2021 ഏപ്രിലിൽ കോവിഡ് വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടികൾ തന്റെ സർക്കാർ സ്വീകരിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കും പ്രായമുള്ളവർക്കും ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കും വാക്‌സിൻ ആദ്യം വിതരണം ചെയ്യാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി യുഎസ് കമ്പനി ഫൈസര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നു. ഈ വാക്‌സിൻ യുഎസിലെ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ നീക്കുമെന്നാണ് ട്രംപ് ഇപ്പോൾ അവകാശപ്പെടുന്നത്.
യുഎസിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. ഈ സാഹചര്യത്തിലും രാജ്യവ്യാപകമായ അടച്ചുപൂട്ടലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. “തങ്ങളുടെ സർക്കാർ ഒരു സമ്പൂർണ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നില്ല. ഭാവിയിൽ എന്ത് സംഭവിച്ചാലും, മറ്റൊരു സർക്കാർ അധികാരമേറ്റാലും അവരും ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” ട്രംപ് പറഞ്ഞു.
ആദ്യമായാണ് ട്രംപ് നേരിട്ടല്ലെങ്കിലും തന്റെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കുന്നത്. അതുകൊണ്ടാണ് തന്റെ പ്രസംഗത്തിൽ മറ്റൊരു സർക്കാർ അധികാരമേൽക്കുന്നതിനെ കുറിച്ച് ട്രംപ് സൂചിപ്പിച്ചത്.
അതേസമയം, ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് യുഎസ് കമ്പനിയായ ഫെെസർ അവകാശപ്പെടുന്നത്. വാക്‌സിനിൽ സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി കഴിഞ്ഞയാഴ്‌ച അറിയിച്ചു.
അംഗീകാരം ലഭിക്കുകയാണെങ്കിൽ, തുടക്കത്തിൽ വാക്‌സിൻ ഡോസുകളുടെ എണ്ണം പരിമിതപ്പെടുത്തും. വാക്സിൻ എത്രത്തോളം സംരക്ഷണം നൽകും എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നു. എന്നിരുന്നാലും കൊറോണ വൈറസിനെതിരെ മറ്റ് വാക്‌സിനുകളും ഫലപ്രദമായിരിക്കുമെന്ന് വാർത്തകളുണ്ട്.
“ഇന്ന് ശാസ്ത്രത്തിനും മാനവികതയ്ക്കും ഏറെ നല്ലൊരു ദിവസമാണ്,” ഫൈസറിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ആൽബർട്ട് ബൗള പ്രസ്‌താവനയിൽ പറഞ്ഞു. “കോവിഡ് നിരക്ക് ദിനംപ്രതി കുതിച്ചുയരുന്നു, ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു, സമ്പദ്‌വ്യവസ്ഥ താറുമാറാകുന്നു.., ലോകത്തിന് ഏറ്റവും ആവശ്യമുള്ള ഒരു ഘട്ടത്തിലാണ് ഞങ്ങളുടെ വാക്‌സിൻ വികസന പരിപാടി നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്,”ആൽബർട്ട് ബൗള പറഞ്ഞു.
16 നും 85 നും ഇടയിൽ പ്രായമുള്ളവരിൽ പ്രയോഗിക്കാനായി യുഎസിന്റെ അടിയന്തര അംഗീകാരം തേടണമെന്ന് ഫൈസർ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിന്, നിലവിലെ പഠനത്തിന്റെ പകുതിയോളം വരുന്ന ഏകദേശം 44,000 ആളുകളിൽ നിന്ന് രണ്ട് മാസത്തെ സുരക്ഷാ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്, നവംബർ അവസാനത്തോടെ ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെെസർ അറിയിക്കുന്നു. “ഞാൻ ആവേശഭരിതനാണ്,” ഫൈസറിന്റെ വാക്‌സിൻ ശാസ്ത്രജ്ഞരിൽ ഒരാളായ ബിൽ ഗ്രുബർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
സഹോദരീപുത്രി,, അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി വിജയമുറപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് കമല ഹാരിസ് ബാലു അങ്കിള്‍ എന്ന് വിളിക്കുന്ന അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമേരിക്കയുടെ ഭാവി, ജോ ബൈഡന്‍റെയും കമലയുടെയും സുരക്ഷിതകരങ്ങളിലാണെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. സത്യപ്രതിജ്ഞ കാണാന്‍ കമലയുടെ അമ്മാവനും മറ്റ് കുടുംബാംഗങ്ങളും അടുത്തമാസം യു.എസിലേക്ക് തിരിക്കും.
കമല ഹാരിസ് അമ്മ ശ്യാമളയെപ്പോലെ കരുത്തുറ്റ വനിതയാണെന്ന് അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമ്മയെപ്പോലെ കമലയുടെ നേട്ടങ്ങളും ചരിത്രത്തില്‍ ഇടംനേടുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിതയും ഏഷ്യന്‍ വംശജയുമാണ് കമല. ജോ ബൈഡനും കമലയും ജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. രണ്ടുദിവസം മുന്‍പ് കമലയുമായി സംസാരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞു.
