World

യുഎസിലെ ലൊസാഞ്ചലസില്‍ പടർന്ന കാട്ടുതീയിൽ കത്തിയമർന്ന് കോടീശ്വരൻമാരുടെ വീടുകളും സ്വത്തുക്കളും. തിങ്കളാഴ്ച അര്‍ധ രാത്രി ആളിക്കത്തിയ തീയിൽനിന്നു രക്ഷ തേടി അതിപ്രശസ്തരായവരുൾപ്പെടെ വീടുവിട്ടുപോയി. സമ്പന്നർ താമസിക്കുന്ന ബ്രെന്റ്‍വുഡ് ഉൾപ്പെടെയുള്ള മേഖലകളിൽനിന്ന് ആൾക്കാർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിർദേശം നൽകിക്കഴിഞ്ഞു. ബാസ്കറ്റ് ബോൾ സൂപ്പർസ്റ്റാർ ലെബ്രോൺ ജെയിംസ്, ഹോളിവുഡ് താരങ്ങൾ, നിർമാതാക്കൾ, മാധ്യമ സ്ഥാപന ഉടമകൾ തുടങ്ങിയവർ താമസിക്കുന്ന മേഖലയാണിത്.

ലൊസാഞ്ചലസ് ലേക്കേർസിലെ താരമായ ലെബ്രോൺ ജെയിംസ് അതിരാവിലെ തന്നെ ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കുമൊപ്പം വീടുവിട്ടതായി പ്രതികരിച്ചു. വീട് ഒഴിയുകയാണെന്നും കുടുംബത്തിനു താമസിക്കാൻ ഇടം അന്വേഷിക്കുകയാണെന്നും പുലർച്ചെ നാലു മണിക്ക് താരം ട്വിറ്ററിൽ കുറിച്ചു. എട്ട് ബെഡ്റൂം ഉള്ള 23 ദശലക്ഷം ഡോളർ മൂല്യമുള്ള വീടാണ് താരത്തിനു ബ്രെന്റ്‍വുഡിലുള്ളത്. കനത്ത പുകയും കരിയും നിറഞ്ഞ അന്തരീക്ഷത്തിൽ ഹെലികോപ്റ്ററിലെത്തി വെള്ളമൊഴിക്കുകയാണ് അധികൃതർ ചെയ്യുന്നത്. കാട്ടുതീയിൽനിന്നു രക്ഷതേടി ഒഴിഞ്ഞുപോയവരില്‍ നടനും മുൻ കലിഫോർണിയ ഗവര്‍ണറുമായ അര്‍നോൾഡ് ഷൊസ്നെഗറും ഉൾപ്പെടുന്നു. ഒഴിപ്പിക്കൽ തുടരുന്ന പ്രദേശങ്ങളിൽ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്നു പുറത്തുകടക്കണമെന്ന് അദ്ദഹം അറിയിച്ചു.

ഷൊസ്നെഗറിന്റെ ഏറ്റവും പുതിയ സിനിമയായ ‘െടർമിനേറ്റർ: ദ് ഡാർക്ക് ഫെയ്സ്’ന്റെ റെഡ് കാർപറ്റ് പ്രീമിയർ തീപിടിത്തത്തെ തുടര്‍ന്നു റദ്ദാക്കി. തീപിടിത്തമുണ്ടായതിന് മൈലുകൾ അകലെ ഹോളിവുഡിലാണു സിനിമയുടെ പ്രദർശനം തീരുമാനിച്ചിരുന്നത്. അതിനായി ഏർപ്പാടാക്കിയ ഭക്ഷണം കുടിയൊഴിപ്പിക്കപ്പെട്ടവർ താമസിക്കുന്ന ഇടങ്ങളിൽ വിതരണം ചെയ്യും. സിനിമാ താരങ്ങളായ ക്ലാർക് ഗ്രെഗ്, കുർത് സട്ടർ എന്നിവരും വീടുവിട്ടുപോയതായി ട്വിറ്ററിൽ അറിയിച്ചു. കലിഫോർണിയയിലെ സൊനോമ കൗണ്ടിയിൽ 74,300 ഏക്കർ ഭൂമിയാണു തിങ്കളാഴ്ച മാത്രം തീയിൽ കത്തിനശിച്ചത്. സാക്രമന്റോയിലെ 66,200 ഏക്കർ സ്ഥലവും കത്തിനശിച്ചു.

