Uncategorized

ദിനേശ് വെള്ളാപ്പിള്ളി.

കാലവര്‍ഷം താണ്ഡവമാടിയ കേരളത്തിനു വേണ്ടി കൈകോര്‍ക്കാം നമുക്കൊരുമിച്ച്. സേവനം യു.കെയുടെ എല്ലാ ആഘോഷങ്ങളും റദ്ദ് ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി കൈകോര്‍ക്കുന്നു. സേവനം യു.കെ സെപ്റ്റംബര്‍ 16ന് എയില്‍സ് ബറിയില്‍ വച്ച് നടത്താനിരുന്ന ചതയദിനാഘോഷം റദ്ദ് ചെയ്തു കൊണ്ട് അതിനു വേണ്ടി സമാഹരിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാന്‍ തീരുമാനിച്ചു. സേവനം യുകെയുടെ എല്ലാ യൂണിറ്റുകളും ആഘോഷ പരിപാടികള്‍ മാറ്റിവെച്ച് കുടുംബ പ്രാര്‍ത്ഥനയോടെ ശ്രീനാരായണ ജയന്തി ആചരിക്കാന്‍ തീരുമാനിച്ചു.

കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന് ഒരു ചെറിയ സഹായഹസ്തം നല്‍കി നമ്മുടെ നാടിനെ രക്ഷിക്കാന്‍ എല്ലാ നല്ല വരായ പ്രവാസികളോടും സേവനം യുകെ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം നല്ലവരായ കൂട്ടുകാരേ നിങ്ങള്‍ക്ക് കഴിയുംവിധം ഒരു കൈത്താങ്ങ് സേവനം യുകെയ്ക്ക് സംഭാവന ചെയ്യുക. നമ്മള്‍ കേട്ടറിഞ്ഞതിനേക്കാള്‍ എത്രയോ ഭയാനകമാണ് നമ്മുടെ നാടിന്റെ അവസ്ഥ. 181 ഓളം ജീവനുകളാണ് പൊലിഞ്ഞത്.

മാതാപിതാക്കളും, സഹോദരങ്ങളും നഷ്ടപെട്ടവരുടേയും നിലവിളികളാണ് എങ്ങും! അത് കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാകുമോ.! നാം പിറന്നു വീണതും പിച്ചവച്ചതുമായ നാട് പൂര്‍വ്വസ്ഥിതിയിലേക്കാകുവാന്‍ ദൈവത്തിന്റെ സ്വന്തം നാടിനെ തിരിച്ചു കിട്ടുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കൈകോര്‍ക്കാം.

ഒരു ആയുസ് മുഴുവന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവര്‍, വീടും, വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ഇവയെല്ലാം നഷ്ടങ്ങളില്‍ പെടുന്നു. ഇവിടെ എന്തുകൊണ്ട് നമുക്കൊരു സഹായം എത്തിച്ചു കൂടാ.! പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സേവനം യുകെ ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു.

അദ്ധ്യായം – 18
ശ്രീ ബുദ്ധന്റെ മുന്നിലെത്തിയ വഴികള്‍

എവിടെ അഭയം തേടുമെന്നായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്ന ചോദ്യം. അവര്‍ അടുത്തു വരുന്തോറും ആകുലത വര്‍ദ്ധിച്ചു. ടിക്കറ്റ് എടുത്തിരുന്നെങ്കില്‍ യാത്ര ഇത്രമാത്രം ക്ലേശകരമാകില്ലായിരുന്നു. രക്ഷപ്പെടാനുളള വഴികള്‍ ആരാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ട്രെയിനിന്റെ വേഗം കുറഞ്ഞ് സൈറണ്‍ മുഴങ്ങിയത്. ട്രെയിന്‍ ഏതോ ഒരു സ്‌റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു. അപ്പോഴേക്കും ചെക്കര്‍ എന്റെയടുക്കല്‍ എത്തിയിരുന്നു. എന്റെയടുത്തായി രണ്ടു പേര്‍ നില്പുണ്ട്. ഞാന്‍ ജീവനറ്റവനെ പോലെ അയാളെ തറപ്പിച്ചു നോക്കിയിട്ട് ടിക്കറ്റ് എടുക്കുന്ന ഭാവത്തില്‍ പോക്കറ്റിലിരുന്ന ഇന്റര്‍വ്യൂ പേപ്പര്‍ എടുത്തു. എന്നിട്ട് വീണ്ടും പോക്കറ്റിലേക്ക് നോക്കി. ആ സമയം അയാള്‍ അടുത്തു നിന്നവന്റെ ടിക്കറ്റു നോക്കി കൊടുക്കുന്ന സമയം ട്രെയിനിന്റെ വേഗം കുറഞ്ഞു വന്നു. എന്റെ അടുത്തു നിന്നവന്റെ കൈയ്യിലും ടിക്കറ്റ് ഇല്ലായിരുന്നു. അവന്‍ ഏതാനം നോട്ടുകള്‍ കൈക്കൂലിയായി കൊടുത്തു. അവര്‍ സംസാരിച്ചു നിന്നു. എനിക്കിത് നേരിയ ആശ്വാസം നല്‍കി.

ട്രെയിന്‍ പ്ലാറ്റ് ഫോമില്‍ എത്തുന്നതിനു മുന്നേ ആത്മധൈര്യത്തോടെ ഞാന്‍ പുറത്തേക്ക് ചാടി അതിവേഗമോടി. എന്നെ നോക്കി ട്രെയിനിലുളളവര്‍ നിന്നു. കുറച്ചു ദൂരം ഓടിയിട്ട് ഏങ്ങലടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി. ഇനിയും ഒരുത്തനും എന്നെ കണ്ടെത്താനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അല്പസമയം പരിക്ഷീണനായി ഞാനവിടെ നിന്നു. ഓട്ടവും വിശപ്പും ദാഹവും എന്നെ അവശനാക്കിയിരുന്നു. രാവിലെ ഭക്ഷണം കഴിച്ചതാണ്. ഉച്ചക്ക് കഴിച്ചിട്ടില്ല. ട്രെയിന്‍ ടിക്കറ്റിന് കാശില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ കാശുളളതോര്‍ത്ത് എന്റെ മുഖം തെളിഞ്ഞു. ലക്ഷ്യമില്ലാതെ ഓടിയത് എങ്ങോട്ടെന്നറിയില്ല. ഏതു സ്‌റ്റേഷന്‍ എന്നുമറിയില്ല. അറിയാത്ത വഴിയിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു ചെറിയ വീടും അതിനടുത്തുളള പറമ്പത്ത് ഒരാള്‍ ജോലി ചെയ്യുന്നുണ്ട്. ഇനിയും അടുത്തുവരുന്ന ട്രെയിനില്‍ കയറി റാഞ്ചിയിലെത്തണം. ഞാന്‍ പോകുന്ന വഴിയിലൂടെ ഒരു പാവം മനുഷ്യന്‍ എന്റെ നേരെ നടന്നു വരുന്നു. സൗഹൃദ ഭാവത്തില്‍ ചോദിച്ചു. ഇവിടെ അടുത്തുളള ട്രയിന്‍ സ്‌റ്റേഷന്‍ ഏതാണ്. അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു, ഇതു ഗയ സ്റ്റേഷനാണ്.

ഞാന്‍ നിശബ്ദനായി നിന്നു. എന്റെ മനസ്സില്‍ ബുദ്ധന്‍ തുടിച്ചു നിന്നു. മാനവരാശിക്ക് പ്രകാശം ചൊരിഞ്ഞ ബുദ്ധന്‍ പാര്‍ത്ത മണ്ണിലെന്ന് ഓര്‍ത്തു. ഞാന്‍ രക്ഷപ്പെട്ട് ഓടിയത് ഈ സ്ഥലത്തെന്ന് അറിഞ്ഞിരുന്നില്ല. മനസ്സു നിറയെ ശ്രീ ബുദ്ധന്‍. ആ പുണ്യാത്മാവിനെ പറ്റി ധാരാളം അറിഞ്ഞിരുന്നെങ്കിലും അദ്ദേഹം ധ്യാനിച്ച സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ശ്രീബുദ്ധന്റെ ഗയയില്‍ ഇനിയൊരിക്കല്‍ വരണമെന്ന് പാറ്റനയ്ക്ക് പോകുമ്പോള്‍ മനസ്സില്‍ നിനച്ചതാണ്. പൊടുന്നനെ അതു മുന്നിലെത്തിയിരിക്കുന്നു. വാച്ചിലേക്ക് നോക്കി. നാലു മണി കഴിഞ്ഞിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ആശയമുദിച്ചു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം എവിടെയെന്ന് അറിയണം. അടുത്താണെങ്കില്‍ ഇന്നു തന്നെ കണ്ടിട്ട് മടങ്ങി പോകാം. അതല്ല ദൂരെയാണെങ്കില്‍ റയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിയിട്ട് രാവിലെ കാണാന്‍ പോകാം.

വേഗത്തില്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. സ്‌റ്റേഷനിലെത്തി. ചെറിയൊരു സ്‌റ്റേഷനാണ്, ടിക്കറ്റ് കൗണ്ടറില്‍ ചെന്നു അവിടെ ആരെയും കണ്ടില്ല. ദൂരെ നിന്ന ഒരാള്‍ കണ്ണുകളുയര്‍ത്തി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എവിടേക്കാ ടിക്കറ്റ്?. ഞാന്‍ പറഞ്ഞു, സാറെ ടിക്കറ്റ് വേണ്ട, ശ്രീബുദ്ധന്റെ അമ്പലം എവിടെയാണ്. ഉടനടി അയാള്‍ ചോദിച്ചു, മഹാ ബോധിയാണോ. ഞാന്‍ തലയാട്ടി അതെയെന്നു പറഞ്ഞു. ഈ അമ്പലം ശ്രീബുദ്ധനു വേണ്ടി പണിതത് അശോകചക്രവര്‍ത്തിയായിരുന്നു എന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അയാള്‍ പറഞ്ഞു. ബോധിഗയയിലേക്ക് പോകാനെങ്കില്‍ പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ഉണ്ട്. ഞനദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് മടങ്ങി വന്ന് യാത്രക്കാരുടെ മുറിയിലിരുന്നു ചിന്തിച്ചു. അങ്ങോട്ടു പോകണമെങ്കില്‍ എങ്ങനെ പോകും. എന്റെ അടുത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളോട് വിശദമായി ഞാന്‍ ചോദിച്ചു മനസ്സിലാക്കി.