ട്രംപിന്‍റെ ഭരണം ദുരന്തമായിരുന്നു. അമേരിക്ക ഇപ്പോള്‍ സുരക്ഷിതകരങ്ങളിലാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു. 2017ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് കമലയെ ഒടുവില്‍ കണ്ടത്. വൈസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ താനും സഹോദരിയും കുടുംബാംഗങ്ങളുെമല്ലാം അടുത്തമാസം യു.എസിലേക്ക് പോകും. 2021 ജനുവരി 20ന് ആണ് സത്യപ്രതിജ്ഞ. ബാലചന്ദ്രന്‍റെ മകള്‍ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ പ്രഫസറാണ്.
വിഖ്യാതമായ തെരഞ്ഞെടുപ്പിനൊടുവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചിരിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനോട് വൻ പരാജയമാണ് ട്രംപ് ഏറ്റുവാങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയേക്കാൾ കനത്ത നഷ്ടമാണ് ട്രംപിന്‍റെ ജീവിതത്തിലുണ്ടാകാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൌസിന്‍റെ പടിയിറങ്ങുമ്പോൾ ട്രംപിന്‍റെ കൈപിടിക്കാൻ ഭാര്യ മെലാനിയ ഉണ്ടാകുമോയെന്നാണ് ഇപ്പോഴത്തെ സംസാരവിഷയം.
ട്രംപ് വൈറ്റ് ഹൌസ് വിടുന്നതിന് മുമ്പ് തന്നെ ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാൻ മെലാനിയ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപുമായുള്ള 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയിൽ പറയുന്നു.
ട്രംപിന്റെ മുൻ സഹായി ഒമറോസ മണിഗോൾട്ട് ന്യൂമാൻ ആണ് വെളിപ്പെടുത്തൽ നടത്തിയത്, “ട്രംപ് ഓഫീസിൽ നിന്ന് പുറത്തുപോകുന്നതിനായി ഓരോ മിനിറ്റും എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. അതുകഴിഞ്ഞാൽ അവർക്ക് വിവാഹമോചനം നേടാം”- ഡെയ്‌ലി മെയിൽ റിപ്പോർട്ടിൽ ഒമറോസ പറയുന്നു. അവരുടെ ബന്ധത്തെ “ഇടപാട് വിവാഹം” എന്ന് വിളിക്കുന്ന റിപ്പോർട്ടിൽ ഇരുവർക്കുമിടയിൽ ഇപ്പോൾ ഒന്നും ശരിയല്ലെന്ന് പറയുന്നു.
ട്രംപിൽനിന്ന് വിവാഹമോചനം നേടാൻ ഏറക്കാലമായി മെലാനിയ ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹം അധികാരത്തിൽ ഇരിക്കുമ്പോൾ അങ്ങനെ ചെയ്താൽ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നത്.
ഇരുവരും തമ്മിലുണ്ടായിരുന്നത് അഡ്ജസ്റ്റ്മെന്‍റ് ബന്ധമാണെന്ന് മുൻ ട്രംപ് സഹായി സ്റ്റെഫാനി വോൾക്കോഫ് വെളിപ്പെടുത്തുന്നു. “വിവാഹാനന്തര കരാറിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു” എന്നും ട്രംപിന്റെ മകൻ ബാരണിന് തുല്യവും ആനുപാതികവുമായ പങ്ക് ലഭിക്കണമെന്നാണ് വിവാഹനന്തര കരാറിൽ പറഞ്ഞിരുന്നത്. ബാരണിന്‍റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായശേഷമാണ് മെലാനിയ ന്യൂയോർക്കിൽനിന്ന് വാഷിങ്ടണിലേക്കു വന്നത്.
2005ലാണ് മെലാനിയ ട്രംപ് അന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായിയായ ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിച്ചത്. 2006 ൽ ബാരൺ ജനിച്ചു. 2001 മാർച്ച് മുതൽ മെലാനിയ അമേരിക്കൻ പൗരനാണ്. ട്രംപ് പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തിൽ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോർട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവർ പറയുന്നു.
ഹണിമൂൺ ആഘോഷത്തിനെത്തിയ നവദമ്പതികൾ കടലില്‍ മുങ്ങിമരിച്ചു. യുഎസ് സ്വദേശികളായ മുഹമ്മദ് മാലിക് (35), ഭാര്യ ഡോ.നൂർ ഷാ (26) എന്നിവരാണ് മരിച്ചത്. കരീബീയന്‍ ദ്വീപിലെ ഹണിമൂൺ ആഘോഷത്തിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. . മാൻഹട്ടണിൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ന്യൂയോർക്ക് ലംഗോൺ ഹെൽത്തിലെ സർജിക്കൽ റെസിഡന്‍റായ നൂർ ഷായുമായുള്ള ഇദ്ദേഹത്തിന്‍റെ വിവാഹം. പാക് വംശജരാണ് ഇരുവരും.
