തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ പോലെ ഒരാളോടു തോറ്റാല്‍ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ തോറ്റാലും സമാധാനപരമായ രീതിയില്‍ അധികാര കൈമാറ്റം നടന്നേക്കില്ലെന്ന സൂചനകളും ട്രംപ് പങ്കുവെച്ചിരുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് ഉറപ്പുള്ളതിനാല്‍ തപാല്‍ വോട്ടുകള്‍ക്കെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. ഏതുവിധേനയും പരാജയം ഒഴിവാക്കാനുള്ള സകല തന്ത്രങ്ങളും പയറ്റിയാണ് ട്രംപ് ഇക്കുറി തിരഞ്ഞെടുപ്പിനിറങ്ങിയത്. നിരവധി കാരണങ്ങള്‍ അതിനു ചൂണ്ടിക്കാണിക്കാമെങ്കിലും തോറ്റാല്‍ ട്രംപ് നേരിടേണ്ടിവരുന്ന നിയമ നടപടികള്‍ തന്നെയാണ് അതില്‍ പ്രധാനം. പദവി ഒഴിഞ്ഞാല്‍ പ്രസിഡന്റിനു ലഭിക്കുന്ന നിയമ പരിരക്ഷ ലഭിക്കാതെയാകും. അതോടെ, ഇതുവരെ മുടങ്ങിക്കിടന്ന കേസുകളില്‍ ഉള്‍പ്പെടെ ട്രംപിന് വിചാരണ നേരിടേണ്ടിവരും. മറ്റാരേക്കാളും അത് ട്രംപിന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഏതു വിധേനയും തോല്‍വിയെ ചെറുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നത്.
ഫെഡറല്‍ ക്രിമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം പ്രസിഡന്റ് പദവി ട്രംപിന് നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസിനുമെതിരായ കേസുകളിലെല്ലാം ഇത്തരം സവിശേഷ നിയമസംരക്ഷണം ഗുണം ചെയ്തിരുന്നു. ഏതാനും കേസുകള്‍ മാറ്റിവെക്കാന്‍ ട്രംപിന് സാധിച്ചു. എന്നാല്‍ നികുതി തട്ടിപ്പ് ഉള്‍പ്പെടെ കേസുകളില്‍ കോടതികള്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തോടെ സാധാരണ പൗരനെപ്പോലെ ഇവയിലെല്ലാം ട്രംപ് വിചാരണ നേരിടേണ്ടിവരും. അതേസമയം, മുന്‍ പ്രസിഡന്റിനെതിരായ ക്രിമിനല്‍ നടപടികള്‍ രാജ്യത്ത് സംഘര്‍ഷത്തിനു തന്നെ കാരണമായേക്കാം. അതിനാല്‍ ബൈഡന്‍ അധികാരത്തിലേറിയാലും വളരെ സാവധാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാവുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
2016 തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്തതു മുതല്‍ പ്രസിഡന്റ് പദവിയില്‍ എത്തിയശേഷം ചെയ്തുകൂട്ടിയ നിരവധി നിയമവിരുദ്ധ, ക്രമരഹിത ഇടപാടുകള്‍ ട്രംപിന്റെ പേരിലുണ്ട്. 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും 2019ലെ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളെറുടെ റിപ്പോര്‍ട്ടിലും അവയെല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ട്രംപിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ ഉള്‍പ്പെടെ അഴിക്കുള്ളിലായ റിപ്പോര്‍ട്ടുകളില്‍ ട്രംപിന് തുണയായത് പ്രസിഡന്റിനുള്ള നിയമ പരിരക്ഷ കൊണ്ടു മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ റഷ്യയെ കൂട്ടുപിടിച്ചതു മുതല്‍ നീതിനിര്‍വഹണം തടസപ്പെടുത്തിയതും പരസ്ത്രീ ബന്ധം ഒതുക്കിവെക്കാനുള്ള സാമ്പത്തിക കരാറും തുടങ്ങി വര്‍ഷങ്ങള്‍ നീണ്ട നികുതി തട്ടിപ്പു വരെ എത്തിനില്‍ക്കുന്നതാണ് ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍.
