World

ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫോക്സ് ന്യൂസ് റിപ്പോർട്ടർ രംഗത്ത്. ‘നിങ്ങൾ എപ്പോഴെങ്കിലും എന്റെ ഓഫീസിലേക്ക് വരണം, അവിടെവെച്ചു നമുക്ക് ചുംബിക്കാം’ എന്ന് അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നതായി കോർട്ട്നി ഫ്രിയൽ ആരോപിച്ചു. അവരുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ടു‌നൈറ്റ് അറ്റ് 10: കിക്കിംഗ് ബൂസ്, ബ്രേക്കിംഗ് ന്യൂസ്’ എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്രംപിന്‍റെ മിസ് യുഎസ്എ സൗന്ദര്യമത്സരത്തിൽ ജഡ്ജായി പോകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാണ് ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ട് കാര്യം പറഞ്ഞതെന്ന് ഫ്രിയൽ പറയുന്നു. ‘ഞെട്ടലില്‍നിന്നും വിട്ടുമാറാന്‍ അല്‍പം സമയമെടുത്തെങ്കിലും ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണെന്ന കാര്യം ട്രംപിനെ ഓര്‍മ്മിപ്പിച്ച് കോള്‍ കട്ട് ചെയുകയായിരുന്നു’ എന്നാണ് അവര്‍ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് നേരിട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

ട്രംപിനെതിരെ ഡസന്‍കണക്കിന് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. അവരെയെല്ലാം നുണയന്മാരായി ചിത്രീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിച്ചിട്ടുള്ളത്. ‘എന്നാല്‍ ഞാന്‍ ആ സ്ത്രീകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു’ എന്ന് ഫ്രിയൽ പറഞ്ഞു. എന്നാല്‍, ഫ്രിയൽ കള്ളമാണ് പറയുന്നതെന്ന് വൈറ്റ്‌ഹൌസ്‌ പ്രതികരിച്ചു. ‘ലൈംഗികമായി ഉപദ്രവിക്കാന്‍ മാത്രം അവര്‍ ആകൃഷ്ടയായി തോന്നിയിട്ടില്ല’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം

യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്ത പുറത്തേക്ക് വന്നത്.

ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വയോധികയ്ക്ക് ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ ഏർപ്പെട്ടിരുന്നത്. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു ചെയ്തത്.

അതോടൊപ്പം തന്നെ ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തന്നെ. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി

യൂറോപ്യൻ യൂണിയന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മുന്നിൽ ഇന്ത്യ അനുഭാവപൂര്‍വ്വം നിലപാടെടുക്കുന്നു. യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള മദ്യത്തിനും കാറുകൾക്കും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് നീക്കം. ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനോട് ഇന്ത്യ അടുക്കുന്നത്.

മദ്യം, കാര്‍ തുടങ്ങി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളോട് ദീര്‍ഘകാലമായി ഇന്ത്യ മുഖംതിരിച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മൻ ചാൻസലര്‍ ഏയ്ഞ്ചെല മെര്‍ക്കലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഈ കരാറിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചെത്തിയത്. പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് ഏയ്ഞ്ചെല മെര്‍ക്കലുമായി വിശദമായ ചര്‍ച്ച നടത്തി. യൂറോപ്യൻ യൂണിയന്റെ ട്രേഡ് കമ്മിഷണര്‍ ഫിൽ ഹോഗനോടും ഇദ്ദേഹം സംസാരിച്ചിരുന്നു.

യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ കാര്യത്തിലും കേന്ദ്രത്തിന്റെ നിഗമനം സമാനമാണ്.

ഉഭയകക്ഷി വ്യാപാര കരാര്‍ യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഒപ്പുവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നേരത്തെ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറാമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് യൂറോപ്പുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടനുമായും വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. ടെക്സ്റ്റൈൽ, ഫാം പ്രൊഡക്ട്സ് എന്നിവയ്ക്കായാവും കരാറെന്നാണ് വിലയിരുത്തൽ.

