World

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം ദിനം തൊട്ട ആവേശകരമായ വോട്ടെണ്ണലിൽ ഇഞ്ചോടിഞ്ച് ആവേശവുമായി ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും നിലവിലെ യുഎസ് പ്രസിഡന്റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെയും ക്യാംപുകൾ. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൈഡൻ ചരിത്ര വിജയത്തിനരികെ എന്നാണു സൂചന.

നൊവാഡയിലും അരിസോണയിലും മുന്നേറുന്ന ബൈഡന്‍ ട്രംപിന്റെ ശക്തികേന്ദ്രമെന്നു കരുതിയ ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ശക്തമായ പ്രകടമാണു കാഴ്ചവയ്ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകിയത്. നെവാഡയിലെ ആറു വോട്ടുകൾ കൂടി ലഭിച്ചാൽ 270 എന്ന മാന്ത്രികസംഖ്യ ബൈഡൻ സ്വന്തമാക്കും. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ട്രംപ് പക്ഷത്തിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 214 ഇലക്ടറൽ വോട്ടുകളായി. ഭൂരിപക്ഷത്തിൽനിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതി.

ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലാണ് ട്രംപ് മുന്നിൽ. ഇവയെല്ലാം ജയിച്ചാലും ലഭിക്കുക 268 വോട്ട്. ഈ സാഹചര്യത്തിലാണ് നെവാഡയിലെ ഫലം നിർണായകമാകുന്നത്. ലീഡ്‌നില മാറിമറിയുന്ന ജോർജിയയും അന്തിമഫലത്തിൽ നിർണായകമാകും. അതേസമയം, സിഎൻഎൻ പോലുള്ള ചാനലുകൾ ബൈഡന് 253 വോട്ടുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വോട്ടെണ്ണൽ തുടരുന്ന അരിസോണയിലെ 11 വോട്ടുകൾ ഒഴിവാക്കിയതിനാലാണിത്. അതിനിടെ, തുടർച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകൾക്കെതിരെ ആഞ്ഞടിക്കുന്നത് ട്രംപ് തുടരുകയാണ്. പല സ്റ്റേറ്റുകളിലും കോടതികളെ റിപ്പബ്ലിക്കൻസ് സമീപിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ നിരീക്ഷിക്കണമെന്നോ നിർത്തി വയ്ക്കണമെന്നോ ആണ് ആവശ്യം. എന്നാൽ വോട്ടെണ്ണൽ തുടരട്ടെ, വിജയം അരികെയാണെന്നായിരുന്നു ബൈഡന്റെ വാക്കുകൾ.

ഇതിനിടെ ജോർജിയ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ക്യാംപ് ഫയല്‍ ചെയ്ത കേസുകൾ തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ കൂട്ടിക്കലർത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ജോർജിയയിലെ ജഡ്ജി ജെയിംസ് ബാസ് പറഞ്ഞു.

പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാർത്തിക്കിട്ടുക. 1992 ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മൽസരിക്കുമ്പോൾ പരാജയപ്പെട്ട ചരിത്രമില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ബൈഡൻ ജയിച്ച മിഷിഗൻ(16 ഇലക്ടറൽ വോട്ട്), വിസ്കോൻസെൻ(10), പെൻസിൽവേനിയ(20) സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്തിമഫലമറിയാൻ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന സൂചനയും ഇതോടെ ശക്തമായി.

ജോ ബൈഡന് സുരക്ഷ വർധിപ്പിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ യുഎസ് സീക്രട്ട് സർവീസ് അയച്ചതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഡെലാവറിലെ വിൽമിങ്ടണിലാണ് ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയത്തിലേക്ക് അടുത്തതോടെയാണിത്.

ബൈഡൻെറ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിക്ക്​ നൽകിയത് ​കുതിപ്പ്​. ഒമ്പത്​ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്​ ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്​സ്​ 700 പോയിൻറ്​ നേട്ടത്തോടെ 41,340ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 12,000ലധികം പോയിൻറ്​ നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ബാങ്കിങ്​ ഓഹരികളിൽ എസ്​.ബി.ഐയാണ്​ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​.

