ന്യൂസ് ഡെസ്ക്

കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.