ന്യൂയോർക്ക് ടൈംസിലെ ആർട്ടിക്കിളിന്റെ പ്രസ്കത ഭാഗങ്ങളുടെ മലയാള പരിപക്ഷ

മോദി ഹിന്ദുത്വ അജണ്ട മുന്നോട്ടുവയ്ക്കുമ്പോള്‍ മതേതര ഇന്ത്യ തിരിച്ചടിക്കുന്നു. (As Modi Pushes Hindu Agenda, a Secular India Fights Back)  എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളിലൊന്നിന്റെ തലക്കെട്ട്. വര്‍ഷങ്ങളായി തങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തേയും കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെയെല്ലാം മറികടന്ന് ഇന്ത്യ പോരാടുന്നതായി മരിയ അബി ഹബീബും സമീര്‍ യാസിറും ചേര്‍ന്ന് തയ്യാറാക്കിയ ആർട്ടിക്കിൾ പറയുന്നു.

ഇന്ത്യന്‍ തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിക്ക് മുന്നില്‍ കണ്ടത് മുസ്ലീം തൊപ്പികളും സിഖ് തലപ്പാവുകളുമെല്ലാമുള്ള ഇന്ത്യയുടെ വൈവിധ്യമാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ കണ്ട ഈ ദൃശ്യം രാജ്യത്തെ വിവിധ നഗരങ്ങളിലും ദൃശ്യമായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അജണ്ടയ്ക്കും ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയിരിക്കുന്നത്. കുഴപ്പമുണ്ടാക്കുന്നത് ആരാണ് എന്ന് വസ്ത്രം കണ്ടാലറിയാം എന്ന മോദിയുടെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ പരാമര്‍ശത്തെക്കുറിച്ചും ലേഖനം പറയുന്നുണ്ട്. എന്നാല്‍ ഇത്തരം അജണ്ടകളോടെല്ലാം മതഭേദമില്ലാതെ ഇന്ത്യക്കാര്‍ പ്രതികരിക്കുകയാണ്.

വിവിധ രാഷ്ട്രീയ, മത, സാമുദായിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നത്. ഈ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ചത് സര്‍കലാശാല വിദ്യാര്‍ത്ഥികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യാഥാസ്ഥിതിക ശക്തികള്‍ക്കെതിരായ പോരാട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെല്ലാം ഈ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു. യുഎന്നും വിവിധ അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും ഇന്ത്യയുടെ ഈ നിയമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ചില യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. രാജ്യം സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുമ്പോള്‍ ഇത്തരം സങ്കുചിതവാദങ്ങളുമായി മുന്നോട്ടുപോകുന്ന മോദിയുടെ സമീപനത്തില്‍ കടുത്ത അമര്‍ഷം പ്രതിഷേധക്കാര്‍ക്കുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ലണ്ടൻ :- ഫോർമുല വൺ ഗ്രൂപ്പ് മുൻ ചീഫ് എക്സിക്യൂട്ടീവ് ബെർണി എക്കിൽസ്റ്റോണിൻ്റെ മകൾ തമാരയുടെ അൻപത് മില്യൺ പൗണ്ടിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 57 മുറികളുള്ള അദ്ദേഹത്തിന്റെ ആഡംബര വീട്ടലെ സെയ്ഫുകകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകൾ ഉള്ള, 24 മണിക്കൂറും സെക്യൂരിറ്റി പെട്രോളിങ്ങുള്ള ഭവനത്തിലാണ് കവർച്ച നടന്നത്.

എന്നാൽ ഇത് വീട്ടിനുള്ളിൽ ഉള്ളവർ അറിഞ്ഞിട്ടുള്ള കവർച്ച ആണെന്നാണ് ബെർണി സംശയിക്കുന്നത്. തമാരയും, ഭർത്താവ് ജയ്, മകൾ സോഫിയ എന്നിവർ പിതാവിനൊപ്പം ലാപ്ലാൻഡിലേക്കു യാത്ര പോയ സമയത്താണ് കവർച്ച നടന്നത്. ഇതുവരെയും മോഷണത്തെ തുടർന്ന് അറസ്റ്റുകൾ ഒന്നും നടന്നിട്ടില്ല.