വിവാഹശേഷം ബഹാമാസിലെ തുർക്ക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ് റിസോർട്ടാണ് ഇവർ ഹണിമൂണിനായി തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടെക്കെത്തുകയും ചെയ്തു. റിസോർട്ടിലെ താമസത്തിനിടെ ഒക്ടോബർ 28നായിരുന്നു അപകടത്തിന്‍റെ രൂപത്തിൽ മരണം ഇരുവരെയും കവർന്നെടുത്തത്. കടലിൽ നെഞ്ചൊപ്പമുള്ള വെള്ളത്തിൽ നീന്തുന്നതിനിടെ വേലിയേറ്റത്തിൽ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമരണമായിരുന്നുവെങ്കിലും റിസോർട്ട് അധികൃതർക്കെതിരെ മാലിക്കിന്‍റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അപകടകരമായ വേലിയേറ്റം ഉള്ള സ്ഥലത്ത് അപായ മുന്നറിയിപ്പുകൾ നൽകാത്തതിനെ ചൊല്ലിയായിരുന്നു വിമർശനം. സംഭവത്തിൽ റിസോർട്ട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടുപേരും മരണപ്പെട്ട വിവരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റും സ്ഥിരീകരിച്ചിട്ടുണ്ട്. ‘മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി വരുന്നുണ്ടെന്നും അവരുടെ സ്വകാര്യത മാനിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണ് ഇവർ വ്യക്തമാക്കിയത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അമേരിക്കയിൽ കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി വനിത ഡോക്ടർ ഡോ. നിത കുന്നുംപുറത്തിന്റെ(30) മൃതദേഹം ഇന്ന് ഷിക്കാഗോയിൽ എത്തിക്കും. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഇതിനായി നിതയുടെ സഹോദരൻ നിതിനും സഹോദരി ഭർത്താവ് നിഖിലും മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട് . സംസ്കാര ശുശ്രൂഷ എസ് എച്ച് ക്നാനായ കത്തോലിക്കാ പള്ളിയിലാണ് നടക്കുക. സംസാരസമയം തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.
കൽപ്പറ്റയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ഡോ . നിതയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിൽ മടങ്ങിയെത്തി വയനാട്ടിൽ സേവനം അനുഷ്ഠിക്കണം എന്നുള്ളത് . കൽപ്പറ്റയിലെ സ്കൂൾ പഠനകാലത്തെ കുറിച്ച് നിത പങ്കുവെച്ച ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മനസ്സിൽ വിങ്ങലായി. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തങ്ങളിലും എന്നും മുൻപന്തിയിലായിരുന്ന നിത വയനാട്ടിലേക്ക് മടങ്ങിവരണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടപറഞ്ഞത് .
മിയാമിയിൽ സർജറി പി ജി വിദ്യാർഥിയായിരുന്ന നിത നേപ്പിൾസിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് . നിതയുടെ ദുരന്തമരണവും രക്ഷിക്കാൻ കനാലിലെ ചീങ്കണ്ണികളുടെ സാന്നിധ്യം തടസ്സം ആയതും ലോകമെങ്ങും വൻ വാർത്തയായിരുന്നു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എം സി തോമസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളായ നിത മെഡിസിനിൽ ബിരുദമെടുത്ത ശേഷം സർജറിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി മിയാമിയിലെ ആശുപത്രിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.
സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങി പാവപ്പെട്ടവര്‍ക്കായി ഒരു ആശുപത്രി ആരംഭിക്കണം ഇതായിരുന്നു നിതയുടെ വലിയ ആഗ്രഹം.രണ്ട് വര്‍ഷമെങ്കിലും സൗജന്യമായി സേവനം ചെയ്യണം.-ഡോ. നിതയുടെ സ്വപ്‌നം ഇതായിരുന്നു.സുഹൃത്തുക്കളോടും പിതാവ് എസി തോമസിനോടും പല പ്രാവശ്യം നിത ഇക്കാര്യം പറഞ്ഞിട്ടുണ്ട്.ഇതിനിടെയാണ് അകാലത്തില്‍ മരണം നിതയെ തട്ടിയെടുത്തത്.ഷിക്കാഗോയില്‍ ആയിരുന്നു ഉഴവൂര്‍ കുന്നുംപുറത്ത് എസി തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ ഡോ നിത കുന്നുംപുറത്ത്(30) താമസിച്ചിരുന്നത്.അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു(ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറ്)അപകടമുണ്ടായത്.
ഫ്‌ലോറിഡയില്‍ ചീങ്കണ്ണികള്‍ നിറഞ്ഞ കനാലിലേക്ക് കാര്‍ മറിഞ്ഞാണ് നിത മരിക്കുന്നത്.തൊട്ട് പിന്നാലെ കാറില്‍ എത്തിയവര്‍ ഡോക്ടറെ രക്ഷിക്കാന്‍ കനാലില്‍ ഇറങ്ങിയെങ്കിലും ചീങ്കണ്ണികള്‍ പാഞ്ഞെത്തിയതിനെ തുടര്‍ന്ന് കരയിലേക്ക് തിരികെ കയറുകയായിരുന്നു.ഇവര്‍ വിവരം അറിയിച്ചതിന് അനുസരിച്ച് പോലീസ് എത്തി ഡോക്ടറെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.മയാമിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. നിത ഇല്ലിനോയ് ബെന്‍സന്‍വില്ലെയിലെ താമസസ്ഥലത്തുന്ന് നേപ്പിള്‍സിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്.നിത ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീഴുകയായിരുന്നു.
തൊട്ടുപിന്നാലെ എത്തിയ കാറില്‍ അമേരിക്കന്‍ ദമ്പതികള്‍ ആയിരുന്നു.ഇവരില്‍ ഭര്‍ത്താവ് കനാലിലേക്ക് ചാടി കാറില്‍ നിന്നും നിതയെ പുറത്ത് എടുത്തു.ഈ സമയം നിതയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.തുടര്‍ന്ന് നിതയെ കരക്ക് എത്തിക്കുന്നതിനിടെ ചീങ്കണ്ണികള്‍ പാഞ്ഞെത്തി.ഇത് കണ്ട് കരയില്‍ നിന്ന ഭാര്യ അലറിക്കരഞ്ഞതോടെ അദ്ദേഹം ശ്രമം ഉപേക്ഷിച്ച് കരക്ക് കയറുകയായിരുന്നു.തുടര്‍ന്ന് ഇദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നിതയെ കരക്ക് എത്തിക്കുകയും ചെയ്തു.എന്നാല്‍ ഈ സമയം മരണം സംഭവിച്ചിരുന്നു.
പത്താംക്ലാസ് പഠനത്തിന് ശേഷമാണ് നിത കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.നിതയുടെ മൂത്ത സഹോദരന്‍ നിതിന്‍ ഫാര്‍മസിയിലും സഹോദരി നിമിഷി ഫിസിയോതെറാപ്പിയിലും ബിരുദം നേടി.നിത മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം നേടാനായി മയാമിയില്‍ ആശുപത്രിയില്‍ ചേര്‍ന്നു.ഇതോടെ കഴിഞ്ഞ ഡിസംബറില്‍ മയാമിയിലേക്ക് താമസം മാറ്റി.
നിതയുടെ മരണം അമേരിക്കന്‍ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.കാറിന് അരികിലേക്ക് ചീങ്കണ്ണികള്‍ നീന്തി വരുന്നതിന്റെ വീഡിയോയും ചില മാധ്യങ്ങള്‍ പുറത്ത് വിട്ടു.കാറിന് ചുറ്റും ചീങ്കണ്ണികള്‍ കൂടി നിന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.കനാലിലേക്ക് ഇറങ്ങാനാവാത്ത അവസ്ഥയായിരുന്നു.ഒന്നു രണ്ട് ചീങ്കണ്ണികള്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചതെന്ന് പോലീസ് പറയുന്നു.
യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്റെ വിജയം ആഘോഷമാക്കി തമിഴ്നാട്ടിലെ തിരുവാരൂര്‍ ഗ്രാമവും. കമലാഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശമായ തിരുവാരൂരുകാര്‍ വീടുകളില്‍ കമലയ്ക്ക് വേണ്ടി കോലം വരച്ചും പോസ്റ്റര്‍ പതിപ്പിച്ചുമാണ് വിജയം ആഘോഷിച്ചത്.
