Videsham

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ ടെക്നോളജിയുടെ അനന്ത സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ ദുബായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ആദ്യ ബ്ലോക്ക് ചെയിന്‍ പവേര്‍ഡ് രാജ്യമാകാന്‍ ദുബായ് തീരുമാനമെടുത്തതായ പ്രഖ്യാപനം വന്നതോടെ നടപ്പിലാകാന്‍ പോകുന്നത് ഇടനിലക്കാരെ മുഴുവനായും ഒഴിവാക്കിയുള്ള ഒരു ഭരണ നിര്‍വഹണ രീതി ആയിരിക്കും. 2020 ആവുമ്പോഴേക്കും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് വരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ദുബായ് വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷം കൊണ്ട്  നൂറു ശതമാനം ഗവണ്മെന്റ് രേഖകളും ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തപ്പെടുന്നതോടെ ഭരണ നിര്‍വഹണത്തിനായി ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ വലിയൊരു നിരയെ കാത്ത് പരിപാലിക്കുക എന്ന വന്‍ ബാദ്ധ്യത സര്‍ക്കാരിന്‍റെ തലയില്‍ നിന്ന് ഒഴിവാകുമെന്ന് ഉറപ്പാണ്. അറേബ്യന്‍ ചെയിന്‍ എന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലേക്ക് ദുബായ് ഗവണ്മെന്റ് എല്ലാ പേപ്പര്‍ വര്‍ക്കുകളും മാറ്റുന്നതോട് കൂടി പേപ്പര്‍ വെരിഫിക്കെഷനുകള്‍ക്കും മറ്റുമായി വക്കീലന്മാരെയും മറ്റ് ഗവണ്മെന്‍റ് ഓഫീസര്‍മാരെയും സമീപിക്കേണ്ട ആവശ്യം തന്നെ ഇല്ലാതായി മാറും.

ഒബ്ജക്റ്റ് ടെക് എന്ന സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകളും ബ്ലോക്ക് ചെയിന്‍ സെക്യൂരിറ്റിയും നിലവില്‍ വരുന്നതോടെ ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വന്‍ മാറ്റത്തിന് തന്നെ വഴിയൊരുങ്ങും. സുരക്ഷാ പരിശോധനകള്‍ക്കും ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കും മറ്റും വേണ്ടി വരുന്ന വന്‍ കാലതാമസം ഒഴിവാകുന്നതോടെ ദുബായ് എയര്‍പോര്‍ട്ട്‌ ലോകത്തില്‍ തന്നെ ഒന്നാമതായി മാറും.

ദുബായ് ലാന്‍ഡ്‌ ഡിപ്പാര്‍ട്ട്മെന്റ് എല്ലാ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പ്രോപ്പര്‍ട്ടി റിലേറ്റഡ് കരാറുകളും ബ്ലോക്ക് ചെയിന്‍ വെരിഫിക്കേഷന്‍ രീതിയിലേക്ക് മാറ്റുവാന്‍ ഒരുങ്ങുകയാണ്. വാടക കരാറുകളും യൂട്ടിലിറ്റി സംവിധാനങ്ങളും എല്ലാം ഇനി ബ്ലോക്ക് ചെയിന്‍ വഴി ആയി മാറും.

എം ക്യാഷ്  എന്ന പേരില്‍ സ്വന്തം ക്രിപ്റ്റോ കറന്‍സി ആരംഭിക്കുന്നതായി ദുബായ് ഗവണ്മെന്റ് ഒക്ടോബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. കാലക്രമേണ എല്ലാ സാമ്പത്തിക ഇടപാടുകളും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാഷ് രീതിയിലേക്ക് മാറും.

