World

സ്വന്തം ലേഖകൻ

യു എസ് :- കൊറോണ ബാധയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുവാൻ യുഎസ് തീരുമാനിച്ചു. ടെക്സാസ് നഗരം അടുത്ത ആഴ്ചയോടു കൂടി തുറക്കുമെന്ന് ഗവർണ്ണർ ഗ്രെഗ് അബ്ബോട്ട് അറിയിച്ചു. സംസ്ഥാന പാർക്കുകൾ തിങ്കളാഴ്ചയോടെയും, റീട്ടെയിൽ കടകൾ ഏപ്രിൽ 24 വെള്ളിയാഴ്ചയോടെയും തുറന്നു പ്രവർത്തിക്കും. റീട്ടെയിൽ കടകളിൽ ആളുകൾ കൂടി നിൽക്കുവാൻ അനുവദിക്കുകയില്ല. ഹോം ഡെലിവറികൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇതോടൊപ്പം തന്നെ എല്ലാവരും സമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ ബാധമൂലം നീട്ടി വെച്ച സർജറികൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറക്കുവാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല.

29 മില്യൺ ജനങ്ങളാണ് ടെക്സാസ് നഗരത്തിലുള്ളത്. ഇതുവരെ 17000 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 8 മില്യൺ ജനങ്ങൾ മാത്രമുള്ള ന്യൂയോർക്ക് സിറ്റിയിൽ ഇതുവരെ 120, 000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്നോടു കൂടി രാജ്യം മുഴുവനായുള്ള നിയന്ത്രണങ്ങൾ നീക്കും എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്.

ഘട്ടംഘട്ടമായി മാത്രമേ ടെക്സാസ് നഗരത്തിലെ നിയന്ത്രണങ്ങൾ നീക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഉടൻതന്നെ തുറക്കാൻ സാധിക്കുകയില്ല. എന്നാൽ ന്യൂയോർക്കിൽ ലോക് ഡൗൺ മെയ് 15വരെ നീട്ടിയതായി ഗവർണർ ആൻഡ്രൂ ക്യൂയമോ അറിയിച്ചു. യുഎസിലെ ഓരോ സംസ്ഥാനങ്ങളുടെയും തീരുമാനങ്ങൾ അതാത് ഗവർണർമാർ ആണ് സ്വീകരിക്കുന്നത്.

കൊവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ സ്വദേശി അച്ചന്‍കുഞ്ഞാ(64)ണ് മരിച്ചത്. അച്ചന്‍കുഞ്ഞിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തെ കോവിഡ് 19 പിടിപെട്ടിരുന്നു. ഇവരെ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിനും വൈറസ് ബാധ പടര്‍ന്നത്.

വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. യോങ്കേഴ്സിലെ സെന്റ് പീറ്റേഴ്സ് ക്നാനായ ചര്‍ച്ച് അംഗമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് സെക്രട്ടറിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചു. സ്റ്റാന്‍ലി ചെറയാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 80നോടടുത്തായിരുന്നു പ്രായം. തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെ സാമ്പത്തികമായി സഹായിച്ചവരില്‍ പ്രമുഖനുമായിരുന്നു ഇദ്ദേഹം.

ഞായറാഴ്ച നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ തന്റെ സുഹൃത്ത് ഗുരുതരമായി രോഗബാധിതനായ വിവരം ട്രംപ് അറിയിച്ചിരുന്നു. കൊവിഡ് ബാധിതനായവരില്‍ ഒരാള്‍ തന്റെ സുഹൃത്താണെന്നും നല്ല പ്രായമുണ്ടെന്നും പക്ഷെ അദ്ദേഹം കരുത്തനായ മനുഷ്യനാണെന്നും ആണ് മാര്‍ച്ച് അവസാനം നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.

വര്‍ധിച്ചു വരുന്ന കൊവിഡ് സ്ഥിരീകരണ കണക്കുകളാണ് തന്റെ തീരുമാനങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കു പിന്നിലെന്നായിരുന്നു ട്രംപ് മാധ്യമങ്ങള്‍ക്ക് ചോദ്യത്തിനു മറുപടി നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡറും റിയല്‍എസ്റ്റേറ്റ്കാരനുമെന്നാണ് ട്രംപ് മരണപ്പെട്ട തന്റെ സുഹൃത്തിനെ വിശേഷിപ്പിച്ചത്.