കവർച്ച നടത്താൻ വീടിനുള്ളിൽ തന്നെ ആരോ സഹായിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. വളരെ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അമ്പതിനായിരം പൗണ്ട് വിലവരുന്ന ഒത്തിരി അധികം ഡയമണ്ട് ആഭരണങ്ങൾ, റോളക്സ് വാച്ച് കളക്ഷൻ എന്നിവയെല്ലാം നഷ്ടപ്പെട്ടു. മൂന്നുപേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. പുറകിലുള്ള മതിൽ ചാടി കടന്നാണ് ഭവനത്തിലേക്ക് പ്രവേശിച്ചത്. അൻപതു മിനിറ്റോളം എടുത്താണ് കവർച്ച നടത്തിയത്. പോലീസിൻെറ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഹോളിവുഡ് താരം ജോൺ കുസാക്ക്. സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ‘ഐക്യദാർഢ്യം’ എന്ന് കുറിച്ചു. പൗരത്വ നിയമത്തിനെതിരെ കാലിഫോർണിയയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് പങ്കുവെച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, രാജ്കുമാർ റാവു, നടി സ്വര ഭാസ്കർ എന്നിവരുൾപ്പെടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ചെത്തിയിരുന്നു.

നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.

ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്കുമാർ റാവു കുറിച്ചു.

 

വാഷിങ്ടൻ ∙ രാജ്യത്തെ വിവിധ നിയമ നിര്‍‌വഹണ ഏജന്‍സികള്‍ 2018 ല്‍, സുരക്ഷയ്ക്ക് ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐസി‌ഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2015 ല്‍ 3,532 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ തടഞ്ഞുവെച്ചു. 2016 ല്‍ 3,913 പേരെയും, 2017 ല്‍ 5,322 പേരെയും, 2018 ല്‍ 9,811 പേരെയുമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. 2018 ല്‍ 831 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ 296 ഇന്ത്യക്കാരെയും, 2016 ല്‍ 387 പേരെയും 2017 ല്‍ 474 പേരെയുമാണു നാടുകടത്തിയത്.
റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ആകെ 1,21,870 പേരെയാണ് ഐസിഇ തടങ്കലില്‍ വച്ചത്. 2018 ല്‍ എണ്ണം 1,51,497 ആയി ഉയര്‍ന്നു.

2016 നും 2018 നും ഇടയില്‍ ട്രാന്‍സ്ജെന്‍ഡര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ എണ്ണം വർധിച്ചതായും, 2017 മുതല്‍ 2018 വരെ പ്രത്യേക പരിഗണനയുള്ളവരുടെ എണ്ണം വർധിച്ചതായും ഐസി‌ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉൽപന്നം എത്രയും വേഗം പിന്‍‌വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന്‍ സെഡ് നെവാഡയില്‍ പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന്‍ സെഡ് അഭ്യർഥിച്ചു. 1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്‍റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്– രാജന്‍ സെഡ് അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്‍റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്‍റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍‌ ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.

ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ ‘പിഞ്ചായ്’ എന്ന് തെറ്റായി അച്ചടിച്ചുവന്നിരിക്കുന്നത്. പിച്ചൈയുടെ പേര് തെറ്റായി വന്നത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലിന്റെ സജീവ വായനക്കാരനാണ് സുന്ദർ പിച്ചൈ എന്നതാണ് മറ്റൊരു വസ്തുത. എല്ലാ ദിവസവും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ ഒരു പകർപ്പ് പിച്ചൈയ്ക്ക് ആവശ്യമാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്.

അതേസമയം, സുന്ദർ പിച്ചൈയുടെ പേര് തെറ്റായ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും വ്യാപകമായി ഉയരുന്നുണ്ട്. ഇത് അപകീര്‍ത്തികരവും ലജ്ജാവാഹവുമാണെന്ന് ട്വിറ്ററലൂടെ ആളുകൾ പ്രതികരിച്ചു.

നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി.

ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.

മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്.

നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.

Copyright © . All rights reserved