നീതിനിര്‍വഹണത്തെ തടസപ്പെടുത്തിയെന്ന കേസില്‍ ഏറ്റവും പ്രധാനം എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ അകാരണമായി പുറത്താക്കിയതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാരോപിച്ചാണ് ട്രംപ് കോമിയെ പുറത്താക്കിയത്. എന്നാല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് കോമിയെ സര്‍വീസില്‍നിന്ന് പുറത്തെത്തിച്ചത് എന്നതാണ് വാസ്തവം. 10 വര്‍ഷ കാലാവധിയില്‍ മൂന്നര വര്‍ഷം എത്തിയപ്പോഴായിരുന്നു കോമിയെ പുറത്താക്കിയത്. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ തെളിവുകള്‍ 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും വിവരിക്കുന്നുണ്ട്. കേസില്‍ വിചാരണയ്ക്കിടെ ട്രംപിന്റെ ഉപദേശകനായിരുന്ന ജോര്‍ജ് പാപ്പാഡോപോള്‍സിന് തടവുശിക്ഷ വിധിച്ചിരുന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്സിന്റെയും പേരിലും രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഏജന്റാണെന്ന് അറിയിക്കാതിരിക്കല്‍, കള്ളമൊഴി നല്‍കല്‍, വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കല്‍ എന്നിങ്ങനെ അതിഗുരുതരമായ 15 കുറ്റങ്ങളാണ് മുള്ളെര്‍ ചുമത്തിയത്.
റഷ്യന്‍ ബന്ധം സംബന്ധിച്ച ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചെങ്കിലും സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ രാജി ഉള്‍പ്പെടെ ട്രംപിന് തിരിച്ചടിയായി. ട്രംപ് അധികാരത്തിലെത്തും മുമ്പായി റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ ഫ്‌ളിന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു ആരോപണം. കുരുക്ക് മുറുകുമെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഒരുപറ്റം ഉദ്യോഗസ്ഥരെ ഒഴിവാക്കിയപ്പോള്‍ വിദേശ നയം സംബന്ധിച്ച അഭിപ്രായ ഭിന്നതക്കൊടുവില്‍, ഫ്ലിന്നിനു പകരം വന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെപ്പോലുള്ളവര്‍ രാജിവെച്ചൊഴിയുകയും ചെയ്തു. പിന്നീട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ട്രംപിനെ കൂടുതല്‍ കുഴപ്പങ്ങളിലാണെത്തിച്ചത്. അതിനിടെ, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രെയിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ഇംപീച്ച്‌മെന്റ് നടപടിയോളം എത്തി. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്തത്.
1990കളില്‍ ട്രംപ് ബലാത്സംഗം ചെയ്‌തെന്ന ഓണ്‍ലൈന്‍ മാഗസിന്‍ കോളമിസ്റ്റായ ജീന്‍ കരോളിന്റെ ആരോപണവും, 2007ല്‍ ട്രംപ് പീഡിപ്പിച്ചെന്ന സമ്മര്‍ സെര്‍വോസിന്റെ മാനനഷ്ടക്കേസിലും കോടതി നടപടികള്‍ വൈകുകയാണ്. പോണ്‍ താരം സ്‌റ്റോമി ഡാനിയേലിന്റെ വെളിപ്പെടുത്തലും ദീര്‍ഘകാലം അഭിഭാഷകനും മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മൈക്കല്‍ കോഹന്റെ അറസ്റ്റും ട്രംപിനെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം. 2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇത് മറച്ചുവെക്കാന്‍ കോഹെന്‍ പണം നല്‍കിയെന്നുമുള്ള സ്റ്റോമിയുടെ വെളിപ്പെടുത്തലാണ് കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിനല്‍കിയത്. 2015ലാണ് ട്രംപുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കുമെന്ന് സ്റ്റോമി അറിയിച്ചത്. തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നു കണ്ട ട്രംപ് കോഹന്‍ വഴി അത് തടയുകയായിരുന്നു. 2016 തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 1.30 ലക്ഷം ഡോളര്‍ നല്‍കി രഹസ്യബന്ധം പുറത്തുപറയാതിരിക്കാന്‍ ധാരണയുണ്ടാക്കിയത്. സ്റ്റോമി നുണച്ചിയാണെന്ന് ആരോപിച്ചതോടെ മാനനഷ്ടക്കേസും കോഹനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