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ നേരത്തെ എടുത്തിരുന്നെങ്കിൽ മരണസംഖ്യ വളരെയധികം കുറയ്ക്കാനാവുമായിരുന്നുവെന്ന് യുഎസിലെ ആരോഗ്യ വിദഗ്ധനായ ഡോക്ടർ ആന്റണി ഫോസി പറഞ്ഞു. യുഎസിൽ ഇതുവരെ 5,55,000 രോഗബാധിതരും 22,000 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, അതിലധികവും ന്യൂയോർക്കിലാണ്. മെയ് ആദ്യവാരത്തോടെ കൂടി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 16 മാർച്ച് മുതലാണ് ട്രംപ് നേതൃത്വം ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചത്, പിന്നീട് അത് ഏപ്രിൽ ഉടനീളം നീട്ടാൻ ഉത്തരവായി. ഫെബ്രുവരി അവസാനം മുതൽ കോവിഡ് 19 -ന് വരുതിയിലാക്കാൻ ആരോഗ്യരംഗത്ത് വിദഗ്ധരുടെ ഉപദേശം തേടുന്നുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു, പക്ഷേ കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ഇപ്പോൾ കാണുന്ന സാഹചര്യത്തിലേയ്ക്ക് കൈ വിട്ടു പോവുകയും ആണ് ഉണ്ടായതെന്ന് ഡോക്ടർ ഫോസി പറഞ്ഞു. അമേരിക്കയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ അമരത്തു നിൽക്കുന്നവരിൽ ഒരാളാണ് അദ്ദേഹം. ഇതുവരെ ഉണ്ടായത് ആരും നിഷേധിക്കുന്നില്ലെന്നും തിരിച്ചു വരവിലേയ്ക്കുള്ള മാർഗങ്ങളാണ് ഇപ്പോൾ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ന്യൂയോർക്ക് ആണ് യുഎസിലെ കൊറോണ വൈറസിൻെറ ഉത്ഭവസ്ഥാനം, കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചതും ന്യൂയോർക്കിനെയാണ് . എന്നാൽ ഗവർണർ ആൻഡ്രൂ ക്യൂമോ എത്രയും പെട്ടെന്ന് നഗരം തുറക്കാനുള്ള ആലോചനയിലാണ്. ആരോഗ്യ രംഗത്തേക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള സഹായസഹകരണങ്ങൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.


അതേസമയം കൊറോണാ വൈറസിനെ ഉറവിടത്തെ പറ്റിയുള്ള പഠനങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും ചൈന വിലക്കേർപ്പെടുത്തി. നോവൽ കൊറോണാ വൈറസിനെ പറ്റി രണ്ടു ചൈനീസ് യൂണിവേഴ്സിറ്റികൾ ഓൺലൈനായി പബ്ലിഷ് ചെയ്തിരുന്ന വിവരങ്ങൾ നീക്കം ചെയ്തു. ഗവൺമെന്റിന്റെ മേൽനോട്ടത്തോടു കൂടി മാത്രമേ ഇനി ഈ വിഷയത്തിൽ ഗവേഷണം തുടരാനാവൂ, പഠനങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിലും ഗവൺമെന്റ് അനുമതി വേണം.എന്നാൽ പഠനങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ള ഈ നീക്കം രാജ്യത്തിനെന്നല്ല ലോകത്തിനുതന്നെ അപകടകരമാണെന്ന് ഒരു ഗവേഷണ വിദ്യാർഥി അഭിപ്രായപ്പെട്ടു. വൈറസിനെ ഉറവിടം ചൈനയിൽ നിന്നല്ല എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണിത്, എന്നാൽ ഇത് മറ്റു പല വഴികളിലൂടെയും ജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും ബാധിക്കും .

കൊവിഡ് മരണതാണ്ഡവമാടിയ ന്യൂയോര്‍ക്കിലെ കാഴ്ച ഭീകരം. മരണത്തിന്റെ മണമുള്ള ഹാര്‍ട് ലാന്‍ഡ് ദ്വീപ് കാഴ്ചയാണ് ഞെട്ടിക്കുന്നത്. ദ്വീപിലെ ഭീമമായ കുഴിമാടം, നിറയെ ശവപ്പെട്ടികള്‍. മരിച്ചവരുടെ മണമുള്ള ദ്വീപ്. എല്ലാവരെയും കൂട്ടത്തോടെ കുഴിയില്‍ മൂടുന്ന കാഴ്ച.

