ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
യുകെ : ഇംഗ്ലീഷ് ചാനൽ വഴി ആളുകളെ യുകെയിലേക്ക് എത്തിക്കുന്ന കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് പിന്തുണ നൽകുന്നെന്ന് കണ്ടെത്തൽ. ഒരു രഹസ്യാന്വേഷണത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.കാലായിസിൽ നിന്നും ഡങ്കിർക്കിൽ നിന്നും ആളുകളെ ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് എത്തിക്കാൻ കള്ളക്കടത്തുകാർക്ക് ഫ്രഞ്ച് പോലീസ് അനുമതി നല്കുന്നെന്ന് എൽബിസി റേഡിയോ വെളിപ്പെടുത്തി. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തിലെ ഒരാളെ ഡങ്കിർക്കിൽ നിന്നും രഹസ്യാന്വേഷണസംഘം കണ്ടെത്തി. 7000 പൗണ്ട് വരെയാണ് ഓരോരുത്തർക്കും ബോട്ടിൽ കയറുന്നതിനായി അവർ ഈടാക്കുന്നത്. എൽബിസി ടീം, ഒരു ഇന്ത്യൻ കുടുംബമായി അഭിനയിച്ചാണ് ഇയാളെ കണ്ടെത്തിയത്. ഫാറൂഖ് എന്ന കള്ളക്കടത്തുകാരനെയാണ് ക്യാമ്പിന്റെ വെളിയിൽ അവർ കണ്ടെത്തിയത്.
ചാനൽ എപ്പോൾ കടക്കണമെന്ന് ഫ്രഞ്ച് പോലീസ് ആണ് നിർദേശം നൽകുന്നതെന്ന് ഫാറൂഖ് വെളിപ്പെടുത്തി. ആളുകൾ പോകുമ്പോൾ ചിലപ്പോൾ ഫ്രഞ്ച് പോലീസ് അവരോടൊപ്പം പോകുമെന്നും അതിനാൽ കാര്യങ്ങൾ വളരെ എളുപ്പമാണെന്നും 400 പേരെ വരെ കടത്തിയിട്ടുണ്ടെന്നും ഫാറൂഖ് പറഞ്ഞു. ഒപ്പം ഫ്രാൻസിൽ ഇതൊരു കച്ചവടം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സഹായങ്ങൾ കുടിയേറ്റക്കാർക്ക് പോലീസ് ആണ് ചെയ്തുകൊടുക്കുന്നത്.
പണത്തിനുവേണ്ടി ഈ ക്രിമിനൽ സംഘങ്ങൾ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നെന്നും ഇതിനെ ഇല്ലാതാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര കാര്യാലയ വക്താവ് ഉറപ്പ് നൽകി. എന്നാൽ ഡങ്കിർക്കിലെ ഫ്രഞ്ച് പോലീസ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കൗമാരപ്രായത്തിൽ സിറിയയിലെ ഐ എസ് ഐ എസ് ചേരാൻ നാടു വിട്ടു പോയതാണ് ഷമീമ ബീഗം. ബ്രിട്ടനിലെ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളിൽ ഇളയവൾ ആയിരുന്നു. സിറിയയിൽ എത്തി പത്താം ദിവസം തന്നെ യാഗോ എന്ന പരിവർത്തിത മുസ്ലീമിനെ വിവാഹം കഴിച്ച ബീഗത്തിന് ജാറ എന്ന ഒരു ആൺകുട്ടി ഉണ്ടായി. എന്നാൽ ഒരാഴ്ച പ്രായമുള്ളപ്പോൾ അവൻ ന്യൂമോണിയ ബാധിച്ചു മരിക്കുകയായിരുന്നു.
തന്റെ മാനസികാരോഗ്യം തകരാറിൽ ആണെന്നും താൻ അവിടെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയാണെന്നും രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്നും അവൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാട്ടിലെ പോലെയല്ല, കൂടെ കഴിയുന്നവർക്ക് എത്ര പറഞ്ഞാലും താൻ അനുഭവിച്ചത് ഒന്നും മനസ്സിലാവില്ല എന്ന് അവൾ കണ്ണീരോടെ പറയുന്നു. അവിടെ കുട്ടികളെ പ്രസവിക്കാൻ വേണ്ടി മാത്രമാണ് സ്ത്രീകൾ. എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു വരണമെന്ന് പ്രതീക്ഷയുണ്ടെന്നും അവൾ പറഞ്ഞു.