വന്‍തോതിലുള്ള ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ 46 അംഗങ്ങളുള്ള ഗ്ലോബല്‍ ബ്ലോക്ക് ചെയ്ന്‍ കൗണ്‍സിലുമായി ദുബായ് ഗവണ്മെന്റ് കരാര്‍ ഉറപ്പിച്ച് കഴിഞ്ഞു. മൈക്രോസോഫ്റ്റ്, ഐബിഎം, സിസ്കോ തുടങ്ങിയ വമ്പന്മാര്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് ആണ് ദുബായിയെ സമ്പൂര്‍ണ്ണ ബ്ലോക്ക് ചെയിന്‍വല്‍ക്കരണത്തിലേക്ക് നയിക്കുക.  ഈയൊരു മാറ്റത്തിലൂടെ ഓരോ വര്‍ഷവും ഏകദേശം നൂറ് മില്യനോളം ഡോക്യുമെന്റ്കള്‍ ബ്ലോക്ക് ചെയിന്‍ വഴി രേഖപ്പെടുത്തുക എന്നതാണ്. ഇത് വഴി 25മില്യന്‍ മണിക്കൂറുകളുടെ തൊഴിലും 1.5 മില്യന്‍ ഡോളര്‍ ടാക്സും ലാഭിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.

ദുബായിയെ ലോകത്തിലെ സ്മാര്‍ട്ട്‌ സിറ്റിയാക്കി മാറ്റാനുള്ള ചുമതല നല്‍കിയിരിക്കുന്ന  സ്മാര്‍ട്ട്‌ ദുബായ് ഓഫീസിന്‍റെ ഡയറക്ടര്‍ ജനറലായ ഡോ. അയിഷ ബിന്‍ ബിഷാര്‍ പറയുന്നത് പൂര്‍ണ്ണമായും ബ്ലോക്ക് ചെയിന്‍ സാങ്കേതികതയിലേക്ക് മാറുന്നതോടെ ദുബായ് സ്മാര്‍ട്ട്‌ ആകുന്നതിന് പുറമേ ലോകത്തിലെ സന്തോഷവാന്മാരായ ആളുകള്‍ താമസിക്കുന്ന സിറ്റി എന്ന നിലയിലേക്കും ദുബായ് മാറും എന്നാണ്. ബ്ലോക്ക് ചെയിന്‍ നിലവില്‍ വരുന്നതോടെ അനന്തമായ പേപ്പര്‍ വര്‍ക്കുകള്‍ക്കും മറ്റുമായി ഇപ്പോള്‍ ചെലവഴിക്കുന്ന സമയം കൂടുതല്‍ ഉല്ലാസപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന് കാരണമായി ഡോ. ആയിഷ പറയുന്നത്.

ഏതായാലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മാറ്റങ്ങള്‍ നടപ്പിലായി കഴിയുമ്പോള്‍ അക്കൗണ്ടന്റുമാരും ബാങ്കര്‍മാരും വക്കീലന്മാരും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ഒന്നും നിയന്ത്രിക്കാന്‍ ഇല്ലാത്ത കൂടുതല്‍ സ്വതന്ത്രവും സുതാര്യവുമായ ഒരു ഭരണ സംവിധാനത്തിലേക്ക് ആയിരിക്കും ദുബായ് മാറുന്നത്.

പത്ത് പൗണ്ട്  വിലയുള്ള ക്രിപ്റ്റോ കാര്‍ബണ്‍ തികച്ചും സൗജന്യമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ക്രിപ്റ്റോ കാര്‍ബണ്‍ നിങ്ങള്‍ക്ക് ടെസ്കോ, ആര്‍ഗോസ്, ആമസോണ്‍ തുടങ്ങി നിരവധി ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്.

ദക്ഷിണധ്രുവത്തില്‍ ഏകനായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡ് ടെന്നീസ് താരം ആന്‍ഡി മുറേയുടെ ഭാര്യാസഹോദരന്‍ സ്‌കോട്ട് സിയേഴ്‌സിന്. ഫസ്റ്റ് ബറ്റാലിയന്‍ റോയല്‍ ഗൂര്‍ഖ റൈഫിള്‍സില്‍ ലഫ്റ്റനന്റായ സിയേഴ്‌സ് 702 മൈല്‍ നീളുന്ന യാത്ര 38 ദിവസത്തിലാണ് പൂര്‍ത്തിയാക്കിയത്. 40 മുതല്‍ 50 ദിവസം വരെ യാത്രക്ക് വേണ്ടിവരുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോള്‍ 27 വയസുള്ള സിയേഴ്‌സ് ലണ്ടനിലെ ഷോര്‍ഡിച്ചിലാണ് താമസിക്കുന്നത്. നേരത്തേ ഈ റെക്കോഡ് കരസ്ഥമാക്കിയയാളേക്കാള്‍ രണ്ട് വയസ് കുറവാണ് സിയേഴ്‌സിന്.