ന്യൂയോര്‍ക്ക് സിറ്റിയിലെ വടക്കുകിഴക്കന്‍ ബ്രോങ്ക്സില്‍ 1.6 കിലോമീറ്റര്‍ നീളവും 530 മീറ്റര്‍ വീതിയുമുള്ള, 131 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ദ്വീപാണു ഹാര്‍ട് ഐലന്‍ഡ് അഥവാ ഹാര്‍ട് ലാന്‍ഡ്. പെല്‍ഹാം ദ്വീപുകളുടെ ഭാഗം. 1864ല്‍ യുഎസ് കളേഡ് ട്രൂപ്പിന്റെ പരിശീലന മൈതാനമായാണു ദ്വീപ് ആദ്യമായി പൊതു ആവശ്യത്തിന് ഉപയോഗിക്കപ്പെട്ടത്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി ദ്വീപിനെ മാറ്റിയെടുത്തു.

ഊരും പേരുമില്ലാത്ത അനാഥ മനുഷ്യരുടെ ശവങ്ങള്‍ മറവ് ചെയ്യുന്ന ഇടമാണത്. ലോകത്തിലെ വലിയ ശവപ്പറമ്പുകളിലൊന്ന്. കോവിഡ് മഹാമാരിയില്‍ മരിക്കുന്നവര്‍ക്കു കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കി ഹാര്‍ട് ദ്വീപ് ന്യൂയോര്‍ക്കിന്റെയും യുഎസിന്റെയും പേക്കിനാവില്‍ നിറയുന്നു

കോവിഡ് തീവ്രമായി ആക്രമിച്ച ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപിലെടുത്ത വലിയ കുഴിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയഭേദകമായ ചിത്രങ്ങളാണ് കഴിഞ്ഞദിവസങ്ങളിലായി നിറയുന്നത്. ആഴ്ചയില്‍ വിരലിലെണ്ണാവുന്ന സംസ്‌കാരങ്ങള്‍ നടന്നിരുന്ന ഇവിടെ ഇപ്പോള്‍ ദിവസേന ഇരുപത്തിയഞ്ചോളം മൃതദേഹങ്ങളാണു സംസ്‌കരിക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ അഭിപ്രായ സര്‍വെകളിലാണ് കൊറോണ വൈറസ് ബാധയെ നേരിടുന്ന സമീപനം ട്രംപിന് തിരിച്ചടിയായതായി തെളിയുന്നത്. ട്രംപിന്റെ സമീപനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് സൂചന. ദിവസവും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നാണ് സൂചന.

കൊറോണ ബാധ തുടങ്ങുന്നതിന് മുമ്പ് ട്രംപിന്റെ ജനപ്രതീയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ അത് എത്തിയിരുന്നു. എന്നാല്‍ വൈറസ് അമേരിക്കയെ ബാധിച്ചു തുടങ്ങിയപ്പോഴാണ് സ്ഥിതിഗതികള്‍ മാറിയത്. കൊറോണയെ നേരിടുന്നതില്‍ ട്രംപിനെ പിന്തുണച്ചവരുടെ ശതമാനം കഴിഞ്ഞയാഴ്ച 48 ശതമാനമായിരുന്നത് ഈയാഴ്ച 42 ശതമാനമായി കുറഞ്ഞു. മൊത്തത്തില്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ ശതമാനം 40 ശതമാനമാണ്. റോയിട്ടേഴ്‌സ് -ഇപ്‌സോസ് അഭിപ്രായ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. സിഎന്‍എന്റെ സര്‍വെ പ്രകാരം 45 ശതമാനം ആളുകളാണ് കൊറോണ വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്യുന്ന ട്രംപിന്റെ സമീപനത്തെ പിന്തുണച്ചത്.

എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായ തിരിച്ചടിയാണ് ട്രംപ് ക്യാമ്പിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. സിഎന്‍എന്‍ സര്‍വെ പ്രകാരം 53 ശതമാനമാണ് ഇപ്പോള്‍ ബിഡനെ പിന്തുണയ്ക്കുന്നവര്‍. റജിസ്‌ട്രേഡ് വോട്ടര്‍മാരുടെ വിഭാഗത്തില്‍ 42 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവരായുള്ളത്
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ദിവസവും നടത്തുന്ന വാര്‍ത്ത സമ്മേളനമാണ് ട്രംപിന് തിരിച്ചടിയാകുന്നതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ചിലരുടെ നിഗമനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. “ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ പ്രസിഡന്റിന് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നതെന്നാണ് വൈറ്റ് ഹൗസിലെ ചിലരുടെയും വിലയിരുത്തല്‍”, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയിലൊരിക്കലായി വാര്‍ത്ത സമ്മേളനങ്ങള്‍ കുറയ്ക്കണമെന്ന് ട്രംപിനെ റിപ്പബ്ലിക്കന്‍പാര്‍ട്ടിയിലെ ചിലര്‍ ഉപദേശിച്ചതായും സൂചനയുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമൊ എന്നകാര്യത്തില്‍ അടുത്ത നാല് മുതല്‍ എട്ട് വരെ ആഴ്ചകളിലെ സംഭവവികാസങ്ങള്‍ നിര്‍ണായകമാകുമെന്നാണ് ഫെഡറല്‍ റിസര്‍വിലേക്ക് ട്രംപ് നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്ന സ്റ്റീഫന്‍ മോര്‍ പറഞ്ഞു.
പൊതുവില്‍ ട്രംപിനോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന പത്രങ്ങളും കൊറോണ വാര്‍ത്ത സമ്മേളനങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ എതിര്‍ക്കുകയാണ്. വൈറസ് വ്യാപനത്തെക്കുറിച്ചും മറ്റും ജനങ്ങളെ അറിയിക്കുന്നതിനായി തുടങ്ങിയ വാര്‍ത്ത സമ്മേളനം ട്രംപിലേക്ക് ചുരുങ്ങിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ കുറ്റപ്പെടുത്തി. എന്നാല്‍ വാര്‍ത്ത സമ്മേളനത്തിന്റെ കാര്യത്തില്‍ ട്രംപിന് തിരിച്ചടിയുണ്ടാകുന്നുവെന്ന ആരോപണം തെറ്റാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡേറെ പറഞ്ഞു. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത്. ഇതിനകം 17000-ത്തിലധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. വൈറസ് ബാധ തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അടുത്തു തന്നെ ഇളവ് വരുത്തണമെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അടുത്ത ആഴ്ച സാമ്പത്തിക മേഖല വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് ട്രംപ് തീരുമാനമെടുക്കുമെന്നാണ കരുതുന്നത്.

പത്തനംതിട്ട സ്വദേശികളായ ദമ്ബതികള്‍ യു.എസില്‍ മരിച്ചു. പ്രക്കാനം ഇടത്തില്‍ സാമുവല്‍, ഭാര്യ മേരി എന്നിവരാണ്​ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലാഡല്‍ഫിയയില്‍ മരിച്ചത്​.

സാമുവലിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. മേരി ന്യൂമോണിയ ബാധിച്ചാണ്​ മരിച്ചതെന്നും ബന്ധുക്കള്‍ അറിയിച്ചു.

കോവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോക പോലീസ് എന്ന് അവകാശപ്പെടുന്ന അമേരിക്ക. അമേരിക്കയിലെ ദുരവസ്ഥ പറയുന്ന ഒരു മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സിന്‍സി അനില്‍ പറയുന്നു

സിന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ… അമേരിക്കയിൽ ചിക്കാഗോ യിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു….