മുള്ളെറുടെ നിര്‍ദേശ പ്രകാരം എഫ്ബിഐ കോഹന്റെ ഓഫീസും വസതിയും റെയ്ഡ് ചെയ്തതോടെ നിരവധി രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. പ്ലേ ബോയ് മോഡല്‍ കാരല്‍ മക്ഡഗലിനു പണം നല്‍കി ട്രംപിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും കോഹനായിരുന്നു. മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരാതിരിക്കാന്‍ സായാഹ്ന പത്രത്തെ വിലയ്‌ക്കെടുത്തു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് സമിതി മുമ്പാകെ ഇക്കാര്യം മറച്ചുവെക്കാന്‍ കള്ളക്കഥ മെനഞ്ഞു. സ്‌റ്റോമിയുടെ അപകീര്‍ത്തി കേസ് മുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് ദുര്‍വിനിയോഗവും തിരഞ്ഞെടുപ്പ് ജയിക്കാന്‍ വിദേശ സഹായം എന്നിങ്ങനെ ഗുരുതര കുറ്റങ്ങളാണ് കോഹനെതിരെ ചുമത്തിയത്. അപ്പോഴെല്ലാം പ്രസിഡന്റ് പദവിയിലിരുന്ന് കോഹനെ ഒറ്റപ്പെടുത്തുകയായിരുന്നു ട്രംപ്. രണ്ടുമാസം മുമ്പ്, സ്റ്റോമിന് 44,100 ഡോളര്‍ ട്രംപ് വക്കീല്‍ ഫീസ് നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയുടെ പിന്‍ബലത്തോടെ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ട്രംപ് തയ്യാറായിരുന്നില്ല.
സ്റ്റോമിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ട്രംപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസിനെക്കുറിച്ചുമൊക്കെ കോടതി വിശദീകരണം തേടിയത്. ട്രംപിന്റെ എട്ടുവര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണുകള്‍ സംബന്ധിച്ച രേഖകളാണ് മാന്‍ഹട്ടന്‍ ജില്ല കോടതി ആവശ്യപ്പെട്ടത്. ട്രംപിന്റെ അക്കൗണ്ടിങ് സ്ഥാപനമായ മസാറിനോട് ഇവ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക രേഖകള്‍ വിളിച്ചുവരുത്താനുള്ള നടപടിയെ ട്രംപ് ചോദ്യം ചെയ്‌തെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളി. പദവിയിലിരിക്കുന്ന പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദമാണ് കോടതി തള്ളിയത്. പിന്നാലെയാണ് ട്രംപിന്റെ എട്ടു വര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണ്‍സ് വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ല അറ്റോര്‍ണിയുടെ ഓഫിസിന് അധികാരം നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ ഇക്കാര്യത്തില്‍ സാവകാശം അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി പരിഗണിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേസ് വീണ്ടും കോടതി പരിഗണിക്കും. അതിനിടെ, പത്ത് വര്‍ഷമായി ട്രംപ് നികുതി അടക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് രണ്ടുമാസം മുമ്പാണ്. അധികാരത്തിലേറിയശേഷം 750 ഡോളര്‍ മാത്രമാണ് ട്രംപ് അടച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അതും കേസില്‍ ട്രംപിനു തിരിച്ചടിയാകും. പ്രസിഡന്റ് പദവിയിലെത്താന്‍ നടത്തിയ ക്രമക്കേടുകള്‍ മുതല്‍ പദവിയിലിരുന്നുകൊണ്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വരെയാണ് ട്രംപിനെ വൈറ്റ്ഹൗസിനു വെളിയില്‍ കാത്തിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുറപ്പായതോടെ വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കാനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയവരെ ന്യൂയോര്‍ക്ക് പോലീസ് കൈയേറ്റം ചെയ്തു. ഇതിനിടയില്‍ പോലീസിന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജയായ ദേവിന സംഗിനെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പോലീസാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നും തന്നെ വലിച്ചു താഴെയിടുകയായിരുന്നു എന്നും ദേവിന പ്രതികരിച്ചു. ‘ട്രംപിനേയും പോലീസിനെയും ഫാസ്റ്റിസ്റ്റുകള്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു’, ദേവിന പറഞ്ഞു.
ട്രംപിനെതിരെ ആദ്യം ഡെമോക്രാറ്റ് പാര്‍ട്ടി അനുയായികളാണ് മാന്‍ഹാട്ടനില്‍ തെരുവിലിറങ്ങിയത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞതോടെ ഇടതുപാര്‍ട്ടി അംഗങ്ങളും ഇതിനൊപ്പം ചേര്‍ന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഈ ഗ്രൂപ്പുകള്‍. അതുവരെ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിടാന്‍ തുടങ്ങിയത് പൊടുന്നനെയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിടത്തൊക്കെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഉടന്‍ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പോലീസാണ് ആദ്യം പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തത്.