ഇന്ന് എന്തായാലും പോകാന്‍ പറ്റത്തില്ല. രാത്രിയില്‍ ഇവിടെ കഴിച്ചു കൂട്ടുക തന്നെ. കൈയ്യില്‍ ബസ്സു കൂലിക്കുളള കാശുണ്ട്. പുറത്തുളള കടയില്‍ നിന്ന് എന്തെങ്കലും വാങ്ങി കഴിക്കണം. ശ്രീബുദ്ധന്‍ വന്നതിനു ശേഷവും ഈ മണ്ണിന്റെ മക്കള്‍ക്ക് യാതൊരു പുരോഗതിയുമില്ലെന്നു തോന്നി. എങ്ങും ദാരിദ്ര്യം പേറുന്ന ജനങ്ങളെയാണ് ബീഹാറില്‍ കണ്ടത്. ശ്രീ ബുദ്ധന്‍ ഇരുന്നു ധ്യാനിച്ച സ്ഥലം ഒരു വിശുദ്ധ ഭൂമിയാണ്. ആ ആത്മീയ ആചാര്യന്റെ സ്ഥലത്തു വന്നിട്ട് എനിക്ക് മടങ്ങിപോകാന്‍ കഴിയുന്നില്ല. അപ്പോഴും എന്റെ മനസ്സിലുദിച്ച ചോദ്യം, കളളട്രെയിന്‍ കയറിയിട്ടാണോ ഈ പുണ്യാത്മാവിന്റെ സ്ഥലം കാണാന്‍ വരേണ്ടത്. ഈ കളളനെ ശ്രീബുദ്ധന്‍ പോലും അംഗീകരിച്ചതിന്റെ തെളിവല്ലേ എന്നെ ഇവിടെ ഇറക്കിയത്. എന്റെ കയ്യില്‍ കാശില്ലെന്ന് അദ്ദേഹം പോലും അറിഞ്ഞിരിക്കുന്നു. എന്നാലും കുറ്റബോധം തോന്നി.

പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ മുദ്രാവാക്യങ്ങളുമായി കുറച്ചുപേര്‍ റോഡിലൂടെ നടന്നു പോകുന്നു. ഞാനും അവരെ പിന്‍തുടര്‍ന്നു. ഇവിടുത്തെ ജീവിതം നരകമാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണത്തിനെതിരെയാണ് ജയപ്രകാശ് നാരായണന്റെ അനുയായികള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇതുപോലുളള പീഡനങ്ങളാണ് പാവങ്ങള്‍ നേരിട്ടതെന്നും കൂട്ടത്തില്‍ ഒരാളോട് ചോദിച്ചപ്പോള്‍ മനസ്സിലായി. ഇന്ന് സന്ധ്യക്ക് ഗയ ടൗണില്‍ ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കാന്‍ വരുന്നുണ്ട്. അവര്‍ക്ക് അദ്ദേഹം നവോത്ഥാന നായകനാണ്. എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒരു കാര്യം അനുയായികളുടെ കൈയ്യില്‍ വലിയ വടികളും വാളുകളുമുണ്ടായിരുന്നു. ഇതേ കൊടികളാണ് പാറ്റനായിലെ പ്രകൃതി മൈതാനത്തും കണ്ടത്. കുറച്ചു ദൂരം അവര്‍ക്കൊപ്പം നടന്നിട്ട് ഞാന്‍ മടങ്ങിപോന്നു.

എന്തിനാണ് ഞാന്‍ അവര്‍ക്കൊപ്പം ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് രാത്രി കാലത്ത് സഞ്ചരിക്കുന്നത്. ഇന്നത്തെ യോഗസ്ഥലത്ത് എന്തും സംഭവിക്കാമെന്നു തോന്നി. അഭിമാനമാണ് ഈ ജനത്തെ കണ്ടപ്പോള്‍ തോന്നിയത്. രാജ്യത്തു നിന്ന് വെളുത്ത കഴുകന്മാര്‍ പോയെങ്കിലും കറുത്ത കഴുകന്മാര്‍ മനുഷ്യനു മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. രാജ്യസ്‌നേഹമുളള നേതാക്കന്മാര്‍ വരാതെ ഇന്ത്യയുടെ ദാരിദ്ര്യവും പട്ടിണിയും മാറില്ല. ഇന്നു കാണുന്നത് സിനിമയിലെപ്പോലുളള അഭിനവ നേതാക്കന്മാരാണ്. അല്പ സമയം രോഷപ്രകടനവുമായി പോകുന്നവരെ നോക്കി നിന്നു. അതില്‍ കൂടുതലും പ്രതികാര വാഞ്ചയുളള യുവാക്കളാണ്. സൂര്യന്റെ പ്രകാശം അണഞ്ഞു. ഞാനവിടെ കുറെ അലഞ്ഞു നടന്നു. വളരെ തിരക്കുളള ഒരു ഹോട്ടലില്‍ കയറി ചപ്പാത്തിയും ദാലും കഴിച്ചു. ഭക്ഷണം കൊടുക്കുന്നവര്‍ക്ക് ആരൊക്കെ കാശു കൊടുക്കുന്നു, അല്ലെങ്കില്‍ കൊടുക്കാതിരിക്കുന്നു, അതില്‍ ശ്രദ്ധിക്കാതെ വരുന്നവരുടെ ആവശ്യ പ്രകാരം ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നവര്‍ പുറത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തില്‍ നിന്ന് വെളളമെടുത്തിട്ട് കൈകഴുകി വന്നിട്ടാണ് കസേരയിലിരിക്കുന്ന കടയുടമക്ക് കാശു കൊടുക്കുന്നത്.

ഞാന്‍ കടമുതലാളിയേയും ജോലിക്കാരേയും വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. ഞാനും കൈകഴുകാന്‍ പുറത്തിറങ്ങി. മാന്യമായ രീതിയില്‍ കൈകഴുകി ഏതാനം മിനിറ്റുകള്‍ അകത്തേക്ക് നോക്കിയിട്ട് ഒരല്പം ഭീതിയോടെ മുന്നോട്ടു നടന്നു. സ്‌റ്റേഷനിലോട്ട് നടക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാണ്. ശ്രീബുദ്ധന്റെ നാട്ടില്‍ ആരേയും പട്ടിണിക്കിടത്തില്ല. എങ്ങും ഇരുള്‍ മൂടി. സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ വിരലിലെണ്ണാന്‍ ആള്‍ക്കാരുണ്ട്. ഞാന്‍ വിശ്രമ മുറിയില്‍ അഭയം പ്രാപിച്ചു. ഒരു അഭയാര്‍ത്ഥിയെ പോലെ ഞാനിരുന്നു. അതിനുളളില്‍ നീണ്ട താടിയുളള മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ ചുരുണ്ടു കൂടി ഇരുപ്പുണ്ട്. ഭിക്ഷക്കാരനെന്നു മനസ്സിലായി. അയാള്‍ എഴുന്നേറ്റു വന്നു യാചകനായ എന്നോട് ഒരു ചായ കുടിക്കാന്‍ കാശു തരണമെന്ന് യാചിച്ചു. ഒരു ചായയ്ക്ക് ഇരുപത് പൈസ മതി. എന്റെ പോക്കറ്റില്‍നിന്ന് അന്‍പതു പൈസ കൊടുത്തിട്ട് എന്തെങ്കിലും വാങ്ങി കഴിക്കാനും പറഞ്ഞു. ആ മുഖത്തെ ദൈന്യത, സ്‌നേഹം ഞാന്‍ കണ്ടു. അയാള്‍ എന്നെക്കാള്‍ ദരിദ്രനാണ്. എങ്ങു നിന്നോ ഒരു ട്രയിന്‍ വന്നു നിന്നു. അയാള്‍ ഭിക്ഷയാചിക്കാനായി പെട്ടെന്ന് അവിടേക്കു ചെന്നു.
വിശ്രമമുറിയില്‍ നേരം പുലരാനായി ഇരുന്നും എഴുന്നേറ്റും കോട്ടുവായിട്ടും കണ്ണടച്ചും തുറന്നും ഞാനിരുന്നു. അതിനിടയില്‍ പിച്ചക്കാരനും ആ മുറിയില്‍ വന്നിരുന്നു. അയാള്‍ അവിടുത്തെ അന്തേവാസിയെന്ന് തോന്നി. എന്തായാലും ഞാനയാള്‍ക്ക് അതിഥിയാണ്. ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടും. ആദരപൂര്‍വ്വമാണ് എന്നെ നോക്കുന്നത്. ഹൃദയം നിറഞ്ഞ നന്ദി ആ നോട്ടത്തിലുണ്ട്. ഇടക്ക് ഞാന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് അയാള്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നതാണ്. ഈ മുറിക്ക് ഒരു പുതിയ മാനം വന്നിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു റയില്‍വേ സ്റ്റേഷനില്‍ ഞാനിരുന്നുറങ്ങുന്നത്. കിഴക്കേ മലമുകളില്‍ സൂര്യനും എന്നെ പോലെ ഉറങ്ങിയുണര്‍ന്നു. പ്രഭാത കര്‍മ്മങ്ങള്‍ക്കിടയില്‍ പല്ലു തേച്ചത് വിരലുകള്‍ കൊണ്ടാണ്. എന്റെ അടുത്തിരുന്നയാള്‍ എന്തോ ചെറിയ കമ്പുരച്ചാണ് പല്ല് തേക്കുന്നത്. കുളിരു നിറഞ്ഞ കാറ്റ് അവിടെ വീശുന്നുണ്ടായിരുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ആലിംഗനം ചെയ്തു കൊണ്ടിരുന്നു.

പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ കല്‍ക്കട്ടയിലേക്ക് പോകാനുളള ട്രെയിന്‍ ചൂളം വിളിയുമായ് കടന്നുപോയി. ഞാന്‍ പുറത്തിറങ്ങി ബസ്സ് കിട്ടുന്നിടം ലക്ഷ്യമാക്കി നടന്നു. തണുപ്പു മാറിയിട്ടും നല്ല കുളിരാണ് അനുഭവപ്പെടുന്നത്. നടക്കുന്നതിനിടയില്‍ രണ്ടു വഴിയാത്രക്കാരോട് ബസ്സിന്റെ സ്ഥലം ചോദിച്ചറിഞ്ഞു. ശ്രീബുദ്ധനെ കാണാന്‍ വെമ്പല്‍ കൊളളുന്ന മനസ്സുമായി ഞാന്‍ നടന്നു. ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ ഒന്നിലധികം ബസ്സുകള്‍ കിടപ്പുണ്ട്. അതില്‍ ബോധിഗയയിലേക്കുളള ബസ്സും ഉണ്ടായിരുന്നു. ഞാനതില്‍ കയറിയിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ കണ്ടക്ടറോട് ബോധിമരച്ചുവട്ടിലേക്കെന്ന് പറഞ്ഞു. ബസ്സ് എത്തിയപ്പോള്‍ അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ബോധിഗയ…. എന്റെയൊപ്പം മറ്റു ചിലരും അവിടെയിറങ്ങി ബോധി മരച്ചുവട്ടിലേക്കു നടന്നു. ആ മരം ബുദ്ധന്‍ ഇരുന്ന മരത്തണലല്ല. അതിനു പകരം ഓര്‍മ്മിക്കാനെന്നവണ്ണമുളള മരമാണ്.
ബി.സി.563-ല്‍ നേപ്പാളില്‍ അതിസമ്പന്നമായ രാജകൊട്ടാരത്തില്‍ ജനിച്ച സിത്ഥാര്‍ത്ഥ ഗൗതമന്‍, ജീവിതത്തിന്റെ സര്‍വ്വ സൗഭാഗ്യങ്ങളുമുപേക്ഷിച്ച് പരാക്രമങ്ങളും, അനീതിയും, അസത്യങ്ങളും നടമാടുന്ന ഈ മണ്ണില്‍നിന്ന് പരമാനന്ദമായ സത്യവും, ജ്ഞാനവും തേടി സ്വര്‍ഗ്ഗലോകത്തേക്ക് യാത്രചെയ്തു. ആറു വര്‍ഷത്തിലധികമാണ് അദ്ദേഹം ഇവിടെ ധ്യാനത്തിലിരുന്നത്. അതിലൂടെ ജ്ഞാനോദയമുണ്ടായി. അടുത്തുളള മഹാബോധി അമ്പലത്തില്‍ ഈ ലോകത്തില്‍ പുഞ്ചിരി പ്രഭ സമ്മാനിച്ചു കൊണ്ടുളള സ്വര്‍ണ്ണനിറത്തിലുളള പ്രതിമയും അതിനടുത്തായി മഞ്ഞളിന്റെ നിറമുളള വസ്ത്രം ധരിച്ച ബുദ്ധ ഭിക്ഷുക്കള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും കണ്ടു. ശ്രീ ബുദ്ധനെ നേരില്‍ കണ്ടതു പോലെ തോന്നി. മണ്ണിലെ സുഖമോഹങ്ങളില്‍ നിന്നകന്ന് കഴിയാന്‍ ആര്‍ക്കാണ് കഴിയുക. മഹാരാജാവായി അന്തപുര സ്ത്രീകളുമായി കുടിച്ചും ഉല്ലസിച്ചും കഴിയേണ്ടയാള്‍ സര്‍വ്വ സുഖങ്ങളും പരിത്യജിക്കുക അത് ദിവ്യത്വമാണ്. മരണമുളള മനുഷ്യന്‍ മരണമില്ലാത്തവനായി മാറുന്നു. എന്റെ മനസ്സ് പറന്നത് ഹിമാലയത്തിലേക്കാണ്. തപസ്സ്, മനസ്സിന്റെ ഏകാഗ്രതയാണ്.