അമേരിക്ക എന്ന സമ്പന്ന രാജ്യത്തു മാസ്ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവർത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ …ഹോസ്പിറ്റലിലെ നനഞ്ഞ ഫ്ലോറിൽ കാലു തെന്നി വീണ് തോൾ എല്ലിന് പൊട്ടൽ ഉണ്ടായി ലീവ് ൽ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലിൽ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്…

അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓർത്തിരുന്നത്… ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓർക്കാൻ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ എവിടെയോ ആർക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറി കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി… ഏതു കാര്യവും നമുക്ക് സംഭവിക്കുമ്പോൾ ആണല്ലോ അതിന്റെ ഭീകരത അറിയാൻ സാധിക്കൂ…

ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകൾ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു…

ഇന്ന് മാസ്കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു…ഭീഷണിപ്പെടുത്തുന്നു..കളിയിൽ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട്‌ ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകൾ ഉണ്ടാവില്ല…

സ്വന്തം ജനതയെക്കാൾ സമ്പത്തിനു പ്രാധാന്യം നൽകുന്ന രാജാവ്…ലോക്ക് ഡൌൺ പിൻവലിക്കാൻ പല ശ്രമങ്ങളും നടത്തി… കൈ കഴുകുക മാസ്ക് വയ്ക്കുക ജോലിക്ക് പോവുക…ആയിരങ്ങൾ മരിച്ചു വീണപ്പോഴും new york ശവപ്പറമ്പ് ആയപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളു…

എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതൽ പാരസെറ്റമോൾ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്….വീട്ടിൽ മുറി അടച്ചിരിക്കാൻ ഉള്ള നിർദ്ദേശം മാത്രമാണ് ഉണ്ടായത്… .മറ്റൊരു മരുന്നിനും യാതൊരു നിർവാഹവും ഇല്ല…അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകൾ കിട്ടാതെ വന്നാൽ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും…ന്യൂ ജേഴ്‌സി ഉള്ള ഒരു കസിൻ മെഡിസിൻ എത്തിക്കാമെന്ന് അറിയിച്ചിരുന്നു… 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല… ലോക്ക് ഡൌൺ കാരണം ആണെന്ന് മനസിലാക്കുന്നു..

ഞാൻ മനസിലാക്കിയത് പ്രായമായവരെ ചികിൽസിക്കാൻ ഒന്നും അമേരിക്കക്കു താല്പര്യമില്ല.. social security കൊടുക്കേണ്ട… കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല…ശ്വാസം കിട്ടാതെ വന്നാൽ ആംബുലൻസ് വിളിച്ചാൽ മതി.. 5 minute കൊണ്ട് ഹോസ്പിറ്റലിൽ എത്തും…. അങ്ങനെ എത്തുന്ന രോഗിയെ ventilate ചെയ്യും… intubate ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാർ ആണേൽ കയറി പോരും…പ്രായമുള്ളവർ രോഗികൾ ആണെങ്കിൽ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ….

ജനങ്ങൾക്ക്‌ ആത്മവിശ്വാസം നൽകുന്നതിൽ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവരുടെ ഓരോ ആശങ്കകൾ ആണ് അതിനു തെളിവ്…എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാൻ നേരിട്ടട്ടില്ല… എങ്കിലും അവര് ഈ വിപത്തിൽ നിന്നും രെക്ഷപെടുമെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു…ഞങ്ങൾ അപ്പൻ അമ്മ മക്കൾ.. ഈ നാലുപേരിൽ ഒരാൾ ഞാൻ…ഞാൻ മാത്രം… കാതങ്ങൾക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോൾ…. അവര് രക്ഷപെടും എന്ന് വിശ്വസിക്കാൻ മാത്രം ആണ് എനിക്ക് ഇഷ്ടം..

‌Hippa act എന്നൊരു act അവിടെ നിലവിൽ ഉണ്ടെന്നു കേട്ടു… അതാണ് ആരോഗ്യപ്രവർത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു.. ആരോഗ്യപ്രവർത്തകർ തമ്മിൽ തമ്മിൽ പറയാൻ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്…അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു…

ചിക്കാഗോ യിലെ മലയാളികൾ അല്ലെങ്കിൽ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികൾ ഇത് വായിക്കുമെങ്കിൽ ഒരു msg ഇടുമെന്നു പ്രതീക്ഷിക്കുന്നു.. എന്‍റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനകളിൽ എന്റെ കുടുംബാംഗങ്ങളെയും ഓർക്കണേ…

ഡെമോക്രാറ്റ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി. പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ജോ ബിഡന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് വഴിയൊരുക്കിക്കൊണ്ടാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റം. ഇതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജോ ബിഡനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി.