ഇതിനിടെ ദേവിന സിംഗ് പോലീസിന്റെ മുഖത്ത് തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ പോലീസ് യാതൊരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ദേവിന പറയുന്നു. “ഞാന്‍ 7th അവന്യൂവിലേക്ക് നടന്നു പോവുകയായിരുന്നു. ഇതിനിടെയാണ് സ്ട്രാറ്റജിക് റസ്‌പോണ്‍സ് ഗ്രൂപ്പിലെ ഒരാള്‍ ബൈക്ക് എന്റെ മേലേക്ക് ഇടിച്ചു കയറ്റിയത്. ഞാന്‍ താഴെ വീണു”, ദേവിന പറയുന്നു. നിലത്തു നിന്ന് എഴുന്നേറ്റയുടനെയാണ് ഇതിനെ ചൊല്ലി ദേവിനയും പോലീസുമായി തര്‍ക്കമുണ്ടാക്കുന്നത്. ‘ഫ** യു ഫാസിസ്റ്റ്’ എന്ന് ദേവിന വിളിക്കുന്നതായി കേള്‍ക്കാമെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടര്‍ പറയുന്നു. ഇതിനു പിന്നാലെ ദേവിന പോലീസുകാരന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു.
“അയാളെന്നെ ബൈക്കുകള്‍ വച്ചിരുന്നിടത്തേക്ക് വലിച്ചിട്ടു. തല കുത്തിയാണ് ഞാന്‍ വീണത്. കാലുകള്‍ മുകളിലും. വീഴ്ചയില്‍ കൈകള്‍ കുത്തുകയും ചെയ്തു”, 24-കാരിയായ ദേവിന പറയുന്നു. തുടര്‍ന്ന് ദേവിന അടക്കമുള്ളവരെ പോലീസ് കൊണ്ടു പോയി. എന്നാല്‍ കൈകള്‍ക്ക് വേദന അനുഭവപ്പെട്ടതോടെ അശുപത്രിയിലാക്കി. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലാകുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷവും ദേവിനയെ മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ വച്ചു. തുടര്‍ന്ന് പിറ്റേന്ന് രാവിലെയാണ് വിട്ടയച്ചത്. തുടര്‍ന്നും ഹാജരാകാന്‍ അവരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പെന്‍സില്‍വാനിയ സ്വദേശി എന്നാണ് ദേവിനയെ കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. മുമ്പ് ബാര്‍ ടെണ്ടറായി ജോലി ചെയ്തിരുന്ന ദേവിനയ്ക്ക് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ജോലിയും നഷ്ടമായിരുന്നു.
ഒടിഞ്ഞ കൈയുമായി ദേവിന സിംഗ്; പോലീസ് ദേവിനയെ വലിച്ചെറിയുന്ന ദൃശ്യം
പോലീസിന്റെ മുഖത്ത് തുപ്പിയ നടപടി ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെതിരായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നും ദേവിന പറയുന്നു. “പക്ഷേ, പോലീസിനെ ഫാസിസ്റ്റ് എന്നു വിളിച്ചതില്‍ ഞാന്‍ തരിമ്പും ഖേദിക്കുന്നില്ല. പോലീസ് വരുന്നതു വരെ അതൊരു സമാധാനപരമായ പ്രതിഷേധമായിരുന്നു”, അവര്‍ പറഞ്ഞു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയാതിനും കൈയേറ്റത്തിനുമാണ് അവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഒക്ടോബര്‍ 27-ന് ബ്രൂക്ക്ലിനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനും സെപ്റ്റംബാര്‍ 18-ന് മാന്‍ഹാട്ടനില്‍ നടന്ന പ്രതിഷേധത്തിനിടെയും അവര്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
A young woman was arrested after she spat in an officer’s face after screaming, “F–k you, fascist,” tonight in the West Village. pic.twitter.com/cfgVLYJ5pc
— elizabeth meryl rosner (@elizameryl) November 5, 2020
പ്രസിഡന്റായാലും അംഗീകരിക്കില്ലെന്ന നിലപാട് എടുത്ത് യുഎസ് മാധ്യമങ്ങൾ. ട്രംപിന്റെ തത്സമയ വാർത്താസമ്മേളനം പ്രക്ഷേപണം ചെയ്യില്ലെന്ന നിലപാടെടുത്തിരിക്ക
ുകയാണ് അമേരിക്കൻ വാർത്താ മാധ്യമങ്ങൾ.തെറ്റായതും നിയമത്തിന് എതിരായതുമായ കാര്യങ്ങൾ ചെയ്യുന്നത് ജനഹിതത്തെ സംശയിച്ച ട്രംപിന്റെ വാക്കുകളോട് പ്രതിഷേധിച്ചാണ് ചാനലുകൾ ലൈവ് സംപ്രേഷണം നിർത്തിവെച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ നടപടി സ്വീകരിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിഡന്റ് പറയുന്നു എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചു.