ശിവന്റെ തപസ്സിന് സാക്ഷിയായി ഗംഗയുളളതുപോലെ ഇവിടേയും ഒരു നദി ഒഴുകുന്നുണ്ട്. അതിന്റെ പേരാണ് നിരംബവ. ഹിമാലയത്തിലുളള പോലുളള കസ്തൂരിയുടെ മണമോ, നിറമാര്‍ന്ന പക്ഷികളോ, മയിലുകളോ, പൂക്കളോ ഞാനവിടെ കണ്ടില്ല. ഞാനവിടെ കണ്ടത് ലോകത്തിനു ജീവന്‍ നല്‍കുന്ന ആത്മാവിന്റെ മണമാണ്. ഏത് മതവിശ്വാസിയായാലും ആശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് ശ്രീബുദ്ധന്‍ ഒരു വഴികാട്ടിയാണ്. ആത്മീയ ജീവിതം നയിക്കുന്നവര്‍ക്ക് ഇടറി വീഴാന്‍ ധാരാളം വഴികളുണ്ട്. അവര്‍ക്ക് സുന്ദര ജീവിതത്തേക്കാള്‍ ആത്മാവിന്റെ വിഭവങ്ങള്‍ വിളമ്പാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാനും അവിടെ ആത്മാവില്‍ വിടരുന്ന പൂവു പോലെയായിരുന്നു. പ്രകൃതിയുടെ പല ഭാവങ്ങള്‍ എങ്ങുമുണ്ട്. ചില ഭാഗങ്ങളില്‍ ചെടികള്‍ പ്രസരിപ്പോടെ നില്‍പ്പുണ്ട്. ബുദ്ധ ഭക്തനായ അശോക ചക്രവര്‍ത്തി, ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ് 280 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുന്ദരമായ മഹാ ബോധിയമ്പലം അവിടെ പണിയുന്നത്. നൂറ്റാണ്ടുകളായി ബുദ്ധഭിക്ഷുക്കളും ആരാധകരും ധാരാളമായി അവിടെ പ്രാര്‍ത്ഥിക്കുന്നു.

ശ്രീബുദ്ധന്‍ ഗയയില്‍ മാത്രമല്ല സന്യസിച്ചതും ജീവിച്ചതും. മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കുഷിനഗര്‍, ലുംബിനി, സമര്‍നാഥ് മുതലായവയാണ്. പാറ്റനയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍. 2002 മുതല്‍ യുനസ്‌കോയുടെ ഒരു പൈതൃക കേന്ദ്രം കൂടിയാണിത്. വികാര ഭരിതനായി എല്ലാം കണ്ടിട്ട് ഞാനവിടെ നിന്നു സ്റ്റേഷനിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനും ഞാന്‍ മറന്നില്ല. രണ്ടു മണിയോടെ റാഞ്ചിയിലേക്ക് ട്രെയിന്‍ തിരിച്ചു. പിന്നില്‍ നിന്നും രണ്ടാമത്തെ ബോഗിയിലാണ് ഞാന്‍ കയറിയത്. ഇരുമ്പു പാളികള്‍ ഇളക്കി മറിച്ചു കൊണ്ട് ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും ഞാനും പുറത്തിറങ്ങി. ടിക്കറ്റ് ചെക്കര്‍ ഏതെല്ലാം ബോഗിയിലാണ് കയറുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ടിക്കറ്റ് ചെക്കര്‍ എന്റെ ബോഗിയില്‍ കയറി. ഈ പ്രാവശ്യം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി ഞാന്‍ ടോയ്‌ലറ്റില്‍ കയറി ഒളിച്ചു. പുറത്ത് ഇരുട്ടായിരുന്നതിനാല്‍ കൈയ്യിലിരുന്ന കറുത്ത കോട്ട് എന്റെ ശ്രദ്ധയില്‍പെട്ടില്ല. മനസ്സ് ഉത്കണ്ഠപ്പെട്ടില്ല. അഥവാ പിടിച്ചാല്‍ പഴയതു പോലെ എന്തെങ്കിലും ആവര്‍ത്തിക്കണം. എന്റെ ഒപ്പം ഓടാനൊന്നും ഇവിടുത്തെ പോലീസ്സിന് കഴിയില്ല. മനസ്സിനെ ധൈര്യപൂര്‍വ്വം എന്തും വരട്ടെ എന്ന ഭാവത്തില്‍ ഞാനടക്കിനിറുത്തി. മനസ്സില്‍ ചോദിച്ചു, രാജ്യത്തെ കൊളള ചെയ്യുന്ന കളളന്മാരേക്കാള്‍ വലിയ കളളനാണോ ഞാന്‍?.
റാഞ്ചിയിലെത്തുമ്പോള്‍ ഇരുള്‍ കനത്തിരുന്നു. എന്റെ കണ്ണുകള്‍ ദൂരേക്ക് പാഞ്ഞു അകത്തേക്കും പുറത്തേക്കും പോകുന്ന വാതിലിനെ നോക്കി . ആ വലിയ വാതിലിനടുത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ ടിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. അതിനടുത്തായി വലിയ വടിയുമായി ഒരു പോലീസ്സുകാരനും നില്‍ക്കുന്നു. പുറത്തേക്ക് കടക്കുക അത്ര എളുപ്പമുളള കാര്യമല്ല. എന്തോ തിരയുന്നതു പോലെ ഞാനവിടെ നടന്നിട്ട് പ്ലാറ്റ് ഫോമിലെ ബഞ്ചില്‍ വന്നിരുന്നു. എല്ലാ യാത്രക്കാരും തിരക്കിട്ട് പുറത്തേക്ക് പോകുന്നു. ഞാന്‍ ഇവിടെ എത്ര നേരമിരിക്കും. ട്രെയിന്‍ പല ക്രോസിങ്ങുകളില്‍ സിഗ്നലിനായി കാത്തു കിടന്ന് ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തി.

അല്പനേരമിരുന്നിട്ട് മിഴിച്ച കണ്ണുകളോടെ വാതിലിലേക്ക് നോക്കി. ഇപ്പോള്‍ അവിടെ ആരുമില്ല. പ്ലാറ്റ്‌ഫോമിലൂടെ ഞാന്‍ മുന്നോട്ടു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ട് വാതിലിലൂടെ പുറത്തേക്ക് കടന്നു. പുറത്ത് കുറ്റാക്കുറ്റിരുട്ട് എല്ലാ ജീവജാലങ്ങളും ഉറക്കത്തിലാണ്. ശക്തിയായ കാറ്റ് വീശുന്നുണ്ട്. ആകാശ ഗോപുരങ്ങളില്‍ നിന്ന് മിന്നലും ഭൂമിയിലേക്ക് വന്നിരിക്കുന്നു. മഴക്കാണോ. റോഡിലൂടെ ചില വാഹനങ്ങള്‍ ഓടുന്നതല്ലാതെ ഒരു മനഷ്യനേയും കണ്ടില്ല. വേഗത്തില്‍ താമസസ്ഥലത്തേക്ക് നടന്നു. ഉളളില്‍ ഭയമില്ലെങ്കിലും ആശങ്കയില്ലെന്നു പറയാനാകില്ല. കാറ്റ് താളമേളങ്ങളോടെ സംഗീതം മീട്ടുന്നുണ്ട്. മുറിയില്‍ എത്തുന്നതിനു മുമ്പു തന്നെ ചാറ്റല്‍ മഴ പെയ്തു തുടങ്ങി. റാഞ്ചി നഗരത്തിലെത്തുമ്പോള്‍ മഴ ശക്തിയാര്‍ജ്ജിച്ചു. അടുത്തുളള കടത്തിണ്ണയില്‍ കയറി നിന്നു. നഗരം ശാന്തവും നിശബ്ദവുമാണ്. തണുത്ത കാറ്റ് വീശിയടിക്കുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ് ദൂരമേ താമസസ്ഥലത്തേക്കുളളൂ. മഴ മാറാതെ പറ്റില്ലല്ലോ. നല്ല വിശപ്പും ദാഹവും മനസ്സിനെ അലട്ടി. പാറ്റന യാത്ര കണ്ണുകളെ നിറച്ചു. പെയ്തിറങ്ങുന്ന ഈ മഴയും ആകാശത്തു നിന്ന് കരഞ്ഞു കരഞ്ഞു കണ്ണീര്‍ വാര്‍ക്കുകയാണോ. കണ്ണീരൊഴുക്കുന്ന മഴയുടെ കണ്ണീരൊപ്പുന്ന മണ്ണിനെ നോക്കി ഞാന്‍ നിന്നു. ഇടിമിന്നലുകള്‍ വീണ്ടുമുണ്ടായി. മഴയുടെ കണ്ണീര്‍ പ്രവാഹം നിലച്ചു. നഗരം നല്‍കിയ വെളിച്ചത്തിലൂടെ വീണ്ടും നടന്നു. പാന്‍സിന്റെ പോക്കറ്റില്‍ കിടന്ന താക്കോലെടുത്ത് കതക് ശബ്ദമുണ്ടാക്കതെ തുറന്നു. ശശിയും അബ്ദുളളയും നല്ല ഉറക്കത്തിലാണ്. മുറി തുറന്ന് ലൈറ്റിട്ട് തുണികളെല്ലാം അഴിച്ചു മാറ്റി കൈലിയുടുത്തു, കുളിമുറിയിലെ വെളളം കുടിച്ച് വിശപ്പടക്കി. കുളിച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണമെല്ലാം മാറി. കതകും ലൈറ്റുമണച്ച് കിടന്നുറങ്ങി.
എന്റെ അലസമിഴികള്‍ തുറന്ന നേരം സൂര്യന്‍ ആകാശത്ത് തിളങ്ങി നിന്നു. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. അടുത്തുളള റോഡിലെ ബഹളമോ, അടുത്ത മുറിയിലുളളവരുടെ കാര്യങ്ങളോ ഞാനറിഞ്ഞില്ല. കഴിഞ്ഞ രാത്രിയിലോ ശരിക്കൊന്നുറങ്ങിയില്ല. മണിക്കൂറുകളോളം ട്രെയിനില്‍ നില്പ്, വിശപ്പ്, ദാഹം എല്ലാം എന്നെ തളര്‍ത്തിയിരുന്നു. കട്ടിലില്‍ ചിന്താകുലനായി ഉപജീവനത്തിന്റെ മാര്‍ഗ്ഗം ആലോചിച്ചിരുന്നു. നാട്ടില്‍ നിന്ന് വന്നിട്ട് പത്രമോഫിസില്‍ ജോലി ചെയ്തത് വെറും രണ്ടു മാസമാണ്. മുന്നില്‍ അന്ധകാരം വീണ്ടും കാണുന്നു. എഴുന്നേറ്റ് പല്ല് തേച്ച് കുളിച്ചിട്ട് തുണികള്‍ ധരിച്ച് ഹോട്ടലിലേക്ക് നടന്നു. അസഹ്യമായ വിശപ്പുണ്ട്. പോക്കറ്റിലെ പണം എണ്ണി തിട്ടപ്പെടുത്തി. വെറും പതിനൊന്നു രൂപ മാത്രം. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. കാശു കൊടുക്കാതെ രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കട മുതലാളി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ ഒരു ജോലിക്കായി റാഞ്ചിയുടെ ഓരോ വഴിയിലൂടെയും ഞാനലഞ്ഞു.