ഡെമോക്രാറ്റുകളിലെ പുരോഗമന വിഭാഗക്കാര്‍ക്ക് ഏറ്റ തിരിച്ചടിയായിക്കൂടിയാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റത്തെ കണക്കാക്കുന്നത്. ആരോഗ്യ മേഖല, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണമായിരുന്നു സാന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇവര്‍ നയിച്ചിരുന്നത്. സാന്‍ഡേഴ്‌സ് പിന്മാറിയതോടെ പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പങ്കാളിത്തവും അവസാനിച്ചു.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടക്കത്തില്‍ കൊറോണ വൈറസ് ബാധയെ ഗൗരവത്തില്‍ എടുക്കാതിരുന്ന ട്രംപിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നു കൂടിയാണ് അമേരിക്ക.

ഫെബ്രുവരിയില്‍ നടന്ന പ്രൈമറികളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച് സാന്‍ഡേഴ്‌സ് കരുത്തുകാട്ടിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ എതിരാളിയായ ജോ ബിഡന്റെ കുതിപ്പാണ് കണ്ടത്. നിര്‍ണായകമായ സൗത്ത് കരോലിനയില്‍ വിജയിച്ച് മധ്യവര്‍ഗക്കാരുടെ പിന്തുണയും ജോ ബിഡന്‍ എന്ന മുന്‍ വൈസ് പ്രസിഡന്റ് നേടിയതോടെ സാന്‍ഡേഴ്‌സിന്റെ സാധ്യതകള്‍ മങ്ങി. ഇതിനു പിന്നാലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ മിഷിഗണും ഫ്ളോറിഡയും സാന്‍ഡേഴ്‌സിന് നഷ്ടപ്പെട്ടു.

കോവിഡ്-19 പ്രതിസന്ധി രൂക്ഷമായതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന് അവധി കൊടുത്തിരുന്നു. സാന്‍ഡേഴ്‌സ് ഇതിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടും പൊതുജന മധ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും ട്രംപിനെതിരെ യോജിച്ച പോരാട്ടത്തിന് പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബിഡന്‍ ആകട്ടെ, മത്സരത്തില്‍ നിന്ന് പിന്മാറുന്ന കാര്യത്തില്‍ സാന്‍ഡേഴ്‌സിനു മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

രണ്ടാം തവണയാണ് സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. അടിസ്ഥാനവര്‍ഗ ജനങ്ങളുടെ പിന്തുണയും ഒപ്പം, പുതിയ വോട്ടര്‍മാരെ ഡെമോക്രാറ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മത്സരമെങ്കിലും സാന്‍ഡേഴ്‌സിന് അതിനു കഴിഞ്ഞില്ല. ചെറുപ്പക്കാര്‍ക്കിടയിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍.

2016-ലേതു പോലെ തന്നെ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്യുമെന്ന് കരുതിയ വലിയൊരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സാന്‍ഡേഴ്‌സിന് കഴിഞ്ഞില്ല. ആഫ്രിക്കന്‍-അമേരിക്കാര്‍ ഇതില്‍ പ്രധാനപ്പെട്ട വിഭാഗമാണ്. അതേ സമയം, അലാബാമ, കരോലിന, മിസിസിപ്പി, വിര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജോ ബിഡന് ആഫ്രിക്കന്‍-അമേരിക്കക്കാരുടെ വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.

സ്വയം ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള ഈ സെനറ്റര്‍ പലപ്പോഴും പാര്‍ട്ടി ചട്ടക്കൂടിന് പുറത്ത് സ്വതന്ത്രമായ പ്രവര്‍ത്തിക്കുന്ന ആളാണ് എന്ന വിലയിരുത്തലുകളും പലപ്പോഴുമുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷക്ഷ എന്നതും അമേരിക്കയിലെ തൊഴിലാളി വര്‍ഗക്കാര്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി സൗജന്യ നാലുവര്‍ഷ കോളേജ് വിദ്യാഭ്യാസം തുടങ്ങിയവ സാന്‍ഡേഴ്‌സിന്റെ പ്രധാന പ്രചരണ വിഷയങ്ങളായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിന് ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിതീവ്ര ഇടത് എന്ന പ്രതിച്ഛയയാണ് സാന്‍ഡേഴ്‌സിന് അമേരിക്കന്‍ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉള്ളത് എന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി പറയപ്പെടുന്നതും. എന്നാല്‍ തന്റെ പ്രചരണ പരിപാടികളും ആശയങ്ങളും ഡെമോക്രാറ്റുകള്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് സാന്‍ഡേഴ്‌സ് അവകാശപ്പെട്ടത്.