അഗ്നിശമന സേന തീകെടുത്താനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും മാറിമറിയുന്ന കാറ്റിന്റെ ദിശയ്ക്കു അനുസരിച്ച് തീയും പടർന്നുപിടിക്കുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മേഖലയിൽ ശക്തമായ കാറ്റുവീശുമെന്നാണു കാലാവസ്ഥാ റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ തീ വീണ്ടും വ്യാപിക്കാനാണു സാധ്യത. തീപിടിത്തത്തില്‍ 57 വീടുകളുൾപ്പെടെ 123 കെട്ടിടങ്ങളാണു കത്തിനശിച്ചത്. 20 കെട്ടിടങ്ങൾക്കു കേടുപാടുകളുണ്ടായി. ഇതിനു പുറമേ 90,000 കെട്ടിടങ്ങള്‍ തീപിടിത്ത ഭീഷണിയിലുമാണ്. തീ കൂടുതൽ വേഗത്തിൽ പടരുന്ന കിഴക്ക് മൗണ്ട് സെന്റ് ഹെലെന മുതൽ തെക്ക് ഷിലോ റിഡ്ജ് മേഖല വരെയാണ് അഗ്നിശമന സേന ഇപ്പോൾ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. ആകാശത്തുനിന്ന് വലിയ എയർ ടാങ്കറുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് വെള്ളം ഒഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നത്. ഫയർഎൻജിനുകളും ബുൾഡോസറുകളും തീ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു.

ലേക് കൗണ്ടിയിലേക്കു തീ പടരുകയാണെങ്കിൽ ദ്രുതകർമസേനയെ ഉൾപ്പെടെ രംഗത്തിറക്കാനും ചൊവ്വാഴ്ച പദ്ധതി രൂപീകരിച്ചു. ലൊസാഞ്ചലസിന്റെ പടിഞ്ഞാറു ഭാഗത്തു തിങ്കളാഴ്ച പുലർച്ചെ പൊട്ടിപ്പുറപ്പെട്ട കാട്ടുതീയെ തുടർന്ന് കലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൊനോമ കൗണ്ടിയില്‍ 40 സ്കൂളുകൾക്കു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. സാന്റ റോസയിലെ എല്ലാ പൊതു പരിപാടികളും ഒരാഴ്ചത്തേക്കു മാറ്റിവച്ചിട്ടുണ്ട്. കലിഫോർണിയയിലെ 1.3 ദശലക്ഷം ജനങ്ങളുടെ വൈദ്യുതി, പാചക വാതക വിതരണം താൽക്കാലികമായി നിർത്തിവച്ചു.

 

 

തന്റെ നഗ്‌ന ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡെയ്ലി മെയിലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോസ് ഏഞ്ചല്‍സ് നിന്നുള്ള ഡെമോക്രാറ്റിക് എം.പിയായ കാറ്റി ഹില്ലാണ് പരാതിക്കാരി. പത്രം അവരുടെ ഓണ്‍ലൈനിലാണ് വിവാദ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചത്. ‘എത്രയും പെട്ടെന്ന് ആ ഫോട്ടോകളെല്ലാം നീക്കം ചെയ്യണമെന്ന് ഹില്ലിന്റെ അഭിഭാഷകര്‍ പത്രത്തിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഹില്ലിന്റെ ശരീരത്തില്‍ നാസികളുടെതിനു സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് നിഷേധിച്ച ഹില്‍ പത്രത്തിനെതിരെ അപകീര്‍ത്തി കേസും ഫയല്‍ ചെയ്തിട്ടുണ്ട്. സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധമാരോപിക്കപ്പെടുന്ന 32 കാരിയായ ഹില്ലിനെതിരെ സഭാ ചട്ടങ്ങള്‍ ലഘിച്ചുവെന്ന് കാണിച്ച് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്.