എന്നാൽ രാജ്യസുരക്ഷയാണ് വലുതെന്നും ഒരിക്കൽ തീവ്രവാദത്തിലേക്ക് പോയവർക്ക് മടങ്ങിവരാൻ സാധ്യമല്ലെന്നും ഹോം സെക്രട്ടറിയായ പ്രീതി പറഞ്ഞു. ഇനി ബംഗ്ലാദേശിലേക്ക് പോവുക എന്ന ഒരു വഴി മാത്രമേ ബീഗത്തിനു ബാക്കിയുള്ളൂ. എന്നാൽ ബംഗ്ലാദേശ് സർക്കാരും രാജ്യത്ത് പ്രവേശിക്കാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇറാൻ : ജൂലൈയിൽ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ഇറാൻ വിട്ടയച്ചു. യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയൻ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാൾട്ടറിൽ പിടികൂടിയതിനു പകരമായാണ് ഈ ടാങ്കർ ഇറാൻ പിടികൂടിയത്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക്ക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ ജൂലൈ 19നാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് ഗൾഫിലെ ഹോർമുസ് കടലിടുക്കിൽവച്ച് പിടിച്ചെടുത്തത്. രണ്ട് മാസത്തിനു ശേഷം ഇന്നലെയാണ് ഇറാൻ, കപ്പൽ വിട്ടയച്ചത്. ബ്രിട്ടീഷ് കപ്പൽ ഒരു മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചു എന്നാരോപിച്ചായിരുന്നു ഇറാൻ സ്റ്റെന ഇംപറോ പിടിച്ചെടുത്തത്.
കപ്പൽ, ഇറാനിലെ ബന്ദൻ അബ്ബാസ് തുറമുഖം ഇന്നലെ വിട്ടെന്നും തുടർന്ന് ദുബായിലേക്ക് യാത്ര തിരിക്കുമെന്നും കപ്പലുടമകളായ സ്റ്റെന ബൾക്ക് അറിയിച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതാരാണെന്ന് അവർ അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്നവർക്കും അവരുടെ കുടുംബത്തിനും പൂർണ പിന്തുണ്ണ നൽകുമെന്ന് സ്റ്റെന ബൾക്ക് സിഇഓ എറിക് ഹാനെൽ ഉറപ്പ് നൽകി. പിടിച്ചെടുത്ത ടാങ്കറിൽ 3 മലയാളികളടക്കം 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേരെ ഈ മാസം ആദ്യം ഇറാൻ മോചിപ്പിച്ചിരുന്നു. ശേഷിക്കുന്ന 16 പേരിൽ 13 ഇന്ത്യക്കാരും രണ്ട് റഷ്യക്കാരും ഒരു ഫിലിപ്പീൻസ് സ്വദേശിയും ഉൾപ്പെടുന്നു. കപ്പൽ വിട്ടയച്ചെങ്കിലും കേസ് തുടരുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
മോൺട്രിയൽ : കാനഡയിലെ പലസ്ഥലങ്ങളിലായി നൂറുകണക്കിന് പരിപാടികളാണ് പരിസ്ഥിതിപ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ ലോക നേതാക്കന്മാരുടെ ശ്രദ്ധ പതിപ്പിക്കുക, സംരക്ഷണത്തിന് വേണ്ട കരുതൽ നടപടികൾ എത്രയും പെട്ടെന്ന് ആവിഷ്കരിക്കുക എന്നിവയാണ് സമരക്കാരുടെ ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥിയായ ഗ്രേറ്റയുടെ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന ലോകവ്യാപകമായ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും അധികം മലിനീകരണം നേരിടുന്ന നഗരമായ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരുമാസത്തോളമായി പരിസ്ഥിതിപ്രവർത്തകർ വെള്ളിയാഴ്ചകളിൽ സമരത്തിലാണ്.
പതിനാറുകാരിയായ ഗ്രേറ്റയുടെ പരിസ്ഥിതി പ്രസംഗങ്ങൾ വൈറലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പരിസ്ഥിതിയുടെ വിഷയത്തിൽ യുഎന്നിലെ ലോകനേതാക്കളുടെ അനാസ്ഥയെപ്പറ്റി അവൾ സംസാരിച്ചിരുന്നു. എന്നാൽ ഇത്രയധികം പേർ സമരത്തിനെത്തിയതിൽ സന്തോഷമുണ്ടെന്നും ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും ഗ്രേറ്റ മാധ്യമങ്ങളോട് പറഞ്ഞു . ഈ സമരം ചെറിയ ഒരു തുടക്കം മാത്രമാണെന്നും അവർ പറഞ്ഞു.
