ഏപ്രില്‍ 28ന് പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്റെ നേതൃത്വത്തിലുള്ള സ്വരരാഗസന്ധ്യ എന്ന ലൈവ് ഓര്‍ക്കസ്ട്ര പ്രോഗ്രാം ആണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇച്ഛാശക്തിയുള്ള പുതിയ ഭരണ സാരഥികളും അവര്‍ക്ക് പിന്തുണയുമായി കര്‍മോത്സുകരും ഊര്‍ജ്ജസ്വലരുമായ അണികളും അണിനിരക്കുന്ന ജിഎംഎ 2019ല്‍ യുകെ മലയാളി സമൂഹത്തിനു മുന്നില്‍ കാഴ്ചവെക്കുവാന്‍ ഒരുങ്ങുന്നത് ഇതുവരെ കാണാത്ത ഗംഭീര പ്രകടനമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ന്യൂസ് ഡെസ്ക്
കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.