World

മയാമി, ഫ്ലോറിഡ: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാൾ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതൽ ശുഷ്കമാക്കുന്നു. മികച്ച ശൈലിയിൽ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു.

‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചർച്ച ചെയ്തവയാണ്. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു-മനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു.

 

അമേരിക്കയിലേക്ക്  കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മഞ്ഞില്‍ തണുത്ത് മരിച്ച നാലുപേരെ കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.

മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടും തണുപ്പില്‍ കുടുങ്ങിയതാണ് മരണകാരണം. ആദ്യം മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തി.

ഇവരെ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റീവ് ഷാന്‍ഡ് എന്ന യുഎസ് പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സംഘം 11 മണിക്കൂര്‍ നടന്നാണ് അതിര്‍ത്തി കടന്ന് യുഎസിലെത്തിയത്.

മരിച്ച കുടുംബത്തിന്റെ ബാഗ് ഇവരിലൊരാളുടെ കൈയിലായിരുന്നു. മരിച്ച കുടുംബവും ഇവര്‍ക്കൊപ്പമാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇവര്‍ വഴിമാറി. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ ഓരോ വർഷവും നിരവധി പേരാണ് മരിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ആളുകളെ വലയിലാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളും സജീവമാണ്.

മോഷണത്തിനിടെ ഇരട്ടക്കൊല നടത്തിയാളുടെ വധശിക്ഷ നടപ്പാക്കി ഈ വർഷത്തെ ആദ്യ വധശിക്ഷ അമേരിക്കയിൽ അരങ്ങേറി. ഒക്‌ലഹോമയിൽ കുത്തിവയ്പിലൂടെയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. ഡൊണാൾഡ് ഗ്രാന്‍റ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയനായ ആദ്യ തടവുകാരൻ.

തടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് ഗ്രാന്‍റ് ഒരു ഹോട്ടൽ കൊള്ളയടിക്കാൻ തീരുമാനിച്ചത്. 2001ൽ ആയിരുന്നു അന്ന് ഇരുപത്തഞ്ച് വയസുണ്ടായിരുന്ന ഡൊണാൾഡ് മോഷണത്തിന് ഇറങ്ങിത്തിരിച്ചത്.

മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ടു ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയെന്നുള്ളതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ആദ്യത്തെയാളുടെ നേരെ വെടിയുതിർത്തു വധിച്ചു. രണ്ടാമത്തെയാളെ കത്തിയാക്രമണത്തിലൂടെ കൊലപ്പെടുത്തി. 2005ലാണ് ഇ‍യാളെ വധശിക്ഷയ്ക്കു കോടതി വിധിച്ചത്.

തുടർന്നു നിരവധി അപ്പീലുകൾ നൽകിയിരുന്നു. പ്രതിക്ക്, ബുദ്ധിപരമായ പോരായ്മ, ആൾക്കഹോൾ സിൻഡ്രോം, മസ്തിഷ്കാഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഉന്നയിച്ചു നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളിയതോടെയാണ് വധശിക്ഷയ്ക്കു കളമൊരുങ്ങിയത്.

തെക്കൻ യുഎസ് സംസ്ഥാനമായ ഒക്‌ലഹോമയിലെ വധശിക്ഷാ രീതിയെക്കുറിച്ചുള്ള പ്രതിയുടെ അവസാന അപ്പീൽ യുഎസ് സുപ്രീം കോടതി ബുധനാഴ്ച നിരസിച്ചു. ഇപ്പോൾ 46 വയസുള്ള ഗ്രാന്‍റിന് മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽനിന്നു മാരകമായ മൂന്നു വിഷമരുന്നു ചേർത്തുള്ള ഒറ്റ കുത്തിവയ്പാണ് നൽകിയത്.

അതിമാരകമായ ഈ സംയുക്തം പ്രതികൾക്ക് അസഹനീയമായ വേദന ഉണ്ടാക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഒക്‌ടോബർ അവസാനത്തിൽ, ആദ്യത്തെ കുത്തിവയ്പ്പിനു ശേഷം ഒരു തടവുകാരനു ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തു.

ഗ്രാന്‍റിന്‍റെ വധശിക്ഷയ്ക്കിടെ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല.  അമേരിക്കയിൽ വർഷം തോറും നടപ്പിലാക്കുന്ന വധശിക്ഷകളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ്. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്‌ലഹോമയിൽ വധശിക്ഷകളുടെ എണ്ണം കൂടുതലാണ്. തുടർച്ചയായ വധശിക്ഷകൾ മൂലം 2015ൽ സംസ്ഥാനത്തു വധശിക്ഷയ്ക്കു താത്കാലിക മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 2021ൽ മൊറട്ടോറിയം എടുത്തുകളഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇഷ്ട ചാനലായ ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടറെ രൂക്ഷമായി ചീത്ത വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെയായിരുന്നു സംഭവം.

പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന ഫോക്‌സ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയുടെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്. ഇതിന് വിലക്കയറ്റം എന്നത് വലിയ സമ്പത്താണെന്നും കൂടുതല്‍ പണപ്പെരുപ്പം വരട്ടെ എന്നുമായിരുന്നു ബൈഡന്റെ പരിഹാസം. ഉത്തരം നല്‍കിയതിന് പിന്നാലെ ‘സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച് ‘ എന്ന് ബൈഡന്‍ ഡൂസിയെ അസഭ്യം പറയുകയായിരുന്നു. മൈക്ക് ഓണ്‍ ആണെന്നോര്‍ക്കാതെയായിരുന്നു പരാമര്‍ശമെങ്കിലും ക്യാമറകള്‍ ഇത് കൃത്യമായി പകര്‍ത്തി.

പലരും വീഡിയോയിലൂടെയാണ് ബൈഡന്‍ പറഞ്ഞതെന്തെന്ന് വ്യക്തമായി കേട്ടത്. വീഡിയോ വൈറലായതോടെ വിവാദം പുകഞ്ഞ് കത്തുകയാണ് യുഎസില്‍. ബൈഡനെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വൈറ്റ് ഹൗസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.സംഭവത്തെ ചിരിച്ച് തള്ളിയ ഡൂസി പ്രസിഡന്റ് തന്നെ നേരില്‍ വിളിച്ചതായും വെറുതേ പറഞ്ഞതാണ് കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞതായും അറിയിച്ചിട്ടുണ്ട്.

ഡോണള്‍ഡ് ട്രംപിനെയും വലതുപക്ഷ പാര്‍ട്ടിയെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ് ഫോക്‌സ് ന്യൂസ്. വിലക്കയറ്റത്തെക്കുറിച്ചടക്കമുള്ള തീപ്പൊരി ചോദ്യങ്ങളില്‍ ബൈഡന്‍ തീരെ തൃപ്തനല്ലായിരുന്നുവെന്നാണ് വിവരം.

 

കാർണിവൽ ക്രൂയിസ് ലൈൻ കമ്പനിയിൽ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ പൊസിഷൻ ലഭിച്ച ആദ്യ മലയാളിയായി പിറവം സ്വദേശി ബെൽസിൻ. 1996 മുതൽ വീഡിയോഗ്രാഫറായി ജോലി ആരംഭിച്ച ബെൽസിൻ, 2006-ൽ അമേരിക്ക ആസ്ഥാനമായുള്ള കാർണിവൽ ക്രൂയിസ് ലൈൻ എന്ന ആഡംബര കപ്പൽ കമ്പനിയിൽ ഫോട്ടോഗ്രാഫറായി ജോലി ലഭിച്ചു. 2007-ൽ ബ്രോഡ്കാസ്റ്റ് ടെക്നീഷ്യനായി ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിക്കുവാനുള്ള അവസരം ലഭിച്ചു. 2018-ലെ പ്രളയം മൂലം ഭീമമായ നഷ്ടങ്ങളുണ്ടായ കാർണിവൽ ഉദ്യോഗസ്ഥർക്കായി ഫണ്ട് ശേഖരിച്ച് അർഹരായവർക്ക് വിതരണം ചെയ്യുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു.

പല തവണ ബേസ് ഡ് എംപ്ലോയീ ഓഫ് ദി മന്ത് എന്ന അവാർഡും ഹീറോ ഓഫ് ദി മന്ത് അവാർഡും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എന്റർടൈൻമെന്റ് ടെക്നിക്കൽ മാനേജർ എന്ന തസ്‌തിക ലഭിച്ചു. കാർണിവൽ ക്രൂയിസ് ലൈൻ എന്ന കമ്പനിയിൽ ഈ തസ്‌തിക ലഭിച്ച ആദ്യ മലയാളിയാണ് ബെൽസിൻ. പത്താംതരം വരെ പിറവം ഫാത്തിമ മാത സ്കൂളിലും പ്രീഡിഗ്രി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലും, ഡിഗ്രി എറണാകുളം ഓൾ സൈന്റ്സ് കോളേജിലും പൂർത്തിയാക്കി. പിന്നീട് ഡിപ്ലോമ ഫ്രം അരേന മുൾട്ടീമീഡിയ എറണാകുളത്തുനിന്നും പഠിച്ചിറങ്ങുകയായിരുന്നു. യോഗ്യതയുള്ള പലരെയും കപ്പലിൽ ജോലി ലഭിക്കുവാൻ സഹായിച്ചിട്ടുള്ള ബെൽസിൻ, പിറവം ചേന്നാട്ട് പരേതനായ ജോസിന്റേയും ത്രേസ്യാമയുടേയും മകനാണ്. ഭാര്യ ജീന. മക്കൾ ജോസ്ബെൽ, മാത്യുബെൽ, റൂഹാബെൽ.

യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു. എമേഴ്‌സണിലെ മാനിറ്റോബയ്ക്ക് സമീപം ഒരു വയലിലാണ് പിഞ്ച് കുഞ്ഞും സ്ത്രീയും ഉള്‍പ്പെടുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാല് പേരെയും അതിര്‍ത്തിയുടെ 9-12 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. ഇതോടൊപ്പം അതികഠിനമായ ശൈത്യക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

അനധികൃതമായി അതിര്‍ത്തി കടന്നതിന് എമേഴ്‌സണ് സമീപം ഒരു സംഘത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ പിഞ്ച് കുഞ്ഞിനാവശ്യമായ ഭക്ഷണവും മറ്റും കയ്യില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും സംഘത്തില്‍ കുഞ്ഞിനെ കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂരിരുട്ടില്‍ സംഘത്തില്‍ നിന്ന് കുടുംബം വേര്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഒരു യുഎസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ അതിശൈത്യത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുഎസിലും കാനഡയിലുമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖേദം പ്രകടിപ്പിച്ചു.

അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചും അതിര്‍ത്തി കടക്കുന്നത് സര്‍വസാധാരണമായ കാര്യമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിരവധി പേര്‍ ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ മറ്റ് ഇന്ത്യക്കാരെ ചോദ്യം ചെയ്തത് പ്രകാരം ഇവരെ അമേരിക്കയില്‍ ആരോ കാത്തുനില്‍ക്കാമെന്നേറ്റിരുന്നുവെന്നാണ് അറിയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ 5G തരംഗങ്ങൾ വിമാനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവിമാർ. 5G സേവനം വിന്യസിക്കാൻ ഒരുങ്ങുമ്പോൾ ഉടലെടുക്കുന്ന വ്യോമയാന പ്രതിസന്ധിയെക്കുറിച്ച് അവർ വ്യക്തമാക്കിയതിനു പിന്നാലെ യുഎസിലേക്ക് പോകുന്ന ബ്രിട്ടീഷുകാരോട് ബുക്കിംഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. പുതിയ 5G സേവനങ്ങൾ എയർലൈനുകളെ അപടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാർ അറിയിച്ചു.

സി ബാൻഡിലെ 5G നെറ്റ് വർക്ക് പ്രവർത്തനം വിമാനങ്ങളിലെ റഡാർ ആൾട്ടി മീറ്ററിനെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക. ആൾട്ടി മീറ്റർ പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ വിമാനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്. എന്നാൽ ബ്രിട്ടനിലും യൂറോപ്പിലും ഇതൊരു പ്രശ്‌നമായി കാണുന്നില്ല. യുകെയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, ഓഫ്‌കോം, ഇയു ഏവിയേഷൻ സേഫ്റ്റി അതോറിറ്റി എന്നിവയെല്ലാം 5G ഒരു പ്രശ്‌നമാണെന്നതിന് തെളിവുകളില്ലെന്ന് പറയുന്നു.

യുകെയിലെ വ്യോമാതിർത്തിയിൽ 5G തരംഗങ്ങൾ വിമാന സംവിധാനങ്ങളെ ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യുകെയിൽ 5G വിന്യസിക്കുന്നതിലൂടെ വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓഫ്‌കോമും പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) യുടെ വക്താവ് പറഞ്ഞു. ഇന്ന് രാവിലെ മുതൽ 5G വിന്യസിക്കുമ്പോൾ നൂറുകണക്കിന് വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യുഎസ് എയർലൈൻ മേധാവിമാർ. ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ അറ്റ്‌ലാന്റിക് എന്നിവയുൾപ്പെടെയുള്ള യുകെ വിമാനക്കമ്പനികൾ തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി ഹാജരാകണം. ചാള്‍സം വില്യമും തള്ളിപ്പറഞ്ഞതോടെ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ സംരക്ഷണചട്ട എടുത്തുമാറ്റാന്‍ രാജ്ഞിനിര്‍ബന്ധിതമായി. ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ലൈംഗിക പീഡന കേസുമായി മുന്നോട്ട് പോകാന്‍ കോടതി തീരുമാനിച്ചതോടെയാണ് 73-കാരനായ ചാള്‍സും, 39-കാരന്‍ വില്ല്യമും രാജ്ഞിക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചത്. തനിക്കും സമാനമായ നിലപാടാണുള്ളതെന്ന് രാജ്ഞി പ്രതികരിച്ചു.

ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും മറ്റ് വഴികളൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എച്ച്ആര്‍എച്ച് ടൈറ്റില്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ രാജ്ഞി ഉത്തരവ് നല്‍കിയത്. യോര്‍ക്ക് ഡ്യൂക്കിന്റെ സൈനിക, ചാരിറ്റിബിള്‍ അഫിലിയേഷനുകള്‍ ഇതുവരെ റദ്ദാക്കാതിരുന്നത് ഇതുവഴി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ശരിയാണെന്ന നില വരാതിരിക്കാനായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രൂ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. എന്നാല്‍ വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതി ടെക്‌നിക്കല്‍ കാരണങ്ങളുടെ പേരില്‍ തള്ളിക്കളയണമെന്ന ആന്‍ഡ്രൂവിന്റെ ആവശ്യം കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരുമെന്നതാണ് സ്ഥിതി.

ആരോപണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുള്ള അവസ്ഥ ഒഴിവാക്കാനാണ് ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം ശ്രമിച്ച് വന്നിരുന്നതെന്ന് ഉറവിടം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തങ്ങളുടെ കടമയല്ല, മറിച്ച് കോടതി നടപടികളാണ് ഇതിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്. ആന്‍ഡ്രൂ ജയിച്ചാലും, തോറ്റാലും ചീത്തപ്പേര് ഒരിക്കലും മാറില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇത്തരം ആരോപണങ്ങളില്‍ പേര് നന്നാക്കാന്‍ രാജകുടുംബത്തില്‍ നിന്നും രാജപദവികളുമായി ഒരാള്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്, ഉറവിടം പറഞ്ഞു. ഈ ആഴ്ചയിലെ കോടതി വിധി ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ആന്‍ഡ്രൂവിനെ റോയല്‍ ഹൈനസ് ടൈറ്റിലില്‍ നിന്നും പുറത്താക്കിയെങ്കിലും ഇദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഡച്ചസ് പദവിയില്‍ തുടരും.

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.

ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. എന്നാണ് ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. നിര്‍ണായകമായ ശസ്ത്രക്രിയ ആയതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണ് ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാരും മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നത്. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം ഏറെ ഗുണകരമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത് പറഞ്ഞു.

ഈ ശസ്ത്രക്രിയയുടെ വിജയം ഭാവിയില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവന്‍രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറും എന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ നടന്ന ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം നേരത്തെ ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് രു പരീക്ഷണം നടത്തിയിരുന്നു. അത് വിജയകരമായിരുന്നു എന്നും ഒമ്പത് മാസത്തില്‍ അധികം പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് മഹാമാരി ലോകത്ത് വീണ്ടും പിടിമുറുക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ് ലോകത്തിൽ ഒന്നടങ്കം വ്യാപിക്കുന്നത്. മഹാമാരിയുടെ തീവ്രത കൂടി വരുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

കൊവിഡ് സ്ഥിരീകരിച്ച മകനെ കാറിന്റെ ഡിക്കിൽ പൂട്ടിയിട്ട യുവതിയാണ് വാർത്തകളിൽ നിറയുന്നത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. യുഎസിലെ ടെക്സസിൽ അധ്യാപികയായ സാറാ ബീം (41) ആണ് അറസ്റ്റിലായത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയിൽ വെച്ച് അടയ്ക്കുകയായിരുന്നു. ആദ്യം നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് അറിയിച്ചതോടെ ആരോഗ്യപ്രവർത്തകർ പരിശോധന നടത്താൻ തയ്യാറായില്ല.

കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നും ആരോഗ്യപ്രവർത്തകർ അറിയിക്കുകയായിരുന്നു. ശേഷം കുട്ടിയെ പുറത്ത് കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് പോലീസ് അറിയിച്ചു. കുട്ടിക്ക് മറ്റു പരിക്കുകൾ ഒന്നുമില്ലെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved