മോസ്കോ: ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ അനുയായികൾ തുടർച്ചയായ രണ്ടാം ഞായറാഴ്ചയും റഷ്യയിലുടനീളം പ്രതിഷേധമാർച്ചുകൾ സംഘടിപ്പിച്ചു. 3,000 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ചില നിരീക്ഷണ സംഘടനകൾ അറിയിച്ചു.
വിഷപ്രയോഗമേറ്റ നവൽനി ജർമനിയിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ച് മടങ്ങിവന്നയുടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെത്തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. മുന്‍പൊരു കേസിൽ അദ്ദേഹത്തിനു ലഭിച്ച ജയിൽ ശിക്ഷ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പതിവായി പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ജർമനിയിൽ ചികിത്സയിലായിരുന്ന കാലത്ത് വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണു വീണ്ടും ജയിലിൽ അടച്ചത്.
കഴിഞ്ഞ ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത നാലായിരം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നവൽനിയുടെ ഒട്ടനവധി അടുത്ത അനുയായികൾ കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ആണ്.
മോസ്കോ, സെന്റ് പീറ്റേഴ്സ് ബെർഗ്, നോവസിബിർസ്ക്, താപനില മൈനസ് 40 ഡിഗ്രിയുള്ള യാക്കുറ്റ്സ്ക്, ഓംസ്ക്, യെക്കാത്തരീൻബെർഗ് മുതലായ നഗരങ്ങളിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. പുടിൻ മോഷ്ടാവാണ്, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. മോസ്കോയിൽ 140 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. മോസ്കോയിലെ ജയിലുകൾ നവൽനിയുടെ അനുയായികളെക്കൊണ്ടു നിറഞ്ഞതിനാൽ പോലീസ് മറ്റു സ്ഥലങ്ങൾ അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
വെസ്റ്റ് വെര്‍ജിനിയ: ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗിലായിരുന്നു ദാരുണ സംഭവം. ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാന്‍ മെയേഴ്‌സ് കൊലപ്പെടുത്തിയത്. ഡിസംബര്‍ എട്ടിന് നടന്ന ദാരുണ സംഭവം ഇന്നലെയാണ് പുറത്ത് വിട്ടത്.
സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത്. ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചു എന്ന വിവരമാണ് ആദ്യം ലഭിച്ചത്.
അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനെയും കണ്ടെത്തുകയായിരുന്നു. ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തിയിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് നിഗമനം.
പടിഞ്ഞാറൻ ജർമനിയിലെ ട്രയർ നഗരത്തിൽ അതിവേഗത്തിൽ വന്ന കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
മരിച്ചതിൽ ഒമ്പതുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും ഡ്രൈവർ മദ്യപിച്ചിരുന്നതായുമായാണ് വിവരം.
ഫ്രാൻസിലെ ലിയോൺ നഗരത്തിലെ പള്ളിയിൽ വെടിവയ്പ്പ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ വെടിവയ്പ്പിൽ വൈദികന് ഗുരുതര പരുക്കേറ്റു.
പള്ളി അടയ്ക്കുന്നതിനിടെ അജ്ഞാതനായ അക്രമി വൈദികന് നേരെ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അടിവയറിലാണ് വെടിയേറ്റത്. നിറയൊഴിച്ച ശേഷം അക്രമി ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം നിസിലെ കത്തോലിക ബസലിക്കയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്ന് വീട് വാങ്ങണമെങ്കില്‍ ലക്ഷങ്ങളോ കോടികളോ വേണ്ട. വെറും 86 രൂപ മതി. തുച്ഛമായ ഈ തുക ഈടാക്കുന്നതിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. ഇവിടേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് അധികൃതര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കൊവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.
ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം തന്നെ 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം. അതേസമയം, മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക. സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്.
Italy had announced Ite 3rd emergency decree in 2 weeks as covid cases keep surging. It’s resulting in extreme headlines where homes in Salemi, Sicily are being auctioned off for eur1 hoping to attract new residents. Reminds me of the dark days of the euro crisis. pic.twitter.com/9HLcSm5EqE
— Anneka Treon (@AnnekaTreon) October 27, 2020
ഫ്രാൻസിലെ നൈസ് നഗരത്തിൽ പളളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്‌റ്റ്യൻ എസ്ട്രോസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പളളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറുംമുൻപാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.
ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കടുംബത്തെ നാടകടത്താന്‍ കോടതി ഉത്തരവ്. 17വയസുകാരിയുടെ തലയാണ് കുടുംബം മൊട്ടയടിച്ചത്. പിന്നാലെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും നാട് കടത്താന്‍ ഉത്തരവിടുകയായിരുന്നു.
മുസ്ലീം മതവിഭാഗക്കാരിയായ പെണ്‍കുട്ടി ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസ്സുകാരനുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ബന്ധത്തെ, കുടുംബം എതിര്‍ത്തു. ശേഷം ഇരുവരും ഒളിച്ചോടുകയും പിന്നീട് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയും തലമൊട്ടയടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തത്.
യുവാവിന്റെ വീട്ടുകാര്‍ അറിയിച്ചത് പ്രകാരം പോലീസ് എത്തിയാണ് ക്രൂരമായ മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അടുത്തബന്ധുക്കളാണ് തലമൊട്ടയടിച്ചതെന്നുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ ജയില്‍ശിക്ഷയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. എന്നാല്‍ ഫ്രഞ്ച് മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് രക്ഷിതാക്കള്‍ മാറിനില്‍ക്കണണെന്ന് ബെസാന്‍കോണ്‍ കോടതി ഉത്തരവിട്ടു.
അടുത്തബന്ധുക്കള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കിയെങ്കിലും രക്ഷിതാക്കള്‍ക്ക് പദവി നല്‍കുന്നതിന് കോടതി വിസമ്മതിച്ചു. അതിനാല്‍ രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും രാജ്യം വിടേണ്ടതായി വരും. പെണ്‍കുട്ടിയെ ഫ്രാന്‍സിലെ സാമൂഹ്യസംഘടനകള്‍ സംരക്ഷിക്കുമെന്നും പ്രായപൂര്‍ത്തിയാവുമ്പോള്‍ റെഡിസന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്നും ഫ്രണ്ട് പൗരത്വവകുപ്പ് ജൂനിയര്‍ മന്ത്രിയായ മാര്‍ലെന ഷിയാപ്പ പ്രതികരിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം വരവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മാത്രം നാല്‍പ്പതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 298 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സിന് പുറമെ റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമാണെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാമനം ഗബ്രിയേസസ് വ്യക്തമാക്കിയത്. കൊവിഡിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടം അടുത്ത വേനല്‍ക്കാലം വരെ തുടര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചത്.
ഡബ്ലിന്‍: അയര്‍ലണ്ടില്‍ മലയാളി നഴ്‌സ് നിര്യാതയായി. അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിന് അടുത്ത്താലയിലെ 10 സ്വിഫ്റ്റ് ബ്രൂക്ക് ക്‌ളോസിലെ താമസക്കാരിയും, ഹാരോള്‍ഡ് ക്രോസ് ഹോസ്പീസിലെ സ്റ്റാഫ് നഴ്‌സുമായിരുന്ന സോമി ജേക്കബ് (62 ) ആണ് ഇന്ന് വെളിപ്പിന് (പ്രാദേശിക സമയം) അഞ്ച് മണിയോടെ നിര്യാതയായത്. ഭൗതീകദേഹം നാളെ (വ്യാഴാഴ്ച ) പൊതുദര്‍ശനത്തിന് വെയ്ക്കുന്നു എന്നുള്ള വിവരവും അറിയിക്കുന്നു.