കമ്പനികളുടെ പേരുകള്‍ കാണുമ്പോള്‍ അതിനുള്ളില്‍ കയറി ജോലിയുണ്ടോ എന്നു തിരക്കും. ആ കൂട്ടത്തില്‍ സ്‌പെന്‍സര്‍ എന്ന മരുന്നു കമ്പനിയുടെ മലയാളി മാനേജര്‍ കറ്റാനത്തുകാരന്‍ തോമസ്സിനേയും ഞാന്‍ പരിചയപ്പെട്ടു. അവിടെ അവസരമില്ലെന്നു മനസ്സിലായി. ദിവസങ്ങള്‍ കഴിയുന്തോറും എന്നില്‍ ശുഭപ്രതീക്ഷകള്‍ മാത്രമായിരുന്നു. ഈ ദരിദ്ര രാജ്യത്ത് എന്നെപ്പോലെ ഒരു ദരിദ്രവാസി അലയുന്നതില്‍ തെറ്റൊന്നും ഞാന്‍ കണ്ടില്ല. ഇപ്പോള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നം കയ്യിലെ കാശു തീര്‍ന്നു കൊണ്ടിരിക്കുന്നതാണ്. പല ദിവസങ്ങളിലും തിരക്കുളള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് കാശു കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അത് എല്ലാ ദിവസവും വിജയിക്കാറില്ല. ഭക്ഷണം ഒരു ദിവസം ഒരു നേരമാക്കി. അത് ഉച്ചയ്ക്കുളളതാണ്. പട്ടിണിയിലും അര്‍ത്ഥപട്ടിണിയിലും ഞാന്‍ ദിനങ്ങള്‍ കഴിച്ചുകൂട്ടി ചെറുപ്പം മുതലേ അതു ശീലിച്ചത് പ്രയോജനപ്പെട്ടു. ഞാന്‍ താമസ്സിക്കുന്നതിനടുത്ത് ഒരു ദേവിയുടെ അമ്പലമുണ്ട്. മിക്ക ദിവസങ്ങളിലും ഞാന്‍ ദേവിയുടെ മുന്നില്‍ പോയിരുന്ന് ചോദിക്കും. ഈ ലോകമോഹ-സുഖ-ദുഖങ്ങളില്‍ നിന്ന് മാറിയിരുന്ന് വിളക്കും എണ്ണയും തിരിയും ദീപവും മാത്രം കണ്ടാല്‍ മതിയോ. ആ ദേവി നിറഞ്ഞു തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ നോക്കും. ആ നോട്ടത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. ഒരു ജോലിക്കായി എല്ലാ ഊടു വഴികളിലൂടെയും സഞ്ചരിച്ചിട്ടും ഒടുവില്‍ നിരാശയോടെയാണ് മുറിയില്‍ എത്തുന്നത്. എന്നിട്ടും എന്റെ മനസ്സ് ശക്തിയാര്‍ജിച്ചു. നിരാശയോടെ കിടന്നുറങ്ങി നേരം പുലര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ എന്നില്‍ നിറയുന്നത് മോഹങ്ങളാണ്, ശുഭ പ്രതീക്ഷകളാണ്. ശ്രമങ്ങള്‍ തുടര്‍ന്നാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടുമെന്ന് വിശ്വസിച്ചു. അങ്ങനെ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.

ന്യൂസ് ഡെസ്ക്

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ  വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം  19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള   വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

ലിവര്‍പൂള്‍: കഴിഞ്ഞ ഒരു മാസക്കാലമായി കേരളമണ്ണില്‍ ദുരന്തം പെയ്‌തൊഴിയാതെ തോരാക്കണ്ണീരുമായി നില്‍ക്കുമ്പോള്‍ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ഓണത്തെ ലിംക ഇക്കുറി വരവേല്‍ക്കുന്നില്ല. പകരം ആഘോഷങ്ങള്‍ക്ക് വിടചൊല്ലി, അങ്ങ് വിദൂരതയില്‍ ജന്മഭൂമിയില്‍ കേഴുന്ന സോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങ് ആയിമാറുകയാണ് ലിംക എന്ന ലിവര്‍പൂളിലെ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍. ‘അകത്തളം’ എന്ന പേരില്‍ ലിംകയുടെ ഓണാഘോഷം-2018 നുള്ള ഒരുക്കങ്ങള്‍ ഏറെ മാസങ്ങള്‍ക്കു മുമ്പേ കമ്മറ്റി കണ്‍വീനര്‍ ശ്രീ തോമസുകുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു.

കൂറ്റന്‍ അത്തപ്പൂക്കളം, അത്തപ്പൂക്കള മത്സരം, അന്‍പതില്‍പരം വനിതകളെ അണിനിരത്തിക്കൊണ്ടുള്ള മെഗാ തിരുവാതിര, ചിത്രീകരണം എന്നിങ്ങനെ മികവുറ്റ പരിപാടികള്‍ വലിയൊരു കുടുംബ സദസ്സിലൂടെ ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പുകളുടെ അന്ത്യഘട്ടത്തിലാണ് ജന്മനാടിനുവേണ്ടി ലിംകയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ ഓണാഘോഷം റദ്ദു ചെയ്യുവാന്‍ ഐകകണ്‌ഠേന തീരുമാനിച്ചതെന്ന് ലിംക ചെയര്‍പേഴ്‌സണ്‍ ശ്രീ ഫിലിപ്പ് മാത്യു,
സെക്രട്ടറി ശ്രീ റെജി തോമസ്, ട്രഷറര്‍ നോബിള്‍ മാത്യു എന്നിവര്‍ അറിയിച്ചു.

പിറന്ന മണ്ണിന്റെ ചൂരും ചൂടും ഇങ്ങ് വിദൂരതയില്‍ ഒരു നിവേദ്യം പോലെ എന്നും നുകര്‍ന്നു, ഗൃഹാതുരത്വ സ്മരണകളുമായി ഓണം ആഘോഷിക്കാന്‍ പ്രവാസി മലയാളികള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന വേളയിലാണ് വലിയൊരു മലയാളി കൂട്ടായ്മയായ ലിംക ഇങ്ങനെയൊരു കരുണാപരമായ തീരുമാനം അടിയന്തിരമായി കൈക്കൊള്ളാന്‍ കഴിഞ്ഞതെന്ന്ലിംകയുടെ ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. പതിവ്‌പോലെ നാനൂറോളം പേര്‍ക്ക് ഓണസദ്യ ഉണ്ണാനുളള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു കഴിഞ്ഞിരുന്നു. എന്നാല്‍ ലിംകയുടെ പ്രവര്‍ത്തകര്‍ ക്ഷമാപണത്തോടെ പണം തിരിച്ചു നല്‍കി തുടങ്ങി. എന്നാല്‍ ലിംകയുടെ ഈ വലിയ ജീവകാരുണ്യ പ്രവൃത്തിക്ക് ഇതിനോടകം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതു പോലെ തന്നെ ലിംകയുടെ അഭിനന്ദനാര്‍ഹമായ ഈ ചുവടു വയ്പ് ഉചിതമായ സമയത്ത് കൈക്കൊള്ളാന്‍ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തിയിലാണ്ലിംകയുടെ പ്രവര്‍ത്തകരെന്ന് പി.ആര്‍. ഒ ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ്, യുക്മ നാഷണല്‍ കമ്മറ്റി അംഗം ശ്രീ തമ്പി ജോസ് എന്നിവര്‍ പറഞ്ഞു. ലിംകയുടെ ഒന്നര പതിറ്റാണ്ടിലെ പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ലിവര്‍പൂളിലെ മലയാളി സമൂഹത്തിനായി ഓണസദ്യ വിളമ്പാതിരിക്കുന്നത്. പ്രളയക്കെടുതി അതിരൂക്ഷമായിജനജീവിതത്തെ പ്രഹരിച്ച മേഖലകളില്‍ ഒന്നായ കുട്ടനാടന്‍ പ്രദേശത്തേക്കാണ് ലിംകയുടെ നേതൃത്വത്തില്‍ സഹായ ഹസ്തം നീളുന്നത്. കുട്ടനാട്ടിലെ ബ്ലോക്ക്- പഞ്ചായത്ത് തലത്തിലുള്ള കാര്യവാഹകരുമായി നേരില്‍ ബന്ധപ്പെട്ട് ലിംകയുടെ നേതൃത്വത്തില്‍ തന്നെ തികച്ചും അര്‍ഹമായ മേഖലയില്‍ തന്നെ വേണ്ട സഹായം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.

അന്‍പതില്‍പരം വരുന്ന ലിംകയിലെ അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി ഒരു നിശ്ചിത തുക നാടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം സംഭാവനയായി നല്‍കി കഴിഞ്ഞു. ഈ തുകയോടോപ്പം ലിവര്‍പൂളിലെ സന്മസ്സുകളായ മലയാളി സോദരങ്ങളില്‍ നിന്നും എളിയ സംഭാവനകള്‍ നമ്മുടെ പ്രിയപ്പെട്ട കേരള ഭൂവിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സാദരം അഭ്യര്‍ത്ഥിക്കുകയാണ് ലിംക. അതിനായി ഈ വാര്‍ത്തയോടോപ്പം ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്.