മോൺട്രിയലിൽ മാത്രം സമരത്തിനെത്തിയത് ഏകദേശം അരക്കോടിയോളം ആൾക്കാരാണ്. എന്നാൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഏകദേശം 3,15,000 വ്യക്തികളാണ് പങ്കെടുത്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംഗമം ആണിത്. മനുഷ്യരാശിയുടെ മുഴുവൻ അതിജീവനം ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് സമാധാനമായി പഠിക്കാനും ജോലി ചെയ്യാനും ആവുന്നത് എന്നാണ് ഗ്രേറ്റയുടെ ചോദ്യം. പ്ലാനറ്റ് ബി എന്നൊരു ഓപ്ഷൻ നമുക്കുമുന്നിൽ ഇല്ല എന്ന സത്യവും പ്രക്ഷോഭകർ തുടർച്ചയായി ഓർമിപ്പിക്കുന്നു. ലോക നേതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൺ :- ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2014 -ൽ താൻ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ സ്കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യവോട്ടെടുപ്പിന്റെ കാലഘട്ടത്തിൽ താൻ രാഞ്ജിയോട് അഭിപ്രായം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ഇത് കൊട്ടാരത്തിൽ പുതിയ അസ്വസ്ഥതകൾക്ക് വഴിവെച്ചിട്ടുണ്ട്.ബ്രെക്സിറ്റിന്റെ കാര്യത്തിൽ ബോറിസ് ജോൺസന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന തരത്തിൽ ആയിരുന്നു ഡേവിഡ് കാമറൂണിന്റെ പ്രസ്താവന. എന്നാൽ ഈ പ്രസ്താവനയ്ക്ക് മറുപടിയായി ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല.
ഒരു ബിബിസി ഡോക്യുമെന്ററിയിലാണ് തൻെറ കാലഘട്ടത്തെ പറ്റി കാമറൂൺ പ്രസ്താവിച്ചിരിക്കുന്നത്. തൻെറ പ്രവർത്തനങ്ങളുടെ ഒരു സത്യസന്ധമായ വിവരണം രാജ്ഞിക്ക് നൽകാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ കാമറൂണിൻെറ പ്രസ്താവന അനുചിതമാണെന്ന് പലഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയെ ഉൾപ്പെടുത്തിയത് തെറ്റാണെന്ന് സ്കോട്ട്ലാൻഡിലെ പ്രഥമ മന്ത്രി അലക്സ് സാൽമണ്ട് അറിയിച്ചു. തൻെറ വ്യക്തി താൽപര്യങ്ങൾ രാജ്ഞിയിൽ അടിച്ചേൽപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് അലക്സ് പറഞ്ഞു.
രാഷ്ട്രീയ തീരുമാനങ്ങളിൽ രാജ്ഞിയുടെ ഉൾപ്പെടൽ തെറ്റാണെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിനും രേഖപ്പെടുത്തി. മുൻപും ഡേവിഡ് കാമറൂൺ ഇത്തരം വിവാദമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 21നാണു വോട്ടെടുപ്പ്. ലിബറൽ പാർട്ടി ടിക്കറ്റിൽ രണ്ടാമൂഴത്തിനു മത്സരിക്കുന്ന ട്രുഡോയ്ക്ക് ഇത്തവണ ജയിക്കാൻ ഏറെ വിയർപ്പ് ഒഴുക്കേണ്ടിവരും. പ്രതിപക്ഷ കൺസർവേറ്റീവുകൾ ശക്തമായ പ്രചാരണം ആരംഭിച്ചു. സമ്പദ് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയായിരിക്കും ഇത്തവണത്തെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയം
ജറുസലേം: സെൽഫോൺ സന്ദേശങ്ങൾ ചോർത്തിയെന്ന ആരോപണത്തെ തള്ളി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ്. വൈറ്റ് ഹൗസിനു സമീപം സ്കാനറുകൾ സ്ഥാപിച്ച് സന്ദേശങ്ങൾ ചോർത്തിയെന്ന് ട്രംപ് ഭരണകൂടത്തിലെ ഇന്റലിജൻസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പൊളിറ്റികോ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ടു ചെയ്തിരുന്നു. യുഎസുമായി ദീർഘകാലമായി