Congratulations Kamala Haris, Vanakkam America, Pride of our Village എന്നിങ്ങനെ എഴുതിയ കോലങ്ങളാണ് നിരവധി വീടുകളുടെ മുറ്റത്ത് പതിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരുവാരൂരിലും തുളസേന്ദ്രപുരത്തും കമലയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ശ്യാമള ഗോപാലനും അമേരിക്കയില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ജമൈക്കയില്‍ നിന്നുള്ള ഡോണാള്‍ഡ് ഹാരിസിനെയാണ് അവര്‍ വിവാഹം ചെയ്തത്. 1964ലാണ് ഇവര്‍ക്ക് കമല ജനിച്ചത്. പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ശ്യാമള ഗോപാലന്‍ ഒറ്റയ്ക്കാണ് കമലയെ വളര്‍ത്തിയതും പരിപാലിച്ചതും. 2009ല്‍ ഇവര്‍ മരണപ്പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ പോലെ ഒരാളോടു തോറ്റാല്‍ രാജ്യം വിടുന്നതായിരിക്കും നല്ലതെന്ന് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു. താന്‍ തോറ്റാലും സമാധാനപരമായ രീതിയില്‍ അധികാര കൈമാറ്റം നടന്നേക്കില്ലെന്ന സൂചനകളും ട്രംപ് പങ്കുവെച്ചിരുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് ഉറപ്പുള്ളതിനാല്‍ തപാല്‍ വോട്ടുകള്‍ക്കെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. ഏതുവിധേനയും പരാജയം ഒഴിവാക്കാനുള്ള സകല തന്ത്രങ്ങളും പയറ്റിയാണ് ട്രംപ് ഇക്കുറി തിരഞ്ഞെടുപ്പിനിറങ്ങിയത്. നിരവധി കാരണങ്ങള്‍ അതിനു ചൂണ്ടിക്കാണിക്കാമെങ്കിലും തോറ്റാല്‍ ട്രംപ് നേരിടേണ്ടിവരുന്ന നിയമ നടപടികള്‍ തന്നെയാണ് അതില്‍ പ്രധാനം. പദവി ഒഴിഞ്ഞാല്‍ പ്രസിഡന്റിനു ലഭിക്കുന്ന നിയമ പരിരക്ഷ ലഭിക്കാതെയാകും. അതോടെ, ഇതുവരെ മുടങ്ങിക്കിടന്ന കേസുകളില്‍ ഉള്‍പ്പെടെ ട്രംപിന് വിചാരണ നേരിടേണ്ടിവരും. മറ്റാരേക്കാളും അത് ട്രംപിന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഏതു വിധേനയും തോല്‍വിയെ ചെറുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നത്.
ഫെഡറല്‍ ക്രിമിനല്‍ നിയമങ്ങളില്‍നിന്നെല്ലാം പ്രസിഡന്റ് പദവി ട്രംപിന് നിയമപരമായ സംരക്ഷണം നല്‍കിയിരുന്നു. ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസിനുമെതിരായ കേസുകളിലെല്ലാം ഇത്തരം സവിശേഷ നിയമസംരക്ഷണം ഗുണം ചെയ്തിരുന്നു. ഏതാനും കേസുകള്‍ മാറ്റിവെക്കാന്‍ ട്രംപിന് സാധിച്ചു. എന്നാല്‍ നികുതി തട്ടിപ്പ് ഉള്‍പ്പെടെ കേസുകളില്‍ കോടതികള്‍ അദ്ദേഹത്തിന്റെ വാദം അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തോടെ സാധാരണ പൗരനെപ്പോലെ ഇവയിലെല്ലാം ട്രംപ് വിചാരണ നേരിടേണ്ടിവരും. അതേസമയം, മുന്‍ പ്രസിഡന്റിനെതിരായ ക്രിമിനല്‍ നടപടികള്‍ രാജ്യത്ത് സംഘര്‍ഷത്തിനു തന്നെ കാരണമായേക്കാം. അതിനാല്‍ ബൈഡന്‍ അധികാരത്തിലേറിയാലും വളരെ സാവധാനത്തിലായിരിക്കും ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാവുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.
2016 തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്തതു മുതല്‍ പ്രസിഡന്റ് പദവിയില്‍ എത്തിയശേഷം ചെയ്തുകൂട്ടിയ നിരവധി നിയമവിരുദ്ധ, ക്രമരഹിത ഇടപാടുകള്‍ ട്രംപിന്റെ പേരിലുണ്ട്. 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും 2019ലെ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളെറുടെ റിപ്പോര്‍ട്ടിലും അവയെല്ലാം അക്കമിട്ടു നിരത്തിയിട്ടുണ്ട്. ട്രംപിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ ഉള്‍പ്പെടെ അഴിക്കുള്ളിലായ റിപ്പോര്‍ട്ടുകളില്‍ ട്രംപിന് തുണയായത് പ്രസിഡന്റിനുള്ള നിയമ പരിരക്ഷ കൊണ്ടു മാത്രമാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ റഷ്യയെ കൂട്ടുപിടിച്ചതു മുതല്‍ നീതിനിര്‍വഹണം തടസപ്പെടുത്തിയതും പരസ്ത്രീ ബന്ധം ഒതുക്കിവെക്കാനുള്ള സാമ്പത്തിക കരാറും തുടങ്ങി വര്‍ഷങ്ങള്‍ നീണ്ട നികുതി തട്ടിപ്പു വരെ എത്തിനില്‍ക്കുന്നതാണ് ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍.