ലഫ്റ്റനന്റ് സിയേഴ്‌സിന്റെ മൂത്ത സഹോദരി കിമ്മിനെ 2015ലാണ് രണ്ട് തവണ വിംബിള്‍ഡണ്‍ ചാംപ്യനായ ആന്‍ഡി മുറെ വിവാഹം കഴിച്ചത്. നേട്ടത്തില്‍ ആന്‍ഡി മുറെ സിയേഴ്‌സിനെ അഭിനന്ദിച്ചു. ക്രിസ്തുമസ് ദിനത്തിലാണ് ഈ റെക്കോര്‍ഡ് നേട്ടം സിയേഴ്‌സ് കരസ്ഥമാക്കിയത്. അതിനു തലേന്ന് ലക്ഷ്യസ്ഥാനത്തിന് 38 മൈല്‍ അകലെ സിയേഴ്‌സ് എത്തിയിരുന്നു. ബെസ്സീ എന്ന് പേരിട്ട സ്ലെഡ്ജില്‍ ടെന്റും അത്യാവശ്യത്തിനുള്ള ആഹാരസാധനങ്ങളുമായാണ് സിയേഴ്‌സ് യാത്ര ചെയ്തത്. 38 ദിവസം നീണ്ട യാത്രക്ക് ശേഷം താനും ബെസ്സിയും ലോകറെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണെന്ന് സിയേഴ്‌സ് ബ്ലോഗില്‍ കുറിച്ചു.

ലഘുഭക്ഷണങ്ങളും ഐപാഡിലൂടെ കേട്ട പാട്ടുകളും മാത്രമായിരുന്നു യാത്രയില്‍ കൂട്ടായിരുന്നതെന്ന് സിയേഴ്‌സ് പറഞ്ഞു. വിഷമസന്ധികളില്‍ ഇവ മാത്രമാണ് തന്നെ മുന്നോട്ട് നയിച്ചത്. നേപ്പാളിലെ ഗോര്‍ഖയില്‍ 2015ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ സ്‌കൂളുകള്‍ പുനരുദ്ധരിക്കുന്നതിനായി ഗൂര്‍ഖാ വെല്‍ഫെയര്‍ ട്രസ്റ്റിനു വേണ്ടി ധനസമാഹരണം നടത്താനാണ് യാത്ര സംഘടിപ്പിച്ചത്. 25,000 പൗണ്ടായിരുന്നു ലക്ഷ്യമെങ്കിലും 33,500 പൗണ്ട് ഇതിലൂടെ സമാഹരിക്കാനായി.

ടോക്യോ: ശരീരത്തില്‍ നിന്നും മാംസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയ ബാധിച്ച ജപ്പാന്‍കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഈ ബാക്ടീരിയ ബാധയുടെ ഫലമായുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന രോഗവുമായി ചികിത്സ തേടിയവരുടെ എണ്ണം 2017ല്‍ 525 ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 10 വരെയുള്ള കണക്കാണ് ഇത്. 1999ല്‍ ഈ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നല്‍കിയ കണക്കുകളാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമാക്കുന്നത്. ബാക്ടീരിയ ബാധ എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നോ അവയുടെ കാരണങ്ങളേക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഈ രോഗാണുബാധയുമായി ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. ഈ ബാക്ടീരിയ ബാധിക്കുന്ന മൂന്നിലൊന്ന് കേസുകളിലും മരണം സുനിശ്ചിതമാണ്.

ശരീരകലകള്‍ രോഗാണുക്കള്‍ തിന്നു തീര്‍ക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യും. ചിലയവസരങ്ങളില്‍ ടോക്‌സിക് ഷോക്ക് ലൈക്ക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്കും രോഗി മാറാറുണ്ട്. സ്‌ട്രെപ്‌റ്റോകോക്കസ് പയോജീന്‍സ് എന്ന ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയാണ് ഇത്. ഇത് ബാധിച്ചാല്‍ ശരീരത്തില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും.