പ്രതിബദ്ധതയുണ്ട്. യുഎസിൽ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ഇസ്രായേൽ സർക്കാരിൽ നിന്നുള്ള നിർദ്ദേശമുണ്ടെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ചാരവൃത്തിക്കായി സ്ഥാപിച്ച സ്കാനറുകൾ 2018ൽ തന്നെ പിടിച്ചെടുത്തിരുന്നു. വൈറ്റ്ഹൗസ് പരിസരത്തു മാത്രമല്ല, വാഷിംഗ്ടൺ ഡിസിയിലെ മറ്റു ചില സ്ഥലങ്ങളിലും സ്കാനർ സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതായുമാണ് പൊളിറ്റികോ ന്യൂസ് റിപ്പോർട്ട് ചെയ്തത്. പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളുടെയും ഫോണുകൾ ചോർത്തുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേലാണ് ഇതിനു പിന്നിലെന്നും ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തെങ്കിലും ട്രംപ് ഭരണകൂടം ഇസ്രയേലിനെതിരേ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സൗത്ത് ഫ്‌ളോറിഡ: ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ കാര്‍ തടാകത്തിലെക്കു മറിഞ്ഞതിനെ തുടര്‍ന്നു അപകടത്തില്‍ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായിയുടെ മകന്‍ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകന്‍ സ്റ്റീവ് (14) എന്നിവര്‍ ആണ് മരിച്ചത്. കോതമംഗലം എം എ കോളേജ് സൂവോളജി വിഭാഗം ഹെഡ് ആയിരുന്നു പരേതനായ ബോബിയുടെ പിതാവ് എം പി മത്തായി.
ഡാലസില്‍ ഐ.ടി. എഞ്ചിനിയറായ ബോബി മാത്യുവിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകുകയായിരുന്നു. ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ റോഡില്‍ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ഫ്‌ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവര്‍ ബോബിയുടെ സഹോദരങ്ങള്‍ ആണ്. ബിർമിങ്ഹാമിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാത്യു ആണ് യുകെ മലയാളിയായ ടോം ജോസ് തടിയംപാടിന് ഈ വാര്‍ത്ത അയച്ചു കൊടുത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ന്യൂസിലാൻഡ്: വൈക്കട്ടോ വൈക്കട്ടോയില്‍ പറോവാ – ടാഹിനു റോഡില്‍ ഉണ്ടായ കാറപകടത്തില്‍ കുറവിലങ്ങാട് സ്വദേശിയും വൈക്കട്ടോ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡില്‍ രജിസ്റ്റേർഡ് നേഴ്‌സ് ആണ് ജോലി ചെയ്യുന്ന കിരണ്‍ ജോസ് (32) അപകട സ്ഥലത്തു വച്ച് തന്നെ മരിച്ചതായി പോലീസും ആംബുലൻസ് സെർവിസും അറിയിച്ചു. അപകടത്തിൽ മറ്റു മുന്ന് പേര്‍ക്ക് കൂടി പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇയാളെ എയർ ലിഫ്റ്റ് ചെയ്‌ത് വൈക്കാട്ടോ ഹോസ്പിറ്റലിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. മറ്റു രണ്ടു പേരെ തേംസ് ഹോസ്പിറ്റലില്‍ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് .
സോനാ സിസി ജോസ് ആണ് കിരണ്‍ ജോസിന്റെ ഭാര്യ. കല്യാണം കഴിഞ്ഞിട്ട് അഞ്ചു മാസമായിട്ടുള്ളു. മൂന്ന് കാറുകള്‍ തമ്മില്‍ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്കാണ് പറോവാ – ടാഹിനു റോഡില്‍ വച്ച് കൂട്ടിയിടി ഉണ്ടായത്. കിരണ്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായി സൈന്റ്‌റ് ജോണ്‍ ആംബുലന്‍സ് വിങ് അറിയിച്ചു. വൈക്കാട്ടോ പോലീസിന്റെ സ്‌പെഷ്യല്‍ വാഹനാപകട അന്യോഷണ സംഘം അന്യോഷണം ആരംഭിച്ചിട്ടുണ്ട്.