നീതിനിര്‍വഹണത്തെ തടസപ്പെടുത്തിയെന്ന കേസില്‍ ഏറ്റവും പ്രധാനം എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ അകാരണമായി പുറത്താക്കിയതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ വിവാദ ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാരോപിച്ചാണ് ട്രംപ് കോമിയെ പുറത്താക്കിയത്. എന്നാല്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് അന്വേഷിച്ചതാണ് കോമിയെ സര്‍വീസില്‍നിന്ന് പുറത്തെത്തിച്ചത് എന്നതാണ് വാസ്തവം. 10 വര്‍ഷ കാലാവധിയില്‍ മൂന്നര വര്‍ഷം എത്തിയപ്പോഴായിരുന്നു കോമിയെ പുറത്താക്കിയത്. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ തെളിവുകള്‍ 2017ലെ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും വിവരിക്കുന്നുണ്ട്. കേസില്‍ വിചാരണയ്ക്കിടെ ട്രംപിന്റെ ഉപദേശകനായിരുന്ന ജോര്‍ജ് പാപ്പാഡോപോള്‍സിന് തടവുശിക്ഷ വിധിച്ചിരുന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ തലവനായിരുന്ന പോള്‍ മാനഫോര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ വ്യാപാര പങ്കാളി റിക്ക് ഗേറ്റ്സിന്റെയും പേരിലും രാജ്യത്തിനെതിരായ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ ഏജന്റാണെന്ന് അറിയിക്കാതിരിക്കല്‍, കള്ളമൊഴി നല്‍കല്‍, വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കല്‍ എന്നിങ്ങനെ അതിഗുരുതരമായ 15 കുറ്റങ്ങളാണ് മുള്ളെര്‍ ചുമത്തിയത്.
റഷ്യന്‍ ബന്ധം സംബന്ധിച്ച ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചെങ്കിലും സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ രാജി ഉള്‍പ്പെടെ ട്രംപിന് തിരിച്ചടിയായി. ട്രംപ് അധികാരത്തിലെത്തും മുമ്പായി റഷ്യക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ ഫ്‌ളിന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നായിരുന്നു ആരോപണം. കുരുക്ക് മുറുകുമെന്ന് തിരിച്ചറിഞ്ഞ ട്രംപ് ഒരുപറ്റം ഉദ്യോഗസ്ഥരെ ഒഴിവാക്കിയപ്പോള്‍ വിദേശ നയം സംബന്ധിച്ച അഭിപ്രായ ഭിന്നതക്കൊടുവില്‍, ഫ്ലിന്നിനു പകരം വന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെപ്പോലുള്ളവര്‍ രാജിവെച്ചൊഴിയുകയും ചെയ്തു. പിന്നീട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ട്രംപിനെ കൂടുതല്‍ കുഴപ്പങ്ങളിലാണെത്തിച്ചത്. അതിനിടെ, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രെയിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം ഇംപീച്ച്‌മെന്റ് നടപടിയോളം എത്തി. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്തത്.
1990കളില്‍ ട്രംപ് ബലാത്സംഗം ചെയ്‌തെന്ന ഓണ്‍ലൈന്‍ മാഗസിന്‍ കോളമിസ്റ്റായ ജീന്‍ കരോളിന്റെ ആരോപണവും, 2007ല്‍ ട്രംപ് പീഡിപ്പിച്ചെന്ന സമ്മര്‍ സെര്‍വോസിന്റെ മാനനഷ്ടക്കേസിലും കോടതി നടപടികള്‍ വൈകുകയാണ്. പോണ്‍ താരം സ്‌റ്റോമി ഡാനിയേലിന്റെ വെളിപ്പെടുത്തലും ദീര്‍ഘകാലം അഭിഭാഷകനും മന:സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മൈക്കല്‍ കോഹന്റെ അറസ്റ്റും ട്രംപിനെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം. 2006നും 2007നും ഇടയില്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും ഇത് മറച്ചുവെക്കാന്‍ കോഹെന്‍ പണം നല്‍കിയെന്നുമുള്ള സ്റ്റോമിയുടെ വെളിപ്പെടുത്തലാണ് കോഹന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വാങ്ങിനല്‍കിയത്. 2015ലാണ് ട്രംപുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിക്കുമെന്ന് സ്റ്റോമി അറിയിച്ചത്. തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്നു കണ്ട ട്രംപ് കോഹന്‍ വഴി അത് തടയുകയായിരുന്നു. 2016 തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 1.30 ലക്ഷം ഡോളര്‍ നല്‍കി രഹസ്യബന്ധം പുറത്തുപറയാതിരിക്കാന്‍ ധാരണയുണ്ടാക്കിയത്. സ്റ്റോമി നുണച്ചിയാണെന്ന് ആരോപിച്ചതോടെ മാനനഷ്ടക്കേസും കോഹനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