ഉണ്ണിയേശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശം നല്‍കി മണിക്കൂറുകള്‍ക്കകം അര്‍ദ്ധനഗ്‌നയായ യുവതി വത്തിക്കാനിലെ പുല്‍ക്കൂട്ടില്‍ നിന്നും യേശുവിനെ കവരാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞു; പൗരോഹിത്യത്തിന് മുകളിലുള്ള വിജയം ലക്ഷ്യമിടുന്ന സംഘടനയിലെ ആലിസ വിനോഗ്രെഡോവ എന്ന യുവതിയാണ് പ്രതിഷേധക്കാരി

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പുല്‍ക്കൂട്ടില്‍ നിന്നും ഉണ്ണിയേശുവിനെ കവരാന്‍ അര്‍ദ്ധനഗ്‌നയായ ഫെനിസിറ്റ് സംഘാംഗം നടത്തിയ പരിശ്രമം പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം തടയപ്പെട്ടു. ഉണ്ണിയേശുവിന്റെ രൂപം കൈയിലെടുക്കാന്‍ ഈ സ്ത്രീക്ക് സാധിച്ചെങ്കിലും ബാക്കിയുള്ള പ്രകടനങ്ങള്‍ പോലീസ് തടഞ്ഞു. സുരക്ഷാ റെയിലുകള്‍ ചാടിക്കടന്ന യുവതി ‘സ്ത്രീയാണ് ദൈവം’ എന്ന് വിളിച്ചുപറഞ്ഞാണ് ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വിവാദമായ ഫെമെന്‍ ഗ്രൂപ്പിലെ അംഗമാണ് ഈ പ്രത്യേക പ്രതിഷേധത്തിന് ഇറങ്ങിയത്. സ്ത്രീയാണ് ദൈവം എന്ന് ശരീരത്തിലും എഴുതിയിരുന്നു. അര്‍ദ്ധനഗ്‌നയായ യുവതിയുടെ പൊടുന്നനെയുള്ള പ്രകടനത്തില്‍ പോലീസ് ഒന്ന് പകച്ചെങ്കിലും മനോനില നില വീണ്ടെടുത്ത് പിന്നാലെ ഓടി യുവതിയെ തടഞ്ഞു. ഇതേ സ്‌ക്വയറില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പോപ്പ് ഫ്രാന്‍സിസ് ക്രിസ്മസ് സന്ദേശം നല്‍കാന്‍ ഇരിക്കവെയായിരുന്നു സംഭവം. പോലീസ് പടികളില്‍ തപ്പിത്തടഞ്ഞ് വീണെങ്കിലും യുവതിയെ ഒരുവിധത്തില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു.

പൗരോഹിത്യത്തിന് മുകളിലുള്ള വിജയം ലക്ഷ്യമിടുന്ന സംഘടനയിലെ ആലിസ വിനോഗ്രെഡോവ എന്ന യുവതിയാണ് പ്രതിഷേധക്കാരിയെന്ന് അവരുടെ വെബ്‌സൈറ്റ് വ്യക്തമാക്കി. 2014 ക്രിസ്മസ് ദിനത്തിലും ഉണ്ണിയേശുവിനെ അടിച്ചുമാറ്റിക്കൊണ്ടുള്ള പ്രതിഷേധം സംഘടന നടത്തിയിരുന്നു. ഉക്രെയിനയന്‍ പാര്‍ലമെന്റിന് മുന്നില്‍ ഈ മാസമാദ്യം തുണിയുരിഞ്ഞ് പ്രതിഷേധിച്ച സംഘത്തിലെ പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉക്രെയിന്‍ പ്രസിഡന്റ് പെട്രോ പൊറൊഷെങ്കോ, രാഷ്ട്രീയ എതിരാളി മിഖേല്‍ സാകാഷ്വിലി എന്നിവര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്നാണ് യുവതി ആരോപിച്ചത്.

.

വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിന ശിശ്രൂഷകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു.
അഭയാര്‍ഥികളെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിക്കാന്‍ ലോകത്തെ 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാ ബദ്ധമായിരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം.

ജോസഫിന്റെയും മേരിയുടെയും പാതയില്‍ നിരവധി ആളുകള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇഷ്ടമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്ന് പാലായനം ചെയ്യാന്‍ അവരെ പോലെ നിരവധിപേര്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും ക്രിസ്മസ് സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. ലക്ഷക്കണക്കിനാളുകളാണ് മറ്റ് മാര്‍ഗങ്ങളില്ലാതെ സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അധികാരം നിലനിര്‍ത്താനും സ്വത്ത് സമ്പാദിക്കാനും തിരക്കുകൂട്ടുന്നതിനിടയില്‍ അധികാരികള്‍ അഭയാര്‍ഥികളെ ശ്രദ്ധിക്കാന്‍ മറന്നുപോകുന്നെന്നും അദ്ദേഹം പറഞ്ഞു.

പലായനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന നീചപ്രവര്‍ത്തിയെയും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ ജീവന്‍ വെടിഞ്ഞവരെയും അദ്ദേഹം പ്രാര്‍ഥനയില്‍ ഓര്‍ത്തു. ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് വെസ്റ്റ് ബാങ്ക് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെയും അദ്ദേഹം സന്ദേശത്തില്‍ പരാമര്‍ശിച്ചു. യേശുവിന്റെ ജന്മസ്ഥലമായ ബേത്‌ലഹേമിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് ക്രിസ്തുമസ് ദിന പ്രാര്‍ത്ഥനകള്‍ നടന്നത്.

മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെംബിന്‍ കൊടുങ്കാറ്റ് വിയറ്റനാമിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. അതേസമയം തെക്കന്‍ ഫിലിപ്പൈന്‍സില്‍ നാശം വിതച്ച കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 230 ആയി. മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പതിനായിരകണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. ഫിലിപ്പൈന്‍സിലെ മിന്‍ഡാനാവോ ദ്വീപാണ് കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ട്. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ കാറ്റടിച്ചത്. കൊടുങ്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശത്തും തീരദേശ മേഖലകളിലും താമസിക്കുന്ന ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച വിയറ്റ്‌നാമില്‍ ശക്തമായ കാറ്റിന് സാധ്യതയെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് 74,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചതായും ലക്ഷകണക്കിന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടി പുരോഗമിക്കുന്നതായും വിയറ്റ്‌നാം ദുരന്ത നിവാരണ കമ്മിറ്റി അറിയിച്ചു.

ഫിലിപ്പൈന്‍സ് മേഖലയില്‍ നിന്ന് കാണാതായവരുടെ എണ്ണവും ഉയരുന്നുണ്ട്. പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 144 പേരെ ഇനിയും കണ്ടെത്താനുണ്ട്. എന്നാല്‍, 40,000 ആളുകളെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 70,000 ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വേഗത കുറച്ചു. ശക്തമായ പ്രളയത്തില്‍ നിറഞ്ഞ സലോങ് നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

മിന്‍ഡാനാവോയില്‍ 135 പേര്‍ കൊല്ലപ്പെടുകയും 72 പേരെ കാണാതാവുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സാബോംഗാ മേഖലയില്‍ 47 പേര്‍ മരിച്ചതായും 72 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
ഫിലിപ്പീന്‍സിലെ ഉയര്‍ന്ന് ഗ്രാമപ്രദേശമായ ദലായ ഗ്രാമം അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. പ്രളയവും കൊടുങ്കാറ്റും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈ മേഖലയെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ബ്രസീലിലെ റിയോയിലെ ഒരു തെരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു തെരുവുകച്ചവടക്കാരിയെ ഒരു കാല്‍നടയാത്രക്കാരന്‍ ലൈംഗികമായി സ്പര്‍ശിച്ചു എന്ന് ആരോപിച്ച് അയാളെ പരസ്യമായി നിലത്ത് വലിച്ചിട്ട് പരാക്രമം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പകലായാലും രാത്രിയായാലും പെണ്‍കുട്ടികള്‍ റോഡിലിറങ്ങുമ്പോള്‍ സൂക്ഷിച്ചേ മതിയാവുകയുള്ളൂ. കാരണം, യാതൊരുവിധ ഒളിയും മറയുമില്ല ആരെയും അപമാനിക്കുന്നതിന്. പലപ്പോഴും സ്ത്രീയോടുള്ള ഓരോ മനുഷ്യന്റെയും പരാക്രമം നടുറോഡില്‍ വരെ എത്തിനില്‍ക്കുന്നു.കാല്‍നട യാത്രക്കാരനായ യുവാവ് തന്റെ മാറിടം പിടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അയാളെ ആക്രമിച്ചത്. മാത്രമല്ല കലിപ്പടങ്ങാത്ത യുവതി അയാളുടെ ദേഹത്ത് കയറിയിരുന്നതിന് ശേഷം താനിട്ടിരിക്കുന്ന വസ്ത്രം അഴിച്ച് മാറ്റി നിനക്ക് മാറിടമാണോ വേണ്ടത് എന്ന് ചോദിച്ച് യുവതി തന്റെ മാറിടങ്ങള്‍ കൊണ്ട് അയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഇത്തരത്തില്‍ പുരുഷന്മാരുടെ സഹിക്കാനാവാത്ത ആക്രമണങ്ങള്‍ സ്ത്രീകളെ ഇങ്ങനെയൊക്കെയുള്ള പ്രതിരോധത്തിലേയ്ക്ക് നയിക്കുകയാണ്.