ഒരു സ്റ്റാഫറുമായി തനിക്ക് ‘അനുചിതമായ’ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഹില്‍ ‘കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം അനുചിതമാണെന്ന് എനിക്കറിയാം എന്നാലും അത് തുടരാന്‍ തന്നെയാണ് തീരുമാനം’ എന്നാണ് പ്രതികരിച്ചത്. ‘അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഹില്‍ വ്യക്തമാക്കി.

യുഎസിലെ കണ്‍സര്‍വേറ്റീവ് മാധ്യമങ്ങള്‍ ഈ കഥ സന്തോഷപൂര്‍വ്വം ആഘോഷിച്ചു. തീവ്ര വലതുപക്ഷ വെബ്സൈറ്റായ റെഡ്‌സ്റ്റേറ്റിലാണ് ആദ്യമായി അവരുടെ നഗ്‌ന ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നത്. ഹില്ലിന്റെ വിവാഹ മോചന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് ഫോട്ടോകള്‍ ചോര്‍ന്നത് എന്നത് വെറും യാദൃശ്ചികതയല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

റിപ്പബ്ലിക്കന്‍മാര്‍ 20 വര്‍ഷത്തിലേറെയായി കയ്യടക്കിവെച്ചിരുന്ന കാലിഫോര്‍ണിയയിലെ 25-ാമത്തെ കോണ്‍ഗ്രസ് ജില്ലയില്‍നിന്നും 2018-ല്‍ ഹില്‍ അട്ടിമറി വിജയം നേടുകയായിരുന്നു. ‘പീഡനം മാത്രം സമ്മാനിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ് ഞാന്‍. എതിരാളികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്റെ സ്വകാര്യതപോലും ഉപയോഗിക്കുന്നു. കരുതിക്കൂട്ടിയുള്ള ഈ കൂട്ടമായുള്ള ആക്രമണം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. അത് തല്‍ക്കാലം വിജയിക്കാന്‍ പോകില്ല’ ഹില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇംപീച്ച്‌മെന്റ് അന്വേഷണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്ക് കൂടുതല്‍ ചൂട് പിടിച്ചിരിക്കുകയാണ്. ഉക്രൈന്‍ വിവാദവുമായി ബന്ധപ്പെട്ട വാദം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു പ്രധാന നയതന്ത്രജ്ഞന്‍ ട്രംപിനെതിരെ ഉയര്‍ന്ന ഗുരുതരമായ ചില ആരോപണങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അതോടെ വാദം കേള്‍ക്കുന്നത് തടസ്സപ്പെടുത്താന്‍ റിപ്പബ്ലിക്കന്മാര്‍ ശ്രമിച്ചു. ക്യാപിറ്റല്‍ ഹില്ലിലെ അടഞ്ഞ മുറിക്കകത്തുവെച്ചാണ് വാദം തുടരുന്നത്. അതിനിടെ ജനപ്രതിനിധിസഭയിലെ ഒരു കൂട്ടം റിപ്പബ്ലിക്കൻ അംഗങ്ങൾ ‘ഞങ്ങളെയും അകത്തേക്ക് കടത്തുക’ എന്ന് ആക്രോശിച്ചുകൊണ്ട് അങ്ങോട്ടേക്ക് കുതിച്ചു. അതാണ്‌ നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്.

സംഘര്‍ഷം അതിരുകടന്നതോടെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൂന്ന് ഹൗസ് കമ്മിറ്റികളും താല്‍ക്കാലികമായി വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചു. ചേംബറിലേക്ക് ഇരച്ചു കയറിയ റിപ്പബ്ലിക്കന്മാര്‍ അവിടെ നടന്ന സംഭവങ്ങള്‍ തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ റിപ്പബ്ലിക്കന്മാര്‍ക്ക് വാദം നടക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍പോലും പാടില്ല. അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള കമ്യൂണിക്കേഷന്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