Account details for contributions

LIMCA
ACCOUNT NUMBER-71652621
SORT CODE-40-29-26

അദ്ധ്യായം -17
കള്ള ട്രെയിന്‍ യാത്ര

റാഞ്ചി സിനിമ തിയറ്ററില്‍ ബ്രൂസ്‌ലിയുടെ എന്റര്‍ ദി ഡ്രാഗണ്‍ ആറരക്കുളള ഷോ കണ്ട സെക്ടര്‍ മൂന്നിലേക്ക് മടങ്ങി വരുമ്പോഴാണ് പിന്നില്‍ നിന്ന് വാള്‍ കൊണ്ടുളള വെട്ടു കിട്ടുന്നത്. മായാജാലം പോലെ തോന്നുന്ന ഹിന്ദി സിനിമയോട് താല്പര്യമില്ലായിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കാന്‍ കാശില്ലാതിരുന്നപ്പോഴൊക്കെ റാഞ്ചയില്‍ നിന്ന് എച്ച.ഇ.സിയിലേക്ക് നടന്നിട്ടുണ്ട്. നാട്ടില്‍ പലവിധ ജോലികള്‍ ചെയ്ത് ശരീരത്തിനു വേണ്ട കരുത്തുണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഈ നടത്തം മാത്രമാണ് ബാക്കി. വെട്ടുകിട്ടി തിരിഞ്ഞു നോക്കുമ്പോള്‍ വാള്‍ത്തലപ്പിന്റെ തിളക്കവും ഏതാനും പേര്‍ ഓടുന്നതുമാണ് കണ്ടത്. വേദനയോടെ ഞാന്‍വീണു. എന്റെ രക്തവും മഞ്ഞു പെയ്തു നനഞ്ഞ മണ്ണും ലയിച്ചു ചേര്‍ന്നു. രക്തം ശരീരത്തു നിന്ന് വാര്‍ന്നു പോയി എന്റെ ബോധം അകന്നുകൊണ്ടിരുന്നു. പിന്നീട് ഞാന്‍ കണ്ണു തുറന്നത് റാഞ്ചിയിലെ ആശുപത്രിയിലായിരുന്നു.

ആശുപത്രിയിലുളളവര്‍ പോലീസ്സിനെ അറിയിച്ചിരുന്നു. എനിക്ക് ബോധം തെളിഞ്ഞപ്പോള്‍ എന്നെ ചോദ്യം ചെയ്‌തെങ്കിലും ആരാണ് ഇതു ചെയ്യ്തതെന്ന് എനിക്കറിയില്ലെന്ന് തുറന്നുപറഞ്ഞു. അതോടെ ആ കേസ് അവര്‍ എഴുതിത്തളളി. എന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ തമിഴരും മലയാളിയായ ശശിധരനുമുണ്ടയിരുന്നു. എനിക്കു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ദിവസവും ശശിധരന്‍ വരുമായിരുന്നു. ശശി ശത്രുക്കളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു എന്റെ ഉത്തരം. എന്നിരുന്നാലും എന്നോട് ശത്രുതയുളളവര്‍ ധാരാളമുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ മനസ്സിലെ ആശങ്ക കിടന്നുറങ്ങുന്ന വീട്ടില്‍ ആരെങ്കിലും മോഷണം നടത്തുമോ എന്നായിരുന്നു.

എനിക്ക് വെട്ടു കിട്ടി ആശുപത്രിയിലായത് എത്രപേര്‍ അറിഞ്ഞു കാണും അധികമാരും അറിയാനിടയില്ല. ഒരാഴ്ച്ച ആശപത്രയില്‍ കിടന്നു. ആരുടേയോ ഭാഗ്യത്തിന് മുറിവ് ആഴത്തിലായിരുന്നില്ല .ആ രാത്രി ഒരു ദുസ്വപ്‌നമായി എന്നില്‍ നിന്നു. ഓരോ ദിവസവും മുറിവ് എന്നെ വേദനിപ്പിക്കകയും ഉറക്കത്തെ അകറ്റുകയും ചെയ്തു. എന്റെ വേദനകളെ നിശബ്ദമായി ഞാന്‍ തന്നെ താലോലിച്ചു. വാളെടുക്കുന്നവന്‍ വാളാല്‍ തീരുമെന്ന ബൈബിള്‍ വചനം ഞാനോര്‍ത്തു. എനിക്കങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അനീതിയെ പ്രതിരോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വാളെടുത്തിട്ടില്ല. എന്നെ വെട്ടിയവര്‍ ആരായിരുന്നാലും അത് അവരുടെ പൗരുഷത്തിനേറ്റ അപമാനമാണ്. സത്യത്തിന്റെ നീതിയുടെ ഔന്നത്യമുളളവര്‍ക്ക് ഒരിക്കലും ഇതു പോലെ പ്രാകൃതനാകാനാവില്ല. ഞാനിന്ന് മരണപ്പെട്ടിട്ടില്ല. മനഷ്യര്‍ക്ക് പിറകില്‍ നിന്ന് ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഇതുപോലെ കാടത്തങ്ങള്‍ കാട്ടി എന്നെ തകര്‍ത്തു കളയാമെന്നുളള അവരുടെ ആഗ്രഹം ഇപ്പോഴും പരാജയപ്പെടുകയാണ് ചെയ്തത്.

ചുറ്റുപാടുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി മുറിയില്‍ തിരിച്ചെത്തി. ചോരപ്പാടുളള തുണികള്‍ കഴുകാനായി മാറ്റിയിട്ടു. പുതിയൊരുടുപ്പ് ഞാന്‍ വാങ്ങിയിരുന്നു. മുറിക്കള്ളിലെ കണ്ണാടിയിലൂടെ പരിക്ഷീണിതനായി ഷേവു ചെയ്യാത്ത മുഖവും ചെമ്പിച്ച മുടിയും നെഞ്ചിലൂടെ, തോളിലൂടെ വരിഞ്ഞുമുറുക്കി കെട്ടിയിരിക്കുന്ന വെളള തുണിയും ഞാന്‍ കണ്ടു. അതഴിച്ചു മാറ്റുന്നതുവരെ ആശുപത്രിയിലും പോകണം. ഉടുപ്പിടുന്നതു കൊണ്ട് മുറിവും തുണികൊണ്ടുളള കെട്ടും മറ്റാരും അറിയില്ല. പുറത്തേക്കുളള കതകിന് കുറ്റിയിട്ട് കട്ടിലില്‍ വന്നു. നെഞ്ചമര്‍ത്തി കിടന്നു. എത്രയോ ദിവസമായി ഇങ്ങനെ ഉറങ്ങുന്നു. ഇങ്ങനെയും മനുഷ്യര്‍ക്ക് ഉറങ്ങാമെന്ന് ഞാന്‍ പഠിച്ചു.

നാട്ടില്‍ അവധിക്കു പോയവര്‍ മടങ്ങിവരാന്‍ ഇനിയും ഏതാനം ദിവസങ്ങള്‍ മാത്രമെ ബാക്കിയുളളൂ. ആരും വീടിനു കാവല്‍ കിടക്കാന്‍ വിളിച്ചില്ല. ഇനിയും എവിടെ ഉറങ്ങും എന്നത് ഒരു ചോദ്യമായി മനസ്സിനെയലട്ടി. കത്തെഴുതി കൊണ്ടിരുന്നത് സ്‌നേഹത്തിന്റെ കുളിരണിയുന്ന വാക്കകളാണ്. അതില്‍ വിരിഞ്ഞു നിന്നത് പൂക്കളും തളിരുകളുമാണ്. ഞാനും ആ വാക്കുകളില്‍ ആശ്വാസം അനുഭവിച്ചു. മനഷ്യന്റെ നല്ല പ്രവൃത്തിപോലെ വാക്കുകളും വലിയൊരു സമ്പത്തായി അക്ഷരങ്ങളെപ്പോലെ ഞാന്‍ കണ്ടു. ദുഖിതര്‍ക്കും പീഢിതര്‍ക്കും പ്രഭാപൂരം ചൊരിയുന്നതാണ് നല്ല വാക്കുകള്‍. പ്രാണനെപോലും നിലനിര്‍ത്താന്‍ അത് സഹായിക്കുന്നു. മുറിവിനു മരുന്നു വച്ചുകെട്ടാന്‍ രണ്ടു പ്രാവശ്യം ആശുപത്രിയില്‍ വന്നു. മൂന്നാമത്തെ പ്രാവശ്യം എന്നെ വരിഞ്ഞു മുറുക്കിയ വെളള തുണി അഴിച്ചു മാറ്റി അവരെന്നെ സ്വതന്ത്രനാക്കി. ആ ദിവസം ഞാന്‍ ശശിയെ ഫോണില്‍ വിളിച്ചു. ജോലി കഴിഞ്ഞെത്തിയ ശശിയോട് ഒരു വാടക മുറി കിട്ടുന്നതിനെപ്പറ്റി സംസാരിച്ചു. അവര്‍ക്കൊപ്പം താമസ്സിക്കാമെന്ന് പറഞ്ഞപ്പോള്‍ ശൂന്യത നിറഞ്ഞ എന്റെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു.

അവധിക്കു പോയവര്‍ മടങ്ങി വന്നതോടെ ഞാനവിടെ നിന്നു റാഞ്ചിയിലേക്ക് താമസം മാറ്റി. ആ വിവരം ഞാന്‍ ജ്യേഷ്ഠനെ ഫോണിലൂടെ അറിയിച്ചു. അപ്പോഴാണറിയിന്നത് മലയാളി അസോസിയേഷന്റെ മലയാളി മാസികയും, പാറ്റ്‌നയില്‍ നിന്ന് റിസര്‍വ്വ് ബാങ്കിന്റെ ഇന്റര്‍വ്യൂ കാര്‍ഡും വീട്ടിലുണ്ട്. ആ ദിവസം തന്നെ ഞാന്‍ ദുര്‍വ്വയിലേക്ക് ബസ്സില്‍ പോയി അതെല്ലാം വാങ്ങി. ജ്യേഷ്ഠത്തിയെ കണ്ടത് സന്തോഷവതിയായിട്ടാണ്. ആ മുഖത്ത് ഞാന്‍ ദര്‍ശിച്ചത് ദയവു ചെയ്ത് നീ ഇങ്ങോട്ടു വരല്ലേ എന്നായിരുന്നു. അതിന്റെ പ്രധാന കാരണം ജ്യേഷ്ഠത്തിക്ക് താല്പര്യമുളള കാര്യമല്ല ഭര്‍ത്താവിന്റെ അനുജന്‍ ഒരു ഗുണ്ടയായി ജീവിക്കുന്നത്. അതില്‍ എന്നെ ശാസിക്കുകയും ആരുടെ മേലും എന്റെ കൈ വീഴരുതെന്ന് ശപഥം എടുപ്പിക്കുകയും ചെയ്ത ആളാണ്. അടുത്ത ദിവസം വീടിന് പുറത്തിറങ്ങിയപ്പോള്‍ ഞനത് തളളിക്കളഞ്ഞു.

ദുര്‍വ്വയില്‍ നിന്ന് അതീവ സന്തോഷവാനായിട്ടാണ് ഞാന്‍ റാഞ്ചിയിലേക്ക് മടങ്ങിയത്. റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചത് മലയാളി മാസികയില്‍ അച്ചടിച്ചു വന്ന കലയും കാലവും എന്ന ലേഖനമാണ്. എന്റെ മനസ്സ് അത്യധികം ആഹ്ലാദിച്ച നിമിഷം. നാട്ടില്‍ എന്റെ ഒരു കവിത ബാലരമയില്‍ അച്ചടിച്ചു കണ്ടപ്പോഴും റേഡായോയില്‍ നാടകം കേട്ടപ്പോഴും ഇതേ അനുഭവമായിരുന്നു. ആ ലേഖനം പലവട്ടം ആര്‍ത്തിയോടെ ഞാന്‍ വായിച്ചു. ഇതിന്റെ ഒരു കോപ്പിക്കു കൂടി ശ്രമിക്കണം. അത് ഓമനയ്ക്കു വേണ്ടിയായിരുന്നു. അങ്ങനെയെങ്കില്‍ ഇതങ്ങ് കൊടുത്താല്‍ പോരെ. അതെങ്ങനെ കൊടുക്കും പലവട്ടം ആഗ്രഹിച്ചതും അവള്‍ ആവശ്യപ്പെട്ടതുമാണ്.