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴ കൃത്രിമമായി ഉണ്ടാക്കിയത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു.

കനത്ത മഴ ലഭിക്കാന്‍ കാരണമായത് സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൃത്രിമമായി മഴ പെയ്യിക്കുന്നതിനായി ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 16 തവണയാണ് വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയത്.

യുഎഇയുടെ മേഘാവൃതമായ പര്‍വതപ്രദേശങ്ങള്‍ക്ക് മുകളില്‍ മേഘങ്ങളുടെ സാന്നിധ്യം റഡാറിന്റെ സഹായത്തോടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൗഡ് സീഡിംഗ് ദൗത്യത്തിനായി അവിടേക്ക് യാത്രകള്‍ നടത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മേഘങ്ങള്‍ക്കകത്തേക്ക് പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് ഇത് സാധിച്ചത്. യുഎഇയിലാകമാനം മഴയുടെ ലഭ്യതയില്‍ 20 ശതമാനം വര്‍ധനവാണ് ക്ലൗഡ് സീഡിംഗിലൂടെ രേഖപ്പെടുത്തിയത്.

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്.

എന്നാൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഷാർജയിൽ ഇറക്കാൻ കഴിയാതെ ജെറ്റ് എയർവെയ്സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽ തിരികെയെത്തി. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയുമായി മുഴുവൻ യാത്രക്കാരെയും ഷാർജയിലെത്തിക്കാമെന്ന വിമാന കമ്പനിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ശനിയാഴ്ച രാത്രി 9.30ന് ഷാർജയിലേക്ക് പോയ വിമാനം മൂടൽ മഞ്ഞിനെ തുടർന്ന് മസ്കറ്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് അഞ്ച് മണിക്കൂർ നേരം വിമാനത്താവളത്തിലെ പാർക്കിങ് ബേയിൽ കാത്തിരുന്ന ശേഷം ഞായറാഴ്ച രാവിലെ 11 ഒാടെ യാത്രക്കാരുമായി നെടുമ്പാശേരിയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. യാത്രക്കാരുടെ നെടുമ്പാശേരിയിലെ താമസ ചെലവ് വഹിക്കാൻ പക്ഷേ വിമാനത്താവള കമ്പനി തയാറായില്ല.

കാലിഫോര്‍ണിയയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത ലോകത്തെല്ലായിടത്തും ഞെട്ടലുളവാക്കുന്നതായിരുന്നു. പ്രപഞ്ചത്തില്‍ നാം ഒറ്റക്കല്ലെന്നും ഭൂമിയിലേക്ക് അന്യഗ്രഹജീവികള്‍ സന്ദര്‍ശനത്തിന് എത്തിയെന്നുമൊക്കയായിരുന്നു വാര്‍ത്ത. ഇതിനു തെളിവായി കാലിഫോര്‍ണിയയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ‘ പറക്കുംതളിക’ യുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിരന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അസംഭവ്യമാണെന്ന് വിശ്വസിക്കുന്നവര്‍ അത് ഉത്തര കൊറിയ അമേരിക്കക്ക് മേല്‍ നടത്തിയ ന്യൂക്ലിയര്‍ ആക്രമണമാണെന്നു വരെ പറഞ്ഞു.