വിജയം തട്ടിയെടുക്കാൻ ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു എന്നാണ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സമാന കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനിടക്കാണ് ചാനലുകൾ സംപ്രേഷണം നിർത്തിയത്.
മാധ്യമങ്ങൾ ഒരു അസാധാരണ സാഹചര്യത്തിൽ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാർത്താ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എംഎസ്-എൻബിസി ചാനൽ സംപ്രേഷണം നിർത്തിയത്. എൻബിസി-എബിസി ന്യൂസും ഇത്തരത്തിൽ സംപ്രേഷണം നിർത്തി.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം ദിനം തൊട്ട ആവേശകരമായ വോട്ടെണ്ണലിൽ ഇഞ്ചോടിഞ്ച് ആവേശവുമായി ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും നിലവിലെ യുഎസ് പ്രസിഡന്റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെയും ക്യാംപുകൾ. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൈഡൻ ചരിത്ര വിജയത്തിനരികെ എന്നാണു സൂചന.
നൊവാഡയിലും അരിസോണയിലും മുന്നേറുന്ന ബൈഡന്‍ ട്രംപിന്റെ ശക്തികേന്ദ്രമെന്നു കരുതിയ ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും ശക്തമായ പ്രകടമാണു കാഴ്ചവയ്ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകിയത്. നെവാഡയിലെ ആറു വോട്ടുകൾ കൂടി ലഭിച്ചാൽ 270 എന്ന മാന്ത്രികസംഖ്യ ബൈഡൻ സ്വന്തമാക്കും. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. ട്രംപ് പക്ഷത്തിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം 214 ഇലക്ടറൽ വോട്ടുകളായി. ഭൂരിപക്ഷത്തിൽനിന്ന് 56 വോട്ട് കുറവ്. ഇപ്പോൾ മുന്നിൽ നിൽക്കുന്ന സ്റ്റേറ്റുകളിൽ എല്ലാം ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാനാകില്ലെന്ന സ്ഥിതി.
ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലാണ് ട്രംപ് മുന്നിൽ. ഇവയെല്ലാം ജയിച്ചാലും ലഭിക്കുക 268 വോട്ട്. ഈ സാഹചര്യത്തിലാണ് നെവാഡയിലെ ഫലം നിർണായകമാകുന്നത്. ലീഡ്‌നില മാറിമറിയുന്ന ജോർജിയയും അന്തിമഫലത്തിൽ നിർണായകമാകും. അതേസമയം, സിഎൻഎൻ പോലുള്ള ചാനലുകൾ ബൈഡന് 253 വോട്ടുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വോട്ടെണ്ണൽ തുടരുന്ന അരിസോണയിലെ 11 വോട്ടുകൾ ഒഴിവാക്കിയതിനാലാണിത്. അതിനിടെ, തുടർച്ചയായ ട്വീറ്റുകളിലൂടെ പോസ്റ്റല്‍ വോട്ടുകൾക്കെതിരെ ആഞ്ഞടിക്കുന്നത് ട്രംപ് തുടരുകയാണ്. പല സ്റ്റേറ്റുകളിലും കോടതികളെ റിപ്പബ്ലിക്കൻസ് സമീപിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ നിരീക്ഷിക്കണമെന്നോ നിർത്തി വയ്ക്കണമെന്നോ ആണ് ആവശ്യം. എന്നാൽ വോട്ടെണ്ണൽ തുടരട്ടെ, വിജയം അരികെയാണെന്നായിരുന്നു ബൈഡന്റെ വാക്കുകൾ.
ഇതിനിടെ ജോർജിയ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ക്യാംപ് ഫയല്‍ ചെയ്ത കേസുകൾ തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ കൂട്ടിക്കലർത്തിയെന്നായിരുന്നു ആരോപണം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ജോർജിയയിലെ ജഡ്ജി ജെയിംസ് ബാസ് പറഞ്ഞു.
പരാജയപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്തിരുന്നു വീണ്ടും മൽസരിച്ചു പരാജയപ്പെടുന്ന ആളെന്ന പേരാകും ട്രംപിന് ചാർത്തിക്കിട്ടുക. 1992 ൽ ജോർജ് എച്ച്. ഡബ്ല്യു. ബുഷിനുശേഷം പ്രസിഡന്റായിരുന്നവർ വീണ്ടും മൽസരിക്കുമ്പോൾ പരാജയപ്പെട്ട ചരിത്രമില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപിന്റെ നിലപാട്. ബൈഡൻ ജയിച്ച മിഷിഗൻ(16 ഇലക്ടറൽ വോട്ട്), വിസ്കോൻസെൻ(10), പെൻസിൽവേനിയ(20) സ്റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്ത് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്തിമഫലമറിയാൻ നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്ന സൂചനയും ഇതോടെ ശക്തമായി.
ജോ ബൈഡന് സുരക്ഷ വർധിപ്പിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ യുഎസ് സീക്രട്ട് സർവീസ് അയച്ചതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഡെലാവറിലെ വിൽമിങ്ടണിലാണ് ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയത്തിലേക്ക് അടുത്തതോടെയാണിത്.
ബൈഡൻെറ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിക്ക് നൽകിയത് കുതിപ്പ്. ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്സ് 700 പോയിൻറ് നേട്ടത്തോടെ 41,340ലെത്തി. ദേശീയ സൂചിക നിഫ്റ്റി 12,000ലധികം പോയിൻറ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് ഓഹരികളിൽ എസ്.ബി.ഐയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്.പി.സി.എൽ തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജോ ബൈഡൻ വിജയത്തോട് അടുത്തതാണ് ഇന്ത്യൻ ഓഹരി വിപണിക്കും ഗുണകരമായത്. ട്രംപിൻെറ അജണ്ടകളുമായി ബൈഡൻ മുന്നോട്ട് പോകില്ലെന്ന പ്രതീക്ഷയാണ് വിപണിയുടെ കുതിപ്പിന് കാരണമായത്.
കോർപ്പറേറ്റ് ടാക്സ് 21 ശതമാനത്തിൽ നിന്ന് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബൈഡൻ പിന്മാറുമെന്നാണ് റിപ്പോർട്ട് വിപണിക്ക് കരുത്തായതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി റിസർച്ച് മേധാവി പങ്കജ് പാണ്ഡേ പറഞ്ഞു. ബൈഡൻ അധികാരത്തിലെത്തുന്നതോടെ അമേരിക്കയാദ്യമെന്ന നയത്തിൽ കാതലായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക് ഗുണകരമാവുമെന്നാണ് സൂചന.
ബൈഡൻ അധികാരത്തിലെത്തിയാൽ വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന് യു.എസിൽ പ്രതീക്ഷയുണ്ട്. ഇത് ആഗോള ഓഹരി വിപണികളെ ഗുണകരമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ്സില്‍ ആറ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ തുടരുന്നു, അരിസോണ, നെവാഡ, പെന്‍സില്‍വേനിയ, നോര്‍ത്ത് കരോലിന, ജോര്‍ജ്ജിയ, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍ തുടരുന്നത്. ഇതില്‍ അരിസോണയിലും നെവാഡയിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബൈഡന്‍ ലീഡ് തുടരുന്നു. അതേസമയം പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും ജോര്‍ജ്ജിയയിലും അലാസ്‌കയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് മുന്നില്‍. എന്നാല്‍ ജോര്‍ജ്ജിയയില്‍ ബൈഡന്‍ ജയത്തിനരികെയുണ്ട്. – ട്രംപിന് 0.5 ശതമാനം വോട്ടിന്‌റെ ലീഡ് മാത്രമേയുള്ളൂ. 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 49.6 ശതമാനവും ബൈഡന് 49.1 ശതമാനവും വോട്ടാണ് കിട്ടിയത്. 16 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ജോര്‍ജ്ജിയയിലുള്ളത്.