ടാറ്റ സ്​റ്റീൽ, ഹിൻഡാൽകോ, എച്ച്​.പി.സി.എൽ തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. റിലയൻസ്​ ഇൻഡസ്​ട്രീസും നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ജോ ബൈഡൻ വിജയത്തോട്​ അടുത്തതാണ്​ ഇന്ത്യൻ ഓഹരി വിപണിക്കും ഗുണകരമായത്​. ട്രംപിൻെറ അജണ്ടകളുമായി ബൈഡൻ മുന്നോട്ട്​ പോകില്ലെന്ന പ്രതീക്ഷയാണ്​ വിപണിയുടെ കുതിപ്പിന്​ കാരണമായത്​.

കോർപ്പറേറ്റ്​ ടാക്​സ്​ 21 ശതമാനത്തിൽ നിന്ന്​ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ ബൈഡൻ പിന്മാറുമെന്നാണ്​ റിപ്പോർട്ട്​ വിപണിക്ക്​ കരുത്തായതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി റിസർച്ച്​ മേധാവി പങ്കജ്​ പാ​ണ്ഡേ പറഞ്ഞു. ബൈഡൻ അധികാരത്തിലെത്തു​ന്നതോടെ അമേരിക്കയാദ്യമെന്ന നയത്തിൽ കാതലായ മാറ്റങ്ങൾക്ക്​ സാധ്യതയുണ്ടെന്നാണ്​ വിലയിരുത്തൽ. ഇത്​ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക്​ ഗുണകരമാവുമെന്നാണ്​ സൂചന.

ബൈഡൻ അധികാരത്തിലെത്തിയാൽ വീണ്ടും ​ഉത്തേജക പാക്കേജ്​ പ്രഖ്യാപിക്കുമെന്ന്​ യു.എസിൽ പ്രതീക്ഷയുണ്ട്​. ഇത്​ ആഗോള ഓഹരി വിപണികളെ ഗുണകരമായി സ്വാധീനിക്കുമെന്നാണ്​ വിലയിരുത്തൽ.

യുഎസ്സില്‍ ആറ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടരുന്നു, അരിസോണ, നെവാഡ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, ജോര്‍ജ്ജിയ, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. ഇതില്‍ അരിസോണയിലും നെവാഡയിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബൈഡന്‍ ലീഡ് തുടരുന്നു. അതേസമയം പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും ജോര്‍ജ്ജിയയിലും അലാസ്‌കയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് മുന്നില്‍. എന്നാല്‍ ജോര്‍ജ്ജിയയില്‍ ബൈഡന്‍ ജയത്തിനരികെയുണ്ട്. – ട്രംപിന് 0.5 ശതമാനം വോട്ടിന്‌റെ ലീഡ് മാത്രമേയുള്ളൂ. 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 49.6 ശതമാനവും ബൈഡന് 49.1 ശതമാനവും വോട്ടാണ് കിട്ടിയത്. 16 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ജോര്‍ജ്ജിയയിലുള്ളത്.

പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും നേരിയ വോട്ട് വ്യത്യാസം മാത്രമേയുള്ളൂ. 20 ഇലക്ടറല്‍ കോളേജ് വോട്ടുള്ള പെന്‍സില്‍വേനിയയില്‍ 89 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപ് ലീഡ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ലീഡ് വളരെ കുറഞ്ഞിട്ടുണ്ട്. വെറും 0.5 ശതമാനം വോട്ടിന്‌റെ നേരിയ ലീഡ് മാത്രമാണ് ജോര്‍ജ്ജിയയില്‍ നിലവില്‍ ട്രംപിനുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നെവാഡയിലും അരിസോണയിലും വലിയ വോട്ട് വ്യത്യാസം ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലില്ല. നെവാഡയിൽ 6 ഇലക്ടറൽ കോളേജ് വോട്ടാണുള്ളത്. 86 ശതമാനം വോട്ടെണ്ണി. ബൈഡൻ 49.3 ശതമാനം, ട്രംപ് 48.7 ശതമാനം എന്നതാണ് ഇപ്പോളത്തെ നില. 11 ഇലക്ടറൽ കോളേജ് വോട്ടുള്ള അരിസോണയില്‍ ബൈഡന്റെ ലീഡില്‍ 60,000ത്തിലധികം കുറവ് വന്നിട്ടുണ്ട്. 86 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞ അരിസോണയില്‍ ട്രംപിന് 50.5 ശതമാനം വോട്ടും ബൈഡന് 48.1 ശതമാനം വോട്ടുമാണ് കിട്ടിയത്.

നോര്‍ത്ത് കരോലിനയില്‍ 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 50.1 ശതമാനവും ബൈഡന് 48.7 ശതമാനം വോട്ടുമാണ് കിട്ടിയത്. 15 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഇവിടെയുള്ളത്. അലാസ്‌കയില്‍ വ്യക്തമായ മേധാവിത്തമുള്ള ലീഡോടെ ട്രംപ് ഏതാണ്ട് ജയസൂചനകള്‍ നല്‍കിക്കഴിഞ്ഞു. അതേസമയം ഇവിടെ 56 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ട്രംപിന് 62.9 ശതമാനം വോട്ടും ബൈഡന് 33 ശതമാനം വോട്ടുമാണ് ഇവിടെ കിട്ടിയത്. ആകെ ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ബൈഡന്‍ 253 വോട്ടും ട്രംപ് 214 വോട്ടും നേടിയതായി ദ ന്യൂയോര്‍ക്ക് ടൈംസും എബിസി ന്യൂസും അടക്കമുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ 264, ട്രംപ് 214 എന്നാണ് ഫോക്‌സ് ന്യൂസിന്‌റെ കണക്ക്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റല്‍ ബാലറ്റുകളാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍, ഇനി അതൊന്നും എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണരുതെന്നാണ് ട്രംപിന്റെ ആവശ്യം. വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജോ ബൈഡനും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. ഡൊണാൾഡ് ട്രംപ് ഭരണത്തിൽ തുടരുമോ ? ജോ ബെെഡൻ പ്രസിഡന്റ് പദവിയിലേക്ക് ഉയരുമോ ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉടൻ ലഭിക്കും.

ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. പോളിങ് പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ വോട്ടെണ്ണൽ ആരംഭിച്ചാൽ തന്നെ ലഭ്യമാകും. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ വൈകുമെന്നതിനാൽ അന്തിമഫലം പിന്നെയും വെെകും.

കിഴക്കൻ യുഎസിലെ വെർമോണ്ടിലുള്ള ബൂത്തുകളിലും ന്യൂയോർക്ക്, ന്യൂജഴ്‌സി, വെർജീനിയ എന്നീ സംസ്ഥാനങ്ങളിലും 5.30 ഓടെ വോട്ടെടുപ്പ് ആരംഭിച്ചു.

വോട്ടെടുപ്പ് പ്രക്രിയ സെപ്റ്റംബർ ആദ്യ ആഴ്‌ച തന്നെ ആരംഭിച്ചിരുന്നു. 3.3 കോടി നേരിട്ടു വോട്ടുചെയ്തതും 5.8 തപാൽ വോട്ടുകളുമുൾപ്പെടെ, ശനിയാഴ്ചവരെ 9.2 കോടി പേർ വോട്ടുചെയ്തുകഴിഞ്ഞതായാണ് കണക്ക്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. പത്ത് കോടിയോളം വോട്ടർമാർ ഇത്തവണയുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ഇത്തവണയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

നാളെ രാവിലെ മുതൽ തന്നെ ഫലസൂചനകൾ വ്യക്തമാകുമെങ്കിലും ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം

538 ഇലക്ടറൽ വോട്ടർമാരെയാണ് അമ്പത് സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്ടായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കുന്നത്. ഇതിൽ 270 പേരുടെ പിന്തുണ ലഭിക്കുന്നയാൾ അടുത്ത പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്ിലാണ് മത്സരം

24 കോടി വോട്ടർമാരിൽ 10 കോടി പേർ തപാലിൽ വോട്ട് ചെയ്തു കഴിഞ്ഞു. ആറ് കോടി പേരെങ്കിലും പോളിംഗ് ബൂത്തുകളെ ഉപയോഗിക്കുമെന്നാണ് പ്രവചനം. യുഎസിന്റെ നൂറു വർഷത്തെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാകുമിത്. ചില സംസ്ഥാനങ്ങൾ നവംബർ 13 വരെ തപാൽ വോട്ടുകൾ സ്വീകരിക്കുന്നുണ്ട്

യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും എഴുപത്തിനാലുകാരനുമായ ഡോണൾഡ് ട്രംപും എഴുപത്തിയേഴുകാരനായ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും 46-ാം പ്രസിഡന്റ് സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യുഎസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.

ഫ്രാൻസിലെ ലിയോൺ നഗരത്തിലെ പള്ളിയിൽ വെടിവയ്പ്പ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ വെടിവയ്പ്പിൽ വൈദികന് ഗുരുതര പരുക്കേറ്റു.

പള്ളി അടയ്ക്കുന്നതിനിടെ അജ്ഞാതനായ അക്രമി വൈദികന് നേരെ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അടിവയറിലാണ് വെടിയേറ്റത്. നിറയൊഴിച്ച ശേഷം അക്രമി ഓടി രക്ഷപെട്ടു.

കഴിഞ്ഞ ദിവസം നിസിലെ കത്തോലിക ബസലിക്കയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

ചൈനീസ് വീഡിയോ ആപ്പ് ടിക് ടോകിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഓഡറിന് കോടതിയുടെ സ്‌റ്റേ. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കത്തിനാണ് കോടതിയുടെ സ്‌റ്റേ. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന ടിക്ടോക്ക് നിരോധനമാണ് ഇപ്പോള്‍ സ്റ്റേ ചെയ്യപ്പെട്ടത്.

അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ടിക്ടോക് നിരോധിച്ച് ഇറക്കിയ ഓര്‍ഡര്‍ നടപ്പാക്കുന്നതാണ് പെന്‍സില്‍വേനിയയിലെ ജില്ലാ കോടതിയാണ് തടഞ്ഞത്. പുതിയ നിയമം നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ ടിക്ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്ന് കോടതിയുടെ നിരീക്ഷണം.

ഏകദേശം 700 ദശലക്ഷം ഉപയോക്താക്കള്‍ ഈ ആപ്പ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 100 ദശലക്ഷം പേര്‍ അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു. ആപ്പ് ഉപയോക്താക്കളാണ് നിരോധ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങള്‍ ടിക്ടോക്കിലൂടെ പ്രശസ്തരായ ഇന്‍ഫ്ളുവന്‍സര്‍മാരാണെന്നും തങ്ങള്‍ക്ക് ഫോളോവര്‍മാരെ നഷ്ടപ്പെടുമെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.

പരാതിക്കാര്‍ക്ക് തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി സംവാദിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും, അവരുടെ സ്പോണ്‍സര്‍ഷിപ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിക്കുകയായിരുന്നു.

ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്ന് വീട് വാങ്ങണമെങ്കില്‍ ലക്ഷങ്ങളോ കോടികളോ വേണ്ട. വെറും 86 രൂപ മതി. തുച്ഛമായ ഈ തുക ഈടാക്കുന്നതിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. ഇവിടേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് അധികൃതര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കൊവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.

ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം തന്നെ 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം. അതേസമയം, മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക. സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്.

 

ഫ്രാൻസിലെ നൈസ് നഗരത്തിൽ പള‌ളിയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വനിതയുമുണ്ടെന്നും നടന്നത് ഭീകരാക്രമണമാണെന്നും നൈസ് നഗര മേയർ ക്രിസ്‌റ്റ്യൻ എസ്ട്രോസി അറിയിച്ചു. നിരവധി പേർക്ക് പരുക്കേ‌റ്റിട്ടുണ്ട്. പ്രസിദ്ധമായ നോത്രെ ദാം പള‌ളിയുടെ സമീപത്താണ് ഒരാൾ കത്തി കൊണ്ട് ആക്രമം നടത്തിയത്. മരണപ്പെട്ട സ്‌ത്രീയുടെ കഴുത്തറുത്തെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടിയെന്നും ആക്രമണത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഫ്രഞ്ച് തീവ്രവാദ വിരുദ്ധ വിഭാഗം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പാരീസിലെ ആക്രമണം പോലെ നൈസിലെ ആക്രമണത്തിനും മതപരമായ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപാണ് പാരീസിൽ പ്രവാചകന്റെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന് സ്‌കൂൾ അദ്ധ്യാപകനായ സാമുവൽ പാ‌റ്റിയെ ഒരു ചെച്‌നിയൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അദ്ധ്യാപകന് പിന്തുണയുമായി രാജ്യമാകെ നിരവധി ജനങ്ങൾ രംഗത്തെത്തിയിരുന്നു. അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട ഞെട്ടൽ മാറുംമുൻപാണ് ഫ്രാൻസിൽ അടുത്ത സംഭവമുണ്ടായിരിക്കുന്നത്.

ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കടുംബത്തെ നാടകടത്താന്‍ കോടതി ഉത്തരവ്. 17വയസുകാരിയുടെ തലയാണ് കുടുംബം മൊട്ടയടിച്ചത്. പിന്നാലെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും നാട് കടത്താന്‍ ഉത്തരവിടുകയായിരുന്നു.

മുസ്ലീം മതവിഭാഗക്കാരിയായ പെണ്‍കുട്ടി ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസ്സുകാരനുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ബന്ധത്തെ, കുടുംബം എതിര്‍ത്തു. ശേഷം ഇരുവരും ഒളിച്ചോടുകയും പിന്നീട് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയും തലമൊട്ടയടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തത്.

യുവാവിന്റെ വീട്ടുകാര്‍ അറിയിച്ചത് പ്രകാരം പോലീസ് എത്തിയാണ് ക്രൂരമായ മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അടുത്തബന്ധുക്കളാണ് തലമൊട്ടയടിച്ചതെന്നുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ ജയില്‍ശിക്ഷയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. എന്നാല്‍ ഫ്രഞ്ച് മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് രക്ഷിതാക്കള്‍ മാറിനില്‍ക്കണണെന്ന് ബെസാന്‍കോണ്‍ കോടതി ഉത്തരവിട്ടു.

അടുത്തബന്ധുക്കള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കിയെങ്കിലും രക്ഷിതാക്കള്‍ക്ക് പദവി നല്‍കുന്നതിന് കോടതി വിസമ്മതിച്ചു. അതിനാല്‍ രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും രാജ്യം വിടേണ്ടതായി വരും. പെണ്‍കുട്ടിയെ ഫ്രാന്‍സിലെ സാമൂഹ്യസംഘടനകള്‍ സംരക്ഷിക്കുമെന്നും പ്രായപൂര്‍ത്തിയാവുമ്പോള്‍ റെഡിസന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്നും ഫ്രണ്ട് പൗരത്വവകുപ്പ് ജൂനിയര്‍ മന്ത്രിയായ മാര്‍ലെന ഷിയാപ്പ പ്രതികരിച്ചു.

Copyright © . All rights reserved