ഞാന്‍ പഠിക്കുന്ന ആശുപത്രി ഒന്നു വന്നു കണ്ടൂടേ. ഓമന ചോദിച്ചു. ഞാന്‍ അടുത്ത ദിവസം രാവിലെ തന്നെ ഹസാരിബാഗിലേക്ക് പോകാന്‍ തീരുമാനിച്ചു. റാഞ്ചിയില്‍ നിന്ന് ബസ്സ് കയറി. അവിടേക്ക് രണ്ടര മണിക്കൂറിലധികം ദൂരമുണ്ട്. റാഞ്ചിയല്‍ നിന്ന് രാംഗാഡ് എന്ന ചെറിയ സിറ്റിയില്‍ എത്തുന്നതിന് മുമ്പ് ധാരാളം മലയിടുക്കുകളും, മലയടിവാരങ്ങളും, വളഞ്ഞും പുളഞ്ഞുമുളള റോഡുകളും ഞാന്‍ കണ്ടു. ആദ്യമായിട്ടാണ് ഭയപ്പെടുത്തുന്ന റോഡുകളും താഴ് വാരങ്ങളും കാണുന്നത്. കാടുകള്‍ക്ക് മുകളില്‍ മഞ്ഞണിഞ്ഞ പര്‍വ്വത നിരകള്‍ എല്ലാം മനോഹര കാഴ്ച്ചകള്‍. ഹസാരി ബാഗിലെത്തി സൈക്കിള്‍ റിക്ഷയില്‍ ആശുപത്രക്കു മുന്നിലെത്തി. എന്നിലെ ഉത്സാഹം വര്‍ധിച്ചു. കാവല്‍ക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു ബുക്ക് തന്നു ഞാനതില്‍ പേര് എഴുതി മടക്കി കൊടുത്തു. അയാള്‍ അതുമായി നഴ്സ്സിംഗ് ഹെഡിനെ കാണാന്‍ പോയി. കാവല്‍ക്കാരന്‍ പറഞ്ഞത് രക്തബന്ധമുളളവര്‍ക്കേ അനുവാദം കിട്ടൂ എന്നാണ്. അനുവാദം കിട്ടാന്‍ കാത്തിരിക്കാം. അയാള്‍ മടങ്ങി വന്നു. ഞാന്‍ ദയനീയമായി ആമുഖത്തേക്ക് നോക്കി. നിങ്ങള്‍ ദൂരെ നിന്ന് വന്നതു കൊണ്ട് അര മണിക്കൂര്‍ അനുവദിച്ചു. ഞാന്‍ സ്‌നേഹബഹുമാനത്തോടെ അയാളെ നോക്കി പറഞ്ഞു, ബഹുത്ത് ശുക്രിയ (വളരെ നന്ദി). ഞാന്‍ അയാളോടൊപ്പം നടന്നു. എല്ലായിടവും മനോഹരമായ കെട്ടിടങ്ങള്‍, ഉദ്ദ്യാനങ്ങള്‍.

ഓമന മുറിക്കുളളില്‍ പനിയായി കിടപ്പിലാണ്. മുറിക്കുളളില്‍ ആശ്ചര്യത്തോടെ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. കാവല്‍ക്കാരന്‍ മടങ്ങി. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒട്ടിപ്പിടിക്കുന്ന,കണ്ണുകള്‍ വികസിക്കുന്ന ഒരനുഭവം. ഒരിക്കലും അവള്‍ പ്രതീക്ഷിച്ചില്ല ഞാന്‍ വരുമെന്ന്. അത് രോഗക്കിടക്കയിലാകുമ്പോള്‍ ഏത് രോഗിക്കും ഒരാശ്വമാണ്. അവള്‍ കിടക്കയില്‍ എഴിന്നേറ്റിരുന്ന് നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയോടെ സംസാരിച്ചു. എന്റെ വരവ് അവള്‍ക്കൊരാശ്വാസമായി. അതവളുടെ മനസ്സിനെ ശാന്തമാക്കുന്നുണ്ട്. അത് ഞങ്ങള്‍ക്ക് ലഭിച്ച ആനന്ദകരമായ നിമിഷങ്ങളായിരുന്നു. അവളുടെ ജ്യേഷ്ഠത്തിക്കും ജ്യേഷ്ഠനും മാത്രം അകത്തു കയറാന്‍ അനുവാദമുള്ളപ്പോള്‍ എനിക്കെങ്ങനെ അനുവാദം കിട്ടി അതായിരുന്നു അവളെ ആശ്ചര്യപ്പെടുത്തിയത്. ഞങ്ങളുടെ അര മണിക്കൂര്‍ കൂടിക്കാഴ്ച്ച എന്റെ യാത്രാ ക്ഷീണവും അവളുടെ രോഗവും അപ്രത്യക്ഷമാക്കിയതുപോലെ തോന്നി. അസ്സോസ്സിയേഷന്റെ മാസിക കൈമാറിയിട്ട് പറഞ്ഞു, എന്റെ ലേഖനമുണ്ട്. അവള്‍ ആഹ്ലാദത്തോടെ നോക്കിയിട്ടു പറഞ്ഞു, പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടം പോലെ സമയമുണ്ട്, പുസ്തകള്‍ എവിടെ കിട്ടാനാണ്. ഒരു മാസികയെങ്കിലും കിട്ടിയത് കാര്യമായി.
അവള്‍ വായന ഇഷ്ടമുളള ആളാണെങ്കിലും ഞാന്‍ പറഞ്ഞത് ആദ്യം പഠിക്കാനുളള പുസ്തകങ്ങള്‍ വായിക്ക്. ഇഷ്ടം പോലെ പഠിക്കാനില്ലേ. അല്പം പരിഹാസരൂപത്തിലറിയിച്ചു. അങ്ങ് പറഞ്ഞതുപോലെ അനുസരിക്കാം. ഇതിനിടെ കാവല്‍ക്കാരന്‍ മുഖം കാണിച്ചു. എനിക്ക് തോന്നി ഇത് ജയിലാണോ. ഞാന്‍ വസ്സൂരിയായി കിടന്നപ്പോള്‍ ഇറങ്ങുന്നതിനു മുമ്പ് എന്നോടു പറഞ്ഞ വാക്കുകള്‍ ഞാവളോടു പറഞ്ഞു. ശരീരം സൂക്ഷിക്കണം, കവിളില്‍ ഒരു ചുംബനം കൊടുത്തിട്ട് ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എഴുന്നേറ്റ് വാതില്‍ക്കല്‍ വരെ വന്ന് വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരിപൊഴിച്ചുകൊണ്ടു നിന്നു.

സന്ധ്യ കഴിഞ്ഞപ്പോള്‍ ഞാന്‍ റാഞ്ചിയില്‍ തിരിച്ചെത്തി. രണ്ടു ദിവസം കഴിഞ്ഞ് പാറ്റനയിലേക്ക് പോകണം. ഉളളില്‍ അസ്വസ്തത നിറഞ്ഞു. പാറ്റനക്ക് പോകണമെങ്കില്‍ ട്രയിന്‍ കൂലി വേണം. കയ്യില്‍ അധികം പണമില്ല. ദിവസങ്ങള്‍ മുന്നോട്ട് പോകണമെങ്കല്‍ കാശ് വേണം. ഒരു മാസത്തെ മുറിയുടെ വാടക കൊടുത്തതോടെ ഇനിയും ഇരുപതു രൂപപോലും എടുക്കാനില്ല. ആശുപത്രയിലെ ചെലവുകള്‍, ഹസാരിബാഗ് യാത്ര കൈയ്യിലുണ്ടായിരുന്നത് ചിലവായി. ശശിയും, ഒപ്പമുളള അബ്ദുള്ള ഗഫൂറും ബ്ലൂസ്റ്റാര്‍ കമ്പനിയിലെ ജോലിക്കാരാണ്. അവര്‍ക്ക് ഒന്നിനും ഒരു കുറവുമില്ല. ഞാനും അവരും പുറത്ത് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ആ രാത്രയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു. കളള ട്രെയിന്‍ കയറുക. ട്രെയിനില്‍ പിടിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി. എന്തായാലും ഞാന്‍ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമൊന്നുമല്ല. ഇവിടുത്തുകാര്‍ ട്രെയിനില്‍ ഒളിഞ്ഞിരുന്ന് യാത്ര ചെയ്തതായി കേട്ടിട്ടുണ്ട്.
കളള ട്രെയിന്‍ കയറുന്ന നേരം സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ജ്യേഷ്ഠനോട് പൈസ ചോദിച്ചൂടെ. ജ്യേഷ്ഠനോട് എങ്ങനെ ചോദിക്കും. ഞാന്‍ ജോലിയുളളവനാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. അല്ലെങ്കിലും ആരോടും കടമായിട്ടോ ദാനമായിട്ടോ വാങ്ങാന്‍ താല്പര്യമില്ല. മനസ്സ് മന്ത്രിക്കുന്നത് കളള ട്രെയിന്‍ കയറരുത്, വീണ്ടും എന്റെ മനസ്സ് പറയും പേടിക്കേണ്ട. എന്നെ നിയന്ത്രിക്കാന്‍ മനസ്സിനും കഴിയുന്നില്ല. റിസേര്‍വ്വ് ബാങ്കില്‍ ജോലി ലഭിക്കക ഒരു ഭാഗ്യമാണ്. ഇതു പോലൊരവസരം ഇനി കിട്ടണമെന്നില്ല. വെയില്‍ പോലെ റിസര്‍വ്വ് ബാങ്ക് എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. അതിന്റെ പ്രാധാന്യം മനസ്സിലാക്കി കളള ട്രെയിന്‍ കയറാന്‍ തയ്യാറായി. അടുത്ത ദിവസം തന്നെ ശശിയോടു പറഞ്ഞിട്ട് റാഞ്ചി റയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. സന്ധ്യക്കുളള ട്രെയിന്‍ കയറിയാല്‍ രാവിലെ തന്നെ പാറ്റനയിലെത്തുമെന്ന് ഞാന്‍ മനസ്സിലാക്കി.