മുള്ളെറുടെ നിര്‍ദേശ പ്രകാരം എഫ്ബിഐ കോഹന്റെ ഓഫീസും വസതിയും റെയ്ഡ് ചെയ്തതോടെ നിരവധി രഹസ്യങ്ങളാണ് ചുരുളഴിഞ്ഞത്. പ്ലേ ബോയ് മോഡല്‍ കാരല്‍ മക്ഡഗലിനു പണം നല്‍കി ട്രംപിന്റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ചതും കോഹനായിരുന്നു. മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരാതിരിക്കാന്‍ സായാഹ്ന പത്രത്തെ വിലയ്‌ക്കെടുത്തു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തിന്റെ ഇടനിലക്കാരനും മറ്റാരുമായിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ് സമിതി മുമ്പാകെ ഇക്കാര്യം മറച്ചുവെക്കാന്‍ കള്ളക്കഥ മെനഞ്ഞു. സ്‌റ്റോമിയുടെ അപകീര്‍ത്തി കേസ് മുതല്‍ തിരഞ്ഞെടുപ്പ് ഫണ്ട് ദുര്‍വിനിയോഗവും തിരഞ്ഞെടുപ്പ് ജയിക്കാന്‍ വിദേശ സഹായം എന്നിങ്ങനെ ഗുരുതര കുറ്റങ്ങളാണ് കോഹനെതിരെ ചുമത്തിയത്. അപ്പോഴെല്ലാം പ്രസിഡന്റ് പദവിയിലിരുന്ന് കോഹനെ ഒറ്റപ്പെടുത്തുകയായിരുന്നു ട്രംപ്. രണ്ടുമാസം മുമ്പ്, സ്റ്റോമിന് 44,100 ഡോളര്‍ ട്രംപ് വക്കീല്‍ ഫീസ് നല്‍കണമെന്ന് കാലിഫോര്‍ണിയയിലെ കോടതി വിധിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് പദവിയുടെ പിന്‍ബലത്തോടെ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും ട്രംപ് തയ്യാറായിരുന്നില്ല.
സ്റ്റോമിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ട്രംപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസിനെക്കുറിച്ചുമൊക്കെ കോടതി വിശദീകരണം തേടിയത്. ട്രംപിന്റെ എട്ടുവര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണുകള്‍ സംബന്ധിച്ച രേഖകളാണ് മാന്‍ഹട്ടന്‍ ജില്ല കോടതി ആവശ്യപ്പെട്ടത്. ട്രംപിന്റെ അക്കൗണ്ടിങ് സ്ഥാപനമായ മസാറിനോട് ഇവ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക രേഖകള്‍ വിളിച്ചുവരുത്താനുള്ള നടപടിയെ ട്രംപ് ചോദ്യം ചെയ്‌തെങ്കിലും സുപ്രീം കോടതി ആവശ്യം തള്ളി. പദവിയിലിരിക്കുന്ന പ്രസിഡന്റിന് ക്രിമിനല്‍ അന്വേഷണങ്ങളില്‍ നിന്നും പരിരക്ഷയുണ്ട് എന്ന ട്രംപിന്റെ വാദമാണ് കോടതി തള്ളിയത്. പിന്നാലെയാണ് ട്രംപിന്റെ എട്ടു വര്‍ഷത്തെ വ്യക്തിഗത, കോര്‍പ്പറേറ്റ് നികുതി റിട്ടേണ്‍സ് വിളിച്ചുവരുത്താന്‍ മാന്‍ഹട്ടന്‍ ജില്ല അറ്റോര്‍ണിയുടെ ഓഫിസിന് അധികാരം നല്‍കിയത്. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ ഇക്കാര്യത്തില്‍ സാവകാശം അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം കോടതി പരിഗണിച്ചു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേസ് വീണ്ടും കോടതി പരിഗണിക്കും. അതിനിടെ, പത്ത് വര്‍ഷമായി ട്രംപ് നികുതി അടക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് രണ്ടുമാസം മുമ്പാണ്. അധികാരത്തിലേറിയശേഷം 750 ഡോളര്‍ മാത്രമാണ് ട്രംപ് അടച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അതും കേസില്‍ ട്രംപിനു തിരിച്ചടിയാകും. പ്രസിഡന്റ് പദവിയിലെത്താന്‍ നടത്തിയ ക്രമക്കേടുകള്‍ മുതല്‍ പദവിയിലിരുന്നുകൊണ്ടുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വരെയാണ് ട്രംപിനെ വൈറ്റ്ഹൗസിനു വെളിയില്‍ കാത്തിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുറപ്പായതോടെ വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കാനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയവരെ ന്യൂയോര്‍ക്ക് പോലീസ് കൈയേറ്റം ചെയ്തു. ഇതിനിടയില്‍ പോലീസിന്റെ മുഖത്ത് തുപ്പിയ ഇന്ത്യന്‍ വംശജയായ ദേവിന സംഗിനെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പോലീസാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്നും തന്നെ വലിച്ചു താഴെയിടുകയായിരുന്നു എന്നും ദേവിന പ്രതികരിച്ചു. ‘ട്രംപിനേയും പോലീസിനെയും ഫാസ്റ്റിസ്റ്റുകള്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു’, ദേവിന പറഞ്ഞു.