അമേരിക്കന്‍ സംഗീത ഇതിഹാസം ജോണ്‍ പ്രൈനും മരണം വിധിച്ച് കൊവിഡ്. വൈറസ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനമാണ് 79 കാരനായ പ്രൈനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച മുതല്‍ നാഷ്‌വില്ലയിലെ വാന്‍ഡെര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ട്രലില്‍ വെന്റിലേറ്ററിലായിരുന്നു പ്രൈന്‍. ചൊവ്വാഴ്ച്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.

അഞ്ചുദശാബ്ദത്തോളം തന്റെ സംഗീതത്തിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ നിറഞ്ഞു നിന്ന ഗായകനും പാട്ടെഴുത്തുകാരനുമായിരുന്നു പ്രൈന്‍. സാം സ്റ്റോണ്‍, വെന്‍ ഐ ഗെറ്റ് ടു ഹെവന്‍, ഇല്ലീഗല്‍ സ്‌മൈല്‍, ഹെലോ ഇന്‍ ദെയര്‍, പാരഡൈസ്, സുവനിയേഴ്‌സ് തുടങ്ങി പ്രൈനിന്റെ പാട്ടുകള്‍ അമേരിക്കയില്‍ മാത്രമായിരുന്നില്ല തരംഗം സൃഷ്ടിച്ചത്. അഞ്ചു തവണ ഗ്രാമി പുരസ്‌കാരങ്ങള്‍ക്കും പ്രൈന്‍ അര്‍ഹനായി.

ചെറുകഥകള്‍ പോലെയായിരുന്നു പ്രൈനിന്റെ പാട്ടുകള്‍. പാട്ടെഴുത്തിലെ മാര്‍ക് ടൈ്വന്‍ എന്ന വിശേഷണം അതിലൂടെ കിട്ടുന്നതാണ്. ആസ്വാദകരോട് സംവാദിച്ചുകൊണ്ട് അദ്ദേഹം പാടി. ആ പാട്ടുകളില്‍ മൂര്‍ച്ചയേറിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ഒരു കലാകാരന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവന്റെ സൃഷ്ടികളൂടെയാണെന്നതിന്റെ തെളിവായിരുന്നു ജോണ്‍ പ്രൈന്‍. ഭരണകൂടത്തിന്റെ തെറ്റായ ചെയ്തികളെ അദ്ദേഹം പാട്ടിലൂടെ വിചാരണ ചെയ്തു.

സാം സ്റ്റോണ്‍ എന്ന ഗാനം വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെടുത്തി സ്വന്തം രാജ്യത്തോടു തന്നെയുള്ള പ്രതിഷേധമായിരുന്നു. സാധാരണക്കാരെ മാത്രമല്ല, സംഗീത ലോകത്തെ പ്രമുഖരെയും തന്റെ ആസ്വാദകരാക്കി പ്രൈന്‍. സാക്ഷാല്‍ ബോബ് ഡിലന്റെ ഇഷ്ടപ്പെട്ട ഗാനരചയിവായിരുന്നു പ്രൈന്‍. മനോഹരമായ പാട്ടുകള്‍ എന്നാണ് പ്രൈന്റെ വരികളെ ഡിലന്‍ വിശേഷിപ്പിച്ചത്. മനുഷ്യജീവിതങ്ങളും ലോകസത്യങ്ങളുമൊക്കെയായിരുന്നു പ്രൈനിന്റെ പാട്ടുകളില്‍ നിറഞ്ഞിരുന്നത്. വലിയ സൂപ്പര്‍ ഹിറ്റുകള്‍ എന്നു പറയാവുന്ന ആല്‍ബങ്ങളും പാട്ടുകളുമല്ലാതിരുന്നിട്ടും ലോകം പ്രൈനിന്റെ പാട്ടുകള്‍ക്ക് കാതോര്‍ത്തതും പിന്തുടര്‍ന്നതും അതുകൊണ്ടായിരുന്നു.

Copyright © . All rights reserved