ടിക്കറ്റിനു പകരം ചെക്കറിനു വല്ലതും കൊടുത്താല്‍ മതി. ബ്രട്ടീഷുകാര്‍ തീര്‍ത്ത റാഞ്ചിയിലെ കാണാന്‍ നല്ല ഭംഗിയുളള സ്റ്റേഷനില്‍ ഞാന്‍ ട്രെയിനിനായി കാത്തിരുന്നു. യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. ഈ ട്രെയിന്‍ തുടങ്ങുന്നത് ഞാന്‍ മുമ്പ് ജോലി ചെയ്ത ഹട്ടിയായില്‍ നിന്നാണ്. അവസാനിക്കുന്നത് പാറ്റനാ ജംഷന്‍. യാത്രക്കാര്‍ കയറുന്നു. പലരും അവരുടെ റിസര്‍വേഷന്‍ സീറ്റ് നമ്പര്‍ പരതുന്നു. പെട്ടികള്‍ ഇരിപ്പിടത്തിനടിയില്‍ വെച്ചിട്ട് ഇരിക്കുന്നു. ഞാന്‍ വാതില്‍ക്കല്‍ തന്നെ കറുത്ത കോട്ടു ധരിച്ച ചെക്കര്‍മാര്‍ എന്റെയീ കംമ്പാര്‍ട്ടുമെന്റിലേക്ക് വരുന്നുണ്ടോയെന്നു നോക്കി നിന്നു. ടിക്കറ്റ് ചെക്കര്‍മാര്‍ എന്നെ പിടിക്കില്ല എന്ന വിശ്വാസമാണ് എനിക്കുളളത്. ആരും ഇങ്ങോട്ടു വരാത്തതില്‍ ആശ്വസവും തോന്നി.

വലിയൊരു സ്‌റ്റേഷന്‍ പിന്നീട് കണ്ടത് മുരിയാണ്. ധാരാളം പാളങ്ങളും പല ഭാഗത്തായി ട്രെയിനുകളും കിടപ്പുണ്ട്. എന്റെ മനസ്സില്‍ സ്ഥലപ്പേര് ഒരു മൃഗത്തിന്റേത് എങ്ങനെ വന്നു എന്നാണ്. നാട്ടിലെ മൂരിക്കാളകളാണ് മനസ്സില്‍ വന്നത്. ബോക്കാറെ സ്റ്റീല്‍ സിറ്റി വഴിയാണ് ട്രയിന്‍ പോകുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. വാതിലിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ ചെക്കര്‍ പിറകിലെത്തിയത് അറിഞ്ഞില്ല. എന്നോട് ടിക്കറ്റ് ചോദിച്ചു. ഞാന്‍ കണ്ണുമിഴിച്ചു നോക്കി. ചെക്കര്‍ക്ക് കാര്യം മനസ്സിലായി. ടിക്കറ്റ് ഇല്ല. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെക്കര്‍ പുറത്തേക്കു വിളിച്ചിറക്കി നടന്നു . ചെന്നെത്തിയത് ഒരു പോലീസ് മുറിയിലാണ്. ടിക്കറ്റ് ചെക്കര്‍ കാര്യങ്ങള്‍ അവിടെയിരുന്ന പോലീസുകാരന്റെ മുന്നില്‍ വെളിപ്പെടുത്തി. പോലീസുകാരന്‍ തുളച്ചു കയറുന്ന നോട്ടവുമായി എന്നെ പരിഹസിച്ചു ചോദിച്ചു. എടാ മദ്രാസി നീ ആളു കൊളളാമല്ലോ, എവിടെയാടാ നിന്റെ ടിക്കറ്റ് കളഞ്ഞോ, പറഞ്ഞു തീരുകയും അയാള്‍ എന്റെ കരണത്തടിച്ചു. എനിക്ക് നേരിയ വേദനയും വിറയലുമുണ്ടായി. ചെയ്ത പണിക്ക് കിട്ടിയ കൂലിയാണ്. മനസ്സാകെ ഞെളിപിരി കൊളളുന്നു. ഞാന്‍ വിനീതനായി വീണ്ടും പറഞ്ഞു, പാറ്റനയില്‍ ഒരു ഇന്റര്‍വ്യൂവിന് പോകുകയാ. ഞാന്‍ പറഞ്ഞതു സത്യമാണ്. എന്റെ മുഖം വിളറി വെളുക്കുന്നതു കണ്ട് അയാള്‍ പിന്മാറി കസേരയിലിരുന്ന് പലതും ചോദിച്ചു. ഞനൊരു പാവപ്പെട്ടവന്‍, ഒരു ജോലിക്കു വേണ്ടി അലയുകയാണ്, എന്നെ ഉപദ്രവിച്ചിട്ടും ജയിലില്‍ ഇട്ടിട്ടും അങ്ങേക്ക് എന്തു പുണ്യം കിട്ടാനാണ് എന്നൊക്കെ പറഞ്ഞതും അഭിനയിച്ചതുമൊക്കെ അയാളെ ആശയക്കുഴപ്പത്തിലാക്കിയെന്ന് എനിക്കും തോന്നി.

ആ സ്‌റ്റേഷന്‍ പിറ്റാര്‍പുര്‍ ആയിരുന്നു. ട്രെയിന്‍ പത്തു മിനിറ്റോളം കിടന്നു. അവിടേക്ക് മറ്റൊരു പോലീസുകാരനും വന്നിരുന്നു. ഇരുന്നവര്‍ എല്ലാം വിവരിച്ചു കൊടുത്തു. അയാളും എന്നെ തുറിച്ചു നോക്കി ദേഷ്യത്തില്‍ പറഞ്ഞു. പോലീസ് പിടിക്കുന്ന എല്ലാ കളളന്മാരും ഇതുതന്നെയാണ് പറയുന്നത്. അയാളുടെ ചോദ്യം ഇതായിരുന്നു, നീ മദ്രാസ്സില്‍ നിന്ന് ടിക്കറ്റ് എടുക്കാതെയാണോ ഇവിടെ വരെ വന്നത്. എടാ കഴുതേ അതു നടക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ട്രെയിന്‍ സൈറണ്‍ മുഴക്കിയത്. എന്തൊക്കെ സംഭവിച്ചാലും എനിക്ക് പാറ്റനയിലെത്തണം. ഈ ട്രെയിന്‍ നഷ്ടപ്പെടാന്‍ പാടില്ല. മനസ്സ് തളര്‍ന്ന നിമിഷങ്ങളില്‍ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുളളൂ. വേഗം പോയി ട്രെയിനില്‍ കയറൂ ട്രെയിന്‍ ഓടി തുടങ്ങിയിരുന്നു. ഞാന്‍ ആ മുറിയില്‍ നിന്ന് ഇറങ്ങി പരിസരബോധമില്ലാതെ അതിവേഗത്തില്‍ ഓടി. എന്റെ പിറകെ പോലീസ് ഓടിയെങ്കിലും ഞാനോടി കയറി. പോലീസുകാരനെ മദ്രാസി പറ്റിച്ചു കടന്നു കളഞ്ഞു അതായിരിക്കാം അവരുടെ മനസ്സിലുണ്ടായിരുന്നത്. അവര്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ടിക്കറ്റ് എടുക്കാത്തതിന് അടി തന്നില്ലേ?, അടിയും കൊണ്ട് പുളിയും കുടിക്കണോ? അതായിരുന്നു എന്റെയുളളില്‍ ചോദിച്ചത്. ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റിനു പിറകില്‍ ഒന്നു കൂടിയുണ്ടയിരുന്നു. എന്റെ ഒപ്പം നിന്നയാളോടു ചോദിച്ചു, റിസര്‍വേഷന്‍ ഇല്ലേ. അയാള്‍ പറഞ്ഞു ഇതിലെ രണ്ടു കമ്പാര്‍ട്ടുമെന്റുകള്‍ക്ക് റിസര്‍വേഷന്‍ വേണ്ട. അപ്പോഴാണ് ട്രയിന് അങ്ങനെയൊരു സംവിധാനമുളളത് ഞാന്‍ മനസ്സിലാക്കിയത്.

മഗദ ചക്രവര്‍ത്തിയും, മഗദ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രയും, ഇന്നത് ബിഹാറിന്റെ തലസ്ഥാനമായ പാറ്റനയാണ്. ചെറുപ്പത്തില്‍ ഏറെ കേട്ടിട്ടുള്ളതാണ്. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ചായയും പൂരിയും ഉരുളന്‍കിഴങ്ങു കറിയും കഴിച്ചിട്ടാണ് പാടലിപുത്രം കാണാനായി നടന്നത്. രാവിലെ ഏഴുമണിക്കു മുമ്പുതന്നെ ട്രെയിന്‍ എത്തി. ഇന്റര്‍വ്യൂ പത്തുമണിക്കാണ്. ഒരു സാംസാകാരിക തലസ്ഥാനത്തിന്റെ അവശേഷിപ്പെന്ന പോലെ പല പുരാതന കെട്ടിടങ്ങളും തലയുയര്‍ത്തി നില്‍ക്കുന്നു. അവിടുത്തെ മൈതാനത്താണ് ഒരു മണിക്കൂറോളം ഞാനിരുന്നത്. പച്ചപ്പു നിറഞ്ഞ ആ മൈതാനം യാത്രികര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പണി ചെയ്തിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് അതിനടുത്തു തന്നെയാണ്. പത്തു മണിക്കു മുമ്പ് തന്നെ അവിടെ ഹാജരായി. അവിടുത്തെ അഡ്മിനാസ്‌ട്രേറ്റീവ് ഓഫിസര്‍ ശര്‍മ്മ വളരെ സ്‌നേഹത്തോടെ ഞങ്ങള്‍ ആറു ഉദ്ദ്യോഗാര്‍ഥികളെ സ്വീകരിച്ചു. ഞങ്ങള്‍ക്കെല്ലാം ചായ തന്നു. ഷോര്‍ട്ട്ഹാന്‍ഡ് ടൈപ്പിംഗ് ടെസ്റ്റ് കഴിഞ്ഞപ്പോള്‍ പതിനൊന്നുമണിയായി. വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്കു വന്ന് റാഞ്ചിയിലേക്ക് കളള ട്രയിന്‍ കയറി. പഴയതു പോലെ ടിക്കറ്റ് ചെക്കര്‍ എത്തി. കഴിഞ്ഞ രാത്രി പോലെ രണ്ടു ബോഗികളുടെ ഇടയ്ക്ക് നിന്നാല്‍ ആളുകള്‍ ശ്രദ്ധിക്കും. ഇരുഭാഗത്തുമുളള രണ്ടു ബോഗികളില്‍ നിന്നും രണ്ടു ചെക്കര്‍മാര്‍ എന്റെയടുത്തേക്ക് എത്തി കൊണ്ടിരിക്കുന്നത് എന്നെ അങ്കലാപ്പിലാക്കി.

പോള്‍സണ്‍ ലോനപ്പന്‍

കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍, ദുരന്തബാധിതര്‍ക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി കലാകേരളം ഗ്ലാസ് ഗോ. കേരളത്തിലിന്നുവരേ കാണപ്പെടാത്ത രീതിയില്‍ പ്രകൃതി രൗദ്രഭാവം പൂണ്ടപ്പോള്‍ കേരളക്കരയാകെ വിറപൂണ്ടു, ഉള്ളവനും, ഇല്ലാത്തവനും തുല്യനായി. നാനാജാതി മതസ്ത്ഥര്‍ ഒരേ മനസ്സോടെ, ഏകസ്വരത്തിലപേക്ഷിക്കുന്നു. ‘രക്ഷിക്കണേ’എന്ന്.

