മലയാളം യുകെ സ്പെഷ്യല്‍ കറസ്പോണ്ടൻറ്
പ്രധാനമന്ത്രി തെരേസ മേയും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും തമ്മിൽ ബ്രെക്സിറ്റ് ഡെഡ് ലോക്ക് ഒഴിവാക്കുന്നതിനായി ആദ്യവട്ട ചർച്ചകൾ നടത്തി. ഇന്ന് നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നെന്നും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചെന്നുമാണ് അറിയുന്നത്. മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത് എന്നുള്ള ഒരു നടപടിക്രമം രണ്ടു നേതാക്കളും അംഗീകരിച്ചു.
കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും സമവായ ചർച്ചകൾക്കായി ഓരോ ടീമുകളെ നിയോഗിച്ചു. അവർ ഇന്ന് രാത്രി ബ്രെക്സിറ്റ് വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ നടത്തും. നാളെ നടക്കുന്ന മുഴുദിന ചർച്ചകൾക്ക് മുന്നോടിയാണിത്. ഇരു പാർട്ടികളും തങ്ങളുടെ സമീപനങ്ങളിൽ അയവു വരുത്തിയതായി നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.
ബ്രെക്സിറ്റിൽ ഒരു തീരുമാനം പാർലമെന്റിൽ എം പിമാർക്ക് എടുക്കാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്താൻ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും യോജിപ്പിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ പുതിയ ബ്രെക്സിറ്റ് പ്ളാൻ പാർലമെന്റിൽ അംഗീകരിച്ച് യൂറോപ്യൻ യൂണിയനു മുന്നിൽ ഏപ്രിൽ 12 ന് മുമ്പ് സമർപ്പിച്ചില്ലെങ്കിൽ ഡീലില്ലാതെ ബ്രിട്ടൺ പുറത്തു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ഇന്നത്തെ ചർച്ചകൾ ബ്രെക്സിറ്റ് ശുഭപര്യവസായി മാറുന്നു എന്ന സൂചനയാണ് നല്കുന്നത്
ന്യൂസ് ഡെസ്ക്
രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി വയനാട് മാറുന്നു. വയനാട്ടിൽ പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെത്തി. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ട്. പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ രാഹുൽ കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് വിവരം.
കൽപറ്റ
രാത്രി ഉന്നത കോൺഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും.
എസ്.കെ.എം.ജെ. ഹൈസ്കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങും. അവിടന്ന് റോഡ് ഷോ ആയി നാമനിർദേശ പത്രിക നൽകാൻ കളക്ടറേറ്റിലേക്ക് പോകും. തുടർന്ന് മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും. സുരക്ഷാ ഏജൻസിയുടെ അനുമതി ലഭിച്ചശേഷമേ വ്യാഴാഴ്ചത്തെ പരിപാടികളിൽ അന്തിമ തീരുമാനമാവുകയുള്ളൂ.
ന്യൂസ് ഡെസ്ക്
മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്.
വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു സൈരാങ്ക്. അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാതെ സൈരാങ്ക് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.
പത്ത് രൂപയേ സൈരാങ്കിന്റെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് സൈരാങ്ക് സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ നിരവധി പേർ പങ്കുവെക്കുന്നുണ്ട്.
60,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ എന്ന് സൈരങ്കിന്റെ കഥ കേട്ടവര്‍ പറയുന്നു.
റോബി മേക്കര
പ്രകൃതി കേരളക്കരയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ഞൊടിയിടകൊണ്ട് 30,000ല്‍ പരം പൗണ്ട് സമാഹരിച്ച് പ്രളയത്തെപ്പോലും തടഞ്ഞു നിര്‍ത്തി കേരളക്കരയില്‍ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ മാറ്റൊലികള്‍ എത്തിച്ചുകൊണ്ട് വിനോദ് മാണി-ജില്‍സ് സംഘം പടിയിറങ്ങുമ്പോള്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് യുകെ മലയാളി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സിബി ജോസഫ്-ബിനു മോന്‍ സഖ്യം അരങ്ങത്തേക്ക്.
യുകെയിലുള്ള പല അസോസിയേഷന്റെയും മുന്നില്‍ നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നയിക്കാന്‍ ആളെ കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന പച്ചയായ പരമാര്‍ത്ഥം നിലനില്‍ക്കെയാണ് ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന് നാല്‍പതിലധികം എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി സിബി ജോസഫ്-ബിനുമോന്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നിരിക്കുന്നത്.