കമ്മിറ്റികളില്‍ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റുകളും ഉണ്ട്. അവര്‍ക്കുമാത്രമാണ് അകത്തേക്ക് കയറാനും സാക്ഷികളെ വിസ്തരിക്കാനും അനുവാദമുള്ളത്. പൊതുജനങ്ങള്‍ക്കും മാധ്യമാങ്ങള്‍ക്കുമെല്ലാം അവിടെ വിലക്കുണ്ട്. എന്നാല്‍ അതിക്രമിച്ചു കയറിയ റിപ്പബ്ലിക്കന്മാര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി. ഹിയറിംഗുകളുടെ സ്വകാര്യത തകര്‍ത്തു. യു.എസ് മുന്‍ വൈസ് പ്രസിഡന്‍റും ഡൊമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ യുക്രൈന്‍ പ്രസിഡന്‍റ് വൊളേഡോ സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ഒരു വിസില്‍ബ്ലോവര്‍ വെളിപ്പെടുത്തിയതോടെയാണ്‌ ട്രംപിനുമേല്‍ ഇംപീച്ച്മെന്‍റ് അന്വേഷണം നടത്താന്‍ യുഎസ് പ്രതിനിധിസഭ തീരുമാനിക്കുന്നത്.

രാജ്യരക്ഷയെ ബാധിക്കുന്ന വിധത്തിലുള്ള നടപടിയാണ് പ്രസിഡന്റ് സ്വീകരിച്ചതെന്ന ആരോപണത്തിലൂന്നിയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. ഉക്രൈനുമായുള്ള ബന്ധംതന്നെ രണ്ട് അന്വേഷണങ്ങളെ ആശ്രയിച്ചായിരിക്കും മുന്നോട്ടു പോവുകയെന്ന് ട്രംപ് വ്യക്തമായ സന്ദേശം നല്‍കിയിരുന്നുവെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞനായ ബില്‍ ടെയ്‌ലര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അതോടെ റിപ്പബ്ലിക്കന്മാര്‍ കൂടുതല്‍ അസ്വസ്ഥരായി. അതിക്രമിച്ചു കയറിയവര്‍ വൈകുന്നേരം വരെ അവിടെത്തന്നെ നിന്നു. പിസ്സയും ഫാസ്റ്റ്ഫുഡും വരുത്തിച്ച് വിശപ്പടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഷിംഗ്ടണ്‍: യുഎസില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോട്ടയം സ്വദേശി തുണ്ടിയില്‍ ബോബി എബ്രഹാ(45)മാണ് അജ്ഞാത വാഹനമിടിച്ച് മരിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സ്റ്റെര്‍ലിങ് ഹൈറ്റ്‌സില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30നായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പുറത്തുവന്ന വിവരം. ഇന്നലെയാണ് മരിച്ചത് ബോബി എബ്രഹാമാണെന്ന് തിരിച്ചറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് ഇന്ത്യയോട് യുഎസ്. ഗോരക്ഷാ ഗുണ്ടകളില്‍ നിന്നടക്കം ദലിതുകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് യുഎസ് നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടു. യുഎസ് കോണ്‍ഗ്രസിന്റെ സബ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങളും വിവേചനങ്ങളും വ്യാപകമായുണ്ട്. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമപരമായ സംരക്ഷത്തിനുള്ള തടസമാണ് എന്ന് യുഎസ് വിദേശകാര്യ വകുപ്പില്‍ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെല്‍സ് പറഞ്ഞു.

മത സ്വാതന്ത്ര്യത്തിനുള്ള ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള അവകാശങ്ങള്‍ ഇന്ത്യ ഉറപ്പ് വരുത്തണം. അസമിലെ 19 ലക്ഷം പേര്‍ അവരുടെ പൗരത്വം നഷ്ടപ്പെടുന്ന ഭീഷണിയിലാണ്. അവര്‍ രാജ്യമില്ലാതായി പോകുന്ന നിലയിലാണ്. എല്ലാ തരത്തിലുള്ള അക്രമങ്ങളേയും അപലപിക്കൂ. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരൂ – ആലിസ് ജി വെല്‍സ് ആവശ്യപ്പെട്ടു. മട്ടാഞ്ചേരിയിലെ ജൂത സിനഗോഗിനെക്കുറിച്ചെല്ലാം വിവിധ മതങ്ങളുടെ സഹവര്‍ത്തിത്വത്തിന്റേതായ ഇന്ത്യയുടെ ചരിത്രം പറഞ്ഞുകൊണ്ട് ആലിസ് വെല്‍സ് പറയുന്നുണ്ട്.