പെന്‍സില്‍വേനിയയിലും നോര്‍ത്ത് കരോലിനയിലും നേരിയ വോട്ട് വ്യത്യാസം മാത്രമേയുള്ളൂ. 20 ഇലക്ടറല്‍ കോളേജ് വോട്ടുള്ള പെന്‍സില്‍വേനിയയില്‍ 89 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപ് ലീഡ് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ലീഡ് വളരെ കുറഞ്ഞിട്ടുണ്ട്. വെറും 0.5 ശതമാനം വോട്ടിന്‌റെ നേരിയ ലീഡ് മാത്രമാണ് ജോര്‍ജ്ജിയയില്‍ നിലവില്‍ ട്രംപിനുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നെവാഡയിലും അരിസോണയിലും വലിയ വോട്ട് വ്യത്യാസം ഇരു സ്ഥാനാര്‍ത്ഥികളും തമ്മിലില്ല. നെവാഡയിൽ 6 ഇലക്ടറൽ കോളേജ് വോട്ടാണുള്ളത്. 86 ശതമാനം വോട്ടെണ്ണി. ബൈഡൻ 49.3 ശതമാനം, ട്രംപ് 48.7 ശതമാനം എന്നതാണ് ഇപ്പോളത്തെ നില. 11 ഇലക്ടറൽ കോളേജ് വോട്ടുള്ള അരിസോണയില്‍ ബൈഡന്റെ ലീഡില്‍ 60,000ത്തിലധികം കുറവ് വന്നിട്ടുണ്ട്. 86 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞ അരിസോണയില്‍ ട്രംപിന് 50.5 ശതമാനം വോട്ടും ബൈഡന് 48.1 ശതമാനം വോട്ടുമാണ് കിട്ടിയത്.
നോര്‍ത്ത് കരോലിനയില്‍ 95 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് 50.1 ശതമാനവും ബൈഡന് 48.7 ശതമാനം വോട്ടുമാണ് കിട്ടിയത്. 15 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഇവിടെയുള്ളത്. അലാസ്‌കയില്‍ വ്യക്തമായ മേധാവിത്തമുള്ള ലീഡോടെ ട്രംപ് ഏതാണ്ട് ജയസൂചനകള്‍ നല്‍കിക്കഴിഞ്ഞു. അതേസമയം ഇവിടെ 56 ശതമാനം വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ട്രംപിന് 62.9 ശതമാനം വോട്ടും ബൈഡന് 33 ശതമാനം വോട്ടുമാണ് ഇവിടെ കിട്ടിയത്. ആകെ ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ബൈഡന്‍ 253 വോട്ടും ട്രംപ് 214 വോട്ടും നേടിയതായി ദ ന്യൂയോര്‍ക്ക് ടൈംസും എബിസി ന്യൂസും അടക്കമുള്ള യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ 264, ട്രംപ് 214 എന്നാണ് ഫോക്‌സ് ന്യൂസിന്‌റെ കണക്ക്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റല്‍ ബാലറ്റുകളാണ് ഇനി ബാക്കിയുള്ളത്. എന്നാല്‍, ഇനി അതൊന്നും എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണരുതെന്നാണ് ട്രംപിന്റെ ആവശ്യം. വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജോ ബൈഡനും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. ഡൊണാൾഡ് ട്രംപ് ഭരണത്തിൽ തുടരുമോ ? ജോ ബെെഡൻ പ്രസിഡന്റ് പദവിയിലേക്ക് ഉയരുമോ ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഉടൻ ലഭിക്കും.
ഇന്ത്യൻ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. പോളിങ് പൂർത്തിയായാലുടൻ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ വോട്ടെണ്ണൽ ആരംഭിച്ചാൽ തന്നെ ലഭ്യമാകും. എന്നാൽ, തപാൽ വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ വൈകുമെന്നതിനാൽ അന്തിമഫലം പിന്നെയും വെെകും.
കിഴക്കൻ യുഎസിലെ വെർമോണ്ടിലുള്ള ബൂത്തുകളിലും ന്യൂയോർക്ക്, ന്യൂജഴ്‌സി, വെർജീനിയ എന്നീ സംസ്ഥാനങ്ങളിലും 5.30 ഓടെ വോട്ടെടുപ്പ് ആരംഭിച്ചു.