കല, കായിക, സാസ്‌കാരിക മേഖലകളില്‍ എല്ലാം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് യുകെ മലയാളി സമൂഹത്തിനു മുന്നില്‍ വേറിട്ടു നില്‍ക്കുന്ന ജിഎംഎ തങ്ങള്‍ ഏറ്റെടുക്കുന്ന ഏതു പരിപാടിയും സംഘാടന മികവുകൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും യുകെ മലയാളി സമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി കഴിഞ്ഞ 17 വര്‍ഷമായി നിലനില്‍ക്കുന്നു എന്നതാണ് ഓരോ വര്‍ഷവും മുമ്പോട്ടു വരുന്ന ഭരണസമിതിയുടെ മുമ്പിലുള്ള വെല്ലുവിളി.
ഈ വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തുകൊണ്ട് പുതിയ കര്‍മ്മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാനൊരുങ്ങുകയാണ് പുതിയ ഭരണ സമിതി. രക്ഷാധികാരി ഡോ.തിയോഡര്‍ ഗബ്രിയേല്‍, പ്രസിഡന്റ് സിബി ജോസഫ്, സെക്രട്ടറി ബിനുമോന്‍ കുര്യാക്കോസ്, ട്രഷറര്‍ ജോര്‍ജ് ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു ഇടിക്കുള, ജോ.സെക്രട്ടറി സജി വര്‍ഗ്ഗീസ്, ജോ.ട്രഷറര്‍ ജോസഫ് കോടങ്കണ്ടത്ത് മുതലായവരുടെ നേതൃത്വത്തിലുള്ള ശക്തമായ ഭരണസമിതിയാണ് 2019ല്‍ ജിഎംഎ അസോസിയേഷനെ നയിക്കുവാനായി മുന്നോട്ടു വന്നിരിക്കുന്നത്.
അടുത്ത ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ പ്രോഗ്രാമുകള്‍ക്കും ഇതിനോടകം രൂപരേഖ നല്‍കിക്കഴിയുകയും എല്ലാ മെമ്പേഴ്‌സിനും അയച്ചുകൊടുക്കുകയും ചെയ്തു. ജിഎംഎ ഓരോ വര്‍ഷത്തെയും ആദ്യത്തെ പരിപാടി എന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുകെ മലയാളി സമൂഹത്തിനു മുന്നില്‍ വേറിട്ടതും വ്യത്യസ്തവുമായി അവതരിപ്പിച്ചുകൊണ്ട് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഎംഎ നൈറ്റ് വളരെ വ്യത്യസ്തവും മനോഹരവുമാക്കാന്‍ ഒരുങ്ങുകയാണ് പുതിയ ഭരണസമിതി. ഏപ്രില്‍ 28ന് പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണി മേനോന്റെ നേതൃത്വത്തിലുള്ള സ്വരരാഗസന്ധ്യ എന്ന ലൈവ് ഓര്‍ക്കസ്ട്ര പ്രോഗ്രാം ആണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇച്ഛാശക്തിയുള്ള പുതിയ ഭരണ സാരഥികളും അവര്‍ക്ക് പിന്തുണയുമായി കര്‍മോത്സുകരും ഊര്‍ജ്ജസ്വലരുമായ അണികളും അണിനിരക്കുന്ന ജിഎംഎ 2019ല്‍ യുകെ മലയാളി സമൂഹത്തിനു മുന്നില്‍ കാഴ്ചവെക്കുവാന്‍ ഒരുങ്ങുന്നത് ഇതുവരെ കാണാത്ത ഗംഭീര പ്രകടനമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ന്യൂസ് ഡെസ്ക്
കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പാർലമെന്റിന് ബ്രെക്സിറ്റിൽ സമവായത്തിലെത്താനായില്ല. ഇന്ന് നടന്ന വോട്ടിംഗിൽ നാല് ബ്രെക്സിറ്റ് ഓപ്ഷനുകളും എം.പിമാർ നിരാകരിച്ചു.
ന്യൂസ് ഡെസ്ക്
170 രാജ്യങ്ങളിലെ 7000 നഗരങ്ങൾ പങ്കെടുക്കുന്ന ഏർത്ത് അവർ ആരംഭിച്ചു. ഇന്ന് രാത്രി 8.30 മുതൽ ഒരു മണിക്കൂർ എല്ലാ ലൈറ്റുകളും അവർ സ്വിച്ച് ഓഫ് ചെയ്യും. ലോകമെമ്പാടുമുള്ള ജനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാകും. സമോവ മുതൽ ഹോംങ്കോങ്ങ് വരെയും ബക്കിംഗാം പാലസും ഏർത്ത് അവറിൽ കൈകോർക്കും.