താലയിലെ സ്‌ക്വയര്‍, താല സ്റ്റേഡിയത്തിന് എതിര്‍വശത്തുള്ള ബ്രിയാന്‍ മക് എല്‍റോയ് ഫ്യുണറല്‍ ഹോമില്‍ നാളെ (വ്യാഴം, 23/07/2020 ) രാവിലെ 10 മണി മുതല്‍ ഒരു മണിവരെയും, വൈകിട്ട് 5 മണി മുതല്‍ 7 മണി വരേയുമാണ് പരേതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ഫ്യുണറല്‍ ഹോമില്‍ നടത്തപ്പെടും. ഡബ്ലിനിലെ ഐ പി സി പെന്തകോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍മാര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. നാളെ മാത്രമേ പൊതുസമൂഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു ദര്‍ശനസമയത്തിനുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗനിര്‍ണ്ണയത്തെ തുടര്‍ന്ന് ഏതാനം മാസങ്ങളായി പാലിയേറ്റിവ് കെയറില്‍ ആയിരുന്ന സോമി ജേക്കബിനെ കഴിഞ്ഞ ആഴ്ചയിലാണ് താലയിലെ ഭവനത്തിലേക്ക് കൊണ്ട് വന്നത്. ഇന്ന് ( ജൂലൈ 22 ) രാവിലെ അഞ്ച് മണിയോടെയാണ് സോമി മരണത്തിന് കീഴടങ്ങിയത്. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല കൈതവനമല വര്‍ഗീസ് മാത്യുവിന്റെ മകളായ സോമി ജേക്കബ് 2004 മുതല്‍ അയര്‍ലണ്ടില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.
ഫ്യുണറല്‍ ഹോം അഡ്രസ്സ്
Brian McElroy Funeral Directors
The Motor Cetnre
(opposite Tallaght Stadium The Square)
Tallaght, Co. Dublin)
മക്കള്‍ : വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ്
മരുമകള്‍ :അഞ്ജു ഐസക്ക്
സ്വന്തം ലേഖകൻ
ലണ്ടൻ : 14 ദിവസം ഐസൊലേഷനിൽ കഴിയാതെ ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കഴിയും. ഈയൊരു പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. 14 ദിവസത്തേക്ക് ഒറ്റപ്പെടാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ക്രോസ്-ഇയു ഇളവ് അംഗീകരിക്കാൻ ബോറിസ് ജോൺസൺ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ നിലവിൽ ഉള്ള യാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. വിവാദനായകൻ ഡൊമിനിക് കമ്മിൻസ് നിർദേശിച്ച ഈ പദ്ധതി പല പ്രശ്നങ്ങളിലേയ്ക്കും വഴിതുറന്നു. ക്വാറന്റൈൻ കൂടാതെ ബ്രിട്ടീഷ് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ സർക്കാരിന്റെ മുൻഗണനാ വിഷയം. ഇതിനായി 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഈ ആഴ്ച ഒരു മീറ്റിംഗ് നടത്തും.
അതേസമയം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇന്നലെ എത്തിയ യാത്രക്കാർ യുകെയുടെ പുതിയ ക്വാറന്റൈൻ നിയമങ്ങളെ വിമർശിച്ചു. അവ നടപ്പിലാക്കാൻ കഴിയാത്തതാണെന്നും പോലീസിന് ബുദ്ധിമുട്ടാണെന്നും അവർ അവകാശപ്പെട്ടു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ബ്രിട്ടനിലെത്തിയ എല്ലാവരോടും 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഇതിൽ ബ്രിട്ടീഷ് പൗരന്മാരും സന്ദർശകരും ഉൾപ്പെടുന്നു. ബ്രിട്ടനിൽ എത്തുന്നതിനു മുമ്പ് തങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുനൽകേണ്ടി വരും. ഇതിനുകഴിയാതെ വന്നാൽ യാത്രക്കാരിൽ നിന്ന് 100 പൗണ്ട് പിഴ ഈടാക്കാം. വിമാനത്താവളങ്ങളിൽ ഇ-ഗേറ്റുകൾ ഇപ്പോഴും നിലവിലുണ്ടെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. എന്നാൽ അതിലൂടെ കടന്നുവരുന്ന എല്ലാവരെയും ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരും ഒരു ഫോം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഉണ്ടാകും. ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ വിമാനങ്ങൾ വിടുമ്പോഴും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന നടത്തും.
ജൂലൈ പകുതിയോടെങ്കിലും ഒരു യാത്ര കരാർ നേടിയെടുക്കുവാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര യാത്രാ ഇളവുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ സങ്കീർണ്ണമാണെന്ന് സർക്കാരിന്റെ മുതിർന്ന വക്താവ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായ യാത്ര അനുവദിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് ഷെഞ്ചൻ സ്വതന്ത്ര യാത്രാ മേഖല നിയമങ്ങൾ ലംഘിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വാദിച്ചു. അവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.