വോട്ടെടുപ്പ് പ്രക്രിയ സെപ്റ്റംബർ ആദ്യ ആഴ്‌ച തന്നെ ആരംഭിച്ചിരുന്നു. 3.3 കോടി നേരിട്ടു വോട്ടുചെയ്തതും 5.8 തപാൽ വോട്ടുകളുമുൾപ്പെടെ, ശനിയാഴ്ചവരെ 9.2 കോടി പേർ വോട്ടുചെയ്തുകഴിഞ്ഞതായാണ് കണക്ക്. പുതിയ വോട്ടർമാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. പത്ത് കോടിയോളം വോട്ടർമാർ ഇത്തവണയുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനം ഇത്തവണയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
നാളെ രാവിലെ മുതൽ തന്നെ ഫലസൂചനകൾ വ്യക്തമാകുമെങ്കിലും ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം
538 ഇലക്ടറൽ വോട്ടർമാരെയാണ് അമ്പത് സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്ടായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കുന്നത്. ഇതിൽ 270 പേരുടെ പിന്തുണ ലഭിക്കുന്നയാൾ അടുത്ത പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്ിലാണ് മത്സരം
24 കോടി വോട്ടർമാരിൽ 10 കോടി പേർ തപാലിൽ വോട്ട് ചെയ്തു കഴിഞ്ഞു. ആറ് കോടി പേരെങ്കിലും പോളിംഗ് ബൂത്തുകളെ ഉപയോഗിക്കുമെന്നാണ് പ്രവചനം. യുഎസിന്റെ നൂറു വർഷത്തെ ചരിത്രത്തിലെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാകുമിത്. ചില സംസ്ഥാനങ്ങൾ നവംബർ 13 വരെ തപാൽ വോട്ടുകൾ സ്വീകരിക്കുന്നുണ്ട്
യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും എഴുപത്തിനാലുകാരനുമായ ഡോണൾഡ് ട്രംപും എഴുപത്തിയേഴുകാരനായ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും 46-ാം പ്രസിഡന്റ് സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യുഎസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.
ഫ്രാൻസിലെ ലിയോൺ നഗരത്തിലെ പള്ളിയിൽ വെടിവയ്പ്പ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ വെടിവയ്പ്പിൽ വൈദികന് ഗുരുതര പരുക്കേറ്റു.
പള്ളി അടയ്ക്കുന്നതിനിടെ അജ്ഞാതനായ അക്രമി വൈദികന് നേരെ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അടിവയറിലാണ് വെടിയേറ്റത്. നിറയൊഴിച്ച ശേഷം അക്രമി ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം നിസിലെ കത്തോലിക ബസലിക്കയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
ചൈനീസ് വീഡിയോ ആപ്പ് ടിക് ടോകിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഓഡറിന് കോടതിയുടെ സ്‌റ്റേ. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കത്തിനാണ് കോടതിയുടെ സ്‌റ്റേ. നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നവംബര്‍ 12 മുതല്‍ നിലവില്‍ വരാനിരുന്ന ടിക്ടോക്ക് നിരോധനമാണ് ഇപ്പോള്‍ സ്റ്റേ ചെയ്യപ്പെട്ടത്.
അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ടിക്ടോക് നിരോധിച്ച് ഇറക്കിയ ഓര്‍ഡര്‍ നടപ്പാക്കുന്നതാണ് പെന്‍സില്‍വേനിയയിലെ ജില്ലാ കോടതിയാണ് തടഞ്ഞത്. പുതിയ നിയമം നടപ്പിലാക്കിയാല്‍ അമേരിക്കയില്‍ ടിക്ടോക് പൂട്ടുന്നതിനു തുല്യമായിരിക്കുമെന്ന് കോടതിയുടെ നിരീക്ഷണം.
ഏകദേശം 700 ദശലക്ഷം ഉപയോക്താക്കള്‍ ഈ ആപ്പ് ആഗോള തലത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 100 ദശലക്ഷം പേര്‍ അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു. ആപ്പ് ഉപയോക്താക്കളാണ് നിരോധ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. തങ്ങള്‍ ടിക്ടോക്കിലൂടെ പ്രശസ്തരായ ഇന്‍ഫ്ളുവന്‍സര്‍മാരാണെന്നും തങ്ങള്‍ക്ക് ഫോളോവര്‍മാരെ നഷ്ടപ്പെടുമെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.
പരാതിക്കാര്‍ക്ക് തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി സംവാദിക്കാനുള്ള അവസരം ഇല്ലാതാകുമെന്നും, അവരുടെ സ്പോണ്‍സര്‍ഷിപ് നഷ്ടമാകുമെന്നുമുള്ള വാദം ജഡ്ജി അംഗീകരിക്കുകയായിരുന്നു.