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.

അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.

വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.

20-ആം നൂറ്റാണ്ടിൽ അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനാണു ജോർജ് സ്റ്റിന്നി ജൂനിയർ.ഇലെക്ട്രിക് കസേരയിൽ അവധശിക്ഷ നടപ്പാക്കപ്പെടുമ്പോൾ ജോർജ്ജിനു 14 വയസ്സ് പ്രായം.

വധശിക്ഷ നടപ്പാക്കപ്പെടും വരെ വിചാരണസമയത്തെല്ലാം ജോർജ്ജ് ബൈബിളിന്റെ ഒരു കോപ്പി കൈയ്യിൽ സൂക്ഷിച്ചിരുന്നു. താൻ നിരപരാധിയാണു എന്ന് അവൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. 11 വയസ്സുള്ള ബെറ്റി, 7 വയസ്സുള്ള മേരി എന്നീ വെള്ളക്കാരായ പെൺകുട്ടികളെ വധിച്ചു എന്നതാണു ജോർജ്ജിനുമേൽ ചുമത്തപ്പെട്ട കുറ്റാരോപണം.

ജോർജ്ജ് രക്ഷകർത്താക്കൾക്കൊപ്പം താമസ്സിച്ചിരുന്ന വീടിനു സമീപത്ത് നിന്നും ശരീരങ്ങൾ കണ്ടെടുത്തിരുന്നു. വിചാരണ നടക്കുന്ന സമയത്ത് വിധികർത്താക്കളായി വന്നവരെല്ലാം തന്നെ വെള്ളക്കാരായിരുന്നു. വെറും രണ്ട് മണിക്കൂർ കൊണ്ട് വിചാരണ പൂർത്തിയായി. പത്ത് മിനിറ്റുകൾക്കുള്ളിൽ വിധി രേഖപ്പെടുത്തപ്പെട്ടു. കോടതി മുറിയിൽ പ്രവേശിക്കുന്നതിനോ ഉപഹാരങ്ങൾ നൽകുന്നതിനോ അവന്റെ രക്ഷകർത്താക്കളെ അനുവദിച്ചിരുന്നില്ല. ആ നഗരത്തിൽ നിന്നുതന്നെ അവർ നാടുകടത്തപ്പെട്ടു.

വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് 81 ദിവസങ്ങൾ സ്വന്തം മാതാപിതാക്കളെ പോലും കാണാനനുവദിക്കാതെ ജോർജ്ജിനെ തടവിൽ പാർപ്പിച്ചു. നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള തടവറയിൽ ഏകാന്ത തടവുശിക്ഷയായിരുന്നു അത്.

വിചാരണ നടന്നതാകട്ടെ അവന്റെ രക്ഷകർത്താക്കളുടെയൊ അഭിഭാഷകന്റെയോ സാനിധ്യമില്ലാതെ ഒറ്റക്കായിരുന്നു.5380 വാൾട്ട് വൈദ്യുതി തലയിലേൽപ്പിച്ചായിരുന്നു ജോർജ്ജിനെ വധിച്ചത്.

70 വർഷങ്ങൾക്ക് ശേഷം സത്യം പുറത്തുവന്നു; ജോർജ്ജ് നിരപരാധിയായിരുന്നു എന്ന സത്യം. തെക്കൻ കാലിഫോർണിയയിലെ ഒരു ജഡ്ജായിരുന്നു അത് തെളിയിച്ചത്. ആ പെൺകുട്ടികളെ കൊല്ലാനുപയോഗിച്ച തൂണിനു 19.07 കിലോ ഭാരമുണ്ടായിരുന്നു. അതെടുത്തുപൊക്കി, വധിക്കാൻ മാത്രം ശക്തിയിൽ മർദ്ദിക്കാൻ ജോർജ്ജിനു ഒറ്റക്ക് കഴിയുമായിരുന്നില്ല.