ആഗോള താപനം, മലിനീകരണം, പ്ലാസ്റ്റിക്, ഭക്ഷ്യോൽപാദനം എന്നിവ മൂലം പ്രപഞ്ചത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യരാശിയെ എങ്ങനെ ബാധിക്കുന്നുവെന്ന് ബോധവൽക്കരണം നടത്തുകയാണ് ഗ്ലോബൽ സ്വിച്ച് ഓഫ് ഇവന്റുകൊണ്ട് ഉദ്ദേശിക്കുന്നത്.
പസിഫിക് ഐലൻഡിലെ സമോവയിൽ പ്രാദേശിക സമയം രാത്രി 8.30 ന് ഏർത്ത് അവറിന് തുടക്കമായി. എല്ലാ വർഷവും ലോകരാജ്യങ്ങൾ ഏർത്ത് അവറിൽ പങ്കെടുക്കാറുണ്ട്. ഏഷ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയിലും ഏർത്ത് അവർ കടന്നു പോയി. ബ്രിട്ടണിൽ ഇന്ന് രാത്രി 8.30 മുതൽ ഏർത്ത് അവർ തുടങ്ങും.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ദീർഘനാളത്തെ ശുശ്രുഷകൾക്കുശേഷം സ്ഥലം മാറിപ്പോകുന്ന വെരി. റെവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിനു ഞായറാഴ്ച സെൻറ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ യാത്രയയപ്പ് നൽകും. രാവിലെ 11 മണിക്ക് അർപ്പിക്കുന്ന ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ, കത്തീഡ്രൽ ഇടവക വികാരി, രൂപത ഫൈനാൻസ് ഓഫീസർ എന്നീ നിലകളിൽ ശുശ്രുഷ ചെയ്തു വരികയായിരുന്നു അദ്ദേഹം.
വി. കുർബാനക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കും. റെവ. ഫാ. മാത്യു ചൂരപൊയ്കയിൽ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രൽ, ബ്ളാക്പൂൾ, ബ്ലാക്ക് ബേൺ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളർപ്പിച്ചു സംസാരിക്കുകയും ഇടവകയുടെ ഉപഹാരം സമർപ്പിക്കുകയും ചെയ്യും.
ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച അദ്ദേഹം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിലും നിർണ്ണായക പങ്കു വഹിച്ചു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും ഫാ. മാത്യു ചൂരപൊയ്കയിൽ വിവിധ തലങ്ങളിൽ നേതൃത്വം നൽകി. രൂപതയുടെ വികാരി ജനറാളായും ഫിനാൻസ് ഓഫീസറായും കത്തീഡ്രൽ വികാരിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ലങ്കാസ്റ്റർ രൂപതയുടെ പുതിയ ചുമതലകളിലേക്കു മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ശുശ്രുഷകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരിക്കും.
സേവനം യു.കെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ഗുരുദേവ കുടുംബ സംഗമം മെയ് 5ന് ഏയ്ല്‍സ്‌ബെറിയില്‍ വെച്ച് നടക്കുന്നു. പ്രസ്തുത പരിപാടിയില്‍ പ്രഭാഷണങ്ങള്‍, ഭജന സംഘം, കുട്ടികളുടെ കലാപരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യു.കെ ഭാരവാഹികള്‍ അറിയിച്ചു.
മെയ് 4ന് ബെര്‍മിങ്ങ്ഹാമിലുള്ള വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എട്ടാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ എം.പി ആശംസകള്‍ നേര്‍ന്നു. 2017ല്‍ നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പി കുടുംബ സമേധം പങ്കെടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യു.കെയിലും, നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും, എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കി ജില്ലയുടെ തനിമ നിലനിര്‍ത്തുന്ന ഇടുക്കി ജില്ലാ സംഗമം ശക്തിയായി മുന്നേറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മെയ് മാസം 4ന് നടത്തുന്ന കൂട്ടായ്മയില്‍ ക്യാന്‍സര്‍ റിസേര്‍ച്ച് യു.കെയുമായി സഹകരിച്ച് അന്നേ ദിവസം കൊണ്ട് വരുന്ന തുണികള്‍ കൈമാറാവുന്നതും, വ്യത്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു. മെയ് 4ന് നടത്തുന്ന ഈ കൂട്ടായ്മയില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ എല്ലാ ഇടുക്കി ജില്ലാക്കാരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.
വേദിയുടെ അഡ്രസ്,
Community Center
Wood-cross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.