പ്രിയ സുഹൃത്തുക്കളേ, വ്യത്യസ്തതകള്‍ മറന്നു കൊണ്ട് നമ്മളായിരിക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങള്‍ ഒന്നു ചേര്‍ന്ന് നമ്മുടെ നാടിനായി, സഹോദരങ്ങള്‍ക്കായി കൈകോര്‍ക്കാം, നമുക്കാവുന്നതിലും അപ്പുറത്തു നിന്നു കൊണ്ട് സഹായിക്കേണ്ട സന്ദര്‍ഭമാണിത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും, വസ്ത്രവുമെത്തിക്കുക എന്നതാണിപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യം. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബോട്ടുകള്‍ക്കും, ജനറേറ്ററുകള്‍ക്കാവശ്യമായ ഇന്ധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായിരിക്കും ഇപ്പോള്‍ സ്വീകരിക്കുന്ന സാമ്പത്തിക സഹായം ഞങ്ങള്‍ വിനിയോഗിക്കുക. കലാകേരളത്തിന്റെ നേതൃത്വത്തിലാരംഭിച്ച ദുരിതാശ്വാസ ഫണ്ടുശേഖരണത്തിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ചില മണിക്കൂറുകള്‍ കൊണ്ട് 2000ത്തിലധികം പൗണ്ട് സ്വരൂപിച്ചു കഴിഞ്ഞു. കലാകേരളം ഗ്ലാസഗോ വഴിയായി നാട്ടില്‍ സഹായമെത്തിക്കാന്‍ സന്മനസ്സുകാണിച്ച് ഒട്ടേറെപ്പേര്‍ ഞങ്ങളെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പത്രക്കുറിപ്പിറക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

കലാകേരളം വഴിയായി നിങ്ങളുടെ നാട്ടിലുള്ള സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ താല്പര്യപ്പെടുന്നെങ്കില്‍ കഴിയുന്നതും വേഗം കലാകേരളം ഗ്ലാസ്‌ഗോയുടെ സെക്രട്ടറി പോള്‍സണ്‍ ലോനപ്പനുമായി 07846161518 എന്ന നമ്പറിലോ, നേരിലോ ബന്ധപ്പെടുക.

പ്രകൃതി ദുരന്തത്തിലകപ്പെട്ട് വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു സഹായമെത്തിക്കുക വഴി നാം കൊടുക്കുന്ന ഒരോ ചില്ലിക്കാശും അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെയാണ് എത്തുക എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം കൂടി കലാകേരളം ഗ്ലാസ് ഗോ ഏറ്റെടുക്കും.

ന്യൂസ് ഡെസ്ക്

കേരള ജനത പ്രളയത്തിൽ ഉഴലുമ്പോൾ അവരുടെ കണ്ണീരൊപ്പാൻ യുകെയിലെ മലയാളികൾ കൈകോർക്കുന്നു. ഓണാഘോഷം വിപുലമായി ആഘോഷിക്കുവാൻ തയ്യാറെടുത്തു കൊണ്ടിരുന്ന മലയാളികൾ മിക്കവരും ആഘോഷം ഒഴിവാക്കുകയാണ്. തങ്ങളുടെ ആഘോഷത്തിനായി ചെലവഴിക്കാൻ ഉദ്ദേശിച്ച തുക കേരളത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി നല്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാനാണ് ജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കുന്നത്. ഇതിനായി ഓൺലൈൻ സംവിധാനം കേരള ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് വെബ്സൈറ്റ് ലിങ്ക് വഴി പണം നല്കാവുന്നതാണ്. ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയും സംഭാവന നല്കാം. ഇതിനായി തന്നിരിക്കുന്ന അഡ്രസിൽ അയച്ചാൽ മതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു നല്കുന്നതു വഴി നല്കുന്ന തുക അർഹരായവർക്ക് ലഭിക്കുകയും അനാവശ്യമായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പാകുകയും ചെയ്യും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Please click this link to donate to Chief Minister’s Distress Relief Fund

8000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരുനൂറിലേറെ ജീവനുകൾ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ നശിച്ചു. ദുരിതക്കയത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് പതിനായിരങ്ങളാണ്. യുകെയിൽ നിന്ന് സമ്മർ അവധിയ്ക്ക് പോയ മലയാളി കുടുംബങ്ങളും ദുരിതത്തിലാണ്. യുകെയിൽ താമസിക്കുന്ന നിരവധി മലയാളികളുടെ ബന്ധുക്കളും സുഹൃത്തുക്കളും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. ജന്മനാട്ടിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അകലെയെങ്കിലും നാട്ടിലുള്ള ഉറ്റവരുടെ ദു:ഖത്തിൽ തേങ്ങുകയാണ് യുകെയിലെ മലയാളി സമൂഹം.

ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ പ്രളയ നില ഒന്നിനൊന്ന് മോശമാകുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തുന്ന സ്ഥിതിയാണ്. കനത്തമഴ തുടരുന്നതു മൂലമാണിത്. ഡാമിന്റെ പരിസരത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. 2402.2 അടി ജലമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുള്ളത്. പരമാവധി സംഭവണ ശേഷി 2403 അടിയാണ്. നിലവിലെ മഴയുടെ തോത് പരിഗണിച്ചാല്‍ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളിയാഴ്ച തന്നെ അണക്കെട്ടില്‍ വെള്ളം ഈ നിലയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ അണക്കെട്ടില്‍ നിന്ന് 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരുമണിക്കൂറില്‍ പുറത്തുവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ 20 ലക്ഷം ലിറ്ററിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. എന്നാല്‍ കൂടുതല്‍ വെള്ളം പുറത്തുവിടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടില്ല. മഴക്കെടുതിയില്‍ വലഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ജലമൊഴുക്കിവിടാനാകില്ലെന്ന നിലപാടിലാണ് ജില്ലാഭരണകൂടം. എറണാകുളം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ പറയുന്നത്.

എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന് തുല്യമായ അളവില്‍ വെള്ളം പുറത്തേക്കൊഴുക്കണമെന്ന നിലപാടിലാണ് കെഎസ്ഇബി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് 100 സെന്റീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ നാല് മീറ്ററോളം ഉയരത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നു. ഷട്ടര്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പരമാവധി ശേഷി എത്തുന്നത് വരെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം പറയുന്നു. ഇക്കാര്യത്തില്‍ ഡാം സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനങ്ങളുണ്ടാകുവെന്നും ഭരണകൂടം അറിയിച്ചു.

നാളെ വൈകുന്നേരം പ്രധാനമന്ത്രി കേരളത്തിലെത്തും. ശനിയാഴ്ച പ്രളയ ബാധിത പ്രദേശങ്ങളിൽ അദ്ദേഹം ഹെലികോപ്ടറിൽ സന്ദർശനം നടത്തും.

ന്യൂസ് ഡെസ്ക്

യുകെയിൽ നിന്ന് നാട്ടിൽ പോയ മലയാളി കുടുംബങ്ങളുടെ തിരിച്ചുള്ള യാത്ര  വൈകും.  നെടുമ്പാശ്ശേരി എയർപോർട്ട് ആഗസ്റ്റ് 26 വരെ അടച്ചിടുകയാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. സമ്മർ അവധിക്ക് കേരളത്തിലേയ്ക്ക് പോകാനിരുന്ന നിരവധി മലയാളി കുടുംബങ്ങളുടെ യാത്ര മുടങ്ങുകയാണ്. മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയ നിരവധി മലയാളി കുടുംബങ്ങളെ എയർലൈനുകൾ തിരിച്ചയച്ചു. എമിറേറ്റ്സിലും ഇത്തിഹാദിലും പോകാൻ ടിക്കറ്റ് എടുത്തിരുന്നവർക്കാണ് യാത്ര മുടങ്ങിയത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം നിറുത്തി വച്ചതിനേത്തുടർന്നാണിത്. ടിക്കറ്റ് എടുത്തവർക്ക് മുംബൈ വരെ പോകാനുള്ള സൗകര്യം അത്യാവശ്യമെങ്കിൽ ഇത്തിഹാദ് എയർലൈൻ നല്കുന്നതായി അറിയുന്നുണ്ട്. പിന്നീടുള്ള യാത്ര സ്വന്തം റിസ്കിലായിരിക്കും. എമിറേറ്റ്സും ഇത്തിഹാദും എന്ന് സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല. കേരളത്തിലേയ്ക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തിരിക്കുന്നവർ വീട്ടിൽ നിന്ന് തിരിക്കുന്നതിനു മുൻപ് എയർലൈനുകളെ ബന്ധപ്പെടേണ്ടതാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  കനത്ത മഴയില്‍  വെള്ളം കയറിയതിനെ തുടര്‍ന്നാണ് അടച്ചത്. 26 ന് ഉച്ചയ്ക്ക് രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് സിയാല്‍ അറിയിച്ചിട്ടുള്ളത്. റണ്‍വേയ്ക്ക് പുറമെ, ടാക്സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ദിവസം അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളത്.

 

ന്യൂസ് ഡെസ്ക്

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ഡല്‍ഹി എയിംസ് ഹോസ്പിറ്റലിൽ  ഇന്നു വൈകുന്നേരം ആയിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യസ്ഥിതി മോശമായിരുന്ന വാജ്പേയിയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ഇന്നലെ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. ഇന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ വാജ്പേയി മനസ്സുവെച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ 1979ല്‍ നടത്തിയ ചൈന, പാകിസ്താന്‍ സന്ദര്‍ശനങ്ങള്‍ ചരിത്രപരമായിരുന്നു. 1998ല്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ പാകിസ്താനുമായി സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-ലാഹോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പൊഖ്റാനില്‍ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ്. ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന എതിര്‍പ്പുകളെ സധൈര്യം നേരിടുന്നതിലും ഇന്ത്യയുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ വാജ്പേയിയുടെ ഉറച്ച നിലപാടുകള്‍ നിര്‍ണായകമായിരുന്നു.

1957ല്‍ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്പേയി 1962ല്‍ രാജ്യസഭാംഗമായി. പിന്നീട് 1967, 71, 77, 80 എന്നീ വര്‍ഷങ്ങളിലും ലോക്സഭയിലെത്തി. 1980ല്‍ രൂപീകരിക്കപ്പെട്ട ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാപകരിലൊരാളാണ്. പാര്‍ട്ടിയുടെ ആദ്യപ്രസിഡന്റും വാജ്പേയിയായിരുന്നു.

1924ല്‍ മധ്യപ്രദേശില ഗ്വാളിയോറിലാണ് വാജ്പേയി ജനിച്ചത്. അധ്യാപകനായ കൃഷ്ണാബിഹാരി വാജ്പേയിയും കൃഷ്ണദേവിയുമായിരുന്നു മാതാപിതാക്കള്‍. ഗ്വാളിയറിലെ വിക്ടോറിയ കോളേജില്‍ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദവും കാണ്‍പൂര്‍ ഡി. വി. കോളേജില്‍  നിന്ന് രാഷ്ട്രതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ആര്‍എസ്എസില്‍ സജീവമായി. 1951ല്‍ തുടക്കംകുറിച്ച ജനസംഘത്തിന്റെ സ്ഥാപകാംഗമായി. ഒരു രാജ്യതന്ത്രജ്ഞന്‍ എന്നതിനൊപ്പം കവിയും വാഗ്മിയും പത്രപ്രവര്‍ത്തകനുമായിരുന്നു വാജ്പേയി. രാഷ്ട്രത്തിനും പൊതുപ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അവിവാഹിതനായിരുന്നു  അടല്‍ ബിഹാരി വാജ്പേയി.

RECENT POSTS
Copyright © . All rights reserved