ട്രംപിനെതിരെ ആദ്യം ഡെമോക്രാറ്റ് പാര്‍ട്ടി അനുയായികളാണ് മാന്‍ഹാട്ടനില്‍ തെരുവിലിറങ്ങിയത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞതോടെ ഇടതുപാര്‍ട്ടി അംഗങ്ങളും ഇതിനൊപ്പം ചേര്‍ന്നു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഈ ഗ്രൂപ്പുകള്‍. അതുവരെ സമാധാനപരമായി നടന്നിരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് ആക്രമണം അഴിച്ചു വിടാന്‍ തുടങ്ങിയത് പൊടുന്നനെയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിടത്തൊക്കെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഉടന്‍ പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് പോലീസാണ് ആദ്യം പ്രതിഷേധക്കാരെ കൈയേറ്റം ചെയ്തത്.
ഇതിനിടെ ദേവിന സിംഗ് പോലീസിന്റെ മുഖത്ത് തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ പോലീസ് യാതൊരു കാരണവുമില്ലാതെ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ദേവിന പറയുന്നു. “ഞാന്‍ 7th അവന്യൂവിലേക്ക് നടന്നു പോവുകയായിരുന്നു. ഇതിനിടെയാണ് സ്ട്രാറ്റജിക് റസ്‌പോണ്‍സ് ഗ്രൂപ്പിലെ ഒരാള്‍ ബൈക്ക് എന്റെ മേലേക്ക് ഇടിച്ചു കയറ്റിയത്. ഞാന്‍ താഴെ വീണു”, ദേവിന പറയുന്നു. നിലത്തു നിന്ന് എഴുന്നേറ്റയുടനെയാണ് ഇതിനെ ചൊല്ലി ദേവിനയും പോലീസുമായി തര്‍ക്കമുണ്ടാക്കുന്നത്. ‘ഫ** യു ഫാസിസ്റ്റ്’ എന്ന് ദേവിന വിളിക്കുന്നതായി കേള്‍ക്കാമെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടര്‍ പറയുന്നു. ഇതിനു പിന്നാലെ ദേവിന പോലീസുകാരന്റെ മുഖത്തേക്ക് തുപ്പുകയായിരുന്നു.
“അയാളെന്നെ ബൈക്കുകള്‍ വച്ചിരുന്നിടത്തേക്ക് വലിച്ചിട്ടു. തല കുത്തിയാണ് ഞാന്‍ വീണത്. കാലുകള്‍ മുകളിലും. വീഴ്ചയില്‍ കൈകള്‍ കുത്തുകയും ചെയ്തു”, 24-കാരിയായ ദേവിന പറയുന്നു. തുടര്‍ന്ന് ദേവിന അടക്കമുള്ളവരെ പോലീസ് കൊണ്ടു പോയി. എന്നാല്‍ കൈകള്‍ക്ക് വേദന അനുഭവപ്പെട്ടതോടെ അശുപത്രിയിലാക്കി. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലാകുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷവും ദേവിനയെ മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ വച്ചു. തുടര്‍ന്ന് പിറ്റേന്ന് രാവിലെയാണ് വിട്ടയച്ചത്. തുടര്‍ന്നും ഹാജരാകാന്‍ അവരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പെന്‍സില്‍വാനിയ സ്വദേശി എന്നാണ് ദേവിനയെ കുറിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. മുമ്പ് ബാര്‍ ടെണ്ടറായി ജോലി ചെയ്തിരുന്ന ദേവിനയ്ക്ക് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ജോലിയും നഷ്ടമായിരുന്നു.
ഒടിഞ്ഞ കൈയുമായി ദേവിന സിംഗ്; പോലീസ് ദേവിനയെ വലിച്ചെറിയുന്ന ദൃശ്യം
പോലീസിന്റെ മുഖത്ത് തുപ്പിയ നടപടി ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെതിരായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നും ദേവിന പറയുന്നു. “പക്ഷേ, പോലീസിനെ ഫാസിസ്റ്റ് എന്നു വിളിച്ചതില്‍ ഞാന്‍ തരിമ്പും ഖേദിക്കുന്നില്ല. പോലീസ് വരുന്നതു വരെ അതൊരു സമാധാനപരമായ പ്രതിഷേധമായിരുന്നു”, അവര്‍ പറഞ്ഞു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയാതിനും കൈയേറ്റത്തിനുമാണ് അവര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഒക്ടോബര്‍ 27-ന് ബ്രൂക്ക്ലിനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനും സെപ്റ്റംബാര്‍ 18-ന് മാന്‍ഹാട്ടനില്‍ നടന്ന പ്രതിഷേധത്തിനിടെയും അവര്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
A young woman was arrested after she spat in an officer’s face after screaming, “F–k you, fascist,” tonight in the West Village. pic.twitter.com/cfgVLYJ5pc
— elizabeth meryl rosner (@elizameryl) November 5, 2020