പുറകില്‍ നിന്ന് വരുകയായിരുന്ന കാർ കിരണും സുഹൃത്തും യാത്ര ചെയ്ത കാറിന്റെ പിറകിൽ അതിശക്തമായി ഇടിച്ചതിനെ തുടർന്ന് കിരണ്‍ ഓടിക്കുകയായിരുന്നു കാര്‍ മുന്‍പിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കിരണിന്റെ കൂടെ യാത്ര ചെയ്ത സുഹൃത്തിന് നിസാര പരിക്കുകളോടെ തേംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിസി ജോസിന്റെ ഓക്‌ലാന്റിലെ നോര്‍ത്ത് ഷോറില്‍ താമസിക്കുന്ന രണ്ടു സഹോദരിമാരും കുടുംബവും വൈകട്ടോയില്‍ എത്തിയിട്ടുണ്ട്. നാളെ മൃതദേഹം പോസ്‌റ്‌മോര്‍ട്ടത്തിനു ശേഷം അന്തോമോപചാരം അര്‍പ്പിക്കുവാന്‍ ഓക്‌ലന്‍ഡിലേക്കു കൊണ്ട് വരും എന്നാണ് അറിയുന്നത്.
ഏകദേശം ഒരു ലക്ഷത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് ഗൂഗിൾ ജോലിയെക്കുറിച്ചും ജോലി സ്ഥലത്ത് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും പുതിയ മാർഗനിർദ്ദേശങ്ങൾ നൽകി . ഗൂഗിളിൻെറ സ്വതന്ത്രമായ തൊഴിൽ സംസ്കാരത്തിന് ഘടകവിരുദ്ധമായാണ് പുതിയ നിർദ്ദേശങ്ങൾ .രാഷ്ട്രീയപരമായും മറ്റുമുള്ള അനാവശ്യ ചർച്ചകളിലൂടെ ജോലി സമയം പാഴാക്കരുതെന്നും തങ്ങളുടെ ജോലിയിൽ ശ്രദ്ധയൂന്നാനുമാണ് ഗൂഗിൾ ജോലിക്കാരോട് ആവശ്യപ്പെടുന്നത് .ജോലിക്കാരുടെ 20 % സമയം വ്യക്തിഗത പ്രോജക്ടുകളിൽ ചിലവഴിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്ന വളരെ പ്രശംസിക്കപ്പെട്ട ഗൂഗിളിൻെറ നയങ്ങൾക്കെതിരാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. ഗൂഗിളിൻെറ പല പുതിയ സംരംഭങ്ങളുടെയും ആശയങ്ങൾ രൂപീകൃതമായത് ഇങ്ങനെയുള്ള പ്രോജക്ടുകളിൽ നിന്നുമായിരുന്നു . ജിമെയിൽ ,ഗൂഗിൾമാപ്പ് തുടങ്ങി ഗൂഗിളിൻെറ പ്രശസ്തമായ പ്രൊഡക്ടുകൾ എല്ലാം ഇങ്ങനെയുള്ള വ്യക്തിഗത പ്രോജക്ടുകളിൽ നിന്ന് ആശയം ഉൾകൊണ്ടുള്ളതായിരുന്നു .
നിങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യുക എന്നുള്ളതാണ്. അനാവശ്യ സംവാദങ്ങളിൽ ജോലി സമയം ചിലവഴിക്കരുത് .ഗൂഗിൾ അതിൻെറ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്ത മെമ്മോയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു .ഈ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന അവസരങ്ങളിൽ മാനേജർമാരുടെ ഇടപെടൽ ഉണ്ടാകണം എന്നും മാർഗ്ഗരേഖയിൽ ഉണ്ട് .
കമ്പനിയുടെ പ്രവർത്തനത്തിലെ കഴിഞ്ഞ വർഷം ഉണ്ടായ വീഴ്ചകൾ പരിഹരിക്കാനാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കമ്പനി ആഭ്യന്തര വക്താവ് ജെൻ കൈസർ പറഞ്ഞു .പക്ഷെ ജോലിക്കാരും മാനേജുമെന്റും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയിൽ ബാധിക്കാനാണ് സാധ്യത എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു .സ്വതന്ത്ര ചിന്താഗതി പ്രകടിപ്പിച്ചതിന് ഗൂഗിൾ തങ്ങൾക്കെതിരെ പ്രതികാരം ചെയ്തുവെന്ന് മുൻ ജീവനക്കാർ ആരോപിക്കുകയും ചെയ്യുന്നു .