അവൻ നിരപരാധിയായിരുന്നു. കറുത്തവംശജനായിരുന്നതിനാൽ മാത്രം അവന്റെ തലയിലേക്ക് ആരോ കെട്ടിവെച്ചതായിരുന്നു ആ കൊലപാതക ആരോപണം.

ദി ഗ്രീൻ മൈൽ എന്ന ഗ്രന്ഥം 1999ൽ രചിക്കാൻ സ്റ്റീഫ‌ കിങ്ങിനു പ്രേരണയായത് ഈ സംഭവമായിരുന്നു.

നിയമവിരുദ്ധ കുടിയേറ്റം ചൂണ്ടിക്കാട്ടി മെക്‌സിക്കോ തിരിച്ചയച്ച 311 ഇന്ത്യക്കാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരാണ് ഇവര്‍. മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. പനാമ വഴി കാട്ടിലൂടെ നടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്. ദുരിതം നിറഞ്ഞ യാത്രയ്ക്ക് ശേഷം ഒടുവില്‍ കുടിയേറ്റ മോഹങ്ങള്‍ അവസാനിപ്പിച്ച് നാട്ടില്‍ തന്നെ തിരിച്ചെത്തേണ്ടി വന്നു. ദാഹമകറ്റാന്‍ ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പ് കുടിച്ചിട്ടുണ്ടെന്ന് ഇവരില്‍ ചിലര്‍  പറഞ്ഞു.

തൊഴില്‍രഹിതരും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളുമാണ് ഈ ചെറുപ്പക്കാര്‍. വിസ ഏജന്റുമാര്‍ ആവശ്യപ്പെട്ടത് 15-20 ലക്ഷം രൂപയാണ്. വിജയകരമായി ഇത്തരത്തില്‍ യുഎസിലെത്തിയവരുടെ കഥകള്‍ കേട്ടും യൂടൂബ് വീഡിയോ കണ്ടും മറ്റുമാണ് ഇത്തരമൊരു ആലോചന വന്നത്. യൂടൂബ് വീഡിയോ കണ്ടപ്പോള്‍ യാത്ര ഇത്ര ദുരിതം നിറഞ്ഞതായിരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് 26കാരനായ സേവക് സിംഗ് പറയുന്നു. ജലന്ധര്‍ സ്വദേശിയായ സേവക് സിംഗ് കര്‍ഷകനാണ്. ജൂലായ് 29നാണ് ഇന്ത്യ വിട്ടത്.

ഡല്‍ഹിയില്‍ നിന്ന് ഇക്വഡോറിലേയ്ക്ക്. റോഡ് മാര്‍ഗവും വിമാനമാര്‍ഗവുമായി കൊളംബിയയിലേയ്ക്ക്. അവിടെ നിന്ന് ബ്രസീല്‍, പെറു, പനാമ, കോസ്റ്റ റിക്ക, നിക്കാരാഗ്വ, ഹോണ്ടുറാസ്, ഗാട്ടിമാല, ഏറ്റവുമൊടുവില്‍ മെക്‌സിക്കോ. ഇങ്ങനെയായിരുന്നു ഇവരുടെ യാത്ര. ഏറ്റവും ഭീതിയുണ്ടാക്കിയ യാത്ര പനാമയിലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം കാട്ടിലൂടെ നടക്കേണ്ടി വന്നു.

ഭൂമി വിറ്റാണ് യാത്ര തിരിച്ചത് എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ദീപ് സിംഗ് പറയുന്നു. 2014ല്‍ ഡിപ്ലോമ നേടിയ ശേഷം ഇതുവരെ തൊഴിലൊന്നും ലഭിക്കാത്തയാളാണ് മന്‍ജീത്ത് സിംഗ്. ഇതെന്റെ അവസാന ചാന്‍സ് ആയിരുന്നു എന്നാണ് മന്‍ജീത്ത് സിംഗ് പറയുന്നത്.

യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്.

തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് ഏറ്റവും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നം. ഈ പ്രശ്‌നം നമ്മള്‍ അവഗണിച്ചാല്‍ ഇത് നമ്മെയെല്ലാം ബാധിക്കുന്ന തരത്തില്‍ മാറും. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ അയാളെ പ്രതിരോധിക്കുകയാണ്. ഈ റിപ്പബ്ലിക്കന്മാരുടെ കാര്യം ഭയാനകമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ – റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ മനോഭാവം. അവരെ നമ്മള്‍ പാഠം പഠിപ്പിക്കാന്‍ പോവുകയാണ് എന്ന് അവര്‍ മനസിലാക്കണം. അവര്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും. സാമാന്യബോധമുള്ളവര്‍ക്ക്് ലോകത്തും ഈ രാജ്യത്തും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. അയാള്‍ മരിക്കണം എന്നെനിക്ക് ആഗ്രഹമില്ല. എന്നാല്‍ ജയിലിലായി കാണണമെന്നുണ്ട് – ഡി നീറോ പറഞ്ഞു.

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഉക്രൈൻ്റെ ഇടപെടലിന് അവസരമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ട്രംപ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിൻ്റെ അന്വേഷണം നേരിടുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളായ മുൻ വൈസ് പ്രസിഡൻ്റ് ജോ ബൈഡനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് ട്രംപിനെതിരായ ആരോപണം.

മാഫിയ കൊലയാളി ഫ്രാങ്ക് ഷീരനായാണ് ഐറിഷ് മാനില്‍ റോബര്‍ട്ട് ഡി നീറോ വരുന്നത്. 1975ലെ ജിമ്മി ഹോഫ കൊലപാതകത്തിലൂടെയടക്കം കുപ്രസിദ്ധനാണ് ഫ്രാങ്ക് ഷീരന്‍.

ക്ലിയർലേക്ക് (യുഎസ്) ∙ കലിഫോർണിയയിൽ ഉണ്ടായ കാറപകടത്തിൽ ഷില്ലോങ് ആർച്ച്ബിഷപ് ഡൊമിനിക് ജാല (68), കോൺകോർഡ് സെന്റ് ബൊണവെഞ്ചർ പള്ളി വികാരി മൂവാറ്റുപുഴ രണ്ടാർ സ്വദേശി ഫാ. മാത്യു വെള്ളാങ്കൽ എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറക്കാട്ട് പരുക്കുകളോടെ ആശുപത്രിയിലാണ്.

കൊലൂസ് കൗണ്ടിയിൽ രാത്രി 11ന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30) ഇവർ സഞ്ചരിച്ചിരുന്ന കാർ സെമി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും മുന്നിലാണിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് അറിവായിട്ടില്ല.

മേഘാലയ സ്വദേശിയാണ് ജാല. 2000 ഏപ്രിൽ നാലിനാണ് ഷില്ലോങ് ആർച്ച്ബിഷപ്പായി സ്ഥാനമേറ്റത്. നോർത്ത് ഈസ്റ്റ് ഇന്ത്യ റീജനൽ ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായിരുന്നു. ഇംഗ്ലിഷ് ആരാധനാക്രമം സംബന്ധിച്ച ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് യുഎസിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

65 രാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന മിജാർക്ക് പ്രസ്ഥാനത്തിന്റെ ഇന്റർനാഷനൽ ചാപ്ലിനാണ് ഫാ മാത്യു വെള്ളാങ്കൽ. രണ്ടാർ കുര്യാക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. വെള്ളാങ്കൽ സലേഷ്യൻ സഭയുടെ നോർത്ത് ഈസ്റ്റ് പ്രോവിൻസിൽ ചേർന്നു. 1986 ജനുവരി 5ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഷില്ലോങ്ങിൽ മിഷൻ മേഖലയിൽ ഇടവക വികാരിയായും സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. പിന്നീട് നോർത്ത് ഈസ്റ്റ് പ്രോവിൻസിന്റെ യുവജന ഡയറക്ടറായി. കലിഫോർണിയയിലെ ഓക്‌ലൻഡ് രൂപതയിൽ ചേർന്ന ശേഷം 14 വർഷമായി അവിടെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. വെള്ളാങ്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഭാ അധികൃതരും ബന്ധുക്കളും.

Copyright © . All rights reserved