എന്നാല്‍ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് നടത്തിയ റോക്കറ്റ് വിക്ഷേപണമാണ് ഇതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു. കാലിഫോര്‍ണിയയുടെ ആകാശത്ത് സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെട്ട വലിയ ഓവല്‍ ആകൃതിയിലുള്ള പ്രകാശമാണ് തെറ്റിദ്ധാരണകള്‍ക്ക് ഇടനല്‍കിയത്. റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും അതിശയകരമായ ഈ ദൃശ്യം പലരും ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സെലിബ്രിറ്റികള്‍ പോലും വിവരമറിയാതെ ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു.

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സേവന വിഭാഗങ്ങളിലേക്ക് നിരവധി പേരാണ് വിളിച്ചത്. ഇതോടെയാണ് സംഭവം എലോണ്‍ മസ്‌കിന്റെ റോക്കറ്റാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കാന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നേരിട്ട് രംഗത്തെത്തേണ്ട്ി വന്നത്. സാന്റ ബാര്‍ബറ കൗണ്ടിയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. അഭ്യൂഹങ്ങള്‍ പരന്നതിനേത്തുടര്‍ന്ന് റോക്കറ്റ് വിക്ഷേപണത്തിന്റെ വീഡിയോ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ന്യൂക്ലിയര്‍ ഏലിയന്‍ യുഎഫ്ഒ എന്ന അടിക്കുറിപ്പുമായി എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

ലണ്ടന്‍: 1989ലെ ടിയാനന്‍മെന്‍ സംഭവത്തില്‍ പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് ബ്രിട്ടീഷ് രഹസ്യരേഖ. ചൈനീസ് പട്ടാളം നടത്തിയ വെടിവെപ്പില്‍ ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് നയതന്ത്ര രേഖയാണ് വെളിപ്പെടുത്തുന്നത്. വെടിവെപ്പിന് 24 മണിക്കൂറുകള്‍ക്ക് ശേഷം തയ്യാറാക്കിയ രേഖയില്‍ ഇതേ വരെ നിലവിലുണ്ടായിരുന്ന കണക്കുകള്‍ക്ക് വിരുദ്ധമായി വിവരങ്ങളാണ് ഉള്ളത്. ടിയാനന്‍മെന്‍ വെടിവെപ്പില്‍ 5000 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു കണക്കുകള്‍.

മുറിവേറ്റ വിദ്യാര്‍ത്ഥിനികളെയുള്‍പ്പെടെ ബയണറ്റ് ഉപയോഗിച്ച് പട്ടാളക്കാര്‍ കുത്തിക്കൊന്നുവെന്നും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഹോസുകളിള്‍ വെള്ളം പമ്പ് ചെയത് ഓടകളിലേക്ക് ഒഴുക്കിക്കളഞ്ഞുവെന്നും ബ്രിട്ടീഷ് രേഖ വിവരിക്കുന്നു. പരിക്കേറ്റ മൂന്ന് വയസുകാരിയായ മകളുടെ അടുത്തേക്ക് ഓടുകയായിരുന്നു അമ്മയെ വെടിവെച്ച് വീഴ്ത്തുന്നത് കണ്ടുവെന്നും ഈ രേഖയില്‍ പറയുന്നു. അന്ന് ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ അലന്‍ ഡൊണാള്‍ഡ് 1989 ജൂണ്‍ 5ന് തയ്യാറാക്കിയ കേബിളാണ് ഇത്. ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന ഒരു നല്ല സുഹൃത്തില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും കത്തില്‍ സര്‍ അലന്‍ ഡൊണാള്‍ഡ് വ്യക്തമാക്കുന്നുണ്ട്.

ഇപ്പോള്‍ യുകെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 1989 ജൂണ്‍ 4-ാം തിയതി ബെയ്ജിംഗിലെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. പ്രക്ഷോക്ഷത്തെ അടിച്ചമര്‍ത്താന്‍ കമ്യൂണിസ്റ്റ് ഭരണകൂടം പട്ടാളത്തെ നിയോഗിക്കുകയും അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം വെടിവെക്കുകയുമായിരുന്നു. 241 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു എന്നാണ് ചൈന അവകാശപ്പെടുന്നതെങ്കിലും 5000 പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് ചൈന സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് പറയുന്നു.

RECENT POSTS
Copyright © . All rights reserved